Sunday, July 14, 2013

വില കൂടിയാലെന്ത്, ഗ്യാസ് കിട്ടിയാല്‍പ്പോരേ?

2014 ഏപ്രില്‍ മുതല്‍ കൃഷ്ണാ ഗോദാവരി എണ്ണപ്പാടത്തില്‍ നിന്നുളള പ്രകൃതിവാതകത്തിന്റെ വില 4.2 ഡോളറില്‍ നിന്ന് 8.4 ഡോളറായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നു. വൈദ്യുതി, വളം മന്ത്രാലയങ്ങളും മന്ത്രിമാരും ശക്തമായ എതിര്‍ത്തിട്ടും ഫലമുണ്ടായില്ല. വില കൂട്ടണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. വിലവര്‍ദ്ധനയ്ക്ക് ധനമന്ത്രി ചിദംബരത്തിന്റെ യുക്തി ഇങ്ങനെയായിരുന്നു, 'ഗ്യാസ് ഇല്ലാതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് വില കൂടിയാലും ഇന്ത്യയില്‍ നിന്നു തന്നെ ഗ്യാസ് കിട്ടുന്നത്'. 

2013 ജനുവരിയിലെ പാചകവാതക വിലവര്‍ദ്ധനയില്‍ നിന്നാവണം, അദ്ദേഹം ഈ പാഠം പഠിച്ചത്. അന്നാണ് ഒരു കുടുംബത്തിനുളള ഗ്യാസ് സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് ആറാക്കിയത്. സിലിണ്ടറിന് നൂറു രൂപ വിലയും ഉയര്‍ത്തി. രാജ്യത്താകെ പ്രതിഷേധമുയര്‍ന്നു. ജനം അടുപ്പുകൂട്ടി സമരം ചെയ്യാനിറങ്ങി. അങ്ങനെ തീരുമാനം തിരുത്തി. ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പുനസ്ഥാപിച്ചു. പക്ഷേ, വില വര്‍ദ്ധന പിന്‍വലിച്ചില്ല. വില കൂടിയാലും വേണ്ടില്ല, പാചകവാതക സിലിണ്ടറുകള്‍ ലഭിച്ചാല്‍ മതിയെന്ന അവസ്ഥയിലേയ്ക്കു ഇടത്തരക്കാര്‍ മാറിയെന്നാണ് ചിദംബരം എത്തിച്ചേര്‍ന്ന നിഗമനം. 

ഇന്ത്യയില്‍ വളം, വൈദ്യുതി നിര്‍മ്മാണങ്ങള്‍ക്കാണ് പ്രകൃതി വാതകം ഉപയോഗിക്കുന്നത്. മറ്റു വ്യവസായങ്ങളും പ്രകൃതിവാതകത്തിലേയ്ക്കു തിരിയുന്നു. ആവശ്യത്തിന്റെ പകുതിയിലേറെയും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ ആവശ്യത്തിനുളള പ്രകൃതിവാതകവും പൂര്‍ണമായും ഉല്‍പാദിപ്പിക്കാനുളള വിഭവശേഖരവും നമുക്കുണ്ട്. വാതകത്തിന്റെയും എണ്ണയുടെയും വന്‍ ശേഖരമാണ് ആന്ധ്രാ തീരത്ത് കൃഷ്ണ ഗോദാവരി നദീമുഖത്തോടു ചേര്‍ന്നുളളത്. ഇവിടെ ഖനനത്തിന് മുതല്‍മുടക്കാന്‍ കുത്തകകമ്പനികള്‍ തയ്യാറുമാണ്. ഇവിടെ നിന്നുളള പ്രകൃതിവാതകം കേന്ദ്രസര്‍ക്കാര്‍ വാങ്ങിയാല്‍ ഇറക്കുമതി കുറയ്ക്കാം. ഇന്ത്യയുടെ വ്യാപാരക്കമ്മിയിലെ അപകടകരമായ വര്‍ദ്ധനയ്ക്കു പരിഹാരമാകും. അപ്പോള്‍ ഗ്യാസിന്റെ വില കുറച്ചു വര്‍ദ്ധിച്ചാലെന്താ, ആവശ്യത്തിന് ഗ്യാസ് ഇന്ത്യയില്‍ത്തന്നെ ഉണ്ടാക്കാമല്ലോ! 

എന്നാല്‍ ഗ്യാസിന്റെ വില ഇരട്ടിയാകുമ്പോള്‍ വളത്തിന്റെയും വൈദ്യുതിയുടെയും ഉല്‍പാദനച്ചെലവ് കുത്തനെ ഉയരും. രണ്ടിനും ഇപ്പോള്‍ ഒരു വിലനിയന്ത്രണവുമില്ല. ഇന്ധനച്ചെലവിലെ വിലവര്‍ദ്ധന പൂര്‍ണമായും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ വിലക്കയറ്റം രൂക്ഷമാകും. വ്യവസായ - കാര്‍ഷിക വളര്‍ച്ചയ്ക്കു തിരിച്ചടിയാകും. ജീവിതഭാരം കൂടും. അല്ലെങ്കില്‍ പ്രകൃതിവാതകം ഉപയോഗിക്കുന്ന വളം നിര്‍മ്മാണശാലകള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സബ്‌സിഡി നല്‍കണം. സബ്‌സിഡി വര്‍ദ്ധിച്ചാല്‍ ധനക്കമ്മി ഉയരും. ധനലക്ഷ്യങ്ങള്‍ തകിടം മറിയും. ഈയൊരു സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തു മാര്‍ഗം എന്നല്ലേ ചിന്തിക്കേണ്ടത്?

ഗ്യാസിന്റെ വില നോക്കിയല്ല, ലാഭമെത്ര എന്നു നോക്കിയാണ് നിക്ഷേപകര്‍ മുതല്‍മുടക്കുന്നത്. എന്താണ് കൃഷ്ണാ ഗോദാവരീതടത്തിലെ വാതക ഉല്‍പദനത്തിന് എന്തുചെലവു വരും? കൃത്യമായ കണക്ക് പരസ്യമല്ല. പക്ഷേ, നമുക്കറിയാവുന്ന ചിലതുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയാണ് റിലയന്‍സിന്റെ വരവിനു മുമ്പ് കെജി ബേസിനില്‍ ഖനനം ചെയ്തിരുന്നത്. 2009ല്‍ ഒഎന്‍ജിസി പ്രകൃതി വാതകം വിറ്റിരുന്നത് 1.83 ഡോളറിനും. എങ്ങനെ കണക്കാക്കിയാലും ഉല്‍പാദന ചെലവ് ഇതിനെക്കാള്‍ താഴെയായിരിക്കുമല്ലോ. തങ്ങളുടെ ഉത്പാദന ചെലവ് 1.43 ഡോളറാണെന്ന് മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മില്‍ നടന്ന കേസില്‍ സുപ്രിംകോടതിയിലും റിലയന്‍സ് സമ്മതിച്ചിട്ടുളളതാണ്.

2002-ല്‍ ധീരുഭായി അംബാനി മരണപ്പെട്ടതോടെ മക്കള്‍ തമ്മില്‍ സ്വത്തു തര്‍ക്കവുമാരംഭിച്ചു. അമ്മ കോകിലാ ബെന്‍ ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ റിലയന്‍സ് ഇന്ത്യാ ലിമിറ്റഡ് മുകേഷ് അംബാനിയ്ക്കു ലഭിച്ചു. ഈ കമ്പനിയായിരുന്നു, കെജി ബേസിന്‍ ഖനനത്തിന് കരാറെടുത്തത്. അനില്‍ അംബാനിയ്ക്കു ലഭിച്ച വൈദ്യുതി ഉല്‍പാദന കമ്പനിയ്ക്ക് മുകേഷിന്റെ കമ്പനി 2.34 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം നല്‍കണമെന്നും ഒത്തുതീര്‍പ്പില്‍ വ്യവസ്ഥ ചെയ്യപ്പെട്ടു. ഈ വ്യവസ്ഥ മുകേഷ് ലംഘിച്ചു; അനില്‍ കോടതിയില്‍ പോയി. അനിലിനെതിരെ കോടതിയില്‍ മുകേഷിന്റെ വാദമിതായിരുന്നു: പ്രകൃതിവാതകം കേന്ദ്രസര്‍ക്കാരിന്റെ സ്വത്താണ്; അതിന്റെ വില തീരൂമാനിക്കേണ്ടതും അവരാണ്; സ്വകാര്യകരാറുകളും കേന്ദ്രസര്‍ക്കാരിന്റെ തീര്‍പ്പിനു വിധേയമായിരിക്കും. ഈ വാദത്തിന് അനുകൂലമായ പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനു വേണ്ടി ചില പത്രപ്രവര്‍ത്തകരുമായി നീരാ റാഡിയ നടത്തിയ രഹസ്യസംഭാഷണങ്ങള്‍ പാട്ടായത് ഓര്‍ക്കുക. സുപ്രിംകോടതി മുകേഷിന്റെ വാദം അംഗീകരിച്ചു. വില നിശ്ചയിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനു ലഭിച്ചു. പക്ഷേ, നിശ്ചയിച്ചതോ, ഒഎന്‍ജിസി വിറ്റുകൊണ്ടിരുന്നതിന്റെ ഏതാണ്ട് ഇരട്ടി - ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 ഡോളര്‍. 

ഈ ധൃതിയ്ക്കു പിന്നില്‍ വേറെയും കാരണങ്ങളുണ്ടായിരുന്നു. 2.34 ഡോളറിന് എന്‍ടിപിസിയ്ക്കു 17 വര്‍ഷത്തേയ്ക്കു പ്രകൃതി വാതകം നല്‍കാമെന്ന് റിലയന്‍സ് കരാറുണ്ടാക്കിയിരുന്നു. എന്‍ടിപിസി നല്‍കിയ പരസ്യ ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കുറവു ക്വോട്ടു ചെയ്താണ് ഈ കരാര്‍ നേടിയത്. എന്നാല്‍ ഈ കരാറില്‍ നിന്ന് റിലയന്‍സ് പിന്മാറി. എന്‍ടിപിസി കോടതിയില്‍ പോയി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലയെ പിന്താങ്ങിയില്ലെന്നു മാത്രമല്ല, കോടതി പരിഗണിക്കുന്ന കാര്യത്തില്‍ എന്‍ടിപിസിയ്‌ക്കെതിരെ തീരുമാനവുമെടുത്തു. 2009 ഉല്‍പാദിപ്പിച്ചു തുടങ്ങുന്ന പ്രകൃതി വാതകത്തിന് 2007ലേ 4.2 ഡോളര്‍ വില നിശ്ചയിച്ചു. എന്‍ടിപിസിയുമായുളള കരാറില്‍ നിന്ന് റിലയന്‍സിനെ രക്ഷിക്കുക മാത്രമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ തന്നെ 4.2 ഡോളര്‍ നിശ്ചയിച്ചാല്‍ പിന്നെ എന്‍ടിപിസിയുണ്ടാക്കിയ കരാറിന് എന്തു വില? 

ഉത്പാദനച്ചെലവുമായി ഒരു ബന്ധവുമില്ലാതെ നടത്തിയ ഈ വില നിശ്ചയത്തിനെതിരെ സിഎജി നിശിതവിമര്‍ശനമുയര്‍ത്തി. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ വകവെച്ചില്ല. വിമര്‍ശനം നിലനില്‍ക്കെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രംഗരാജനെ കമ്മിഷനായി വെച്ച് വില 8.4 ഡോളറായി നിശ്ചയിച്ചു. 

സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് റിലയന്‍സെടുത്ത അടവെന്തായിരുന്നെന്നോ? കെജി ബേസിനിലെ എണ്ണയുല്‍പാദനം കുത്തനെ ഇടിച്ചു. കരാര്‍ പ്രകാരം പ്രതിവര്‍ഷം 80 ദശലക്ഷം ക്യൂബിക് മീറ്റര്‍ വാതകമാണ് ഖനനം ചെയ്യേണ്ടത്. അത് വെറും 23 ദശലക്ഷം ക്യൂബിക് മീറ്റര്‍ മാത്രമാക്കി. സാങ്കേതിക തകരാറാണ് കാരണം പറഞ്ഞത്. അതോടെ റിലയന്‍സ് ഗ്യാസിനെ ആശ്രയിക്കുന്ന ആന്ധ്രയിലെ നാഗാര്‍ജുന ഫെര്‍ട്ടിലൈസേഴ്‌സ് പോലുളള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. ഗ്യാസിന്റെ വില വര്‍ദ്ധിപ്പിക്കാതെ ഉത്പാദനശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍ കമ്പനി തയ്യാറല്ല എന്നു വ്യക്തമായി. കരാര്‍ ലംഘനത്തിന് റിലയന്‍സിനെതിരെ കര്‍ശന നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. കമ്പനി റിലയന്‍സാണോ, സര്‍ക്കാര്‍ മുട്ടുമടക്കണമെന്നാണ് കേന്ദ്രമന്ത്രിസഭയുടെ അലിഖിതവ്യവസ്ഥ. 2.34 ഡോളര്‍ വിലയ്ക്ക് എന്‍ടിപിസിയ്ക്കു വാതകം നല്‍കണമെന്നു ശഠിച്ച മണിശങ്കരയ്യരുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചാണ് 4.2 ഡോളര്‍ വില റിലയന്‍സ് നേടിയെടുത്തത്. ഇപ്പോഴാകട്ടെ, വില വര്‍ദ്ധനയെ എതിര്‍ത്ത ജയ്പാല്‍ റെഡ്ഡിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച് 8.4 ഡോളര്‍ വില അവര്‍ നേടി. 

ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ കയറിയിറങ്ങുന്നതാണ് ഗ്യാസിന്റെ അന്താരാഷ്ട്ര വില. 2008ല്‍ ഒരു ബാരല്‍ എണ്ണയുടെ വില 80 ഡോളറില്‍ നിന്ന് 140 ഡോളറായും ആഗോള മാന്ദ്യകാലത്ത് അത് 40 ഡോളറിലേക്കിറങ്ങിയതും നാം കണ്ടതാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ ഊഹക്കച്ചവടത്തിന് അനുസരിച്ച് നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെയും വാതകത്തിന്റെയും വില കയറിയിറങ്ങുന്നതിന്റെ ന്യായമെന്ത്? ഉല്‍പാദനച്ചെലവിന്റെയും ന്യായമായ ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുകയല്ലേ ചെയ്യേണ്ടത്? ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഗ്യാസിന് രൂപയില്‍ വില നിശ്ചയിക്കാതെ ഡോളറില്‍ നിശ്ചയിക്കുന്നതിന്റെ യുക്തിയെന്താണ്? നമ്മുടെ രാജ്യത്തെ പെട്രോള്‍ ചില്ലറ വില്‍പന കമ്പനികളുടെ അനുമാനനഷ്ടത്തിന്റെ സിദ്ധാന്തം ഇപ്പോള്‍ ഉല്‍പാദനമേഖലയിലെ കമ്പനികള്‍ക്കു കൂടി ബാധകമാക്കുകയാണ്. 

വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളളലാഭം കൊടുക്കണമെന്നില്ല. നല്ല ലാഭം ഉറപ്പുവരുത്തിയാല്‍ മതി. പ്രകൃതിവാതക വില 4.2 ഡോളറായിരുന്നപ്പോഴാണ് കെജി ബേസിനിലെ റിലയന്‍സ് വിഹിതത്തിന്റെ 30 ശതമാനം 700 കോടി ഡോളറിന് ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റത്. പര്യവേഷണത്തിനും ഖനനത്തിനുമുളള മുതല്‍മുടക്ക് 240 കോടി ഡോളര്‍ ആണെന്നാണ് കരാറില്‍ പറഞ്ഞിരുന്നത്. ഓഹരിയില്‍ ചെറുഭാഗം വിറ്റ് അതിന്റെ 3 മടങ്ങോളം റിലയന്‍സ് മുതലാക്കി. എന്നിട്ടും കൊളളലാഭം കൊടുത്താല്‍ മാത്രമേ വിദേശ മൂലധനം വരൂ എന്നാണ് കേന്ദ്രം വാദിക്കുന്നത്. 

റിലയന്‍സിനു കിട്ടുന്ന ലാഭം സര്‍ക്കാരുമായി പങ്കുവെയ്ക്കണമെന്നായിരുന്നു കരാര്‍. സര്‍ക്കാരിന്റെ ലാഭവിഹിതം വെട്ടിക്കുറയ്ക്കുന്നതിനു റിലയന്‍സെടുത്ത അടവ് കുപ്രസിദ്ധമാണ്. കരാറെഴുതിയ ശേഷം മുതല്‍മുടക്ക് 240 കോടി ഡോളറില്‍ നിന്ന് 880 കോടി ഡോളറായി ഉയര്‍ത്തി. ഉല്‍പാദനശേഷി 40 ലക്ഷം ക്യൂബിക് മീറ്ററില്‍ നിന്ന് 80 ആയി ഉയര്‍ത്തുമെന്നാണ് അന്നു പറഞ്ഞ ന്യായം. നിശ്ചയമായും ഉല്‍പാദനശേഷി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ മൂലധനച്ചെലവു വേണം. പക്ഷേ, ഉല്‍പാദനം രണ്ടു മടങ്ങു കൂടുമ്പോല്‍ നിക്ഷേപം നാലു മടങ്ങു കൂട്ടേണ്ടി വരുന്നു പറയുന്നതിന്റെ യുക്തിയെന്ത്? ഉല്‍പാദന ശേഷി കൂടുന്തോറും ശരാശരി ഉല്‍പാദനചെലവു കുറയുകയാണ് ചെയ്യുന്നത്. ഇവിടെ നേരെ മറിച്ചാണ്. ഇതുസംബന്ധിച്ചും സിഎജി നിശിതമായ വിമര്‍ശനമാണ് നടത്തിയത്. 

എല്ലാറ്റിലുമുപരി ഫലത്തില്‍ കൃഷ്ണാ ഗോദാവരി ബേസിനിലെ 7500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുളള എണ്ണപ്പാടം ഉപാധിരഹിതമായി റിലയന്‍സിനു ലഭിച്ചിരിക്കുകയാണ്. കരാര്‍ ലഭിച്ച ഭൂമിയില്‍ നിന്ന് നിശ്ചിതസമയത്തിനുളളില്‍ പര്യവേഷണം നടത്തി കൃത്യമായി എണ്ണ കണ്ടുപിടിച്ചിട്ടില്ലെങ്കില്‍ ആ ഭൂമി സര്‍ക്കാരിനു തിരിച്ചു നല്‍കേണ്ടതാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാവുന്ന എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയതോ, 390 ചതുരശ്ര കിലോമീറ്ററിനുളളില്‍ മാത്രവും. ബാക്കി പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തില്‍പോലും റിലയന്‍സ് ഖനനം നടത്തിയിട്ടില്ല. എന്നാല്‍ 7500 ചതുരക്ര കിലോമീറ്ററും ഉപാധികളൊന്നുമില്ലാതെ റിലയന്‍സിനു വിട്ടുകൊടുത്തു. ഇതിനെക്കുറിച്ചും സിഎജി വിമര്‍ശിച്ചിട്ടുണ്ട്. സിഎജിയുടെ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണവും നടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന് ഇതൊന്നും ബാധകമല്ല. വീണ്ടും റിലയന്‍സിനു വേണ്ടി അവര്‍ വില വര്‍ദ്ധിപ്പിക്കുന്നു. 

2ജി സ്‌പെക്ട്രത്തിന്റെ പല മടങ്ങു വരുന്ന തീവെട്ടിക്കൊളളയാണ് കെജി ബേസിനില്‍ നടക്കുന്നത്. വിദേശമൂലധനത്തെ ആകര്‍ഷിക്കുന്നതിന് കൊളള ലാഭം അനുവദിച്ചേ പറ്റൂ, അതിനുളള തുടക്കമാണത്രേ റിലയന്‍സിനു നല്‍കുന്ന ആനുകൂല്യം.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...