Tuesday, April 17, 2012

ആഗോളസമ്പദ്ഘടനയുടെ ഇരട്ടപ്പതനം


(2012 ഏപ്രില്‍ 16ന് മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം)

കേരള ബജറ്റില്‍ കെ.എം. മാണി ആഗോളസമ്പദ്ഘടനയെ വിശേഷിപ്പിച്ചത് ഡബിള്‍ ഡിപ്‌ റിസഷന്‍ എന്ന പ്രയോഗം കൊണ്ടാണ്. ഇതിനുമുമ്പ് മലയാളത്തില്‍ സി.പി.എമ്മിന്റെ പ്രമേയത്തിലാണ് ഈ പ്രയോഗം കണ്ടുവന്നത്. സമകാലീന ആഗോളസമ്പദ്ഘടനയുടെ അവസ്ഥ പരിതാപകരമാണ് എന്നതില്‍ കെ.എം. മാണിക്കും അഭിപ്രായവ്യത്യാസം ഇല്ല എന്നു ചുരുക്കം.

2008-ല്‍ ആരംഭിച്ച ആഗോളമാന്ദ്യം പലരെയും ഞെട്ടിച്ചു. പലരും ഇങ്ങനെയൊരു പതനം പ്രതീക്ഷിച്ചില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു; അമേരിക്കന്‍ മേധാവിത്വം അപ്രതിരോധ്യമായി. സര്‍വസ്വതന്ത്ര മുതലാളിത്തലോകം ആഗോളമായിത്തന്നെ രൂപംകൊള്ളാന്‍ തുടങ്ങി. സര്‍വസ്വതന്ത്ര മുതലാളിത്തത്തിന്റെ ദര്‍ശനമാണ് നിയോലിബറലിസം. ഈ കാഴ്ചപ്പാടുപ്രകാരം സാമ്പത്തിക മാന്ദ്യത്തിന് ഒരനിവാര്യതയുമില്ല. ഉത്പാദനം നടക്കുമ്പോള്‍ ഉത്പന്നങ്ങളുടെ വിലയ്ക്ക് തുല്യമായ വരുമാനവും സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് വാങ്ങാന്‍ ആളില്ലാത്തതുകൊണ്ട് ചരക്കുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ തികച്ചും യാദൃച്ഛികം മാത്രമാണ്. സമ്പദ്ഘടനയെ അതിന്റെ പാട്ടിനു വിട്ടാല്‍ മതി, കാര്യങ്ങള്‍ അതിവേഗം നേരേയായിക്കൊള്ളും-ഇതായിരുന്നു മനോഭാവം.

ഈ പശ്ചാത്തലത്തിലാണ് സര്‍വശക്തമായ അമേരിക്കന്‍-യൂറോപ്യന്‍ ബാങ്കുകള്‍ പലതും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണത്. ബാങ്കുകള്‍ പൊളിഞ്ഞതോടെ ഫാക്ടറികള്‍ക്കും മറ്റും നിക്ഷേപത്തിന് വായ്പ കിട്ടാതായി. സാധാരണക്കാര്‍ക്ക് വായ്പകള്‍ ലഭ്യമല്ലാതായി. തകര്‍ച്ച പണം ചെലവാക്കാനുള്ള ഭയം സൃഷ്ടിച്ചു. ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. സാമ്പത്തികവളര്‍ച്ച മന്ദീഭവിച്ചു. ലോകം മാന്ദ്യത്തിലായി.

നിയോലിബറല്‍ സിദ്ധാന്തക്കാര്‍ ആശ കൈവെടിഞ്ഞില്ല. ബാങ്കുകള്‍ക്ക് സംഭവിച്ച താത്കാലികമായ അപഭ്രംശം മൂലമാണ് സാമ്പത്തികമാന്ദ്യം എന്നതായിരുന്നു അവരുടെ വ്യാഖ്യാനം. അതുകൊണ്ട് വളരെപ്പെട്ടെന്നുതന്നെ ആഗോളസമ്പദ്ഘടന സാധാരണഗതിയിലേക്കുയരും എന്നവര്‍ പ്രവചിക്കുകയും ചെയ്തു. ഇവരുടെ കാഴ്ചപ്പാടില്‍ മാന്ദ്യത്തിന്റെ ആകൃതി അഥവാ ആഗോള ഉത്പാദനത്തിന്റെ രേഖാചിത്രം ഇംഗ്ലീഷിലെ 'V' എന്ന അക്ഷരം പോലിരിക്കും. ആഗോളമായി ഉത്പാദനം ഇടിയും. പക്ഷേ, പെട്ടെന്നു തന്നെ പൂര്‍വസ്ഥിതിയിലാകും.

മേല്‍പ്പറഞ്ഞതിന് നേര്‍വിപരീതം പ്രവചിച്ചവരും ഉണ്ടായിരുന്നു. താഴേക്കുപതിക്കുന്ന ആഗോള സമ്പദ്ഘടന ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വര്‍ഷങ്ങളേറെ പിടിക്കും. ഇതിന് നല്ല ഉദാഹരണമായി 1990-ല്‍ ജപ്പാനില്‍ ആരംഭിച്ച മാന്ദ്യം തൊണ്ണൂറുകളുടെ അവസാനം വരെ നീണ്ടുപോയ അനുഭവമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. അതനുസരിച്ച് ആഗോളമാന്ദ്യത്തിന്റെ ആകൃതി ഇംഗ്ലീഷിലെ 'L' എന്ന അക്ഷരം പോലിരിക്കും.

എന്നാല്‍, ഇതുരണ്ടുമല്ല ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 2008-ല്‍ തുടങ്ങിയ മാന്ദ്യം 2009 ആദ്യത്തില്‍ ഏറ്റവും രൂക്ഷതയിലെത്തി. 2009 അവസാനമായപ്പോഴേക്കും പഴയ നിലയിലേക്കുയരാന്‍ തുടങ്ങി. 2010-ല്‍ മാന്ദ്യം അവസാനിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, 2011 അവസാനിക്കുന്നതിനുമുമ്പ് വീണ്ടും ആഗോളസമ്പദ്ഘടന ഒരു തകര്‍ച്ചയിലേക്ക് വഴുതിവീണു. ആ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ വികസിതരാജ്യങ്ങളുടെ ഉത്പാദനം കേവലമായി ഇടിഞ്ഞു.

2012-ന്റെ ആദ്യപാദത്തിലും ഇതുതന്നെ സംഭവിച്ചു. ഇങ്ങനെ രണ്ടുപാദങ്ങളില്‍ തുടര്‍ച്ചയായി ഉത്പാദനം കേവലമായി കുറയുമ്പോഴാണ് സമ്പദ്ഘടന മാന്ദ്യത്തിലാണ് എന്ന് പ്രഖ്യാപിക്കുന്നത്. വികസിത രാജ്യങ്ങള്‍ രണ്ടാം മാന്ദ്യത്തിലാണ്.

എന്താണ് സംഭവിച്ചത് ?

നിയോലിബറലുകാര്‍ ആദ്യം അറച്ചു നിന്നെങ്കിലും ബാങ്ക് തകര്‍ച്ചകളുടെ കിലുകിലാരവം അവരെ ഭയപ്പെടുത്തി. ബുഷ് അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ മുതലാളിത്തത്തെ രക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങി. എല്ലാ രാജ്യങ്ങളും ഉത്തേജക പാക്കേജുകള്‍ ഒരുമിച്ചു പ്രഖ്യാപിച്ചു. പൊളിയുന്ന ബാങ്കുകളുടെ ഷെയറുകള്‍ വാങ്ങിയും കടങ്ങള്‍ ഏറ്റെടുത്തും സര്‍ക്കാര്‍ അവയെ രക്ഷിച്ചു. മറ്റു സര്‍ക്കാര്‍ ചെലവുകളിലുണ്ടായ വര്‍ധന വാങ്ങല്‍ കഴിവ് ഉയര്‍ത്തി. അങ്ങനെയാണ് 2010 ആയപ്പോഴേക്കും സാമ്പത്തികവളര്‍ച്ച സാധാരണഗതിയിലേക്ക് ഉയരാന്‍ തുടങ്ങിയത്.

പക്ഷേ, രണ്ടു പ്രതിബന്ധങ്ങള്‍ ഉയര്‍ന്നു. ബാങ്കുകളെ രക്ഷിക്കാന്‍ വലിയതോതില്‍ വായ്പയെടുത്ത പല യൂറോപ്യന്‍ സര്‍ക്കാറുകളും കടക്കെണിയിലായി. ബാങ്കുകളുടെ പൊള്ളക്കടം മുഴുവന്‍ സര്‍ക്കാറുകളുടെ തലയിലായി. ബാങ്കുകളെയല്ല, ഈ സര്‍ക്കാറുകളെയെങ്ങനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാം എന്നതായിരിക്കുന്നു പുതിയ പ്രശ്‌നം. വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറി.

രണ്ടാമത്തെ പ്രതിബന്ധം ഇന്നും ആഗോളരാഷ്ട്രീയമണ്ഡലത്തില്‍ നിയോലിബറല്‍ നയങ്ങള്‍ക്കുള്ള മേധാവിത്വമാണ്. സര്‍ക്കാറിന്റെ ചെലവുകള്‍ വര്‍ധിപ്പിച്ച് കമ്മി കൂട്ടി സമ്പദ്ഘടനയില്‍ ഇടപെടുന്നത് ഈ കാഴ്ചപ്പാടുകാര്‍ക്ക് ചതുര്‍ഥിയാണ്. റീഗന്റെയും താച്ചറുടെയുമെല്ലാം അനുയായികള്‍പോലും നിവൃത്തികേടുകൊണ്ട് 2009-10 കാലത്ത് ഈ നിലപാടുകള്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ വലിയ തോതില്‍ ഇടപെട്ടാണ് ബാങ്ക് തകര്‍ച്ച ഒഴിവാക്കിയത്. പക്ഷേ, രക്ഷപ്പെട്ടതോടെ, പാലം കടക്കുവോളം 'നാരായണ' എന്നു ജപിച്ചവര്‍ പാലം കടന്നതോടെ 'കൂരായണ' എന്നു വിളിച്ചു തുടങ്ങി. സര്‍ക്കാര്‍ ചെലവുകള്‍ കുറച്ച് കമ്മി പഴയതോതിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനായി വേവലാതി.

അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഒബാമയ്ക്ക് കൂച്ചുവിലങ്ങിട്ടു. മാധ്യമങ്ങളെല്ലാം ഇപ്പോഴും സര്‍ക്കാര്‍ കമ്മിയുടെ വിപത്തിനെക്കുറിച്ചാണ് പ്രചാരണം നടത്തുന്നത്. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ നൊബേല്‍ സമ്മാനജേതാക്കള്‍ ഈ നയത്തിനെതിരെ നടത്തിയ മുന്നറിയിപ്പുകളെല്ലാം വിഫലമായി. തികഞ്ഞ യാഥാസ്ഥിതികരായ ജര്‍മന്‍ ഭരണാധികാരികള്‍ക്കാണ് യൂറോപ്യന്‍ യൂണിയനില്‍ മുന്‍കൈ. ഇവര്‍ സൃഷ്ടിച്ച നയപരമായ പക്ഷാഘാതം രണ്ടാമതൊരു മാന്ദ്യംകൂടി അനിവാര്യമാക്കി.

തന്മൂലം ആഗോള സാമ്പത്തികവളര്‍ച്ചയുടെ ആകൃതി ഇംഗ്ലീഷിലെ 'W' എന്ന അക്ഷരം പോലെയായി. ആദ്യത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറുംമുമ്പ് അടുത്ത തകര്‍ച്ചയുമുണ്ടായി. അങ്ങനെ 'W' പോലെ രണ്ടുതവണ മുങ്ങിപ്പൊങ്ങി നില്‍ക്കുകയാണ്. ഇത് അപൂര്‍വമായ സാമ്പത്തികാനുഭവമാണ്. ഇതിനെയാണ് ഡബിള്‍ ഡിപ് റിസഷന്‍ എന്നു പറയുന്നത്.

ആഗോളമാന്ദ്യം ഇന്ത്യയെയും കേരളത്തെയും ബാധിച്ചു. ആദ്യ ആഗോളമുങ്ങലില്‍ 2008-09 ല്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായി താഴ്ന്നു. രണ്ടാം ആഗോളമുങ്ങലില്‍ 2011-12 ല്‍ 6.9 ശതമാനമായി താണിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. വികസിതരാജ്യങ്ങളെപ്പോലെ രൂക്ഷമല്ലെങ്കിലും നമ്മുടെ സാമ്പത്തികവളര്‍ച്ചയും മന്ദീഭവിച്ചിട്ടുണ്ട്. എന്നാല്‍, 2009-10 ല്‍ നിന്നു വ്യത്യസ്തമായി ഉത്തേജക പാക്കേജിനല്ല, കമ്മി കുറയ്ക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ ഊന്നുന്നത്. ഇത് ഇന്ത്യയിലെയും കേരളത്തിലെയും മാന്ദ്യപ്രവണതകളെ കൂടുതല്‍ ശക്തിപ്പെടുത്തും.

Tuesday, April 3, 2012

പാര്‍ട്ടികോണ്‍ഗ്രസ്സിലെ പ്രത്യയശാസ്ത്രസംവാദം

2012 ഏപ്രില്‍ 03ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായിനടന്ന സമ്മേളനങ്ങളോടു ബന്ധപ്പെട്ടുയര്‍ന്ന ഒരു വിമര്‍ശനം പ്രത്യയശാസ്ത്രസംവാദം സി.പി.എമ്മില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ് എന്ന വസ്തുത വിമര്‍ശകര്‍ ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. സുദീര്‍ഘമായ ഇരുവട്ടചര്‍ച്ചകള്‍ക്കുശേഷമാണ് കേന്ദ്രകമ്മിറ്റി കരടുരേഖ അംഗീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഈ രേഖയ്ക്ക് അവസാനരൂപം നല്‍കുന്നതിനു മുമ്പ് ഇത് ഇന്ത്യയിലെ എല്ലാ പാര്‍ട്ടി ഘടകങ്ങളും ചര്‍ച്ച ചെയ്യുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ ഒരു ആശയസംവാദമാണ് ഇതുവഴി നടക്കുന്നത്. 
സി.പി.എമ്മിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 1968-ലാണ് ഇത്തരമൊരു ആശയസംവാദത്തിന് പാര്‍ട്ടി ആദ്യമായി വേദിയൊരുക്കിയത്. അതിവിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ അവസാനമാണ് പ്രത്യേയശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ബര്‍ദ്വാനില്‍ ഒരു പ്രത്യേക പ്ലീനം ചേര്‍ന്നത്. ആഗോളവിപ്ലവ പ്രക്രിയയെ സംബന്ധിച്ച് സോവിയറ്റ് യൂണിയന്‍ എടുത്തുവന്ന പല നിലപാടുകളെയും ഈ പ്ലീനം നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ അനുഭാവം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളോടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയുടെ പല നിലപാടുകളെയും രേഖ നിരാകരിച്ചു. സ്വതന്ത്രമായഈ നിലപാട് രൂക്ഷമായ ആശയസമരത്തിനിടയാക്കി. ആന്ധ്രയില്‍ നാഗറെഡ്ഡിയുടെയും മറ്റും നേതൃത്വത്തില്‍ എണ്ണായിരത്തില്‍പ്പരം പാര്‍ട്ടി അംഗങ്ങളാണ് സി.പി.എം. വിട്ട് നക്‌സല്‍ പ്രസ്ഥാനത്തിലേക്കു പോയത്. 

സോവിയറ്റ്, ചൈനീസ് പാര്‍ട്ടികളോട് ബഹുമാനം നിലനിര്‍ത്തുമ്പോഴും ആശയപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ സി.പി.എം. സ്വീകരിച്ച സ്വതന്ത്രമായ നിലപാട് അത്യപൂര്‍വമായ ഒരു വ്യക്തിത്വം പാര്‍ട്ടിക്കു നല്‍കി. സോവിയറ്റ് തകര്‍ച്ചയുടെ ഭൂകമ്പത്തില്‍ വലിയ തളര്‍ച്ച കൂടാതെ മുന്നോട്ടുപോകാന്‍ സി.പി.എമ്മിനു കഴിഞ്ഞത് ഈയൊരു സ്വതന്ത്രമായ നിലപാടിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്. 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബര്‍ദ്വാന്‍ പ്ലീനത്തിലെ രേഖയുടെ അന്തര്‍ദേശീയ നിലപാടുകളെ ഏതാണ്ട് അപ്രസക്തമാക്കിത്തീര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്ര രേഖയ്ക്കു രൂപം നല്‍കിയത്. മുതലാളിത്തം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് മുതലക്കൂപ്പു നടത്തുകയാണ്; സോഷ്യലിസത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് അസാധ്യമാണ് എന്നു തുടങ്ങിയ അതിലളിതവത്കരിച്ചതും യാന്ത്രികവുമായ ധാരണകളെ ഈ പ്രമേയം തിരുത്തി. യൂറോപ്പിലെ സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ് ഈ പ്രമേയം മുഖ്യമായും പരിശോധിച്ചത്. മാര്‍ക്‌സിസത്തിന്റെ പ്രസക്തി ഈ പ്രമേയം ആവര്‍ത്തിച്ചുറപ്പിച്ചു. 

അതുകഴിഞ്ഞ് ഇരുപതുവര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതുനേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. ആഗോളീകരണം നിലവിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ത്? പുതിയ സാഹചര്യത്തില്‍ ലോക വിപ്ലവപ്രക്രിയയെക്കുറിച്ച് എന്തെല്ലാം പറയാനാകും? അതോടൊപ്പം ഇന്ത്യന്‍ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള സോഷ്യലിസത്തിനായുള്ള പോരാട്ടത്തില്‍ അഭിമുഖീകരിക്കുന്ന ചില സവിശേഷപ്രശ്‌നങ്ങളെയും രേഖയില്‍ വിശകലനം ചെയ്യുന്നുണ്ട്. 

ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണമായ ആധിപത്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് അടുത്തതായി ചര്‍ച്ച ചെയ്യുന്നത്. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് ഫിനാന്‍സ് മൂലധനാധിപത്യം സമ്പൂര്‍ണമാകുന്നത്. 

എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താത്പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉത്പാദനവുമായുള്ള നേരിട്ടുള്ള ബന്ധം അതിദുര്‍ബലമാകുന്നു എന്നതും. ഉത്പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലെയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുള്ള ഫാക്ടറികളിലും വയലേലകളിലുംസൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസ്സിലാക്കാതെ സമകാലീന ആഗോളീകരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറിമാറാനുള്ള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു. 

ഫിനാന്‍സ് മൂലധനാധിപത്യം മുതലാളിത്തത്തിന്റെ സ്വതഃസിദ്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുകയല്ല, കൂടുതല്‍ രൂക്ഷമാക്കുകയാണ്. 2008-ല്‍ തുടങ്ങിയ ആഗോളസാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുന്നു. മാര്‍ക്‌സ്‌തെളിയിച്ചതുപോലെ ഉത്പാദന വര്‍ധനയ്ക്ക് അനുസൃതമായി സമ്പദ്ഘടനയുടെ വാങ്ങല്‍ക്കഴിവ് ഉയരുന്നില്ല. ഇതു മറികടക്കാനായി സ്വീകരിച്ച ഉദാരമായ വായ്പനയം ഫിനാന്‍സ് മൂലധനത്തിന് പഥ്യമായി. ഊഹക്കച്ചവടം മാനംമുട്ടെ ഉയര്‍ന്നു. മാനത്തേക്കുയരുന്നതെല്ലാം താഴേക്കു വന്നേ പറ്റൂ. ഭവനവായ്പക്കുമിള പൊട്ടിയതോടെ അമേരിക്കന്‍ സമ്പദ്ഘടനയും മറ്റു പാശ്ചാത്യസമ്പദ്ഘടനകളും കുഴപ്പത്തിലേക്കു വഴുതിവീണു. കുഴപ്പത്തിലും ഫിനാന്‍സ് മൂലധനം തടിച്ചുകൊഴുത്തു. വീടും ജോലിയും നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും കിട്ടിയില്ല. ഈ തിരിച്ചറിവാണ് അമേരിക്കയില്‍പ്പോലും മുതലാളിത്തം കാലഹരണപ്പെട്ടു എന്ന മുറവിളി ഉയര്‍ത്തിയതും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് രൂപം നല്‍കിയതും. 
ഏറ്റവും പ്രത്യാശാഭരിതമായ സംഭവവികാസം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റമാണ്. ഏതെങ്കിലും ഏകീകൃതമായ പരിപാടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സര്‍ക്കാറുകളില്‍ കാണാന്‍ കഴിയില്ല. ക്യൂബയിലെന്നപോലെ സോഷ്യലിസം ആണ് ഭാവി എന്നു തിരിച്ചറിയുന്ന വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യയിലേതിനു ഏതാണ്ട് സമാനമായ പലനയങ്ങളും കൈക്കൊള്ളുന്ന ബ്രസീല്‍ വരെയുള്ള രാജ്യങ്ങളെ നമുക്കു കാണാം. പക്ഷേ, ഇവരുടെയെല്ലാം മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യത്വവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശരാഷ്ട്രത്തിനുള്ളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപംനല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്നത്. 

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനത്തിന്റെ വര്‍ധിച്ചുവരുന്ന സാമൂഹികവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കുന്നു. 
ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന്‍ കമ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുള്ള നിലപാടുകളെ പണ്ടേ സി.പി.എം. തള്ളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.
വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉത്പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം. 
മേല്‍പ്പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗത്തില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗത്തില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേക്കും ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം. 

മേല്‍പ്പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹികവൈരുധ്യങ്ങളിലേക്ക് പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വവും കുടുംബങ്ങള്‍ തമ്മിലുള്ള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. പ്രവാസി ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ചൈനയിലാണ്.
ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേക്ക് മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍? 
ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: ''ഈ വൈരുധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും'' (ഖണ്ഡിക 6.23) . ക്യൂബയടക്കമുള്ള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കിവരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് സി.പി.എം. ചൈനയുടെഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്. 
വിസ്തരഭയത്താല്‍ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പ്രത്യേകതകളും അതുസംബന്ധിച്ച വിവിധ മൂര്‍ത്തമായ പ്രശ്‌നങ്ങളും ഇവിടെ പരിശോധിക്കുന്നില്ല. ഒന്നൊഴികെ, സ്വത്വരാഷ്ട്രീയം. സോഷ്യലിസത്തിനു വേണ്ടിയുള്ള സമരത്തില്‍ പാര്‍ട്ടി ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്യേണ്ടുന്ന പ്രശ്‌നങ്ങളായി ജാതീയതയ്‌ക്കെതിരായ സമരം, സ്ത്രീനീതിയ്ക്കു വേണ്ടിയുളള ഇടപെടല്‍, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നിവയ്ക്ക് ഈ രേഖ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നുപറഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സി.പി.എമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സി.പി.എം. അര്‍ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹികപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.

Friday, March 23, 2012

കേന്ദ്രത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും ജനവിരുദ്ധ ബജറ്റ്

രാജ്യം ഇന്നു നേരിടുന്ന ഏറ്റവും പ്രധാന സാമ്പത്തിക വെല്ലുവിളികള്‍ രണ്ടാണ്: വിലക്കയറ്റവും സാമ്പത്തിക തളര്‍ച്ചയും. 2011-12-ല്‍ ശരാശരി വിലക്കയറ്റം 9ശതമാനത്തിലേറെയായിരുന്നു. ഭക്ഷ്യമേഖലയിലെ പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും പൊതുവിതരണത്തിലെ കാര്യക്ഷമതയില്ലായ്മയും ഭക്ഷ്യസാധനങ്ങളുടെ ക്രമാതീതമായ വിലവര്‍ദ്ധനയിലേയ്ക്കു നയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധന കൂടിയായപ്പോള്‍ വിലക്കയറ്റം അതിരൂക്ഷമായി. സാധാരണഗതിയില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടുമ്പോഴാണ് വിലക്കയറ്റമുണ്ടാകുന്നത്. എന്നാല്‍ 2011-12-ല്‍ മറ്റൊരു അപൂര്‍വ പ്രതിഭാസത്തിനുകൂടി സാക്ഷ്യം വഹിച്ചു. സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി താഴ്ന്നു. വിലക്കയറ്റം നിയന്ത്രിക്കാനായി വായ്പകള്‍ കുറച്ചതും പലിശ ഉയര്‍ന്നതുമാണ് ഈ സാമ്പത്തിക തളര്‍ച്ചയ്ക്ക് ഒരു കാരണം. അതോടൊപ്പം ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ശക്തമായ സ്വാധീനവുമുണ്ട്. രാജ്യത്തിന്റെ അടവുശിഷ്ടക്കമ്മി സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വിദേശത്തെ സാമ്പത്തിക മാന്ദ്യം മൂലം കയറ്റുമതി പ്രതീക്ഷിച്ചതോതില്‍ ഉയരാത്തതാണ് ഇതിനു കാരണം. ഈ രണ്ടു വെല്ലുവിളികളെ നേരിടുന്നതിന് കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ എത്രമാത്രം പര്യാപ്തമാണ് എന്നതാണ് പരിശോധിക്കേണ്ടുന്ന കാര്യം. 

കേന്ദ്രബജറ്റ്: വിലക്കയറ്റവും മാന്ദ്യവും


കേന്ദ്രബജറ്റ് ഈ രണ്ടു പ്രശ്‌നങ്ങളെയും കൂടുതല്‍ രൂക്ഷമാക്കുകയാണ്. പെട്രോളിയം സബ്‌സിഡി 25000 കോടിയും വളം സബ്‌സിഡി 6000 കോടിയും കുറച്ചിരിക്കുന്നു. ഇവയുടെ വിലവര്‍ധന ഉറപ്പായി. റേഷന്‍ കടകളിലൂടെ അരിയും മറ്റും സാധാരണക്കാര്‍ക്ക് നിയന്ത്രിതവിലയ്ക്ക് വിതരണം ചെയ്യുന്നതിനുപകരം പാവങ്ങള്‍ക്ക് സബ്‌സിഡി പണമായി നല്‍കാന്‍ പോവുകയാണ്. ഇഷ്ടമുള്ള വിലയ്ക്ക് പൊതുകമ്പോളത്തില്‍നിന്ന് വാങ്ങാം. ഊഹക്കച്ചവടത്തിനുമേലുണ്ടായിരുന്ന നാമമാത്രമായ നികുതിയും വെട്ടിക്കുറച്ചു. സേവനനികുതിയും എക്‌സൈസ് നികുതിയും പരക്കെ ഉയര്‍ത്തി. പണക്കാരുടെ കൈയില്‍നിന്ന് പ്രത്യക്ഷനികുതി വഴിയും കള്ളപ്പണം പിടിച്ചെടുക്കല്‍വഴിയും വരുമാനം സമാഹരിക്കുന്നതിനുപകരം വിലക്കയറ്റം സൃഷ്ടിക്കുന്ന പരോക്ഷ നികുതികളെയാണ് ആശ്രയിക്കുന്നത്.

മൊത്തം സര്‍ക്കാര്‍ചെലവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനംമാത്രമാണ് വര്‍ധിക്കുന്നത്. 6.9 ശതമാനം മാത്രമുള്ള വളര്‍ച്ചയില്‍നിന്ന് സമ്പദ്ഘടനയെ കരകയറ്റാന്‍ ഈ വര്‍ധന അപര്യാപ്തമാണ്. സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായി ഇടിഞ്ഞ 2008-09ല്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ എടുത്ത നടപടികളും ഇപ്പോള്‍ സ്വീകരിച്ച നടപടികളും താരതമ്യപ്പെടുത്തിയാല്‍ ഉല്‍പ്പാദനമാന്ദ്യത്തിന് പരിഹാരം ഈ ബജറ്റിലില്ല എന്ന് വ്യക്തമാണ്. 

വാറ്റ് നികുതി വര്‍ദ്ധന കേരളത്തിലുംകേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ചുളളതാണ് 2012-13ലേയ്ക്കുളള കേരള ബജറ്റും. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി അത്യപൂര്‍വമായവയൊഴികെ മറ്റെല്ലാ ഉത്പന്നങ്ങളുടെയും വില ഉയരും. വാറ്റ് നികുതി നിരക്കില്‍ എട്ടു മുതല്‍ 25 ശതമാനം വരെ ധനമന്ത്രി വര്‍ദ്ധന വരുത്തിയിരിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ എക്‌സൈസ്, സേവന നികുതികളുടെ നിരക്ക് ഇരുപതു ശതമാനത്തിലേറെ ഉയര്‍ത്തിയതിനു മീതേയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ദ്ധന. . 

വാറ്റ് നികുതി 4 ശതമാനം നിരക്ക് 5 ആയും 12.5 ശതമാനം 13.5 ആയി ഉയര്‍ത്തിയതിന് ധനമന്ത്രി പറയുന്ന ന്യായീകരണം നിലനില്‍ക്കുന്നതല്ല. വാറ്റ് നികുതി നിരക്ക് വര്‍ദ്ധിപ്പിക്കണം എന്ന നിലപാട് അംഗീകരിക്കാന്‍ മൂന്നുവര്‍ഷമായി കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണ്. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം ഇതിനു പച്ചക്കൊടി കാട്ടുകയും ഒട്ടെല്ലാ സംസ്ഥാനങ്ങളും നികുതി നിരക്ക് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികനികുതിഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ കെ. എം.മാണി പറയുന്നത് വാറ്റ് നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന നഷ്ടപരിഹാരത്തില്‍ കുറവു വരുമെന്നാണ്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കാരണം ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ നികുതിവരുമാനത്തില്‍ 1500 കോടി രൂപയെങ്കിലും ആദ്യവര്‍ഷം തന്നെ വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുളളത്. ഗണ്യമായ ഒരു നഷ്ടപരിഹാരത്തിന്റെയും പ്രശ്‌നം കേരളത്തെ സംബന്ധിച്ച് ഇല്ല. 

നികുതി നിരക്കില്‍ 8-25 ശതമാനം വരെ വര്‍ദ്ധന വരുത്തിക്കൊണ്ടാണ് നികുതി വരുമാനത്തില്‍ 27 ശതമാനം വര്‍ദ്ധന നേടാന്‍ കഴിഞ്ഞത്. നികുതി നിരക്ക് വര്‍ദ്ധിപ്പിക്കാതെ തന്നെ നികുതി വരുമാനം ഏതാണ്ട് ശരാശരി 20 ശതമാനം വെച്ച് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നു കാണാം. നികുതിപിരിവിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഇതു സാധിച്ചത്. എന്നാല്‍ കെ. എം. മാണി കേരളജനതയെ പിഴിഞ്ഞുകൊണ്ടാണ് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നത്. 

രൂക്ഷമാകാന്‍ പോകുന്ന തൊഴിലില്ലായ്മ
പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയതു വഴി അടുത്തൊരു വര്‍ഷം റിട്ടയര്‍മെന്റ് ഒഴിവുകളിലേയ്ക്ക് നിയമനം ഉണ്ടാകാന്‍ പോകുന്നില്ല. പെന്‍ഷന്‍ പ്രായം യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് തന്നെ ഉയര്‍ത്തിയെന്നാണ് ധനമന്ത്രി സഭയില്‍ വാദിച്ചത്. എങ്കില്‍ അദ്ദേഹമെന്തിന് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം? 

റിട്ടയര്‍മെന്റ് പ്രായം ഏകീകരിച്ചത് നിര്‍ത്തലാക്കിയാലും സംസ്ഥാന ജീവനക്കാരുടെ പകുതി വരുന്ന അധ്യാപകര്‍ ഇനിയും ഏകീകരിച്ച രീതിയിലായിരിക്കും വിരമിക്കുക. കേരളത്തില്‍ പണ്ടു മുതലേയുളള നില ഇതുതന്നെയാണ്. ഭരണപരമായ കാരണങ്ങള്‍ കൊണ്ട് ഇത് മറ്റൊരു വിഭാഗം ജീവനക്കാര്‍ക്കു കൂടി ബാധകമാക്കുകയാണ് ചെയ്തത്. അപ്പോള്‍ത്തന്നെ ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ല എന്നുറപ്പു വരുത്താന്‍ വര്‍ഷാദ്യം തന്നെ ആ വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ക്ക് സൂപ്പര്‍ ന്യൂമെറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. 

റിട്ടയര്‍മെന്റ് തീയതി ഏകീകരിച്ചതു മൂലമുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ബന്ധിതരായത് എന്നാണ് ധനമന്ത്രിയുടെ മറ്റൊരു വാദം. എങ്കില്‍, ലളിതമായ പരിഹാരം ഏപ്രില്‍ ഒന്നു മുതല്‍ ഏകീകരണ ഉത്തരവ് റദ്ദാക്കിയാല്‍ മതിയായിരുന്നുവല്ലോ. എല്ലാം പഴയപടി തന്നെ ആകുമായിരുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്, മുമ്പെന്നപോലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് മാര്‍ച്ച് 31ന് കൂട്ടമായി വിരമിക്കേണ്ടിയിരുന്നവര്‍ക്ക് പകരം ആളുകളെ ഏപ്രില്‍ ഒന്നു തന്നെ നിയമിക്കുമെന്നാണ്. അതോടെ കളളി വെളിച്ചത്തായിരിക്കുകയാണ്. ഏകീകരണ ഉത്തരവിനെ തുടര്‍ന്ന് സൂപ്പര്‍ ന്യൂമറി തസ്തികയും മറ്റും സൃഷ്ടിക്കേണ്ടി വന്നതാണല്ലോ ഭരണപരമായ പ്രയാസം. അതുവീണ്ടും പുനരവതരിക്കുകയാണ്. ഈ വര്‍ഷം യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം മുന്നുത്തരവ് പ്രകാരം ഒരു സൂപ്പര്‍ ന്യൂമറി തസ്തികപോലും സൃഷ്ടിച്ചില്ല. അവരാണ് ഇനി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളം കൊടുക്കുമെന്നു പറയുന്നത്. ഇതൊരു കബളിപ്പിക്കല്‍ തന്നെയാണ്. ലക്ഷ്യം മറ്റൊന്നല്ല. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തലാണ്. ഇതിനുളള തുടക്കമാണ് ഈ വര്‍ഷം. 

തകരാന്‍ പോകുന്ന വികസനക്കുതിപ്പ്

സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കിയില്ലെങ്കിലും പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ഫലമായി മറ്റു തൊഴില്‍മേഖലകളില്‍ അധികമായി എന്തെങ്കിലും തൊഴിലുണ്ടാകുമെന്നുളള ആശയും ബജറ്റ് നല്‍കുന്നില്ല. പുതിയ തൊഴില്‍ദാന സ്‌ക്കീമുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അവയുടെയെല്ലാം വിജയം പൊതുസാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കും. പൊതു സാമ്പത്തികസ്ഥിതിയാകട്ടെ, ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെന്നപോലെ കേരളത്തിലും മോശമാകാന്‍ പോവുകയാണ്. 2008-09ല്‍ ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 5000 കോടി രൂപയുടെ ഉത്തേജക പദ്ധതികളടക്കമുളള ശക്തമായ ഇടപെടലിന്റെ ഒരു നിഴലുപോലും പുതിയ ബജറ്റിലില്ല. 2011-12ല്‍ മൊത്തം സര്‍ക്കാര്‍ ചെലവ് 38790 കോടി രൂപയില്‍ നിന്ന് 50983 കോടി രൂപയായി 31 ശതമാനം ഉയര്‍ന്നെങ്കില്‍ 2012-13ല്‍ അത് 58976 കോടി രൂപയായി 15.6 ശതമാനം മാത്രമാണ് ഉയരുന്നത്. മാന്ദ്യകാലത്ത് ഇത്തരമൊരു സമീപനം വികസനവിരുദ്ധമാണ്. 

2012-13ല്‍ ധനക്കമ്മി ആഭ്യന്തര വരുമാനത്തിന്റെ 2.74 ശതമാനം മാത്രമാണ്. പതിമൂന്നാം ധനകാര്യ കമ്മിഷന്റെ കാഴ്ചപ്പാടു പ്രകാരവും കേരള നിയമസഭ പാസാക്കിയിരിക്കുന്ന ധനഉത്തരവാദ നിയമപ്രകാരവും 2012-13ല്‍ 3.5 ശതമാനം ധനക്കമ്മി സൃഷ്ടിക്കുന്നതിന് ധനമന്ത്രിയ്ക്ക് അവകാശമുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാലും വായ്പയെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തില്ല എന്നുളള ശാഠ്യം അറുപിന്തിരിപ്പന്‍ ധനനയമാണ്. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ കുതിപ്പ് നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ധീരമായി ഇടപെട്ടേ തീരൂ. സാമ്പത്തിക സര്‍വെയുടെ കണക്കു പ്രകാരം 2010-11ല്‍ കേരളം 9.13 എന്ന സര്‍വകാല റെക്കോര്‍ഡ് വളര്‍ച്ചയാണ് കൈവരിച്ചത്. ഈ സാമ്പത്തിക കുതിപ്പ് യുഡിഎഫ് ഭരണകാലത്ത് തകരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് 2012-13ലെ ബജറ്റ് നല്‍കുന്നത്. 

ഒരു മണ്ഡലത്തിന് 5 കോടി വെച്ച് 705 കോടി രൂപ നീക്കിവെച്ചു എന്ന് അദ്ദേഹം രണ്ടു തവണ ആവര്‍ത്തിക്കുകയുണ്ടായി. എല്‍ഡിഎഫ് ഭരണകാലത്ത് ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 15 കോടി രൂപ വീതവും വകയിരുത്തിയ സ്ഥാനത്താണ് ഇത് എന്നോര്‍ക്കണം.

സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 1.8 ശതമാനത്തില്‍ നിന്ന് 1.88 ശതമാനം മാത്രമായിട്ടാണ് ഉയരുന്നത്. നിയമപ്രകാരം കേരളത്തിന് അനുവദനീയമായ 3.5 ശതമാനം വരുന്ന ധനക്കമ്മി ഉണ്ടായിരുന്നെങ്കില്‍ ഇത് 2.64 ശതമാനമായി ഉയര്‍ത്താമായിരുന്നു. എന്നുവെച്ചാല്‍ ഇപ്പോള്‍ ചെലവാക്കാനുദ്ദേശിക്കുന്ന 7369 കോടിയ്ക്കു പകരം 10369 കോടി രൂപ ചെലവാക്കാമായിരുന്നു. കെ. എം. മാണിയുടെ യാഥാസ്തിതിക വീക്ഷണം മൂലം കേരളത്തിന്റെ വികസനത്തിലുണ്ടാക്കാമായിരുന്ന കുതിപ്പ് വേണ്ടെന്നു വെച്ചിരിക്കുകയാണ്. 

പൊളിഞ്ഞ ധവളപത്രം
കേരള സര്‍ക്കാരിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് ധവളപത്രത്തിലും പുറത്തുമായി കെ. എം. മാണി പറഞ്ഞതിന്റെയെല്ലാം പൊളളത്തരം വെളിപ്പെടുത്തുന്ന ബജറ്റാണ് ഇപ്പോഴദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുളളത്. ഒരു ദിവസം പോലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേയ്‌ക്കോ വെയിസ് ആന്‍ഡ് മീന്‍സ് കമ്മിയിലേയ്‌ക്കോ പോയില്ല എന്നത് യുഡിഎഫ് എത്ര ശ്രമിച്ചാലും ഒരു വര്‍ഷം കൊണ്ടു തകര്‍ക്കാന്‍ പറ്റാത്ത ധനകാര്യ സുസ്ഥിരതയാണ് എല്‍ഡിഎഫ് കേരളത്തില്‍ സൃഷ്ടിച്ചത് എന്നതിനു തെളിവാണ്. ഈ സ്ഥിതിവിശേഷം യുഡിഎഫ് സര്‍ക്കാരിന്റെ ഒരു ധനകാര്യമാനേജ്‌മെന്റിന്റെയും ഫലമല്ല. സംസ്ഥാന റെവന്യൂ വരുമാനത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ എന്തെങ്കിലും വര്‍ദ്ധന വരുത്താന്‍ യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേന്ദ്രനികുതി വിഹിതം കുറഞ്ഞതിന്റെ ഫലമായി ഇടിയുകയാണ് ഉണ്ടായത്. ശമ്പളപരിഷ്‌കരണം പൂര്‍ണമായി നടപ്പാക്കിയിട്ടും വകയിരുത്തിയതിനെക്കാളും ഒരു രൂപ പേ അധികം വേണ്ടി വന്നിട്ടില്ല. 

ഇപ്പോള്‍ ധനമന്ത്രിയുടെ വാദം ശമ്പളയിനത്തില്‍ രണ്ടായിരം കോടി മിച്ചം വരുമെന്നു പറഞ്ഞത് സംഭവിച്ചിട്ടില്ല എന്നതാണ്. ശമ്പളയിനത്തില്‍ 2010-11ല്‍ 16,835 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് 2011-12ല്‍ 23,535 കോടി രൂപയാണ് 2011 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തില്‍ നിന്ന് വ്യത്യസ്തമായി ശമ്പള പരിഷ്‌കരണത്തിന് ആവശ്യമായ തുക പൂര്‍ണമായും വകയിരുത്തിയിരുന്നു എന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. 

ജനവിരുദ്ധ സമീപനങ്ങള്‍
സര്‍ക്കാര്‍ ശക്തമായി ഇടപെടാത്ത സാഹചര്യത്തില്‍ വികസനത്തിന് ആക്കം കൂട്ടാനുളള പോംവഴി എന്താണ്? കേന്ദ്രബജറ്റ് ഇതിനു പരിഹാരമായി കാണുന്നത് വിദേശ മൂലധനത്തെ ആകര്‍ഷിക്കുന്നതിനുളള ഒട്ടേറെ നടപടികള്‍ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റാകട്ടെ, പിപിപി വഴി അല്ലാതെയും സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കുന്നതിന് പരമപ്രാധാന്യം കല്‍പ്പിച്ചിരിക്കുകയാണ്. സ്വകാര്യ മൂലധനം കേരളവികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ പ്രാധാന്യം കുറച്ചുകൊണ്ടാവരുത് ഈ നീക്കം. 

ബജറ്റില്‍ പിപിപിയെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പരിഹാസ്യം പോലുമാകുന്നുണ്ട്. മൂത്രപ്പുര, ബസ് ഷെല്‍ട്ടര്‍, ചവറു സംസ്‌ക്കരണശാല എന്നിവ നിര്‍മ്മിക്കുന്നതിന് സിയാല്‍ മോഡലില്‍ നാലു കമ്പനികളാണത്രേ ഉണ്ടാക്കാന്‍ പോകുന്നത്. റോഡ് വികസനത്തിനും പിപിപി തന്നെയാണ് ഒറ്റമൂലി. ഈ മാതൃക കേരളത്തിലെ സംസ്ഥാന ഹൈവേകളും ജില്ലാ ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കാന്‍ സഹായകരമല്ല എന്നത് പകല്‍പോലെ വ്യക്തമാണ്. ഈ റോഡുകളില്‍ ടോള്‍ അടിച്ചേല്‍പ്പിക്കാനുളള ഏതു ശ്രമവും സര്‍വ ശക്തിയുമുപയോഗിച്ച് ജനങ്ങള്‍ ചെറുക്കും. 

ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനബജറ്റില്‍ മുന്നോട്ടു വെച്ച ബിസിനസ് മാതൃക പ്രസക്തമാകുന്നത്. റോഡ് പുനരുദ്ധാരണത്തിന് ഒരു കമ്പനി വഴി വായ്പയെടുക്കുക. ആ കമ്പനിയ്ക്ക് മോട്ടോര്‍ നികുതി വരുമാനത്തിന്റെ പകുതി വര്‍ഷം തോറും ഗ്രാന്റായി നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുക. ഇതിന്റെ അടിസ്ഥാനത്തില്‍ 40,000 കോടി രൂപയുടെ റോഡു വികസന പരിപാടിയാണ് പ്രഖ്യാപിച്ചത്. കൃത്യമായ മുന്‍ഗണനകളുടെ അടിസ്ഥാനത്തില്‍ അയ്യായിരം കോടി രൂപയുടെ പ്രവൃത്തികളുടെ പേരുകള്‍ ബജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊളളിക്കുകയും ചെയ്തു. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. 

ഇസ്ലാമിക് ധനകാര്യ സ്ഥാപനത്തിനു പകരം ട്രഷറിയില്‍ ഇസ്ലാമിക് കൗണ്ടര്‍ തുറക്കാമായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രസ്താവിച്ചത്. തികച്ചും അപ്രായോഗികമായ ഈ നീക്കം പൊളിയുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. ഈ ബജറ്റില്‍ ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് പരാമര്‍ശം പോലുമില്ല. 

കാര്‍ഷിക പ്രതിസന്ധിയ്ക്ക് ഹൈടെക് പരിഹാരം നിര്‍ദ്ദേശിക്കുന്ന ധനമന്ത്രി കര്‍ഷക ആത്മഹത്യകളെക്കുറിച്ചു മിണ്ടിയിട്ടില്ല. താങ്ങു വിലയെക്കുറിച്ച് പരാമര്‍ശമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിള ഇന്‍ഷ്വറന്‍സ് വിട്ടുകളഞ്ഞു. 
 
അഗതി, വിധവ തുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍ 500 ആയി ഉയര്‍ത്തി. പക്ഷേ, പെന്‍ഷന്‍ വാങ്ങുന്നവരില്‍ എണ്‍പതുശതമാനത്തെയും പ്രതിനിധീകരിക്കുന്ന കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി തുടങ്ങിയ മേഖലയിലെ ക്ഷേമപെന്‍ഷനുകള്‍ ഒരു പൈസ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ല. അഗതി, വിധവ പെന്‍ഷനുകളുടെ വര്‍ദ്ധന തന്നെ കേന്ദ്ര നിരക്കുകള്‍ ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയാണ്. 

ഇത്തരത്തില്‍ ഏതു മേഖലയെടുത്താലും എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിവെച്ച ജനപക്ഷ നയങ്ങളില്‍ നിന്നുളള തിരിച്ചുപോക്ക് വ്യക്തമാക്കുന്ന ബജറ്റാണ് കേരള നിയമസഭയില്‍ അവതരിപ്പിച്ചത്.

Tuesday, February 14, 2012

മഹാരാജാസ് - ഞങ്ങളുടെ രാഷ്ട്രീയ പാഠശാല

(എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സുവനീറിനു വേണ്ടി  സഹപാഠിയും മഹാരാജാസ് പൂര്വ്വ വിദ്യാര്ത്ഥിസംഘടനയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എന്.കെ.വാസുദേവനുമായി നടത്തിയ സംഭാഷണം). 

എന്‍. കെ. വാസുദേവന്‍ : നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ രംഗം ഐസക്കിന് ഓര്‍മ്മയുണ്ടോ?

ഡോ.തോമസ് ഐസക് : ആ കൂടിക്കാഴ്ച ഇതുവരെ മറന്നിട്ടില്ല. 1971ല്‍ ബിഎ എക്കണോമിക്‌സിനു ചേരാന്‍ മഹാരാജാസിലെത്തിയതായിരുന്നു ഞാന്‍. ഇന്റര്‍വ്യൂ കഴിഞ്ഞ് പ്രിന്‍സിപ്പലിന്റെ മുറിയുടെ മുന്നിലെ തൂണും ചാരിനിന്ന് ദസ്തയവിസ്‌കിയുടെ കരമസോവ് സഹോദരന്മാരിലെ ക്രിസ്തുവിന്റെ രണ്ടാം വരവ് അധ്യായം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് വരാന്തയുടെ കൈവരിയില്‍ മുട്ടൂന്നി വാസു എന്നോടു ചോദിച്ചത്, റഷ്യന്‍ നോവലാണല്ലേ വായിക്കുന്നത്? പ്രഭാതില്‍ നിന്നാണോ വാങ്ങിയത്?

റഷ്യന്‍ സാഹിത്യത്തെക്കുറിച്ച് ഞാനെന്തോ പറഞ്ഞു. പ്രവേശനനടപടികളിലെന്തെങ്കിലും പ്രയാസമുണ്ടോ, സഹായം വേണോ എന്നെല്ലാം കുശലം പറഞ്ഞു. പിന്നെന്റെ രാഷ്ട്രീയ മനോഭാവം മനസിലാക്കാനുളള ശ്രമമായി. അതിനുശേഷമാണ്, എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് എന്നു പരിചയപ്പെട്ടത്. മറ്റു കുട്ടികളോടും ഇങ്ങനെ കുശലം പറഞ്ഞ് താനവിടെ കറങ്ങി. ഒരുമണി കഴിഞ്ഞപ്പോള്‍ തിരക്കിട്ട്, യാത്ര പറഞ്ഞു. പാടത്ത് കൊടി പൊക്കാനുണ്ട്. എനിക്കതിന്റെ അര്‍ത്ഥം പിന്നീടാണ് മനസിലായത്. ശക്തമായ കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമായിരുന്നു. ചെങ്കൊടി പൊക്കിയാലേ പാടത്ത് തൊഴിലാളികളിറങ്ങൂ. വീണ്ടും ചെങ്കൊടി പൊക്കുമ്പോള്‍ പണി നിര്‍ത്തി കയറും. ഇഷ്ടം പോലെ രാപകല്‍ പണിയെടുപ്പിക്കുന്ന കാലം തീര്‍ന്നു. വൈകുന്നേരത്തെ കൊടി ഏതോ പാടത്തു പൊക്കാനുളള തിരക്കിലായിരുന്ന  വാസു വയലാറിലേയ്ക്ക് പോയി.

ശരിയാണ്. അന്നു ഐസക്കിന് വ്യക്തമായ രാഷ്ട്രീയനിലപാടുണ്ടായിരുന്നില്ല. പളളിയോടായിരുന്നു കൂടുതല്‍ ബന്ധമെന്നു തോന്നുന്നു. ഐക്കഫിനെക്കുറിച്ചാണ് എന്നോടു പറഞ്ഞത്.

ഞാന്‍ മഹാരാജാസില്‍ ബിഎയ്ക്കു ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. മാര്‍ക്‌സിസത്തെക്കുറിച്ചുളള വിവരവും കമ്മിയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ടു ഞാന്‍ അടിമുടി മാറി. മാര്‍ക്‌സിസം പഠിച്ചു. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റായി. മഹാരാജാസ് എന്റെ രാഷ്ട്രീയപാഠശാലയായിരുന്നു. ഇതുപോലെ ഒട്ടേറെപ്പേര്‍ക്കും. കാരണം, മഹാരാജാസിനെ സംബന്ധിച്ചടത്തോളം വിസ്മയകരമായ ഇടതുപക്ഷ വളര്‍ച്ചയുടെ കാലമായിരുന്നു ഇത്. എന്നെപ്പോലെ ഒട്ടേറെപ്പേര്‍ ഇടതുപക്ഷത്തേയ്ക്കു വന്നു. ഇതിലേയ്ക്കു നമുക്കു പിന്നീടു വരാം.

വാസു പറഞ്ഞതു വളരെ ശരിയാണ്. പളളിയോടായിരുന്നു എനിക്കു കൂടുതല്‍ ബന്ധം. എയ്ക്കഫിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ സംഘടനയായിരുന്നെങ്കിലും മൈക്കിള്‍ തരകന്‍ അതിന്റെ അഖിലേന്ത്യാ പ്രസിഡന്റും ഫാദര്‍ റായന്‍ ചാപ്ലിനുമായിരുന്ന കാലത്ത് വളരെയേറെ ഉല്‍പതിഷ്ണു സ്വഭാവം ഈ സംഘടന കൈവരിക്കുകയുണ്ടായി. വിമോചനദൈവശാസ്ത്ര ചിന്തകള്‍ ഞങ്ങളെയെല്ലാം ഏറെ സ്വാധീനിച്ചു. മഹാരാജാസില്‍ ഞാന്‍ ചേരുമ്പോള്‍ ഫാദര്‍ കാപ്പന്‍, വട്ടമറ്റം, തോമസ് തുടങ്ങി ഒരുകൂട്ടം ജസ്യൂട്ട് അച്ചന്മാര്‍ അടങ്ങുന്ന വിമോചനദൈവശാസ്ത്ര കൂട്ടയ്മയിലെ സജീവപ്രവര്‍ത്തകനായിരുന്നു. കളമശ്ശേരിയില്‍ എച്ഛ്.എം.റ്റി. ജംഗ്ഷനു സമീപമുള്ള നീണ്ട ഒരു ഷെഡ്ഡായിരുന്നു താവളം. ഗ്ലാസ് ഫാക്ടറി കോളനി പോലുളള തൊഴിലാളികേന്ദ്രങ്ങളിലെ വികസന - സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് മുഴുകിയിരുന്നത്. ഫാദര്‍ കാപ്പന്റെ വിശ്വാസത്തില്‍നിന്നു വിപ്ലവത്തിലേക്ക്' എന്ന ഗ്രന്ഥമായിരുന്നു ഞങ്ങളുടെ കൈപ്പുസ്തകം. സ്വര്‍ഗരാജ്യത്തിന്റെ ഒരു പതിപ്പ് ഇഹലോകത്തും യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ക്രിസ്തീയദൗത്യമാണ്. ഇതിനുവേണ്ടി ഏറ്റവും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കണം. ഇങ്ങനെപോയി, ഞങ്ങളുടെ ചിന്താധാര.

ഫാദര്‍ കാപ്പനാണു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി വായിക്കാന്‍ തരുന്നത്. ഗ്ലാസ് ഫാക്ടറി കോളനിയും മറ്റുമായി ബന്ധപ്പെട്ടു നടന്നുവന്ന പരോപകാരപ്രവര്‍ത്തനങ്ങള്‍ പോരാ, സാമൂഹികമാറ്റത്തിനു രാഷ്ട്രീയപ്രവര്‍ത്തനം തന്നെ വേണം എന്ന ബോദ്ധ്യത്തിലേക്കു ക്രമേണ ഞാന്‍ എത്തി. അങ്ങനെയാണ് എസ്.എഫ്.ഐ.യില്‍ അംഗത്വം എടുക്കുന്നത്. നിശ്ചയമായും ഇക്കാര്യത്തില്‍ വാസുവിന്റെ ഒരു മുന്‍കൈയുണ്ട്. പക്ഷേ, അടിസ്ഥാനപരമായി എന്റെ ചിന്താഗതിയില്‍ വളരെ വേഗത്തില്‍ വന്ന മാറ്റമാണ്. മഹാരാജാസിലെ അന്തരീക്ഷം ഇതിനേറെ സഹായകരമായിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തനത്തില്‍ ഐസക് കൊണ്ടുവന്ന ഒരു പ്രധാനമാറ്റം രാഷ്ട്രീയ പഠനത്തിനു നല്‍കിയ ഊന്നലാണ്. പാഠപുസ്തകങ്ങള്‍ പഠിക്കുന്നതുപോലെയാണ് ഐസക് രാഷ്ട്രീയഗ്രന്ഥങ്ങള്‍ പഠിച്ചിരുന്നത്. അത് അവിടംകൊണ്ട് ഒതുങ്ങിയില്ല. മറ്റുളളവരെക്കൊണ്ടും വായിപ്പിക്കുന്നതിനും പഠിക്കുന്നതിനും പ്രേരിപ്പിച്ചു. ഇതിന് സംഘടിതമായ ഒരു പദ്ധതിയും ആവിഷ്‌കരിച്ചു.

രാഷ്ട്രീയ പഠനത്തിനു തയ്യാറാക്കിയ പദ്ധതി ഒരു നൂതന അനുഭവമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സഖാവ് പി. സുന്ദരയ്യ തയ്യാറാക്കിയ വിശദമായ ഒരു രാഷ്ട്രീയപഠന സിലബസ് ഉണ്ടായിരുന്നു. പൊതു പാര്‍ട്ടി വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയതാണ് എന്നു തോന്നുന്നു. ഇതിന്റെയൊരു സ്റ്റെന്‍സില്‍ കോപ്പി അടുത്തകാലം വരെ എന്റെ കൈവശമുണ്ടായിരുന്നു. അന്ന് എറണാകുളം ദേശാഭിമാനിയില്‍ പത്രാധിപരായി ജോലി ചെയ്തിരുന്ന സഖാവ് പി. ഗോവിന്ദപ്പിളളയുടെ സഹായത്തോടെ നാലു മോഡ്യൂളുകളില്‍ തനതായൊരു രാഷ്ട്രീയപഠന സിലബസ് തയ്യാറാക്കി.
1. വിപ്ലവത്തിന്റെ സിദ്ധാന്തം: ചരിത്രപരമായ ഭൗതികവാദത്തിലൂന്നി മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിലൂടെയുളള ഒരു ഓട്ടപ്രദക്ഷിണമായിരുന്നു ഈ മോഡ്യൂള്‍. വൈരുദ്ധ്യാത്മക ഭൗതികവാദം, ചരിത്രപരമായ ഭൗതികവാദം, ജ്ഞാനസിദ്ധാന്തം എന്നിങ്ങനെ മൂന്നു ക്ലാസുകളായിരുന്നു. അടിസ്ഥാന പഠനഗ്രന്ഥം മോറീസ് കോണ്‍ഫോര്‍ത്തിന്റെ മൂന്നു വാല്യങ്ങളായിരുന്നു.
2. വിപ്ലവങ്ങളുടെ ചരിത്രം: ഫ്രഞ്ച് - അമേരിക്കന്‍ വിപ്ലവങ്ങള്‍, സോവിയറ്റ് - ചൈനീസ് - ക്യൂബന്‍ വിപ്ലവങ്ങള്‍ എന്നിങ്ങനെ അഞ്ചുക്ലാസുകളാണ് ഇതിലുള്‍പ്പെടുത്തിയിരുന്നത്. വിപ്ലവത്തിന്റെ തന്ത്രവും അടവും സംബന്ധിച്ച ഒരു പ്രത്യേക ക്ലാസും ഉണ്ടായിരുന്നു. ഫ്രഞ്ച് - അമേരിക്കന്‍ വിപ്ലവങ്ങളെക്കുറിച്ച് ബിഎ ചരിത്രപാഠപുസ്തകങ്ങളും സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് സ്റ്റാലിന്റെ സിപിഎസ്‌യു ചരിത്രവും ആയിരുന്നു പാഠപുസ്തകം.
3. ഇന്ത്യന്‍ സാഹചര്യം: ജാതിവ്യവസ്ഥ, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സമൂഹവും സമ്പദ്ഘടനയും, കേരള ചരിത്രം എന്നിങ്ങനെ നാലു ക്ലാസുകളായിരുന്നു ഈ മോഡ്യൂള്‍. ''കേരളം - മലയാളികളുടെ മാതൃഭൂമി''യാണ് കേരള ചരിത്രത്തിന്റെ പാഠപുസ്തകമായി നിര്‍ദ്ദേശിച്ചത്.
4. ഇന്ത്യന്‍ വിപ്ലവം: സിപിഐ, സിപിഐ (എം), സിപിഐ (എംഎല്‍) എന്നീ പാര്‍ട്ടികളുടെ പരിപാടികളുടെ താരതമ്യമായിരുന്നു ഈ മോഡ്യൂള്‍.
പി. ഗോവിന്ദപിളളയാണ് കോഴ്‌സ് ഉദ്ഘാടനം ചെയ്തത്. ഡോ. കെ.എന്.ഗണേഷടക്കം സ്ഥിരമായി പങ്കെടുക്കുന്ന 20-25പേര്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു അമ്പതോളംപേര്‍ ഇടയ്ക്കിടയ്ക്ക് ക്ലാസുകളില്‍ ഹാജരായിരുന്നു. സത്യം തുറന്നുപറഞ്ഞാല്‍, അധികവായന കൃത്യമായി നടത്തിയിരുന്നവര്‍ 10-15 പേരില്‍ അധികരിക്കില്ല. പക്ഷേ, ഇതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്.

ഇതിനുപുറമെ വിദ്യാര്‍ത്ഥി സാമാന്യത്തിന്റെ രാഷ്ട്രീയ പഠനത്തിനായി നൂതനമായൊരു പദ്ധതികൂടി ആവിഷ്‌കരിച്ചു. മഹാരാജാസ് കോളജിന്റെ പടിഞ്ഞാറേ കവാടത്തിനരികില്‍ ലൈബ്രറിയ്ക്കു സമീപമായി കല്ലുകെട്ടിയ ഒരു തണല്‍ വൃക്ഷമുണ്ടല്ലോ. അതായിരുന്നു പൊതുസങ്കേതം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇവിടെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ആരെങ്കിലും എന്തെങ്കിലും വിഷയം അവതരിപ്പിച്ചുകൊണ്ടുളള പ്രഭാഷണങ്ങളുണ്ടായിരുന്നില്ല. അതിനുപകരം ഏതെങ്കിലും വിഷയം സംബന്ധിച്ച് കുറച്ചുപേര്‍ മുന്‍കൂട്ടി തയ്യാറെടുത്തുവരും. തികഞ്ഞ ആശയവ്യക്തതയോടെ തന്നെ വ്യത്യസ്ത നിലപാടുകളായിരിക്കും സ്വീകരിക്കുക. രൂക്ഷമായ വാദപ്രതിവാദം എസ്എഫ്‌ഐക്കാരല്ലാത്ത മറ്റുകുട്ടികളെയും ആകര്‍ഷിക്കുമായിരുന്നു. മുന്‍കൂട്ടി തയ്യാറെടുത്തു കൊണ്ടുളള ഒരധ്യയനരീതിയാണ് ഇതെന്ന് വളരെ ചുരുക്കംപേര്‍ക്കേ അറിവുണ്ടായിരുന്നുളളൂ. മിക്കവാറും ആ ആഴ്ചത്തെ ചിന്ത വാരികയിലെ ഇഎംഎസിന്റെ ചോദ്യോത്തരത്തെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തെരഞ്ഞെടുത്ത ലേഖനത്തെയോ ആസ്പദമാക്കിയായിരുന്നു ഈ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്. ഫോര്ട്ട് കൊച്ചിയില് നിന്നുള്ള ടി.വി.ഗോപിനാഥായിരുന്നു, യൂണിറ്റ് സെക്രട്ടറി.  പിന്നീട് ദേശാഭിമാനി സീനിയര് സബ് എഡിറ്ററായി വിരമിച്ചു.

ഈ അനുഭവം കൂടി കണക്കിലെടുത്തിട്ടാവണം ഐസക് 1983ല്‍ എസ്എഫ്‌ഐ പ്രസിഡന്റായിരിക്കുമ്പോള്‍ റെഡ് സ്റ്റാര്‍ സ്റ്റഡി കോഴ്‌സ് ആവിഷ്‌കരിച്ചത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പാഠ്യക്രമത്തിനെ അടിസ്ഥാനമാക്കിയുളള എഴുത്തു പരീക്ഷയായിരുന്നു പദ്ധതി. പരീക്ഷ പാസാകുന്നവര്‍ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക മെരിറ്റ് റെഡ് സ്റ്റാറുകളും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഇത് വേണ്ടത്ര ഫലപ്രദമായി നടപ്പായില്ല. ഏതായാലും മഹാരാജാസ് കോളജില്‍ നടപ്പാക്കിയ പഠനപരിപാടി വലിയൊരു ആത്മവിശ്വാസം തന്നു. മറ്റുളളവരുമായി സംവദിക്കുന്നതിനുളള കരുത്തു നല്‍കി. അറിവിന്റെ അടിസ്ഥാനത്തിലുളള രാഷ്ട്രീയബോധ്യം സൃഷ്ടിക്കുന്ന പ്രതിബദ്ധത പെട്ടെന്നുളള വൈകാരിക പൊട്ടിത്തെറിയെക്കാള്‍ സ്ഥായിയും ദൃഢവുമായിരിക്കുമല്ലോ. പക്ഷേ, നമ്മള്‍ വെറും പുസ്തകപ്പുഴുക്കളായിരുന്നില്ല.

ഒരിക്കലുമല്ല. പഠനം പ്രവര്‍ത്തനത്തിനുളള വഴികാട്ടിയായിരുന്നു. ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ കാലമായിരുന്നല്ലോ അത്. കടലാസിന്റെയും പുസ്തകത്തിന്റെയും വിലക്കയറ്റത്തിനെതിരായ സമരത്തില്‍ ബ്രോഡ്‌വേയിലെ രാമലിംഗയ്യരുടെ കടയുടെ മുന്നില്‍ നടന്ന സമരവും പോലീസ് മര്‍ദ്ദനവും അറസ്റ്റും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം വിദ്യാര്‍ത്ഥിസമരങ്ങളിലൊതുങ്ങിയിരുന്നില്ല. നമ്മുടെ പങ്കാളിത്തമില്ലാത്ത ഏതെങ്കിലും ഒരു സമരം നഗരത്തില്‍ നടന്നിരുന്നോ എന്നെനിക്കു സംശയമാണ്. എന്‍ജിഒ അധ്യാപക സമരകാലത്ത് എല്ലാദിവസവും പിക്കറ്റിംഗിന് ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ജാഥയായി പോകുമായിരുന്നു. കുട്ടികളെയെല്ലാം അഞ്ചോ ആറോ ബാച്ചുകളായി തിരിച്ച് ഓരോ ബാച്ചിനെ വീതമാണ് സമരത്തിന് അയച്ചുകൊണ്ടിരുന്നത്. ആല്‍ബിയായിരുന്നു ഇതിന്റെ സൂത്രധാരന്‍. ഈ സന്ദര്ഭത്തില് മഹാരാജാസിലെ ഞങ്ങളുടെ മുന്ഗാമികളായ ടി.വി.ഷണ്മുഖന്, വി.ശിവദാസന് എന്നിവരെ വിസ്മരിക്കുക വയ്യ. പ്രവര്ത്തനങ്ങളില് എപ്പോഴും സജീവസാന്നിദ്ധ്യമായിരുന്നു, എം.വി.സുധര്മ്മയും, കെ.ആര്.കുസുമവും.

സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. രഹസ്യമായി കായികപരിശീലനത്തിലും ഏര്‍പ്പെട്ടിരുന്നു. ഇതു വലിയൊരു തന്റേടം നല്‍കി. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള സംഘര്ഷം പതിവായി. ഈ സംഘര്‍ഷങ്ങള്‍ മാറി. സഖാക്കളെ മര്‍ദ്ദിച്ച ഒരു കുപ്രസിദ്ധ ഗുണ്ടയെ പോളിയോ ബാധിച്ചു വികലാംഗനായ സഖാവ് ആല്‍ബി കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചരണ്ടോടി! പോളിയോ മൂലം സഖാവിന് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. ഗുണ്ടയെ വിരട്ടിയതില്‍ പൊലീസിനും സന്തോഷം! പിറ്റേന്ന് സഖാവിനെ ഹാജരാക്കിയ കോടതിപരിസരം ഗുണ്ടകള്‍ വളഞ്ഞു. പൊലീസിനും ആശങ്കയായി. മഹാരാജാസില്‍നിന്നു ഞങ്ങള്‍ ഒരു സംഘം ബോട്ടില്‍ പോയി മട്ടാഞ്ചേരിയിലെ സഖാക്കളുടെ സഹായത്തോടെ ഗുണ്ടകള്‍ക്കു നടുവിലൂടെ സുരക്ഷിതനായി ഇറക്കി കായലോരം വരെ നടത്തി ബോട്ടില്‍ ഹോസ്റ്റലില്‍ എത്തിച്ചു!

തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്.എഫ്.ഐ.ക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്.


ഏതാണ്ട് എല്ലാ ബന്ദിനും കോളജിലെ ഏതാനും പേരെങ്കിലും അറസ്റ്റിനും മര്‍ദ്ദനത്തിനും വിധേയമായിട്ടുണ്ട്. പോലീസുകാരുടെ ഒരു പതിവ് ഇര ടി.ആര്.ശിവസങ്കരന് നായരായിരുന്നല്ലോ.. ഭീകരമായ മര്‍ദ്ദനത്തിനുശേഷം ശിവശങ്കരനെ തല്ലി 'മാനസമൈനേ വരൂ' പാടിച്ചത് ഇന്നൊരു തമാശയാണെങ്കിലും അന്നതൊരു ഭീകരാനുഭവമായിരുന്നു. ഏറ്റവും ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയത് അടിയന്തരാവസ്ഥക്കാലത്താണ്. ജനാധിപത്യം ഇനി തിരിച്ചുവരില്ല, രണ്ടും കല്‍പ്പിച്ചുളള നിരന്തരമായ ഏറ്റുമുട്ടല്‍ മാത്രമാണ് മാര്‍ഗം എന്നായിരുന്നല്ലോ ഐസക്കിന്റെ തീസീസ്. നമ്മള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പഠിപ്പുമുടക്ക് പോലീസ് തല്ലി അവസാനിപ്പിച്ചു. ഐസക്കിനെയും അറസ്റ്റു ചെയ്തിരുന്നല്ലോ.

അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നെങ്കിലും ഞാന്‍ പതിവായി കോളെജില്‍ പോകുമായിരുന്നു, മീശയും വടിച്ച്, കണ്ണടയും ഊരിയിട്ട്. അടിയന്തരാവസ്ഥയുടെ സ്വഭാവത്തെക്കുറിച്ചു തെറ്റായ രാഷ്ട്രീയ നിലപാടാണു നമ്മളെടുത്തത്. ഒട്ടനവധി സഖാക്കള്‍ മൃഗീയമര്‍ദ്ദനത്തിന് ഇരയായി. സി പി ജീവന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപെട്ടു. വാസുദേവനെ പോലീസ് പിടിച്ചുകൊണ്ടുപോയി. അതുണ്ടാക്കിയ പൊല്ലാപ്പു ചെറുതായിരുന്നില്ല. മര്‍ദ്ദനമേറ്റ മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി എം.എം. തോമസും മറ്റും ചേര്‍ന്ന് ഒരു ചികിത്സാക്യാമ്പുതന്നെ പ്രത്യേകം നടത്തേണ്ടിവന്നു.
എന്നെ കോട്ടപ്പുറത്തു വെച്ചാണ് അറസ്റ്റു ചെയ്തത്. കണ്ണടയും മീശയുമെല്ലാം മാറ്റിയെങ്കിലും ഒരു ശീലം മാറ്റിയിരുന്നില്ല. മുറുക്ക്. ഞങ്ങളുടെ കടയുടെ അടുത്തായി ഒരു മുറുക്കാന്‍ കടയില്‍ മുറുക്കിത്തുപ്പി നില്‍ക്കുമ്പോള്‍, പെട്ടെന്ന് പുറകില്‍ നിന്നൊരു വിളി. ''ഐസക്''. തിരിഞ്ഞുനോക്കിയപ്പോള്‍ അടി കഴുത്തില്‍വീണു. ''ഇങ്ങനെയെല്ലാക്കാലവും ഞങ്ങളെ വെട്ടിച്ചു നടക്കാമെന്നു കരുതിയോ''... അന്നു രാത്രി കൊടുങ്ങല്ലൂര്‍ ലോക്കപ്പില്‍. ഇരുട്ടത്ത് സാമാന്യം നല്ല തല്ലും. പിറ്റേന്നാണ് എറണാകുളത്തേയ്ക്കു കൊണ്ടുപോയത്. കോട്ടപ്പുറത്ത് എത്തിയപ്പോള്‍ വിലങ്ങുവെച്ച് തെരുവിലൂടെ നടത്തി. അപ്പച്ചന്‍ അപ്പോള്‍ തുണിക്കടയില്‍ ഉണ്ടായിരുന്നു. ഭാഗ്യത്തിന് എറണാകുളം ലോക്കപ്പില്‍ അടികിട്ടിയില്ല. ഒട്ടേറെപ്പേര്‍ മുകളില്‍ ഇടപെട്ടിരുന്നിരിക്കണം. എന്നെത്തല്ലിയില്ലെങ്കിലും എന്റെ ചുറ്റുംനിര്‍ത്തി മറ്റുപലരെയും തല്ലി. അതിലിന്നും ഓര്‍മ്മയുളള ഒരുപേര് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉമാ മഹേശ്വരന്‍. ലോക്കപ്പില്‍ ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു.

ലോക്കപ്പില്‍ കിടന്ന രണ്ടുമാസക്കാലം ചിട്ടയായ പഠനത്തിന്റെ കാലമായിരുന്നു. മൂലധനം ഒന്നാം വാല്യം തീര്‍ത്തു. ഡിഐആര്‍ അനുസരിച്ചുളള കേസാണ് എനിക്കെതിരെ എടുത്തിരുന്നത്. എന്നാല്‍ മറ്റു പല കേസുകളിലും പ്രതിയായിരുന്നതു കൊണ്ട് ആഴ്ചയിലൊരിക്കലെങ്കിലും കോടതിയില്‍ പോകാമായിരുന്നു. പോലീസുകാരെ സ്വാധീനിച്ചതു കൊണ്ട് നടത്തിയാണ് കോടതിയില്‍ കൊണ്ടുപോവുക. സെന്റ് ആല്‍ബര്‍ട്ട്‌സിനടുത്തുകൂടി, സെന്റ് തെരാസസിനു പിന്നിലൂടെ, മഹാരാജാസിനു മുന്നിലൂടെ, കോടതിയിലേയ്ക്കുളള നടത്തം എനിക്കു വളരെ ആഹ്ലാദകരമായ സന്ദര്‍ഭങ്ങളായിരുന്നു.

1973-74ലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയം പലരെയും വിസ്മയിപ്പിച്ചു. ശരാശരി 500 വോട്ടാണ് എസ്എഫ്‌ഐയ്ക്കു ലഭിച്ചിരുന്നത്. അവിടെ നിന്നുളള കുതിച്ചുചാട്ടം എങ്ങനെ നേടി എന്ന് പലരും ചോദിക്കാറുണ്ട്. വലിയൊരു കൂട്ടായ യജ്ഞമായിരുന്നു അത്.

നിശ്ചയമായും. അതുകൊണ്ടുതന്നെ ഇക്കാര്യം കൂട്ടായി എഴുതുന്നതാകും നല്ലത്. ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. തീവ്രമായ രാഷ്ട്രീയപഠനവും അതു സൃഷ്ടിച്ച മതിപ്പും. അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത മറ്റൊരു കാരണവും കൂടി എനിക്കു തോന്നുന്നു. അരാജകത്വപ്രവണതയും കാടന്‍ ബലപ്രയോഗങ്ങളെയും തളളിപ്പറഞ്ഞതാണത്. വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം തന്നെയുണ്ടാക്കി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞെങ്കിലും പഴയ സംഘടനാ പിന്‍ബലത്തില്‍ കോളജില്‍ വന്ന് അലമ്പു കാണിച്ചുവന്ന പലരുമുണ്ടായിരുന്നു. പരസ്യമായ ബലപ്രയോഗത്തിലൂടെ അവരുമായി വഴി പിരിഞ്ഞു. സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുളള വളരെ ചിട്ടയായ പ്രവര്‍ത്തനവും നടന്നിരുന്നു. സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, പ്രഗത്ഭമതികളായ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഒട്ടേറെ സവിശേഷ വ്യക്തിത്വങ്ങള്‍ മഹാരാജാസില്‍ അന്നുണ്ടായിരുന്നു. ഇന്നത്തെ സൂപ്പര്സ്റ്റാര് മമ്മൂട്ടി അന്നു കോളേജിന്റെ കലാവേദികളില് സജീവമായിരുന്നു. കുങ്കുമ അവാര്ഡ് ജേതാവ് പി.എന്.വിമല, വനമന്ത്രിയായിരുന്ന ബിനോയ് വിശ്വം, അഹമ്മദ് കബീര് എം.എല്.എ. എന്നിവര് സമകാലീനരാണ്.. ഇവരുടെയൊക്കെ നേതൃത്വത്തില്‍ ഒട്ടേറെ കൊച്ചു വിദ്യാര്‍ത്ഥിക്കൂട്ടങ്ങളുമുണ്ടായിരുന്നു. അവയോരോന്നിനെയും വിലയിരുത്തി അവരുമായി സംവദിക്കുകയും ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതിന് ബോധപൂര്‍വം പരിശ്രമിച്ചു. സജീവമായ ചര്‍ച്ചാവേദിയുണ്ടായിരുന്നു. ഒരു യോഗത്തില്‍ ഗുന്തര്‍ഗ്രാസായിരുന്നു പ്രസംഗകന്‍. ഇങ്ങനെ പലതും.

1973ലെ തിരഞ്ഞെടുപ്പു സുവനീര്‍ ഒന്നുമാത്രം പരിശോധിച്ചാല്‍ മതി ഈ വ്യത്യസ്തത മനസിലാക്കാന്‍. കടമ്മനിട്ടയുടെ കണ്ണൂര്‍ക്കോട്ട, കെ. ജി. ശങ്കരപ്പിളളയുടെ കഷണ്ടി, സച്ചിതാനന്ദന്റെ ഹോചിമിന്‍ എന്നിവ ആദ്യമായി ഇതിലൂടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്. ടി. ആറിന്റെ ചെറുകഥയും സാനുമാസ്റ്ററിന്റെ ചെറുലേഖനവും, ഡി.വിനയചന്ദ്രന്റെ കവിതയും. പിന്നെ വിദ്യാര്‍ത്ഥികളായ എരമല്ലൂര്‍ തങ്കപ്പന്റെ കവിതയും കൃഷ്ണാ ഗോപിനാഥിന്റെ ചെറു ലേഖനവും. ഇതിന്‍റെ കവര്‍ വരച്ചത് സി. എന്‍. കരുണാകരനായിരുന്നു. യാഗം എന്നായിരുന്നു പേര്. സുവനീര്‍ ചിട്ടപ്പെടുത്തുന്നതില്‍ എസ്. രമേശന്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. കലാഭവനിലെ ഗായകനായിരുന്ന വി.എസ്.വില്ല്യംസ് ആയിരുന്നു അന്നത്തെ ആര്ട്ട്സ് ക്ലബ് സെക്രട്ടറി. വില്ല്യംസിന്റെ ഗാനങ്ങള് ക്യാമ്പസ്സിനെ ഇളക്കിമറിച്ചു. കോളേജ് യൂണിയന് പ്രവര്ത്തനം തികഞ്ഞ വ്യത്യസ്തത് പുലര്ത്തി. ജനാധിപത്യപരമായും, നിഷ്പക്ഷമായും എല്ലാ വിഭാഗം വിദ്യാര്ത്ഥികളെയും പ്രവര്ത്തനങ്ങളില് പങ്കാളികളാക്കുവാന് നമുക്കു കഴിഞ്ഞു. മുന് എം.പി. ഡോ.മാത്യു കുര്യന് കോളേജ് യൂണിയന് പ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്തു. അന്നു ഹൈസ്കൂള് വിദ്യാര്ത്ഥിനിയായിരുന്ന പ്രശസ്ത ഗായിക  സുജാതയായിരുന്നല്ലോ ആര്ട്സ് ക്ലബ്ം ഉദ്ഘാടനം ചെയ്തത്.

ഈ ബന്ധങ്ങളും രീതികളും പുതിയ കോളജ് യൂണിയനും തുടര്‍ന്നു. കൃഷ്ണാ ഗോപിനാഥ് തയ്യാറാക്കിയ ഏഴാം യാമത്തിന്റെ അവതരണം വലിയൊരു വിദ്യാര്‍ത്ഥിയജ്ഞമായി മാറി. സര്‍വകലാശാലാ നാടകോത്സവത്തില്‍ ഏഴാം യാമം ഒന്നാം സ്ഥാനം നേടി. എം.എ. ബാലചന്ദ്രന് ഏറ്റവും നല്ല നടനായി. രണ്ടാം സ്ഥാനം നേടിയത്, മുന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി നയിച്ച  കൊല്ലം എസ്. എന്. കോളേജ് ടീമായിരുന്നു. അന്നത്തെ കോളേജ് യൂണിയന് വേദികള് സാംസ്ക്കാരിക നായകന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായിരുന്നു. വയലാര് രാമവര്മ്മ, വൈക്കം ചന്ദ്രശേഖരന് നായര്, കാവാലം നാരായണപ്പണിക്കര്, ജോണ് ഏബ്രഹാം ഇവരില് ചിലരാണ്. കേരളവര്മ്മ കോളേജില് നിന്നും പ്രൊഫസറായി വിരമിച്ച ഡോ. ടി.ആര്. ശിവസങ്കരന് നായര് സ്റ്റുദന്റ് എഡിറ്ററായിരുന്നപ്പോള് രണ്ടു മാഗസിനുകള് പ്രസിദ്ധീകരിച്ചു.

ശരിയാണ്. പക്ഷേ, ഇതൊക്കെ വിവരിക്കാന്‍ തുടങ്ങിയാല്‍ സ്ഥലം തികയില്ല. ഈ സംഭാഷണം തല്‍ക്കാലം അവസാനിപ്പിക്കേണ്ടതുണ്ട്. മഹാരാജാസ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ പ്രത്യേകിച്ചാരോടെങ്കിലും കടപ്പാടു രേഖപ്പെടുത്താന്‍ ആഗ്രഹമുണ്ടോ?

തീര്‍ച്ചയായും. കേരളത്തിലെ ഏറ്റവും നല്ല ഒരധ്യാപക നിരയെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. സാനുമാഷ്, ലീലാവതി ടീച്ചര്‍, ഡി. വിനയചന്ദ്രന്‍, തോമസ് മാത്യു, കെ. പി. ശശിധരന്‍, ജി. എന്‍. പണിക്കര്‍, ടി ആര്‍, ഭരതന്‍ മാഷ്, രാമചന്ദ്രന്‍ സാര്‍, കെ. അരവിന്ദാക്ഷന്‍ എന്നിങ്ങനെ നീളുന്നൊരു നിര. ലിസ്റ്റ് പൂര്‍ണമല്ല. ഏറ്റവും വലിയ പ്രോത്സാഹനം നല്‍കിയത് ഭരതന്‍ മാഷായിരുന്നു. മുണ്ടു മടക്കിക്കുത്തി, മുറുക്കിച്ചുവപ്പിച്ച് കനത്ത ശബ്ദത്തില്‍ സംസാരിക്കുന്ന ഭരതന്‍ മാഷ് ഇടതുപക്ഷക്കാരുടെ പേട്രനായിരുന്നു. ട്രോട്‌സ്‌കിയിസ്റ്റ് എന്നോ ന്യൂ ലെഫ്റ്റ് എന്നോ നക്‌സലൈറ്റ് എന്നോ സിപിഎമ്മെന്നോ വ്യത്യാസമില്ലാതെ നാനാവിധ മാര്‍ക്‌സിസ്റ്റുകളുടെ പേട്രണായി അദ്ദേഹം വിരാജിച്ചു. ഐസക് ഡ്യൂഷേയുടെ ട്രോട്‌സ്‌കിയുടെ മൂന്നു വാല്യം പോലുളള പല ഗ്രന്ഥങ്ങളും തന്നത് ഭരതന്‍ മാഷായിരുന്നു. പുസ്തകം തിരിച്ചു നല്‍കുമ്പോള്‍ അദ്ദേഹം പറയും, ''കൊളളാം. വായന നന്നായി വരുന്നുണ്ട്. പക്ഷേ, ടി കെ രാമചന്ദ്രന്റെ അത്രയും വരില്ല''.

രാമചന്ദ്രന്‍ സാര്‍ ഫിലോസഫി പ്രൊഫസറായിരുന്നു. അദൈ്വതവാദിയായിരുന്നു. ഏതു കാര്യത്തിലും ചെകുത്താന്‍ വക്കീലായിരുന്നു. പല സമകാലീന പ്രശ്‌നങ്ങളെക്കുറിച്ചും വിവിധ ദാര്‍ശനിക നിലപാടുകളില്‍ നിന്നുളള തര്‍ക്കം ഒരു തിരക്കഥ പോലെ എഴുതും. എന്നിട്ടു വായിക്കാന്‍ തരും. ഇതിനായി അദ്ദേഹം ഉപയോഗിച്ചത് കോളജുകളിലിറങ്ങിയ നോട്ടീസുകളുടെ അച്ചടിക്കാത്ത പുറമായിരുന്നു. ടി. ആറാണ് കാമുവിനെയും കാഫ്കയെയും പരിചയപ്പെടുത്തിയത്. പ്രൊഫ. എം. കെ. പ്രസാദാണ് പരിസ്ഥിതിശാസ്ത്രത്തെ പരിചയപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പൊതുപ്രസംഗവേദികളില്ലാതായപ്പോള്‍ ശാസ്ത്രക്ലാസെടുക്കാന്‍ ഞാന്‍ പോയിത്തുടങ്ങി. കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനുമായിരുന്നു അടിസ്ഥാന റഫറന്‍സ് ഗ്രന്ഥം. ഇങ്ങനെ എത്ര പ്രിയപ്പെട്ട അധ്യാപകര്‍.

സാനുമാഷുടെ അടുത്ത് എപ്പോള്‍ വേണമെങ്കിലും ചെല്ലാമായിരുന്നു. അദ്ദേഹമാണ് പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച സോഷ്യലിസ്റ്റു കവിതയുടെ സമാഹാരം തന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇതിലെ പല കവിതകളും തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചു. തല്ലും വാങ്ങി. ഏറ്റവും വലിയ തമാശ, ഞാനൊരു മണ്ണെണ്ണപ്പാട്ടയുമായി കോളജില്‍ പോയി എന്നോ മറ്റോ തുടങ്ങുന്ന ഒരു ലാറ്റിന്‍ അമേരിക്കന്‍ കവിതയായിരുന്നു. നോട്ടീസിനു പിന്നാലെ പോലീസും വന്നിറങ്ങി. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുളള മണ്ണെണ്ണപ്പാട്ടയായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്. അന്നും ശിവശങ്കരനു തല്ലുകിട്ടി. ആരെടാ ബ്രെഹ്‌തോള്‍ഡ് ബ്രെഹ്ത് എന്നു ചോദിച്ചു നടന്ന പോലീസുകാരനും മറ്റൊരു തമാശ കഥാപാത്രമായിരുന്നു.

ഇന്നു നോക്കുമ്പോള്‍ തികച്ചും കാല്‍പനികമായ ഞങ്ങളുടെ പല പ്രവൃത്തികളും ക്ഷമാപൂര്‍വം സംവാദത്തിലൂടെ തിരുത്തിത്തരുന്നതിന് സന്നദ്ധരായിരുന്ന ഒരു രാഷ്ട്രീയ നേതൃത്വവും എറണാകുളത്ത് അക്കാലത്തുണ്ടായിരുന്നത് ഭാഗ്യമായിരുന്നു. സ്വയം ഡീ ക്ലാസ് ചെയ്യാനുളള വ്യഗ്രതയില്‍ വീട്ടിലെ തൊണ്ടുമില്ലിലെ തൊഴിലാളി സമരം അപ്പന്റെ കടയ്ക്കു മുന്നില്‍ ഉദ്ഘാടനം ചെയ്തതിന്റെ ഉദ്ദേശം എന്തു തന്നെ ആയിരുന്നാലും അല്പം കടന്നുപോയി. അത് വേണ്ടിയിരുന്നില്ല എന്നുപദേശിച്ചത് കെ. എന്‍. രവീന്ദ്രനാഥായിരുന്നു. പാര്‍ട്ടി സെക്രട്ടറി എം എം ലോറന്‍സുമായുള്ള സംവാദങ്ങള് ആശയസംഘര്ഷങ്ങളുടെ വേദിയായിരുന്നു. സൈദ്ധാന്തിക പഠനക്ലാസ്സുകളുടെ പ്രധാനവേദിയായിരുന്ന കാനന്ഷെഡ് റോഡിലെ ഹോട്ടല് മാരുതിയും, മുനിവര്യനെപ്പോലെ അവിടെ മിക്കവാറും കാണുമായിരുന്ന സ: എ.പി.വര്ക്കിയും, ഇന്ത്യന് കോഫീ ഹൌസിലെ ചൂടുപിടിച്ച സംവാദങ്ങളുമെല്ലാം ഇന്നും ഓര്മ്മകളില് സജീവമാണ്, അല്ലേ. ഇങ്ങനെയെത്രപേരോടാണ് ആ തീക്ഷ്ണമായ യൗവനകാലത്തിന് കടപ്പാടുളളത്?

Thursday, November 17, 2011

The problem of full treasuries

ട്രഷറിയിലെ കാഷ് ബാലന്‍സിനെക്കുറിച്ച് Livemint ല്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

Friday, October 21, 2011

അധ്യായം ഒന്നിനുളള പ്രതികരണങ്ങളോട്...


67 പ്രതികരണങ്ങള്‍ ഒന്നാം അധ്യായത്തിനു ലഭിച്ചു. ചര്‍ച്ച സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ബ്ലോഗിലൂടെയല്ലാതെ കമന്റുകളും ആശംസകളും നല്‍കിയവര്‍ വേറെയുമുണ്ട്. പലരും അവരുടെ സന്ദേശങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നുതോന്നുന്നു. തിരക്കിനിടയില്‍ അതുകഴിയില്ല. എന്നാല്‍ അടുത്ത അധ്യായത്തിലേയ്ക്കു കടക്കുന്നതിനു മുമ്പ് മുന്‍ അധ്യായത്തിനു ലഭിച്ച സന്ദേശങ്ങളോടെല്ലാം പ്രതികരിക്കുന്ന സമ്പ്രദായം സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുളളത്. 


രണ്ടാം അധ്യായം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സജീവമായ ചര്‍ച്ച അതിന്മേലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചങ്ങാത്തം/ശിങ്കിടി/സില്‍ബന്തി മുതലാളിത്തം?
1. ചങ്ങാത്ത മുതലാളിത്തം എന്ന പ്രയോഗത്തോടു തന്നെ അനിലന്‍ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ചങ്ങാത്തം എന്നതിന് നല്ല ധ്വനിയാണുളളത്. ഇതുകൊണ്ട് സില്‍ബന്തി മുതലാളിത്തം ആണ് കുടൂതല്‍ അനുയോജ്യം. നിക്കോബാറില്‍ നിന്നു സാജനും ദില്ലിയില്‍ നിന്ന് ഗോപാലകൃഷ്ണനുമാകട്ടെ, ശിങ്കിടി മുതലാളിത്തം എന്ന പ്രയോഗമാണ് നിര്‍ദ്ദേശിക്കുന്നത്. പി. രാജീവ് എം പിയാണ് ചങ്ങാത്ത മുതലാളിത്തം എന്ന് ആദ്യമായി ഉപയോഗിച്ചത് എന്നു ഞാന്‍ കരുതുന്നു. അദ്ദേഹമിപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ക്രോണി എന്നാല്‍ ചങ്ങാതി എന്നാണ് അര്‍ത്ഥം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ച തുടരട്ടെ.


അഴിമതിവിരുദ്ധ സമരം പാര്‍ലമെന്റില്‍
2.പാര്‍ലമെന്റിനകത്ത് അഴിമതിക്കെതിരെ നടന്ന പോരാട്ടങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഒരധ്യായം വേണമെന്ന് ഡോ. ഇക്ബാല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഹസാരെ സമരകാലത്ത് പാര്‍ലമെന്റിന്റെ അധികാരവും പൗരസമൂഹ ഗ്രൂപ്പുകളുടെ അവകാശവും തമ്മിലുളള തര്‍ക്കം മുന്‍പന്തിയില്‍ വന്നിരുന്നുവല്ലോ. ജനാധിപത്യവ്യവസ്ഥയില്‍ പാര്‍ലമെന്റിനുളള സ്ഥാനം ഏവരും അംഗീകരിച്ചേ തീരൂ. ഈ പശ്ചാത്തലത്തില്‍ ഡോ. ഇക്ബാലിന്റെ നിര്‍ദ്ദേശം സ്വീകാര്യമാണ്. ഡോ. ഇക്ബാല്‍ തന്നെ ഈ അധ്യായം തയ്യാറാക്കുമെന്നു കരുതട്ടെ. പുസ്തകത്തിന്റെ കോ. ഓതറാകുന്നതിനും അദ്ദേഹത്തിനു സമ്മതമാകുമെന്നും കരുതട്ടെ. ഇത്തരത്തില്‍ പുസ്തകത്തില്‍ ഒന്നോ അതിലധികമോ അധ്യായങ്ങള്‍ തയ്യാറാകുന്ന ഏവര്‍ക്കും കൂട്ടുഗ്രന്ഥകര്‍ത്തൃത്വം നല്‍കുന്നതാണ്.


ജോണ്‍ ആന്റണിയും ഇന്ത്യയിലെ അഴിമതിയുടെ ചരിത്രത്തിലേയ്ക്കു കടന്നുചെല്ലുന്നുണ്ട്. ഡോ. ഇക്ബാല്‍ ഇതുകൂടി പരിശോധിക്കുമെന്നു കരുതുന്നു.
സാന്ദര്‍ഭികമായി പറയട്ടെ, പിഎന്‍ആര്‍ പിഷാരടി, അഴിമതിവിരുദ്ധ സമരത്തില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യം സംബന്ധിച്ച് ഇക്ബാലിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. 


ഊതിപ്പെരുപ്പിച്ച ആസ്തി
3. ഐടി തുടങ്ങിയ മേഖലകളില്‍ ബാലന്‍സ് ഷീറ്റു മെച്ചപ്പെടുത്തിക്കാണിക്കുന്നതിനു വേണ്ടി ആസ്തികള്‍ ഊതിപ്പെരുപ്പിച്ചതാണ് എന്ന് എം എന്‍ ശശിധരനും അനിലനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവര വിചാരം സാമാന്യം വിശദമായിത്തന്നെ ഇതു പ്രതിപാദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ മേഖലകളില്‍ അവര്‍ അവകാശപ്പെടുന്ന വേഗതയില്‍ സമ്പത്തുല്‍പ്പാദിപ്പിക്കുന്നില്ല എന്നാണ് ഇവരുടെ വാദത്തിന്റെ ചുരുക്കം. പക്ഷേ, ഇത് ഒരു യഥാര്‍ത്ഥപ്രശ്‌നത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നുണ്ട്.



 ശതകോടീശ്വരന്മാരുടെ ആസ്തിയ്ക്ക് എങ്ങനെയാണ് വിലയിടുക? ഐടി വ്യവസായത്തിലെയും മറ്റും ആസ്തികളെക്കാള്‍ ഗൗരവമാണ് ഓഹരികളുടെ വില. ശതകോടീശ്വരന്മാരുടെ സ്വത്തില്‍ ഉണ്ടായിട്ടുളള വളര്‍ച്ചയില്‍ ഗണ്യമായൊരു പങ്ക് ഓഹരികളുടെ വിലക്കയറ്റം മൂലമാണ്. ഇത് ആമുഖ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാണിച്ച്, ശതകോടീശ്വരന്മാരുടെ വളര്‍ച്ച തന്നെ ഊതിപ്പെരുപ്പിച്ചതാണ് എന്ന വാദം അംഗീകരിക്കാനാവില്ല. മറ്റെല്ലാം മാറ്റിവെച്ചാലും ലോകശതകോടീശ്വരന്മാരുടെ മൊത്തം സ്വത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വിഹിതം ശ്രദ്ധേയമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് ഇന്ത്യയിലെ സമ്പന്നരുടെ വളര്‍ച്ചയുടെ സൂചനയാണിത്.
പുന്നപ്രയില്‍ നിന്ന് കുസുമം പോലുളളവര്‍ ഐടി മേഖലയെക്കുറിച്ച് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നുണ്ട്. നൂറു പേജാണ് ഈ ഗ്രന്ഥത്തിന്റെ വലിപ്പമായി നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ 150 പേജു വരും. ഇനിയും വലിപ്പം വര്‍ദ്ധിപ്പിക്കാനാവില്ല. മാത്രമല്ല, പുസ്തകത്തിന്റെ മുഖ്യദിശയില്‍ നിന്ന് വഴിമാറലാകുമിത്. 


വിയര്‍പ്പ് ഓഹരി
5. ജോണ്‍ ആന്റണി, തരൂരിന്റെ വിയര്‍പ്പ് ഓഹരി വിവാദത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഐപിഎല്‍ തന്നെ ഒരു പ്രത്യേക അധ്യായത്തിനുളള വകുപ്പുണ്ട്. കളളപ്പണം വെളുപ്പിക്കാനും മറ്റും വേണ്ടി സ്‌പോര്‍ട്ട്‌സിനെ എങ്ങനെ വാണിജ്യവത്കരിക്കും എന്നതിന് ഉദാഹരണമാണത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച അധ്യായത്തില്‍ ഇതുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തിയത്, തരൂരിന്റെ പ്രതികരണമാണ്. അദ്ദേഹം, ഇന്നുവരെ സ്വയം എന്തെങ്കിലും തെറ്റു ചെയ്തു എന്നുളള ഭാവം പോലും പ്രകടിപ്പിച്ചിട്ടില്ല. മറ്റുളളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നുവെന്ന ഭാവമാണ് അദ്ദേഹത്തിന്.


മുതലാളിത്തത്തിന്റെ ചലനാത്മകതയോ?
6. അജയ് ജോയ് ആണ് ഗൗരവമായ ഒരു വിമര്‍ശനം ഉയര്‍ത്തിയിട്ടുളളത്. അദാനിയെപ്പോലുളളവരുടെ വളര്‍ച്ച മുതലാളിത്തത്തിന്റെ ചലനാത്മകതയല്ലേ തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ പുത്തന്‍ സങ്കേതങ്ങളുടെ ഫലമായിട്ടല്ലേ ഈ വളര്‍ച്ച നേടാന്‍ കഴിഞ്ഞത്. വ്യവസ്ഥയിലെ സാധ്യതകള്‍ മനസിലാക്കി സമ്പത്തിന്റെ വര്‍ദ്ധനയുണ്ടാക്കുന്ന അദാനിയെ അഴിമതിയുടെ ലേബലില്‍ മാത്രം തളയ്ക്കാന്‍ പാടില്ല എന്നാണ് അജയ് പറയുന്നത്. 


എനിക്ക് ഓര്‍മ്മ വരുന്നത് ഒരു കാല്‍നൂറ്റാണ്ടു മുമ്പ് സിഡിഎസില്‍ എംഫില്‍ ക്ലാസില്‍ അമിത് ബാധുരിയോ മറ്റോ ഇന്നവേഷന്‍ സംബന്ധിച്ചു നല്‍കിയ ക്ലാസാണ്. അദ്ദേഹത്തിന്റെ ക്ലാസ് ആരംഭിച്ചത്, മാഫിയാ തലവന്‍ ആല്‍ കപോണിന്റെ ഇന്നവേഷന്‍സ് സംബന്ധിച്ചാണ്. ആല്‍ കപോണ്‍ ആണ് ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗിന്റെ ഉപജ്ഞാതാവ്. അദ്ദേഹമായിരുന്നു, കുഴല്‍ മുറിച്ചു കളഞ്ഞുളള ഷോട്ട് ഗണ്‍ കണ്ടുപിടിച്ചത്. ഇവയെല്ലാം പിന്നീട് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ആല്‍ കപോണ്‍ മാഫിയ തലവന്‍ അല്ലാതാക്കിയിട്ടില്ല. 


അദാനി, നിശ്ചയമായും അജയ് പറയുന്നതു പോലെ ഒട്ടേറെ നിര്‍ണായകമായ മാറ്റങ്ങള്‍ വ്യവസായത്തില്‍ കൊണ്ടുവന്നു. അതിന്റെ അധികലാഭവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പക്ഷേ, ഗുജറാത്ത് ഭരണാധികാരികളെ സ്വാധീനിച്ച് കൈക്കലാക്കിയ മുഡ്രാ കടപ്പുറത്തിന്റെ അധികലാഭം അതുകൊണ്ട് അദ്ദേഹത്തിന് അവകാശപ്പെട്ടതാകുന്നില്ല. 


ആഗോളവത്കരണത്തിന്റെ അഭിവൃദ്ധി
ജയശീല്‍.കെയുടെ അഭിപ്രായത്തില്‍ അദാനിയാണ് മാതൃകാ ഇന്ത്യക്കാരന്‍. അദ്ദേഹം സൃഷ്ടിച്ചതുപോലെ സമ്പത്ത് മറ്റുളളവരും സൃഷ്ടിക്കുകയാണെങ്കില്‍ ഇന്ത്യയുടെ അഭിവൃദ്ധി എന്തായിരിക്കും. ആഗോളവത്കരണ കാലത്ത് കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ എന്തെല്ലാം ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. ആഗോളവത്കരണത്തെ അന്ധമായി തളളിപ്പറയരുത്. കാശുളളവനെ നോക്കി അസൂയപ്പെട്ടിട്ടുകാര്യമില്ല എന്നിങ്ങനെ പോകുന്നു, അദ്ദേഹത്തിന്റെ വാദം. 


ഇടതുപക്ഷം മുതലാളിത്തവളര്‍ച്ചയുടെ നേട്ടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു, അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ. ഇതൊഴിവാക്കാനുളള നല്ലതും ലളിതവുമായ മാര്‍ഗം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യഭാഗങ്ങള്‍ വായിക്കുക എന്നതാണ്. അല്‍പം ഞാനുദ്ധരിക്കാം.

......മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നേടാനാകുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷ്വാസിയാണ്..... ഉല്‍പ്പാദനോപകരണങ്ങളിലും തദ്വാര ഉല്‍പ്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യ ബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവര്‍ത്തനം വരുത്താതെ, ബൂര്‍ഷ്വാസിക്ക് നിലനില്‍ക്കാനാവില്ല. നേരെമറിച്ച് ഇതിനുമുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായിക വര്‍ഗങ്ങളുടെയും നിലനില്‍പ്പിന്റെ ആദ്യത്തെ ഉപാധി പഴയ ഉല്‍പ്പാദന രീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിര്‍ത്തുകയെന്നതായിരുന്നു ഉല്‍പ്പാദനത്തില്‍ നിരന്തരമായ പരിവര്‍ത്തനം. എല്ലാ സാമൂഹ്യബന്ധങ്ങളെയും ഇടതടവില്ലാതെ ഇളക്കിമറിക്കല്‍, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും-ഇതെല്ലാം ബൂര്‍ഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളില്‍നിന്നും വേര്‍തിരിക്കുന്നു.... കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്‍പ്പാദനശക്തികള്‍, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചതിനെക്കാള്‍ എത്രയോ വമ്പിച്ചതാണ്! ഭീമമാണ്! പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും തപാലും ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കല്‍, നദികളെ ചാലുകീറി ഉപയോഗയോഗ്യമാക്കല്‍, ഇന്ദ്രജാല പ്രയോഗത്താലെന്നപോലെ വലിയ ജനസമൂഹങ്ങളെ മണ്ണിനടിയില്‍നിന്ന് ഉണര്‍ത്തിക്കൊണ്ടുവരല്‍ - സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉല്‍പ്പാദനശക്തികള്‍ മയങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് ഒരു സംശയമെങ്കിലും ഉണ്ടായിട്ടുള്ളത്? (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ)
ഇങ്ങനെ വളരുന്ന മുതലാളിത്തം അമിതോല്‍പാദനത്തിന്റെ അസംബന്ധത്തില്‍ എത്തിച്ചേരുന്നു. 2008ല്‍ തുടങ്ങിയ സാമ്പത്തികക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. മനുഷ്യന്റെ വിസ്മയകരമായ ഉത്പാദനകഴിവുകളെ പൂര്‍ണമായി മുന്നോട്ടു കൊണ്ടുപോകാന്‍ മുതലാളിത്തത്തിനു കഴിയുന്നില്ല. സമൃദ്ധി ദുരിതത്തിനു വഴിതെളിക്കുന്നു. സമ്പന്നരുടെ ധാരാളിത്തത്തിന്റെ മറുവശമാണ് പാവങ്ങളുടെ പട്ടിണി. ഇതാണ് ഇടതുപക്ഷ വിമര്‍ശനം. അല്ലാതെ പണക്കാരനോടുളള അസൂയയല്ല. 

അഴിമതിയുടെ വിശകലനം

എ. വാഹീദ് അഴിമതിയുടെ എറ്റിമോളജിയില്‍ നിന്ന് എന്തുകൊണ്ട് അഴിമതി, ജ്യോമെട്രിക്കല്‍ പ്രോഗ്രഷനില്‍ വളരുന്നു എന്നാണു പരിശോധിക്കുന്നത്. ജനപ്രതിനിധികളുടെ അഴിമതിയെക്കുറിച്ചും കൂടുതല്‍ പരിശോധന വേണമെന്നാണ് മുരളീധരന്റെ അഭിപ്രായം. നിശ്ചയമായും. അഴിമതിയുടെ അടിസ്ഥാനം സമ്പന്നരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുളള അധാര്‍മ്മിക കൂട്ടുകെട്ടാണ് എന്നാണ് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാന നിലപാട്.


വിവരവിചാരം, ഫിനാന്‍സ് മൂലധനത്തിന്റെ ഇത്തിള്‍ക്കണ്ണി സ്വഭാവത്തിലാണ് ഊന്നുന്നത്. 


മറ്റുചില നിര്‍ദ്ദേശങ്ങള്‍
ഹരികൃഷ്ണന്‍ പറഞ്ഞതുപോലെ സിഎജി റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. പക്ഷേ, എം ഗണേഷ് അഭിപ്രായപ്പെട്ടതു പോലെ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും മറ്റും ഉള്‍പ്പെടുത്തുക പ്രയാസം. കൈലാസിന്റെ സന്ദേശത്തിലുളള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ റിലയന്‍സിന്റെ കേജി ബേസിന്‍ തട്ടിപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്. ബാബ്‌സ് നല്‍കിയ ആഡംബര കമ്പോള ഉല്‍പന്നങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. 


എസ് വി രാമനുണ്ണി പറഞ്ഞതുപോലെ ഇന്റര്‍നെറ്റ് പുസ്തകത്തില്‍ ലിങ്കുകളും ചിത്രങ്ങളും നല്‍കാന്‍ ശ്രമിക്കുന്നതാണ്.  



അസീസ് ദാസ് സാജിന്‍, ബേബി, ഇന്ദു, ട്രൂത്ത് ആന്റ് റിയാലിറ്റി, അന്തിക്കാടന്‍, സതീഷ് കെ, രാജീവ്, ബിപിന്‍, ബാലചന്ദ്രന്‍, ശ്രീ, ജോണ്‍ സാമുവേല്‍, സുനില്‍,  ടി പി ശ്രീധരന്‍, അഭിലാഷ്, ദിലീപ് കുമാര്‍, ബാബു ഫ്രാന്‍സിസ്, കരിമീന്‍, സജീവ് കടവനാട്, ലിപ്സണ്‍, ബിജു നായര്‍, സുധീഷ്, വിജയകുമാര‍്, ശരത്, അനീഷ്, ജിഷ്ണു, ശ്രീജിത്ത്, നിഖില്‍, ഫൈസല്‍, റ്റോംസ്, ദര്‍ശനം, രചന, ഷാജി, സഗീര്‍ എന്നിവര്‍ക്കും നന്ദി.  

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...