Monday, December 21, 2015

പാരീസ് ഉടമ്പടി :ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്


പരിണാമസിദ്ധാന്തം ലോകത്തെങ്ങും പഠിപ്പിക്കരുതെന്നു വാദിക്കുന്ന ചില വട്ടന്മാര്‍ ഇന്നുമുണ്ട്. അതുപോലെ കാലാവസ്ഥാവ്യതിയാനം വെറും കെട്ടുകഥയാണെന്നു വാദിക്കുന്ന ചിലരെ അമേരിക്കയിലെ റിപ്പബ്ളിക്കന്‍ പാര്‍ടിയിലും മറ്റും കാണാം. ഇവരെ മാറ്റിനിര്‍ത്തിയാല്‍, കാലാവസ്ഥ തകിടംമറിയുന്നതിന്റെ ഫലമായി മനുഷ്യരാശിയുടെ നിലനില്‍പ്പ് അതീവഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന കാര്യത്തില്‍ ഇന്ന് ലോകത്ത് അഭിപ്രായസമന്വയമുണ്ട്. പാരീസ് കാലാവസ്ഥാവ്യതിയാന സമ്മേളനത്തില്‍ പങ്കെടുത്ത 196 ലോകരാജ്യങ്ങളും ഇക്കാര്യം അംഗീകരിച്ചുകഴിഞ്ഞു. എന്താണീ പ്രതിസന്ധി?
തീ കത്തിക്കുമ്പോഴും പാചകംചെയ്യുമ്പോഴും ശ്വാസോച്ഛ്വോസം ചെയ്യുമ്പോഴുമെല്ലാം നാം ഓക്സിജന്‍ ഉപയോഗിക്കുന്നു, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നു. ഈ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ മരങ്ങളും ചെടികളും ആഗിരണംചെയ്ത് ഓക്സിജന്‍ പുറന്തള്ളുകയുംചെയ്യുന്നു. മനുഷ്യരാശിയുടെ തുടക്കംമുതല്‍ വ്യവസായവിപ്ളവം നടക്കുന്ന കാലംവരെ ഇവ രണ്ടും ഏതാണ്ട് തുല്യ അളവിലായിരുന്നു. എന്നാല്‍, ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂഗര്‍ഭത്തില്‍ രൂപംകൊണ്ട കല്‍ക്കരിയും എണ്ണയുമെല്ലാമെടുത്ത് കത്തിച്ച് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടെ പഴയ സന്തുലിതാവസ്ഥ ഇല്ലാതായി. വ്യവസായങ്ങള്‍ പല പുതിയ വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് ഒഴുക്കിവിട്ടു. വനനശീകരണംകൂടിയായപ്പോള്‍ ഇവയുടെ പൂര്‍ണ പുനഃചംക്രമണം സാധ്യമല്ലാതായി. തന്മൂലം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, മീഥേന്‍, ക്ളോറോ ഫ്ളൂറോ കാര്‍ബണ്‍, നൈട്രജന്‍ ഓക്സൈഡുകള്‍ തുടങ്ങിയവയുടെ അളവ് നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഈ വാതകങ്ങളെയാണ് ഹരിതഗൃഹവാതകങ്ങള്‍ എന്നു വിളിക്കുന്നത്. ഒരു ഗ്രീന്‍ഹൌസിലെന്നപോലെ ഈ വാതകങ്ങള്‍ ഭൂമിക്കൊരു വലയമായി നില്‍ക്കുന്നതുകൊണ്ട് സൂര്യതാപം ശൂന്യാകാശത്തിലേക്ക് ബഹിര്‍ഗമിക്കുന്നതിന് തടസ്സമുണ്ടാകുന്നു. തന്മൂലം അന്തരീക്ഷതാപനില ഉയരുന്നു.
വ്യവസായവിപ്ളവത്തിനുമുമ്പുള്ള കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ ആഗോളതാപനില ഏതാണ്ട് 1.2 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നു. ഇങ്ങനെപോയാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് അവസാനിക്കുംമുമ്പ് അന്തരീക്ഷ ഊഷ്മാവ് 4–5 ഡിഗ്രി ഉയരാം. അതുണ്ടായാല്‍ മനുഷ്യരാശിക്ക് നിലനില്‍ക്കാനാകില്ല. അന്തരീക്ഷ ഊഷ്മാവ് ദശലക്ഷക്കണക്കിനു വര്‍ഷംമുമ്പ് 6 ഡിഗ്രി താഴ്ന്നപ്പോഴാണ് ഹിമയുഗം ഉണ്ടായത് എന്നോര്‍ക്കുക.
രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നാല്‍ ലോകകാലാവസ്ഥ തകിടംമറിയും. കാലവര്‍ഷം ഇല്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? കാലവര്‍ഷമില്ലെങ്കില്‍ നമ്മുടെ നിത്യഹരിതവനങ്ങള്‍ക്കെന്തു സംഭവിക്കും? നമ്മുടെ കൃഷിക്ക് എന്തു സംഭവിക്കും? എന്തെല്ലാം പുതിയ രോഗങ്ങള്‍ വരും? ഇതുമാത്രമല്ല, ആഗോളതാപനില ഉയരുമ്പോള്‍ ഹിമാലയത്തിലെയും ധ്രുവങ്ങളിലെയും മഞ്ഞുരുകും. സമുദ്രജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ പിന്നെ കൊച്ചിയും കുട്ടനാടും ഉണ്ടാകില്ല. ലോകത്തുള്ള പല ദ്വീപുകളും അപ്രത്യക്ഷമാകും. അതുകൊണ്ട് ആഗോളതാപനില വര്‍ധന പരമാവധി രണ്ടു ഡിഗ്രി സെന്റീഗ്രേഡില്‍ ഒതുക്കിനിര്‍ത്താനാണ് ഇന്ന് ലക്ഷ്യമിടുന്നത്. ദ്വീപുസമൂഹങ്ങള്‍ ഇത് ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ ഒതുക്കിനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.
1992ലാണ് ഈ പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് റിയോയില്‍ ഭൌമ ഉച്ചകോടി ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയത്. അന്നുമുതല്‍ ഇന്നുവരെ 21 വട്ടം ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച നടത്തി. പക്ഷേ, ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. അവസാനമിപ്പോള്‍ പാരീസ് സമ്മേളനത്തില്‍ എല്ലാവരും ഒരു കരാറിലെത്തിയിരിക്കുന്നു. നിശ്ചയമായും ഇതു മുന്നോട്ടുള്ള ഒരു കാല്‍വയ്പാണ്. ഇതാണ് ഒരടി മുന്നോട്ട്.
പക്ഷേ, കരാറിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുമ്പോഴാണ് മറ്റൊരു കാര്യം വ്യക്തമാകുന്നത്. റിയോ സമ്മേളനത്തില്‍ എല്ലാവരും പൊതുവെ അംഗീകരിച്ച പല അടിസ്ഥാനതത്വങ്ങളെയും ബലികഴിച്ചാണ് ഈ കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതാണ് രണ്ടടി പിന്നോട്ട്.
ആഗോള താപനത്തിന്റെ കാരണവും പരിഹാരവും സംബന്ധിച്ച് രണ്ട് സുപ്രധാന ധാരണകളാണ് റിയോ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞത്.   
1) വ്യവസായവിപ്ളവത്തെതുടര്‍ന്നാണ് ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം വര്‍ധിക്കാന്‍ തുടങ്ങിയത് എന്ന് പറഞ്ഞല്ലോ. അന്നുമുതല്‍ ഇന്നുവരെ സൃഷ്ടിക്കപ്പെട്ട ഈ വാതകങ്ങളുടെ 70 ശതമാനവും വ്യവസായവല്‍കൃത രാജ്യങ്ങളുടെ സംഭാവനയാണ്. അതുകൊണ്ട് പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്തം വികസിതരാജ്യങ്ങള്‍ക്കാണ്.
2) ആഗോളതാപനില രണ്ടു ഡിഗ്രി ഉയര്‍ന്നാല്‍ അത് അപരിഹാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവയ്ക്കും. ഇത് തടയണമെങ്കില്‍ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവുവരുത്തണം. ഈ ചുമതല എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. പക്ഷേ, വ്യവസായവല്‍കൃത രാജ്യങ്ങള്‍ക്കാണ് മുഖ്യചുമതല. മറ്റ് രാജ്യങ്ങള്‍ക്കാവട്ടെ, വികസനം ത്വരിതപ്പെടുത്തുന്നതിന് കൂടുതല്‍ ഊര്‍ജം ഉപയോഗിച്ചേ തീരൂ. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം തടയാന്‍ പൊതുവായും അതേസമയം വ്യത്യസ്തവുമായ ചുമതലകളാണ് ലോകരാജ്യങ്ങള്‍ക്കുള്ളത്.
1997ലെ ക്യോട്ടോ സമ്മേളനം മേല്‍പ്പറഞ്ഞ ധാരണ ഉടമ്പടിയാക്കാന്‍ ശ്രമിച്ചു. ആ ഉടമ്പടിപ്രകാരം വികസിതരാജ്യങ്ങള്‍ അവരുടെ ഹരിതഗൃഹവാതകങ്ങള്‍ 1995നെ അപേക്ഷിച്ച് അഞ്ച് ശതമാനം 2015 ആവുമ്പോഴേക്കും കുറയ്ക്കാന്‍ ബാധ്യസ്ഥരായിരുന്നു. ഇങ്ങനെയൊരു നിര്‍ബന്ധിതബാധ്യത ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇല്ലായിരുന്നു. അന്നുമുതല്‍ നിര്‍ബന്ധിതമായ ബാധ്യതയില്‍നിന്ന് ഒഴിയാന്‍ അമേരിക്ക ശ്രമിച്ചുവരികയായിരുന്നു. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാന്‍ അമേരിക്ക വിസമ്മതിച്ചതോടെ ഉടമ്പടി പൊളിഞ്ഞു.
2009ലെ കോപ്പന്‍ഹേഗന്‍ സമ്മേളനത്തില്‍ അമേരിക്ക പുതിയൊരു അടവ് സ്വീകരിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി. ഈ രാജ്യങ്ങള്‍ക്ക് മറ്റ് അവികസിതരാജ്യങ്ങളെപ്പോലെ നിര്‍ബന്ധിത ഹരിതഗൃഹ നിയന്ത്രണലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതുപോലെ ഇളവ് തങ്ങള്‍ക്കും തന്നാല്‍ ഒരു കരാറാകാമല്ലോ എന്നായിരുന്നു അമേരിക്കയുടെ യുക്തി. ഓരോരുത്തരും അവരവര്‍ക്കു കഴിയുന്ന രീതിയില്‍ ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ശ്രമിക്കുക. ഓരോരുത്തരും സ്വയം നിശ്ചയിക്കുന്ന ലക്ഷ്യം കരാറില്‍ ഉള്‍പ്പെടുത്തുക. അന്ന് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത കേന്ദ്രമന്ത്രി ജയറാം രമേശ് അമേരിക്കന്‍ സമ്മര്‍ദത്തിനുവഴങ്ങി. പക്ഷേ, കോപ്പന്‍ഹേഗനില്‍ തടിച്ചുകൂടിയ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ വമ്പിച്ച പ്രതിഷേധക്കൊടുങ്കാറ്റില്‍ കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞില്ല. 
കോപ്പന്‍ഹേഗനില്‍ ജയറാം രമേശ് തുടങ്ങിവച്ചത് പാരീസില്‍ നരേന്ദ്ര മോഡി പൂര്‍ത്തീകരിച്ചിരിക്കുന്നു. പാരീസ് ഉടമ്പടി പ്രകാരം അമേരിക്കയും ഇന്ത്യയും മറ്റ് അവികസിതരാജ്യങ്ങളെപ്പോലെ സ്വമേധയാ കാര്‍ബണ്‍ ബഹിര്‍ഗമനലക്ഷ്യം പ്രഖ്യാപിച്ചാല്‍ മതി. ഈ കരാര്‍പ്രകാരം പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്തം അപ്രസക്തമായി. അതിനുപകരം അവരിപ്പോള്‍ വാദിക്കുന്നത് ഇനിയുള്ള കാലത്ത് ഇന്ത്യ, ചൈനപോലുള്ള രാജ്യങ്ങളായിരിക്കും ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ നല്ലപങ്കും സൃഷ്ടിക്കുക എന്നാണ്. എല്ലാവര്‍ക്കും ഏറിയും കുറഞ്ഞും ഉത്തരവാദിത്തമുണ്ട്.
റിയോസമ്മേളനം പരിസ്ഥിതിപ്രവര്‍ത്തകരുടെയെല്ലാം ഒരു ആഗോളമേള ആയിരുന്നു. അവിടെ പ്രതിക്കൂട്ടില്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ആയിരുന്നു. എന്നാല്‍, പാരീസില്‍ എത്തിയപ്പോള്‍ ഇന്ത്യയും കൂട്ടുകാരുമായി പ്രതിക്കൂട്ടില്‍. കാലാവസ്ഥാ വ്യതിയാനപ്രതിരോധത്തെ തുരങ്കംവയ്ക്കുന്ന രാജ്യം എന്ന രൂക്ഷവിമര്‍ശമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കെറി ഈ സമ്മേളനത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തിയത്. ഈ സ്ഥിതിവിശേഷത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയും ചൈനയും നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടില്ല.
ഇങ്ങനെ തല്ലിക്കൂട്ടിയുണ്ടാക്കിയ ഒത്തുതീര്‍പ്പ് രണ്ട് ശതമാനം താപനില വര്‍ധന തടയാന്‍ പര്യാപ്തമല്ല. ലോകരാജ്യങ്ങള്‍ ഓരോന്നും സ്വമേധയാ പ്രഖ്യാപിച്ച കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാലും ആഗോള താപനില മൂന്നു ശതമാനത്തിലേറെ വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇന്നത്തെ ഒത്തുതീര്‍പ്പ് ഒരുതുടക്കംമാത്രമാണെന്നും ഭാവിചര്‍ച്ചകളിലൂടെ കൂടുതല്‍ കര്‍ശനമായ നിലപാടുകളിലേക്ക് പോകുമെന്നും വേണമെങ്കില്‍ ആശ്വസിക്കാം.
ആഗോളതാപനത്തിന് കമ്പോള പ്രതിവിധിയായി റിയോസമ്മേളനംമുതല്‍ ചൂണ്ടിക്കാണിച്ചതാണ് കാര്‍ബണ്‍ ക്രെഡിറ്റ്. ഊര്‍ജ മിതവ്യയം, വനവല്‍ക്കരണം തുടങ്ങിയ നടപടികളിലൂടെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കുന്ന രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ ക്രെഡിറ്റ് നല്‍കും. കൂടുതല്‍ കാര്‍ബണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്കും വിലനല്‍കി ഇവ വാങ്ങാം. ഇതാണ് വിദ്യ. പക്ഷേ,  ഇത്തരത്തില്‍ വ്യാപാരം നടക്കണമെങ്കില്‍ ഓരോ രാജ്യത്തിനുമുള്ള കാര്‍ബണ്‍ ക്വോട്ട നിശ്ചയിക്കപ്പെടണം. എന്നുവച്ചാല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് എന്ന പ്രഖ്യാപിതലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിന് ആകെ അനുവദനീയമായ ഹരിതഗൃഹവാതക ബജറ്റ് എത്രയെന്ന് വിലയിരുത്തണം. അതില്‍ ഓരോ രാജ്യത്തിന്റെയും പങ്ക് എത്രയെന്ന് വീതംവയ്ക്കണം. എങ്കില്‍മാത്രമേ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് അന്തര്‍ദേശീയ കമ്പോളം സൃഷ്ടിക്കാന്‍ കഴിയൂ. ഓരോ രാജ്യവും ഇപ്പോള്‍ സ്വമേധയാ തങ്ങളുടെമേലുള്ള നിയന്ത്രണം പ്രഖ്യാപിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്‍ബണ്‍ ബജറ്റ് തയ്യാറാക്കാനേ കഴിയില്ല. റിയോയില്‍നിന്നുള്ള തിരിഞ്ഞുനടത്തമാണ് പാരീസ്

1 comment:

  1. അറബിക്കടലിൽ എങ്ങനെയാടോ മഴ പെയ്യുന്നത് എന്ന് ചോദിച്ചവർ ഇവിടെയും ഉണ്ടായിരുന്നല്ലോ! നമ്മുടെ അടുത്ത തലമുറ കുറെ ഉഷ്ണിക്കും എന്നാണു തോന്നുന്നത്. അവർക്കടുത്ത തലമുറ വേവും!!

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...