Tuesday, September 10, 2013

അട്ടപ്പാടിയിലെ വംശഹത്യ

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ വെളിപ്പെടുത്തിയ കണക്കാണിത്; അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് ഏതാണ്ട് ആയിരം ആദിവാസികള്‍, ജനിച്ചത് അറുനൂറു കുഞ്ഞുങ്ങളും. ജനനനിരക്കിനെക്കാള്‍ ഉയര്‍ന്ന മരണനിരക്ക് വംശഹത്യയിലേയ്ക്കുളള പാതയാണ്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നിയതു കൊണ്ട് കൂടുതല്‍ കൃത്യമായ കണക്കു ശേഖരിക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കേരളത്തിലെ പൊതു നിരക്കിന്റെ അഞ്ചു മടങ്ങു വരും എന്നു കണക്കാക്കപ്പെടുന്നു.

അവിതര്‍ക്കിതമായ ഒരു കാര്യമുണ്ട്. ഏറ്റവും പരിതാപകരമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ നില. ഇരകള്‍ തന്നെയാണ് അവരുടെ അവസ്ഥയ്ക്കുത്തരവാദി എന്ന മട്ടിലുളള മന്ത്രിമുഖ്യന്മാരുടെ ആക്ഷേപങ്ങള്‍ കൂടിയായപ്പോള്‍ പതനം പൂര്‍ണമായി. സുഭിക്ഷമായ റേഷന്‍ നല്‍കിയാലും വാങ്ങിക്കഴിക്കില്ല എന്നു മുഖ്യമന്ത്രി; ഗര്‍ഭിണികള്‍ മദ്യപിക്കുന്നതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നത് എന്നു മറ്റൊരു മന്ത്രി.

എന്തുകൊണ്ട് ആദിവാസികള്‍ റേഷനരി വാങ്ങുന്നില്ല? ഒന്നുകില്‍ വാങ്ങാന്‍ പണമില്ല. അതല്ലെങ്കില്‍ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത അരി. അതുമല്ലെങ്കില്‍ ആദിവാസികള്‍ക്കു അരിയെക്കാള്‍ പ്രിയം റാഗി പോലുളള ധാന്യങ്ങളാണ്; അതു കിട്ടുന്നില്ല. കേരളത്തില്‍ അരിയ്ക്കു പകരം ഗോതമ്പു റേഷന്‍ ചെയ്തു നോക്കൂ. എന്താവും പ്രതികരണം? അംഗനവാടികള്‍ വഴി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്തതിന് കരാറുകാരനെയും ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്. സംഭവിച്ചത് എന്തെന്ന് ഇനി പറയണോ?

നിന്ദ്യമാണ് കെ സി ജോസഫിന്റെ ആരോപണം. ഗര്‍ഭിണികളുടെ മദ്യപാനം മൂലമാണു പോലും ശിശുമരണം. മരിച്ചുപോയ കുട്ടികളുടെ അമ്മമാരൊന്നും മദ്യപാനികളല്ല എന്ന് കീര്‍ത്താഡ്‌സിന്റെ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചാപിളളകള്‍ക്ക് ജന്മം കൊടുത്തവരും മദ്യപാനികളല്ല. പിന്നെ എന്തു വസ്തുതയുടെ ബലത്തിലാണ്, ആദിവാസി സ്ത്രീകളെയാകെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവന മന്ത്രി നടത്തിയത്? ആദിവാസികളെക്കുറിച്ചാണെങ്കില്‍ വായില്‍ത്തോന്നിയതു പറയാമെന്നാണോ?

ആദിവാസികള്‍ക്കിടയില്‍ മദ്യപാനശീലം വളരെ ഉയര്‍ന്ന തോതിലുണ്ട്. ശരി തന്നെ. പക്ഷേ, ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയത് അട്ടപ്പാടിയിലെ സ്ത്രീകളാണ്. അഹാഡ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പരിപാടിയുടെ ഭാഗമായി രൂപം കൊണ്ട സാമൂഹ്യസംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തായ്കുലസംഘങ്ങള്‍. ഗോത്ര ഊരുകള്‍ കേന്ദ്രീകരിച്ചു മദ്യം മയക്കുമരുന്ന്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ എന്നീ സാമൂഹ്യതിന്മകള്‍ക്കെതിരെയാണ് തായ്കുലസംഘത്തിന്റെ പ്രവര്‍ത്തനം. അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് 2010 ഒക്‌ടോബറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡു നടത്തിയ അവലോകനത്തില്‍ ഈ സംഘങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണം ഇതായിരുന്നു;

'കരാര്‍ സമ്പ്രദായത്തിനു പകരം യഥാര്‍ത്ഥ ഗുണഭോക്താക്കളുടെ കമ്മിറ്റികള്‍ തന്നെ പ്രവര്‍ത്തികളേറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കൂലിതന്നെ ലഭിച്ചു തുടങ്ങി. നിലവിലുണ്ടായിരുന്ന കൂലി നിരക്കിനെക്കാള്‍ ഗണ്യമായി ഉയര്‍ന്ന കൂലി ലഭിച്ചു. ഇതിന്റെ ഫലമായി അവരുടെ കൈയില്‍ ചെലവഴിക്കാനുളള പണം വര്‍ദ്ധിച്ചു. ഇത് മുതലെടുക്കാന്‍ കോണ്‍ട്രാക്ടര്‍ ലോബിയും മദ്യമാഫിയയും സംഘടിതമായി വ്യാജവാറ്റ് നടത്തുകയും രഹസ്യമായി ഊരുകളില്‍ വിതരണം ചെയ്യുന്നത് ശക്തിപ്പെടുത്തി. പലപ്രദേശത്തും സ്ത്രീകള്‍ തായ്കുല സംഘങ്ങളുടെ കീഴില്‍ തങ്ങളുടെ പ്രദേശത്തെ വ്യാജവാറ്റുകള്‍ നടത്തുന്നതിനെ ഒരുമിച്ചു നിന്നെതിര്‍ത്തു. അങ്ങനെ ഈ ആദിവാസി സ്ത്രീ സംഘങ്ങള്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്'.

തായ്കുല സംഘങ്ങളെക്കുറിച്ചു നടത്തിയ സര്‍വെ പ്രകാരം 48 ശതമാനം പ്രവര്‍ത്തനങ്ങളും മദ്യനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. മറ്റൊരു പന്ത്രണ്ടു ശതമാനം പ്രവര്‍ത്തനം കഞ്ചാവ് അടക്കമുളള മയക്കുമരുന്നുകള്‍ക്കെതിരെ ആയിരുന്നു. തായ്കുല സംഘങ്ങള്‍ നേരിടുന്ന പ്രതിബന്ധങ്ങളില്‍ അമ്പതു ശതമാനം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പിന്തുണ, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു. എട്ടു ശതമാനം മദ്യമാഫിയയുടെ ഭീഷണിയും മറ്റൊരെട്ടു ശതമാനം മദ്യമാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളും സംബന്ധിച്ചുളളവയായിരുന്നു. 34 ശതമാനം പ്രതിബന്ധങ്ങള്‍ ഊരില്‍നിന്നു, പ്രത്യേകിച്ച് പുരുഷന്മാരുടെ പിന്തുണ ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ്. സര്‍വെയില്‍ പങ്കെടുത്ത 39 ശതമാനം പേരും മുന്നോട്ടു വെച്ച നിര്‍ദ്ദേശം പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തണം എന്നാണ്.

അട്ടപ്പാടിയിലെ കഞ്ചാവു കൃഷിയുടെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് സുഗതകുമാരി ടീച്ചറെപ്പോലുളളവര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വിശദമായി എഴുതിയിട്ടുണ്ട്. കളളവാറ്റു തടയാനും കഞ്ചാവു കൃഷി നശിപ്പിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍ എക്‌സൈസ് വകുപ്പിനില്ല. വനം, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിതമല്ല. പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കൂലിവേലക്കാരായ ആദിവാസികള്‍. മാഫിയ സ്വച്ഛന്ദം തഴച്ചുവളരുന്നു. ഈ സ്ഥിതിവിശേഷം തന്നെയാണ് ഇപ്പോഴും. സമീപകാലത്ത് അത് കൂടുതല്‍ രൂക്ഷമായി.

വന-പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്ന 360 വാച്ചര്‍മാരില്‍ 280 പേരും ആദിവാസികളായിരുന്നു. വനനശീകരണം തടയുന്നതിനു പുറമെ വനമേഖലയിലെ കഞ്ചാവു കൃഷിയ്ക്കും മദ്യവാറ്റിനുമെതിരെ ഇവര്‍ ഇടപെട്ടിരുന്നു. എന്നാല്‍ അഹാഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ ഇവരെയും പിരിച്ചു വിട്ടത് മദ്യ കഞ്ചാവ് മാഫിയകള്‍ക്കു പ്രോത്സാഹനമായി. അട്ടപ്പാടിയിലെ അമിതമായ മദ്യപാനത്തിന്റെയും മയക്കുമരുന്ന് സേവയുടെയും കാരണക്കാര്‍ ആദിവാസികള്‍ അല്ല, മറ്റുളളവരാണ്. നിസഹായതയുടെയും സമ്പൂര്‍ണ തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ മദ്യവും മയക്കുമരുന്നും സുലഭമായതോടെയാണ് താല്‍ക്കാലികശാന്തിയ്ക്കായി ആദിവാസികള്‍ അവയെ ആശ്രയിച്ചത്. മദ്യനിരോധനനിയമം നടപ്പാക്കുന്നതില്‍ ഭരണസംവിധാനത്തിന്റെ പരാജയത്തിന് ആദിവാസികളെ പഴിച്ചിട്ടു കാര്യമില്ല.

അട്ടപ്പാടിയിലെ ആരോഗ്യപരിപാലന, സാമൂഹ്യക്ഷേമ, ഭരണസംവിധാനങ്ങള്‍ അടിമുടി തകര്‍ന്നുവെന്നതില്‍ ആര്‍ക്കുമില്ല സംശയം. ആശുപത്രിയില്‍ സ്റ്റാഫില്ല, മരുന്നില്ല. അയണ്‍ ഫോളിക് ആസിഡ് രണ്ടുവര്‍ഷമായി വിതരണമില്ല. അംഗനവാടികളുടെ നിയന്ത്രണത്തില്‍ ഗൗരവതരമായ വീഴ്ചകള്‍. ഭരണഅരാജകത്വത്തെക്കുറിച്ച് കൂടുതല്‍ വിശദമാക്കേണ്ടതില്ല.

അട്ടപ്പാടിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമോ? പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ടു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കപ്പെടുന്നുണ്ട്. വകുപ്പുകള്‍ വഴി ചെലവഴിക്കുന്നതിനെക്കാള്‍ ഫലപ്രദമാണ് വികേന്ദ്രീകൃത ആസൂത്രണം എന്നു തിരിച്ചറിഞ്ഞാണ് ജനകീയാസൂത്രണത്തിന് രൂപം നല്‍കിയത്. താഴെ തട്ടിലെ ആവശ്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കാനും ഗുണഭോക്താക്കളുടെ മുന്‍കൈയില്‍ അവ നടപ്പാക്കാനും കഴിയും. എന്നാല്‍ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നടന്നു വന്നിരുന്നതിനെക്കാള്‍ ഗുണപരമായ വ്യത്യാസമുണ്ടായില്ല എന്ന ആക്ഷേപം അന്നുതന്നെയുണ്ടായിരുന്നു. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും ഗുണഭോക്താക്കള്‍ പങ്കാളികളായാലേ ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ യുക്തി ഫലപ്രദമാകൂ. ആദിവാസികളുടെ കാര്യത്തില്‍ ഈ പങ്കാളിത്തം വേണ്ടത്ര ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഊരുകളിലും നിന്ന് അഭ്യസ്തവിദ്യരായ യുവാക്കളെ സോഷ്യല്‍ ആനിമേറ്റേഴ്‌സ് ആയി നിശ്ചയിച്ചത്.

പട്ടികവര്‍ഗ ഉപപദ്ധതി പ്രത്യേക ഊരു കൂട്ടങ്ങളില്‍ വെച്ചു തീരുമാനിക്കണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഊരുകൂട്ടങ്ങളായിരുന്നു ഇക്കാര്യത്തില്‍ അന്തിമവാക്ക്. ഈ പരിഷ്‌കാരവും ദുര്‍ബലപ്പെട്ടു. ഇത് ശക്തമായി നടപ്പാക്കുന്നതിനുളള സാമൂഹ്യരാഷ്ട്രീയ ഇടപെടല്‍ കരുത്താര്‍ജിക്കണം. ജനകീയമായ ഇത്തരമൊരു പ്രവര്‍ത്തനശൈലി ആവിഷ്‌കരിച്ചതുകൊണ്ടാണ് അട്ടപ്പാടിയില്‍ നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പദ്ധതി വിജയമായത്. എന്നാല്‍ അന്നുണ്ടാക്കിയ ഊരു വികസന സമിതികള്‍ ഇന്ന് മൃതപ്രായമാണ്. ലക്ഷക്കണക്കിന് രൂപ അക്കൗണ്ടുകളിലുണ്ടെങ്കിലും ഉപയോഗിക്കാന്‍ അവകാശമില്ല. യഥാര്‍ത്ഥത്തില്‍ ഈ ജനകീയ സംവിധാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കോര്‍ത്തിണക്കി സ്ഥായിയായിക്കുകയാണ് വേണ്ടത്.

1951ല്‍ അട്ടപ്പാടിയിലെ ജനസംഖ്യ 11300 ആയിരുന്നു. ഇതിന്റെ 90.92 ശതമാനം ആദിവാസികളായിരുന്നു. വികസന പദ്ധതികളുടെ ഭാഗമായി ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെട്ടതോടെ കുടിയേറ്റക്കാര്‍ പ്രവാഹിച്ചു. 2001 ആയപ്പോഴേയ്ക്കും ജനസംഖ്യ 66171 ആയി. പക്ഷേ, കുടിയേറ്റക്കാരായി ഭൂരിപക്ഷം. ആദിവാസികള്‍ 41 ശതമാനത്തിലൊതുങ്ങി. 1950കളില്‍ അട്ടപ്പാടിയുടെ 82 ശതമാനം വനങ്ങളായിരുന്നു. എഴുപതുകളില്‍ 74 ശതമാനമായി. 80കളില്‍ ഇത് 20 ശതമാനമായി കുറഞ്ഞു. ആദിവാസികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടു. മാത്രമല്ല, അട്ടപ്പാടിയിലെ മൂന്നിലൊന്നു ഭൂമി പോലും ആദിവാസികളുടെ കൈവശത്തിലല്ല. നിസാരവിലയ്ക്ക് ആദിവാസികളെ കബളിപ്പിച്ച് പലരും ഭൂമി കൈവശപ്പെടുത്തി. കൈയേറ്റക്കാരും കുറവായിരുന്നില്ല. ഭൂപരിഷ്‌കരണം മൂലം ആദിവാസികള്‍ക്കു ഭൂമി നഷ്ടപ്പെടുകയായിരുന്നു. ഭൂമി ആദിവാസിക്കു തിരിച്ചുനല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചിട്ടും നടപ്പായില്ല. ചെറുകിട കൃഷിക്കാരുടെ ഭൂമിയ്ക്ക് സംരക്ഷണം നല്‍കി വന്‍കിടക്കാരുടെ മിച്ചഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുളള നിയമം പാസായെങ്കിലും അതും നടപ്പായില്ല. അട്ടപ്പാടിയിലെ ഏറ്റവും മോശം ഭൂമിയാണ് ഇന്ന് ആദിവാസികളുടെ കൈവശമുളളത്.

ഇതിന്റെ ഫലമായി ആദിവാസികളില്‍ 81 ശതമാനം പേരും കൂലിവേലക്കാരായി.. പത്തു ശതമാനത്തില്‍ താഴെ മാത്രമേ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യമേഖലയിലെ സ്ഥിരം ശമ്പളം/കൂലിവേല പണിക്കാരായുളളൂ. കൂലിവേലയാണ് ആദിവാസികളുടെ ഉപജീവനാശ്രയം. മറ്റു സ്രോതസുകളില്‍ നിന്നുളള വരുമാനം തുച്ഛമാണ്. തൊഴിലവസരങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമുണ്ടായ ഭീകരമായ ഇടിവ് ഉപജീവന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ പരിണിതഫലവും കൂടിയാണ് കേരളത്തിന് അപമാനമായിത്തീര്‍ന്നിരിക്കുന്ന ശിശുക്കളുടെ കൂട്ടമരണം.

പരിസ്ഥിതി പുനസ്ഥാപന പ്രോജക്ടിന്റെ ഭാഗമായി 2009ല്‍ ആദിവാസി പുരുഷന് ആഴ്ചയില്‍ 5.2 ദിവസവും സ്ത്രീകള്‍ക്ക് 4.7 ദിവസവും പണി ലഭിച്ചിരുന്നു. 2010ല്‍ ഈ പദ്ധതിയുടെ ഭാഗമായി 35 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പുരുഷന് ശരാശരി 158 രൂപയും സ്ത്രീയ്ക്ക് 118 രൂപയും കൂലി ലഭിച്ചു. ഇതിനു മുമ്പ് അട്ടപ്പാടിയിലെ പ്രത്യേകിച്ച് കിഴക്കന്‍ അട്ടപ്പാടിയിലെ കൂലി നിരക്ക് 30-50 രൂപയായിരുന്നു. 2006-07 മുതല്‍ 2010-11വരെ 137 കോടി രൂപ, അതായത് പ്രതിവര്‍ഷം 27 കോടി രൂപ ചെലവാക്കപ്പെട്ടു. ഇതിന്റെ പകുതിയിലേറെ കൂലിച്ചെലവാണ്. ഈ വരുമാനമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിലച്ചത്. ജപ്പാന്‍ ധനസഹായം അവസാനിച്ചെങ്കിലും പകരമൊരു സംവിധാനമുണ്ടാക്കിയില്ലെങ്കില്‍ അനിവാര്യമായി സംഭവിക്കുന്ന ഭീതിജനകമായ ഉപജീവനത്തകര്‍ച്ചയെക്കുറിച്ച് ആരും ചിന്തിച്ചില്ല.

വന പുനരുജ്ജീവനം സ്ഥായിയാകണമെങ്കില്‍ ഇനിയുമെത്രയോ വര്‍ഷം വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തേണ്ടതുണ്ട്. പക്ഷേ, ആദിവാസി വാച്ചര്‍മാരെപ്പോലും പിരിച്ചുവിടുകയാണ് ചെയ്തത്. നീര്‍ത്തടവികസന പദ്ധതിയുടെ തുടര്‍ച്ചയായി സമഗ്രമായ കാര്‍ഷികപ്പാക്കേജ് നടപ്പാക്കേണ്ടതായിരുന്നു. ഇതൊന്നും ഉണ്ടായില്ല. തൊഴിലുറപ്പു പദ്ധതിപോലും അട്ടപ്പാടിയിലെ തൊഴില്‍ദിനങ്ങളിലുണ്ടായ വമ്പിച്ച തകര്‍ച്ചയ്ക്കു പകരമായില്ല. 2010-11നു ശേഷം തൊഴിലുറപ്പു പദ്ധതി മൂലം സൃഷ്ടിക്കപ്പെട്ട തൊഴില്‍ദനങ്ങള്‍ 3.76 ലക്ഷത്തിനും 5.7 ലക്ഷത്തിനും ഇടയ്ക്കായിരുന്നു. അതേസമയം 2010ല്‍ പരിസ്ഥിതി പുനസ്ഥാപന പ്രൊജക്ടിലൂടെ സൃഷ്ടിക്കപ്പെട്ട 35 ലക്ഷം തൊഴില്‍ദിനങ്ങളെക്കാള്‍ എത്രയോ കുറവാണിത്. ഈ ഉപജീവന പ്രതിസന്ധിയാണ് ഭക്ഷ്യസുരക്ഷയെ തകര്‍ക്കുന്നതിലേയ്ക്കും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലേയ്ക്കും എത്തിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാവങ്ങള്‍ക്കു താങ്ങാകേണ്ടുന്ന അംഗനവാടികളും ആശുപത്രികളും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.  

കേരളം വീണ്ടും ട്രഷറി സ്തംഭനത്തിലേയ്ക്ക്


സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുവാദം വേണം. 2013-14 ധനകാര്യ വര്‍ഷത്തില്‍ കടപ്പത്രമിറക്കി 10500 കോടി രൂപ കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. മറ്റൊരു 2000 കോടി രൂപ, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം, ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍, പബ്ലിക് അക്കൗണ്ടിലെ മറ്റു മിച്ചം തുടങ്ങിയവ വഴിയെല്ലാം സമാഹരിക്കാനും അനുവദിച്ചിട്ടുണ്ട്.

സാധാരണഗതിയില്‍ സര്‍ക്കാര്‍ ചെലവിന്റെ 70 ശതമാനവും ധനകാര്യവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഉണ്ടാവുക. അതുകൊണ്ട് സംസ്ഥാനത്തിന് അനുവദിക്കുന്ന വായ്പയെടുക്കുക ധനകാര്യവര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവസാനത്തെ മൂന്നു വര്‍ഷവും ആദ്യഗഡു വായ്പയെടുത്തത് ഓണത്തിനാണ്. എന്നാല്‍ നടപ്പുവര്‍ഷം എല്ലാം തലകീഴായി മറിഞ്ഞു.

ഓണത്തിനു മുമ്പു തന്നെ 6500 കോടി രൂപ കടപ്പത്രമിറക്കി വായ്പയെടുത്തു കഴിഞ്ഞു. ബാക്കിയിനി ഈയിനത്തില്‍ 4000 കോടിയേ വായ്പയെടുക്കാനാവൂ. അതില്‍ 1100 കോടി രൂപ ഓണത്തിന് വായ്പയെടുക്കുകയാണ്. ബാക്കി 2900 കോടി രൂപ കമ്പോള വായ്പയിനത്തിലുണ്ടാകും. ചെറുകിട സമ്പാദ്യം, പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ നിന്ന് എത്ര കോടി ഇതിനകം ചെലവാക്കി എന്നറിയില്ല. അവയൊന്നും ഇതുവരെ തൊട്ടിട്ടില്ല എന്ന് അനുമാനിച്ചാല്‍പോലും അടുത്ത 6 മാസത്തേയ്ക്ക് 4900 കോടി രൂപയാണുളളത്. എന്നുവെച്ചാല്‍ കേരളത്തിന് അനുവദിച്ച മൊത്തം വായ്പയുടെ ഏറിയാല്‍ 40 ശതമാനം വായ്പയാണ് ബാക്കിയുളളത്. ചെലവിന്റെ 70 ശതമാനം വരാനിരിക്കുന്നതേയുളളൂ. അതുകൊണ്ട് മാര്‍ച്ച് ആകുമ്പോഴേയ്ക്കും ഓവര്‍ഡ്രാഫ്റ്റും ട്രഷറി നിയന്ത്രണവുമെല്ലാം അനിവാര്യമായി മാറും.

മറ്റൊരു രീതിയിലും വരാന്‍പോകുന്ന പ്രതിസന്ധിയെ വ്യക്തമാക്കാം. സംസ്ഥാന പദ്ധതിയുടെ 10.79 ശതമാനം മാത്രമാണ് ജൂണ്‍ അവസാനം വരെ ചെലവഴിച്ചിട്ടുളളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടേത് 5.4 ശതമാനവും. പദ്ധതിയുടെ 90 ശതമാനവും ചെലവാക്കാനിരിക്കുന്നതേയുളളൂ. ഇതിനുളള പണം എവിടെ നിന്ന്? റവന്യൂ വരുമാനത്തില്‍ നിന്ന് റവന്യൂ ചെലവെല്ലാം കഴിച്ച് പദ്ധതിയ്ക്കു വേണ്ടി മിച്ചം വെയ്ക്കാന്‍ കേരളത്തിനൊന്നും ഉണ്ടാവാറില്ല. അതുകൊണ്ട് കേരളത്തിന്റെ പദ്ധതി പൂര്‍ണമായും വായ്പയെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. വായ്പയുടെ 70 ശതമാനവും ചെലവഴിച്ചു തീര്‍ത്തിട്ടുണ്ടെങ്കില്‍ പിന്നെ പദ്ധതിയ്‌ക്കെങ്ങനെയാണ് പണം കണ്ടെത്തുക? സംശയം വേണ്ട, കേരളം അതീവഗൗരവമായ ധനകാര്യ പ്രതിസന്ധിയിലേയ്ക്കു നീങ്ങുകയാണ്.

ഈ സാഹചര്യമാണ് ട്രഷറി നിയന്ത്രണം വീണ്ടും അനിവാര്യമാക്കുന്നത്. കര്‍ശനമായ ചെലവു നിയന്ത്രണ സര്‍ക്കുലര്‍ ധനകാര്യവകുപ്പ് ഇറക്കി കഴിഞ്ഞു. തീരുമാനിച്ച പോസ്റ്റുകള്‍ക്ക് അംഗീകാരം തല്‍ക്കാലമില്ല എന്ന നിലപാടാണ് ധനവകുപ്പിന്. പുതിയ നിയമനങ്ങളൊന്നും പാടില്ലത്രേ. ചെലവു നിയന്ത്രണത്തിന് പണ്ട് ഏര്‍പ്പെടുത്തിയിരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പുതിയ സര്‍ക്കുലറില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. തിരുവോണം 16-ാം തീയതി ആണെങ്കിലും സെപ്തംബറില്‍ രണ്ടു ശമ്പളം ഉണ്ടാവില്ലെന്നു വ്യക്തമായി. കരാറുകാര്‍ക്ക് 4-ാം മാസം മുതലുളള തുക കുടിശികയാണ്.

 ട്രഷറി ഇപ്പോള്‍ത്തന്നെ വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിലാണ്.
ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദി ആരെന്ന തര്‍ക്കത്തിലാണ് ധനമന്ത്രി കെ. എം. മാണിയും വൈദ്യുതി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദും. പ്രതിസന്ധിയുണ്ട് എന്ന് രണ്ടുപേരും സമ്മതിച്ചിട്ടുണ്ട്. ധനമന്ത്രിയെ മാത്രം കുറ്റം പറയില്ല. ബജറ്റില്‍ പറഞ്ഞത് അട്ടത്തു വെച്ചിട്ട് തോന്നിയതു പോലെ ചെലവു നടത്താന്‍ തീരുമാനിക്കുന്ന മുഖ്യമന്ത്രിയും കാബിനറ്റും ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളാണ്. പക്ഷേ, ധനമന്ത്രിയ്ക്കും ധനവകുപ്പിനുമുളള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല.
ഈ സ്ഥിതിവിശേഷത്തിനു മുഖ്യകാരണം റവന്യൂ വരുമാനത്തില്‍ ഉണ്ടായ കുത്തനെയുളള ഇടിവാണ്. ലോട്ടറി ഒഴികെ എല്ലാ ഇനങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞിരിക്കുകയാണ്. ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2012-13ലും 2013-14ലും ഉണ്ടായ നികുതിവരുമാനം താഴെ കൊടുക്കുന്നു.


ഇനം                      2012-13      2013-14       കോടി രൂപ
വാണിജ്യനികുതി       6100          5822            -4.6 %
എക്‌സൈസ്              548            495            -9.7 %
രജിസ്‌ട്രേഷന്‍            764            653           -14.5 %
വാഹന നികുതി          590            491           -16.8 %
ആകെ                      8002          7461             -6.8%

സംസ്ഥാന ബജറ്റില്‍ 15-17% നികുതി വര്‍ദ്ധന പ്രതീക്ഷിച്ച സ്ഥാനത്താണ് നികുതി വരുമാനം ഏതാണ്ട് 7% കുറഞ്ഞിരിക്കുന്നതാണ്. ഇതുതന്നെ വാറ്റ് നികുതി നിരക്ക് ഗണ്യമായി ഉയര്‍ത്തിയതിനു ശേഷമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന 4% നികുതി നിരക്ക് 5%മായും 12.5 ശതമാന നിരക്ക് 14.5 ശതമാനമായും ഉയര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ നിരക്കുവര്‍ദ്ധന കൂടി ഉണ്ടായിരുന്നില്ലെങ്കില്‍ വാറ്റ് നികുതി വരുമാനം മൂന്നിലൊന്നെങ്കിലും കുറഞ്ഞേനെ.

 രജിസ്‌ട്രേഷന്‍ വരുമാനം കുറയാന്‍ കാരണം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചതാണ്. നിയമസഭാ ബജറ്റ് ചര്‍ച്ചാവേളയില്‍ ഇതിന്റെ ഫലമായി നികുതിവരുമാനം കുത്തനെ ഇടിയും എന്നു ചൂണ്ടിക്കാണിച്ചതാണ്. പ്രതിപക്ഷം സാധാരണഗതിയില്‍ നികുതി നിരക്കു കൂടുതല്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.

വന്‍കിടക്കാരുടെ ഭാഗാധാരങ്ങള്‍ക്കുപോലും 1000 രൂപ പരമാവധി നല്‍കിയാല്‍ മതി എന്നത് വന്‍കിടക്കാരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷം കൃത്യമായി ചൂണ്ടിക്കാണിച്ചു. പത്തുസെന്റുകാരുടെ പേരു പറഞ്ഞായിരുന്നു ഈ ഭേദഗതി. ഇരുപതും അമ്പതും സെന്റുകാരെ ചൂണ്ടിക്കാണിച്ചായിരുന്നു ഈ ഭേദഗതി. എങ്കില്‍ ഈ നാമമത്രായ ഫീസു ഈടാന്ന സമ്പ്രദായം ഈ പാവപ്പെട്ടവരിലേയ്ക്കു മാത്രമായി ചുരുക്കുന്നതല്ലേ ശരി എന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല.

എക്‌സൈസ് നികുതി കുറഞ്ഞത് മദ്യഉപഭോഗം കുറഞ്ഞതുകൊണ്ടാണ് എന്നാണ് ഇപ്പോഴത്തെ വ്യാഖ്യാനം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതിന് ഒരു സൂചനയുമില്ല. ബാറുകളുടെ എണ്ണം കൂടുകയാണ്. സെക്കന്‍ഡ്‌സുകളും വ്യാജമദ്യവും വ്യാപിച്ചതാണ് എക്‌സൈസ് നികുതി കുറയാന്‍ കാരണം. മോട്ടോര്‍ വാഹനങ്ങള്‍ ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലാണ് കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിന്റെ വരുമാനം കുറഞ്ഞിട്ടുളളത്.

നികുതിപിരിവു സംവിധാനത്തിന്റെ തകര്‍ച്ചയുടെ സൂചനയാണ് വരുമാന ഇടിവ്. (ഒന്ന്), 2013 ആദ്യപാദത്തില്‍ 6640 കച്ചവടക്കാര്‍ നികുതി റിട്ടേണുകള്‍ നല്‍കിയില്ല. നല്‍കിയവരില്‍ 29584 പേരുടെ നികുതി റിട്ടേണുകളുടെ പരിശോധന ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. പരിശോധനയിലൂടെ അധികമായി നേടിയ നികുതി വരുമാനം 0.13 ശതമാനം മാത്രമാണ്.

(രണ്ട്), നികുതി റിട്ടേണുകളുടെ മേല്‍പ്പറഞ്ഞ സ്‌ക്രൂട്ടണി കഴിഞ്ഞാല്‍ നികുതിവെട്ടിപ്പു തടയാനുളള പ്രധാനമാര്‍ഗം ഓഡിറ്റു വിസിറ്റാണ്. പ്രഥമദൃഷ്ട്യാ സംശയമുളള കടക്കാരുടെ കടയില്‍ പോയി കണക്കുകള്‍ പരിശോധിക്കണം. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ 1356 കടക്കാരെ പരിശോധിക്കാനായിരുന്നു ടാര്‍ജെറ്റ്.

പരിശോധിച്ചതാകട്ടെ, 163 കേസു മാത്രമാണ്. ടാര്‍ജെറ്റിന്റെ 12 ശതമാനം മാത്രം. ഇതില്‍ അസെസ്‌മെന്റ് പൂര്‍ത്തിയാക്കിയത് 13 കേസുകളിലാണ്. അധികമായി കിട്ടിയ നികുതി 44.6 രൂപ എന്ന എമണ്ടന്‍ തുകയും.

(മൂന്ന്), അസെസ്‌മെന്റ് പ്രകാരം നികുതി അടയ്ക്കാത്തവരില്‍ നിന്ന് റവന്യൂ റിക്കവറി പ്രകാരം നടപടി സ്വീകരിച്ച് നികുതി വസൂലാക്കണം. റവന്യൂ റിക്കവറി നടത്തേണ്ടത് കളക്ടര്‍മാരാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സ്റ്റേയാണ് റവന്യൂ റിക്കവറിയ്ക്കുളള ഏറ്റവും വലിയ പ്രതിബന്ധം. കോടതി സ്റ്റേകള്‍ നീക്കുന്നതിന് ഇപ്പോള്‍ ശുഷ്‌കാന്തിയില്ല. കളക്ടര്‍മാര്‍ക്കു പുറമെ നികുതി വകുപ്പിനു തന്നെ നേരിട്ട് കുടിശിക പിരിക്കാം. 31-05-2013ല്‍ ഇത്തരം പിരിക്കാവുന്ന കുടിശിക 214 കോടി 70 ലക്ഷം രൂപയാണ്. പിരിച്ചതാകട്ടെ 1087 രൂപ 28 പൈസയാണ്.

(നാല്) കഴിഞ്ഞ വര്‍ഷം ആദ്യത്തെ രണ്ടു മാസം 716134 വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ചു. ഈ വര്‍ഷമാകട്ടെ, 691980 വാഹനങ്ങളേ പരിശോധിച്ചിട്ടുളളൂ. 24154 എണ്ണത്തിന്റെ കുറവ്. ഈ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം 9667 കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ചു. ഈ വര്‍ഷം ഇത് 8413 ആണ്. 1254ന്റെ കുറവ്. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെക്ക്‌പോസ്റ്റില്‍ ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ 3.54 ലക്ഷം രൂപ കുറവുണ്ടായി.

ഇതിനെല്ലാം ഉപരി നികുതി വെട്ടിപ്പും അഴിമതിയും സാര്‍വത്രികമായിരിക്കുകയാണ്. പ്രധാനപ്പെട്ട എല്ലാ ഇനങ്ങളിലും നികുതി വരുമാനം ഇടിഞ്ഞിട്ടുണ്ട്. ഇതിനു കാരണം സാമ്പത്തിക മാന്ദ്യമാണ് എന്നാണ് വ്യാഖ്യാനം. എന്നാല്‍ കേരളത്തില്‍ രൂപയുടെ മൂല്യമിടിവിന്റെ ഭാഗമായ സാമ്പത്തികമാന്ദ്യം കേരളത്തില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. രൂപയുടെ വിലയിടിഞ്ഞതിന്റെ ഫലമായി വിദേശത്തു നിന്ന് നമ്മുടെ സംസ്ഥാനത്തേയ്ക്ക് വലിയ തോതില്‍ ഗള്‍ഫ് പണം ഒഴുകുകയാണ്.

അതിന്റെ ഫലമായി ബാങ്കിലെ ഡെപ്പോസിറ്റുകള്‍ മാത്രമല്ല, നാട്ടിലെ ഉപഭോക്തൃ ചെലവും ഉയര്‍ന്നിട്ടുണ്ട്. നികുതി കുറയേണ്ട യാതൊരു കാര്യവുമില്ല. നികുതി കുറയാനുളളതിന്റെ യഥാര്‍ത്ഥ കാരണം ഭരണമില്ലാത്തതാണ്. ഒരു മാസം ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി തര്‍ക്കത്തില്‍ പോയി. പിന്നെ രണ്ടുമാസം സോളാര്‍ കേസ്. എന്തു ഭരണമാണ് കഴിഞ്ഞ മൂന്നു മാസം കേരളത്തില്‍ നടന്നത്? ഒന്നു നടന്നു - അഴിമതി. പ്രാദേശിക നികുതി ഓഫീസുകളിലും ചെക്ക്‌പോസ്റ്റുകളിലും രാഷ്ട്രീയ േനതാക്കളുടെ ഇടപെടലുകള്‍ സര്‍വസാധാരണമാണ്. ഇവരുടെ ഇംഗിതത്തിനു നില്‍ക്കാത്ത ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും സ്ഥലം മാറ്റപ്പെടുന്നു. ഒരുദാഹരണം പറയാം.

എത്രയോ വര്‍ഷമായി കേരളത്തിലെ ഒരു പ്രധാന വരുമാനമാര്‍ഗമാണ് കോഴിയിറച്ചിയ്ക്കു മേലുളള നികുതി. വാറ്റു സമ്പ്രദായം വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ നികുതി നിര്‍ത്തലാക്കപ്പെട്ടു. പക്ഷേ, കേരളത്തില്‍ ഈ നികുതി നാട്ടുനടപ്പുപോലെ അംഗീകരിക്കപ്പെട്ടിട്ടുളളതിനാല്‍ തുടരുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്തതുകൊണ്ട് ഇവിടെ പാടില്ല എന്നു പറയുന്നതില്‍ യുക്തിയില്ല. മറ്റു സംസ്ഥാനങ്ങളില്ലാത്ത സ്‌ക്കൂളും ആശുപത്രിയുമൊക്കെ കേരളത്തിലുണ്ടല്ലോ. ഇതു കച്ചവടക്കാരെ പീഡിപ്പിക്കുന്നു എന്നു പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ഉപഭോക്താക്കളാണ് നികുതി നല്‍കുന്നത്. കേരളത്തിലാകട്ടെ എത്രയോ പതിറ്റാണ്ടായി ഈ നികുതി അംഗീകരിച്ചിട്ടുമുണ്ട്.

ഈ നികുതി ഈടാക്കുന്നതിന് സൗകര്യമുണ്ട്. കേരളത്തിലേയ്ക്കുളള ഇറച്ചിക്കോഴി മുഴുവന്‍ തമിഴ് നാട്ടില്‍ നിന്നാണ് വരുന്നത്. അതുകൊണ്ട് ചെക്ക്‌പോസ്റ്റുകളില്‍ വെച്ചുതന്നെ ഇവയെല്ലാം പിരിക്കാം. ഇതിനെ മറികടക്കാന്‍ ചില വന്‍കിട കമ്പനികള്‍ കേരളത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് സബ്‌കോണ്‍ട്രാക്ട് കൊടുക്കാന്‍ തുടങ്ങി. കോഴിയും തീറ്റയുമെല്ലാം അവര്‍ തന്നെ നല്‍കും. കോഴിയെ കൊണ്ടുപോവുകയും ചെയ്യും. വളര്‍ത്തിയതിന് ഒരു കമ്മിഷന്‍ കൃഷിക്കാര്‍ക്കു കൊടുക്കും. രണ്ടു രീതിയിലാണ് നികുതി വെട്ടിപ്പു നടത്തുക. ചെക്ക്‌പോസ്റ്റിലെ അഴിമതിപ്പഴുതിലൂടെ നികുതി കൊടുക്കാതെ കേരളത്തിലേയ്ക്കു കൊണ്ടുവരാം. കേരളത്തിലെ മേല്‍പ്പറഞ്ഞ ഫാമുകളില്‍ നിന്ന് നികുതി വെട്ടിച്ച് കോഴി വില്‍ക്കാം.

ഇത്തരത്തില്‍ വലിയതോതില്‍ നികുതി വെട്ടിപ്പു നടത്തിയ ഒരു കമ്പനിയെ കഴിഞ്ഞ വര്‍ഷം പിടിച്ചു. 40 രൂപ വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കുന്നു എന്നായിരുന്നു അവരുടെ കണക്ക്. കേന്ദ്ര ആദായനികുതി വകുപ്പും വാണിജ്യനികുതി വകുപ്പും സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. 32 കോടി രൂപ പിഴ വിധിച്ചു. പെനാല്‍ട്ടിയായി മറ്റൊരു 32 കോടിയും. അങ്ങനെ 64 കോടി രൂപ. 64 കോടിരൂപയുടെ നികുതിവെട്ടിപ്പു കണ്ടുപിടിച്ച ഉദ്യോഗസ്ഥനു പാരിതോഷികം ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്തത്. അതിനുപകരം അയാളെ ഓര്‍ഡര്‍ ഇറക്കിയ ദിവസം ആദ്യം പത്തനംതിട്ടയ്ക്കു തട്ടി. അവിടെനിന്ന് കാസര്‍കോട്. അവിടെ കോഴിക്കാരുടെ പരാതി വന്നപ്പോള്‍ ഇപ്പോള്‍ വയനാട്ടില്‍.

ഈ കേസിന് രസകരമായ ഒരനുബന്ധമുണ്ട്. കമ്പനി സ്റ്റേക്കായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാകട്ടെ, സ്റ്റേ കൊടുക്കാതെ ഏതാനും കോടി രൂപ മുന്‍കൂറായി കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹൈക്കോടതി അപ്പീല്‍പോയി. പക്ഷേ, അപ്പോഴേയ്ക്കും മുന്‍കൂറായി നല്‍കിയ ഡ്രാഫ്റ്റ് തിരികെ നല്‍കാന്‍ റവന്യൂ മന്ത്രിയുടെ വാക്കാല്‍ നിര്‍ദ്ദേശം തഹസീല്‍ദാര്‍ക്കു കിട്ടി. വാണിജ്യവകുപ്പുദ്യോഗസ്ഥര്‍ ഈ നീക്കത്തെ എതിര്‍ത്തു. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡ്രാഫ്റ്റ് തിരിച്ചു നല്‍കുന്നുവെന്ന് തഹസീല്‍ദാര്‍ രേഖാമൂലം നല്‍കി. ഈ കത്ത് ടെലിവിഷനില്‍ വന്നതോടെ ആകെ പുകിലായി. ഡിവിഷന്‍ ബെഞ്ച് കമ്പനിയുടെ അപ്പീല്‍ തളളി. ഇപ്പോള്‍ കേസ് സുപ്രിംകോടതിയിലാണ്.

കേസ് ഇങ്ങനെ നടക്കുമ്പോള്‍ കോഴിയുടെ മേലുളള നികുതിയേ ഇല്ലാതാക്കാനുളള പരിശ്രമമാണ് നടക്കുന്നത്. ഇതിനു വേണ്ടി വലിയ തോതിലുളള പിരിവു നടക്കുന്നുഎന്നത് അങ്ങാടിപ്പാട്ടാണ്. നികുതി നിരക്കു സംബന്ധിച്ച് തര്‍ക്കം നടക്കവെയാണ് നികുതിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കോഴിയിറച്ചിയുടെ തറവില പുതുക്കി നിശ്ചയിച്ചത്. 70 രൂപയില്‍ നിന്ന് 95 രൂപയായി തറവല ഉയര്‍ത്തി. സ്വാഭാവികമായി ഇതിനെതിരെ ശക്തമായ പ്രതികരണമുണ്ടായി. കോഴിക്കച്ചവടക്കാര്‍ സമരത്തിന് നോട്ടീസ് നല്‍കാന്‍ പോകുന്നു എന്നാണു കേള്‍ക്കുന്നത്. ഓണക്കാലത്ത് കേരളത്തിലേയ്ക്കുളള കോഴിയിറച്ചിയുടെ വരവു നില്‍ക്കും. സമരം തീര്‍ക്കാനുളള ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇന്നുളള 14.5 ശതമാനം നികുതി നിരക്ക് അഞ്ചായി കുറയ്ക്കാനാണ് നീക്കം. എങ്ങനെയിരിക്കുന്നു കഥ?

നികുതിയിളവു നല്‍കണമെങ്കില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നിയമസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. അതല്ലാതെ ബജറ്റിനു പുറത്ത് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നികുതിയിളവുകള്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ല. ഒരു കേസ് മാത്രമാണ് ഞാനിവിടെ വിശദീകരിച്ചത്. ഇതുപോലെ പലതുമുണ്ട്. അനധികൃതമായ സ്റ്റേകളും രാഷ്ട്രീയ ഇടപെടലുകളും നികുതി വരുമാനം കുറഞ്ഞതിലുളള സംഭാവന ഗൗരവമായി പരിശോധിക്കേണ്ടതാണ്.

റവന്യൂ ചെലവുകള്‍ കുത്തഴിഞ്ഞതും പ്രതിസന്ധിയ്ക്കു കാരണമാണ്. ഇതിനുത്തരവാദിത്തം ആര്യാടന്റെ വകുപ്പുകളായ ട്രാന്‍സ്‌പോര്‍ട്ടിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും മേല്‍ കെട്ടിവെയ്ക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കണമെന്ന കാര്യത്തില്‍ നിയമസഭയില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നു. എന്നിട്ടും ആവശ്യമായ പണം വകയിരുത്താന്‍ കഴിയാതെ പോയത് യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ മുന്‍ഗണനകള്‍ മൂലമാണ്.

ധൂര്‍ത്തും വകതിരിവില്ലാത്ത അധികചെലവും കൂടി കേരളത്തില്‍ റവന്യൂ കമ്മി വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ധനകാര്യകമ്മിഷന്റെ തീര്‍പ്പുപ്രകാരം കേരളം അടുത്ത വര്‍ഷം റവന്യൂ കമ്മി ഇല്ലാതാക്കേണ്ടതാണ്. നടപ്പുവര്‍ഷത്തിലും റവന്യൂകമ്മിയ്ക്ക് ടാര്‍ജറ്റ് ഉണ്ട്. ഇതെല്ലാം തകിടം മറിയാന്‍ പോവുകയാണ്. ഇതിന്റെ ഫലമായി ധനകാര്യ കമ്മിഷന്റെ പ്രത്യേക ധനസഹായങ്ങളെല്ലാം കേരളത്തിന് നഷ്ടപ്പെടും.

 കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിന്റെ ധനസ്ഥിതി തകര്‍ത്തുവെന്ന ആരോപണവുമായി ഈ സര്‍ക്കാര്‍ അധികാരമേറ്റയുടനെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു. ഇത് ശരിയല്ല എന്ന് കാര്യവിവരമുളളവരെല്ലാം ചൂണ്ടിക്കാണിച്ചതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യരണ്ടു വര്‍ഷങ്ങളില്‍ ധനപ്രതിസന്ധിയില്ല എന്ന നിലപാടാണ് ഞാനെടുത്തുവന്നത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികളാകെ തകിടം മറിഞ്ഞിരിക്കുന്നു. വരുമാനമിടിവും ചെലവേറിയതും കേരളത്തെ അതിവേഗത്തില്‍ അഭിശപ്തമായ പഴയ ധനകാര്യസ്ഥിതിയിലേയ്ക്കു തളളിവിടുകയാണ്.  

രൂപ താഴേയ്ക്ക്... എത്ര വരെ?

Mathrubhumi Article dated 2013 Sept 4

രൂപയുടെ മൂല്യം എത്ര വരെ താഴും? 75വരെ എന്നാണ പല പ്രമുഖ ധനകാര്യ ഏജന്‍സികളുടെയും പ്രവചനം. പക്ഷേ, അവിടെയും നില്‍ക്കണമെന്നില്ല. അത് നൂറിലേയ്ക്ക് എത്തുമോ? പ്രവചിക്കാനാവില്ല. എത്തിയാല്‍ അത്ഭുതപ്പെടാനുമില്ല.

തങ്ങളുടെ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡോളര്‍ ഉദാരമായി അച്ചടിച്ചിറക്കിക്കൊണ്ടിരുന്ന നയം ഈ വര്‍ഷം അവസാനത്തോടെ തിരുത്തുമെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമാണല്ലോ രൂപയുടെ മൂല്യമിടിയാനുളള പ്രത്യക്ഷ കാരണം. ഡോളറിന്റെ ലഭ്യത കുറയുമ്പോള്‍ അമേരിക്കയില്‍ പലിശനിരക്ക് ഉയരും. നിക്ഷേപകര്‍ ഡോളര്‍ അമേരിക്കയിലേയ്ക്കു പിന്‍വലിക്കും. ഇന്ത്യയിലും മറ്റും ഡോളറിനു പ്രിയം കൂടും. ഡോളറിന്റെ മൂല്യം ഉയരുമ്പോള്‍ രൂപയുടെ മൂല്യം ഇടിയും. ഈ പ്രവണത പ്രത്യക്ഷ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ, പുതിയ സാമ്പത്തിക സാമ്പത്തികനയം അമേരിക്കയില്‍ നടപ്പില്‍വരാന്‍ ഇനിയും മാസങ്ങളുണ്ട്. ഇപ്പോഴേ രൂപയുടെ മൂല്യം 50ല്‍ നിന്ന് 68 ആയി താഴ്ന്നാല്‍, പുതിയ നയം നടപ്പാക്കിക്കഴിയുമ്പോഴത്തെ സ്ഥിതി എന്തായിരിക്കും? പുതിയ നയം പൂര്‍ണമായി പ്രാവര്‍ത്തികമാകാന്‍ ഒരുവര്‍ഷമെങ്കിലുമെടുക്കും. അക്കാലമത്രയും രൂപയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദമായിരിക്കും; മൂല്യം ഇടിഞ്ഞുകൊണ്ടുമിരിക്കും.

മേല്‍പ്പറഞ്ഞ സാധ്യത അറിയാവുന്നതുകൊണ്ടാണ് രൂപയുടെ മൂല്യത്തെ പിടിച്ചുകെട്ടാനൊന്നും റിസര്‍വ് ബാങ്ക് ഇറങ്ങിത്തിരിക്കാത്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ പ്രസ്താവന കേള്‍ക്കുക: ''രൂപയെ ഏതെങ്കിലും തരത്തില്‍ സ്ഥിരമായി നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. രൂപ അതിന്റെ നിലവാരം കണ്ടുപിടിച്ചുകൊളളും''. അതുകൊണ്ട് രൂപയുടെ മൂല്യം ഇടിവ് തടയാനല്ല, മറിച്ച് താഴേയ്ക്കുളള പോക്ക് സാവധാനത്തിലാക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഏതെങ്കിലും നിശ്ചിത നിരക്കില്‍ രൂപയുടെ മൂല്യം കുരുക്കിയിടാന്‍ ഇന്നുളള കരുതല്‍ശേഖരം കൊണ്ടൊന്നും കഴിയില്ല. അതുകൊണ്ടാണ് ആ സാഹസത്തിന് റിസര്‍വ് ബാങ്ക് തുനിയാത്തത്.
നാണയത്തിന്റെ മൂല്യമിടിയുന്നത്, അന്തര്‍ദ്ദേശീയ പ്രതിഭാസമാണെന്നും നമ്മുടെ ഏതെങ്കിലും നയവൈകല്യത്തിന്റെ ഫലമല്ലെന്നും വാദിക്കുന്നവരുണ്ട്. ഇവരോട് യോജിക്കാനാവില്ല.

അമേരിക്കയിലെ താഴ്ന്ന പലിശനിരക്കും ഉദാരമായ ഡോളര്‍ നയവും മൂലമാണ് ഇന്ത്യയിലേയ്ക്കു ഡോളര്‍ നിക്ഷേപങ്ങള്‍ നിര്‍ലോഭം ഒഴുകിയത്. ഈ നയം തിരുത്തപ്പെട്ടാല്‍ ഡോളര്‍ നിക്ഷേപത്തില്‍ നല്ലൊരു പങ്കും തിരിച്ചുപോകുമെന്നും രൂപ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും സാമാന്യവിവരമുളളര്‍ക്ക് ഊഹിക്കാവുന്നതേയുളളൂ. എന്നാലെന്തേ, അനിവാര്യമായ ഈ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ഒരു നടപടിയും നേരത്തെ സ്വീകരിച്ചില്ല? മറിച്ച് ഡോളറിന്റെ സുലഭമായ വരവില്‍ മതിമറന്ന് ഉദാരവത്കരണ നയങ്ങള്‍ പൂര്‍വാധികം ശക്തമായി കൊണ്ടുപോവുകയല്ലേ ചെയ്തത്? ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം മറുപടി പറയേണ്ടത്.

ഈ തെറ്റായ നയമാണ് നമ്മുടെ വിദേശവ്യാപാരക്കമ്മിയുടെ ഭീകരമായ വര്‍ദ്ധനയ്ക്കു കാരണം. വേഗത്തില്‍ വളരുന്ന മൂന്നാംലോക രാജ്യങ്ങളില്‍ ഏറ്റവും വലിയ വ്യാപാരക്കമ്മി ഇന്ത്യയുടേതാണ്. സ്വര്‍ണവും ആഡംബര ഉല്‍പന്നങ്ങളും മാത്രമല്ല, കളിപ്പാട്ടങ്ങള്‍ പോലും യഥേഷ്ടം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാം. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ മാന്ദ്യം മൂലം നമ്മുടെ കയറ്റുമതി കൂടുന്നുമില്ല. തന്മൂലം വ്യാപാരക്കമ്മി കുത്തനെ കൂടുകയാണ്. വ്യാപാരക്കമ്മി (സേവന വ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ രണ്ടര മടങ്ങില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.

എന്നാല്‍ ഇന്നത് അഞ്ചു ശതമാനത്തിനടുത്താണ്. ഈ അപകടകരമായ നില 2012 വരെ സര്‍ക്കാര്‍ മറച്ചുവെച്ചു. ഇന്ത്യയിലേയ്ക്ക് ഒഴുകിയെത്തിയ ഡോളര്‍ ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി. എന്നിട്ടും മിച്ചം വന്ന വിദേശനാണയം ഉപയോഗിച്ച് വിദേശനാണയ കരുതല്‍ ശേഖരം പെരുപ്പിച്ചു. മുപ്പതിനായിരം കോടി ഡോളറിന്റെ വിദേശനാണയശേഖരം പുതിയ നയങ്ങളുടെ നേട്ടമെന്ന് പെരുമ്പറ മുഴക്കി. പക്ഷേ, ഈ നാണയശേഖരത്തിന്റെ ഗണ്യമായൊരു ഭാഗം എപ്പോള്‍ വേണമെങ്കിലും തിരിച്ചൊഴുകാവുന്ന ഹ്രസ്വകാല നിക്ഷേപങ്ങളാണ് എന്ന വസ്തുത തമസ്‌കരിച്ചു.

ഇപ്പോള്‍ രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയുടെ മേലും വിദേശ സഞ്ചാരികള്‍ക്കു കൊണ്ടുവരാവുന്ന ആഡംബര ഉല്‍പന്നങ്ങളുടെ മേലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എന്തിനാണ് ഈ നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ണമായി ഇല്ലായ്മ ചെയ്തത്? സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുമ്പോള്‍ എന്തുകൊണ്ട് സമീപകാലത്ത് ഇത്രയേറെ ഡിമാന്റ് ഉയര്‍ന്നുവെന്ന് ചിന്തിക്കേണ്ടേ? തന്റെ സമ്പാദ്യം സാധാരണക്കാരന്‍ ബാങ്കിലിട്ടാല്‍ വിലക്കയറ്റം കിഴിച്ചാല്‍ എന്തു പലിശ കിട്ടും?

പലിശനിരക്കിനേക്കാള്‍ ഉയര്‍ന്നതാണ് വിലക്കയറ്റം എന്നോര്‍ക്കുക. ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ നിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇന്‍കം ടാക്‌സും നല്‍കണം. ഷെയര്‍ മാര്‍ക്കറ്റിലേയ്ക്ക് സമ്പാദ്യക്കാരെ തളളിവിടാനുളള പരിശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വെപ്പ്. പക്ഷേ, സാധാരണക്കാര്‍ക്ക് ഓഹരിവെച്ചു പകിടകളിക്കാന്‍ ധൈര്യമില്ല. സ്വാഭാവികമായും പരമ്പരാഗത സമ്പാദ്യമാര്‍ഗമായ സ്വര്‍ണത്തെ ആശ്രയിക്കുകയേ നിര്‍വാഹമുളളൂ. ഈ സ്ഥിതിവിശേഷത്തിനാണ് മാറ്റം വരുത്തേണ്ടത്.

നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട പ്രോജക്ടുകള്‍ക്ക് അതിവേഗം അംഗീകാരം കൊടുക്കുകയാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ വന്‍കിട പ്രോജക്ടുകള്‍ക്കാണ് ഒറ്റയടിക്ക് അംഗീകാരം കൊടുത്തത്. പക്ഷേ, അതുകൊണ്ട് വിചാരിച്ച ഗുണമൊന്നും ഉടനെ ഉണ്ടാകുകയില്ല. ഈ പ്രോജക്ടുകള്‍ നടപ്പാക്കേണ്ടുന്ന വന്‍കിട കോര്‍പറേറ്റുകളെല്ലാം രൂപയുടെ മൂല്യമിടിഞ്ഞതിന്റെ ഫലമായി കുഴപ്പത്തിലാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തിനിടയില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ വലിയതോതില്‍ വിദേശവായ്പകളെടുത്തിട്ടുണ്ട്. 1991ല്‍ ഇന്ത്യയിലെ വിദേശ കടബാധ്യതയുടെ 12 ശതമാനം മാത്രമായിരുന്നു കോര്‍പറേറ്റുകളുടെ വിഹിതം. ഇന്നത് 31 ശതമാനമാണ്. രൂപയുടെ മൂല്യമിടിയുമ്പോള്‍ അവരുടെ കടഭാരവുമുയരും.

 2012-13ലെ ഏറ്റവും വലിയ 14 കോര്‍പറേറ്റുകളെ എടുത്തു പരിശോധിച്ചപ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെയും നികുതി, തേയ്മാനച്ചെലവ്, പലിശ എന്നിവ കിഴിക്കുന്നതിനു മുമ്പുളള ലാഭം വിദേശ കടത്തിന്റെ പലിശയ്ക്കു തികയില്ല എന്നാണു കണ്ടത്. ഇതിനു പുറമെയാണ് കയറ്റുമതിക്കാരല്ലാത്ത കോര്‍പറേറ്റുകളുടെ ഷെയര്‍ മൂല്യത്തില്‍ വമ്പന്‍ ഇടിവുണ്ടായിരിക്കുന്നത്. റിലയന്‍സിന്റെ മുകേഷ് അംബാനി, മിത്തല്‍ ഉരുക്ക് ഗ്രൂപ്പിന്റെ സുനില്‍ മിത്തല്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് സാംഗ്‌വി തുടങ്ങി ഒട്ടനവധിപ്പേര്‍ക്ക് 300 കോടി ഡോളറിലേറെ വീതം ഓഹരിമൂല്യത്തിന്റെ ഇടിവു മൂലം നഷ്ടമായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതല്ല, കടഭാരത്തില്‍ നിന്ന് രക്ഷപെടുന്നതിനാവും കോര്‍പറേറ്റുകള്‍ ശ്രമിക്കുക. ഡീലിവെറേജിംഗ് എന്നു പറയുന്ന ഈ പ്രതിഭാസം ഇന്ത്യയിലെ സാമ്പത്തിക ഉല്‍പാദനം നടപ്പുവര്‍ഷത്തില്‍ ഏതാണ്ട് 4 ശതമാനത്തിലേയ്ക്കു താഴ്ത്തും എന്നുറപ്പാണ്.

പിന്നെ സര്‍ക്കാരെടുക്കുന്ന നടപടികള്‍ മുഖ്യമായും വിദേശ നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കാനുളള നടപടികളാണ്. ചെലവു ചുരുക്കി കമ്മി 4.8 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുക, റീട്ടെയില്‍ മേഖല പൂര്‍ണമായും വിദേശകമ്പനികള്‍ക്കു തുറന്നു കൊടുക്കുക, എല്ലാ മേഖലകളിലും വിദേശ നിക്ഷേപപരിധി ഉയര്‍ത്തുക, കളളപ്പണവേട്ട വേണ്ടെന്നു വെയ്ക്കുക തുടങ്ങിയ നടപടികളൊന്നും വിദേശ നിക്ഷേപകരുടെ വിശ്വാസ്യത നേടുന്നതിനു പര്യാപ്തമായിട്ടില്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സര്‍ക്കാരിന് നാട്ടില്‍ വിശ്വാസ്യതയില്ല എന്നു വ്യക്തം. പിന്നെയെങ്ങനെ വിദേശത്തു വിശ്വാസ്യതയുണ്ടാവും?

കല്‍ക്കരി, എണ്ണ, ഗ്യാസ് എന്നിവയുടെ കമ്പോളത്തെ സര്‍വസ്വതന്ത്രമാക്കുകയാണ് പിന്നെ അറ്റകൈ പ്രയോഗം. ഇതിന്റെ ഫലമായി ഈ ഇന്ധനങ്ങളുടെയെല്ലാം വില ഉയരും. പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും ഗ്യാസിന് 50 രൂപയും കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചത് തികച്ചും അപര്യാപ്തമാണ് പെട്രോളിയം മന്ത്രിയുടെ വാദം. അടുത്ത റൗണ്ട് വില വര്‍ദ്ധനയ്ക്ക് അദ്ദേഹം കുറിപ്പു കൊടുത്തു കഴിഞ്ഞു.

എണ്ണക്കമ്പനികളുടെ നഷ്ടത്തെക്കുറച്ചുളള തര്‍ക്കങ്ങളിലേയ്‌ക്കൊന്നും കടക്കുന്നില്ല. സ്വകാര്യ കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്തി ഈ മേഖലയിലെ അവരുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുളള അഭ്യാസങ്ങളിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ പ്രകൃതിവാതകത്തിന്റെ വില നിശ്ചയിച്ച രീതി ഉദാഹരണം. പ്രകൃതി വാതകം കുഴിച്ചെടുക്കുന്നതിന് ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിനുളള ചെലവ് 1.8 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മിലുളള കേസില്‍ സുപ്രിംകോടതിയില്‍ വെളിപ്പെടുത്തപ്പെട്ടതാണ്. ന്യായമായ ഒരു ലാഭവും കൂടിയെടുത്ത് 2.34 ഡോളറിന് എന്‍ടിപിസിയ്ക്ക് ദീര്‍ഘകാല കരാറിന് നല്‍കാനും സമ്മതിച്ചു. ഈ ഗ്യാസിന്റെ വിലയാണ് 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുളളത്. ഇതുംപോരാ, കമ്പോള വിലയായ 14 ഡോളര്‍ കിട്ടാനാണ് റിലയന്‍സിന്റെ ശ്രമം. റിലയന്‍സ് കുഴിച്ചെടുക്കുന്ന എണ്ണ ഇപ്പോള്‍ കമ്പോള വിലയ്ക്കാണ് വില്‍ക്കുന്നത്. ഇതു ഗ്യാസിനും വേണം.

കൂടുതല്‍ ഉയര്‍ന്നവില കൊടുത്താലും തരക്കേടില്ല, നിക്ഷേപം ഉണ്ടാകുമല്ലോ, ഇറക്കുമതി കുറയ്ക്കാമല്ലോ എന്നാണ് സര്‍ക്കാരിന്റെ ചിന്ത. ഗ്യാസിന്റെ വിലയില്‍ ഇപ്പോഴുണ്ടായ 50 രൂപയുടെ വര്‍ദ്ധന റിലയന്‍സിനു കൊടുക്കുന്ന കപ്പമാണ്. ഇലക്ഷന്‍ വര്‍ഷമാണെങ്കിലും ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാം, പക്ഷേ റിലയന്‍സിന് അപ്രിയമായതൊന്നും ചെയ്യാന്‍ പാടില്ല.
രൂപയുടെ മൂല്യമിടിയുമ്പോള്‍ വിലക്കയറ്റം ഉറപ്പാണ്. രൂപയുടെ വിനിമയനിരക്ക് നൂറിലേയ്ക്കു താണാല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഇരട്ടിയാകും. ഇതൊന്നു മാത്രം മതി, വിലക്കയറ്റം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകാന്‍. സാധനങ്ങളുടെ വില കൂടുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില കൂടും, കയറ്റുമതിയെ ബാധിക്കും. അതേസമയം നാണയത്തിന്റെ മൂല്യമിടിയുമ്പോള്‍ സിദ്ധാന്തപ്രകാരം സംഭവിക്കേണ്ടത് നേര്‍വിപരീതമാണ്.

രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ വില ഡോളറില്‍ ഇടിയും, അതുകൊണ്ട് കയറ്റുമതി വര്‍ദ്ധിക്കും, അങ്ങനെ വ്യാപാരക്കമ്മി കുറയും, അപ്പോള്‍ രൂപയുടെ മൂല്യം മെച്ചപ്പെടും എന്നൊക്കെയാണ് സിദ്ധാന്തം. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്ന തോതില്‍ വിലക്കയറ്റവുമുണ്ടായാല്‍ കയറ്റുമതി ഉല്‍പന്നങ്ങളുടെ ഡോളറിലെ വില കുറയില്ല. രൂപയുടെ മൂല്യം സന്തുലനാവസ്ഥയിലേയ്ക്കു നീങ്ങുകയുമില്ല. വിലക്കയറ്റവും കയറ്റുമതിയും കൂടി ഒരു ഓട്ടമത്സരം തന്നെ രൂപപ്പെട്ടേയ്ക്കാം.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് രൂപയുടെ വില ഇനിയും താണു കൊണ്ടിരിക്കും എന്ന് ഉറപ്പിച്ചു പറയുന്നത്. എത്ര വരെ താഴും എന്നതിന് കവടി നിരത്തുന്നില്ല. പക്ഷേ, ഈ പ്രതിഭാസം ജനങ്ങള്‍ക്കു രണ്ടുകാര്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഒന്ന്, രൂക്ഷമായ വിലക്കയറ്റം. രണ്ട്, രൂക്ഷമായ സാമ്പത്തികമാന്ദ്യം. 2013 - 14ല്‍ ആറു ശതമാനത്തിലേറെയായിരിക്കും വളര്‍ച്ചയെന്നാണ് ധനമന്ത്രി ചിദംബരം ബജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചത്. ഏഴു ശതമാനം വളരുമെന്ന് പ്രവചിച്ചവരുമുണ്ട്. എന്നാല്‍ ഈ ധനകാര്യ വര്‍ഷത്തിന്റെ ആദ്യപാദത്തിലെ കണക്കു പുറത്തുവന്നു കഴിഞ്ഞു. സാമ്പത്തികവളര്‍ച്ച വെറും 4.4 ശതമാനം മാത്രമാണ്. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും അഥവാ സ്റ്റാഗ്ഫ്‌ളേഷന്റെ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. 

Monday, July 15, 2013

എന്തുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാകുന്നു?


സോളാര്‍ തട്ടിപ്പില്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ റോള്‍? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അവിതര്‍ക്കിതമായി തെളിഞ്ഞതാണ്. എത്രയോ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ടെന്നി ജോപ്പന്‍ ഈ കേസിലെ മൂന്നാം പ്രതിയായി പത്തനംതിട്ട ജയിലിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ നിര്‍ണായക ജോലികള്‍ വഹിച്ചിരുന്ന ജിക്കുമോന്‍, നിഴലായി ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ സലീംരാജ് എന്നിവര്‍ക്കൊക്കെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാനം നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനാകേന്ദ്രം ഉമ്മന്‍ചാണ്ടിയുടെ ഓഫീസായിരുന്നു. അക്കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ വാദം അദ്ദേഹം മനസറിഞ്ഞ് ഒരു കുറ്റവും ചെയ്തിട്ടില്ല; അദ്ദേഹത്തിന് നേരിട്ടൊരു പങ്കുമില്ല, അദ്ദേഹമറിയാതെയാണ് ഈ തട്ടിപ്പെല്ലാം നടന്നത്. 

ആദ്യം തന്നെ പറയട്ടെ, മനസറിഞ്ഞുകൊണ്ടാണോ മനസറിയാതെയാണോ കുറ്റം ചെയ്തത് എന്നത് നിയമത്തിന്റെ മുന്നില്‍ പരിഗണനാര്‍ഹമല്ല. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതു മാത്രമാണ് പ്രശ്‌നം. മുഖ്യമന്ത്രി കുറ്റക്കാരനാണെന്നാണ് ഇതുവരെയുളള സൂചനകളും തെളിവുകളും വിരല്‍ചൂണ്ടുന്നത്. 


ഒന്ന്) മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അനുചരന്മാരുമായി തട്ടിപ്പിന്റെ സൂത്രധാരി സരിത എസ് നായര്‍ക്ക് ഉറ്റബന്ധമുണ്ട് എന്നു തെളിയിക്കുന്ന ഫോണ്‍ വിവരങ്ങള്‍ കൈരളി - പീപ്പിള്‍ പുറത്തുവിട്ടതോടെയാണല്ലോ വിവാദം ആരംഭിച്ചത്. സരിതയുടെ ഫോണ്‍വിവരങ്ങള്‍ പോലീസാണ് ശേഖരിച്ചത്. സരിതയുടെ അറസ്റ്റു രേഖപ്പെടുത്തിയത് ജൂണ്‍ 3ന്. രേഖകള്‍ പുറത്തുവന്നത് ജൂണ്‍ 13നും. ഇതിനിടയ്ക്കുളള പത്തുദിവസങ്ങളില്‍ എന്തുനടന്നു? 


ഒരു വമ്പന്‍ തട്ടിപ്പുകേസിലെ പ്രതിയ്ക്ക് സംസ്ഥാനമുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരബന്ധമുണ്ടെന്നു വിവരം ലഭിച്ചാല്‍ പോലീസ് എന്തു ചെയ്യും? ഏറ്റവുമാദ്യം അവര്‍ ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കും. സ്വാഭാവികമായ ജിജ്ഞാസയും ധാര്‍മ്മികഭീതിയും ഉത്തരവാദിത്തബോധവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്താണ് ചെയ്യുക? ജോപ്പനെയും സലീംരാജിനെയും ജിക്കുവിനെയുമൊക്കെ വിളിപ്പിച്ചു കാര്യമന്വേഷിക്കും. വിശദീകരണം തൃപ്തികരമായാലും ഇല്ലെങ്കിലും ഈ വിവരം പുറംലോകമറിഞ്ഞാലുണ്ടാകാവുന്ന പ്രശ്‌നങ്ങളൊഴിവാക്കാന്‍ തല്‍ക്കാലമെങ്കിലും അവരെ ആ സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യും. എന്നാല്‍ ഇതൊന്നുമല്ല ഉണ്ടായത്.

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി

രണ്ട്) മുഖ്യമന്ത്രി മേല്‍പറഞ്ഞ വസ്തുതകള്‍ അറിഞ്ഞിരുന്നില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ തന്റെ ഓഫീസിലെ ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ പരാതി നേരിട്ടു കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെക്കുറിച്ച് എന്തു വിശദീകരണമാണ് നല്‍കുക? 


ഒരുകോടി അഞ്ചുലക്ഷം രൂപ സരിതാ നായര്‍ തന്നില്‍ നിന്ന് തട്ടിച്ചെടുത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ടി സി മാത്യുവെന്ന പ്രവാസി നേരിട്ടു പരാതി ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ടീം സോളാറിനുണ്ട് എന്നുളള തെറ്റുദ്ധാരണ കൊണ്ടാണ് ഇത്ര വലിയ തുക തമിഴ്‌നാട്ടില്‍ 14 മെഗാ വാട്ടിന്റെ വിന്‍ഡ് ഫാമിനും കേരളത്തില്‍ ഒരു മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റിനും വേണ്ടി അഡ്വാന്‍സ് നല്‍കിയത്. ഈ വിശ്വാസ്യത തട്ടിപ്പുകാര്‍ക്കു നേടാന്‍ കഴിഞ്ഞത് ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവരുടെ ഫോണ്‍വിളികളും ഇടപെടലുകളുമായിരുന്നു എന്ന് ടി സി മാത്യു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു, 'പ്രൈവറ്റ് കാര്യമായതുകൊണ്ട് എനിക്കിതില്‍ ഇടപെടാന്‍ കഴിയില്ല. ലക്ഷ്മിയെ എനിക്കറിയുകയുമില്ല (സരിത എസ് നായര്‍ ലക്ഷ്മിയെന്ന പേരിലാണ് ടി സി മാത്യുവിനെ ബന്ധപ്പെട്ടിരുന്നത്) ...... ജോപ്പന്‍ വളരെ നല്ല ആളാണ്. എപ്പോഴും എന്റെ കൂടെ കാണും. ജോപ്പന്‍ അങ്ങനെയൊന്നും ചെയ്യില്ല'. 

ശ്രീധരന്‍ നായരെ തന്റെ പേരുപയോഗിച്ചാണ് പറ്റിച്ചതെങ്കില്‍ അദ്ദേഹം ആദ്യം തന്നോടല്ലേ പരാതിപ്പെടേണ്ടത് എന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു. സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള ബന്ധമടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രിയോട് നേരിട്ടു പരാതി ധരിപ്പിക്കുകയാണ് ടി സി മാത്യു ചെയ്തത്. എന്നിട്ട് എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? 

മൂന്ന്) മുഖ്യമന്ത്രിയോട്പരാതി പറഞ്ഞതിന്റെ പിറ്റേന്ന് ടി സി മാത്യുവിനെ ടെലിഫോണില്‍ വിളിച്ചു സരിത ഭീഷണിപ്പെടുത്തി. 'ഇരുപത്തിനാലു മണിക്കൂറിനകം നിന്നെ അഴിയെണ്ണിക്കും. ഞാന്‍ ആരാണെന്നാണ് നീ വിചാരിച്ചത്? ഈ മന്ത്രിസഭ താഴെയിറക്കാനുളള കഴിവെനിക്കുണ്ട്' എന്നൊക്കെയായിരുന്നു ഭീഷണി. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ നടന്ന സംഭാഷണത്തിലെ വിഷയം എങ്ങനെയാണ് സരിത അറിഞ്ഞത്? മുഖ്യമന്ത്രിയെ കണ്ട കാര്യം നിഷേധിക്കാനൊരു വിഫലശ്രമം മാത്യു നടത്തി. അപ്പോഴാണ് ലക്ഷ്മി, മുഖ്യമന്ത്രിയില്‍ നിന്നുതന്നെയാണ് ഈ വിവരം തനിക്കു ലഭിച്ചത് എന്നു വെളിപ്പെടുത്തിയത്. ലക്ഷ്മിയെ അറിയില്ലെന്നു പറഞ്ഞത് കളളമായിരുന്നു. ലക്ഷ്മി എന്ന പേരില്‍ അറിയില്ലെങ്കിലും സരിത എന്ന പേരില്‍ അറിയാമായിരിക്കണമല്ലോ. മാത്യു മുഖ്യമന്ത്രിയെയും സഹധര്‍മ്മിണിയെയും അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഓഫീസറെയും ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചു. എന്നിട്ടും സരിതയെ തിരിച്ചറിയാന്‍ ആര്‍ക്കുമായില്ലപോലും. 


നാല്) മാര്‍ച്ച് 30ന് മുഖ്യമന്ത്രിയോടു നേരിട്ടു പരാതി പറഞ്ഞ് രണ്ടുമാസത്തോളം കാത്തിരുന്നതിനു ശേഷവും നടപടിയില്ലാത്തതിനാല്‍ ഒടുവില്‍ ടിസി മാത്യുവിന് കോടതിയെ സമീപിക്കേണ്ടി വന്നു. ജൂണ്‍ 1ന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു കോടതിയില്‍ അദ്ദേഹം കേസ് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്. അതിനു ശേഷം മാര്‍ച്ച് 3ജൂണ്‍ 15ന് നേരിട്ട് രേഖാമൂലം മുഖ്യമന്ത്രി പരാതി നല്‍കി. പരാതി എഡിജിപിയ്ക്ക് അയച്ചുകൊടുത്തത് എന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം, ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പരാതി എഡിജിപിയ്ക്കും ടിസി മാത്യു നല്‍കിയിരുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരിക്കെ തന്നെ സരിത ഫോണ്‍ ചെയ്തുവെന്നു ടിസി മാത്യു വെളിപ്പെടുത്തിയതാണ്. ഇതും മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയ പരാതിയിലുണ്ട്. ഒരു മാസത്തിനിടയില്‍ എന്തു നടപടിയുണ്ടായി?


ജൂലൈ 9, 2012


അഞ്ച്) ക്വാറിയുടമകള്‍ക്കൊപ്പമല്ലാതെ ശ്രീധരന്‍ നായരെ മറ്റെപ്പോഴെങ്കിലും കണ്ടിരുന്നുവോ? 2012 ജൂലൈ 9 ന് കണ്ടിരുന്നുവോ എന്ന എന്റെ നിയമസഭയിലെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം മുഖ്യമന്ത്രി പതറി നിന്നു. കണ്ടിട്ടില്ല എന്നുത്തരവും പറഞ്ഞു. പിന്നീട് ജൂലൈ ഒമ്പതിനു കണ്ടുവെന്നും അതു ക്വാറിയുടമകള്‍ക്കൊപ്പമായിരുന്നുവെന്നും വ്യാഖ്യാനം വന്നു. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തര്‍ക്കമാണിത്. സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ അന്നു കാണുകയും സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിനുളള പ്രത്യക്ഷ തെളിവാണ്. ശ്രീധരന്‍ നായരുടെ മൊഴി വിശ്വസിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന് ക്രെഡിബിലിറ്റി ഇല്ലെന്നുമാണ് മുഖ്യമന്ത്രി വാദിക്കുന്നത്. 

ക്രെഡിബിലിറ്റി ഇല്ല എന്ന വാദത്തിന് ആധാരമാക്കുന്നത് ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമാണ് 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴി എന്നാണ്. ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു കാര്യവും ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. 
പക്ഷേ, ഈ രണ്ടു നടപടിയ്ക്കുമിടയില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല എന്ന ഒരു വിശദീകരണം അദ്ദേഹത്തിന്റെ പേരില്‍ പുറപ്പെടുവിക്കപ്പെടുകയുണ്ടായി. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി തന്റെ പണം തിരിച്ചുകിട്ടുമെന്നും കൂടുതല്‍ പൊല്ലാപ്പൊന്നുമില്ലാതെ പ്രശ്‌നം തീരട്ടെയെന്നുമുളള ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വിശദീകരണക്കുറിപ്പിറക്കിയത് എന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. എന്നാല്‍ ഒറിജിനല്‍ പെറ്റീഷനില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു എന്നത് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ വക്കീലിനെയും അദ്ദേഹത്തിന്റെ ഗുമസ്തനെയും കേസില്‍പെടുത്താന്‍ ശ്രമിക്കുന്നതു കണ്ടപ്പോഴാണ് സത്യം 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിയായി കൊടുക്കാന്‍ തീരുമാനിച്ചത് എന്നദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുളളവരാരും ശ്രീധരന്‍ നായരുടെ മൊഴി അവിശ്വസിക്കില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി പറയുന്നത് ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ശ്രീധരന്‍ നായരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കില്ല എന്നാണ്. നിയമസഭയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ശരിയായൊരന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്?
ആറ്) മുഖ്യമന്ത്രി പറയുന്നതാണോ ശ്രീധരന്‍ നായര്‍ പറയുന്നതാണോ ശരി എന്നതാണ് കണ്ടുപിടിക്കേണ്ടത്. സാഹചര്യത്തെളിവുകള്‍ മുഖ്യമന്ത്രിയ്‌ക്കെതിരാണ്. 
  • ജൂലൈ 9ന് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച ഉറപ്പിച്ചിട്ടുണ്ടെന്നും സമയത്ത് എത്തണമെന്നും പറഞ്ഞ് സരിത എസ് നായര്‍, ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇമെയില്‍ പുറത്തുവന്നിട്ടുണ്ട്. 
  •  ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോപ്പന്റെ മുറിയില്‍ സരിതയും ശ്രീധരന്‍ നായരും സന്ധിച്ചുവെന്നും സോളാര്‍ പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രത്യേക അന്വേഷണ സംഘങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ജോപ്പന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ടെന്നി ജോപ്പനും സരിതയും തമ്മില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് സ്ഥിരീകരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത്.
  • സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ശെല്‍വരാജ് എംഎല്‍എ ഉണ്ടായിരുന്നു. ഇപ്പോള്‍ നിഷേധിക്കുന്നുവെങ്കിലും, ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു കണ്ടുവെന്ന് ശെല്‍വരാജ് സമ്മതിച്ചിട്ടുണ്ട്. ഈ പ്രസ്താവനയുടെ ഓഡിയോ റിക്കോര്‍ഡ് പത്രത്തിന്റെ കൈവശമുണ്ടെന്ന് ഔപചാരികമായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
  • കൂടിക്കാഴ്ചയ്ക്ക് അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് സരിത നല്‍കി എന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷം നിയമസഭയില്‍ എ കെ ബാലന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി ഇത്തരമൊരു ചെക്ക് ലഭിച്ചതായി പത്താം തീയതി രേഖകളില്‍ ചേര്‍ത്തതായും എന്നാല്‍ പിന്നീട് ബൗണ്‍സ് ചെയ്യുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. 
സത്യമറിയാന്‍

ഏഴ്) മേല്‍പ്പറഞ്ഞ സാഹചര്യത്തെളിവുകള്‍ വെച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് വിധിക്കാമോ എന്ന ചോദ്യമുയര്‍ന്നേക്കാം. ഇതിനുത്തരം നല്‍കാന്‍ പറ്റുമായിരുന്നത് വെബ് കാമറയുടെയും സിസിടിവിയുടെയും റെക്കോര്‍ഡുകളാണ്. കഴിഞ്ഞ നവംബറില്‍ 24 മണിക്കൂറും തന്റെ ഓഫീസും ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും ആര്‍ക്കെങ്കിലും മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെങ്കില്‍ അതാകാമെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് വിഷ്വല്‍ മീഡിയ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇന്ന് മുഖ്യമന്ത്രി പറയുന്നത്, വെബ് കാസ്റ്റ് ലൈവ് സ്ട്രീമിംഗ് മാത്രമാണ്. വെബ്കാമിലെ ദൃശ്യങ്ങള്‍ റെക്കോഡു ചെയ്താല്‍ സംസ്ഥാനത്തിനത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ്.

ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കാന്‍ വെറും പതിനായിരം രൂപയുടെ ചെലവേ വരൂവെന്നാണ് ഇക്കാര്യങ്ങളില്‍ ധാരണയുളളവരുടെ അഭിപ്രായം. സിസി ടിവി ദൃശ്യങ്ങള്‍ പതിനാലു ദിവസം കഴിഞ്ഞാല്‍ ഓവര്‍റൈറ്റു ചെയ്യപ്പെട്ടു പോകുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വ്യാഖ്യാനം. ഓവര്‍റൈറ്റു ചെയ്യപ്പെട്ടുപോയാലും അവ വീണ്ടെടുക്കാനുളള സാങ്കേതിക വിദ്യ ലഭ്യമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കഴിഞ്ഞാല്‍ ഖണ്ഡിതമായി നമുക്കൊരുത്തരം നല്‍കാനാവും. വെബ് കാസ്റ്റിംഗ് സ്റ്റോറു ചെയ്യുന്നതിന്റെ അധികച്ചെലവ് വേണ്ടെന്നു വെച്ച് മുഖ്യമന്ത്രി ഇതിനുളള ചെലവു വഹിക്കാന്‍ തയ്യാറാകുമോ എന്നു സംശയമാണ്. 


എട്ട്) അതുകൊണ്ട് ചെലവു കുറഞ്ഞ ഒരു നിര്‍ദ്ദേശം വെയ്ക്കട്ടെ. ശ്രീധരന്‍ നായര്‍ ഒമ്പതാം തീയതി തന്നെ കണ്ടത് വലിയൊരു സംഘം ക്വാറി ഉടമസ്ഥര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്വാറി ഉടമകളുടെ നിവേദനം സോളാര്‍ പദ്ധതികള്‍ക്കുളള ചര്‍ച്ചകള്‍ക്കു ശേഷം താന്‍ നല്‍കിയെന്ന് ശ്രീധരന്‍ നായരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ താനും സരിതയും ജോപ്പനും മാത്രമേ മുറിയിലുണ്ടായിരുന്നുളളൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

നിജസ്ഥിതി അറിയാനുളള പരിഹാരം ക്വാറി ഉടമസ്ഥ സംഘത്തിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ എത്ര ഫോണുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉളള ടവറിനു കീഴിലുണ്ടായിരുന്നു എന്നു പരിശോധിക്കുന്നതാണ്. സരിതയുടെ ഫോണും അവിടെയുണ്ടോ എന്നും നോക്കാവുന്നാണ്. ക്വാറി ഉടമസ്ഥ നിവേദക സംഘം വലുതായിരുന്നുവെന്നും അവരുടെ ഇടയില്‍ സോളാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പറ്റുമോ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ ഉടമസ്ഥസംഘക്കാരുടെയെല്ലാം ഫോണ്‍ നമ്പര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ടവറിന്റെ പരിധിയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. അല്ലാത്തപക്ഷം മുഖ്യമന്ത്രി പറഞ്ഞത് കളളമാണ് എന്നു തെളിയുന്നു. 

ഒമ്പത്) നുണപരിശോധനയ്ക്കു വിധേയനാകാന്‍ ശ്രീധരന്‍ നായര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതു ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. 
അമ്പു കൊളളാത്തവരാര്?
പത്ത്) സരിതാ എസ് നായരുടെ കൂടുതല്‍ ഫോണ്‍വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലുളള ഏതാണ്ടെല്ലാ നേതാക്കളുമായി അവര്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നു എന്നു തെളിഞ്ഞു. ആഭ്യന്തര മന്ത്രി മുതലുളള മന്ത്രിമാര്‍. വിഷ്ണുനാഥിനെയും സിദ്ദിഖിനെയും പോലുളള ഇളമുറക്കാര്‍. ഇവരൊക്കെ സരിത എസ് നായരുമായി ബന്ധം നിലനിര്‍ത്തിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകള്‍ പുറത്തുവന്നു. തിരുവഞ്ചൂരിന്റെയും അടൂര്‍ പ്രകാശിന്റെയും വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായി.

തന്റെ മണ്ഡലത്തിലുളള മറിയാമ്മ എന്ന സ്ത്രീയെ വഞ്ചിച്ച് സരിതാ എസ് നായര്‍ കുറെ പണം കൈക്കലാക്കിയെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് പണം മടക്കിനല്‍കാന്‍ പ്രേരിപ്പിക്കാനാണ് താന്‍ അവരെ വിളിച്ചത് എന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശിന്റെ വിശദീകരണം. ഇതു മുഖവിലയ്‌ക്കെടുത്താലും അസ്വാഭാവികതയുണ്ട്. തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ സംസ്ഥാന മന്ത്രിയെന്തിന് മധ്യസ്ഥനാവണം? പരാതി പോലീസിന് കൈമാറി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലേ ചെയ്യേണ്ടത്. തട്ടിപ്പുകേസില്‍പ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച ചരിത്രമുളള ആളെക്കുറിച്ചാണ് പരാതി. അങ്ങനെയൊരു ക്രിമിനലിനെക്കുറിച്ച് മന്ത്രിയ്ക്കു നേരിട്ടു പരാതി കിട്ടിയാല്‍ ഉടനെ ആ ക്രിമിനലിനെ മന്ത്രിതന്നെ നേരിട്ട് ഫോണ്‍ ചെയ്ത് തട്ടിച്ചെടുത്ത പണം മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത് അവിശ്വസനീയമായ അനുഭവമാണ്. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനുമായി സരിത നേരിട്ടു ബന്ധം പുലര്‍ത്തിയതിന് തെളിവു പുറത്തുവന്നിട്ടുണ്ട്. തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ വിളിച്ചത് 2012 മെയ് 23നാണ്. ആ ദിവസം സുപ്രധാനമാണ്. കണ്ണൂരിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സരിതയെ കസ്റ്റഡിയിലെടുക്കാന്‍ തലശേരി എസ്‌ഐ ബിജു ജോണും സംഘവും പുറപ്പെട്ടത് ഈ ദിവസമാണ്. തന്റെ മേലുദ്യോഗസ്ഥന്മാരെ അറിയിച്ച് അനുവാദം വാങ്ങിയശേഷമാണ് എസ്‌ഐയും സംഘവും യാത്ര തിരിച്ചത്. ഈ കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ ഇടനില നിന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഈ ഡിവൈഎസ്പിയും സരിതയുമായും നിരന്തരമായ ഫോണ്‍ബന്ധങ്ങളുണ്ട്. 

മേല്‍പറഞ്ഞ ദിവസം രാവിലെ സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഉച്ചയോടെ തിരുവഞ്ചൂര്‍ സരിതയെ തിരിച്ചു വിളിക്കുകയും ചെയ്തു. മാത്രമല്ല, ഈ ദിവസം മുതല്‍ മെയ് 30 വരെ തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി സരിതയെ ഒട്ടേറെ തവണ വിളിച്ചിട്ടുണ്ട്, സരിത തിരിച്ചും. തിരുവഞ്ചൂര്‍ അവകാശപ്പെട്ടതുപോലെ മിസ്‌കോള്‍ കണ്ടു തിരിച്ചു വിളിച്ചതല്ല. തിരുവഞ്ചൂരിനും പ്രൈവറ്റ് സെക്രട്ടറിയും സരിതയുമായി എന്താണ് സംസാരിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നതുപോലെ നിഗൂഢമായ ടെലിഫോണ്‍ ബന്ധം.

മേല്‍പ്പറഞ്ഞതെല്ലാം അതിരുകവിഞ്ഞ ഭാവനകളാണെന്നും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയ്ക്കു വാദിക്കാം. അതിനുളള എല്ലാ പൗരാവകാശവും അദ്ദേഹത്തിനുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടെ പോകട്ടെ, എംഎല്‍എയുടെ പോലും പരിഗണന വേണ്ട, ഒരു സാധാരണ പൗരന്റെ പരിഗണന മതി എന്നദ്ദേഹം പ്രസ്താവിച്ചു. സാധാരണ പൗരനായ മുഖ്യമന്ത്രിയ്ക്കു കിട്ടുന്ന പരിഗണന എന്തുകൊണ്ട് ജോപ്പനു കിട്ടുന്നില്ല? 

ജോപ്പന്‍ ജയിലഴിക്കുളളിലാണ്. അതേ പരാതിയില്‍ത്തന്നെ മുഖ്യമന്ത്രിയ്‌ക്കെതിരെയുളള പരാതിയുണ്ടായിട്ടും ഒരു വിശദീകരണം പോലും അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറിനിന്ന് അന്വേഷണം നടത്തണം. ഞങ്ങളുടെ കാലത്ത് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുക. ഞങ്ങളാണ് ഗൂഢാലോചന നടത്തുന്നത് എന്നുണ്ടെങ്കല്‍ അതും അന്വേഷിക്കുക. സത്യം കണ്ടുപിടിക്കാനല്ല, സത്യം മറച്ചുവെയ്ക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നത്

Sunday, July 14, 2013

വില കൂടിയാലെന്ത്, ഗ്യാസ് കിട്ടിയാല്‍പ്പോരേ?

2014 ഏപ്രില്‍ മുതല്‍ കൃഷ്ണാ ഗോദാവരി എണ്ണപ്പാടത്തില്‍ നിന്നുളള പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നു. വൈദ്യുതി, വളം മന്ത്രാലയങ്ങളും മന്ത്രിമാരും ശക്തമായ എതിര്‍ത്തിട്ടും ഫലമുണ്ടായില്ല. വില കൂട്ടണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. വിലവര്‍ദ്ധനയ്ക്ക് ധനമന്ത്രി ചിദംബരത്തിന്റെ യുക്തി ഇങ്ങനെയായിരുന്നു, 'ഗ്യാസ് ഇല്ലാതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് വില കൂടിയാലും ഇന്ത്യയില്‍ നിന്നു തന്നെ ഗ്യാസ് കിട്ടുന്നത്'. 

2013 ജനുവരിയിലെ പാചകവാതക വിലവര്‍ദ്ധനയില്‍ നിന്നാവണം, അദ്ദേഹം ഈ പാഠം പഠിച്ചത്. അന്നാണ് ഒരു കുടുംബത്തിനുളള ഗ്യാസ് സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് ആറാക്കിയത്. സിലിണ്ടറിന് നൂറു രൂപ വിലയും ഉയര്‍ത്തി. രാജ്യത്താകെ പ്രതിഷേധമുയര്‍ന്നു. ജനം അടുപ്പുകൂട്ടി സമരം ചെയ്യാനിറങ്ങി. അങ്ങനെ തീരുമാനം തിരുത്തി. ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പുനസ്ഥാപിച്ചു. പക്ഷേ, വില വര്‍ദ്ധന പിന്‍വലിച്ചില്ല. വില കൂടിയാലും വേണ്ടില്ല, പാചകവാതക സിലിണ്ടറുകള്‍ ലഭിച്ചാല്‍ മതിയെന്ന അവസ്ഥയിലേയ്ക്കു ഇടത്തരക്കാര്‍ മാറിയെന്നാണ് ചിദംബരം എത്തിച്ചേര്‍ന്ന നിഗമനം. 

ഇന്ത്യയില്‍ വളം, വൈദ്യുതി നിര്‍മ്മാണങ്ങള്‍ക്കാണ് പ്രകൃതി വാതകം ഉപയോഗിക്കുന്നത്. മറ്റു വ്യവസായങ്ങളും പ്രകൃതിവാതകത്തിലേയ്ക്കു തിരിയുന്നു. ആവശ്യത്തിന്റെ പകുതിയിലേറെയും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ ആവശ്യത്തിനുളള പ്രകൃതിവാതകവും പൂര്‍ണമായും ഉല്‍പാദിപ്പിക്കാനുളള വിഭവശേഖരവും നമുക്കുണ്ട്. വാതകത്തിന്റെയും എണ്ണയുടെയും വന്‍ ശേഖരമാണ് ആന്ധ്രാ തീരത്ത് കൃഷ്ണ ഗോദാവരി നദീമുഖത്തോടു ചേര്‍ന്നുളളത്. ഇവിടെ ഖനനത്തിന് മുതല്‍മുടക്കാന്‍ കുത്തകകമ്പനികള്‍ തയ്യാറുമാണ്. ഇവിടെ നിന്നുളള പ്രകൃതിവാതകം കേന്ദ്രസര്‍ക്കാര്‍ വാങ്ങിയാല്‍ ഇറക്കുമതി കുറയ്ക്കാം. ഇന്ത്യയുടെ വ്യാപാരക്കമ്മിയിലെ അപകടകരമായ വര്‍ദ്ധനയ്ക്കു പരിഹാരമാകും. അപ്പോള്‍ ഗ്യാസിന്റെ വില കുറച്ചു വര്‍ദ്ധിച്ചാലെന്താ, ആവശ്യത്തിന് ഗ്യാസ് ഇന്ത്യയില്‍ത്തന്നെ ഉണ്ടാക്കാമല്ലോ! 

എന്നാല്‍ ഗ്യാസിന്റെ വില ഇരട്ടിയാകുമ്പോള്‍ വളത്തിന്റെയും വൈദ്യുതിയുടെയും ഉല്‍പാദനച്ചെലവ് കുത്തനെ ഉയരും. രണ്ടിനും ഇപ്പോള്‍ ഒരു വിലനിയന്ത്രണവുമില്ല. ഇന്ധനച്ചെലവിലെ വിലവര്‍ദ്ധന പൂര്‍ണമായും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ വിലക്കയറ്റം രൂക്ഷമാകും. വ്യവസായ - കാര്‍ഷിക വളര്‍ച്ചയ്ക്കു തിരിച്ചടിയാകും. ജീവിതഭാരം കൂടും. അല്ലെങ്കില്‍ പ്രകൃതിവാതകം ഉപയോഗിക്കുന്ന വളം നിര്‍മ്മാണശാലകള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സബ്‌സിഡി നല്‍കണം. സബ്‌സിഡി വര്‍ദ്ധിച്ചാല്‍ ധനക്കമ്മി ഉയരും. ധനലക്ഷ്യങ്ങള്‍ തകിടം മറിയും. ഈയൊരു സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തു മാര്‍ഗം എന്നല്ലേ ചിന്തിക്കേണ്ടത്?

ഗ്യാസിന്റെ വില നോക്കിയല്ല, ലാഭമെത്ര എന്നു നോക്കിയാണ് നിക്ഷേപകര്‍ മുതല്‍മുടക്കുന്നത്. എന്താണ് കൃഷ്ണാ ഗോദാവരീതടത്തിലെ വാതക ഉല്‍പദനത്തിന് എന്തുചെലവു വരും? കൃത്യമായ കണക്ക് പരസ്യമല്ല. പക്ഷേ, നമുക്കറിയാവുന്ന ചിലതുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയാണ് റിലയന്‍സിന്റെ വരവിനു മുമ്പ് കെജി ബേസിനില്‍ ഖനനം ചെയ്തിരുന്നത്. 2009ല്‍ ഒഎന്‍ജിസി പ്രകൃതി വാതകം വിറ്റിരുന്നത് 1.83 ഡോളറിനും. എങ്ങനെ കണക്കാക്കിയാലും ഉല്‍പാദന ചെലവ് ഇതിനെക്കാള്‍ താഴെയായിരിക്കുമല്ലോ. തങ്ങളുടെ ഉത്പാദന ചെലവ് 1.43 ഡോളറാണെന്ന് മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രിംകോടതിയിലും റിലയന്‍സ് സമ്മതിച്ചിട്ടുളളതാണ്.

2002-ല്‍ ധീരുഭായി അംബാനി മരണപ്പെട്ടതോടെ മക്കള്‍ തമ്മില്‍ സ്വത്തു തര്‍ക്കവുമാരംഭിച്ചു. അമ്മ കോകിലാ ബെന്‍ ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് മുകേഷ് അംബാനിയ്ക്കു ലഭിച്ചു. ഈ കമ്പനിയായിരുന്നു, കെജി ബേസിന്‍ ഖനനത്തിന് കരാറെടുത്തത്. അനില്‍ അംബാനിയ്ക്കു ലഭിച്ച വൈദ്യുതി ഉല്‍പാദന കമ്പനിയ്ക്ക് മുകേഷിന്റെ കമ്പനി 2.34 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം നല്‍കണമെന്നും ഒത്തുതീര്‍പ്പില്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. ഈ വ്യവസ്ഥ മുകേഷ് ലംഘിച്ചു; അനില്‍ കോടതിയില്‍ പോയി. അനിലിനെതിരെ കോടതിയില്‍ മുകേഷിന്റെ വാദമിതായിരുന്നു: പ്രകൃതിവാതകം കേന്ദ്രസര്‍ക്കാരിന്റെ സ്വത്താണ്; അതിന്റെ വില തീരൂമാനിക്കേണ്ടതും അവരാണ്; സ്വകാര്യകരാറുകളും കേന്ദ്രസര്‍ക്കാരിന്റെ തീര്‍പ്പിനു വിധേയമായിരിക്കും. ഈ വാദത്തിന് അനുകൂലമായ പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനു വേണ്ടി ചില പത്രപ്രവര്‍ത്തകരുമായി നീരാ റാഡിയ നടത്തിയ രഹസ്യസംഭാഷണങ്ങള്‍ പാട്ടായത് ഓര്‍ക്കുക. സുപ്രിംകോടതി മുകേഷിന്റെ വാദം അംഗീകരിച്ചു. വില നിശ്ചയിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനു ലഭിച്ചു. പക്ഷേ, നിശ്ചയിച്ചതോ, ഒഎന്‍ജിസി വിറ്റുകൊണ്ടിരുന്നതിന്റെ ഏതാണ്ട് ഇരട്ടി - ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 ഡോളര്‍. 

ഈ ധൃതിയ്ക്കു പിന്നില്‍ വേറെയും കാരണങ്ങളുണ്ടായിരുന്നു. 2.34 ഡോളറിന് എന്‍ടിപിസിയ്ക്കു 17 വര്‍ഷത്തേയ്ക്കു പ്രകൃതി വാതകം നല്‍കാമെന്ന് റിലയന്‍സ് കരാറുണ്ടാക്കിയിരുന്നു. എന്‍ടിപിസി നല്‍കിയ പരസ്യ ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കുറവു ക്വോട്ടു ചെയ്താണ് ഈ കരാര്‍ നേടിയത്. എന്നാല്‍ ഈ കരാറില്‍ നിന്ന് റിലയന്‍സ് പിന്മാറി. എന്‍ടിപിസി കോടതിയില്‍ പോയി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ പിന്താങ്ങിയില്ലെന്നു മാത്രമല്ല, കോടതി പരിഗണിക്കുന്ന കാര്യത്തില്‍ എന്‍ടിപിസിയ്‌ക്കെതിരെ തീരുമാനവുമെടുത്തു. 2009 ഉല്‍പാദിപ്പിച്ചു തുടങ്ങുന്ന പ്രകൃതി വാതകത്തിന് 2007ലേ 4.2 ഡോളര്‍ വില നിശ്ചയിച്ചു. എന്‍ടിപിസിയുമായുളള കരാറില്‍ നിന്ന് റിലയന്‍സിനെ രക്ഷിക്കുക മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ തന്നെ 4.2 ഡോളര്‍ നിശ്ചയിച്ചാല്‍ പിന്നെ എന്‍ടിപിസിയുണ്ടാക്കിയ കരാറിന് എന്തു വില? 

ഉത്പാദനച്ചെലവുമായി ഒരു ബന്ധവുമില്ലാതെ നടത്തിയ ഈ വില നിശ്ചയത്തിനെതിരെ സിഎജി നിശിതവിമര്‍ശനമുയര്‍ത്തി. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ വകവെച്ചില്ല. വിമര്‍ശനം നിലനില്‍ക്കെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രംഗരാജനെ കമ്മിഷനായി വെച്ച് വില 8.4 ഡോളറായി നിശ്ചയിച്ചു. 

സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് റിലയന്‍സെടുത്ത അടവെന്തായിരുന്നെന്നോ? കെജി ബേസിനിലെ എണ്ണയുല്‍പാദനം കുത്തനെ ഇടിച്ചു. കരാര്‍ പ്രകാരം പ്രതിവര്‍ഷം 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ വാതകമാണ് ഖനനം ചെയ്യേണ്ടത്. അത് വെറും 23 ദശലക്ഷം ക്യൂബിക് മീറ്റര്‍ മാത്രമാക്കി. സാങ്കേതിക തകരാറാണ് കാരണം പറഞ്ഞത്. അതോടെ റിലയന്‍സ് ഗ്യാസിനെ ആശ്രയിക്കുന്ന ആന്ധ്രയിലെ നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ് പോലുളള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഗ്യാസിന്റെ വില വര്‍ദ്ധിപ്പിക്കാതെ ഉത്പാദനശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍ കമ്പനി തയ്യാറല്ല എന്നു വ്യക്തമായി. കരാര്‍ ലംഘനത്തിന് റിലയന്‍സിനെതിരെ കര്‍ശന നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. കമ്പനി റിലയന്‍സാണോ, സര്‍ക്കാര്‍ മുട്ടുമടക്കണമെന്നാണ് കേന്ദ്രമന്ത്രിസഭയുടെ അലിഖിതവ്യവസ്ഥ. 2.34 ഡോളര്‍ വിലയ്ക്ക് എന്‍ടിപിസിയ്ക്കു വാതകം നല്‍കണമെന്നു ശഠിച്ച മണിശങ്കരയ്യരുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചാണ് 4.2 ഡോളര്‍ വില റിലയന്‍സ് നേടിയെടുത്തത്. ഇപ്പോഴാകട്ടെ, വില വര്‍ദ്ധനയെ എതിര്‍ത്ത ജയ്പാല്‍ റെഡ്ഡിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച് 8.4 ഡോളര്‍ വില അവര്‍ നേടി. 

ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ കയറിയിറങ്ങുന്നതാണ് ഗ്യാസിന്റെ അന്താരാഷ്ട്ര വില. 2008ല്‍ ഒരു ബാരല്‍ എണ്ണയുടെ വില 80 ഡോളറില്‍ നിന്ന് 140 ഡോളറായും ആഗോള മാന്ദ്യകാലത്ത് അത് 40 ഡോളറിലേക്കിറങ്ങിയതും നാം കണ്ടതാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ ഊഹക്കച്ചവടത്തിന് അനുസരിച്ച് നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെയും വാതകത്തിന്റെയും വില കയറിയിറങ്ങുന്നതിന്റെ ന്യായമെന്ത്? ഉല്‍പാദനച്ചെലവിന്റെയും ന്യായമായ ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയല്ലേ ചെയ്യേണ്ടത്? ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഗ്യാസിന് രൂപയില്‍ വില നിശ്ചയിക്കാതെ ഡോളറില്‍ നിശ്ചയിക്കുന്നതിന്റെ യുക്തിയെന്താണ്? നമ്മുടെ രാജ്യത്തെ പെട്രോള്‍ ചില്ലറ വില്‍പന കമ്പനികളുടെ അനുമാനനഷ്ടത്തിന്റെ സിദ്ധാന്തം ഇപ്പോള്‍ ഉല്‍പാദനമേഖലയിലെ കമ്പനികള്‍ക്കു കൂടി ബാധകമാക്കുകയാണ്. 

വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളളലാഭം കൊടുക്കണമെന്നില്ല. നല്ല ലാഭം ഉറപ്പുവരുത്തിയാല്‍ മതി. പ്രകൃതിവാതക വില 4.2 ഡോളറായിരുന്നപ്പോഴാണ് കെജി ബേസിനിലെ റിലയന്‍സ് വിഹിതത്തിന്റെ 30 ശതമാനം 700 കോടി ഡോളറിന് ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റത്. പര്യവേഷണത്തിനും ഖനനത്തിനുമുളള മുതല്‍മുടക്ക് 240 കോടി ഡോളര്‍ ആണെന്നാണ് കരാറില്‍ പറഞ്ഞിരുന്നത്. ഓഹരിയില്‍ ചെറുഭാഗം വിറ്റ് അതിന്റെ 3 മടങ്ങോളം റിലയന്‍സ് മുതലാക്കി. എന്നിട്ടും കൊളളലാഭം കൊടുത്താല്‍ മാത്രമേ വിദേശ മൂലധനം വരൂ എന്നാണ് കേന്ദ്രം വാദിക്കുന്നത്. 

റിലയന്‍സിനു കിട്ടുന്ന ലാഭം സര്‍ക്കാരുമായി പങ്കുവെയ്ക്കണമെന്നായിരുന്നു കരാര്‍. സര്‍ക്കാരിന്റെ ലാഭവിഹിതം വെട്ടിക്കുറയ്ക്കുന്നതിനു റിലയന്‍സെടുത്ത അടവ് കുപ്രസിദ്ധമാണ്. കരാറെഴുതിയ ശേഷം മുതല്‍മുടക്ക് 240 കോടി ഡോളറില്‍ നിന്ന് 880 കോടി ഡോളറായി ഉയര്‍ത്തി. ഉല്‍പാദനശേഷി 40 ലക്ഷം ക്യൂബിക് മീറ്ററില്‍ നിന്ന് 80 ആയി ഉയര്‍ത്തുമെന്നാണ് അന്നു പറഞ്ഞ ന്യായം. നിശ്ചയമായും ഉല്‍പാദനശേഷി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ മൂലധനച്ചെലവു വേണം. പക്ഷേ, ഉല്‍പാദനം രണ്ടു മടങ്ങു കൂടുമ്പോല്‍ നിക്ഷേപം നാലു മടങ്ങു കൂട്ടേണ്ടി വരുന്നു പറയുന്നതിന്റെ യുക്തിയെന്ത്? ഉല്‍പാദന ശേഷി കൂടുന്തോറും ശരാശരി ഉല്‍പാദനചെലവു കുറയുകയാണ് ചെയ്യുന്നത്. ഇവിടെ നേരെ മറിച്ചാണ്. ഇതുസംബന്ധിച്ചും സിഎജി നിശിതമായ വിമര്‍ശനമാണ് നടത്തിയത്. 

എല്ലാറ്റിലുമുപരി ഫലത്തില്‍ കൃഷ്ണാ ഗോദാവരി ബേസിനിലെ 7500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള എണ്ണപ്പാടം ഉപാധിരഹിതമായി റിലയന്‍സിനു ലഭിച്ചിരിക്കുകയാണ്. കരാര്‍ ലഭിച്ച ഭൂമിയില്‍ നിന്ന് നിശ്ചിതസമയത്തിനുളളില്‍ പര്യവേഷണം നടത്തി കൃത്യമായി എണ്ണ കണ്ടുപിടിച്ചിട്ടില്ലെങ്കില്‍ ആ ഭൂമി സര്‍ക്കാരിനു തിരിച്ചു നല്‍കേണ്ടതാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാവുന്ന എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയതോ, 390 ചതുരശ്ര കിലോമീറ്ററിനുളളില്‍ മാത്രവും. ബാക്കി പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍പോലും റിലയന്‍സ് ഖനനം നടത്തിയിട്ടില്ല. എന്നാല്‍ 7500 ചതുരക്ര കിലോമീറ്ററും ഉപാധികളൊന്നുമില്ലാതെ റിലയന്‍സിനു വിട്ടുകൊടുത്തു. ഇതിനെക്കുറിച്ചും സിഎജി വിമര്‍ശിച്ചിട്ടുണ്ട്. സിഎജിയുടെ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണവും നടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന് ഇതൊന്നും ബാധകമല്ല. വീണ്ടും റിലയന്‍സിനു വേണ്ടി അവര്‍ വില വര്‍ദ്ധിപ്പിക്കുന്നു. 

2ജി സ്‌പെക്ട്രത്തിന്റെ പല മടങ്ങു വരുന്ന തീവെട്ടിക്കൊളളയാണ് കെജി ബേസിനില്‍ നടക്കുന്നത്. വിദേശമൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളള ലാഭം അനുവദിച്ചേ പറ്റൂ, അതിനുളള തുടക്കമാണത്രേ റിലയന്‍സിനു നല്‍കുന്ന ആനുകൂല്യം.

Friday, July 5, 2013

വീരപ്പ മൊയ്‌ലിയെ ആരാണ് പേടിപ്പിക്കുന്നത്?

'ഇവിടെ ലോബികളുണ്ട്. അവര്‍ ഇറക്കുമതി നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതു ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ലോബികളുണ്ട്. ഈ സ്ഥാനത്തിരുന്നവരെല്ലാം പലതവണ ഭീഷണിയ്ക്കു വിധേയരായിട്ടുണ്ട്'. കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി വീരപ്പമൊയ്‌ലിയുടെ വാക്കുകളാണിത്. മൊയ്‌ലിയുടെ വാക്കുകള്‍ കേട്ട് രാജ്യം ഒരുനിമിഷം അമ്പരന്നു. കേന്ദ്ര കാബിനറ്റു മന്ത്രിമാരെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്താന്‍ മാത്രം ശക്തരായ ലോബിയേതെന്നും അവരുടെ പിന്നിലാരെന്നുമൊക്കെ ആലോചിക്കുമ്പോള്‍ ആരും അമ്പരന്നു പോകും. പക്ഷേ, ആരാണ് ഇന്ത്യയിലെ ഇറക്കുമതി ലോബി എന്ന് ആലോചിക്കുമ്പോഴാണ് നാം ശരിക്കു ഞെട്ടുക. ഇന്ത്യയിലെ എണ്ണയുടെ ഇറക്കുമതിയുടെ സിംഹഭാഗവും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴിയാണ്. ഇന്ത്യയിലെ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിനെതിരെ അവര്‍ പെട്രോളിയം മന്ത്രിമാരെ തുടര്‍ച്ചായായി ഭീഷണിപ്പെടുത്തി പോലും. എന്തൊരസംബന്ധം.

സത്യം വേറെയാണ്. സിപിഐ നേതാവ് ഗുരുദാസ് ഗുപ്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്നാണ് വീരപ്പ മൊയ്‌ലിയുടെ സമനില തെറ്റിയത്. ആന്ധ്രാപ്രദേശിലെ കെജി ബേസിന്‍ എണ്ണപ്പാടം റിലയന്‍സ് തീറെഴുതി സ്വന്തമാക്കുമ്പോള്‍ ഭൃത്യവേഷത്തില്‍ നില്‍ക്കുന്ന കേന്ദ്രമന്ത്രിക്കാരെക്കുറിച്ചുളള വസ്തുതകളായിരുന്നു ആ ആരോപണങ്ങളുടെ കാതല്‍.

കരാര്‍ പ്രകാരമുളള അളവില്‍ കെജി ബേസിനില്‍ നിന്ന് ഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ റിലയന്‍സ് തയ്യാറായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ആര്‍ബിട്രേഷനു പോയി. നൂറു കോടി ഡോളര്‍ റിലയന്‍സ് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആര്‍ബിട്രേഷന്‍ തീരുമാനം. ഈ നഷ്ടപരിഹാരം റിലയന്‍സില്‍ നിന്ന് ഈടാക്കാനിറങ്ങിയ അന്നത്തെ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ആ ഒഴിവിലാണ് വീരപ്പമൊയ്‌ലി മന്ത്രിയായത്. റിലയന്‍സില്‍ നിന്ന് പിഴ ഈടാക്കാതെ അദ്ദേഹം ഫയല്‍ പൂഴ്ത്തി. ഇതായിരുന്നു ഗുരുദാസ് ഗുപ്തയുടെ പ്രധാന ആരോപണം.

വീരപ്പമൊയ്‌ലിയുടെ നാവിറങ്ങിപ്പോയതില്‍ അത്ഭുതമില്ല. റിലയന്‍സിന്റെ കണ്ണിലെ കരടായ തന്റെ മുന്‍ഗാമിയുടെ ഗതി അദ്ദേഹത്തിനു മുന്നിലുണ്ട്. ആരുടെ ഏതു ലക്ഷ്യം നേടാനാണ് തന്നെ സ്ഥാനമേല്‍പ്പച്ചതെന്നും അദ്ദേഹത്തിനു മറക്കാനാവില്ല. ആ മര്‍മ്മത്താണ് ഗുരുദാസ് ഗുപ്ത കുത്തിയത്. അസംബന്ധങ്ങളും ജല്‍പനങ്ങളുമായി പിടിച്ചു നില്‍ക്കാനുളള വീരപ്പ മൊയ്‌ലിയുടെ ശ്രമങ്ങളെ രാജ്യം സഹതാപത്തോടെയാണ് നോക്കിയത്.

റിലയന്‍സ് കമ്പനിയാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഗോദാവരി എണ്ണപ്പാടത്തിന്റെ നല്ലപങ്കും റിലയന്‍സ് കൈക്കലാക്കിക്കഴിഞ്ഞു. കരാര്‍ പ്രകാരം ഖനനം ചെയ്യേണ്ടിയിരുന്നത് 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ ഗ്യാസ് ആയിരുന്നു. എന്നാല്‍ 23 ദശലക്ഷം ക്യൂബിക് മീറ്റര്‍ മാത്രമാണ് ഉത്പാദനം. ഉത്പാദനം വെട്ടിക്കുറച്ചുതിനെക്കുറിച്ച് റിലയന്‍സിന് കൃത്യമായ വിശദീകരണങ്ങളൊന്നുമില്ല. റിലയന്‍സ് ഗ്യാസിനെ പൂര്‍ണമായും ആശ്രയിക്കുന്ന ആന്ധ്രാപ്രദേശിലെ നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ് പോലുളള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഗ്യാസിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സ് നടത്തിയ സമ്മര്‍ദ്ദതന്ത്രമായിരുന്നു ഉത്പാദനശേഷി പൂര്‍ണമായി വിനിയോഗിക്കാതിരിക്കല്‍. എന്നിട്ടും കരാര്‍ ലംഘിച്ച കമ്പനിയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. കമ്പനി റിലയന്‍സാണോ, തങ്ങള്‍ മുട്ടുമടക്കിയിരിക്കും എന്ന കേന്ദ്രസര്‍ക്കാരിന്റെ ദൃഢനിശ്ചയം രാജ്യത്തിനു ബോധ്യമായി. 'ഗ്യാസ് ഇല്ലാതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് വില കൂടിയാലും ഇന്ത്യയില്‍ നിന്നു തന്നെ ഗ്യാസ് കിട്ടുന്നത്' എന്നായിരുന്നു ചിദംബരത്തിന്റെ മഹദ്‌വചനം.

പ്രകൃതിവാതക വില ഇരട്ടിയാക്കുന്നു

ഒടുവില്‍ റിലയന്‍സിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഗ്യാസിന്റെ വില നേരെ ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ 4.2 ഡോളറുളള ഗ്യാസിന് അടുത്ത ഏപ്രില്‍ മാസം മുതല്‍ 8.4 ഡോളറാണ് വില. റിലയന്‍സിനെ സന്തോഷിപ്പിക്കാന്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചതിനു പുറമെ അവര്‍ നടത്തുന്ന ക്രമക്കേടുകള്‍ക്കും അഴിമതിയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഗോദാവരി എണ്ണപ്പാടങ്ങളില്‍ റിലയന്‍സിനു നല്‍കുന്ന അവിഹിത ഇളവുകളെയും പിന്നിലെ അഴിമതികളെയും കുറിച്ച് ഇപ്പോഴത്തെ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ 2007 മുതല്‍ പ്രധാനമന്ത്രിയ്ക്കും ഊര്‍ജ മന്ത്രിയ്ക്കും പെട്രോളിയം മന്ത്രാലയത്തിനും നിരന്തരമായി കത്തുകളെഴുതിയിട്ടും ഒരു നടപടിയുമില്ല. ഈ കത്തുകളില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശരിവെച്ചു. അതേക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്. എന്നിട്ടും റിലയന്‍സിന്റെ ആവശ്യങ്ങള്‍ നിര്‍ബാധം അംഗീകരിക്കപ്പെടുന്നു.

റിലയന്‍സ് ഗ്യാസിന്റെ വില 4.2 ഡോളറായി നിശ്ചയിച്ച രീതിയെക്കുറിച്ച് സി ആന്‍ഡ് എജിയുടെ നിശിതവിമര്‍ശനം നിലനില്‍ക്കവെയാണ് വില 8.4 ഡോളറാക്കാനുളള തീരുമാനം. എണ്ണ പര്യവേഷണത്തിന് വലിയ മുതല്‍മുടക്ക് വേണ്ടിവരുമെന്നാണ് പുതിയ തീരുമാനത്തിനു പറയുന്ന ന്യായീകരണം. ഈ മുടക്കുമുതലിന്റെ കണക്കും ഊതിവീര്‍പ്പിച്ചതാണെന്ന് സി ആന്‍ഡ് എജി തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, പര്യവേഷണം നടത്താതെ തരിശായിട്ട ഭൂമി കരാര്‍ പ്രകാരം ഏറ്റെടുക്കാത്തതിനും കേന്ദ്രസര്‍ക്കാരിനെ സി ആന്‍ഡ് എജി നിശിതമായി വിമര്‍ശിച്ചു. ഈ വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കെയാണ് റിലയന്‍സിന് അനുകൂലമായ പുതിയ തീരുമാനം. സിഎജിയ്ക്കും അവരുടെ റിപ്പോര്‍ട്ടു പരിശോധിക്കേണ്ട പാര്‍ലമെന്റിനും പുല്ലുവിലയാണ് മന്‍മോഹന്‍ സിംഗും സംഘവും കല്‍പ്പിക്കുന്നത്.

കൃഷ്ണാ ഗോദാവരി ബേസിനില്‍ പ്രകൃതി വാതകം ഖനനം ചെയ്യുന്നതിനുളള ചെലവ് എത്രയാണ്? കൃത്യമായ കണക്ക് പരസ്യമല്ല. പക്ഷേ, നമുക്കൊന്നറിയാം. 2009ല്‍ ഒഎന്‍ജിസി പ്രകൃതി വാതകം 1.83 ഡോളറിനാണ് വിറ്റിരുന്നത്. എന്തായാലും ഉല്‍പാദന ചെലവ് അതിനെക്കാള്‍ താഴെയായിരിക്കുമല്ലോ. തങ്ങളുടെ ഉത്പാദന ചെലവ് 1.43 ഡോളറാണെന്ന് ചേട്ടന്‍ അംബാനിയും അനിയന്‍ അംബാനിയും തമ്മില്‍ സുപ്രിംകോടതിയില്‍ നടന്ന കേസില്‍ റിലയന്‍സ് സമ്മതിച്ചിട്ടുളളതാണ്. എന്തിന്, 2004ല്‍ എന്‍ടിപിസിയ്ക്കു 17 വര്‍ഷം 2. 34 ഡോളറിന് ഗ്യാസ് നല്‍കാമെന്ന് കരാര്‍ ഒപ്പുവെച്ചവരാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു വിശദീകരണവും നല്‍കാതെ 2007ല്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഗ്യാസിന്റെ വില 4.2 ഡോളറായി ഉയര്‍ത്തി പ്രഖ്യാപിച്ചത്. അതാണിപ്പോള്‍ 8.4 ഡോളറായി ഉയര്‍ത്തിയിട്ടുളളത്. ഒരു യൂണിറ്റ് ഗ്യാസ് ഉല്‍പാദനത്തിലെ ലാഭം ഉല്‍പാദനച്ചെലവിന്റെ 5 മടങ്ങാണ്.

തീവെട്ടിക്കൊളളയ്ക്കുളള ന്യായങ്ങള്‍ 

ഒന്ന്, രാജ്യം ഭീമമായ വ്യാപാരക്കമ്മിയെ നേരിടുകയാണ്. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്ക് എണ്ണയും പ്രകൃതി വാതകവുമാണ്. അടിയന്തരമായി നമ്മുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാല്‍ ഇറക്കുമതി കുറയ്ക്കാന്‍ കഴിയും, വിദേശ വ്യാപാരത്തിലെ പ്രതിസന്ധി കുറച്ചൊക്കെ ശമിപ്പിക്കാനും കഴിയും. പക്ഷേ, നാം കണ്ടതുപോലെ 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകം ഉല്‍പാദിപ്പിക്കാന്‍ കരാറെടുത്തിരുന്ന റിലയന്‍സ് അതിന്റെ മൂന്നിലൊന്നേ ഉല്‍പാദിപ്പിക്കുന്നുളളൂ. രാജ്യത്തെ വിദേശ വിനിമയ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നിര്‍ത്തി മുട്ടുകുത്തിക്കുകയാണ് ഈ കുത്തക ചെയ്യുന്നത്. ഇതിനകം കണ്ടുപിടിക്കപ്പെട്ട പ്രകൃതിവാതകം ഖനനം ചെയ്യാന്‍ റിലയന്‍സ് തയ്യാറല്ലെങ്കില്‍ എന്തുകൊണ്ട് ഈ എണ്ണപ്പാടം പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയെ ഏല്‍പ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൂടാ. ഇപ്പോള്‍ നിയമവിരുദ്ധമായി ഉല്‍പാദനം നടത്താതെ റിസര്‍വ് ചെയ്ത വാതകത്തിനും ഇരട്ടിവില റിലയന്‍സിനു ലഭിക്കാന്‍ പോവുകയാണ്. ചുരുങ്ങിയ പക്ഷം സര്‍ക്കാര്‍ നിശ്ചയിച്ച 4.2 ഡോളര്‍ പ്രാബല്യത്തിലിരുന്ന കാലത്ത് ഉല്‍പാദിപ്പിക്കാതിരുന്ന പ്രകൃതി വാതകത്തെയെങ്കിലും ഭാവി വിലവര്‍ദ്ധനയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതായിരുന്നു. അതിനു പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

രണ്ട്, എണ്ണ പര്യവേഷണത്തിലേയ്ക്കും ഖനനത്തിലേയ്ക്കും വിദേശ കുത്തകകളെ ആകര്‍ഷിക്കുന്നതിന് അവര്‍ക്ക് അന്തര്‍ദേശീയ വിപണിയിലെ വില നമ്മുടെ രാജ്യത്തും നല്‍കാന്‍ തയ്യാറാകണമെന്നുളളതാണ്. ഗ്യാസിന്റെ അന്താരാഷ്ട്ര വിലയെന്നു പറയുന്നത് ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ കയറിയിറങ്ങുന്ന വിലയാണ്. 2008ല്‍ ഒരു ബാരല്‍ എണ്ണയുടെ വില 80 ഡോളറില്‍ നിന്ന് 140 ഡോളറായും ആഗോള മാന്ദ്യം പൊട്ടിപ്പുറപ്പെട്ടതോടെ താഴേയ്ക്കിറങ്ങി 40 ഡോളറിലേയ്‌ക്കെത്തിയതു നാം കണ്ടതാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെയും വാതകത്തിന്റെയും വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിന്റെ ന്യായമെന്ത്? ഉല്‍പാദനച്ചെലവിന്റെയും ന്യായമായ ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയല്ലേ ചെയ്യേണ്ടത്?

നമ്മുടെ രാജ്യത്തെ പെട്രോള്‍ ചില്ലറ വില്‍പന കമ്പനികളുടെ അനുമാനനഷ്ടത്തിന്റെ സിദ്ധാന്തം ഇപ്പോള്‍ ഉല്‍പാദനമേഖലയിലെ കമ്പനികള്‍ക്കു കൂടി ബാധകമാക്കുകയാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളളലാഭം കൊടുക്കണമെന്നില്ല. നല്ല ലാഭം ഉറപ്പുവരുത്തിയാല്‍ മതി. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വില 4.2 ഡോളറായിരിക്കുന്ന കാലത്താണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 30 ശതമാനം ഓഹരികള്‍ 700 കോടി ഡോളറിന് ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റത്. കേന്ദ്രസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട വേളയില്‍ ആകെ 240 കോടി ഡോളര്‍ മാത്രമേ പര്യവേഷണത്തിനും ഖനനത്തിനും വേണ്ടി മുതല്‍മുടക്കേണ്ടി വരൂ എന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത് എന്നോര്‍ക്കണം. മുതല്‍മുടക്കിന്റെ 3 മടങ്ങളോളം ഓഹരിയില്‍ ചെറുഭാഗം വിറ്റ് റിലയന്‍സ് മുതലാക്കിക്കഴിഞ്ഞു. എന്നിട്ടും കൊളളലാഭം കൊടുത്താല്‍ മാത്രമേ വിദേശ മൂലധനം വരൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

അതുമാത്രമല്ല, നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വാതകത്തിന്റെ വില എന്തിന് ഡോളറില്‍ നിശ്ചയിക്കണം. നാം വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമല്ലല്ലോ. ഡോളറില്‍ വില നിശ്ചയിച്ചതിന്റെ ഫലമായി റിലയന്‍സിന് രൂപയുടെ മൂല്യമിടിയുമ്പോഴൊക്കെ രൂപാക്കണക്കില്‍ കൂടുതല്‍ ലാഭവും കിട്ടും.

ഊതിവീര്‍പ്പിച്ച മൂലധന ചെലവുകള്‍

മൂന്ന്, റിലയന്‍സിനു കിട്ടുന്ന ലാഭം മുഴുവന്‍ അംബാനിക്കല്ല, സര്‍ക്കാരിനും കിട്ടും എന്നുളളതാണ് മറ്റൊരു ന്യായം. റിലയന്‍സുമായിട്ടുളള കരാര്‍ പ്രകാരം പ്രകൃതി വാതക പാടത്തില്‍ നിന്നുളള ലാഭം സര്‍ക്കാരുമായി പങ്കുവെയ്‌ക്കേണ്ടതാണ്. പക്ഷേ, അതിന് വിചിത്രമായ ഒരു ഫോര്‍മുലയാണ് ഉണ്ടാക്കിയിട്ടുളളത്. അതുപ്രകാരം ഓരോ വര്‍ഷവും അതുവരെയുളള മൊത്തം ലാഭവും അതുവരെയുളള മൊത്തം നിക്ഷേപവും താരതമ്യപ്പെടുത്തി വേണം സര്‍ക്കാരിന്റെ വിഹിതം നിശ്ചയിക്കാന്‍. അതായത് അതുവരെയുളള ലാഭം നിക്ഷേപത്തിന്റെ ഒന്നര മടങ്ങില്‍ താഴെയാണെങ്കില്‍ പത്തു ശതമാനം ലാഭം സര്‍ക്കാരിനു നല്‍കിയാല്‍ മതി. 1.5നും 2നും ഇടയ്ക്കാണ് ഈ തോതെങ്കില്‍ 16 ശതമാനം നല്‍കണം. 2നും 2.5നും ഇടയിലാണെങ്കില്‍ 28 ശതമാനം നല്‍കണം. 2.5യ്ക്കു മുകളിലാണെങ്കില്‍ വാര്‍ഷിക ലാഭത്തിന്റെ 85 ശതമാനവും സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. പ്രത്യക്ഷത്തില്‍ ഇത് വളരെ വിപ്ലവകരമായ ഒരു തീരുമാനമായി തോന്നാം. എന്നാല്‍ രാഷ്ട്രത്തിന്റെ മേല്‍ നടത്തിയ വലിയൊരു കളളക്കളിയാണിത്. കണക്കിന്റെ കസര്‍ത്തിലൂടെ ലാഭം കൂട്ടാനും കുറയ്ക്കാനും പറ്റും. അതുകൊണ്ട് പ്രകൃതിവാതക വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച രംഗരാജന്‍ പോലും ലാഭം പങ്കിടുന്നതിനല്ല ശ്രമിക്കേണ്ടത്, മൊത്തം വാതകം വിറ്റുകിട്ടുന്ന വരുമാനത്തില്‍ നിശ്ചിതശതമാനം സര്‍ക്കാരിന്റെ വിഹിതമായി നിശ്ചയിക്കണം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. രണ്ടാമതായി നിക്ഷേപത്തിന്റെ എണ്ണ പര്യവേഷണത്തിനും ഖനനത്തിനുമായി വേണ്ടിവന്ന മുടക്കുമുതല്‍ പെരുപ്പിച്ചു കാണിച്ചാല്‍ സര്‍ക്കാരിനു കിട്ടേണ്ട ലാഭം ഗണ്യമായി കുറയ്ക്കാനാവും. ഇതാണ് റിലയന്‍സ് ചെയ്തത്.

2004ല്‍ റിലയന്‍സുമായി ഉണ്ടാക്കിയ യഥാര്‍ത്ഥ കരാറില്‍ 40 ദശലക്ഷം മെട്രിക് ക്യൂബിക് മീറ്റര്‍ വാതകം ദിവസം തോറും ഖനനം ചെയ്‌തെടുക്കാമെന്നും ഇതിനു വേണ്ടിയുളള മുതല്‍മുടക്ക് 240 കോടി ഡോളറാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 2006ല്‍ കരാറിന് ഒരനുബന്ധവും കൂട്ടിച്ചേര്‍ത്തു. അതുപ്രകാരം ഉല്‍പാദനം 80 ദശലക്ഷം ക്യൂബിക് മീറ്ററായി ഉയര്‍ത്തി. അതോടൊപ്പം മൂലധന നിക്ഷേപം 240 കോടിയില്‍ നിന്ന് 880 കോടിയായി ഉയര്‍ത്തുകയും ചെയ്തു. ഇതിലെ അസംബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തപന്‍ സെന്‍ പ്രധാനമന്ത്രിയ്ക്ക് ആദ്യത്തെ കത്തെഴുതിയത്. നിശ്ചയമായും ഉല്‍പാദനശേഷി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ മൂലധനച്ചെലവു വേണം. പക്ഷേ, ഉല്‍പാദനം രണ്ടു മടങ്ങു കൂടുമ്പോല്‍ നിക്ഷേപം നാലു മടങ്ങു കൂട്ടേണ്ടി വരുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഉല്‍പാദന ശേഷി കൂടുന്തോറും ഒരോ യൂണിറ്റ് വാതകത്തിന്റെയും ഉല്‍പാദനത്തിനു വേണ്ടി വരുന്ന ശരാശരി ചെലവു കുറയുകയാണ് ചെയ്യുന്നത്. ഇവിടെ നേരെ മറിച്ചാണ്.

കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഇതു സംബന്ധിച്ച് നിശിതമായ വിമര്‍ശനമാണ് നടത്തിയിട്ടുളളത്. തട്ടിപ്പിന്റെ വിവിധങ്ങളായ ഏര്‍പ്പാടുകളെക്കുറിച്ച് സിഎജി വിവരിക്കുന്നുണ്ട്. പലതിനും ഒറ്റ ലേലക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. അതു പലപ്പോഴും റിലയന്‍സിന്റെ അനുബന്ധ കമ്പനികള്‍ തന്നെയായിരുന്നു. പ്രകൃതിവാതക പര്യവേഷണത്തിലോ ഖനനത്തിലോ യാതൊരു മുന്‍പരിചയമോ ഇല്ലാത്ത ആക്കര്‍ എന്ന കമ്പനിയ്ക്കാണ് മറ്റു ലേലക്കാരൊന്നുമില്ലതെ 200 കോടി ഡോളറിന്റെ ഒരു കരാര്‍ നല്‍കിയത്. മറ്റൊരു രീതി ചെറിയൊരു തുകയ്ക്കു കരാര്‍ ഉറപ്പിച്ചശേഷം സ്‌പെസിഫിക്കേഷനിലും മറ്റും മാറ്റം വരുത്തി കരാര്‍ തുകയില്‍ ഭീമമായ വര്‍ദ്ധന അനുവദിക്കലാണ്. രണ്ടു സര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന നാലുപേരുടെ ഒരു മാനേജിംഗ് കമ്മിറ്റി ഈ കളളക്കളികള്‍ക്കെല്ലാം മാപ്പു സാക്ഷികളായിരുന്നു.

ഇപ്രകാരം മൂലധന ചെലവ് ഉയര്‍ത്തിവെച്ചതിന്റെ യഥാര്‍ത്ഥ നേട്ടമെന്താണ്? മൊത്തം ലാഭവും മൂലധനച്ചെലവും തമ്മിലുളള അനുപാതം 2.5 കഴിഞ്ഞാല്‍ 85 ശതമാനം വാര്‍ഷിക ലാഭവും സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു നേരത്തെ പറഞ്ഞുവല്ലോ. മൂലധനച്ചെലവ് 220 കോടി ഡോളറില്‍ നിന്ന് 820 കോടി ഡോളറായി ഉയര്‍ത്തിയതോടെ അടുത്തകാലത്തെങ്ങും സര്‍ക്കാരിന് 85 ശതമാനം പോകട്ടെ, 28 ശതമാനം പോലും ലാഭവിഹിതംപോലും കിട്ടാന്‍ പോകുന്നില്ല.

നാടിന്റെ പൊതുസ്വത്ത് റിലയന്‍സിനു സ്വന്തം.

പ്രകൃതി വാതക ഖനനത്തില്‍ നിന്നുളള ലാഭം ഊറ്റിയെടുക്കുന്നത് മാത്രമല്ല പ്രശ്‌നം. ഫലത്തില്‍ കൃഷ്ണാ ഗോദാവരി ബേസിനിലെ 7500 ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന എണ്ണപ്പാട മേഖല റിലയന്‍സ് കമ്പനിയ്ക്ക് ഏതാണ്ട് ഉപാധിരഹിതമായി ലഭിച്ചിരിക്കുകയാണ്. കല്‍ക്കരി ഖനികള്‍ അനുവദിച്ചു കിട്ടിയ കമ്പനികള്‍ കല്‍ക്കരി ഖനനം ചെയ്യാതെ അവ തങ്ങളുടെ കരുതല്‍ ശേഖരമായി സൂക്ഷിച്ചതാണല്ലോ കല്‍ക്കരി കുംഭകോണത്തിലെ ഒരു പ്രധാനപ്പെട്ട അഴിമതി. ഇങ്ങനെ എണ്ണപ്പാടം കൈക്കലാക്കി ഖനനം ചെയ്യാതെ തരിശിടുന്നതിനെതിരെ കരാറില്‍ കൃത്യമായ വ്യവസ്ഥയുണ്ട്. പ്രകൃതി വാതകവും എണ്ണയും പര്യവേഷണം നടത്തുന്നതിന് സമയബന്ധിതമായ മൂന്നു ഘട്ടങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എണ്ണ വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ചെയ്യാമെന്നു കണ്ടെത്തുന്ന പ്രദേശത്തു മാത്രമേ ഓരോ ഘട്ടം കഴിയുമ്പോഴും റിലയന്‍സിന് അവകാശമുണ്ടാകൂ. ബാക്കി കടല്‍പ്രദേശം സര്‍ക്കാരിന് തിരിച്ചു നല്‍കണം.

390 ചതുരക്ര കിലോമീറ്ററിനുളളില്‍ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാവുന്ന എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയിട്ടുളളൂ. ബാക്കി പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രില്ലു ചെയ്യുന്നതിനു പോലും റിലയന്‍സിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ കരാര്‍ പ്രകാരം 390 ചതുരശ്ര കിലോമീറ്ററിനു പുറത്തുളള കടല്‍പ്രദേശം സര്‍ക്കാരില്‍ തിരികെ നിക്ഷിപ്തമാക്കേണ്ടതായിരുന്നു. തപന്‍സെന്‍ ഇതുസംബന്ധിച്ച് ഒരു കത്തെഴുതി. സര്‍ക്കാരിന്റെ പ്രതികരണം ലജ്ജാകരമായിരുന്നു. മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ 7500 ചതുരക്ര കിലോമീറ്ററും ഉപാധികളൊന്നുമില്ലാതെ റിലയന്‍സിനു വിട്ടുകൊടുത്തു. റിലയന്‍സ് പറഞ്ഞത് അവര്‍ക്ക് ഡ്രില്ലു ചെയ്ത് എണ്ണയോ വാതകമോ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഭൂകമ്പമാപിനികളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഇതിനകം പ്രകൃതിവാതകവും എണ്ണയും ഉണ്ടെന്ന് തെളിയിക്കപ്പെട്ട പ്രദേശത്തിന്റെ ഞരമ്പുകള്‍ 7500 ചതുരക്ര കിലോമീറ്റര്‍ പ്രദേശത്തും പരന്നു കിടക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെയെല്ലാം എണ്ണയും വാതകവും കണ്ടുപിടിച്ചതായി കരുതണം എന്നായിരുന്നു. സര്‍ക്കാര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. സി ആന്‍ഡ് എജി ഇതിനെതിരെയും നിശിത വിമര്‍ശനം നടത്തി.

ഗോദാവരിയിലെ എണ്ണയും പ്രകൃതി വാതകവും രാജ്യത്തിന്റെ പൊതുസ്വത്താണ്. ഭരണഘടനയുടെ 297-ാം വകുപ്പു പ്രകാരം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയ്ക്കുളളിലോ സാമ്പത്തിക സമുദ്ര മേഖലയ്ക്കുളളിലോ ഉളള എല്ലാ ഖനിജങ്ങളും ഇന്ത്യാ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതു ജനങ്ങളുടെ സ്വത്താണ്. അതിന്റെ ട്രസ്റ്റീ അധികാരിയാണ് ഇന്ത്യാ സര്‍ക്കാര്‍. സുപ്രിംകോടതി സംശയരഹിതമായി വ്യക്തമാക്കിയ നിയമനിലയാണിത്. ഈയൊരു വിധി കെജി ബേസിന്‍ സംബന്ധിച്ചു തന്നെ ഉണ്ടാക്കുന്നതില്‍ ഒരു പ്രധാനപങ്ക് ഇപ്പോള്‍ നാടിന്റെ സ്വത്തെടുത്തുളള തിരിമറികള്‍ക്കു നേതൃത്വം നല്‍കുന്ന മുകേഷ് അംബാനി വഹിച്ചിട്ടുണ്ട് എന്നത് ഒരു വിധി വൈപരീത്യമായി കാണണം.

2002-ല്‍ ധീരുഭായി അംബാനി മരിച്ചു. മക്കളായ മുകേഷും അനിലും സ്വത്തു പങ്കു വെയ്ക്കലിനെക്കുറിച്ചുളള തര്‍ക്കവുമാരംഭിച്ചു. ഒടുവില്‍ തര്‍ക്കം അവസാനിച്ചു. കെജി ബേസിനിലെ ഗ്യാസ് ഉല്‍പാദനത്തില്‍ നിന്നുളള ലാഭം പങ്കുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിരുന്ന റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയെ രണ്ടായി പകുത്തുകൊണ്ടാണ് തര്‍ക്കം അവസാനിച്ചത്. റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് മുകേഷ് അംബാനിയ്ക്കും റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സ് ലിമിറ്റഡ് അനില്‍ അംബാനിയ്ക്കും.

അനിലിന്റെ കമ്പനിയ്ക്ക് 2.34 ഡോളര്‍ വിലയ്ക്ക് പ്രകൃതി വാതകം നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടപ്പോള്‍ അനില്‍ കോടതിയില്‍ പോയി. അനിലിനെ തോല്‍പ്പിക്കാനായി മുകേഷ് സുപ്രിംകോടതിയില്‍ നടത്തിയ വാദമിതായിരുന്നു. പ്രകൃതിവാതകം കേന്ദ്രസര്‍ക്കാരിന്റെ സ്വത്താണ്. അതിനെന്തു വില വേണമെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സ്വകാര്യകരാറുകളും കേന്ദ്രസര്‍ക്കാരിന്റെ തീര്‍പ്പിനു വിധേയമായിരിക്കും. ഈ വാദത്തിനു വേണ്ടി പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനു വേണ്ടി ചില പ്രധാന പത്രപ്രവര്‍ത്തകരുമായി നടത്തിയ രഹസ്യസംഭാഷണങ്ങളെല്ലാം ഇന്നു പരസ്യമാണ്. സുപ്രിംകോടതി ഈ വാദം അംഗീകരിച്ചു. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിലയാകട്ടെ, ഒഎന്‍ജിസി വിറ്റുകൊണ്ടിരുന്നതിന്റെ ഏതാണ്ട് ഇരട്ടി വരുന്ന വിലയായിരുന്നുവെന്നു മാത്രം - ദശലക്ഷം ക്യൂബിക് മീറ്ററിന് 4.2 ഡോളര്‍.

ഇന്ത്യാ സര്‍ക്കാര്‍ ഇത്ര ധൃതി പിടിച്ചു തീരുമാനമെടുത്തതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പതിനേഴ് വര്‍ഷത്തേയ്ക്കു രണ്ടു ഡോളറിന് എന്‍ടിപിസിയ്ക്കു പ്രകൃതി വാതകം നല്‍കാമെന്ന് റിലയന്‍സ് കരാറിലേര്‍പ്പെട്ടിരുന്നു. എന്‍ടിപിസി നല്‍കിയ പരസ്യ ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കുറവു ക്വോട്ടു ചെയ്താണ് ഈ കരാര്‍ നേടിയത്. എന്നാല്‍ ഈ കരാറില്‍ നിന്ന് റിലയന്‍സ് പിന്മാറി. ചര്‍ച്ചകളെല്ലാം വിഫലമായപ്പോള്‍ എന്‍ടിപിസി കോടതിയില്‍ പോയി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ പിന്താങ്ങിയില്ല. മാത്രമല്ല, പൊതുമേഖലാ സ്ഥാപനത്തെ തോല്‍പ്പിക്കാന്‍ സബ്ജുഡീസായ ഒരു കാര്യത്തല്‍ ധൃതിപിടിച്ച് തീരുമാനവുമെടുത്തത്. 2009ലേ ഉല്‍പാദനം ആരംഭിക്കുകയുളളൂവെങ്കിലും 2007ല്‍ പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറായി നിശ്ചയിച്ചു. ഈ ധൃതിയുടെ പിന്നില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ. റിലയന്‍സിനെ എന്‍ടിപിസിയോടുളള കരാറില്‍ നിന്ന് രക്ഷിക്കുക. സര്‍ക്കാര്‍ തന്നെ 4.2 ഡോളര്‍ വില നിശ്ചയിച്ചാല്‍ പിന്നെ എന്‍ടിപിസി കരാറിന് വല്ല വിലയുമുണ്ടോ?

എന്തിനു വേണ്ടി?

രാഷ്ട്രചരിത്രത്തിലെ ഏറ്റവും ലജ്ജാവഹമായ ഒരധ്യായമായി മാറിയിരിക്കുകയാണ് റിലയന്‍സും കേന്ദ്രസര്‍ക്കാരുമായുളള അവിശുദ്ധ ബന്ധം. പക്ഷേ, ലക്ഷ്യം റിലയന്‍സിനെ സഹായിക്കുക മാത്രമാണ്. ഇന്ത്യയില്‍ ഖനനം ചെയ്‌തെടുക്കുന്ന അയിരുകളും എണ്ണയും പ്രകൃതിവാതകത്തിന്റെയുമെല്ലാം കമ്പോളത്തില്‍ അന്തര്‍ദേശീയ വിപണിയുമായി ഉദ്ഗ്രഥിക്കുക എന്നതാണ് ദീര്‍ഘനാളിലെ ലക്ഷ്യം. അതിന് ഇന്ത്യ തയ്യാറാണ് എന്ന സൂചനയാണ് പ്രകൃതിവാതക വില വര്‍ദ്ധനയിലൂടെ ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇറക്കുമതി വിലയെക്കാള്‍ താഴെയാണ് ഈ വിലയെങ്കിലും ഇനിമേല്‍ അന്തര്‍ദേശീയ വിലയുമായി നിശ്ചിതാനുപാതത്തില്‍ ഈ വില മാറിക്കൊണ്ടിരിക്കും. ഇത്തരത്തിലുളള നടപടികള്‍ വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം വളര്‍ത്തും എന്നാണ് കരുതുന്നത്. ആഗോളീകരണ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചതിനു ശേഷം ആദ്യമായി സമീപമാസങ്ങളില്‍ ഇന്ത്യയില്‍ നിന്നും സമീപകാലത്ത് വിദേശ മൂലധനം ഇന്ത്യയിലെ ബോണ്ട് - ഷെയര്‍ മാര്‍ക്കറ്റുകളിലെ വിദേശമൂലധനം പിന്‍വലിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷനിക്ഷേപവും കുറഞ്ഞിരിക്കുന്നു. വലിയ വ്യാപാരക്കമ്മി നേരിടുന്ന കാലത്ത് ഈ പ്രവണത തുടര്‍ന്നാല്‍ രാജ്യം കരകയറാനാവാത്ത വിദേശ നാണയ പ്രതിസന്ധിയിലേയ്ക്കു വഴുതി വീഴും. രണ്ടുപതിറ്റാണ്ടത്തെ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഈ പതനത്തിലാണ് എത്തിച്ചത്.

കെജി ബേസിനില്‍ നടക്കുന്നത് 2ജി സ്‌പെക്ട്രത്തിന്റെ പല മടങ്ങു വരുന്ന തീവെട്ടിക്കൊളളയാണ്. പക്ഷേ, പ്രധാനപ്രതിപക്ഷ കക്ഷിയായ ബിജെപിയും റിലയന്‍സിന്റെ കാര്യം വരുമ്പോള്‍ പൂര്‍ണ നിശബ്ദതയാണ്. ഇടതുപക്ഷ നേതാക്കളൊഴികെ ഒരൊറ്റ രാഷ്ട്രീയ നേതാവും വിമര്‍ശനവുമായി മുന്നോട്ടു വന്നിട്ടില്ല. അഴിമതിക്കെതിരെയുളള പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാത്ത നിലപാട് ഇടതുപക്ഷത്തിനേ സാധ്യമാകൂ. കാരണം ഈ കാലഘട്ടത്തിലെ അഴിമതി വ്യക്തിപരമായ അപഭ്രംശങ്ങളുടെ ഫലമല്ല. പുതിയ ആഗോളവത്കരണ നയങ്ങളുടെ അനിവാര്യഫലമാണ്. ഈ നയങ്ങളുടെ വക്താക്കള്‍ക്ക് എങ്ങനെ അഴിമതിയെ എതിര്‍ക്കാനാവൂം?

Wednesday, June 26, 2013

ഡോളറിനുമുന്നില്‍ മുട്ടുമടക്കുന്ന രൂപ


Dhanavicharam, Mathrubhumi June 25, 2013

നിങ്ങള്‍ പ്രവാസിയാണെന്നിരിക്കട്ടെ. മെയ് ആദ്യം നാട്ടിലേക്ക് അയച്ച ഓരോ ഡോളറിനും 52 രൂപ വെച്ചാണ് വീട്ടില്‍ കിട്ടിയത്. അതായിരുന്നു, രൂപയുടെ അന്നത്തെ വിനിമയനിരക്ക്. ഇന്നത് 59 രൂപയാണ്. രൂപയുടെ വിനിമയനിരക്ക് ഇടിഞ്ഞു. രൂപയുടെ വിനിമയനിരക്ക് ഇടിയുമ്പോള്‍ പ്രവാസികള്‍ക്ക് കുശാലാണ്. ജൂണ്‍ മാസത്തില്‍ സാധാരണ ലഭിക്കാറുള്ള പ്രവാസിനിക്ഷേപത്തിന്റെ ഇരട്ടിത്തുകയാണ് ബാങ്കുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നമ്മുടെ ബാങ്കുകള്‍ക്കും ചാകരയാണ്. 'രൂപ താഴേക്ക്, ഇത് നിങ്ങള്‍ക്കൊരു അവസരം' എന്ന ഇ-മെയില്‍ പരസ്യംപോലും ചില ബാങ്കുകള്‍ നല്‍കിയത്രേ.

രൂപയുടെ വിലയിടിയുന്നത് പ്രവാസികള്‍ ഏറെയുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്കും കയറ്റുമതിക്കാര്‍ക്കും നേട്ടമുണ്ടാക്കും. പക്ഷേ, രാജ്യത്തിന് പൊതുവേ അത് ഗുണകരമല്ല. എന്തുകൊണ്ട്?

രൂപയുടെ ഇടിയുന്ന വിനിമയനിരക്കിനെക്കുറിച്ച് മാതൃഭൂമി ന്യൂസില്‍ വന്ന റിപ്പോര്‍ട്ടില്‍ കൗതുകകരമായ ഒരു സംഭവം പരാമര്‍ശിക്കുന്നുണ്ട്. നേട്ടം കൊയ്യാന്‍ ചില പ്രവാസികള്‍ ഡോളര്‍ കടംവാങ്ങി നാട്ടിലേക്ക് അയയ്ക്കുന്നുവത്രേ. ഈ കടം പിന്നീട് വരുമാനത്തില്‍നിന്ന് തിരിച്ചുനല്‍കാമെന്നാണല്ലോ അവരുടെ കണക്കുകൂട്ടല്‍. പക്ഷേ, ഇന്നത്തെ സ്ഥിതിഗതികള്‍ വെച്ചുനോക്കുമ്പോള്‍ ഡോളറിന്റെ വിനിമയനിരക്ക് 65-ഓ 70-ഓ രൂപയായി താഴ്ന്നാലും അദ്ഭുതപ്പെടാനില്ല. അങ്ങനെവന്നാല്‍ കടംവാങ്ങി ഡോളറയച്ച പ്രവാസിക്കെന്ത് സംഭവിക്കും? 60 രൂപ നിരക്കില്‍ എടുത്ത ഡോളര്‍ തിരിച്ചുകൊടുക്കാന്‍ 65-ഓ 70-ഓ രൂപ ലഭിക്കാവുന്ന ഡോളര്‍ നല്‍കേണ്ടിവരും. ഊഹക്കച്ചവടം നഷ്ടമാകുമെന്നര്‍ഥം.

നൂറോ ആയിരമോ ഡോളറിന്റെ കടമുള്ള പ്രവാസികള്‍ പരല്‍മീനുകള്‍ മാത്രം.  ലക്ഷക്കണക്കിന് ഡോളര്‍ ഇന്ത്യയിലേക്ക് അയയ്ക്കുകയും തിരിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന വമ്പന്‍ സ്രാവുകളുണ്ട് - വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ്). മൂന്നുതരത്തിലാണ് അവര്‍ പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ആദ്യത്തേത് പ്രത്യക്ഷ മൂലധനനിക്ഷേപം. ഫാക്ടറികളും മറ്റും നടത്തുന്നതിനുള്ള മുതല്‍മുടക്കാണിത്. ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിനുള്ള മുതല്‍മുടക്കാണ് രണ്ടാമത്തെ ഇനം. ഇന്ത്യയിലെ സര്‍ക്കാറും ധനകാര്യസ്ഥാപനങ്ങളും മറ്റ് വാണിജ്യസ്ഥാപനങ്ങളും ഇറക്കുന്ന കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ വരുന്നവരാണ് മൂന്നാമത്തെ കൂട്ടര്‍.

ആദ്യത്തെ കൂട്ടര്‍ അത്ര അപകടകാരികളല്ല. പുതിയ സാങ്കേതികവിദ്യയും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെങ്കില്‍ അവയെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍, ഓഹരിക്കമ്പോളത്തിലും ബോണ്ട് കമ്പോളത്തിലും കളിക്കാന്‍ വരുന്നവര്‍ ഊഹക്കച്ചവടം തൊഴിലാക്കിയിട്ടുള്ളവരാണ്. അവര്‍ നമ്മുടെ നാട്ടില്‍ മുതല്‍മുടക്കുമ്പോള്‍ നമുക്ക് ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം ലഭിക്കും. അത് പിന്‍വലിക്കുമ്പോള്‍ ഡോളര്‍ അല്ലെങ്കില്‍ വിദേശനാണയം മടക്കിനല്‍കണം. പ്രത്യക്ഷമൂലധന നിക്ഷേപം പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ല. എന്നാല്‍, രണ്ടും മൂന്നും ഇനക്കാര്‍ക്ക് കമ്പ്യൂട്ടറിലെ ക്ലിക്കുകൊണ്ട് ലക്ഷക്കണക്കിന് ഡോളര്‍ പുറത്തുകൊണ്ടുപോകാം. അപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ ഡോളറില്ലെങ്കില്‍ ഡോളറിന്റെ വില കുത്തനെ കൂടും. അഥവാ രൂപയുടെ വില പെട്ടെന്ന് ഇടിയും. അത്തരം സന്ദര്‍ഭത്തില്‍ നമ്മുടെ കൈയില്‍ വിദേശനാണയം ഇല്ലാതെവന്നാല്‍ രാജ്യം വിദേശനാണയത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും.

ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്? അമേരിക്കയില്‍ സാമ്പത്തികസ്ഥിതികള്‍ ഏറെ വര്‍ഷത്തിനുശേഷം മെച്ചപ്പെട്ടിരിക്കുകയാണ്. യൂറോപ്പിലും മറ്റും ഈ ഉണര്‍വ് പ്രത്യക്ഷമായിട്ടില്ലെങ്കിലും തങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയിലാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ കരുതുന്നത്. ഒരര്‍ഥത്തില്‍ ഇത് നമുക്ക് ഗുണകരമാകേണ്ടതാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതി കൂടും. കുടിയേറ്റത്തിനുള്ള തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍ക്കും മറ്റും കൂടുതല്‍ സബ്‌കോണ്‍ട്രാക്ട് കിട്ടും. ഇതെല്ലാം നമ്മുടെ സമ്പദ്ഘടനയ്ക്കും ഉത്തേജകമാകേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ നേരേ മറിച്ചാണ്. ഇതിന്റെ കാരണമന്വേഷണിക്കുമ്പോഴാണ് നമ്മുടെ സമ്പദ്ഘടന പെട്ടുപോയ ഊരാക്കുടുക്ക് തിരിച്ചറിയുക.

2008-ലാണ് അമേരിക്കയിലെ വമ്പന്‍ ബാങ്കുകള്‍ പൊളിഞ്ഞ് ആഗോള സാമ്പത്തികമാന്ദ്യം തുടങ്ങിയത്. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നതാണല്ലോ നിയോലിബറല്‍ കാഴ്ചപ്പാട്. ഈ ആദര്‍ശങ്ങളെല്ലാം മാറ്റിവെച്ച് സമ്പദ്ഘടനയെ സമൂലത്തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അമേരിക്കയടക്കം ലോകസര്‍ക്കാറുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അവരുടെ കൈയിലിരുന്ന പൊള്ളക്കടപ്പത്രങ്ങളെല്ലാം വാങ്ങിക്കൂട്ടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. തിരിച്ചടയ്ക്കാന്‍ കഴിവുണ്ടോ എന്നുനോക്കാതെ വീടുവാങ്ങാന്‍ നല്‍കിയ വായ്പകള്‍, ആ വായ്പകളുടെ ഈടിന്മേല്‍ ബാങ്കുകള്‍ ഇറക്കിയ കടപ്പത്രങ്ങള്‍, ഈ പൊള്ളക്കടപ്പത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡെറിവേറ്റീവുകള്‍ എന്നിങ്ങനെ ഊതിവീര്‍പ്പിച്ച അമേരിക്കന്‍ പാര്‍പ്പിട മേഖലയിലെ കുമിള പൊട്ടിയപ്പോഴാണ് സാമ്പത്തികത്തകര്‍ച്ച തുടങ്ങിയത്.

ചില പ്രധാന ബാങ്കുകള്‍ തകര്‍ന്നു. മറ്റുള്ളവയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി ബാങ്കുകളുടെ കൈവശമുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ബാങ്കുകള്‍ കൂടുതല്‍ സുരക്ഷിതമായി എന്നുമാത്രമല്ല, വായ്പ കൊടുക്കാന്‍ അതിഭീമമായ തുക ബാങ്കുകളുടെ കൈവശം വന്നുചേരുകയും ചെയ്തു. അന്ന് തുടങ്ങിയ ഈ നൂതനമായ സാമ്പത്തിക നടപടി ഇതുവരെ അമേരിക്ക നിര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഇതിന് പുതിയ പേരും വീണിട്ടുണ്ട് - അളവിലുള്ള അയവ് അഥവാ ക്വാണ്ടിറ്റേറ്റീവ് ഈസിങ്.

2008-ല്‍ മാന്ദ്യമാരംഭിക്കുന്നതിന് മുമ്പ് 0.7 ലക്ഷം കോടി ഡോളറിന്റെ ബോണ്ടുകളാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ ശേഖരം. എന്നാല്‍, 2010 ജൂണ്‍ അവസാനിക്കുമ്പോഴേക്കും 2.1 ലക്ഷം ഡോളറിനുള്ള ബോണ്ടുകള്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ കൈവശമെത്തിച്ചേര്‍ന്നു. അത്രയും കോടി ഡോളര്‍ അമേരിക്കന്‍ സമ്പദ്ഘടനയിലേക്കും അവിടെനിന്ന് ലോകസമ്പദ്ഘടനയിലേക്കും ഒഴുകിയെന്ന് ചുരുക്കം. അമേരിക്കന്‍ സര്‍ക്കാറിന്റെ കൈയിലുള്ള ബോണ്ടിന്റെ തുക ഏതാണ്ട് ഈ നിലവാരത്തില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി തുടര്‍ന്ന് എല്ലാ മാസവും 4,000-8,000 കോടി ഡോളറിനുള്ള ബോണ്ടുകള്‍വീതം അമേരിക്കന്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ഈ നയം തിരുത്തുന്നതിനും 2014 അവസാനിക്കുന്നതോടെ പൂര്‍ണമായി വിരാമമിടുന്നതിനുമാണ് ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചിട്ടുള്ളത്. ഈ നടപടി രൂപയുടെ വിലയിടിക്കുന്നതിലേക്ക് നയിച്ചതെങ്ങനെ?

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോണ്ടുകള്‍ വാങ്ങിയപ്പോള്‍ ഡോളര്‍ ആഗോള സമ്പദ്ഘടനകളിലേക്ക് ഒഴുകിയെന്ന് പറഞ്ഞുവല്ലോ. അതിലൊരുഭാഗം ഇന്ത്യയിലേക്കും വന്നു. അങ്ങനെയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിക്കമ്പോളത്തിലും ബോണ്ടുകമ്പോളത്തിലും വലിയതോതില്‍ പണമിറക്കിയത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പാണെങ്കിലും ഇന്ത്യന്‍ വിപണിക്ക് ഈ പണം ഉത്തേജകമായി. റിസര്‍വ് ബാങ്കിനും വളരെ സന്തോഷമായി. കാരണം ഇന്ത്യയിലേക്ക് ഇപ്രകാരം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഡോളര്‍ കൊണ്ടുവരുമ്പോള്‍ നമ്മുടെ വിദേശനാണയലഭ്യത വര്‍ധിക്കും. 0.3 ലക്ഷം കോടി ഡോളറിന്റെ വിദേശനാണയ ശേഖരം ഇന്ത്യയ്ക്കുണ്ട്. അതെല്ലാം ഇത്തരത്തില്‍ വന്ന പണമാണ്.

ബോണ്ട് വാങ്ങല്‍ അമേരിക്ക നിര്‍ത്തലാക്കുമ്പോള്‍ ലോകവിപണികളില്‍ ഡോളര്‍ ലഭ്യമല്ലാതാകും. ഡോളറിന് പ്രിയം കൂടും. വിനിമയനിരക്ക് ഉയരും. സ്വാഭാവികമായി മറ്റ് നാണയങ്ങളുടെ വിനിമയനിരക്ക് താഴും. ഇന്ത്യയിലെ നിക്ഷേപകരെയും മറ്റും സാന്ത്വനിപ്പിക്കുന്നതിന് ധനമന്ത്രി ചിദംബരവും മറ്റും പറയുന്ന ന്യായം ഇതാണ്. നാണയത്തിന്റെ വിലയിടിവ് ഇന്ത്യന്‍ രൂപയുടെ മാത്രം പ്രതിഭാസമല്ല. ആഗോളപ്രതിഭാസമാണ്. ഇതില്‍ ഭയപ്പെടാനൊന്നുമില്ല. പക്ഷേ, ചൈനയെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയെ ഭയപ്പെടുത്തുന്ന ഒരു ഘടകമുണ്ട്. അത് മനസ്സിലാക്കുമ്പോഴേ, എന്തുകൊണ്ട് രൂപയുടെ വിലയിടിവ് സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കാം എന്ന് തിരിച്ചറിയൂ.

ഇന്ത്യ അതിരൂക്ഷമായ കറണ്ട് അക്കൗണ്ട് കമ്മി നേരിടുന്ന രാജ്യമാണ്. ഒരു രാജ്യത്തിന്റെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയില്‍നിന്നുള്ള വരവും ഇറക്കുമതിയില്‍നിന്നുള്ള ചെലവും രേഖപ്പെടുത്തുന്ന കണക്കാണ് കറണ്ട് അക്കൗണ്ട്. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വിദേശനാണയ വരുമാനം ഒരു ഭാവിബാധ്യതയും സൃഷ്ടിക്കുന്നില്ല. അതുപോലെത്തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ചെയ്യുമ്പോള്‍ കിട്ടുന്ന വരുമാനം ഭാവിയില്‍ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. എല്ലാം അപ്പപ്പോഴുള്ള കൊടുക്കല്‍ വാങ്ങലില്‍ അവസാനിക്കും. അതുകൊണ്ടാണ് കറണ്ട് അക്കൗണ്ട് എന്ന പേര് വീണത്. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ദേശീയ വരുമാനത്തിന്റെ 6.7 ശതമാനമെത്തിയിരിക്കുകയാണ്. ഇത് 2.5 ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇത് അപകടകരമായ സ്ഥിതിയാണ്.

നടപ്പുവര്‍ഷത്തില്‍ 0.11 ലക്ഷം കോടി ഡോളറിന്റെ കറണ്ട് അക്കൗണ്ട് കമ്മിയുണ്ട്. എന്നുവെച്ചാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ ഇത്രയും വിടവുണ്ട്. വിദേശ ഇടപാടുകള്‍ സുഗമമായി നടക്കണമെങ്കില്‍ ഇത്രയും തുക വിദേശത്തുനിന്ന് വായ്പയോ നിക്ഷേപമോ ആയി കിട്ടണം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയശേഷം തുടര്‍ച്ചയായി ഉണ്ടായിട്ടുള്ള സ്ഥിതിവിശേഷമാണിത്. എന്നാല്‍, വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ക്കൂടുതല്‍ ഡോളര്‍ ഇറക്കിയതുകൊണ്ട് ഈ കമ്മി ഇതുവരെ ഒരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. മാത്രമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ 0.3 ലക്ഷം കോടി ഡോളര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ കൈയില്‍ വിദേശനാണയശേഖരമായി വന്നുചേരുകയും ചെയ്തു.

ഇനി കടംവാങ്ങിയ പ്രവാസിയിലേക്ക് മടങ്ങാം. കടംവാങ്ങി ഇന്ത്യയിലേക്ക് പണമയച്ച പ്രവാസിക്ക് രൂപയുടെ വിലയിടിയുമ്പോള്‍ നഷ്ടം സംഭവിക്കുന്നതെങ്ങനെ എന്ന് പറഞ്ഞുവല്ലോ. ഇതുപോലെ നഷ്ടം ഇന്ത്യയില്‍ മുതല്‍മുടക്കിയിട്ടുള്ള വിദേശനിക്ഷേപകര്‍ക്കും ഉണ്ടാകും. നേരത്തേ അവര്‍ മുതല്‍മുടക്കിയപ്പോള്‍ അവര്‍ക്ക് ഡോളറൊന്നിന് 52 രൂപയോ അതില്‍ കുറവോ മാത്രമാണ് ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ രൂപയുടെ വിലയിടിഞ്ഞശേഷം തങ്ങളുടെ ഡോളറാക്കി തിരിച്ചുകൊണ്ടുപോകാന്‍ നോക്കുമ്പോള്‍ ഓരോ ഡോളറിനും ഇന്ന് 60 രൂപവെച്ച് കൊടുക്കണം. നാളെ 70 രൂപവെച്ച് കൊടുക്കേണ്ടിവന്നാലോ? ഇത്തരമൊരു ഭയവും പരിഭ്രാന്തിയും മൂലം എത്രയും പെട്ടെന്ന് തങ്ങളുടെ പണം പിന്‍വലിക്കാനുള്ള പരാക്രമങ്ങളില്‍ നമ്മുടെ 0.3 ലക്ഷം കോടി രൂപയുടെ വിദേശനാണയശേഖരം ദിവസങ്ങള്‍കൊണ്ട് അപ്രത്യക്ഷമാകും.

വിദേശനാണയ ശേഖരവും കൂടി ഇല്ലാതെ വന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാ വിദേശവിനിമയ ഇടപാടുകളും നിര്‍ത്തിവെക്കേണ്ടിവരും. ആഗോളീകരണ കാലത്തെ ലോകത്തെ ആദ്യത്തെ പ്രധാന പ്രതിസന്ധി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ടത് ഇങ്ങനെയാണ്. വിദേശികള്‍ വായ്പ തരാത്തതുകൊണ്ട് കരുതല്‍ സ്വര്‍ണം പണയപ്പെടുത്തി ഡോളര്‍ വാങ്ങേണ്ടുന്ന ഗതികേട് 1990-കളില്‍ ഇന്ത്യയ്ക്കുണ്ടായത് ഓര്‍ക്കുമല്ലോ. ആ ഊരാക്കുടുക്കില്‍പ്പെട്ടാണ് വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കംകുറിച്ചത്.

അന്ന് നമ്മള്‍ പുലിപ്പുറത്ത് കയറിയതാണ്. ഇനിയിറങ്ങാന്‍ കഴിയില്ല. അതുകൊണ്ട് പുലിപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിക്കുകതന്നെ. പുലി തള്ളിയിടാതിരിക്കണമെങ്കില്‍ എങ്ങനെയെങ്കിലും അതിനെ അനുനയിപ്പിച്ച് നിര്‍ത്തണം. വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താന്‍ എന്തുചെയ്താലും അധികമാവില്ല എന്ന ചിദംബരം - മൊണ്ടേക് സിങ് പ്രഭൃതികളുടെ വാദങ്ങളുടെ ലക്ഷ്യം അതാണ്. നമ്മുടെ കൃഷിക്കും വ്യവസായത്തിനും കച്ചവടത്തിനും ബാങ്കിങ്ങിനും എല്ലാം ദോഷമാണെങ്കിലും വിദേശനിക്ഷേപകരുടെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...