(മലയാള മനോരമയിലെഴുതിയ പിജി അനുസ്മരണക്കുറിപ്പ് - 2012 നവംബര്‍ 24)
ആ തിരുവോണം ഞാന്‍ മറക്കില്ല. വര്‍ഷം 1972. പി. ഗോവിന്ദപ്പിള്ളയുടെ പുല്ലുവഴിയിലെ വീട്ടിലായിരുന്നു ദിവസം മുഴുവന്‍. വീട്ടിലെ ആ തിരക്കിനിടെ പികെവിയുടെ സാന്നിധ്യവും ഓര്‍മയിലുണ്ട്. അതില്‍ നിന്നൊക്കെ മാറി ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ ഒത്തുകൂടി. പിജിയും വിദ്യാര്‍ഥികളായ ഞങ്ങളും. മാര്‍ക്‌സിസം ചിട്ടയായി പഠിക്കാന്‍ ഒരു പാഠ്യക്രമവും പുസ്തകപ്പട്ടികയും തയാറാക്കുകയായിരുന്നു ഉദ്ദേശ്യം. ഓരോ പുസ്തകവും പരിചയപ്പെടുത്തിക്കൊണ്ടുള്ള പിജിയുടെ സംഭാഷണം സന്ധ്യവരെ നീണ്ടു. ഏതാണ്ട് ഒരു ഗുരുകുല സമ്പ്രദായമായിരുന്നു പിജിയുടേത്. ആ രാഷ്ട്രീയവിദ്യാഭ്യാസം അടിയന്തരാവസ്ഥ വരെ നീണ്ടു. ഇങ്ങനെയാണു ഞാന്‍ മാര്‍ക്‌സിസം പഠിച്ചത്.
പിജി ഏതൊരാളുമായും നടത്തുന്ന സംഭാഷണങ്ങള്‍ കേട്ടിരിക്കുക തന്നെ ഒരു വിദ്യാഭ്യാസമായിരുന്നു. പല ദിവസങ്ങളിലും പിജിയെ പിന്തുടര്‍ന്നു ജിഎന്നിന്റെ വീട്ടിലെത്തും (ചരിത്രകാരന്‍ കെ. എന്‍. ഗണേഷിന്റെ അച്ഛനാണു ജി. നാരായണന്‍ എന്ന ജിഎന്‍). പുസ്തകങ്ങള്‍ നിറഞ്ഞ സ്വീകരണ മുറിയില്‍ ഇരുന്ന് ഇരുവരും ആധുനികശാസ്ത്രം മുതല്‍ വേദാന്തം വരെ പലതും ചര്‍ച്ചചെയ്യുന്നതു കേട്ടിരിക്കും.
പുസ്തകപ്രേമിയായ പിജിക്കു പുസ്തകം നല്‍കാന്‍ പക്ഷേ, അന്നേ നല്ല മടിയാണ്. പതിവുതെറ്റിച്ച് ഒരു പുസ്തകം എനിക്കു തന്നത് ഓര്‍മയുണ്ട്. ഗുന്നാര്‍മിര്‍ദലിന്റെ 'ഏഷ്യന്‍ ഡ്രാമയെക്കുറിച്ചായിരുന്നു ഒരിക്കല്‍ കോളജില്‍ പിജിയുടെ പ്രഭാഷണം. അറുന്നൂറില്‍പ്പരം പേജ് വരുന്ന ആ തടിയന്‍ ഗ്രന്ഥം കാണിച്ചിട്ട് ഇതു വായിക്കണമെന്നു പിജി ശുപാര്‍ശ ചെയ്തു. ഇത്ര വലിയൊരു പുസ്തകം വായിച്ചുതീര്‍ക്കാന്‍ കഴിയുമോ എന്നു ഞാന്‍ സംശയം പ്രകടിപ്പിച്ചു. അടുത്തതവണ കണ്ടപ്പോള്‍ ഈ ഗ്രന്ഥത്തിന്റെ കുട്ടിപ്പതിപ്പ് പെന്‍ഗ്വിന്‍ ഇറക്കിയത് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. ഇതെങ്കിലും വായിക്കാന്‍ സമയം കിട്ടുമോ എന്നു കളിയാക്കി അതു സമ്മാനമായി തന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം എന്നെ വിസ്മയിപ്പിച്ചു വീണ്ടും ഒരു സമ്മാനം. 'ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന ജീവചരിത്രം എനിക്ക് അദ്ദേഹം സമര്‍പ്പിച്ചതു തരളിതമായ ഹൃദയത്തോടെ മാത്രമേ ഓര്‍മിക്കാനാവൂ. അത്രയ്ക്കുണ്ടു വാത്സല്യം എന്നു തിരിച്ചറിഞ്ഞ സംഭവം.
എണ്‍പതുകളുടെ ആദ്യമാണു ഞാന്‍ 'ചിന്തയില്‍ എഴുതിത്തുടങ്ങുന്നത്. അച്ചടി കഴിഞ്ഞാലുടന്‍ എന്റെ കയ്യെഴുത്തു ലേഖനം വിശദമായ തിരുത്തലുകളോടെ പിജി മടക്കിത്തരും. അങ്ങനെയാണ് എഴുതിത്തെളിഞ്ഞത്. ഇതുപോലെ എത്ര ഓര്‍മകള്‍... വിജ്ഞാനഭണ്ഡാരമായിരുന്നു അദ്ദേഹം. ഒരു ലുബ്ധുമില്ലാതെ അറിവു പകര്‍ന്നും നല്‍കി.
പക്ഷേ, കേവലം ആശയപ്രചാരകന്റെ സ്ഥാനമല്ല പിജിക്ക് ഇടതുപക്ഷ ചരിത്രത്തിലുള്ളത്. ഇഎംഎസ്, കെ. ദാമോദരന്‍, എന്‍.ഇ. ബാലറാം തുടങ്ങിയ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്താണ് അദ്ദേഹത്തിന്റെ സംഭാവന? ഏതെങ്കിലും ഒരു വൈജ്ഞാനിക മണ്ഡലത്തിലെ തനതായ സംഭാവന അല്ല അത്. കേരളീയ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരികസമസ്യകളെ വ്യത്യസ്ത മേഖലകളും ചിന്താപദ്ധതികളും ഇഴചേര്‍ത്തു നടത്തുന്ന പരിശോധനയാണു പിജി നിര്‍വഹിച്ചുപോന്നത്. ഇന്നത്തെ അക്കാദമിക് ഭാഷയില്‍ പറഞ്ഞാല്‍ 'ഇന്റര്‍ ഡിസിപ്ലിനറി പഠനങ്ങള്‍. പക്ഷേ, തുടര്‍ച്ചയായ മാധ്യമപ്രവര്‍ത്തനവും പ്രഭാഷണങ്ങളും പിജിയുടെ ധൈഷണികതയുടെ കൂടുതല്‍ ഉയര്‍ന്ന സംഭാവനയ്ക്കു വിലങ്ങുതടിയായോ എന്ന സംശയം ഞാന്‍ തന്നെ പിജിയോടു തുറന്നുപറഞ്ഞിട്ടുണ്ട്.
ആദ്യകാല ഗ്രന്ഥങ്ങള്‍ എല്ലാം ആനുകാലികങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരങ്ങളായിരുന്നു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും പരന്ന വായനയുടെയും തിരക്കില്‍ കൂടുതല്‍ സമഗ്രപഠനങ്ങള്‍ക്ക് അദ്ദേഹത്തിനു കഴിയാതെ പോയിട്ടുണ്ടാവണം.
ഈ കുറവും നികത്തിയാണ് അദ്ദേഹം വിടവാങ്ങുന്നത്. പ്രായാധിക്യത്തിന്റെയും രോഗങ്ങളുടെയും മങ്ങുന്ന കാഴ്ചയുടെയും നടുവില്‍ കഴിഞ്ഞ ദശാബ്ദക്കാലത്തിനുള്ളില്‍ പിജി പൂര്‍ത്തീകരിച്ച പുസ്തകങ്ങളുടെ കാമ്പും വലുപ്പവും എണ്ണവും ഏതൊരാളെയും വിസ്മയിപ്പിക്കും. കേരളീയ നവോത്ഥാനത്തെയും ശാസ്ത്രചരിത്രത്തെയും സംബന്ധിച്ച കൃതികള്‍ വൈജ്ഞാനിക സാഹിത്യത്തിന് എന്നും മുതല്‍ക്കൂട്ടായിരിക്കും. ജീവചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മികവ് ഇ.എം.എസ്, കെ. ദാമോദരന്‍, മാര്‍ ഗ്രിഗോറിയോസ് എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങളുടെ താരമത്യ അവലോകനം നിസ്സംശയം തെളിയിക്കും.
നാടക - സിനിമ - ലളിതകലാ നിരൂപണ രംഗത്തും അദ്ദേഹം തല ഉയര്‍ത്തിനില്‍ക്കുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സിഡിറ്റിന്റെ ആദ്യ ഡയറക്ടര്‍ എന്നീ നിലകളിലുള്ള പിജിയുടെ വിജയത്തിനു കാരണം കലയുടെയും സംവേദനത്തിന്റെയും മേഖലകളിലുള്ള ലോകപരിചയമായിരുന്നു. അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങള്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചുവായിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണ നിയമത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്ന പ്രസംഗം കേരളത്തിന്റെ ഭരണപരിഷ്‌കാര ചരിത്രത്തില്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നു. ഇ.എം.എസിന്റെ 100 വാല്യം വരുന്ന സമാഹൃത കൃതികള്‍ക്കു പേരുവച്ചും അല്ലാതെയും പിജി എഴുതിയ ആമുഖങ്ങള്‍ ഒരുമിച്ചു വായിച്ചാല്‍ അതു കേരള രാഷ്ട്രീയത്തിന്റെ സമഗ്രമായ ചരിത്രവിശകലനമായിരിക്കും.
തുറന്ന മനസ്സും പരന്ന വായനയും സൃഷ്ടിക്കുന്ന ശിഥിലചിന്തകള്‍ പിജി പലപ്പോഴും സ്വതന്ത്രമായി പങ്കുവച്ചതു വിവാദങ്ങള്‍ക്കും അച്ചടക്ക നടപടികള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പക്ഷേ, ഇവയൊന്നും പാര്‍ട്ടി അച്ചടക്കത്തെ വെല്ലുവിളിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലുകളായിരുന്നുവെന്നു ഞാന്‍ കരുതുന്നില്ല. ചില പ്രത്യേക നിമിത്തങ്ങളില്‍ വന്നുഭവിച്ചവയായിരുന്നു അവയെല്ലാം. തന്റെ അച്ചടക്ക ലംഘനങ്ങളെ മഹത്വവല്‍ക്കരിക്കാനോ ന്യായീകരിക്കാനോ പിജി ശ്രമിച്ചിട്ടില്ല. തെറ്റു ചെയ്തു, ശിക്ഷ ഏറ്റുവാങ്ങാം എന്നതായിരുന്നു സമീപനം. എത്ര മഹത്വം ഉണ്ടെങ്കിലും പാര്‍ട്ടിയെക്കാള്‍ വലിയവനാണെന്ന ചിന്തയും ഉണ്ടായിരുന്നില്ല.
പിജിയുടെ ദേഹവിയോഗം തീരാനഷ്ടം എന്നു വിശേഷിപ്പിക്കുന്നതു കേവലം വാചാടോപമല്ല. അദ്ദേഹം എഴുതിത്തീര്‍ക്കാന്‍ നിശ്ചയിച്ചിരുന്ന പഠനങ്ങളുടെയും പുസ്തകങ്ങളുടെയും പട്ടിക നീണ്ടതാണ്. ആത്മകഥ പോലും പാതിവഴിയിലാണ്. അദ്ദേഹം കാണാന്‍ കൊതിച്ച ഒരു പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയായത് അദ്ദേഹത്തെ ചിതയിലേക്കെടുത്ത ദിവസം. 'ഭക്തിപ്രസ്ഥാനം - നവോത്ഥാനമോ പുനരുദ്ധാരണമോ എന്ന പിജിയുടെ ഈ ആദ്യ ഇംഗ്ലിഷ് കൃതി, പുരോഗമന കലാസാഹിത്യ സംഘം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനായി വരുന്ന പ്രഭാത് പട്‌നായിക്കിന്റെ കൈവശം കൊടുത്തയ്ക്കാനിരിക്കുകയായിരുന്നു. അദ്ദേഹം പൂര്‍ത്തീകരിക്കാനാവാതെ ബാക്കിവച്ച ഗ്രന്ഥങ്ങള്‍ നമ്മുടെ നഷ്ടസൗഭാഗ്യം.
കേരളത്തില്‍ പുരോഗമന കലാ സാഹിത്യ സംഘത്തെ ക്ഷീണിപ്പിക്കുന്ന തരത്തില്‍ പ്രൊഫ്;എം എന്‍ വിജയന്റെ നേതൃത്വത്തില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കാന്‍,പടനയിക്കാന്‍ പി ഗോവിന്ദപിള്ളയെ പോലുള്ള ഒരു കമ്മ്യൂണിസ്റ്റ് ധിഷണശാലിയെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നത് പോരായ്മ തന്നെയാണ്
ReplyDelete