December 21, 2015, കേരള കൌമുദി
പാരീസിലെ കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ചു സംഘടിപ്പിച്ച അനുബന്ധ സെമിനാറിന്റെ അനുഭവം സമ്മാനിച്ച ഊർജവുമായാണ് വയനാട്ടിലെ ഇടതുപക്ഷ പഞ്ചായത്തു പ്രസിഡന്റുമാരുടെ പരിശീലനത്തിൽ പങ്കെടുത്തത്. ലക്ഷ്യബോധത്തോടെ എന്തെങ്കിലും ചെയ്യാനുള്ള പുതുമോടിയുടെ ആവേശത്തിൽ പഞ്ചായത്തു ഭരണസാരഥികൾ. സ്ഥലം വയനാടായതുകൊണ്ട് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറെയാണ്.
അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വർദ്ധന ചെറുക്കാൻ ഓരോ രാഷ്ട്രവും തങ്ങളാലാവുന്നതു ചെയ്യണമെന്ന തീരുമാനമാണ് പാരീസിലെ ഉച്ചകോടിയിലുണ്ടായത്. അതിന്റെ ചരിത്രവും രാഷ്ട്രീയവും പിന്നെപ്പറയാം. ഹരിതഗേഹ വാതകങ്ങളുടെ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തിൽ ഇന്ത്യക്കും സുപ്രധാനമായ പങ്കുണ്ട്. അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വനങ്ങൾ സംരക്ഷിക്കുക, മരവത്കരണം ഊർജിതപ്പെടുത്തുക എന്നതാണ്. ഉത്പാദിപ്പിക്കുന്ന കാർബണും വനവും മരങ്ങളും വലിച്ചെടുക്കുന്ന കാർബണും തുല്യമാക്കണം. അതിന് മേൽപ്പറഞ്ഞതാണ് ഏറ്റവും നല്ല പോംവഴി.
ഇപ്പോൾ ലോകത്ത് ഭൂട്ടാൻ മാത്രമാണ് ഇത്തരത്തിൽ കാർബൺ സന്തുലിത പദവി അവകാശപ്പെടുന്നത്. ഇന്ത്യയിലെ ആദ്യജില്ല വയനാട് ആകണം. വയനാട്ടിലെ വികസനത്തിന് ആക്കം കൂട്ടിക്കൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷിക്കാനുള്ള ഒരു പരിപാടിയായി ഇതു വികസിപ്പിക്കാൻ കഴിയും.ഐക്യരാഷ്ട്രസഭയുടെ അടക്കം പിന്തുണ ലഭിക്കുന്ന പരിപാടിയായി ഇതു മാറും. ആദ്യഘട്ടമെന്ന നിലയിൽ മീനങ്ങാടി പഞ്ചായത്ത് അടക്കം ഏതാനും പഞ്ചായത്തുകളിൽ പൈലറ്റായി 2016 ജനുവരിയിൽ ഈ പദ്ധതി ആരംഭിക്കുകയായി.
ഈ ബദൽ ഏറ്റെടുക്കുമ്പോഴും വിഷയത്തിന്റെ രാഷ്ട്രീയം നാം അറിഞ്ഞിരിക്കണം. ഇന്നത്തെ നിലയിൽ ഭൂമിയിലെ ചൂടു കൂടിക്കൊണ്ടിരുന്നാൽ വലിയ അപകടത്തിലേക്കാണ് ലോകം പോകുന്നത് എന്ന കാര്യത്തിൽ ഒരു രാഷ്ട്രത്തിനും സംശയമില്ല.വ്യവസായവത്കരണം ഏറുന്തോറും കൂടിവരുന്ന വിഷവാതകങ്ങളുടെ അളവ്, ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൗമ ഊഷ്മാവിൽ സർവ വിനാശത്തിന്റെ 3.5- 4 ഡിഗ്രി സെൽഷ്യസ് വർദ്ധനയാണ് പ്രവചിക്കുന്നത്. ഈ അളവു കുറയ്ക്കാനും ഭൂമിയെ രക്ഷിക്കാനും 1992 മുതൽ വലിയ ചർച്ചകളും കൂടിയാലോചനകളുമാണ് ലോകത്തു നടക്കുന്നത്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളുടെ തന്ത്രങ്ങളാണ് എല്ലാ ഉച്ചകോടികളെയും പരാജയപ്പെടുത്തിയത്. ഇപ്പോൾ, പാരീസിൽ സമവായമുണ്ടാകുമ്പോഴും ജയിച്ചത് അമേരിക്കതന്നെയാണ്.
റിയോ ഭൗമ ഉച്ചകോടി
ഓരോ രാജ്യവും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് 1992 റിയോ ഭൗമ ഉച്ചകോടി മുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. 20 വട്ടം ചർച്ച നടന്നു. 21-ാമത്തേതായിരുന്നു പാരീസിലേത്. ഉടമ്പടിയിലെത്താതെ ചർച്ചകൾ നീണ്ടുപോയതെങ്ങനെ എന്ന പരിശോധന പാശ്ചാത്യശക്തികളെ പ്രതികൂട്ടിലാക്കി. അത്ഭുതമെന്നു പറയട്ടെ, ഇപ്പോൾ ഇന്ത്യയെയും ചൈനയെയും മറ്റും പ്രതിക്കൂട്ടിലാക്കുന്നതിൽ അമേരിക്ക വിജയിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് അമേരിക്കയും മറ്റും പ്രതിസ്ഥാനത്താകുന്നത് ? വ്യവസായവിപ്ലവം മുതൽ അന്തരീക്ഷത്തിലേക്കു പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ 75 ശതമാനത്തിനും ഉത്തരവാദികൾ ഇവരാണ്. അതിനാൽ പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്വം അവർക്കാണ്. അവികസിത രാജ്യങ്ങളുടെ പ്രതിശീർഷ ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം നന്നേ ചെറുതാണ്. ഇതാകട്ടെ, അതിജീവനത്തിനായുള്ള പ്രവർത്തനങ്ങളിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. കാർഷിക അവശിഷ്ടങ്ങൾ നെൽപ്പാടങ്ങളിലും മറ്റും കിടന്ന് ചീഞ്ഞളിയുമ്പോഴുണ്ടാകുന്ന മീഥൈൻ തന്നെ ഏറ്റവും നല്ല ഉദാഹരണം. ഇത്തരം പ്രവർത്തനങ്ങൾ വേണ്ടെന്നു വയ്ക്കാനാവില്ലല്ലോ.
ആഡംബരത്തിൽ ആറാടുന്ന ഒരു ചെറു ന്യൂനപക്ഷം ഇവിടെയുമുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും ഉപഭോഗം ദാരിദ്ര്യത്തിനു കീഴെയാണ്. ബ്രിട്ടീഷ് പൗരന്റെ 70ൽ ഒന്ന് വരുമാനമേ ഇന്ത്യയ്ക്കുള്ളൂ. കൂടുതൽവേഗത്തിൽ നമുക്കു വികസിച്ചേ പറ്റൂ. ഇതിനുവേണ്ടി വൈദ്യുതിയുടെയും മറ്റും ഉപഭോഗം കൂടിയേ തീരൂ. അതുകൊണ്ട് അവികസിതരാജ്യങ്ങളുടെമേൽകർശന നിയന്ത്രണങ്ങൾ പാടില്ല. അതേസമയം അമേരിക്കപോലുള്ള രാജ്യങ്ങൾ അവരുടെ ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം ഗണ്യമായി വെട്ടിക്കുറയ്ക്കണം. ഇതാണ് റിയോ സമ്മേളനം എത്തിച്ചേർന്ന നിഗമനങ്ങൾ.
റിയോയിൽ അമേരിക്കയടക്കം മനസില്ലാമനസോടെ ഇതു സമ്മതിച്ചുവെങ്കിലും താമസിയാതെ അവർക്കു വീണ്ടുവിചാരമായി. കാരണം അമേരിക്കക്കാർ തങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്താൻ തയ്യാറല്ല. അതിലുപരി ബഹുരാഷ്ട്ര കുത്തകക്കമ്പനികൾ, പ്രത്യേകിച്ച് എണ്ണ - വൈദ്യുതി കമ്പനികൾ അവരുടെ ലാഭം കുറയ്ക്കാൻ തയ്യാറല്ല. അമേരിക്കയുടെ മുറുമുറുപ്പ് ക്യോട്ടോ സമ്മേളനമായപ്പോഴേക്കും പ്രതിഷേധമായി.
1997ലെ ഈ സമ്മേളനത്തിൽ ഒരു കരട് ഉടമ്പടിയുണ്ടായി. 2015 ആകുമ്പോഴേക്കും തങ്ങളുടെ ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം 1995നെ അപേക്ഷിച്ച് 15 ശതമാനം അമേരിക്കയും മറ്റും നിർബന്ധമായി കുറയ്ക്കണമെന്നായിരുന്നു പ്രധാന നിർദ്ദേശം. ഇന്ത്യപോലുള്ള അവികസിത രാജ്യങ്ങളും കുറയ്ക്കണം. പക്ഷേ, സാവകാശമുണ്ട്. ലക്ഷ്യങ്ങൾ സ്വയം പ്രഖ്യാപിച്ചാൽ മതി. ഈ ഉടമ്പടി അമേരിക്കൻകോൺഗ്രസ് അംഗീകരിച്ചില്ല. അങ്ങനെ ക്യോട്ടോ പ്രോട്ടോക്കോൾ ചാപിള്ളയായി.
2009ലെകോപ്പൻഹേഗൻ സമ്മേളനമായപ്പോഴേയ്ക്കും അമേരിക്ക ഇന്ത്യയടക്കം ബ്രിക്സ് രാജ്യങ്ങളെ പാട്ടിലാക്കി. തന്ത്രമിതായിരുന്നു; ഉടമ്പടിയ്ക്കു സമ്മതിക്കാം, പക്ഷേ, അമേരിക്കയുടെമേൽ നിർബന്ധിത ലക്ഷ്യം കെട്ടിവെയ്ക്കരുത്. ഇന്ത്യയെയും ബ്രിക്സ് രാജ്യങ്ങളെയുംപോലെ അമേരിക്കയ്ക്കും സ്വയം പ്രഖ്യാപിത ലക്ഷ്യം മതിയെന്നു സമ്മതിക്കണം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് ആവശ്യമായ മാറ്റം വരുത്താമല്ലോ; ഇതു സമ്മതിച്ചാലും ഇന്ത്യയുടെയും മറ്റും നിലയ്ക്കു മാറ്റമില്ലല്ലോ എന്നൊക്കെയായി വട്ടമേശാ വർത്തമാനങ്ങൾ. അമേരിക്കയ്ക്ക് ഒരിളവുവേണമെന്നു മാത്രം. അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേശ് കോപ്പൻഹേഗനിൽവച്ച് അമേരിക്കയ്ക്കു വഴങ്ങി. പക്ഷേ, പരിസ്ഥിതി പ്രവർത്തകർ ബഹളമുണ്ടാക്കി. അങ്ങനെ കോപ്പൻഹേഗൻ സമ്മേളനം അലസിപ്പിരിഞ്ഞു.
പാരീസ് വഞ്ചന
അമേരിക്ക അടങ്ങിയിരുന്നില്ല. അവർ പുതിയവാദവുമായി മുന്നോട്ടു വന്നു. പഴയതിനെക്കുറിച്ച് തർക്കിച്ചിട്ടു കാര്യമില്ല. ഇനി ചൂടു വർദ്ധിക്കാതെനോക്കുകയല്ലേവേണ്ടത്? ഭാവിയിൽ ഹരിതഗൃഹവാതകങ്ങൾ ഓരോ രാജ്യവും ബഹിർഗമിപ്പിക്കുന്ന അളവു കണക്കിലെടുത്തുവേണം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ. ഇന്ന് ബ്രിക്സ് രാജ്യങ്ങളാണ് കൂടുതൽവേഗത്തിൽ വളരുന്നത്. പ്രതിശീർഷ ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനം താഴ്ന്നതാണെങ്കിലും ഇവിടങ്ങളിൽ ജനസംഖ്യ ഉയർന്നതാണ്. അതുകൊണ്ട് 2050 വരെലോകത്ത് ഇനി ബഹിർഗമിക്കാൻപോകുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവെടുത്താൽ ബ്രിക്സ് രാജ്യങ്ങളായിരിക്കും 70 ശതമാനത്തിനും ഉത്തരവാദി. അതുകൊണ്ട് അമേരിക്കപോലെതന്നെ ഉത്തരവാദിത്വം ഇവരും ഏറ്റെടുത്തേ പറ്റൂ. മറ്റു പിന്നാക്ക രാജ്യങ്ങൾക്ക് ഇളവു കൊടുക്കാം.കോപ്പൻഹേഗനിൽവെച്ച് ഇന്ത്യയും മറ്റും അവരെ കൈവിട്ടതുകൊണ്ട് ഇത്തവണ അവർ ഇന്ത്യയെയും കൈവിട്ടു. അങ്ങനെ പ്രധാനമന്ത്രി മോദി, അമേരിക്ക പറഞ്ഞതു സമ്മതിച്ച് ഒപ്പിട്ടു കൊടുത്തിട്ടാണ് പാരീസിൽ നിന്നും മടങ്ങിയത്.
ഇതുപ്രകാരം 2030 ആകുമ്പോഴേക്കും നമ്മുടെ ഹരിതഗൃഹവാതകങ്ങളുടെ ഉത്പാദനം 30 ശതമാനം കുറയ്ക്കാമെന്ന് സ്വമേധയാ ഉറപ്പുകൊടുത്തിരിക്കുകയാണ്. ഒരു കാര്യം ജാഗ്രതപ്പെടുത്തിക്കൊള്ളട്ടെ. ഇതിനർത്ഥം വാതകങ്ങളുടെ ബഹിർഗമനം ഇന്നത്തെ നിലവാരത്തിൽനിന്ന് 30 ശതമാനം കുറയ്ക്കണമെന്നല്ല. ഒരു യൂണിറ്റ് ദേശീയവരുമാനത്തിനുവേണ്ടി വരുന്ന കാർബൺ തുല്യ ബഹിർഗമനത്തിൽ 30 ശതമാനം കുറവു വരുത്തണമെന്നാണ്. എന്നിരുന്നാൽത്തന്നെയും നമ്മുടെ വികസനത്തിനുമേൽ വലിയൊരു ഭാരമായിരിക്കും. അതേസമയം ഈയൊരു ചുവടുമാറ്റത്തിന് ആവശ്യമായ സാങ്കേതികവിദ്യകൾ വെറുതേ തരാൻ അമേരിക്ക തയ്യാറല്ല. അക്കാര്യം പറയുമ്പോൾ അവർ പേറ്റെന്റിനെക്കുറിച്ച് വാചാലരാകും. എന്തിന്, ഇന്ത്യയുടെ ബ്രഹത്തായ സോളാർ ഊർജപദ്ധതിയെക്കുറിച്ച് ലോകവ്യാപാര സംഘടനയിൽ അവർ പരാതിയുമായി ചെന്നിരിക്കുകയാണ്.
സാങ്കേതികവിദ്യ തന്നില്ലെങ്കിൽ അതു വാങ്ങാനുള്ള കാശു തരുമോ? അതുമില്ല. 100 ബില്യൺഡോളർ ധനസഹായമാണ് ഇന്ത്യയെയും അവികസിത രാജ്യങ്ങളെയും പാട്ടിലാക്കാൻ കോപ്പൻഹേഗനിൽ വച്ചു നീട്ടിയത്. പാരീസ് ഉടമ്പടിയിൽ ഇതേക്കുറിച്ചു പരാമർശമല്ലാതെ യാതൊരുറപ്പുമില്ല. ചുരുക്കത്തിൽ ഇന്ത്യയും മറ്റും പിടിക്കപ്പെട്ടു. അമേരിക്കയും മറ്റും രക്ഷപെട്ടു. എല്ലാവരും ഇനിമേൽ ഒരുപോലെ ബാദ്ധ്യസ്ഥരാണ്.
പ്രതിഷേധത്തോടെ ഒരു ബദൽ
ഈ വഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. പക്ഷേ, അതിനർത്ഥം നമ്മൾ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ പ്രതിഷേധിക്കണമെന്നല്ല. പ്രതിഷേധിച്ചുകൊണ്ടുതന്നെ നാം സ്വമേധയാ നടപടികൾ സ്വീകരിക്കണം. എന്തൊക്കെയാണവ?
ഒന്ന്, ആഡംബര ഉപഭോഗം നിരുത്സാഹപ്പെടുത്തണം. ആഡംബര ഉപഭോഗത്തിനുള്ള നികുതി വർദ്ധിപ്പിക്കണം. ചിലതിന് കർശനമായ നിരോധനം ഏർപ്പെടുത്തണം.
രണ്ട്, ഊർജത്തിന്റെ ദക്ഷത ഉയർത്തണം. ഇതിനു പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. ഓരോ സ്ഥാപനത്തിലും ഊർജ ഓഡിറ്റ് നടത്തി ഉപഭോഗം കുറയ്ക്കണം.
മൂന്ന്, മലിനീകരണം സൃഷ്ടിക്കുന്ന ഉത്പന്നങ്ങൾ നിരോധിക്കണം. പ്രീസൈക്കിൾ ചെയ്യാൻ പറ്റാത്ത പ്ലാസ്റ്റിക് ഇതിനു നല്ല ഉദാഹരണമാണ്.
നാല്, ബദൽ അക്ഷയ ഊർജസ്രോതസുകൾ വികസിപ്പിക്കുക.
അഞ്ച്, മാലിന്യ സംസ്കരണ രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തുക. ജൈവ മാലിന്യങ്ങൾ മുഴുവൻ കമ്പോസ്റ്റിലേക്കു മാറ്റണം. ജൈവകൃഷിയിലേക്കു മാറണം.
ആറ്, ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വനങ്ങൾ സംരക്ഷിക്കുക. മരവത്കരണം ഊർജിതപ്പെടുത്തുക.
കേരളത്തെ നമുക്ക് ഇത്തരമൊരു തന്ത്രത്തിനു മാതൃകയാക്കി മാറ്റാനാകും. ഇവിടെ ഉത്പാദിപ്പിക്കുന്ന കാർബൺ ഇവിടെത്തന്നെ വനവും മരങ്ങളുമെല്ലാം ആഗിരണം ചെയ്യുന്ന കാർബണിനു തുല്യമാക്കി മാറ്റാൻ പറ്റുന്ന ഒരു കാമ്പയിൻവേണം. ഇതൊരു ദിവാസ്വപ്നമല്ല. അതിലേക്കൊരു ചുവടുവയ്പ്പാണ് വയനാട് നടക്കാൻപോകുന്നത്.

ഇതൊരു ദിവാസ്വപ്നമല്ല!!!!!!!!!!!
ReplyDelete