ധനവിചാരം, Mathrubhumi 05 March 2013
കേന്ദ്രബജറ്റ് കഴിഞ്ഞു. ഇനി സംസ്ഥാന ബജറ്റാണ്. ധനമന്ത്രി കെ.എം. മാണി കേന്ദ്രബജറ്റിനെ സ്വാഗതംചെയ്‌തെങ്കിലും ചില കാര്യങ്ങളില്‍ നിശിത വിമര്‍ശമുയര്‍ത്തി. കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന വിമര്‍ശം. അക്കാര്യത്തില്‍ കെ.എം. മാണിയോട് യോജിച്ചപ്പോള്‍, ഒരു പ്രാദേശികപാര്‍ട്ടിയുടെ സമീപനം ഞാന്‍ സ്വീകരിക്കുന്നുവെന്നായിരുന്നു ആര്യാടന്‍ മുഹമ്മദിന് പരാതി. അതവിടെ നില്‍ക്കട്ടെ. കേരള ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നമ്മുടെ ധനമന്ത്രി സംസ്ഥാന താത്പര്യം ഉയര്‍ത്തിപ്പിടിക്കുമോ. അതോ, വായ്പയും കമ്മിയും സംബന്ധിച്ച കേന്ദ്രത്തിന്റെ ഇണ്ടാസ് യാന്ത്രികമായി അനുസരിക്കുമോ എന്നറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്.
ധനക്കമ്മിയെ അത്ര പേടിക്കേണ്ടതില്ലെന്നാണ് എന്റെ പക്ഷം. സംസ്ഥാനങ്ങളുടെ വായ്പപരിധി തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. അതുകൊണ്ട് സംസ്ഥാനം വിചാരിച്ചാലും ധനക്കമ്മി ആ പരിധികടന്ന് പോകാനാവില്ല. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ 2011-'12-ലെ അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചിലരുടെ എതിര്‍പ്പ് പ്രതീക്ഷിക്കുന്നുണ്ട്. ആ റിപ്പോര്‍ട്ടുപ്രകാരം കേരളത്തിന്റെ ധനക്കമ്മി 12,815 കോടി രൂപയാണ്; സംസ്ഥാനവരുമാനത്തിന്റെ 3.9 ശതമാനം. 2011-'12-ല്‍ ഫിനാന്‍സ് കമ്മീഷന്റെ തീര്‍പ്പുപ്രകാരം അനുവദനീയമായ ധനക്കമ്മി 3.5 ശതമാനമാണ്. കമ്മി പരിധിയേക്കാള്‍ ഉയര്‍ന്നു എന്നാണ് സി. ആന്‍ഡ് എ.ജി.യുടെ വിമര്‍ശം.
എന്താണീ ധനക്കമ്മി? മാണിസാര്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് ധനക്കമ്മി എന്നപ്രയോഗംതന്നെ ഉണ്ടായിരുന്നില്ല. ബജറ്റ് കമ്മി, ബജറ്റ് മിച്ചം എന്നായിരുന്നു അക്കാലത്തെ പ്രയോഗങ്ങള്‍. നികുതി, നികുതിയേതര റവന്യൂ വരുമാനങ്ങള്‍, വായ്പതിരിച്ചടവും ഓഹരിവില്പന വരുമാനവും വായ്പ എന്നിവയുടെ തുകയാണല്ലോ സര്‍ക്കാറിന്റെ മൊത്തം വരുമാനം. സര്‍ക്കാറിന്റെ മൊത്തം ചെലവാകട്ടെ, ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ റവന്യൂ ചെലവുകളും സര്‍ക്കാര്‍ കൊടുത്ത വായ്പകളും ആസ്തികള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള മൂലധനച്ചെലവുമാണ്. മൊത്തം വരുമാനത്തേക്കാള്‍ മൊത്തം ചെലവ് കൂടിയാല്‍ ബജറ്റ് കമ്മി. എന്നാലിപ്പോള്‍ വ്യത്യസ്ത ധാരണയാണുള്ളത്. പക്ഷേ, സര്‍ക്കാറിന്റെ വായ്പയെ യഥാര്‍ഥവരുമാനമായി കണക്കാക്കാന്‍ പാടില്ലെന്നാണ് ലോകബാങ്ക് പോലുള്ളവയുടെ ശാഠ്യം. സര്‍ക്കാറെടുക്കുന്ന വായ്പയും കമ്മിയുടെ ഭാഗമായി പരിഗണിക്കണമത്രേ. അതിലളിതമായി പറഞ്ഞാല്‍ പഴയ ബജറ്റ്കമ്മിയും വായ്പയും ചേരുന്നതാണ് ധനക്കമ്മി.
വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത സര്‍ക്കാറിന്റേതാണ്. അതുകൊണ്ട് വായ്പയെടുക്കുന്ന പണം ഭാവിയില്‍ വരുമാനമുണ്ടാക്കുന്ന ഏതെങ്കിലും ആസ്തികള്‍ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കണമെന്നാണ് സാമാന്യതത്ത്വം. അപ്പോള്‍ ബാധ്യതയും ആസ്തിയും ബാലന്‍സുചെയ്യും. ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ റവന്യൂ ചെലവുകള്‍ ഒരു ആസ്തിയും സൃഷ്ടിക്കുന്നില്ല. ചെലവാകുന്നതോടെ അവയുടെ കഥയും തീരും. അതുകൊണ്ട് ഇത്തരത്തിലുള്ളആവര്‍ത്തനച്ചെലവുകള്‍ നികുതി, നികുതിയേതര വരുമാനങ്ങളിലൂടെ കണ്ടെത്തണമെന്നാണ് മറ്റൊരു തത്ത്വം. എന്നാല്‍, കഴിഞ്ഞവര്‍ഷം റവന്യൂ ചെലവ് റവന്യൂ വരുമാനത്തേക്കാള്‍ 8,035 കോടി രൂപ കൂടുതലായിരുന്നു. അതായത്, 8,035 കോടിരൂപ റവന്യൂ കമ്മി ഉണ്ടായിരുന്നു; സംസ്ഥാനവരുമാനത്തിന്റെ 2.5 ശതമാനം.
കമ്മി കൂടാന്‍ എന്താണ് കാരണം? ശമ്പള പരിഷ്‌കരണത്തിന്റെ അധികച്ചെലവ് മുഴുവന്‍ വഹിക്കേണ്ടി വന്നത് 2011-'12-ലാണ്. ഏത് ശമ്പളപരിഷ്‌കരണ വര്‍ഷമെടുത്താലും റവന്യൂചെലവ് ഗണ്യമായി ഉയരും. റവന്യൂകമ്മി കൂടും. അത് നികത്താന്‍ കൂടുതല്‍ വായ്പയെടുക്കേണ്ടിവരും. അതായത് ധനക്കമ്മി ഉയരും. കേന്ദ്രസര്‍ക്കാര്‍ വായ്പയെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുമ്പോള്‍ ധനക്കമ്മി 3.9 ശതമാനം ഉയര്‍ത്താന്‍ സംസ്ഥാനത്തിന് എങ്ങനെ കഴിഞ്ഞു?
വര്‍ധിച്ച ശമ്പളവും പെന്‍ഷനും മാത്രമല്ല, ശമ്പള പരിഷ്‌കരണത്തീയതി മുതലുള്ള കുടിശ്ശികയും 2011-'12-ല്‍ കൊടുക്കേണ്ടിവന്നു. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുകയാണ് പതിവ്. പി.എഫ്. അക്കൗണ്ടിലെ ഡെപ്പോസിറ്റുകള്‍ സര്‍ക്കാറിന്റെ മൂലധന വരുമാനമായിട്ടാണ് കണക്കാക്കുക. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വായ്പ അനുവദിച്ചില്ലെങ്കിലും കുടിശ്ശിക നിര്‍ബന്ധപൂര്‍വം ട്രഷറിയില്‍ നിക്ഷേപമായി പി.എഫ്. അക്കൗണ്ടില്‍ ഇടുന്നതുകൊണ്ട് ഫലത്തില്‍ സര്‍ക്കാറിന്റെ വായ്പ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പരിധിയേക്കാള്‍ ഉയരുന്നു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടിശ്ശിക കൊടുക്കേണ്ടിവരില്ല. സര്‍ക്കാര്‍ചെലവ് അത്രയും കുറയും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അധിക മൂലധനവരുമാനവും അപ്രത്യക്ഷമാകും. അതുകൊണ്ട്, ധനക്കമ്മി ഇനിയുള്ള വര്‍ഷങ്ങളില്‍ സ്വാഭാവികമായിത്തന്നെ കുറഞ്ഞുകൊണ്ടിരിക്കും.
2012-'13-ലെ പുതുക്കിയ ധനക്കമ്മിയുടെ കണക്ക് ബജറ്റിനോടൊപ്പമേ ലഭിക്കൂ. എന്നാല്‍, എന്റെ അനുമാനത്തില്‍ അത് മൂന്നുശതമാനത്തില്‍ താഴെയായിരിക്കും. 2012-'13-ലും ധനക്കമ്മിയുടെ അനുവദനീയമായ പരിധി 3.5 ശതമാനമാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വായ്പവെച്ച് നോക്കുമ്പോള്‍ ധനക്കമ്മി മൂന്നുശതമാനത്തില്‍ താഴെയേ വരൂ. 2013-'14-ലും ഈ സ്ഥിതി തുടരും. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ കെ.എം. മാണി ചെയ്യേണ്ടത് ട്രഷറി സേവിങ്‌സ് ബാങ്ക്‌വഴി പരമാവധി നിക്ഷേപം സമാഹരിച്ച് നമ്മുടെ ധനക്കമ്മി അനുവദനീയ പരിധിയിലേക്കെങ്കിലും ഉയര്‍ത്തുക എന്നുള്ളതാണ്. കേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി 4.8 ശതമാനമാണെന്നോര്‍ക്കണം.
ഇപ്രകാരം സമാഹരിക്കുന്ന പണം ഒരു കാരണവശാലും റവന്യൂ ചെലവുകള്‍ക്ക് ഉപയോഗിക്കരുത്. പൂര്‍ണമായും റോഡ്, പാലം, കെട്ടിടം തുടങ്ങിയ മൂലധനച്ചെലവുകള്‍ക്കുവേണം ഉപയോഗിക്കാന്‍. കേരളത്തിന്റെ മൂലധനച്ചെലവ് ഇനിയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഗണ്യമായി ഉയര്‍ത്തുന്ന സമീപനം കൈക്കൊള്ളേണ്ടതുണ്ട്. ഇതിന് ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ സമാഹരിക്കുന്ന ഡെപ്പോസിറ്റുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താം. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ട്രഷറി സേവിങ്‌സ് ബാങ്കിനെ തകര്‍ക്കുന്ന സമീപനമാണ് കെ.എം. മാണി കഴിഞ്ഞ രണ്ടുവര്‍ഷമായി അനുവര്‍ത്തിക്കുന്നത്. ശമ്പളം മുഴുവന്‍ വാണിജ്യ ബാങ്കുകള്‍ വഴിയാക്കി. ഡിപ്പാര്‍ട്ടുമെന്റുകളുടെ പണം പോലും വാണിജ്യബാങ്കുകളില്‍ ഡെപ്പോസിറ്റുചെയ്യാന്‍ അനുവദിക്കുന്നു. ഈ നയം തിരുത്തണം.
നമ്മുടെ റോഡുകളുടെയും പാലങ്ങളുടെയും മറ്റും നവീകരണത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ നേരിട്ട് എടുക്കുന്ന വായ്പകളും സമാഹരിക്കുന്ന നിക്ഷേപങ്ങളും തികച്ചും അപര്യാപ്തമാണ്. അതുകൊണ്ട് അര്‍ധസര്‍ക്കാര്‍ ഏജന്‍സികള്‍വഴി വായ്പയെടുത്ത് മുതല്‍മുടക്കാന്‍ തയ്യാറാകണം. ബജറ്റിനുപുറത്തുള്ള ഇത്തരം പരോക്ഷവായ്പകളെക്കുറിച്ച് നിശിതമായ വിമര്‍ശം യഥാസ്ഥിതിക ധനവിശാരദന്മാര്‍ ഉയര്‍ത്തുന്നു. പക്ഷേ, അത് നാം കാര്യമാക്കേണ്ടതില്ല. മുതല്‍മുടക്കുന്ന പണം കാര്യക്ഷമമായി വിനിയോഗിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ മതി. ഇത്തരം ഇടപെടലിന്റെ ഏറ്റവുംനല്ല മാതൃകകളില്‍ ഒന്നായിരുന്നു ഇ.എം.എസ്. പാര്‍പ്പിടപദ്ധതി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വായ്പയെടുത്ത് ഇന്ന് വീടുപണിയുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കിട്ടുന്ന ഗ്രാന്റില്‍നിന്ന് വായ്പ തിരിച്ചടയ്ക്കുന്നു. സംസ്ഥാന സര്‍ക്കാറിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്കപ്പുറം വായ്പയെടുക്കാനാവില്ല. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വായ്പയെടുക്കുന്നത് ഇപ്പോള്‍ തടയാന്‍ കേന്ദ്രസര്‍ക്കാറിനാവില്ല. എന്നാല്‍, ഇ.എം.എസ്. പാര്‍പ്പിട പദ്ധതി വീണ്ടുവിചാരമില്ലാതെ പാതിവഴിവെച്ച് പൊളിച്ചു.
എന്റെ അവസാനബജറ്റില്‍ പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ റോഡ്‌നവീകരണ പദ്ധതി ഇതേ മാതൃകയിലുള്ളതാണ്. റോഡ്ഫണ്ട് ബോര്‍ഡിനോ പുതിയൊരു ഏജന്‍സിക്കോ വാഹനനികുതിയുടെ പകുതി നിയമപ്രകാരം വ്യവസ്ഥചെയ്യുക. ഈ ഭാവി വരുമാനം ചൂണ്ടിക്കാണിച്ച് ഈ ഏജന്‍സിക്ക് വലിയ തോതില്‍ കമ്പോളത്തില്‍നിന്ന് വായ്പയെടുത്ത് നേരിട്ട് റോഡുപണിയാം. ടോളും വേണ്ട. ഇതിന്റെ ഏതാണ്ട് പകുതി വലിപ്പത്തിലുള്ള ഒരു പദ്ധതി പൊതുമരാമത്തുവകുപ്പ് എം.എല്‍.എ.മാരുടെ മുന്നില്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചു. എന്നാല്‍, ഈ ദിശയിലേക്കൊന്നും ഇതുവരെ ഗൗരവമായ ഒരു നീക്കവും നടന്നിട്ടില്ല. യാഥാസ്ഥിതിക ധനനയം വെടിയാന്‍ ധനമന്ത്രി തയ്യാറാകണം.
പാമോയിലിനുള്ള സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് നല്‍കാത്തതില്‍ കെ.എം. മാണി ശക്തമായി പ്രതികരിച്ചു. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ റേഷന്‍കടകള്‍വഴി വെളിച്ചെണ്ണ വിതരണംചെയ്യുന്നതിന് സംസ്ഥാന ബജറ്റില്‍ സബ്‌സിഡി നീക്കിവെക്കുമോ? കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചുനിന്നാല്‍ കേന്ദ്രത്തില്‍നിന്ന് ഈ തുക നമുക്ക് പിടിച്ചുവാങ്ങാം. നാളികേരത്തിന്റെ മാത്രമല്ല, റബ്ബറിന്റെയും ഏലത്തിന്റെയും വില ഇടിഞ്ഞുകഴിഞ്ഞു. 1999-ലേതുപോലെ കാര്‍ഷിക വിലത്തകര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് നാം കടക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര വിള ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, നമ്മുടെ ബജറ്റ്‌വിഹിതവുംകൂടിവെച്ച് സമഗ്രവും ആകര്‍ഷകവുമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിയുകയില്ലേ?
കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ എപ്പോഴും മെച്ചപ്പെട്ടതാണ്. പക്ഷേ, ഈ അഭിവൃദ്ധിയുടെ കാലത്തും കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍, പ്രത്യേകിച്ച് കയര്‍, ഖാദി, കൈത്തറി, ബീഡി, ചെത്ത് തുടങ്ങിയവ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടിക്കൊപ്പം ഇവയില്‍ ഇന്ന് പണിയെടുക്കുന്ന ഗണ്യമായ വിഭാഗത്തിന് മാന്യമായി റിട്ടയര്‍ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണം. മിനിമംകൂലി അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ജോലി നല്‍കാന്‍ പറ്റാത്തവരെ 45-ാം വയസ്സില്‍ പെന്‍ഷന്‍ നല്‍കി റിട്ടയര്‍ചെയ്യുന്നതിന് ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ നമുക്ക് കഴിയില്ലേ? മാസപെന്‍ഷനും ഗണ്യമായി ഉയര്‍ത്തേണ്ടതുണ്ട്.
കെ.എസ്.ആര്‍.ടി.സി.യുടെ കടബാധ്യത ഒഴിവാക്കുന്നതിന് ഒരു സ്‌കീം ആവിഷ്‌കരിക്കാന്‍ കഴിയണം. രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജലവിതരണ പദ്ധതികളിലെ മുതല്‍മുടക്ക് ഗണ്യമായി ഉയര്‍ത്തണം. രണ്ടുവര്‍ഷംകൊണ്ട് കേരളത്തിലെ പൊതുമേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. സൂചികൊണ്ട് എടുക്കാവുന്നത് ഇനി തൂമ്പകൊണ്ട് കോരിയാലും എടുക്കാന്‍പറ്റാത്ത അവസ്ഥയിലേക്ക് പോകാന്‍ അനുവദിക്കരുത്. ഈ വര്‍ഷത്തെ ബജറ്റിലെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പാര്‍പ്പിടപദ്ധതിയുടെ കുരുക്കഴിക്കാന്‍ തയ്യാറാകണം. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതി തകര്‍ത്തതിന് മുഖ്യകാരണം ഈ ഊരാക്കുടുക്കായിരുന്നു. സര്‍വകലാശാലകളെല്ലാം പ്രതിസന്ധിയിലാണ്. ഉള്ളവ ഒന്ന് നേരേയാക്കിയിട്ടാവാം ഇനി പുതിയവ.
കേരളത്തിലെ മാലിന്യപ്രതിസന്ധി നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുകയാണ്. സമ്പൂര്‍ണശുചിത്വം കൈവരിക്കുന്ന മുനിസിപ്പല്‍ വാര്‍ഡ്‌സഭകളില്‍ അവര്‍ തീരുമാനിക്കുന്ന പൊതുമരാമത്തുപണി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ 2013-ല്‍ ശുചിത്വമിഷന്‍ ലക്ഷ്യം കൈവരിക്കാനാകും. കടലിലെ മണലല്ല, ഡാമുകളിലെ മണലാണ് വാരേണ്ടത്. വരുമാനം ഹരിതഫണ്ടില്‍ നിക്ഷേപിക്കുകയുമാകാം.
അവസാനമായി, കേന്ദ്രബജറ്റില്‍പോലും സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിരിക്കയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തിലെ ജന്‍ഡര്‍ ബജറ്റിങ് മുടങ്ങിക്കിടക്കുകയാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ 1997 മുതല്‍ പദ്ധതിയുടെ 10 ശതമാനം സ്ത്രീ വികസന പ്രോജക്ടുകള്‍ക്ക് മാറ്റിവെക്കുമ്പോള്‍ സംസ്ഥാന ബജറ്റില്‍ ഈ തോത് ഏതാണ്ട് 5.3 ശതമാനം മാത്രമാണെന്ന് 2008-'09-ല്‍ വിലയിരുത്തപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് വര്‍ഷംതോറും ജെന്‍ഡര്‍ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചത്. തത്ഫലമായി സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പദ്ധതികളുടെ ബജറ്റിലെ അടങ്കല്‍ 2009-'10-ല്‍ 5.6 ശതമാനമായും 2010-'11-ല്‍ 8.5 ശതമാനമായും 2011-'12-ല്‍ 9.4 ശതമാനമായും ഉയര്‍ത്തുന്നതിന് കഴിഞ്ഞു. നമുക്കുവേണ്ടത് ഏതെങ്കിലും 'ഇന പരിപാടികള്‍' അല്ല. സമഗ്രമായ ജെന്‍ഡര്‍ ഓഡിറ്റിങ് ആണ്. ഇത് വ്യവസ്ഥാപിതമായ രീതിയില്‍ നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കുമോ?
No comments:
Post a Comment