Wednesday, March 20, 2013

സലാം! സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്...


ധനവിചാരം, മാതൃഭൂമി മാര്‍ച്ച് 19, 2013

'ഞാന്‍ സഞ്ജയ് വിജയകുമാര്‍. സാര്‍, രാത്രി പന്ത്രണ്ടര മണിക്ക് ഞങ്ങള്‍ക്ക് അപ്പോയിന്‍മെന്റ് തന്നത് ഓര്‍മയുണ്ടോ?' മുംബൈ-തിരുവനന്തപുരം വിമാനയാത്രയ്ക്കിടയില്‍ തൊട്ടടുത്ത സീറ്റിലിരുന്നയാളിന്റെ അപ്രതീക്ഷിത ചോദ്യം. ആളെ എനിക്ക് ഓര്‍മ വന്നു, സന്ദര്‍ഭവും. ധനമന്ത്രിയായിരിക്കെ, ഓഫീസ് സമയത്തല്ലാതെ ഒരു കൂടിക്കാഴ്ച വേണമെന്ന ആവശ്യവുമായെത്തിയ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ രണ്ട് വിദ്യാര്‍ഥികളിലൊരാള്‍. മറ്റേയാള്‍ ലിഷോയ്. മോബ്മി എന്ന കാമ്പസ് കമ്പനിയുടെ പ്രതിനിധികളായിരുന്നു അവര്‍. കുറച്ചുനേരം സംസാരിക്കണം എന്നായിരുന്നു ആവശ്യം. അതിന് സാധാരണ സന്ദര്‍ശനസമയം പറ്റില്ലത്രേ. അങ്ങനെയാണ് പാതിരായ്ക്ക് സമയം തീരുമാനിച്ചത്. പന്ത്രണ്ടരയോടെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ അവരെത്തി.

എന്റെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണത്തോടെയാണ് സംഭാഷണം ആരംഭിച്ചത്. ഫോണ്‍വിളിയും മെസേജ് അയയ്ക്കലുമല്ലാതെ മറ്റൊന്നും ഫോണില്‍ ഞാന്‍ ചെയ്യാറില്ല. എന്റെ ഫോണ്‍ കൈയിലെടുത്ത് അതിന്റെ സാധ്യതകള്‍ ഒന്നൊന്നായി അവര്‍ വിവരിച്ചു. അവസാനം ഇങ്ങനെ ഉപസംഹരിച്ചു; ''വേണമെങ്കില്‍ മൊബൈല്‍കൊണ്ട് രാജ്യം ഭരിക്കാം. ഞങ്ങളുടെ കമ്പനിക്ക് ചില നൂതനാശയങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്താന്‍ ഒരവസരം തരണം''.

എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാന്‍ കഴിയുന്നവരല്ല സന്ദര്‍ശകരെന്ന് അതിനകം ബോധ്യമായി. ഒന്ന് പരീക്ഷിച്ചുനോക്കാന്‍തന്നെ തീരുമാനിച്ചു. ബന്ധപ്പെട്ടവരുമായി ആലോചിച്ച് കെ.എസ്.എഫ്.ഇ.യുടെ ഒരു കാമ്പയിന്‍ പരിപാടി അവരെ ഏല്പിച്ചു. അതുവിജയിച്ചപ്പോള്‍ ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ചെക്‌പോസ്റ്റുകളുമായി ബന്ധപ്പെടുത്തി ഒരു പരാതിപരിഹാര പരിപാടി. ഈ പ്രവര്‍ത്തനപരിചയമാണ് കേരള സര്‍ക്കാറിന്റെ മൊബൈല്‍ ഗവേണന്‍സിനുള്ള ഒരു പ്രധാന ചുമതല ലഭിക്കാന്‍ അവരെ സഹായിച്ചത്. പക്ഷേ, അധികമൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഉത്തരവിറങ്ങാന്‍തന്നെ മാസങ്ങ ളെടുത്തു. ചുരുക്കംചിലരൊഴികെ ഒരു വകുപ്പു സെക്രട്ടറിക്കും താത്പര്യമുണ്ടായിരുന്നില്ല. പൊതുമരാമത്തുവകുപ്പിലെ കോള്‍ സെന്റര്‍ മാത്രമായിരുന്നു പ്രായോഗികമായി നടന്നത്.

മോബ്മി വയര്‍ലെസിന്റെ 25 കോടി രൂപയുടെ ഷെയറുകള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആദ്യ വില്പനയ്ക്ക് വെക്കുന്നതിന്റെ (ഐ.പി.ഒ.) തീരുമാനമെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുംവഴിയാണ് സഞ്ജയ് എന്നെ കണ്ടത്. കാമ്പസില്‍ നിന്ന് പിറവിയെടുത്ത് ഐ.പി.ഒ.യിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്. നാസ്‌കോം തയ്യാറാക്കിയ ഇന്ത്യയിലെ പത്ത് എമര്‍ജിങ് ഐ.ടി. കമ്പനികളുടെ പട്ടികയില്‍ ഒരെണ്ണം മോബ്മി വയര്‍ലസ് ആയിരുന്നു.

ആറുവര്‍ഷംകൊണ്ടാണ് ഇവരുടെ ആശയം ഐ.പി.ഒ.യിലെത്തിയത്. ഐ.ടി. പശ്ചാത്തല സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ്, തുടക്കത്തില്‍ വേണ്ടുന്ന മൂലധനം, സര്‍ക്കാര്‍ സംവിധാനങ്ങളോട് ഇടപെടാനുള്ള കഴിവ്, ശാസ്ത്രസാങ്കേതിക സഹായത്തിനുവേണ്ടിയുള്ള ഉന്നതകമ്പനികളുമായുള്ള ബന്ധം തുടങ്ങിയവയൊക്കെ നേടാന്‍ ഏറെ സാഹസപ്പെട്ടു. സാധാരണഗതിയില്‍ ഒരു ചെറുപ്പക്കാര്‍ക്കും ഇത്രനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. എവിടെയെങ്കിലും നല്ല ശമ്പളത്തില്‍ ജോലിക്കുപോവുകയേ ചെയ്യൂ.

മിടുക്കന്മാരായ യുവ സാങ്കേതികവിദഗ്ധര്‍ക്ക് മേല്‍പ്പറഞ്ഞ സൗകര്യങ്ങളൊക്കെ ഒരു പാക്കേജായി ഒരു കേന്ദ്രത്തില്‍ ലഭ്യമായാല്‍ ആശയങ്ങള്‍ ഉത്പന്നങ്ങളാകാനും കമ്പനികളായി വളരാനും മോബ്മിക്ക് വേണ്ടിവന്നതിന്റെ മൂന്നിലൊന്നുസമയം മതിയാകും. ഇങ്ങനെ യുവ വിദഗ്ധരെ ലക്ഷ്യംവെക്കുന്ന ഐ.ടി. സൗകര്യങ്ങളും ധനകാര്യസേവനങ്ങളും പി.ആര്‍.ഒ. ബന്ധങ്ങളും എല്ലാമുള്ള പാര്‍ക്കുകളെയും കെട്ടിടസമുച്ചയങ്ങളെയുമാണ് ഇന്‍ക്യൂബേറ്റര്‍ എന്നുവിളിക്കുന്നത്.

എന്തുകൊണ്ട് യുവ എന്‍ജിനീയര്‍മാര്‍? സാധാരണഗതിയില്‍ യൗവനകാലത്താണ് നൂതനമായ ആശയങ്ങള്‍ രൂപംകൊള്ളുക. കമ്പ്യൂട്ടര്‍ മേഖലയിലെ ആഗോളശക്തികളായി വളര്‍ന്ന എഴുപതുകളിലെ ആപ്പിളും മൈക്രോസോഫ്റ്റും തുടര്‍ന്ന് യാഹുവും ഗൂഗിളും ഏറ്റവും അവസാനം ഫേസ്ബുക്കും വിദ്യാര്‍ഥികളുടെ സംരംഭങ്ങളായാണ് ആരംഭിച്ചത്.

അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെന്നപോലെ കേരളത്തിലും അനുകൂല സാങ്കേതിക-ധന-സംഘടന സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ അഭ്യസ്തവിദ്യരില്‍നിന്ന് ഒട്ടേറെ പുത്തന്‍ സംരംഭകരെ സൃഷ്ടിക്കാനാവും. പുതിയ ശാസ്ത്രസാങ്കേതിക വിപ്ലവത്തിന്റെ ഫലമായി ശാസ്ത്രജ്ഞാനം പ്രത്യക്ഷ ഉത്പാദന ഉപാധിയായി മാറിക്കൊണ്ടിരിക്കയാണ്. ഇത് സംരംഭകത്വത്തിന്റെ സ്വഭാവത്തെയും നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പുതിയ സംരംഭകത്വത്തെ എങ്ങനെ ത്വരപ്പെടുത്താം? ഇവിടെയാണ് ഇന്‍ക്യൂബേറ്റര്‍ എന്ന ആശയത്തിന്റെ പ്രസക്തി.

കേരളത്തിലെ ആദ്യത്തെ ടെക്‌നോളജി ഇന്‍ക്യൂബേറ്റര്‍ ആണ് കൊച്ചി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്. മോബ്മിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും പ്രമോട്ടര്‍മാരായി 2012-ലാണ് ഇത് സ്ഥാപിതമായത്. ഒരു ജി.ബി.പി.എസ്. കണക്ടിവിറ്റി ശേഷിയുള്ള ഇന്റര്‍നെറ്റ് സൗകര്യമാണ് ഏറ്റവും വലിയ സവിശേഷത. ഭൂഗര്‍ഭാന്തര കേബിളിന്റെ ഗേറ്റ്‌വേ കൊച്ചിയായതുകൊണ്ട് കിട്ടിയ അസുലഭമായ ഭാഗ്യം.

തങ്ങളുടെ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും പുതിയ തലമുറയുടെ ആശയങ്ങളും സാങ്കേതികവൈദഗ്ധ്യവും കണ്ടെത്തുന്നതിനുംവേണ്ടി ബ്ലാക്ക്‌ബെറിയും ഐ.ബി.എമ്മും പോലുള്ള പല കമ്പനികളും ഇപ്പോള്‍ത്തന്നെ ലബോറട്ടറികളും ഇന്നവേഷന്‍ സോണുകളും മറ്റും സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ ആരംഭിക്കുന്നതിന് മുന്നോട്ടു വന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം നല്‍കുന്നതിനുവേണ്ടിയുള്ള പരിപാടികളും ഉണ്ട്. ഇവയോടൊപ്പം പുതിയ സംരംഭകരെ കണ്ടെത്താനുള്ള ടാലന്റ്‌സെര്‍ച്ചും സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ്.

ശാസ്ത്രകൗതുകമുണര്‍ത്താന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും ആഭിമുഖ്യത്തില്‍ പണ്ട് സയന്‍സ്‌കിറ്റുകള്‍ വിതരണംചെയ്തിരുന്നു. അതുപോലെ ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, ഒരു ബാങ്ക് അക്കൗണ്ടും കുറച്ചുപണവും തുടങ്ങി പുത്തന്‍സംരംഭകന് ആവശ്യമുള്ള അത്യാവശ്യം ചില കാര്യങ്ങള്‍ സ്റ്റാര്‍ട്ട്അപ് വില്ലേജ് ഒരു കിറ്റായി നല്‍കുന്നു. വിജയികള്‍ അടുത്ത റൗണ്ടിലേക്ക് പോകുന്നു. ഇവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നു.

നൂതനസാങ്കേതിക ആശയങ്ങളും വിദ്യകളും വികസിപ്പിക്കുന്നവര്‍ക്ക് തുടര്‍സഹായങ്ങളും നല്‍കുന്നു. അങ്ങനെ ഒരുപറ്റം നൂതന സംരംഭകരെ വളര്‍ത്തിയെടുക്കുന്നു. തമാശയും കൗതുകവും സാങ്കേതികവിദ്യയും സംരംഭകത്വവുമൊക്കെ കൂട്ടിയിണക്കി നൂറുപേരിലാണ് ഈ പരീക്ഷണം നടക്കുന്നത്. പണമുണ്ടാവുകയാണെങ്കില്‍ പതിനായിരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാവും എന്നാണ് സഞ്ജയ് പറഞ്ഞത്. മികച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി പ്രോജക്ടുകള്‍ക്ക് വേണ്ടിയുള്ള ടാലന്റ് ഹണ്ടാണ് മറ്റൊരു നൂതനപരിപാടി. കോഴ്‌സിന്റെ അവസാനകാലത്ത് അക്കാദമിക് പ്രോജക്ടിനുപകരം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വ പ്രോജക്ടുകളുമാകാം. ഇങ്ങനെയൊക്കെ അനേകം സാധ്യതകളുണ്ട്.

പക്ഷേ, മുതല്‍മുടക്കാന്‍ പണമെവിടുന്ന് കിട്ടും? അതിനാണ് മാലാഖമാരുടെ സഹായം അഥവാ ഏഞ്ചല്‍ ഫണ്ടിങ്. അതെന്തെന്നറിയാന്‍ അല്പം ചരിത്രം പറയാം. നാടകസംഗീതശാലകള്‍ക്ക് പ്രസിദ്ധമായ തെരുവാണ് ന്യൂയോര്‍ക്കിലെ ബ്രോഡ്‌വേ. കലാകാരന്മാര്‍ക്ക് പലപ്പോഴും കൈയില്‍ പണമുണ്ടാവുകയില്ലല്ലോ. നാടകമോ സംഗീതശില്പമോ തയ്യാറായിക്കഴിഞ്ഞാല്‍ അരങ്ങേറ്റത്തിന് ഏതെങ്കിലും പേട്രണെ കിട്ടിയേ തീരൂ. കലാപരിപാടി വിജയിക്കുമ്പോള്‍ ചെലവും ലാഭത്തില്‍ ഒരു വിഹിതവും പേട്രണ് നല്‍കും. ഇക്കൂട്ടര്‍ക്ക് മാലാഖമാര്‍ (ഏഞ്ചല്‍സ്) എന്ന് പേരുവീണു. അവര്‍ നല്‍കിയ സഹായത്തിന് ഏഞ്ചല്‍ഫണ്ട് എന്നും.

സാമൂഹികപ്രതിബദ്ധതയുള്ള ധനാഢ്യര്‍, റിട്ടയര്‍ചെയ്ത ടെക്‌നോക്രാറ്റുകള്‍, വിദേശത്തുള്ള നാട്ടുകാര്‍ തുടങ്ങിയവര്‍ നൂതനസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പണംമുടക്കാന്‍ തയ്യാറാകും. വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുപോലെ വലിയ മുതല്‍മുടക്കിന് ഇവര്‍ തയ്യാറാവില്ല. കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡില്‍ സ്ഥാനമോ ഷെയറോ ആവശ്യപ്പെടാറുമില്ല. നല്ലൊരു ആശയം ഉത്പന്നമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള പ്രാരംഭ മൂലധനം മാത്രം ലഭ്യമാക്കും. അമേരിക്കയിലെ ഏഞ്ചല്‍ ഫണ്ടുകളില്‍നിന്ന് അമ്പതുലക്ഷം ഡോളര്‍ ഇതിനകം സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് വാഗ്ദാനംലഭിച്ചിട്ടുണ്ട്. പുതിയ സംരംഭകരെ സഹായിക്കാന്‍ സന്നദ്ധതയുള്ള വിദേശമലയാളികളുടെ ഒരു നെറ്റ്‌വര്‍ക്കുതന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

 ഈ നിക്ഷേപം ഒരു പരോപകാര പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിക്കേണ്ട. സ്റ്റാര്‍ട്ട് അപ് വില്ലേജ് സംവിധാനം നല്‍കുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പദ്ധതി വിജയിക്കുമെന്നും ലാഭകരമാകുമെന്നും അപ്പോള്‍ മുതല്‍മുടക്കും ലാഭവും തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പണം മുടക്കാന്‍ ഏഞ്ചല്‍ ഫണ്ടുകാര്‍ തയ്യാറാകുന്നത്.

ഇപ്പോള്‍ ഏഴായിരം ചതുരശ്ര അടിയുള്ള കിന്‍ഫ്ര കെട്ടിടത്തിലാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ലബോറട്ടറിക്കും മറ്റുമുള്ള സ്ഥലം മാറ്റിക്കഴിഞ്ഞാല്‍ ഏതാണ്ട് ഒരു ഡസന്‍ കമ്പനികള്‍ക്കുവേണ്ട സ്ഥലസൗകര്യമേയുള്ളൂ. എന്നാല്‍ ഇതിനകം 650 യുവതീയുവാക്കള്‍ പേര് രജിസ്റ്റര്‍ചെയ്തു. പലരും പുറത്ത് പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ കമ്പനികളാണ്. പന്തീരായിരം ചതുരശ്രയടികൂടി കിട്ടിയെങ്കിലും വൈദ്യുതി ഇല്ല. സര്‍ക്കാര്‍ കാര്യങ്ങളെല്ലാം മുറപ്രകാരം ചലിക്കുന്നതിന്റെ പ്രശ്‌നങ്ങളാണ് എവിടെയും.

കേരളം അതിവേഗം വളരുകയാണ്. ഈ വളര്‍ച്ചയെ നമ്മുടെ ഉത്പാദനമേഖലകളുമായി ബന്ധിപ്പിക്കുക എന്നതാണ് വെല്ലുവിളി. ഇതിന് കഴിയണമെങ്കില്‍ നമുക്ക് കൂടുതല്‍ അനുയോജ്യമായ വിജ്ഞാനാധിഷ്ഠിതമോ സേവനപ്രധാനമോ വൈദഗ്ധ്യസാന്ദ്രമോ ആയ വ്യവസായങ്ങളിലേക്ക് തിരിയണം. ഈ പരിശ്രമം വിജയിപ്പിക്കുന്നതില്‍ വിവിധങ്ങളായ സാങ്കേതിക സംരംഭകത്വ പ്രോത്സാഹനസംവിധാനങ്ങള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്.

സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് കേരള വികസനത്തിലെ വഴിത്തിരിവാകുമെന്നാണ് ഇന്‍ഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ കരുതുന്നത്. വ്യാപാരികള്‍ക്കുള്ള പ്രത്യേക ജാതി കേരളത്തിലുണ്ടായിരുന്നില്ല. ഇത്തരം പരമ്പരാഗത വ്യാപാരിസമൂഹങ്ങളില്‍നിന്നാണ് ആദ്യഘട്ടങ്ങളില്‍ ഇന്ത്യയിലെ വ്യവസായസംരംഭകര്‍ രൂപംകൊണ്ടത്. കേരളത്തിന്റെ വ്യവസായ പിന്നാക്കാവസ്ഥയ്ക്ക് മുഖ്യകാരണമായി ഡോ. കെ.എന്‍.രാജിനെപ്പോലുള്ളവര്‍ ഇക്കാര്യം നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, നൂതനത്വവും സാങ്കേതിക പ്രൊഫഷണലിസവും ഒരുമിക്കുന്ന പുതിയ ഒരു തലമുറ സംരംഭകത്വം കേരളത്തില്‍ രൂപംകൊള്ളുകയാണ്.

പൂര്‍വികരില്‍നിന്ന് കിട്ടിയ പൂത്തപണമോ ഗള്‍ഫിന്റെ തിളക്കമോ ഒന്നുമല്ല ഇവരുടെ മത്സരശേഷിയുടെ ആത്മവിശ്വാസം. മറിച്ച് ശാസ്ത്ര സാങ്കേതിക പ്രൊഫഷണലിസമാണ്. കേരളത്തിന്റെ സാമ്പത്തികക്കുതിപ്പ് രണ്ടക്കത്തിലേക്ക് ഉയര്‍ത്തുന്നതിനും ആ വളര്‍ച്ചയെ ഉത്പാദന മേഖലകളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശുഭപ്രതീക്ഷകള്‍ക്കുപിന്നിലെ ഒരു പ്രധാന ഘടകം ഈ സാമൂഹികപ്രതിഭാസമാണ്. *

2 comments:

  1. https://www.facebook.com/photo.php?v=572088572805834

    ReplyDelete
  2. ഒരു കാര്യം ആദ്യമേ പറയട്ടെ. നമുക്ക് പലപ്പോഴും പറ്റുന്നത് ഇച്ഛാശക്തിയുടെ അഭാവമാണ്. ഐസക്കിന് അതുണ്ട്. പക്ഷേ, പ്രവൃത്തിഫലത്തില്‍ എത്താന്‍ അതുമാത്രം പോരല്ലോ. ഐസക്കും സഹമന്ത്രിമാരും സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരുടെ തടവുകാരായിരുന്നു. ഇമ്പിച്ചിബാവയും ഗൌരിയമ്മയും ഒന്നും അങ്ങനെ അല്ലായിരുന്നു. നമ്മുടെ സെക്രട്ടെരിയെറ്റിലെ സഖാക്കളും മോശമായിരുന്നില്ല. അവര്‍ക്കും സര്‍വ്വീസ് ചട്ടങ്ങളായിരുന്നു, വേദവാക്യങ്ങള്‍. . ഐ എ എസ്സ് എന്ന് കേട്ടാല്‍ നമ്മുടെ മന്ത്രിമാര്‍ക്ക് മുട്ടുവിറക്കും. ഇത് ഒരു സര്‍വീസ് ആണ്. പേരിനോടൊപ്പം വെക്കേണ്ട സ്ഥാനപ്പേരല്ല. അങ്ങനെ വയ്ക്കരുത് എന്ന് അഖിലേന്ദ്യ സവീസ് ചട്ടത്തിലുണ്ട്. ഇവരാണ് നമ്മുടെ മന്ത്രിമാരെ ഭരിക്കുന്നത്‌.. ജനങ്ങളാണ് തങ്ങളുടെ യജമാനന്മാര്‍ എന്ന് എം എല്‍ എ മാരും മന്ത്രിമാരും ആവുമ്പോള്‍ മറന്നുപോവുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടാത്ത നിയമം വെച്ചു ഭരിക്കാന്‍ നോക്കരുത്. അവിടെ അടി തെറ്റും. ജനനന്മക്കു എതിര് നില്‍ക്കുന്ന നിയമം മാറ്റണം. മന്ത്രി ജനപ്രതിനിധിയാണ്. ആ ജനപ്രതിനിധി തീരുമാനിക്കുന്ന കാര്യങ്ങള്‍ നിശ്ചിത കാലയളവില്‍ ചെയ്തുതീരണം. അതിനു എതിര് നില്‍ക്കുന്നവര്‍ ആരായാലും സര്‍വ്വീസില്‍ ഉണ്ടാവരുത്. അല്ലാതെ ഉദ്യോഗസ്ഥന്മാരുടെ തലയില്‍ കാര്യനിര്‍വ്വഹണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചാല്‍ ആകെ കുഴയും. ഐ എ എസ്സുകാര്‍ വന്നു മന്ത്രിയുടെ മുന്‍പില്‍ ഒടിഞ്ഞു മടങ്ങി നില്‍ക്കുമ്പോള്‍ ചിലര്‍ എല്ലാം മറക്കും. ഇവര്‍ മാറിനിന്ന് ഈ മന്ത്രിയെ പുലഭ്യം പറയുകയും ചെയ്യും. ഞാന്‍ ഇത് പറയുന്നത് അനുഭവത്തില്‍ നിന്നാണ്. ഉദാഹരണം പറഞ്ഞാല്‍ വ്യക്തിപരമാവും. ഐ എ എസ്സുകാര്‍ ഗ്ലോറിഫൈട് ക്ലാര്‍ക്കന്മാര്‍ തന്നെ ആണ്.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...