ധനവിചാരം - മാതൃഭൂമി, നവംബര്‍ 13, 2012
കേരളത്തിലെ സ്വര്‍ണവ്യാപാരികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു പാലത്തറ ചെറിയാച്ചന്‍. വ്യാപാരപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹവും കായംകുളത്തെ നടേശനുംകൂടി വന്നദിവസം കൃത്യമായി എനിക്കോര്‍മയുണ്ട്. 2007 മെയ് 19. അഭിമുഖത്തിന് ഞാനും തയ്യാറെടുത്തിരുന്നു. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ബുള്ള്യന്റെ ഇറക്കുമതി, സ്വര്‍ണവ്യാപാരികളുടെ പരസ്യച്ചെലവ്, പ്രധാന വ്യാപാരികളുടെ നികുതിക്കണക്കുകള്‍, ചില കടകളില്‍ നടത്തിയ സാമ്പിള്‍ സ്റ്റോക്കെടുപ്പ് വിവരങ്ങള്‍ എന്നിവയൊക്കെ എന്റെ കൈവശമുണ്ടായിരുന്നു. ചെറുകിട സ്വര്‍ണവ്യാപാരികളുടെ ദുരിതങ്ങളെക്കുറിച്ചായിരുന്നു ചെറിയാച്ചന് പറയാനുണ്ടായിരുന്നത്. സംസാരത്തിനിടയില്‍ പത്തനംതിട്ടയിലെ ജ്വല്ലറി ഉടമ മുരുകന്റെ ആത്മഹത്യയുടെ കാര്യം പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. നിവേദകസംഘം കാണാന്‍ വന്നദിവസം കൃത്യമായി ഓര്‍ക്കാന്‍ കാരണം, അതിനു രണ്ടുദിവസം മുമ്പായിരുന്നു മുരുകന്റെ ആത്മഹത്യ.
സ്വര്‍ണവ്യാപാരമേഖലയില്‍ അഭൂതപൂര്‍വമായ അഭിവൃദ്ധിയില്‍ മഹാഭൂരിപക്ഷം വരുന്ന ചെറുകിട വ്യാപാരികള്‍ക്ക് പങ്കൊന്നുമുണ്ടായിരുന്നില്ല. വ്യാപാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകരിക്കുകയായിരുന്നു. വന്‍കിട വ്യാപാരികള്‍ അധാര്‍മികമായോ അന്യായമായോ എന്തെങ്കിലും ചെയ്തു എന്ന ആക്ഷേപം ചെറിയാച്ചനുമുണ്ടായിരുന്നില്ല. പക്ഷേ, കേന്ദ്രീകരണത്തിന്റെ യുക്തി അലംഘനീയമാണ്. ചെറുകിടക്കാരെ അതു കുത്തുപാളയെടുപ്പിക്കും. ആഴ്ചതോറും ഒന്നോ രണ്ടോ സ്വര്‍ണക്കടകള്‍വീതം പൂട്ടിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് വിശ്വകര്‍മജര്‍ക്ക് പരമ്പരാഗത തൊഴില്‍ നഷ്ടപ്പെടുന്നു. പലരും മുരുകന്റെ വഴി പിന്തുടര്‍ന്ന് ആത്മഹത്യ എന്ന പരിഹാരത്തിലെത്തുന്നു.
ഇന്ത്യയിലെ വന്‍കിട സ്വര്‍ണക്കടകള്‍ ആ മേഖലയിലെ ചെറുകിടകളെ വിഴുങ്ങിയതിന്റെ അനുഭവമാണിത്. അപ്പോള്‍ വാള്‍മാര്‍ട്ട് പോലുള്ള ആഗോളഭീമന്മാര്‍ വന്നാല്‍ എന്താവും സ്ഥിതി? ചില്ലറ വ്യാപാരമേഖലയിലേക്ക് ആഗോളകുത്തകകള്‍ കടന്നുവന്നാല്‍ ഒന്നും സംഭവിക്കുന്നില്ല എന്ന് ചിലര്‍ വാദിക്കുമ്പോള്‍ എനിക്ക് ചെറിയാച്ചന്റെ കരയുന്ന മുഖം ഓര്‍മവരും.
ഇന്ത്യയിലെ നാലുകോടി വരുന്ന കച്ചവടക്കാരുടെയും ജീവനക്കാരുടെയും മൊത്തം വിറ്റുവരുമാനം 20 ലക്ഷം കോടി രൂപയാണ്. വാള്‍മാര്‍ട്ടിന്റെ ആഗോളവില്പന ഏതാണ്ട് ഇത്രതന്നെ വരും. ഈ മേഖലയിലേക്ക് ആഗോളവമ്പന്മാരെ ക്ഷണിച്ചുകൊണ്ടുവരാന്‍ പറയുന്ന പല ന്യായങ്ങളും ശുദ്ധ കളവാണ്. ചില്ലറ മേഖലയിലെ ചില വമ്പന്‍ കള്ളങ്ങള്‍ ഇതാ.
ഒന്ന്) വിദേശനിക്ഷേപം മൂലം മൂന്നുവര്‍ഷം കൊണ്ട് 40 ലക്ഷം തൊഴിലുകള്‍ നേരിട്ടും 60 ലക്ഷം തൊഴിലുകള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടും (കേന്ദ്ര വാണിജ്യമന്ത്രിയുടെ അവകാശവാദം).
പ്രാഥമിക പരിശോധനയില്‍ത്തന്നെ പൊളിഞ്ഞുവീഴുന്ന കള്ളമാണിത്. വാള്‍മാര്‍ട്ടിന്റെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ 225 പേരാണ് പണിയെടുക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് 18,000 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചാലേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. 53 നഗരങ്ങളിലാണ് ആഗോളഭീമന്മാര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ ഒരു നഗരത്തില്‍ 340 സൂപ്പര്‍മാര്‍ക്കറ്റ് തുറക്കണം.
മറ്റൊന്നു കൂടിയുണ്ട്. നാല് കോടി ഇന്ത്യന്‍ കച്ചവടക്കാരുടെയും 21 ലക്ഷം പേര്‍ പണിയെടുക്കുന്ന വാള്‍മാര്‍ട്ടിന്റെയും മൊത്തം വിറ്റുവരുമാനം ഏതാണ്ട് തുല്യമാണെന്നു പറഞ്ഞുവല്ലോ. എന്നുവെച്ചാല്‍ വാള്‍മാര്‍ട്ടില്‍ ഒരാള്‍ക്കു പണി കിട്ടുമ്പോള്‍ മറ്റൊന്നും സംഭവിക്കുന്നില്ലെങ്കില്‍ നമ്മുടെ ചില്ലറ വ്യാപാരമേഖലയിലെ 19 പേര്‍ക്ക് പണി പോകും. വാണിജ്യമന്ത്രിയുടെ ലക്ഷ്യത്തില്‍ വാള്‍മാര്‍ട്ട് എത്തിയാല്‍ ചെറുകിട മേഖലയില്‍ ബാക്കിയാരും ശേഷിക്കാന്‍ വഴിയില്ല. ഇത്തരം ശുദ്ധ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരു കേന്ദ്രമന്ത്രിയാണെന്ന് ഓര്‍ക്കണം. കഷ്ടം തന്നെ.
രണ്ട്) വിദേശക്കുത്തകകള്‍ വരുന്നതുകൊണ്ട് കൃഷിക്കാര്‍ക്ക് നേട്ടമുണ്ടാകും (ഹരിയാണ സര്‍ക്കാര്‍).
ലോകമെമ്പാടുമുണ്ടായിട്ടുള്ള അനുഭവം നേര്‍വിപരീതമാണ്. തങ്ങളുടെ വ്യാപാരക്കുത്തകകളെ ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് വാദിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ നാട്ടില്‍ എന്താണ് ചെയ്യുന്നത്? ഫ്രാന്‍സ്, ഇറ്റലി, ഹോളണ്ട്, ബെല്‍ജിയം, അയര്‍ലന്‍ഡ്, ഹംഗറി പോലുള്ള രാജ്യങ്ങളില്‍ ആഗോളഭീമന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനികള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ യൂറോ പ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് 2008 ഫിബ്രവരിയില്‍ ഒരു പ്രമേയം പാസ്സാക്കി.
''ഏതാനും സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനികള്‍ യൂറോപ്യന്‍ യൂണിയനിലുടനീളം ചില്ലറ വില്പന മേഖലയെ നിയന്ത്രിക്കുകയാണ്... യൂറോപ്യന്‍ യൂണിയനിലുടനീളമുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത് ഭീമന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവരുടെ വലിയ വാങ്ങല്‍ കഴിവിനെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് യൂറോപ്പിലും പുറത്തുമുള്ള കൃഷിക്കാരുടെ ഉത്പന്നവിലകള്‍ താങ്ങാനാവാത്ത നിലയിലേക്ക് താഴ്ത്തുന്നുവെന്നാണ്. അവരുടെ മേല്‍ ഈ കമ്പനികള്‍ അന്യായമായ നിബന്ധനകള്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നു.'' അമേരിക്കന്‍ നീതിന്യായ, കൃഷി വകുപ്പുകളും ഇതേ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇതാണ് യൂറോപ്പിലെ കൃഷിക്കാരുടെ അവസ്ഥയെങ്കില്‍ നമ്മുടെ കാര്യം പറയാനുണ്ടോ?
മില്‍ക്ക് ചോക്കളേറ്റ് വിലയുടെ നാല് ശതമാനത്തില്‍ താഴെ തുകയാണ് ഘാനയിലെ കൊക്കോ കൃഷിക്കാരന് കാഡ്ബറി കമ്പനി നല്‍കുന്നത്. വില്പന മാര്‍ജിനാകട്ടെ, 34 ശതമാനവും. സൂപ്പര്‍മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനമേ യുണൈറ്റഡ് ഫ്രൂട്ട്കമ്പനി വാഴപ്പഴക്കൃഷിക്കാര്‍ക്ക് നല്‍കുന്നുള്ളൂ. ഇടത്തട്ടുകാരന്റെ ലാഭം 34 ശതമാനമാണ്. ഇത്തരം ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്.
മൂന്ന്) വിദേശനിക്ഷേപം ചില്ലറ മേഖലയില്‍ അനുവദിക്കുന്നത് വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ സാധിക്കും (കേന്ദ്രധനമന്ത്രി പി. ചിദംബരം).
''എല്ലായിടത്തും എപ്പോഴും താഴ്ന്ന വില'' എന്ന വാള്‍മാര്‍ട്ടിന്റെ മുദ്രാവാക്യത്തിലായിരിക്കാം ചിദംബരം വീണുപോയത്. പക്ഷേ, അവര്‍ ഈ ആപ്തവാക്യം എന്നേ ഉപേക്ഷിച്ചു. ''പണം ലാഭിക്കൂ, നന്നായി ജീവിക്കൂ'' എന്നാണ് അവരിപ്പോള്‍ പ്രചരിപ്പിക്കുന്നത്.
കുത്തകകളുടെ കടന്നുവരവ് വിലകുറയ്ക്കും എന്ന സിദ്ധാന്തം സാമ്പത്തികശാസ്ത്രത്തിന്റെ സാമാന്യയുക്തിക്കു നിരക്കുന്നതല്ല. അനേകം വ്യാപാരികള്‍ ഉള്ളപ്പോഴാണ് മത്സരം ശക്തിപ്പെടുകയും തത്ഫലമായി വിലകുറയുകയും ചെയ്യുന്നത്. ഇതിനുപകരം ഒറ്റ വ്യാപാരക്കുത്തക മാത്രമേ ഉള്ളൂവെങ്കില്‍ അയാള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതമാകും. കുത്തകകള്‍ നിയന്ത്രിക്കുന്ന വ്യവസായ വാണിജ്യമേഖലകളിലെ വിലനിലവാരം കൂടുതല്‍ വേഗത്തില്‍ ഉയരും.
നാല്) ബഹുരാഷ്ട്ര വ്യാപാരക്കുത്തകകള്‍ അവരുടെ 30 ശതമാനം ഉത്പന്നങ്ങള്‍ 5 കോടി രൂപയില്‍ താഴെ യന്ത്രസാമഗ്രികള്‍ക്ക് മുതലിറക്കിയിട്ടുള്ള ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്ന നിബന്ധനയുണ്ട്. ഇത് ചെറുകിട മേഖലയ്ക്ക് സഹായകമാണ് (കേന്ദ്ര വാണിജ്യമന്ത്രാലയം).
ഇങ്ങനെയൊരു നിബന്ധനയുണ്ട് എന്നതു ശരിയാണ്. പക്ഷേ, ഇപ്പറയുന്ന ചെറുകിട സംരംഭകര്‍ ഇന്ത്യയിലുള്ളവരാകണമെന്ന് എങ്ങും പറയുന്നില്ല. പറയാനൊട്ടു കഴിയുകയുമില്ല. കാരണം ലോകവ്യാപാരക്കരാറിന്റെ ഭാഗമായി നമ്മുടെ രാജ്യത്തേക്ക് ബഹുരാഷ്ട്രക്കുത്തകകള്‍ കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കെല്ലാം, നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നവയ്ക്ക് തുല്യമായസ്ഥാനം നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.
അഞ്ച്) 53 മെട്രോപ്പൊളിറ്റന്‍ നഗരങ്ങളിലേ ഇപ്പോള്‍ വിദേശനിക്ഷേപം അനുവദിക്കുന്നുള്ളൂ. അതുകൊണ്ട് മറ്റുള്ളവര്‍ ഭയപ്പെടേണ്ടതില്ല. (മുന്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി).
ഈ നഗരങ്ങളിലെ ജനസംഖ്യ 17 കോടിയാണ്. ചെറുകിട മേഖലയിലെ വ്യാപാരത്തിന്റെ പകുതിയിലേറെ ഈ നഗരങ്ങളിലാണ് നടക്കുന്നത്. രണ്ടുകോടിയാണ് ഇവിടത്തെ വ്യാപാരികളുടെയും ജീവനക്കാരുടെയും എണ്ണം. സര്‍ക്കാര്‍ നിര്‍ബന്ധിച്ചാലും ഗ്രാമപ്രദേശങ്ങളിലേക്ക് പോകാന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ തയ്യാറാവുകയില്ല. അവര്‍ക്കാവശ്യം നഗരങ്ങളിലെ കമ്പോളം തന്നെയാണ്. ഇപ്പോള്‍ത്തന്നെ മെട്രോപ്പൊളിറ്റന്‍ നഗരങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ മറ്റു നഗരങ്ങള്‍ പരിഗണിക്കാവുന്നതാണെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു.
ആറ്) ചെറുകിടസ്ഥാപനങ്ങള്‍ക്കും ഭീമന്‍ ബഹുരാഷ്ട്ര വ്യാപാരസ്ഥാപനങ്ങള്‍ക്കും സഹവര്‍ത്തിക്കാം. ചൈനയുടെ അനുഭവം ഇതാണ്.
ലോക അനുഭവം മറിച്ചാണ്. ഏറ്റവും വലിയ അഞ്ച് വ്യാപാരക്കുത്തകകളുടെ കൈവശമാണ് ഓസ്‌ട്രേലിയയുടെ 97 ശതമാനം വ്യാപാരവും. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഈ തോത് 50 ശതമാനത്തിലേറെയാണ്. ദക്ഷിണാഫ്രിക്കയില്‍ 80-ഉം ബ്രസീലില്‍ 25-ഉം ശതമാനമാണ്. നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും മലേഷ്യ, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കേന്ദ്രീകരണത്തിന്റെ തോത് യഥാക്രമം 29-ഉം 24-ഉം 36-ഉം ശതമാനം വീതമായിക്കഴിഞ്ഞു. ഇന്ത്യയിലിപ്പോള്‍ ഈ തോത് ഒരു ശതമാനം മാത്രമാണ്. ചൈനയിലെ ഏറ്റവും വലിയ റീട്ടെയില്‍ ചെയിന്‍ ഇന്നും 5500 കടകളുള്ള പൊതുമേഖലാ കമ്പനിയാണ്. എന്നിട്ടും ചൈനയില്‍ ഏറ്റവും വലിയ അഞ്ചു കുത്തകകളുടെ വ്യാപാരവിഹിതം 10 ശതമാനമായി ഉയര്‍ന്നുകഴിഞ്ഞു. ഇത് ഏറേ പ്രശ്‌നങ്ങള്‍ അവിടെ സൃഷ്ടിച്ചിട്ടുമുണ്ട്.
സംശയമൊന്നും വേണ്ട. ആഗോള ഭീമന്മാരെ നമ്മുടെ ചെറുകിട വ്യാപാരികളെ വിഴുങ്ങാന്‍ അനുവദിക്കണോ എന്നതാണ് നാടിന്റെ മുന്നിലുള്ള ചോദ്യം
അവകാശങ്ങള്‍ കുത്തകള്‍ക്ക് കൈ ഒപ്പ് ചാര്‍ത്തി കൊടുക്കുന്ന ബോധമില്ലാത്ത ഇന്ത്യന്‍ ജനത മന്മോഹനോട് ഒരു അപേക്ഷ ഈ പരിഷ്കാരങ്ങള്‍ മുപ്പതു വര്‍ഷക്കാലം കൊണ്ട് നടപ്പാക്കുക .
ReplyDelete