Thursday, February 7, 2013

ഒരു ശുദ്ധജനാധിപത്യവാദി കുപിതനായപ്പോള്‍



കെ വേണുവിന്റെ വാദങ്ങള്‍ക്കു ഞാന്‍ ചിന്തയിലെഴുതിയ മറുപടി അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. മാതൃഭൂമി വാരികയില്‍ "തോമസ് ഐസക്കിന്റേത് വിശ്വാസികളുടെ ദുര്യോഗം" എന്ന ലേഖനം അദ്ദേഹത്തിന്റെ ഈ മാനസികാവസ്ഥയുടെ ഒന്നാന്തരം തെളിവാണ്. വേണുവിന്റെ ലേഖനം ഇങ്ങനെയാണ് അവസാനിക്കുന്നത് ""സാമ്പത്തികശാസ്ത്രത്തിലെങ്കിലും അല്‍പസ്വല്‍പം പ്രാവീണ്യമുളള ഡോ. തോമസ് ഐസക്കിനെപ്പോലുളള ഒരാള്‍ ഇത്തരം ബഫൂണ്‍ വേഷം കെട്ടിയാടുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഊരാക്കുടുക്കില്‍ പെട്ടുപോയ വിശ്വാസികളുടെ ദുര്യോഗമായിരിക്കാം"".

സാമ്പത്തികശാസ്ത്രത്തില്‍ എന്റെ അറിവ് നല്ലൊരു സര്‍വകലാശാല തന്നെ അംഗീകരിച്ചിട്ടുണ്ട്. ഇനി വേണുവിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യമുണ്ടെന്നു തോന്നുന്നില്ല.  വേഷം കെട്ടുന്നത് ആരാണ് എന്നകാര്യം വായനക്കാര്‍ തീരുമാനിക്കട്ടെ.

വിമര്‍ശിക്കാനുളള അവകാശം പോലെയാണ്, വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാനുളള അവകാശവും. ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങളില്‍ കാമ്പോ കഴമ്പോ ഉണ്ടോയെന്ന പരിശോധനയില്‍ നിന്നു മാത്രമേ, ക്രിയാത്മക വിമര്‍ശനങ്ങളെ വേര്‍തിരിച്ച് അവയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നു വിലയിരുത്താനാവൂ. അത്തരമൊരു ശ്രമത്തെ കെ വേണു വല്ലാത്ത അസഹിഷ്ണുതയോടെയാണ് കാണുന്നത്. ശത്രുക്കളുടെ നീണ്ട പട്ടിക നിരത്തുന്നുണ്ടെങ്കിലും ലേഖനപരമ്പരയിലുടനീളം ഡോ. ഐസക് നടത്തുന്ന പ്രത്യാക്രമണം തനിക്കു നേരെയാണ് എന്നാണ് വേണു വീമ്പടിക്കുന്നത്.

അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്ന്:
 ""ശത്രുക്കളുടെ നീണ്ട പട്ടിക നിരത്തുന്നുണ്ടെങ്കിലും ഈ ലേഖനപരമ്പരയിലുടനീളം ഡോ. ഐസക് നടത്തുന്ന പ്രത്യാക്രമണം മുഴുവന്‍ എനിക്കു നേരെയാണ്. പാര്‍ടിയെ തകര്‍ക്കാന്‍ അണിനിരന്നിട്ടുളളവരില്‍ പ്രമുഖന്‍ ഞാനാണ് എന്നു പറഞ്ഞുകൊണ്ടാണ് ഐസക്കിന്റെ യജ്ഞം ആരംഭിക്കുന്നത്. ഇതുകണ്ടിട്ട് ചില സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞു: സൂക്ഷിക്കണം. അവരുടെ ഉത്കണ്ഠയ്ക്കു കാരണം വിശദീകരിച്ചുതന്നു. ഒരു രാഷ്ട്രീയ എതിരാളിയുടെ മുഖത്ത് 51 വെട്ടുകള്‍ വെട്ടി അരിശം തീര്‍ക്കുന്ന അസംഖ്യം അനുയായികളുളള രാഷ്ട്രീയ പാര്‍ടിയാണത്. ആ പാര്‍ടിയെ തകര്‍ക്കാന്‍ അണിനിരന്നിട്ടുളളവരില്‍ പ്രമുഖന്‍ എന്നെല്ലാമുളള ലേബലിന്റെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക. ഭവിഷ്യത്തിനെക്കുറിച്ച് അല്‍പം പോലും ആശങ്കപ്പെടാതെയാണ് നാളിതുവരെ ഞാന്‍ നിലപാടുകള്‍ എടുക്കുകയും അവ പ്രഖ്യാപിച്ചുപോരുകയും ചെയ്തിട്ടുളളത്. അതിന്റെ പേരില്‍ വന്‍നഷ്ടങ്ങളും ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുമുണ്ട്. ശരിയാണെന്നു തോന്നുന്ന കാര്യങ്ങള്‍ ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കപ്പെടാതെ വെട്ടിത്തുറന്നു പറയുന്ന ശൈലിയില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്ന് ഞാന്‍ സുഹൃത്തുക്കളോടു പറയുകയും ചെയ്തു"".
എന്തൊരു വീമ്പടിയാണിത്? ആത്മപ്രശംസയില്‍ അഭിരമിക്കേണ്ട ഗതികേടിലേയ്ക്കാണോ ചിന്തയിലെ ലേഖനപരമ്പര കെ. വേണുവിനെകൊണ്ടെത്തിച്ചത്?

ചിന്തയിലെ ലേഖനപരമ്പര വായിച്ച് വേണുവിനെ ഉപദേശിക്കാനിറങ്ങിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് നമുക്ക് പരിതപിക്കാം. എന്നാല്‍ വേണുവോ? അതു മറയാക്കി, ഭവിഷ്യത്തിനെപ്പറ്റി അല്‍പംപോലും ആശങ്കപ്പെടാതെ നിലപാടുകള്‍ എടുക്കുന്ന ധീരനാണു താനെന്ന സര്‍ട്ടിഫിക്കറ്റ് സ്വയമെഴുതി മാതൃഭൂമിയില്‍ അച്ചടിപ്പിച്ച് കഴുത്തില്‍ എഴുതിത്തൂക്കിയിരിക്കുകയാണ് അദ്ദേഹം. അതൊരു ദയനീയമായ കാഴ്ചയാണ് എന്നു മാത്രമേ എനിക്കു പറയാനുളളൂ. ഏതായാലും വേണുവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ വിമര്‍ശനകോലാഹലങ്ങള്‍ക്കിടയില്‍ വിദൂഷകധര്‍മ്മം കൂടി നിര്‍വഹിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.

ആളെക്കൊന്ന് സമ്പൂര്‍ണവിപ്ലവം നടപ്പാക്കാനിറങ്ങിയ ഒരു ഭൂതകാലം വേണുവിനുണ്ട്. അതൊരു സിദ്ധാന്തമായി കൊണ്ടുനടന്നയാളാണ് അദ്ദേഹം. ഇന്നിപ്പോള്‍ വിപ്ലവവേഷം ഊരിയെറിഞ്ഞ് പോലീസിന്റെ ആരാധകനായി മാറിയിരിക്കുന്നു. അക്കാര്യം പരാമര്‍ശിച്ച് എന്റെ ലേഖനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ""തലവെട്ടു രാഷ്ട്രീയം വഴി വിപ്ലവം നടത്താമെന്നു വ്യാമോഹിച്ച കെ. വേണുവിനും സംഘത്തിനും ജയറാം പടിക്കലിന്റെ രൂപത്തില്‍ കെ.കരുണാകരന്‍ നല്‍കിയ ചികിത്സ ഫലിച്ചുവെന്നു വേണം കരുതാന്‍"".  ഈ നിരീക്ഷണം ഒട്ടും അസ്ഥാനത്തായില്ല എന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മറുപടിയും തെളിയിക്കുന്നു.

പൊലീസ് മര്‍ദനങ്ങളെ വേണു ആദര്‍ശവത്കരിക്കുന്നതു കേള്‍ക്കുക.
""....പോലീസ് മര്‍ദിച്ചു മൊഴിയെടുക്കുന്ന രീതി ഇപ്പോഴുമുണ്ടെന്നത് ഒരു വസ്തുതയാണ്. പക്ഷേ, അധികപക്ഷവും മര്‍ദനത്തിലൂടെ സത്യങ്ങളാണ് പുറത്തുകൊണ്ടുവരാറുളളത്. ശാസ്ത്രീയ അന്വേഷണങ്ങളെക്കാള്‍ എളുപ്പത്തില്‍ സത്യം കണ്ടെത്താന്‍ മര്‍ദനത്തിനു കഴിയുമെന്നതുകൊണ്ടാണ് പൊലീസ് ആ രീതി ഇപ്പോഴും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്"".
എങ്ങനെയുണ്ട്, പഴയ വിപ്ലവകാരിയുടെ പൊലീസ് ഭക്തി? സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍നിന്നാവണം, പൊലീസ് മര്‍ദിച്ചാല്‍ പ്രതി സത്യമേ പറയൂ എന്ന് വേണു സിദ്ധാന്തിക്കുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായ പൊലീസിന് സത്യം കണ്ടെത്താന്‍ മര്‍ദ്ദനമാണ് എളുപ്പവഴിയെന്ന് പറയുന്നയാള്‍ പൂര്‍വജന്മത്തില്‍ ഒരു മാര്‍ക്സിസ്റ്റായിരുന്നു എന്നത് അതീവ വിസ്മയകരമെന്നേ പറയേണ്ടൂ. ഏതായാലും വേണുവിന്റെ ഈ വരികള്‍ സത്യസന്ധമാണെന്നു പറയാതെ വയ്യ. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ശാസ്ത്രീയമായാണ് തങ്ങള്‍ തെളിയിച്ചത് എന്ന് പോലീസും പൊലീസിനെ നയിക്കുന്ന ഭരണാധികാരികളും ദിവസേനേ അവകാശപ്പെടുമ്പോള്‍, മര്‍ദ്ദനത്തിലൂടെയാണ് അവര്‍ "സത്യം" തെളിയിച്ചത് എന്ന് വേണു തുറന്നു പറഞ്ഞുവല്ലോ. ഇത്രയേ സിപിഐഎമ്മും പറഞ്ഞിട്ടുളളൂ.

ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കു തെളിയിക്കാന്‍ വര്‍ത്തമാനപ്പത്രങ്ങളാണ് കെ. വേണുവിന്റെ മുഖ്യ ആശ്രയം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, വര്‍ത്തമാനപ്പത്രങ്ങള്‍ വഴി പോലീസ് പ്രചരിപ്പിച്ച കഥകള്‍. ആ കഥകളിലെങ്ങും ഒഞ്ചിയത്ത് സിപിഐഎമ്മിനെതിരെ ആര്‍എംപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളുടെ വിവരണം ഉണ്ടായിരുന്നില്ല. ഒഞ്ചിയത്ത് സിപിഐഎം പ്രവര്‍ത്തകര്‍ നേരിട്ട ആക്രമണങ്ങളുടെ പൊതുസ്വഭാവം ""അക്രമങ്ങളും പ്രതിഷേധ പ്രസംഗങ്ങളും ഗൂഢാലോചനയും""   എന്ന ലേഖനത്തില്‍ ഞാന്‍ വിവരിച്ചിരുന്നു.

അതേക്കുറിച്ച് വേണു എഴുതുന്നത് ഇങ്ങനെയാണ്:
""ഒഞ്ചിയത്തെ അവസ്ഥയെക്കുറിച്ച് എന്റെ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന ഒരാരോപണം ഡോ. ഐസക് ഉന്നയിക്കുന്നുണ്ട്. സിപിഐഎമ്മുകാര്‍ ആര്‍എംപിക്കാര്‍ക്കു നേരെ ആക്രമണം നടത്തുകയും ആര്‍എംപിക്കാര്‍ യാതൊരു തിരിച്ചടിയും നടത്താതിരുന്നു എന്ന രീതിയില്‍ ഞാന്‍ എഴുതിയത് ശരിയല്ലെന്ന് തെളിയിക്കാനായി ആര്‍എംപിക്കാര്‍ സിപിഐഎമ്മുകാര്‍ക്കെതിരെ നടത്തിയത് എന്നു പറയുന്ന അനവധി അക്രമങ്ങളുടെ നീണ്ട പട്ടിക ഐസക് നിരത്തുന്നുണ്ട്. ഒഞ്ചിയത്തെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് ആര്‍എംപിക്കാരോടു മാത്രമല്ല, പാര്‍ടിയിലൊന്നും ഉള്‍പ്പെടാത്തവരോടും ഞാന്‍ അന്വേഷിക്കുകയുണ്ടായി. ആര്‍എംപിക്കാര്‍ക്കു നേരെ ചന്ദ്രശേഖരന്റെ ലേഖനത്തെ ആധാരമാക്കി ഞാന്‍ ചൂണ്ടിക്കാണിച്ച സിപിഎമ്മിന്റെ ആക്രമണ പരമ്പര അവിടെ നടന്നുവെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. സിപിഎമ്മിനെ തിരിച്ചടിച്ചുകൊണ്ട് തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും കുറെ സഖാക്കളെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നതു കൊണ്ടാണ് അദ്ദേഹം തിരിച്ചടിക്കുന്നതില്‍ നിന്നും സ്വന്തം സഖാക്കളെ തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നിട്ടും ചില സംഘട്ടനങ്ങള്‍ നടക്കുകയും ചെയ്തു. പക്ഷേ, ഡോ. ഐസക് തന്റെ ചിന്ത ലേഖനത്തില്‍ ആര്‍എംപിക്കാര്‍ നടത്തിയതായി ആരോപിച്ചുകൊണ്ട് നിരത്തിയിരിക്കുന്നതില്‍ ഒന്നൊഴികെ എല്ലാംതന്നെ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസവും പിറ്റേന്നും സംഭവിച്ച വൈകാരിക പ്രതികരണങ്ങളുടെ ഫലമായിരുന്നു. അതേക്കുറിച്ചൊന്നും സൂചിപ്പിക്കാതെ ചന്ദ്രശേഖരന്റെ മുന്‍കൈയില്‍ നടന്ന ആക്രമണ പരമ്പരയെന്ന രീതിയില്‍ ഐസക് അവതരിപ്പിച്ചത് ഏറെ തരംതാണ ചെയ്തിയായിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അക്കാദമിക പശ്ചാത്തലവും സാമ്പത്തികശാസ്ത്ര പദവിയുമെല്ലാമുളള ഡോ. ഐസക് ഇത്തരം കളളങ്ങള്‍ തട്ടിവിടരുതായിരുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കാലം മൂടിവെയ്ക്കാനാവില്ലെന്ന് തിരിച്ചറിയാത്ത ആളല്ലല്ലോ ഐസക്.....""

ഒട്ടും സത്യസന്ധതയില്ലാത്ത ആളാണ് കെ. വേണു എന്നു തുറന്നുപറയാതിരിക്കാന്‍ നിര്‍വാഹമില്ല. ചന്ദ്രശേഖരന്റെ മുന്‍കൈയിലാണ് ആര്‍എംപിയുടെ ആക്രമണ പരമ്പരയെന്ന് വ്യാഖ്യാനിക്കാവുന്ന യാതൊരു പരാമര്‍ശവും ഞാന്‍ നടത്തിയിട്ടില്ല. സിപിഐഎം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്റെ ഒരു പ്രതിഷേധ പ്രസംഗത്തില്‍ "ചന്ദ്രശേഖരന്റെ തലകൊയ്യും"  എന്ന പരാമര്‍ശമുണ്ടായത് വിവാദമായിരുന്നു. സിപിഐഎം സഖാക്കള്‍ക്കെതിരെ ആര്‍എംപിക്കാര്‍ നടത്തിയ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചു നടത്തിയ ആ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ യുട്യൂബില്‍ ഇപ്പോഴും ലഭ്യവുമാണ്.

അക്കാര്യം വിശദീകരിച്ച് ഞാനെഴുതിയ വാചകങ്ങള്‍ ഇതാണ്::
"ചന്ദ്രശേഖരന്‍ നേരിട്ടാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്ന് ആ പ്രസംഗത്തില്‍ ആരോപണമുണ്ട്. ചന്ദ്രശേഖരന്‍ തന്നെ നേരിട്ടിറങ്ങിയിട്ടും സിപിഐഎം സഖാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തുനിന്നു എന്ന പ്രഖ്യാപനവുമുണ്ട്'';. 

ഈ വാചകങ്ങളെ വളച്ചൊടിച്ചാണ് ഒഞ്ചിയത്ത് ആര്‍എംപിക്കാര്‍ നടത്തിയ ആക്രമണ പരമ്പരയെല്ലാം ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു എന്ന് ഞാനെഴുതിയെന്ന് വേണു വ്യാഖ്യാനിക്കുന്നത്. ആര്‍എംപിക്കാര്‍ സിപിഐഎമ്മുകാരെ ആക്രമിച്ചിരുന്നുവോ? ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റപത്രം 2012 ആഗസ്റ്റ് 13നാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ പോലീസ് നല്‍കിയത്. കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് തൊട്ടുപിറ്റേന്ന് മാതൃഭൂമിയില്‍ ഒരു വാര്‍ത്ത വന്നു. മോഹനനെ മുഖത്തടിച്ചത് പ്രകോപനമായി; എന്നു തലക്കെട്ട്.

ആ വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ അതേപടി ഉദ്ധരിക്കാം.
""സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി. മോഹനനെ ആര്‍.എം.പി.ക്കാര്‍ അതിക്രൂരമായി മര്‍ദിച്ചതും പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത സെമിനാറിനിടെ സംഘര്‍ഷമുണ്ടായതുമാണ് പ്രധാന പ്രകോപനമായി കുറ്റപത്രത്തില്‍ പറയുന്നത്. 2009ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ എം. സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയും അന്ന് സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ പി. മോഹനനെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ എടച്ചേരി പോലീസ് കേസ്സെടുത്തിട്ടുമുണ്ട്"".
2009ല്‍ ആര്‍എംപിക്കാരില്‍ നിന്നേറ്റ മര്‍ദ്ദനത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ മോഹനന്‍ ഗൂഢാലോചന നടത്തി എന്നാണ് പോലീസ് രചിച്ച കഥ. അവരുടെ കൈയിലുളള തെളിവോ, ഏതോ ഒരു ഫോണ്‍ കോളും. പരിഹാസ്യമായ ഈ കഥയുടെ നിജസ്ഥിതി കോടതി പരിശോധിക്കട്ടെ. നമുക്കു വേണുവിന്റെ ആരോപണത്തിലേയ്ക്കു മടങ്ങാം.

ആര്‍എംപിക്കാര്‍ പി മോഹനനെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും മുഖത്തടിച്ചുവെന്നും അതിന്റെ പേരില്‍ എടച്ചേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നുവെന്നുമൊക്കെയാണ് വേണുവിന്റെ ആരാധനാമൂര്‍ത്തികളായ പൊലീസുകാര്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. ആ ആക്രമണത്തെക്കുറിച്ച് വേണുവിന്റെ മുന്‍ലേഖനങ്ങളിലെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? മോഹനന്‍ ആക്രമിക്കപ്പെട്ടത് 2009ലാണ്. ഈ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച് വല്ലതും ചന്ദ്രശേഖരന്റെ ലേഖനത്തില്‍ പറയുന്നുണ്ടോ? ഏതൊക്കെയോ സുഹൃത്തുക്കളോട് അന്വേഷിച്ചുവെന്നാണല്ലോ അവസാന ലേഖനത്തില്‍ വേണു പറയുന്നത്.

ചീഫ് ഇലക്ഷന്‍ ഏജന്റായിരിക്കവെ പി. മോഹനന്‍ മര്‍ദ്ദനത്തിന് ഇരയായകാര്യം അവരാരെങ്കിലും വേണുവിനോടു പറഞ്ഞിരുന്നോ? അഥവാ പറഞ്ഞിരുന്നെങ്കില്‍ അക്കാര്യം എന്തേ മറുപടിക്കുറിപ്പില്‍ സൂചിപ്പിച്ചില്ല? ആര്‍എംപിക്കാര്‍ ഒഞ്ചിയത്ത് അനുഭവിച്ചത് ഏകപക്ഷീയമായ ആക്രമണങ്ങളാണ് എന്നു വിധിയെഴുതാന്‍ വേണുവിന്റെ പക്കലുളള തെളിവ് ചന്ദ്രശേഖരന്റെ ലേഖനമാണല്ലോ.

എന്റെ ലേഖനത്തില്‍ അക്കമിട്ടെഴുതിയതില്‍ ഒന്നൊഴികെ എല്ലാം ചന്ദ്രശേഖരന്‍ വധത്തിന്റെ വൈകാരിക പ്രതികരണങ്ങളുടെ ഭാഗമായിരുന്നു എന്നാണ് വേണു വാദിക്കുന്നത്. സത്യമതല്ല. അവയെല്ലാംതന്നെ 2009 - 2011 കാലത്തു നടന്നവയാണ്. അക്കാലത്ത് ആക്രമിക്കപ്പെട്ട ചില വ്യക്തികളും സ്ഥാപനങ്ങളും ചന്ദ്രശേഖരന്‍ വധത്തിനുശേഷം വീണ്ടും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് എളങ്ങോളി കേളുവേട്ടന്‍ സ്മാരക കേന്ദ്രം ചന്ദ്രശേഖരന്‍ വധത്തിനു മുമ്പും ശേഷവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. മുയിപ്ര വായനശാലയ്ക്കുനേരെയും രണ്ടു തവണയും ആക്രമണമുണ്ടായി. ചന്ദ്രശേഖരന്‍ വധത്തിനു മുമ്പ് ചില പാര്‍ടി സഖാക്കളുടെ കാര്‍ഷികവിളകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. വധത്തിനു ശേഷം അവര്‍ വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. വിശദാംശങ്ങളില്‍ ആക്രമണത്തിന്റെ തീവ്രത ഏറുമെന്നല്ലാതെ കുറയുകയല്ല ചെയ്യുന്നത്.

വേണൂ, ഏത് സംവാദത്തിലും ആദ്യം വേണ്ടത് സത്യസന്ധതയാണ്. ആ സത്യസന്ധതയുളളതുകൊണ്ടാണ്, ഒഞ്ചിയത്തെ ആക്രമണങ്ങള്‍ ഏകപക്ഷീയമോ എന്ന തലക്കെട്ടില്‍ ഞാനിങ്ങനെ എഴുതിയത്..
"  തങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് ടി പി ചന്ദ്രശേഖരന്‍ എഴുതിയ ലേഖനത്തിലെ വിവരണമാണല്ലോ ഏകപക്ഷീയമായ ആക്രമണത്തിന് വേണു നിരത്തുന്ന സാക്ഷ്യപത്രം. ഇവയില്‍ ചിലത് ശരിയായിരിക്കാം. ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, ആക്രമണങ്ങള്‍ ഏകപക്ഷീയമാണ്, സിപിഐഎമ്മിന്റെ സഹജവാസനയുടെ ഭാഗമാണ് തുടങ്ങിയ തീര്‍പ്പുകല്‍പ്പിക്കലുകള്‍ അംഗീകരിക്കാനാവില്ല."

 കാര്യങ്ങള്‍ വ്യക്തമാണ് വേണൂ. സിപിഐഎമ്മിനെ ഏകപക്ഷീയമായ ആക്രമണകാരികളാക്കി ചിത്രീകരിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സതീദേവി പരാജയപ്പെട്ടതിന്റെ പകപോക്കാന്‍ സിപിഐ എം നടത്തിയ കൊലപാതകം, ഒഞ്ചിയത്ത് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പകവീട്ടാന്‍ നടത്തിയ കൊലപാതകം എന്നൊക്കെയാണല്ലോ വേണുവടക്കമുളളവര്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ കണ്ടുപിടിച്ച ന്യായങ്ങള്‍. ഈ കഥകളൊന്നും കുറ്റപത്രത്തിലില്ല.

ഇവയുടെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിനെതിരെ സൈദ്ധാന്തിക കുറ്റപത്രരചനയ്ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ വേണു ലക്ഷ്യമിട്ട മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്? പൊലീസ് ഭക്തി വഴിഞ്ഞൊഴുകുമ്പോഴും പൂര്‍വാശ്രമത്തിലെ ഉന്മൂലനപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഗൃഹാതുര സ്മരണകളും വേണുവിനെ വേട്ടയാടുന്നുണ്ട്.

വേണുവിന്റെ വാദം കേട്ടാല്‍ തോന്നുക, അദ്ദേഹത്തിന്റെ എന്തോ സൗജന്യവും സൗമനസ്യവുമില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സിപിഐഎം പച്ച തൊടില്ലായിരുന്നു എന്നാണ്. പക്ഷേ, നുണ പറയാതെ ആ അവകാശവാദവും സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് വേണു ചെന്നുപെട്ട ഗതികേട്. കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനവാഞ്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് അമര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ പൊലീസ് ഭീകരതയെ അതിജീവിക്കാനുളള സാഹസികശേഷിയൊന്നുംില്‍ സിപിഐഎം പച്ച തൊടില്ലായിരുന്നു എന്നാണ്.

 പക്ഷേ, നുണ പറയാതെ ആ അവകാശവാദവും സ്ഥാപിക്കാന്‍ കഴിയില്ല എന്നതാണ് വേണു ചെന്നുപെട്ട ഗതികേട്. കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനവാഞ്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് അമര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ പൊലീസ് ഭീകരതയെ അതിജീവിക്കാനുളള സാഹസികശേഷിയൊന്നും വേണുവിനും സംഘത്തിനുമുണ്ടായിരുന്നില്ല. നക്സലൈറ്റ് പ്രസ്ഥാനം പിളര്‍ന്ന് വേണു സെക്രട്ടറിയായി സെന്റര്‍ റീ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, സിപിഐ (എംഎല്‍) നിലവില്‍പ്പെട്ടവരെ ഉപയോഗിക്കുക മാത്രമാണ് വേണു ചെയ്തത്.

വര്‍ഗശത്രുക്കള്‍ക്കും ഭരണകൂടത്തിനുമെതിരായി നടക്കേണ്ട സമരത്തെ, തിരുത്തല്‍വാദമാണ് മുഖ്യവിപത്ത് എന്നു പ്രചരിപ്പിച്ച് സി.പി.എമ്മിനെതിരെ തിരിച്ചുവിടാനാണ് വേണു എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളത്. ഡോണ്‍കിക്സോട്ടിനെപ്പോലെ വേണു നിഴല്‍യുദ്ധം നടത്തുകയായിരുന്നല്ലോ.

മാറിവരുന്ന ലോകസാഹചര്യങ്ങളെയും കേരളത്തിലെ വര്‍ഗബന്ധങ്ങളിലെ മാറ്റങ്ങളെയും മനസ്സിലാക്കുവാന്‍ പോലും കഴിയാതെ ചാരുമജുംദാറിന്റെ ഉന്‍മൂലനലൈന്‍ പരിഹാസ്യമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ് എണ്‍പതുകളില്‍ വേണു ചെയ്തത്. തന്റെ രാഷ്ട്രീയ ധീരതയുടെ തെളിവിനായി വേണു അവതരിപ്പിക്കുന്ന കേണിച്ചിറ(വയനാട്)യിലെ മത്തായി വധം വേണുവിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍ പോലും വിപ്ലവാഭാസമായി തള്ളിക്കളഞ്ഞതുമാണ്.

വേണുവിന്റെയും സംഘത്തിന്റെയും രാഷ്ട്രീയ ധീരതയെക്കുറിച്ച് ജയറാം പടിക്കല്‍ കലാകൗമുദി വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകളെ നമ്മളാരും മുഖവിലക്കെടുക്കേണ്ടതില്ല. എങ്കിലും പില്‍കാലത്തെ വേണുവിന്റെ രാഷ്ട്രീയ പരിണാമങ്ങള്‍ പടിക്കലിന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുകയാണെന്ന സംശയം അദ്ദേഹത്തിന്റെ തന്നെ ഉറ്റ സഹപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 1979ലെ പിളര്‍പ്പിനു ശേഷം ഒടുവില്‍ 1991ല്‍ തന്റെ നക്സലൈറ്റു കമ്പനി വേണു തന്നെ പിരിച്ചുവിട്ടു. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യാനിറങ്ങിയ വിപ്ലവകാരി സ്വന്തം പ്രസ്ഥാനത്തെത്തന്നെ ഉന്മൂലനം ചെയ്തുവെന്നു മാത്രമല്ല, വര്‍ഗശത്രുവിന്റെ അച്ചടക്കമുളള അനുയായിയായി മാറുകയും ചെയ്തു.

തുടര്‍ന്ന് 1996-ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ വേണു മത്സരിച്ചു. ഒരുകാലത്തെ വര്‍ഗശത്രുക്കള്‍ അദ്ദേഹത്തിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചരണം നയിച്ചു; വരിവരിയായി നിന്ന് വോട്ടും ചെയ്തു. അങ്ങനെ 37,234 വോട്ടുകള്‍ നേടിയെങ്കിലും പാവം തോറ്റുപോയി. ഈ വേണുവാണ് സിപിഐഎമ്മിന് എന്തോ സൗജന്യം ചെയ്തുവെന്ന് വീമ്പിളക്കുന്നത്.

സിപിഐ എമ്മിന്റെ ഉന്നതനായ നേതാവ് സഖാവ് അഴിക്കോടന്‍ രാഘവന്റെ കൊലപാതകത്തെക്കുറിച്ചാണ് ഞാന്‍ അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെട്ടത്. 1972 സെപ്തംബര്‍ 23നാണ് ആ കൊലപാതകം നടന്നത്. ചാരു മജൂംദാറിനെ കാണാന്‍ ബംഗാളില്‍ പോയതും അവിടത്തെ സിപിഐഎംഎല്‍ - സിപിഐഎം ഏറ്റുമുട്ടല്‍ കണ്ട് മാനസാന്തരപ്പെട്ട് ഇത്തരം അവസ്ഥ കേരളത്തിലുണ്ടാകാന്‍ അനുവദിക്കില്ല എന്നു വേണു ദൃഢനിശ്ചയം ചെയ്തതു കൊണ്ടാണ് കേരളത്തില്‍ സിപിഐ എം നക്സല്‍ ഏറ്റുമുട്ടല്‍ നടക്കാത്തത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തീവ്രവാദ മുഖംമൂടിയണിഞ്ഞ ആര്യന്‍ അനുയായികളാണ് അഴിക്കോടന്‍ രാഘവനെ അരുംകൊല ചെയ്തത്.

വേണു നേതൃത്വത്തിലേയ്ക്കു ഉയര്‍ന്ന ശേഷം നടന്ന എണ്ണൂറിലേറെ അക്രമങ്ങളുടെ കണക്ക് പരാമര്‍ശിക്കുന്നുണ്ട്. 1970കളില്‍ അതിശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടല്‍ സിപിഐഎമ്മും സിപിഐഎംഎല്ലും തമ്മിലുണ്ടായിരുന്നു. അന്നൊന്നും ഇല്ലാതിരുന്ന കായിക സംഘര്‍ഷമാണ് വേണു സെക്രട്ടറിയായതിനുശേഷം 1980കളില്‍ ഉണ്ടായതെന്നാണോ വാദിക്കുന്നത്? ഏതായാലും വേണു പറയുന്ന എണ്ണൂറു സംഘട്ടനങ്ങളെക്കുറിച്ച് എനിക്കേതായാലും കേട്ടുകേള്‍വിപോലുമില്ല.

ഇനി ചരിത്രത്തെക്കുറിച്ച്. ഭൂതകാലപ്രവര്‍ത്തനങ്ങളുടെ പേരില്‍ അഭിമാനിക്കരുത് എന്നാണ് എന്നോട് വേണു ആവശ്യപ്പെടുന്നത്. അങ്ങനെ ആവശ്യപ്പെടുന്ന വേണു ചെയ്യുന്നത് എന്താണ്? നാടും ചരിത്രവും ജനതയും തളളിക്കളഞ്ഞ സ്വന്തം ഭൂതകാലത്തെക്കുറിച്ച് അദ്ദേഹത്തിന് വല്ലാത്ത മതിപ്പുണ്ട്. സിപിഐ എമ്മിന്റെ ഭൂതകാല നേട്ടങ്ങളില്‍ അഭിമാനിക്കരുത് എന്ന് എന്നോടാവശ്യപ്പെടുന്ന വേണു, സിപിഐ എമ്മിനെ വിമര്‍ശിക്കാന്‍ ബോള്‍ഷെവിക് വിപ്ലവചരിത്രം, 1930കള്‍ മുതലുളള വേറെ ചരിത്രം, ഗോപാലസേന തുടങ്ങിയവയൊക്കെ വാരിവലിച്ച് എഴുതുന്നുണ്ട്. ഏതിനും ഒരു യുക്തിയൊക്കെ വേണ്ടേ വേണൂ? വേണുവിന് സിപിഐ എമ്മിനെ ആക്ഷേപിക്കാനും സ്വന്തം വീരസ്യം വിളമ്പാനും ചരിത്രം വേണം, പക്ഷേ, സിപിഐ എമ്മിന്റെ ഒരു സജീവപ്രവര്‍ത്തകനായ എനിക്ക് ആ പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ അഭിമാനം കൊളളാന്‍ ഒന്നുമില്ലെന്നു വാദിക്കുന്നത് ഇത്തിരി കടന്ന കൈയല്ലേ.

1940കളിലും 50കളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി വഹിച്ച പങ്കും സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്കും താന്‍ എന്നും അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്ന് മാതൃഭൂമിയിലെ ഒടുവിലത്തെ ലേഖനത്തില്‍ വേണു പറയുന്നു. നല്ലത്. മറിച്ചായിരുന്നു വേണുവിന്റെ വിമര്‍ശനവിധേയ ലേഖനങ്ങളിലുണ്ടായിരുന്നത്. ബിജെപി ജനാധിപത്യപാര്‍ടിയല്ല എന്നും വേണു പ്രഖ്യാപിച്ചിട്ടുണ്ട്. അതും നല്ലത്. പക്ഷേ, കോണ്‍ഗ്രസ് പോലെയുളള ഇന്ത്യയിലെ അനവധി ജനാധിപത്യപാര്‍ടികള്‍ ഏറെ പരിമിതികളോടു കൂടിയാണെങ്കിലും ഈ (ജനാധിപത്യ) വിഭാഗത്തില്‍ പെടുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ വേണു മത്സരിച്ചതിന്റെ താത്ത്വിക അടിത്തറ ഇപ്പോള്‍ വ്യക്തമായി. പക്ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് ഒരിക്കലും ജനാധിപത്യ പാര്‍ടിയാകാനാവില്ലപോലും. &ഹറൂൗീ;കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ സാധാരണഗതിയില്‍ ബഹുകക്ഷി ജനാധിപത്യം അംഗീകരിക്കുന്നില്ല. ഇരുപതാം പാര്‍ടികോണ്‍ഗ്രസില്‍ എടുത്ത പാര്‍ടിയുടെ ജനാധിപത്യം സംബന്ധിച്ച നിലപാട് മുന്‍കാലത്തേതുപോലെ കണ്ണില്‍പൊടിയിടാനുളള തന്ത്രമാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം അര്‍ത്ഥവത്താക്കുന്നതില്‍ കമ്മ്യൂണിസ്റ്റു പാര്‍ടികളുടെ അടിസ്ഥാനപരമായ സംഭാവന വിവരിച്ചിട്ടുളളതാണ്. അതിനി ആവര്‍ത്തിക്കുന്നില്ല.

ഏതായാലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുചെയ്യാന്‍ കിട്ടുന്ന അവകാശമല്ല ജനാധിപത്യം. ചൈനീസ് ലൈന്‍ നമ്മുടെ ലൈന്‍; ചെയര്‍മാന്‍ മാവോ നമ്മുടെ ചെയര്‍മാന്‍ എന്ന മുദ്രാവാക്യവുമായി സിപിഐഎം വിട്ട കെ വേണുവിന്റെ ചൈനയെക്കുറിച്ചുളള ഇന്നത്തെ വിലയിരുത്തല്‍ ഇതാണ്:
ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയ്ക്ക് അതിന് എത്രത്തോളം മുന്നോട്ടു പോകാന്‍ കഴിയും എന്ന പരിഭ്രാന്തിയിലാണ് ചൈനീസ് രാഷ്ട്രീയനേതൃത്വം ദിവസങ്ങള്‍ തളളിനീക്കിക്കൊണ്ടിരിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിനു പകരമായി തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ക്ക് സാമാന്യബുദ്ധിയുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

 സോവിയറ്റ് യൂണിയനെയോ ചൈനയെയോ അന്ധമായി പിന്താങ്ങാന്‍ സിപിഐഎം ശ്രമിച്ചിട്ടില്ല. വേണു പുച്ഛിക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ രേഖയിലും ചൈനയെ അന്ധമായി പിന്താങ്ങുകയല്ല ചെയ്യുന്നത്. മറിച്ച് ചൈനീസ് വികസനയത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യത്തെക്കുറിച്ചും അതു സൃഷ്ടിക്കുന്ന രാഷ്ട്രീയപ്രത്യാഘാതത്തെക്കുറിച്ചും തുറന്നു പറയുകയാണ് ചെയ്തിട്ടുളളത്.

പക്ഷേ, അതിന്റെ അടിസ്ഥാനത്തില്‍ ഈ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ ഭൂതകാലത്തെയും ഇന്നിനെയും തളളിപ്പറഞ്ഞ് ഇന്ത്യയാണ് നാളെയുടെ മാതൃക എന്ന സമീപനം വേണുവിന്റെ ബുദ്ധിയില്‍ മാത്രമേ ഉദിക്കൂ. ഏതായാലും വേണു വാദിക്കുന്നതുപോലെ, ചന്ദ്രശേഖരന്‍ വധത്തിലെ സിപിഐഎമ്മിന്റെ പങ്ക് നിഷേധിക്കുക എന്ന ഒറ്റലക്ഷ്യമല്ല, ചിന്തയിലെ ലേഖനപരമ്പരയ്ക്കുളളത്. സാമാന്യബുദ്ധി ഉപയോഗിച്ചാണ് ആ വധത്തില്‍ പാര്‍ടിയുടെ പങ്ക് താന്‍ തെളിയിച്ചത് എന്ന് വേണു അവകാശപ്പെടുന്നുണ്ട്. ആ വധം കൊണ്ട് പാര്‍ടിയ്ക്കെന്താണ് ഗുണമെന്ന ചോദ്യവും അതേ സാമാന്യബുദ്ധിയില്‍ നിന്നുതന്നെയാണ് ഉയരുന്നത്.

രാഷ്ട്രീയവും സാമൂഹികവും നിയമപരവുമായ നഷ്ടങ്ങള്‍ മാത്രമുണ്ടാക്കുന്ന ഒരു കൊലപാതകം എന്തിനാണ് പാര്‍ടി നടത്തിയത് എന്ന ചോദ്യത്തിന് ഇതുവരെ സാമാന്യബുദ്ധി സിദ്ധാന്തക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ആ വധം പാര്‍ടിയുടെ ചെയ്തിയല്ല എന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്നു. സംഘടനാപരമായോ അല്ലാതെയോ ആ വധത്തില്‍ ഒരുപങ്കും പാര്‍ടിക്കില്ല. ഏതെങ്കിലും പാര്‍ടി അംഗത്തിന് വധത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും പാര്‍ടി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ വധവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ നടന്ന പ്രചണ്ഡമായ പ്രചരണങ്ങളുടെ പൊളളത്തരം തുറന്നു കാണിക്കുകയാണ് ചിന്ത ലേഖനപരമ്പരയുടെ ലക്ഷ്യം.

ചന്ദ്രശേഖരന്‍ വധം മുന്‍നിര്‍ത്തി കമ്മ്യൂണിസ്റ്റു വിരുദ്ധന്മാരുടെ രണ്ടാം പടപ്പുറപ്പാടാണ് നടന്നത്. സിപിഐ എമ്മിനെതിരെ നടക്കുന്ന ഏതു ആക്രമണത്തിന്റെയും നേതൃപദവിയില്‍ എന്നത്തെയും പോലെ ഇപ്പോഴും കെ. വേണു തന്നെയാണ്. അതുകൊണ്ടാണ് വേണുവിന്റെ നിരീക്ഷണങ്ങളും വാദങ്ങളും ഇത്തരമൊരു പരിശോധനയില്‍ പരാമര്‍ശിതമാകുന്നത്. അതില്‍ പ്രകോപിതനായിട്ടു കാര്യമൊന്നുമില്ല.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...