Friday, July 11, 2014

ജെയ്റ്റ്ലിയുടെ ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കും, സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടും




രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങള്‍ വിലക്കയറ്റവും സാമ്പത്തിക മുരടിപ്പുമാണ്. ഇവ രണ്ടിനും പരിഹാരം ബജറ്റിലുണ്ട് എന്നാണ് അരുണ്‍ ജെയ്റ്റ്ലിയുടെ അവകാശവാദം. പക്ഷേ, ഞാനെത്ര പരതിയിട്ടും ഉത്തരങ്ങള്‍ കണ്ടെത്താനായില്ല.
സാമ്പത്തിക മുരടിപ്പ് അകറ്റണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണം. പക്ഷേ, കമ്മി കുറയ്ക്കുന്നതിന് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്ന സമീപനം ചെലവിനെ ഞെരുക്കുകയാണ്. വരുമാനം വര്‍ദ്ധിപ്പിക്കുകയല്ല. മൊത്തം പദ്ധതിയടങ്കല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലക്കയറ്റത്തെ മാറ്റിനിര്‍ത്തിയാല്‍ നാലു ശതമാനം കുറവാണ്. കൃഷി, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായിട്ടുളളത്. ബിജെപി തന്നെ ഈ വിമര്‍ശനം ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റിനെക്കുറിച്ച് ഉയര്‍ത്തിയിട്ടുളളതാണ്. പക്ഷേ, പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പദ്ധതി അടങ്കലില്‍ ഒരു വര്‍ദ്ധനയും വരുത്തുന്നതിന് പുതിയ ധനമന്ത്രി തയ്യാറായിട്ടില്ല.

ഇനി വിലക്കയറ്റത്തിന്‍റെ കാര്യമെടുക്കാം. പേരിനു വേണ്ടിയെങ്കിലും ബജറ്റ് പ്രസംഗത്തില്‍ ‌വിലക്കയറ്റത്തെക്കുറിച്ച് ഒരു ഖണ്ഡിക ഉണ്ടാകുമെന്നു കരുതിയവര്‍ക്കു തെറ്റി. പ്രസംഗത്തിന്‍റെ ആമുഖത്തില്‍ പൊതു സാമ്പത്തികസ്ഥിതി വിവരിക്കുന്ന വേളയിലുളള ഒരു പരാമര്‍ശത്തിനപ്പുറം വിലക്കയറ്റത്തെക്കുറിച്ച് പൂര്‍ണ നിശബ്ദതയാണ് ധനമന്ത്രി പാലിക്കുന്നത്. ഒന്നാലോചിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വിലക്കയറ്റം തടയാന്‍ ഒരു പരിപാടിയും കേന്ദ്രസര്‍ക്കാരിനില്ല.

കൈയില്‍ പണം കുമിഞ്ഞുകൂടിയതുകൊണ്ട് ജനങ്ങള്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതല്ല വിലക്കയറ്റത്തിനുകാരണം. ധാന്യമടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. അതുപോലെ നിക്ഷേപകര്‍ വലിയതോതില്‍ പണം മുടക്കി അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുമല്ല വിലക്കയറ്റം. വേണ്ടത്ര നിക്ഷേപമില്ലാത്തതുകൊണ്ട് രാജ്യത്ത് രൂക്ഷമായ ഉത്പാദന മുരടിപ്പാണ്.


ഡിമാന്‍ഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റം. മറിച്ച് ഉത്പാദനച്ചെലവിലെ വര്‍ധനയും ഊഹക്കച്ചവടവും കുത്തകകള്‍ വിലകൂട്ടുന്നതുമാണ് കാരണങ്ങള്‍.

പെട്രോളിയം ഉല്‍പന്നങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, പ്രകൃതി വാതകം എന്നിവയുടെ വില വര്‍ദ്ധിക്കും എന്നു മാത്രമാണ് ഈ ബജറ്റ് നല്‍കുന്ന ഒരേയൊരുറപ്പ്. സബ്സിഡിയൊന്നും വെട്ടിക്കുറച്ചിട്ടില്ലല്ലോ എന്നായിരിക്കും ബജറ്റിന്‍റെ വക്താക്കള്‍ വാദിക്കുക. സബ്സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ചിദംബരം ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പെട്രോളിയം സബ്സിഡി 22000 കോടിയാണ് വെട്ടിക്കുറച്ചത്. അതില്‍ നിന്ന് ഒരു പൈസ പോലും സബ്സിഡി ഉയര്‍ത്താന്‍ ജെയ്റ്റ്ലി തയ്യാറായിട്ടില്ല. മാത്രമല്ല, ധനമന്ത്രി അവകാശപ്പെടുന്നതുപോലെ ധനക്കമ്മി 4.1 ശതമാനത്തില്‍ നിര്‍ത്തണമെങ്കില്‍ ബജറ്റില്‍ പറഞ്ഞില്ലെങ്കിലും സബ്സിഡി വെട്ടിക്കുറയ്ക്കേണ്ടി വരും. എന്തുകൊണ്ട്?

ചിദംബരത്തിന്‍റെ ഇടക്കാല ബജറ്റില്‍ 4.1 ശതമാനമായിരുന്നു ധനക്കമ്മി. ആ പ്രഖ്യാപനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് പുതുക്കിയ ബജറ്റിലെ അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ  ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക് മാറ്റിവെച്ചും  പൊതുമേഖലാ കമ്പനികളുടെ സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് ‌കമ്മി കുറച്ചു കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.
അപ്പോള്‍ ധനക്കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തണമെങ്കില്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചേ തീരൂ. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ്  കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ – പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും വരാന്‍ പോകുന്ന കര്‍ക്കശ നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക, ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു   സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
കമ്മി പിടിച്ചു നിര്‍ത്തണമെങ്കില്‍ ‌ചിദംബരം പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ പൊതുസ്വത്തും പൊതുമേഖലാ ഓഹരിയും വിറ്റു കാശാക്കിയേ തീരൂ. 43425 കോടി രൂപയുടെ ഓഹരി വില്‍പനയാണ് കണക്കില്‍ വകയിരുത്തിയിട്ടുളളത്.
 
ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്കു  വിറ്റുകൊണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്. 2.4 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് പുതിയ മൂലധനമായി ആവശ്യമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ ഏതാണ്ടിത്രയും വരും. കോര്‍പറേറ്റുകളാണ് ഇവയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത്. കോര്‍പറേറ്റുകളുടെ ഭീമന്‍ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയ വായ്പയും അതിലുള്‍പ്പെടുന്നു.  ഇങ്ങനെ ബാങ്കുകളെ നഷ്ടത്തിലാക്കിയവര്‍ക്കു തന്നെ അവ വിറ്റു പ്രശ്നം പരിഹരിക്കാനാണ് ശ്രമം. എണ്ണക്കമ്പനികളടക്കം നവരത്ന കമ്പനികളുടെ ഓഹരികള്‍ പോലും വില്‍ക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്.
ദേശീയ തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ അടങ്കലുകളിലും ഇടക്കാല ബജറ്റുമായി യാതൊരു വ്യത്യാസവുമില്ല. ഇവിടെ അടങ്കല്‍ കുറയ്ക്കണം എന്നായിരുന്നു കോര്‍പറേറ്റ് ആവശ്യം. ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതിനു പകരം ദയാപൂര്‍വം അവഗണിക്കുന്നതാണ് നല്ലത് എന്ന് ആരോ സര്‍ക്കാരിനെ ഉപദേശിച്ച മട്ടുണ്ട്. വിലക്കയറ്റവും കൂടി പരിഗണിച്ചാല്‍ ഈ പദ്ധതികളുടെ അടങ്കല്‍ ഇപ്പോള്‍ത്തന്നെ മുന്‍വര്‍,ത്തെക്കാള്‍ കുറവാണ്. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കുളള വകയിരുത്തല്‍ ജനസംഖ്യാനുപാതത്തെക്കാള്‍ ഏതാണ്ട് 50000 കോടി കുറവാണ്.
നയപരമായി ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും ധനകാര്യമേഖലയെക്കുറിച്ചുമുളളതാണ്. പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍ മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി  വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു പൂര്‍ണമായും സ്വീകാര്യമാണ്.
ധനകാര്യമേഖലയില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ധനകാര്യ നിയമ പരിഷ്കാരകമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെല്ലാം പടിപടിയായി നടപ്പാക്കും. ബോണ്ടു മാര്‍ക്കറ്റ്, കറന്‍സി ഡെറിവേറ്റീവ് മാര്‍ക്കറ്റ്, ഡെപ്പോസിറ്ററി റെസീറ്റുകള്‍ തുടങ്ങിയ മേഖലകളെല്ലാം ഉദാരവത്കരിക്കുന്നതിനുളള അടിയന്തര നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിലേയ്ക്ക് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനുളള നിര്‍ദ്ദേശമുണ്ട്. ബാങ്കിംഗ് മേഖലയില്‍ പശ്ചാത്തല സൗകര്യത്തിനു നല്‍കുന്ന വായ്പകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുവാദം നല്‍കാന്‍ പോവുകയാണ്. ധനകാര്യമേഖലയിലായിരിക്കും ഏറ്റവും വലിയ പൊളിച്ചെഴുത്തു നടക്കാന്‍ പോകുന്നത് എന്നു ബജറ്റ് വ്യക്തമാക്കുന്നു.  
നികുതി ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും  ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് ആദായനികുതിയും വില്‍പന നികുതിയുമെല്ലാം ഇല്ലാതാക്കി ബാങ്കിടപാടുകളുടെ മേലുളള നികുതിയാക്കി നികുതിഭാരം ചുരുക്കും എന്നെല്ലാം ബിജെപിക്കാര്‍ പറഞ്ഞിരുന്നു. കോഴിക്കോട്ടെ ഒരു വ്യാപാരി സമിതി ഇതു നോട്ടീസായി ഇറക്കിയെന്നും കേട്ടു. കസേരയിലിരുന്നു കഴിഞ്ഞപ്പോള്‍ ഇതൊക്കെ സംബന്ധിച്ച പ്രായോഗികബുദ്ധി ഉദിച്ചു എന്നുവേണം കരുതാന്‍.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ് പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല. കേരളം പോലുളള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇക്കാര്യത്തില്‍ ഗുജറാത്ത് എടുത്തിരുന്നത്. ഗുജറാത്തിലെ നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെടുന്നതെങ്കില്‍ കേരളത്തിന് വലിയ തിരിച്ചടിയാകും.
റെയില്‍വേ ബജറ്റില്‍ കേരളത്തിന് തികഞ്ഞ അവഗണനയായിരുന്നു. ഇപ്പോഴും അതു തുടരുന്നു. ആകെയുളളത് ഐഐടി മാത്രം. പുതിയ തുറമുഖങ്ങള്‍ക്ക്  അയ്യായിരത്തില്‍പരം കോടി രൂപ മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞത്തിന് പരിഗണനയില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ നീക്കിവെച്ചിട്ടുളളൂ. ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല. യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ല എന്നും ഓര്‍ക്കണമെന്നായിരിക്കും കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.

ചിദംബരവും ജെയ്റ്റ്ലിയും ഇരട്ട സഹോദരന്മാര്‍




പുതുക്കിയ ബജറ്റ് അവതരിപ്പിക്കാതെ ചിദംബരത്തിന്‍റെ പഴയ ബജറ്റു തന്നെ നടപ്പാക്കാന്‍ അരുണ്‍ ജെയ്റ്റ്ലി തീരുമാനിച്ചിരുന്നുവെങ്കില്‍ എന്തു വ്യത്യാസമാണുണ്ടാവുക? എത്ര പരിശോധിച്ചിട്ടും ഒരു വ്യത്യാസവും എനിക്ക് മനസിലാക്കാനായില്ല. ബജറ്റ് പ്രസംഗത്തിലെ നയപ്രഖ്യാപനങ്ങളെക്കുറിച്ചല്ല,  ബജറ്റിനുളളിലെ വകയിരുത്തലുകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ധനകമ്മിയിലോ റവന്യൂ കമ്മിയിലോ ഒരു വ്യത്യാസവുമില്ല. ചിദംബരം പ്രഖ്യാപിച്ച 4.1 ശതമാനത്തില്‍ത്തന്നെ ധനക്കമ്മി പിടിച്ചു നിര്‍ത്തും എന്നാണ് ജെയ്റ്റ്ലി പറയുന്നത്. റവന്യൂ കമ്മി 3 ശതമാനമായിരുന്നത് 2.9 ശതമാനമായി നേരിയൊരു കുറവു വരുത്തി. അത്രതന്നെ.
ദേശീയ തൊഴിലുറപ്പു പദ്ധതി, സഡക് യോജന, സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങി ഒരു സ്കീമുകളുടെ അടങ്കലുകളിലും രണ്ടു ബജറ്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല. നികുതി വരുമാനത്തില്‍ പതിനായിരത്തോളം കോടിയുടെ കുറവു വരുത്തിയിട്ടുണ്ട്. പക്ഷേ, നികുതിയേതര വരുമാനത്തില്‍ 32000 കോടി രൂപയുടെ വര്‍ദ്ധനയുണ്ട്. അങ്ങനെ 12 ലക്ഷം കോടി രൂപയുടെ നികുതി വരുമാനത്തില്‍ 22000 കോടി രൂപയുടെ വര്‍ദ്ധന. ഈ വര്‍ദ്ധിച്ച തുക ഗംഗാ ആക്ഷന്‍ പ്ലാന്‍, സ്കില്‍ ഇന്ത്യ, പുതിയ ശുചിത്വ പദ്ധതി, റൂര്‍ബന്‍ മിഷന്‍ തുടങ്ങിയ ചില പുതിയ സ്കീമുകള്‍ക്കായാണ് വകയിരുത്തിയത്.
എന്നിട്ടും കമ്മി 4.1 ശതമാനത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തുമെന്നാണ് ജെയ്റ്റ്ലിയുടെ അവകാശവാദം. അതെങ്ങനെ കഴിയും? ചിദംബരത്തിന്‍റെ  ഇടക്കാല ബജറ്റിനെ നിശിതമായി വിമര്‍ശിച്ച ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ചിദംബരം കമ്മി കുറച്ചു കാണിച്ചിരിക്കുകയാണ് എന്ന് കണക്കുകള്‍ നിരത്തി അന്ന് ജെയ്റ്റ്ലി സ്ഥാപിച്ചിരുന്നു. അതിന് ചിദംബരം സ്വീകരിച്ച മാര്‍ഗങ്ങളും കൈയോടെ പിടിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ കുടിശികയടക്കം മുന്‍വര്‍ഷത്തെ പല ചെലവുകളും നടപ്പുവര്‍ഷത്തേയ്ക്ക് മാറ്റിവെച്ചും  പൊതുമേഖലാ കമ്പനികളുടെ സമ്പാദ്യം ഡിവിഡന്‍റായി എഴുതിയെടുത്തും എണ്ണക്കമ്പനികള്‍ക്കു കൊടുക്കേണ്ട സബ്സിഡിയുടെ ഭാഗം അടുത്ത വര്‍ഷത്തേയ്ക്കു മാറ്റിവെച്ചുമാണ് ‌കമ്മി കുറച്ചു കാണിച്ചത് എന്ന ജെയ്റ്റ്ലിയുടെ ആക്ഷേപത്തെ ഇതുവരെ ചിദംബരം നിഷേധിച്ചിട്ടില്ല.

തന്‍റെ ബജറ്റ് പ്രസംഗത്തില്‍ മുന്‍ഗാമിയുടെ ചെയ്തികളെക്കുറിച്ച് ജെയ്റ്റ്ലി എന്തു പറയും എന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ തന്‍റെ വിമര്‍ശനങ്ങളൊക്കെ സൗകര്യപൂര്‍വം ജെയ്റ്റ്ലി വിഴുങ്ങി. നടത്തിയത് മൃദുവായ ഭാഷയില്‍ ഒരു ലഘുവിമര്‍ശനം മാത്രം. അതിങ്ങനെയായിരുന്നു - നടപ്പു വര്‍ഷത്തില്‍ ധനക്കമ്മി 4.1 ശതമാനമായി കുറയ്ക്കുന്നതിനുളള അതീവ ദുഷ്കരമായ ചുമതല എന്‍റെ മുന്‍ഗാമി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ താഴ്ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും വ്യവസായ മേഖലയിലെ നിശ്ചലാവസ്ഥയും പരോക്ഷ നികുതികളുടെ മുരടിപ്പും വര്‍ദ്ധിക്കുന്ന സബ്സിഡിയും താഴ്ന്ന നികുതി വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ 4.1 ശതമാനമെന്ന ലക്ഷ്യം പേടിപ്പിക്കുന്നതാണ്. ഞാന്‍ ഈ ലക്ഷ്യം ഒരു വെല്ലുവിളിയായി സ്വീകരിക്കാനുദ്ദേശിക്കുന്നു. ഇവിടെ തീരുന്നു ചിദംബരത്തിനെതിരെയുളള വിമര്‍ശനം.
മറുവശത്ത് ജെയ്റ്റ്ലിയെ പുകഴ്ത്തുന്നില്‍ ചിദംബരവും ഒട്ടും പിശുക്കു കാട്ടുന്നില്ല. എക്കണോമിക് സര്‍വെ പുറത്തുവന്നപ്പോള്‍ ചിദംബരം ഇങ്ങനെ പ്രതികരിച്ചു, സാമ്പത്തിക ദൃഢീകരണത്തിനും അടവുശിഷ്ടക്കമ്മിയും ധനക്കമ്മിയും കുറയ്ക്കുന്നതിനും യുപിഎ സര്‍ക്കാര്‍ എടുത്ത നടപടികളെ  എക്കണോമിക് സര്‍വെ അംഗീകരിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. മുന്‍സര്‍ക്കാരിനെതിരെ ആരോപണവിരല്‍ ചൂണ്ടാതിരിക്കുന്നതിന് കാണിച്ച സംയമനം പ്രശംസനീയമാണ്.
മുന്‍മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും സാമ്പത്തിക മേഖലയില്‍ പ്രകടിപ്പിക്കുന്ന ഈ സംയമനം സാമ്പത്തികകാര്യങ്ങളില്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വ്യത്യാസവമില്ല എന്ന വസ്തുതയ്ക്കാണ് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്.

സംശയം വേണ്ട. 4.1 ശതമാനം എന്ന ധനക്കമ്മിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ അരുണ്‍ ജെയ്റ്റ്ലിയ്ക്ക് ചിദംബരത്തെക്കാള്‍ കര്‍ക്കശനാകേണ്ടി വരും. ബജറ്റ് പ്രസംഗത്തില്‍ അവ സൂചിപ്പിച്ചിട്ടുമുണ്ട്. എക്സ്പെന്‍ഡിച്ചര്‍ മാനേജ്മെന്‍റ് കമ്മിഷന്‍റെ നിയോഗവും ഭക്ഷ്യ – പെട്രോളിയം സബ്സിഡി ഘടന സമൂലമായി പൊളിച്ചെഴുതുമെന്ന പ്രഖ്യാപനവും ആ കര്‍ക്കശ നടപടികളുടെ സൂചനയാണ്. കാഷ് ട്രാന്‍സ്ഫറിലൂടെ ഭക്ഷ്യ സബ്സിഡി ഗണ്യമായി കുറയ്ക്കുക, ഡീസലിനും വിലനിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു   സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ പൊളിച്ചെഴുത്തുകള്‍ പിന്നാലെ വരും. പാചകവാതകത്തിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും വില വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു നടപടി വിലക്കയറ്റം രൂക്ഷമാക്കും. പാവങ്ങളുടെ മേല്‍ ദുര്‍വഹമായ ഭാരം അടിച്ചേല്‍പ്പിക്കും.
രാജ്യം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ഇതു പരിഹരിക്കാന്‍ എല്ലാവരും ത്യാഗം സഹിക്കണമെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷേ, സബ്സിഡിയെല്ലാം വെട്ടിക്കുറച്ച് പ്രതിസന്ധിയുടെ  ഭാരം സാധാരണക്കാരുടെ ‌ ചുമലിലേറ്റു മാറ്റുകയാണ് അരുണ്‍ ജെയ്റ്റ്ലി. അതേസമയം സമ്പന്നര്‍ക്കു നല്‍കി വരുന്ന നികുതിയിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെന്തു ന്യായം?
കണക്കുകളില്‍ പ്രതിഫലിക്കില്ലെങ്കിലും ബജറ്റ് പ്രസംഗത്തില്‍ വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചും പൊതുമേഖലയുടെ സ്വകാര്യവത്കരണത്തെക്കുറിച്ചും വ്യക്തമായ പ്രഖ്യാപനമുണ്ട്. പ്രതിരോധമേഖലയും ഇന്‍ഷ്വറന്‍സും വിദേശമൂലധനത്തിനു തുറന്നു കൊടുക്കുകയാണ്. വിദേശ മൂലധന നിക്ഷേപം കൂടുതല്‍ സുഗമമാക്കാനുളള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. പക്ഷേ, നികുതിഘടനയില്‍ മുന്‍കാലപ്രാബല്യത്തോടെയുളള നിയമമാറ്റം റദ്ദാക്കി  വോഡാഫോണുമായുളള കേസ് തോറ്റു കൊടുക്കാം എന്ന് തുറന്നു സമ്മതിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ അതീവജാഗ്രതയോടെയേ രൂപം നല്‍കൂ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇതു കേട്ടപാടെയാണ് ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ച തുടങ്ങിയത്. ബാങ്ക്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യമേഖലകളുടെ നയങ്ങള്‍ വ്യക്തമാക്കാന്‍ തുടങ്ങിയതോടെയാണ് സൂചിക തിരിച്ചു കയറിയത്. ആവശ്യങ്ങളത്രയും അനുവദിച്ചില്ലെങ്കിലും മാറ്റത്തിന്‍റെ ദിശ കോര്‍പറേറ്റുകള്‍ക്കു പൂര്‍ണമായും സ്വീകാര്യമാണ്.
ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്കു  വിറ്റുകൊണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനും തുടക്കം കുറിക്കുകയാണ്. 2.4 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് പുതിയ മൂലധനമായി ആവശ്യമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ ഏതാണ്ട് ഈ തുകയ്ക്ക് അടുത്തുവരും. കോര്‍പറേറ്റുകളാണ് ഇവയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത്. കോര്‍പറേറ്റുകളുടെ ഭീമന്‍ പശ്ചാത്തലസൗകര്യ പ്രോജക്ടുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നല്‍കിയ വായ്പയും അതിലുള്‍പ്പെടുന്നു.  ഇങ്ങനെ ബാങ്കുകളെ നഷ്ടത്തിലാക്കിയവര്‍ക്കു തന്നെ അവ വിറ്റു പ്രശ്നം പരിഹരിക്കാനാണ് ശ്രമം.

ബജറ്റില്‍ വകയിരുത്തിയിട്ടില്ലെങ്കിലും സബ്സിഡികള്‍ ഗണ്യമായി കുറച്ചുകൊണ്ടും പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറം പൊതുമേഖലാ ഓഹരികള്‍ വിറ്റുകൊണ്ടും മാത്രമേ ജെയ്റ്റ്ലിയ്ക്ക് ബജറ്റ് കമ്മി 4.1 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാവൂ. ഇക്കാര്യങ്ങള്‍ സത്യസന്ധമായി  തുറന്നു പറയാന്‍ ധനമന്ത്രി തയ്യാറാവുന്നില്ല. ചുരുങ്ങിയ പക്ഷം 4.1 ശതമാനം കമ്മിയെക്കുറിച്ച് താന്‍ മുമ്പു പറഞ്ഞ വിമര്‍ശനങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നെങ്കിലും അദ്ദേഹം വ്യക്തമാക്കണം.
മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തിയത് നല്ല കാര്യം തന്നെ. പക്ഷേ, കേരളത്തെപ്പോലെ സാര്‍വത്രിക പെന്‍ഷന്‍ സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കണം എന്ന ആവശ്യത്തിന് ചെവി കൊടുത്തിട്ടില്ല. വിലസ്ഥിരതാ ഫണ്ടിനായി നീക്കിവെച്ച 500 കോടി രൂപ തികച്ചും അപര്യാപ്തമാണ്. ഈ സ്കീം എങ്ങനെ നടപ്പാക്കാക്കുമെന്ന് ഒരു വ്യക്തതയുമില്ല. യുപിഎ ബജറ്റിനെക്കാള്‍ കുറച്ചുകൂടി സ്ത്രീ പരിഗണന പുതുക്കിയ ബജറ്റിലുണ്ട്. നഗരമേഖലയ്ക്ക് നല്‍കിയ ഊന്നലും സ്വാഗതാര്‍ഹമാണ്. പട്ടേലിന്‍റെ പ്രതിമയ്ക്ക് 200 കോടി രൂപ അധികമായി കേന്ദ്രബജറ്റില്‍ നിന്നു നല്‍കുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല. ജമ്മു കാശ്മീരിനു നല്‍കുന്ന പ്രത്യേക സഹായത്തേക്കാള്‍ കൂടുതല്‍ തുക – 500 കോടി രൂപ – അവിടെ നിന്നുളള അഭയാര്‍ത്ഥികളായ പണ്ഡിറ്റുകള്‍ക്കു വേണ്ടി നീക്കി വെച്ചതിലെ ഔചിത്യവും മനസിലാക്കാന്‍ പ്രയാസമാണ്.
നികുതി ഭീകരതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച വേവലാതികളും  ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ആദായനികുതി പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്താനേ തയ്യാറായുളളൂ. അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നാണ് മാനിഫെസ്റ്റോയില്‍ പറഞ്ഞത്. സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ നികുതി നിര്‍ദ്ദേശങ്ങളില്‍ ഒട്ടേറെ പരിഗണനകളുണ്ട്.  ഇതു ശരിയായ ദിശയിലേയ്ക്കുളള നീക്കമാണ്. നികുതി നിര്‍ദ്ദേശങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കി വരുന്ന ഇളവുകളില്‍ ഒന്നില്‍പ്പോലും കൈവെയ്ക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ജിഎസ്ടി അഥവാ ചരക്കു സേവന നികുതി അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ്. പക്ഷേ, ബജറ്റ് പ്രസംഗത്തില്‍ ഈ പുതിയ നികുതിയുടെ സ്വഭാവത്തെക്കുറിച്ച് പുതിയ വ്യക്തതയൊന്നും നല്‍കിയിട്ടില്ല. ഉല്‍പാദന സംസ്ഥാനങ്ങള്‍ക്ക് ഈ നികുതി കൂടുതല്‍ അനുകൂലമാക്കിയെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്നു വ്യക്തമല്ല. ഇതു സംഭവിച്ചാല്‍ കേരളത്തിന് വലിയ തിരിച്ചടിയാകും. ഉപഭോക്തൃ സംസ്ഥാനങ്ങളെ ഊന്നിക്കൊണ്ടുളള പുതിയ നികുതി ഘടന വേണമെന്നാണ് ഇതുവരെ അഖിലേന്ത്യാ തലത്തിലുണ്ടായ പൊതു അഭിപ്രായം. ഇത് കീഴ്മേല്‍ മറിയും എന്ന ഭയാശങ്കകള്‍ ദുരീകരിച്ചിട്ടില്ല. അതുപോലെ തന്നെ പെട്രോളിയം ഉല്‍പന്നങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ ശഠിക്കുന്നത്. ഇതുവരെ പെട്രോളിയം ഉല്‍പന്നങ്ങളെ ഒഴിവാക്കാനായിരുന്നു പൊതുസമ്മതം. ഇങ്ങനെ സംഭവിച്ചാലും കേരളത്തിന് വലിയ തിരിച്ചടിയാണ്.
ഒരു പാസഞ്ചര്‍ ട്രെയിനിന്‍റെ ഏതാനും കിലോമീറ്റര്‍ ഓട്ടം മാത്രമാണ് റെയില്‍വേ ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. കേന്ദ്രബജറ്റില്‍ ഒരു ഐഐടി കിട്ടിയെന്നെങ്കിലും സമാധാനിക്കാം. പുതിയ തുറമുഖങ്ങള്‍ക്ക്  അയ്യായിരത്തില്‍പരം കോടി രൂപ മാറ്റിവെയ്ക്കുമ്പോള്‍ വിഴിഞ്ഞം അതിലില്ല. ആരോഗ്യനേട്ടങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് എയിംസ് ഇല്ല. ഫാക്ടിനുളള പാക്കേജില്ല. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകകളേ ധനസഹായമായി റബറിന് പ്രത്യേക സംരക്ഷണ നിര്‍ദ്ദേശങ്ങളില്ല. പക്ഷേ, യുപിഎയുടെ കാലത്തും ഇതൊന്നും കിട്ടിയില്ലല്ലോ എന്നായിരിക്കും ഒരുപക്ഷേ, കേന്ദ്രസര്‍ക്കാരിന്‍റെ വക്താക്കള്‍ പറയുക.
ഓഹരി വിപണിയുടെ പ്രതികരണത്തെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട നാള്‍ മുതല്‍ വിപണി മുകളിലേയ്ക്കു കുതിച്ചു കൊണ്ടിരിക്കുകയാണ്. റെയില്‍വേ ബജറ്റ് ദിവസമാണ് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ഏറ്റവും കുത്തനെ ഇടിഞ്ഞത്. സാമ്പത്തിക സര്‍വെയോടും തണുപ്പന്‍ പ്രതികരണമായിരുന്നു. ബജറ്റ് അവതരണത്തിന്‍റെ  ഒരു ഘട്ടത്തില്‍ റെയില്‍വേ ബജറ്റ് നാളിലെ തകര്‍ച്ച ആവര്‍ത്തിക്കുമോ എന്നു സംശയിച്ചു. ഓഹരി വിപണിയുടെ ആവേശത്തിന് എന്തുപറ്റി? നിക്ഷേപകരുടെ ആവശ്യങ്ങളോട് പുതിയ സര്‍ക്കാരിന് ഏറ്റവും അനുഭാവ പൂര്‍ണമായ നിലപാടാണ്. പക്ഷേ, ഇതുവരെയുളള ഭരണാനുഭവം ഒരുകാര്യം തെളിയിച്ചു. നിക്ഷേപകര്‍ പറയുന്നതെല്ലാം അപ്പടി നടപ്പാക്കാന്‍ കുറച്ചു പണിപ്പെടേണ്ടി വരും. അധികം താമസിയാതെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ പലതും മാറ്റിവെയ്ക്കേണ്ടി വരും. വിപണിയും അതു മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.  

Monday, July 7, 2014

കോര്‍പ്പറേറ്റ് അജന്‍ഡ വ്യക്തമാണ്‌

ഇന്നേക്ക് മൂന്നാം ദിവസമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ കന്നി ബജറ്റ്. 1991ലെ മന്‍മോഹന്‍സിങ് ബജറ്റിനുശേഷം ഇത്രയേറെ ആകാംക്ഷ സൃഷ്ടിച്ച മറ്റൊരു ബജറ്റ് അവതരണം ഉണ്ടായിട്ടില്ല. കോര്‍പ്പറേറ്റ് പ്രതീക്ഷകള്‍ വ്യക്തമാണ്. യു.പി.എ. സര്‍ക്കാര്‍ ചെയ്യാന്‍ അറച്ചുനിന്ന കോര്‍പ്പറേറ്റ് പ്രീണന നടപടികള്‍ മോദി കൈക്കൊള്ളും. നയസ്തംഭനം (Policy Paralysis) നീക്കാന്‍ കോര്‍പ്പറേറ്റ് ബിസിനസ് പത്രങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കുന്ന സൗജന്യ ഉപദേശങ്ങളില്‍നിന്ന് കോര്‍പ്പറേറ്റ് അജന്‍ഡ വ്യക്തമാണ്. പക്ഷേ, വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ വോട്ടുചെയ്ത ജനങ്ങളുടെ കാര്യമാണ് കഷ്ടം.

കഴിഞ്ഞ മൂന്നുവര്‍ഷമായി നാടിനെ വലയ്ക്കുന്ന പ്രധാനപ്രശ്‌നം വിലക്കയറ്റമാണ്. ഉപഭോക്തൃ വിലസൂചിക ഏതാണ്ട് 10 ശതമാനമാണ്. വിലകള്‍ കയറുന്നത് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് നേട്ടമാണ്; വാങ്ങുന്നവര്‍ക്ക് നഷ്ടവും. പണക്കാരന്‍ ഉപഭോക്താവിന്റെ പോക്കറ്റടിക്കുന്ന പരിപാടിയാണിത്. കാലവര്‍ഷം ചതിച്ചതോടെ ഈ വര്‍ഷം ഭക്ഷ്യവിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ഇറാഖിലെ യുദ്ധം നീണ്ടാല്‍ എണ്ണവിലയും ഉയരും. രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ എങ്ങനെ രക്ഷിക്കാം, സബ്‌സിഡികള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കുമോ, തൊഴിലുറപ്പുപദ്ധതി വിപുലപ്പെടുത്തുമോ, ഭക്ഷ്യസുരക്ഷാനിയമം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമോ ഇതൊക്കെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍, ഇതൊന്നും കോര്‍പ്പറേറ്റുകളുടെ പരിഗണനയിലില്ല. കമ്മി കുറയ്ക്കുകയാണ് അവരുടെ പ്രഥമ ലക്ഷ്യം. ചിദംബരം അവതരിപ്പിച്ച ഇടക്കാലബജറ്റില്‍ പറഞ്ഞ 4.1 ശതമാനം കമ്മി തിരഞ്ഞെടുപ്പിനുവേണ്ടി പടച്ചുണ്ടാക്കിയതായിരുന്നു. ചിദംബരത്തിന്റെ കണക്ക് കസര്‍ത്തുകള്‍ ഒഴിവാക്കിയാല്‍ യഥാര്‍ഥ കമ്മി ഉയരും. ഈ സ്ഥിതി ഒഴിവാക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഏകകണ്ഠമായി ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്: സബ്‌സിഡികള്‍ കുറച്ച് കമ്മി താഴ്ത്തുക. ഇതാണ് പ്രധാനമന്ത്രി പറഞ്ഞ കടുത്ത നടപടിയെന്ന് ഇതുവരെയുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നു.

ബജറ്റിന് മുമ്പുതന്നെ റെയില്‍വേ നിരക്കുകള്‍ ഉയര്‍ത്തി. ഡീസലിനും പെട്രോളിനും വില കൂട്ടി. പാചകവാതകത്തിന്റെ വില കൂട്ടാന്‍ പോകുന്നു. കേരളത്തിന്റെ അരി റേഷന്‍ പാതിയായി കുറച്ചു. യൂണിറ്റിന് 4.2 ഡോളറായിരുന്ന പ്രകൃതിവാതകത്തിന്റെ വില മൂന്നുമാസത്തിനുള്ളില്‍ 8.4 ഡോളറാകും.

ഇത്തരം നടപടികളുടെ ആദ്യത്തെ പ്രത്യാഘാതം വിലകള്‍ക്കുമേലായിരിക്കും. വിലക്കയറ്റത്തിനുകാരണം ആളുകളുടെ കൈയില്‍ പണം കുമിഞ്ഞുകൂടി അവര്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതല്ല. ധാന്യമടക്കമുള്ള ഉപഭോക്തൃ ഉത്പന്നങ്ങളെല്ലാം വില്‍ക്കാന്‍ പറ്റാതെ കെട്ടിക്കിടക്കുകയാണ്. അതുപോലെ നിക്ഷേപകര്‍ വലിയതോതില്‍ പണം മുടക്കി അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും വാങ്ങുന്നതുകൊണ്ടുമല്ല വിലക്കയറ്റം. വേണ്ടത്ര നിക്ഷേപമില്ലാത്തതുകൊണ്ട് രാജ്യത്ത് രൂക്ഷമായ ഉത്പാദന മുരടിപ്പാണ്.

രണ്ടുവര്‍ഷമായി തുടര്‍ച്ചയായി സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനനിരക്കില്‍ താഴെയാണ്. ഈ വര്‍ഷത്തെ വരള്‍ച്ചകൂടി കണക്കിലെടുക്കുമ്പോള്‍ നടപ്പുവര്‍ഷത്തിലും വളര്‍ച്ച അഞ്ചുശതമാനത്തിലും താഴെയാകാനാണ് സാധ്യത. ചുരുക്കത്തില്‍ സാമ്പത്തികഭാഷയില്‍ പറഞ്ഞാല്‍ ഡിമാന്‍ഡ് കൂടിയതുകൊണ്ടല്ല വിലക്കയറ്റം. മറിച്ച് ഉത്പാദനച്ചെലവിലെ വര്‍ധനയും ഊഹക്കച്ചവടവും കുത്തകകള്‍ വിലകൂട്ടുന്നതുമാണ് കാരണങ്ങള്‍.

ഡിമാന്‍ഡ് കൂടിയതുകൊണ്ടാണ് വിലക്കയറ്റമെങ്കില്‍ പരിഹാരം വളരെ എളുപ്പമാണ്. സര്‍ക്കാര്‍ ചെലവ് കുറച്ചുകൊണ്ട് കമ്മി ഇല്ലാതാക്കുക. അതേസമയം, ഉത്പാദനമാന്ദ്യമാണ് പ്രശ്‌നമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കുകയും കമ്മി കൂട്ടുകയും ചെയ്യണം. ഇതാണ് കെയിന്‍സ് പഠിപ്പിച്ചത്. പക്ഷേ, ഇപ്പോള്‍ വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് നാടിനെ ഗ്രസിച്ചിരിക്കയാണ്. ഒന്നിനുള്ള പ്രതിവിധി മറ്റൊന്നിന് വിഷമാണ്. ഇതാണ് ചിദംബരത്തെയും ഇപ്പോള്‍ െജയ്റ്റ്‌ലിയെയും വലയ്ക്കുന്ന ഊരാക്കുടുക്ക്.

കമ്മി കുറയ്ക്കാന്‍വേണ്ടി കോര്‍പ്പറേറ്റുകള്‍ പറയുന്നതുപോലെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍ വിലക്കയറ്റം രൂക്ഷമാകുമെന്ന് പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന് പ്രകൃതിവാതകത്തിന്റെ വില ഒരു ഡോളര്‍ കൂട്ടിയാല്‍ എന്തുസംഭവിക്കുമെന്ന് നോക്കുക. യൂറിയ വളത്തിന്റെ വില ടണ്ണിന് 1,370 രൂപ കൂടും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 45 പൈസ വര്‍ധിക്കും. ഒരു കിലോ സി.എന്‍.ജി.ക്ക് 2.81 രൂപ കൂടും. പൈപ്പുവഴി വിതരണംചെയ്യുന്ന പാചകവാതകത്തിന് 1.89 രൂപ വര്‍ധിക്കും. അപ്പോള്‍ നാലുഡോളര്‍ കൂട്ടിയാല്‍ ഉണ്ടാകുന്ന വിലവര്‍ധന ഊഹിച്ചുനോക്കൂ.

വിലക്കയറ്റം തടയലല്ല, സബ്‌സിഡികള്‍ കുറയ്ക്കലാണ് തന്റെ പ്രഥമലക്ഷ്യമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിലും മറ്റൊന്നും പ്രതീക്ഷിേക്കണ്ട. വിലക്കയറ്റം തടയല്‍ വാചകമടിയില്‍ ഒതുങ്ങും.
എല്ലാകാലത്തും സബ്‌സിഡികള്‍ തുടര്‍ച്ചയായി കൂട്ടണമെന്നല്ല ഇവിടെ വാദിക്കുന്നത്. വിലക്കയറ്റത്തിന്റെ നാളില്‍ ഒരിക്കലും ഇത് ചെയ്യരുതെന്നാണ് വാദം.

സബ്‌സിഡി കുറയ്ക്കലല്ലാതെ കമ്മികുറയ്ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലേ? എന്തുകൊണ്ട് വരുമാനം കൂട്ടിക്കൂടാ? 2008ല്‍ ആഗോളമാന്ദ്യം പൊട്ടിപ്പുറപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ വരുമാനത്തിന്റെ 12 ശതമാനത്തോളം നികുതിയായി സമാഹരിച്ചിരുന്നു. എന്നാല്‍, 2014ല്‍ ഇത് 10 ശതമാനം മാത്രമായി. നികുതിയുടെ തോത് പഴയതുപോലെയാക്കാന്‍ കഴിഞ്ഞാല്‍ കമ്മി പകുതിയാകും. പക്ഷേ, ഇതല്ല ബി.ജെ.പി.യുടെ മനസ്സിലിരിപ്പ്.

ആദായനികുതി ഒഴിവുപരിധി രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കുമെന്നാണ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതി ഇളവുകള്‍ രണ്ടുലക്ഷം കോടിയോളം വരും. ഈ ഇളവുകള്‍ ഇല്ലാതാക്കിയാല്‍ നിക്ഷേപം നടത്താനുള്ള താത്പര്യം കുറയുമെന്നാണ് വാദം. ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം സബ്‌സിഡിയാണ്. പക്ഷേ, മുതലാളിമാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെല്ലാം ഇന്‍സെന്റീവാണ്. ഉറപ്പായും ബജറ്റില്‍ നികുതിയിളവുകള്‍ പ്രതീക്ഷിക്കാം.

കമ്മി കുറയ്ക്കാന്‍ ഇനിയൊരു മാര്‍ഗംകൂടിയുണ്ട്; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പന. യു.പി.എ. സര്‍ക്കാറും തുടര്‍ച്ചയായി ചെയ്തിരുന്ന ഒരു കാര്യമാണ് എല്ലാ ബജറ്റിലും ഏതാണ്ട് 40,000 കോടി രൂപയുടെ ഓഹരി വില്പന പ്രഖ്യാപിക്കല്‍. പക്ഷേ, ഒരിക്കലും പാതിപോലും വിറ്റ് കാശാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ശക്തമായ ചെറുത്തുനില്‍പ്പാണ് തൊഴിലാളികളുടെ പക്ഷത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

എന്നാല്‍, മോദി ഇത്തരം എതിര്‍പ്പുകളെയൊക്കെ അതിജീവിക്കുമെന്നാണ് കോര്‍പ്പറേറ്റുകളുടെ പ്രതീക്ഷ. 80,000 കോടി രൂപയുടെ ഓഹരി വില്‍ക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ലെന്നാണ് ചില വിദ്വാന്‍മാര്‍ പറയുന്നത്. ബാങ്കുകളുടെ 51 ശതമാനം ഓഹരി സ്വകാര്യമേഖലയ്ക്ക് ആകാമെന്ന് റിസര്‍വ് ബാങ്കുതന്നെ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ എന്‍.ഡി.എ. സര്‍ക്കാര്‍ ഓഹരിവില്പനയ്ക്ക് ഒരു മന്ത്രാലയംതന്നെ തുടങ്ങി. അത്തരമൊരു വകുപ്പ് ഇത്തവണ ഉണ്ടാവില്ലെങ്കിലും പൊതുമേഖലയുടെ സ്വകാര്യവത്കരണമാണ് പുതിയ സര്‍ക്കാറിന്റെ അജന്‍ഡകളിലൊന്ന്. ഇത് ബജറ്റില്‍ പ്രതിഫലിക്കും.

വിദേശമൂലധനത്തിന് പ്രതിരോധമേഖല തുറന്നുകൊടുക്കുകയാണ്. ബാങ്കും ഇന്‍ഷുറന്‍സും ഇവരുടെ മേച്ചില്‍പ്പുറങ്ങളാകാന്‍ പോകുകയാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കലാണ് പുത്തന്‍ സാമ്പത്തികനയം. ഈ നയത്തിന്റെ മുഖ്യവക്താക്കളിലൊരാളായിരുന്നു എക്കാലത്തും നരേന്ദ്രമോദി. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന വിശ്രുത ധനകാര്യപത്രം വര്‍ഷംതോറും ഏറ്റവും വിദേശനിക്ഷേപസൗഹൃദം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. 'എഫ്.ഡി.ഐ. പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍' എന്നാണ് അവാര്‍ഡിന്റെ പേര്. 2009ലെ അവാര്‍ഡ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കായിരുന്നു. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയതിന്റെ കാരണവും അവര്‍ വ്യക്തമാക്കിയിരുന്നു : ആ വര്‍ഷം 280 കോടി ഡോളര്‍ വിദേശനിക്ഷേപമാണ് ഗുജറാത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍, ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ ലോകമെമ്പാടും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഈ പുരസ്‌കാരം പിന്‍വലിക്കേണ്ടിവന്നു.

എന്നാല്‍, വിദേശമൂലധനത്തിന് ഏറ്റവും പ്രിയങ്കരനായ നേതാവായിത്തന്നെ മോദി തുടര്‍ന്നു എന്നതിന് തെളിവ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട നാളുമുതല്‍ ഓഹരിക്കമ്പോളത്തില്‍ അലയടിക്കുന്ന ഉത്സാഹത്തിമിര്‍പ്പാണ്. വിദേശ മൂലധന നിക്ഷേപസ്ഥാപനങ്ങള്‍ വലിയതോതില്‍ പണമൊഴുക്കിയതുകൊണ്ടാണ് ഓഹരിവില കുതിച്ചുകയറിയത്. ഈ ഉത്സാഹം നിലനിര്‍ത്തണം. അതുകൊണ്ട് കള്ളപ്പണവേട്ട വാചകമടിയിലൊതുങ്ങും.

നികുതിവെട്ടിപ്പ് സംബന്ധിച്ച് വൊഡാഫോണും മറ്റുമായുമുണ്ടായ തര്‍ക്കങ്ങളില്‍ തോറ്റുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ധനമന്ത്രിയായിരിക്കെ പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ച നികുതിച്ചോര്‍ച്ച തടയാനുള്ള സമഗ്രചട്ടങ്ങള്‍ ചിദംബരം മാറ്റിവെച്ചു. പുതിയ ബജറ്റിലും അതിന് സ്ഥാനമുണ്ടാവില്ല. മൗറീഷ്യസ് പോലുള്ള രാജ്യങ്ങളുമായുള്ള കരാറുകളിലൂടെയാണ് കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിലൊന്നും ഒരു മാറ്റവും ഉണ്ടാവുകയില്ല.

ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തോടെ തൊഴിലുറപ്പിനുള്ള പിന്തുണ ഭരണതലത്തില്‍ ഏതാണ്ട് ഇല്ലാതായി. പക്ഷേ, വരള്‍ച്ചയുടെ നാളുകളില്‍ തൊഴിലുറപ്പുപദ്ധതി വേണ്ടെന്നുവെക്കുമെന്ന് കരുതാനാവില്ല. എന്തായിരിക്കും പുതിയ ബജറ്റിന്റെ സമീപനം? തൊഴിലുറപ്പ് മാത്രമല്ല, അവകാശാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന എല്ലാ പദ്ധതികളോടും ദയാപൂര്‍വമായ അവഗണനയാവും ഉണ്ടാവുക. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാെജ സിന്ധ്യ ഇത് വ്യക്തമാക്കിക്കഴിഞ്ഞു.

ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് നടപ്പാക്കുന്നത് നല്ല കാര്യമാണ്. ബി.ജെ.പി.യുടെ എതിര്‍പ്പുമൂലമാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇത് നടക്കാതെപോയത്. പക്ഷേ, ഇപ്പോഴിത് നടപ്പാക്കുമ്പോള്‍ രണ്ട് ചോദ്യങ്ങള്‍ നിര്‍ണായകമാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യനിരക്കിനുപകരം സംസ്ഥാനത്തിന് ഉയര്‍ന്ന നിരക്ക് അനുവദിക്കുമോ? ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന രീതിയിലുള്ള നിയമമാണ് ഇതുവരെ ആലോചിച്ചത്. ഇതില്‍ ഗുജറാത്ത് നേരത്തേത്തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുന്ന സമ്പ്രദായത്തിലേക്ക് പുതിയ നികുതിയെ മാറ്റുമോ എന്നറിയാനാണ് ആകാംക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നത്. രണ്ടും നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.

നരേന്ദ്രമോദി തോമയുടെ സുവിശേഷം വായിക്കുമോ?

Dhanavicharam July 1, 2014

ദേശീയ വരുമാന അക്കൗണ്ട്‌സ് ഞങ്ങളെ എം.ഫില്ലിന് പഠിപ്പിച്ചത് പ്രൊഫ. ഗുലാത്തിയായിരുന്നു. എന്റെ ടേം പേപ്പറിനുമുകളില്‍ അദ്ദേഹം ഇങ്ങനെ എഴുതി 'മുദ്രാവാക്യംവിളി നിര്ത്തുക, വസ്തുതകളില്‍ ഒതുങ്ങുക'. എംപെരിക്കല്‍ അഥവാ വസ്തുതാമാത്രപഠനം ആയിരുന്നു സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ മുഖമുദ്ര. അതുകൊണ്ട് 'വരുമാന അസമത്വം' സംബന്ധിച്ച പ്രൊഫ. വൈദ്യനാഥന്റെ കോഴ്‌സിലെ (അതെ, 'വൈദ്യനാഥന്കമ്മിറ്റി' ഫെയിം വൈദ്യനാഥന്തന്നെ) പേപ്പര്‍ എഴുതിയപ്പോള്‍ പ്രത്യേക ജാഗ്രത പുലര്ത്തി. അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു 'ഭേഷ്, പഠനം തുടരുക'. ദേശീയ വരുമാനവിതരണം സംബന്ധിച്ച പഠനം തുടരാനുള്ള ക്ഷണത്തില്‌നിന്ന് ഞാന്‍ ഒഴിഞ്ഞുമാറി. ഇന്നും മുദ്രാവാക്യങ്ങള്‍ അഥവാ ആശയപരമായ പ്രതിബദ്ധതയില്ലാത്ത കേവലം വസ്തുതാമാത്രപഠനങ്ങളില്‍ എനിക്ക് താത്പര്യമില്ല. ദേശീയ വരുമാനപഠനം സാമാന്യം ബോറടിയായിട്ടാണ് ഞാന്‍ കരുതിയതും.

പക്ഷേ, തോമാ പിക്കറ്റിയുടെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മൂലധനം' എന്ന ഗ്രന്ഥം വായിച്ചപ്പോഴാണ് ഈ വിഷയം എത്ര സരളവും സരസവും സമഗ്രവുമായി പ്രതിപാദിക്കാനാകുമെന്ന് ബോധ്യപ്പെട്ടത്. ഫ്രഞ്ച് യുവ സാമ്പത്തിക പണ്ഡിതനാണ് തോമാ പിക്കറ്റി (ഫ്രഞ്ച് ഭാഷയില്‍ തോമസിലെ 'സ' നിശ്ശബ്ദമാണ്). അമേരിക്കയില്‍ മസാച്ചുസെറ്റ്‌സ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച കാലത്തുതന്നെ ഒരു അസാമാന്യപ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, അമേരിക്കന്‍ സര്വകലാശാലയിലെ അമൂര്ത്ത മാത്തമറ്റിക്കല്‍ വിശകലനങ്ങളില്‍ മനംമടുത്ത് അദ്ദേഹം പാരീസിലേക്ക് മടങ്ങി.
പ്രഗല്ഭമതികളായ ഒരു സംഘം സാമ്പത്തിക വിദഗ്ധരോടൊപ്പം ഒരു ദശാബ്ദത്തിലേറെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‌സ്, ജര്മനി, ജപ്പാന്‍ തുടങ്ങി ഒരു ഡസന്‍ രാജ്യങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ ദേശീയവരുമാനവും സ്വത്തും അവയിലെ അസമത്വവും സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കി. ഫ്രാന്‌സിന്റെയും ബ്രിട്ടന്റെയും കാര്യത്തില് 18ാം നൂറ്റാണ്ടുമുതലുള്ള കണക്കുകളുണ്ട്.
അസമത്വം അല്ലെങ്കില്‍ പണക്കാരുടെ വരുമാനത്തിലെയും സ്വത്തിലെയും വിഹിതം കണക്കാക്കാന്‍ ഈ രാജ്യങ്ങളിലെ ഇന്കംടാക്‌സ്, സ്വത്തുനികുതി, എസ്‌റ്റേറ്റ് ഡ്യൂട്ടി തുടങ്ങിയവയുടെ റിട്ടേണുകള്‍ സമാഹരിച്ച് വിശകലനംചെയ്തു. ഇത്ര ബ്രഹത്തായ ഒരു എംപിരിക്കല്‍ പഠനം അപൂര്വമാണ്. പക്ഷേ, അത് മുഴുവന്‍ അച്ചടിച്ച് പിക്കറ്റി നമ്മെ ബോറടിപ്പിക്കുന്നില്ല. ആവശ്യമുള്ളവര്ക്കായി വിശദമായ കണക്കുകള്‍ വെബ്‌സൈറ്റിലിട്ടിട്ടുണ്ട്. പൊതുനിഗമനങ്ങളും പ്രവണതകളും മാത്രമാണ് 685 പേജുവരുന്ന ഗ്രന്ഥത്തില്‍ ഉള്‌പ്പെടുത്തിയിട്ടുള്ളത്. അതുതന്നെ ചരിത്രവും സോഷ്യോളജിയും എന്തിന് ബല്‍സാക്ക്, ജെയിന്‍ ഓസ്റ്റിന്‍ തുടങ്ങിയവരുടെ സാഹിത്യരചനകളും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടാണ് സാമ്പത്തികശാസ്ത്ര വിശകലനം മുന്നേറുന്നത്. അതുകൊണ്ട് സാമ്പത്തികശാസ്ത്ര വിദ്യാര്ഥികളല്ലാത്തവര്ക്കും ആസ്വാദ്യകരമായ ഒരു പഠനം ലഭിച്ചു.

'21ാം നൂറ്റാണ്ടിലെ മൂലധനം' എന്ന് കേള്ക്കുമ്പോള്‍ അത് 19ാം നൂറ്റാണ്ടില്‍ കാള്മാര്ക്‌സ് എഴുതിയ മൂലധനത്തിന്റെ തുടര്ച്ചയാണെന്ന് തെറ്റിദ്ധരിക്കരുത്. മാര്ക്‌സിയന്‍ ചിന്താപദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്ന് അര്ഥശങ്കയ്ക്കിടയില്ലാതെ പിക്കറ്റിതന്നെ തുറന്നുപറയുന്നുണ്ട്. എന്നിരുന്നാലും മുതലാളിത്തത്തില്‍ വിവിധ വര്ഗങ്ങള് തമ്മില്‍ വരുമാനത്തിലും സ്വത്തിലുമുള്ള അസമത്വം സംബന്ധിച്ച് മാര്ക്‌സ് മുന്നോട്ടുവെച്ച പ്രവണതകള്‍ 21ാം നൂറ്റാണ്ടിലും സാധുവാണെന്ന് പിക്കറ്റിയുടെ പഠനം തെളിയിക്കുന്നു.
മുതലാളിത്തത്തില്‍ ചൂഷണം പരമാവധിയാക്കാനും അതിലൂടെയുണ്ടാകുന്ന മിച്ചം പരമാവധി സമ്പാദിക്കാനും വീണ്ടും മുതല്മുടക്കാനും മുതലാളിമാര്‍ നിര്ബന്ധിതരാകും. അതുകൊണ്ട് മുതലാളിമാരെ അപേക്ഷിച്ച് തൊഴിലാളികള്‍ പാപ്പരായിത്തീരുക അനിവാര്യമാണെന്ന് മാര്ക്‌സ് വാദിച്ചു. ചുരുക്കത്തില്‍ മുതലാളിത്തവളര്ച്ച ഏറുന്തോറും അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കും. എന്നാല്, 1953ല്‍ സൈമണ്‍ കുസ്‌നെറ്റ്‌സ് എന്ന അമേരിക്കന്‍ സാമ്പത്തികപണ്ഡിതന്‍ മാര്ക്‌സിന്റെ പ്രവചനത്തെ പൊളിച്ചു. അസമത്വം സംബന്ധിച്ച പ്രഥമ വസ്തുതാപഠനങ്ങളിലൊന്ന് ഇദ്ദേഹത്തിന്റേതാണ്. 20ാം നൂറ്റാണ്ടില്‍ അസമത്വം അമേരിക്കയില്‍ കുറയുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. 19ാം നൂറ്റാണ്ടില്‍ മാര്ക്‌സ് പറഞ്ഞതുപോലെ അസമത്വം വര്‍ധിച്ചു. എന്നാല്‍, സാമ്പത്തികവളര്ച്ച ഉച്ചസ്ഥായിയിലെത്തിയപ്പോള് നേട്ടം എല്ലാവരിലേക്കും കിനിഞ്ഞിറങ്ങിത്തുടങ്ങി. അങ്ങനെ അസമത്വം കുറഞ്ഞു. അസമത്വ സൂചികയുടെ ഒരു ചിത്രം വരച്ചാല്‍ അത് മലയാളത്തിലെ 'റ' എന്ന അക്ഷരംപോലിരിക്കും. മുതലാളിത്ത ആശയഗതിക്കാര്‌ക്കെല്ലാം ഇദ്ദേഹത്തിന്റെ സിദ്ധാന്തം വലിയ പ്രതീക്ഷയും സ്വസ്ഥതയും നല്കി. സാമ്പത്തിക വിതരണത്തെക്കുറിച്ച് ഇന്നും കോളേജ് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത് ഈ സിദ്ധാന്തമാണ്.

എന്നാല്‍, പിക്കറ്റി 21ാം നൂറ്റാണ്ടിലെ ആദ്യത്തെ രണ്ട് ദശകങ്ങളിലേക്ക് ഈ പഠനം നീട്ടിയപ്പോള്‍ വ്യത്യസ്തമായൊരു ചിത്രമാണ് കണ്ടത്. '70 മുതല്‍ മുതലാളിത്തരാജ്യങ്ങളിലെല്ലാം അസമത്വം അതിവേഗത്തില്‍ വര്‍ധിക്കാന്‍ തുടങ്ങി. 20ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങള്‍ ഒരു അപഭ്രംശം മാത്രമാണ് എന്നാണ് പിക്കറ്റി വിലയിരുത്തിയത്. 18ാം നൂറ്റാണ്ടുമുതല്‍ അസമത്വം വര്‍ധിച്ചുവരികയായിരുന്നു. ഇത് 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂര്‍ധന്യാവസ്ഥയിലെത്തി. എന്നാല്‍, 20ാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തികത്തകര്ച്ച, ലോകയുദ്ധങ്ങള്‍ സൃഷ്ടിച്ച സ്വത്തിന്റെ നാശം, സോവിയറ്റ് യൂണിയന്റെ ഉദയം, ഇതിനെതിരെ ഉയര്ന്നുവന്ന ക്ഷേമരാഷ്ട്ര സങ്കല്പങ്ങളും കെയിനീഷ്യന്നയങ്ങളും ചേര്ന്നപ്പോള്‍ അസമത്വം കുറഞ്ഞു. എന്നാല്‍, ആഗോളീകരണ കാലഘട്ടത്തോടെ അസമത്വം അതിവേഗം വര്ധിച്ച് 19ാം നൂറ്റാണ്ടിന്റെ സ്ഥിതിയിലെത്തിയിരിക്കയാണ്. പിക്കറ്റിയുടെ അഭിപ്രായത്തില്‍ 20ാം നൂറ്റാണ്ടിലെ സാമ്പത്തിക അസമത്വസൂചിക വരച്ചാല് 'ഡ' പോലിരിക്കും. നിയോ ലിബറലിസത്തിന്റെ എല്ലാ 'വരുമാനം കിനിഞ്ഞിറങ്ങല്‍ സിദ്ധാന്ത'ങ്ങളെയും പിക്കറ്റിയുടെ പഠനം തകര്ക്കുന്നു.
അസമത്വം വര്‍ധിക്കുന്നത് സംബന്ധിച്ച പിക്കറ്റിയുടെ വിശകലനത്തെ സാമാന്യം അതി ലളിതവത്കരിച്ചുകൊണ്ടാണെങ്കിലും ഇങ്ങനെ സംക്ഷേപിക്കാം : ദേശീയവരുമാനത്തെ രണ്ടായി തിരിക്കാം. സ്വത്തില്‌നിന്നുള്ള വരുമാനവും അധ്വാനത്തില്‍നിന്നുള്ള വരുമാനവും. പിക്കറ്റി മൂന്ന് പ്രവണതകളെ ദീര്ഘദര്ശനം ചെയ്യുന്നു.

ഒന്ന്: സ്വത്തിന്റെ കേന്ദ്രീകരണം കൂടിക്കൊണ്ടിരിക്കയാണ്. അതുകൊണ്ട് സ്വത്തില്‌നിന്നുള്ള വരുമാനം സ്വാഭാവികമായും കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമാകും.

രണ്ട്: കൂലിവേലക്കാര്ക്കിടയിലും ശമ്പളക്കാര്ക്കിടയിലുമുള്ള തരംതിരിവുകളും വര്ധിക്കുകയാണ്. 1970നുശേഷം തൊഴിലാളികളുടെ യഥാര്‍ഥവരുമാനം കൂടിയിട്ടുണ്ട്. എന്നാല്‍, ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ വരുമാനം 165 ശതമാനം വര്ധിച്ചു. ഏറ്റവും സമ്പന്നരായ 0.1 ശതമാനത്തിന്റെ വരുമാനമാകട്ടെ 362 ശതമാനമാണ് ഉയര്ന്നത്. ഒരു ചെറു ന്യൂനപക്ഷം വരുന്ന മാനേജീരിയല്‍ വിഭാഗം അതിഭീമമായ തുക ശമ്പളവും ബോണസുമെല്ലാമായി തട്ടിയെടുക്കുന്നത് ആഗോളീകരണ കാലഘട്ടത്തില്‍ സര്വസാധാരണമാണ്.

മൂന്ന്: ഏറ്റവും പ്രധാനപ്പെട്ട കാര്യം അധ്വാനവിഹിതത്തെ അപേക്ഷിച്ച് സ്വത്തിന്റെ വിഹിതം വരുമാനത്തില്‍ കൂടിക്കൊണ്ടിരിക്കുമെന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട ഒന്നാണ് മുതലാളിത്തത്തിന്റെ ഒന്നാം നിയമം എന്ന് പിക്കറ്റി വിശേഷിപ്പിക്കുന്ന ഒരു സമവാക്യം. മൂലധനത്തിന്റെ ലാഭനിരക്ക് ദേശീയവരുമാന വളര്ച്ചയേക്കാള്‍ ഉയര്ന്നതാണെങ്കില്‍ അസമത്വം വര്‍ധിക്കും എന്നാണ് ഈ സമവാക്യത്തിനര്ഥം. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതായാലും മൂന്ന് പ്രവണതകളുടെയും ആത്യന്തികഫലം അസമത്വം വര്ധിക്കുക എന്നതാണ്.

അസമത്വം വര്ധിക്കുമ്പോള്‍ പിതൃസ്വത്തായി അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന സമ്പത്തും വര്ധിക്കുന്നു. 19ാം നൂറ്റാണ്ടിലെ സമഷ്ടി ചിന്താഗതിക്കാരെല്ലാം വേലയെടുക്കാതെ കിട്ടുന്ന ഈ പിതൃസമ്പത്തിന്റെ വലിയ വിമര്ശകരായിരുന്നു. എന്നാല്‍, 20ാം നൂറ്റാണ്ടില്‍ പിതൃസ്വത്തിന്റെ പ്രാധാന്യം കുറഞ്ഞു. ബില്‌ഗേറ്റ്‌സും സ്റ്റീവ് ജോബ്‌സുമാണല്ലോ ഇന്നത്തെ മാതൃകാ പുരുഷന്മാര്. എന്നിരുന്നാല്ത്തന്നെയും അസമത്വം വര്ധിക്കുന്തോറും ഈ സ്ഥിതിവിശേഷം മാറും. 1970ല്‍ 50 ശതമാനം സ്വത്തുമാത്രമേ പിതൃസ്വത്തായി കിട്ടിയിരുന്നുള്ളൂ. ഇപ്പോഴത് 70 ശതമാനമാണ്.

കാല്‌നൂറ്റാണ്ട് കഴിഞ്ഞാല്‍ ഇന്നത്തെ പ്രവണത തുടര്ന്നാല്‍ അത് 90 ശതമാനമാകും. അതുകൊണ്ട് പിക്കറ്റി സമകാലീന മുതലാളിത്തത്തെ വിളിക്കുന്നത് പാട്രിമോണിയല് (പിതൃസ്വത്തായി ലഭിച്ച) മുതലാളിത്തം എന്നാണ്. അസമത്വത്തിന്റെ മുറിവില്‍ ഇതിന്റെ എരിവുകൂടി ചേരുമ്പോള്‍ വലിയ സാമൂഹിക അസംതൃപ്തിയും സംഘര്ഷങ്ങളും സൃഷ്ടിക്കപ്പെടും.
മുതലാളിത്ത വ്യവസ്ഥയല്ലാതെ മറ്റൊന്നിനെക്കുറിച്ച് വിഭാവനം ചെയ്യാന്‍ പിക്കറ്റിക്ക് ആവുന്നില്ല. പക്ഷേ, ഇങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകാനും കഴിയില്ല. അതുകൊണ്ട് അദ്ദേഹം കണ്ടെത്തിയിരിക്കുന്ന പരിഹാരം ഇതാണ്പണക്കാരുടെ വരുമാനത്തിനും സ്വത്തിനുംമേല്‍ ഉയര്ന്ന നികുതി ഏര്‌പ്പെടുത്തുക. ഇത് ഉപയോഗപ്പെടുത്തി എല്ലാവരുടെയും വൈദഗ്ധ്യവും വിജ്ഞാനവും ഉയര്ത്തുക. ഇത് അജന്‍ഡയായുള്ള പുതിയ ക്ഷേമരാഷ്ട്രം സൃഷ്ടിക്കുക. തന്റെ നിര്‌ദേശം വെറും ഉട്ടോപ്യനാണെന്ന് പിക്കറ്റിതന്നെ സമ്മതിക്കുന്നുണ്ട്.

എങ്കില്പ്പിന്നെ എന്താണ് ഈ ഗ്രന്ഥത്തിന്റെ ചരിത്ര പ്രസക്തി? ഇന്ന് ഫാഷനായിരിക്കുന്ന നിയോ ലിബറല്‍ ചിന്താപദ്ധതിക്കെതിരെയുള്ള കടുത്ത വിമര്ശനമാണ് പിക്കറ്റിയുടെ ഗ്രന്ഥം. വാള്‌സ്ട്രീറ്റ് സമരത്തിലെ 99 ശതമാനത്തിന്റെ മുദ്രാവാക്യമാണ് അദ്ദേഹം ഉയര്ത്തുന്നത് (മുദ്രാവാക്യങ്ങളോട് പ്രൊഫ. ഗുലാത്തിയെപ്പോലെ ഒട്ടും പ്രതിപത്തി അദ്ദേഹത്തിനും ഇല്ലെങ്കിലും).

ഇന്ത്യയിലും ആഗോളീകരണ കാലഘട്ടത്തില്‍ അസമത്വം ഭീതിജനകമായി ഉയര്ന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങള്തമ്മിലും വികസന മേഖലകള്തമ്മിലും നഗരഗ്രാമങ്ങള്തമ്മിലും കുടുംബങ്ങള്തമ്മിലും പ്രതിശീര്ഷ വരുമാനത്തിലുള്ള അന്തരം 1990കള്‍ മുതല്‍ ഗണ്യമായി ഉയര്ന്നിട്ടുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം നൂറ് കഴിഞ്ഞു. കള്ളപ്പണവുംകൂടി എടുത്താല്‍ ഇവരുടെ എണ്ണം ഇതിന് ഇരട്ടിവരുമെന്ന് പറയുന്നവരുണ്ട്.

സാമ്പത്തികവളര്ച്ചയെ ഉത്തേജിപ്പിക്കണമെങ്കില്‍ ഇവരുടെ മേലുള്ള നികുതി കുറയ്ക്കണം, പൊതു സ്വത്തുക്കള്‍ ഇവര്ക്ക് കൈമാറണം, തൊഴിലാളികളുടെ വിലപേശല്‍കഴിവ് തകര്ക്കണം എന്നൊക്കെയാണ് നമ്മുടെ നാട്ടിലെ ഭരണക്കാര്‍ ചിന്തിക്കുന്നത്. എന്തായാലും വളര്ച്ചയെ തടസ്സപ്പെടുത്തുന്ന 'നികുതി ഭീകരത'യെക്കുറിച്ച് വേവലാതിപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കൊല്ലത്തെ വായനവാരത്തില് നിശ്ചയമായും തോമാ പിക്കറ്റിയുടെ '21ാം നൂറ്റാണ്ടിലെ മൂലധനം' എന്ന ഗ്രന്ഥം വായിക്കണം.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...