Tuesday, February 19, 2013

ചിദംബരത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം?


ധനവിചാരം Posted on: 19 Feb 2013

ഫിബ്രവരി 28-ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് പി. ചിദംബരം. അദ്ദേഹത്തില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം? രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളെയാണല്ലോ ബജറ്റിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അവയെന്തൊക്കെയാണ്? ഒന്ന്, സാമ്പത്തിക മുരടിപ്പ്. (2011-'12 ലെ സാമ്പത്തിക വളര്‍ച്ച അഞ്ചുശതമാനം മാത്രം). രണ്ട്, വിലക്കയറ്റം (ഡിസംബര്‍ മാസത്തെ ചില്ലറവില സൂചികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വര്‍ധന). മൂന്ന്, വിദേശ വ്യാപാരക്കമ്മി (ചരക്കുകളുടെയും സേവനങ്ങളുടെയും വിദേശവ്യാപാരക്കമ്മി സര്‍വകാല റെക്കോഡ് - ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം).

പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, തൊഴിലാളികളും മുതലാളിമാരും നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ട്. തങ്ങളുടെ പരിഹാരനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് നാളെ പത്തുകോടി തൊഴിലാളികള്‍ അഖിലേന്ത്യാ വ്യാപകമായി പണിമുടക്കുന്നു. പണിമുടക്കുന്നവരില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട തൊഴിലാളികളുമുണ്ട്. പ്രശ്‌നപരിഹാരത്തിന് അവര്‍ ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നു.

തൊഴിലാളികളുടേതില്‍ നിന്ന് കടകവിരുദ്ധമായ അഭിപ്രായങ്ങളാണ് ഫിക്കി, അസോച്ചം, സി.ഐ.ഐ. തുടങ്ങിയ മുതലാളിസംഘങ്ങള്‍ക്കുള്ളത്. ഇവരിലും പല കക്ഷിക്കാരുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാജ്യം രണ്ടുചേരിയായി തിരിഞ്ഞിരിക്കുന്നു. ഇവരിലാരുടെ അഭിപ്രായങ്ങള്‍ക്കാണ് ചിദംബരം ചെവി കൊടുക്കുക?

സ്റ്റാന്‍ഡേഡ് ആന്‍ഡ് പൂവര്‍, മൂഡി, ഫിച്ച് തുടങ്ങിയ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയുടെ വായ്പാഗ്രേഡ് താഴ്ത്തും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ അത് ബി ഗ്രേഡ് ആണ്. ബി മൈനസ് ആയാല്‍ വായ്പ കിട്ടുക ദുഷ്‌കരമാകും. വിദേശ മൂലധനം ഇന്ത്യയിലേക്ക് വരാനും മടിക്കും. ചില്ലറ വില്പന മേഖല, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം നടപ്പാക്കുന്നത് ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളാണ്. എന്നാല്‍, ഇതുകൊണ്ടും അവര്‍ തൃപ്തരല്ല. 2013-'14-ലെ ബജറ്റില്‍ ധനക്കമ്മി 4.5-4.8 ശതമാനമായി കുറയ്ക്കണം എന്നാണ് ഇപ്പോഴത്തെ ശാഠ്യം. ഇല്ലെങ്കില്‍ ഗ്രേഡ് വെട്ടിക്കുറയ്ക്കും പോലും!

നടപ്പുവര്‍ഷത്തെ വിദേശവ്യാപാരക്കമ്മി ഏതാണ്ട് മൂവായിരം കോടി ഡോളര്‍ വരും. ഈ വിദേശനാണയക്കമ്മി നികത്താന്‍ മൂന്നു മാര്‍ഗമേയുള്ളൂ. ഒന്ന്, വിദേശ വായ്പ. രണ്ട്, ഫാക്ടറികളിലും മറ്റുമുള്ള വിദേശ പ്രത്യക്ഷ നിക്ഷേപം. മൂന്ന്, ഷെയര്‍ മാര്‍ക്കറ്റിലും മറ്റുമുള്ള വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം. പണ്ടത്തെപ്പോലെ വിദേശവായ്പ ഇപ്പോള്‍ ലഭ്യമല്ല. അതുകൊണ്ട് മൂലധനനിക്ഷേപത്തെ ആകര്‍ഷിക്കുകയാണ് മാര്‍ഗം. പക്ഷേ, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി വിദേശമൂലധനത്തിന്റെ വരവ് മന്ദഗതിയിലായിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കു പ്രകാരം 2011-'12-ല്‍ ഫാക്ടറികളിലും മറ്റും മുടക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്കുവന്ന പ്രത്യക്ഷ വിദേശ മൂലധന നിക്ഷേപത്തിന്റെ 30 ശതമാനം വരുന്ന തുക ആ വര്‍ഷം തന്നെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. ഷെയര്‍ മാര്‍ക്കറ്റിലേക്കും മറ്റും വരുന്ന വിദേശമൂലധനം ഇതിലും അപകടകാരിയാണ്. വന്നതുപോലെത്തന്നെ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അവര്‍ പിണങ്ങിപ്പോവുകയാണെങ്കില്‍ കൊടുക്കാന്‍ വിദേശനാണയം റെഡിയായിരിക്കണം.

ഇപ്പോള്‍ ഇന്ത്യയുടെ വിദേശനാണയ ശേഖരം 30,000 കോടി ഡോളര്‍ ഉണ്ട് എന്നാണ് വീമ്പുപറയുന്നതെങ്കിലും ഭരണാധികാരികളുടെ ചങ്കിടിച്ചുകൊണ്ടിരിക്കുകയാണ്. വിദേശനാണയശേഖരം കുറഞ്ഞു തുടങ്ങിയാല്‍ ചിലപ്പോള്‍ പണക്കമ്പോളത്തില്‍ ഭീതിപടരും. നാണയശേഖരം തീരുന്നതിനുമുമ്പ് കൈയിലുള്ള രൂപ ഡോളറാക്കി മാറ്റി രാജ്യത്തിന് പുറത്തുകടത്താന്‍ വിദേശ മൂലധനനാഥന്മാര്‍ തീരുമാനിച്ചാല്‍ ഈ വിദേശനാണയ ശേഖരം അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. വിദേശനാണയ ശേഖരം തീര്‍ന്നാല്‍ ലണ്ടനില്‍ സ്വര്‍ണം പണയം വെക്കാന്‍ പോകേണ്ടിവന്ന 1991-ലെ സ്ഥിതി ആവര്‍ത്തിക്കപ്പെട്ടേക്കാം.

ചിദംബരത്തെ വാള്‍മുനയില്‍ നിര്‍ത്തുന്നതില്‍ നാടന്‍ മുതലാളിമാരും ഒട്ടും പിന്നിലല്ല. രാജ്യത്ത് മുതല്‍മുടക്കാനുള്ള മൂഡു പോയി എന്നാണ് അവര്‍ പറയുന്നത്. ഉത്പാദനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളുമാണ്. ഇവ മുതലാളിമാര്‍ വാങ്ങി പുതിയ ഫാക്ടറികളിലും മറ്റും നിക്ഷേപിച്ചില്ലെങ്കില്‍ ഈ മേഖലകളില്‍ മാന്ദ്യം ഉറപ്പാണ്. പണമുണ്ടാക്കാനുള്ള സംരംഭകരുടെ ഭൂതാവേശം മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണെന്ന് കെയിന്‍സു പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം ഇതിനെ മുതലാളിമാരുടെ 'മൃഗീയ വാസന' (animal spirits) എന്നാണ് വിശേഷിപ്പിച്ചത്. മുതലാളിമാര്‍ക്ക് മൂഡുണ്ടാക്കാന്‍ എന്തൊക്കെയാണ് യു.പി.എ. ഭരണകാലത്തു ചെയ്തുകൊടുത്തത്? അഞ്ചുലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കി. എണ്ണ, ഇരുമ്പയിര്, കല്‍ക്കരി, സ്‌പെക്ട്രം തുടങ്ങിയ നാടിന്റെ പൊതുസ്വത്തുക്കള്‍ ചുളുവിലയ്ക്ക് തീറെഴുതി. എന്നാല്‍, മൂഡു വരാന്‍ ഇതൊന്നും പോരത്രേ. ഇനിയും പ്രോത്സാഹനങ്ങള്‍ വ്യവസായികള്‍ക്ക് നല്‍കിയേ തീരൂ എന്നാണ് മുതലാളിസംഘടനകള്‍ ആജ്ഞാപിക്കുന്നത്.

അപ്പോള്‍ ചിദംബരം ആരു പറയുന്നതിനാണ് ചെവി കൊടുക്കുക? അദ്ദേഹത്തിന്റെ ചിന്ത, ന്യായമായും ഇങ്ങനെയായിരിക്കും. തൊഴിലാളികളുടെ പണിമുടക്ക് രണ്ടുദിവസം കൊണ്ടു തീരും. എന്നാല്‍, മുതലാളിമാര്‍ പിണങ്ങിയാല്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ട് വരാന്‍ പോകുന്ന ബജറ്റ് ജനപ്രിയ ബജറ്റായിരിക്കുകയില്ല. തിരഞ്ഞെടുപ്പ് 2014-ലേ ഉണ്ടാകൂ. അതിനുമുമ്പ് ഒരു തിരഞ്ഞെടുപ്പ് ബജറ്റിനുള്ള സാവകാശമുണ്ട്. ഇത്തവണ ഭക്ഷ്യസുരക്ഷാ പദ്ധതിയല്ലാതെ മറ്റൊരു ജനപ്രിയ പരിപാടിയും പുതിയതായി പ്രതീക്ഷിക്കേണ്ടതില്ല. ഭക്ഷ്യസുരക്ഷയ്ക്കുള്ള പണംതന്നെ പെട്രോള്‍, ഡീസല്‍, വളം, പഞ്ചസാര തുടങ്ങിയവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടായിരിക്കും കണ്ടെത്തുക. അടുത്ത വര്‍ഷത്തെ സര്‍ക്കാര്‍ ചെലവ് 2012-'13 വര്‍ഷത്തിലെ ബജറ്റ് മതിപ്പു കണക്കില്‍ത്തന്നെ പരമിതപ്പെടുത്താനായിരിക്കും ശ്രമം. കാരണം, മിക്കവാറും ബജറ്റ് കമ്മി 4.8 ശതമാനമാക്കാനാണ് ചിദംബരം ലക്ഷ്യമിടുക. സത്യം പറഞ്ഞാല്‍ സാമ്പത്തിക വളര്‍ച്ച പത്തുവര്‍ഷത്തിലേറ്റവും താഴ്ന്ന നിലയിലിരിക്കുന്ന മാന്ദ്യകാലത്ത് 5.4 ശതമാനം ധനക്കമ്മി ന്യായീകരിക്കത്തക്കതാണ്. 2008-ല്‍ ഇന്ത്യാസര്‍ക്കാര്‍ മാന്ദ്യത്തെ നേരിടാന്‍ കമ്മി വര്‍ധിപ്പിച്ചതാണ്. പക്ഷേ, 2008 അല്ല 2012.

2008-ല്‍ ബാങ്കുകളെല്ലാം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന കിലുകിലാരവത്തില്‍ നിയോലിബറല്‍ നയകര്‍ത്താക്കളും സൈദ്ധാന്തികരും അമ്പരന്നുപോയി. രക്ഷയ്ക്കായി തത്കാലം എല്ലാവരും കെയിന്‍സിനെ കൂട്ടുപിടിച്ചു. ഉത്തേജകപ്പാക്കേജുകള്‍ ഇറക്കി. കമ്മി കൂട്ടി. ലോകമുതലാളിത്തം തകര്‍ച്ച ഒഴിവാക്കി. പക്ഷേ, ശ്വാസം വീണപ്പോള്‍ കെയിന്‍സിനെ തള്ളിപ്പറഞ്ഞ് തങ്ങളുടെ നിയോലിബറല്‍ കുറിപ്പടികളുമായി ആഗോളീകരണക്കാര്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയിലായ രാജ്യങ്ങളുടെയെല്ലാംമേല്‍ കര്‍ക്കശ ചെലവുചുരുക്കല്‍ ബജറ്റുകള്‍ അവര്‍ അടിച്ചേല്പിച്ചു. ഇതാണ് യൂറോപ്പിലും അമേരിക്കയിലും 2012-ല്‍ മാന്ദ്യത്തിലേക്ക് വഴി തെളിച്ച ഒരു പ്രധാന കാരണം. കമ്മി കുറയ്ക്കാന്‍ വരുമാനം കൂട്ടിയാല്‍ മതിയെന്നുള്ള ലളിതമായ വസ്തുത ഇക്കൂട്ടര്‍ തമസ്‌കരിക്കുന്നു. ചിദംബരവും ഈ മാര്‍ഗം തന്നെയാണ് അവലംബിക്കുന്നത്.

കമ്മി കുറയ്ക്കുന്നത് വിലക്കയറ്റം തടയാന്‍ സഹായിക്കും എന്നാണ് കരുതുന്നത്. ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണമുള്ളതുകൊണ്ടല്ല വിലക്കയറ്റം. യാഥാര്‍ഥ്യം നേരേ മറിച്ചാണ്. ഭൂരിപക്ഷം ജനങ്ങളുടെയും വാങ്ങല്‍ക്കഴിവ് ഇടിഞ്ഞതുകൊണ്ടാണ് വ്യവസായച്ചരക്കുകള്‍ മാത്രമല്ല, ധാന്യങ്ങള്‍പോലും കെട്ടിക്കിടക്കുന്നത്. വിലക്കയറ്റത്തിന് കാരണം സര്‍ക്കാര്‍ നിയന്ത്രിത വിലകള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് ചിദംബരത്തിന്റെ ബജറ്റില്‍ വിലക്കയറ്റത്തിന് എന്തെങ്കിലും പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ.

കയറ്റുമതിക്കാര്‍ക്ക് നിശ്ചയമായും പ്രോത്സാഹനങ്ങളുണ്ടാകും. പക്ഷേ, വിദേശത്ത് മാന്ദ്യം തുടരുന്നിടത്തോളംകാലം കയറ്റുമതി നിയന്ത്രണം എത്രമാത്രം വിജയിക്കുമെന്ന് പറയാനാവില്ല. വ്യാപാരക്കമ്മി അടുത്തവര്‍ഷവും കുറയില്ല. അതുകൊണ്ട് കമ്മി നികത്താന്‍ വിദേശമൂലധനത്തെ ആകര്‍ഷിക്കാനുള്ള യത്‌നങ്ങള്‍ തീവ്രമായി തുടരും. അവരുടെ വിശ്വാസം ആര്‍ജിക്കുന്നതിനു വേണ്ടി അവര്‍ പറയുന്ന പരിഷ്‌കാരങ്ങള്‍ ബജറ്റ് പ്രഖ്യാപനങ്ങളിലുണ്ടാകും. പൊതുമേഖല വില്പന തന്നെയായിരിക്കും റവന്യൂ വരുമാനവര്‍ധനയുടെ ഒരു പ്രധാന ഇനം.

അംബേദ്കര്‍ അധികാരവികേന്ദ്രീകരണത്തെ എതിര്‍ത്തു. കാരണം, പ്രാദേശികസര്‍ക്കാറുകളെ സവര്‍ണ പിന്തിരിപ്പന്മാര്‍ കൈപ്പിടിയിലൊതുക്കും എന്നദ്ദേഹം ഭയപ്പെട്ടു. വരേണ്യവിഭാഗം ഭരണകൂടത്തെ വിഴുങ്ങുന്നത് പഞ്ചായത്തില്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാറിനെത്തന്നെയാകാം എന്നതാണ് ഇന്നത്തെ അനുഭവം.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...