Friday, October 21, 2011

അധ്യായം ഒന്നിനുളള പ്രതികരണങ്ങളോട്...


67 പ്രതികരണങ്ങള്‍ ഒന്നാം അധ്യായത്തിനു ലഭിച്ചു. ചര്‍ച്ച സജീവമാക്കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ബ്ലോഗിലൂടെയല്ലാതെ കമന്റുകളും ആശംസകളും നല്‍കിയവര്‍ വേറെയുമുണ്ട്. പലരും അവരുടെ സന്ദേശങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നുതോന്നുന്നു. തിരക്കിനിടയില്‍ അതുകഴിയില്ല. എന്നാല്‍ അടുത്ത അധ്യായത്തിലേയ്ക്കു കടക്കുന്നതിനു മുമ്പ് മുന്‍ അധ്യായത്തിനു ലഭിച്ച സന്ദേശങ്ങളോടെല്ലാം പ്രതികരിക്കുന്ന സമ്പ്രദായം സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുളളത്. 


രണ്ടാം അധ്യായം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സജീവമായ ചര്‍ച്ച അതിന്മേലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചങ്ങാത്തം/ശിങ്കിടി/സില്‍ബന്തി മുതലാളിത്തം?
1. ചങ്ങാത്ത മുതലാളിത്തം എന്ന പ്രയോഗത്തോടു തന്നെ അനിലന്‍ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. ചങ്ങാത്തം എന്നതിന് നല്ല ധ്വനിയാണുളളത്. ഇതുകൊണ്ട് സില്‍ബന്തി മുതലാളിത്തം ആണ് കുടൂതല്‍ അനുയോജ്യം. നിക്കോബാറില്‍ നിന്നു സാജനും ദില്ലിയില്‍ നിന്ന് ഗോപാലകൃഷ്ണനുമാകട്ടെ, ശിങ്കിടി മുതലാളിത്തം എന്ന പ്രയോഗമാണ് നിര്‍ദ്ദേശിക്കുന്നത്. പി. രാജീവ് എം പിയാണ് ചങ്ങാത്ത മുതലാളിത്തം എന്ന് ആദ്യമായി ഉപയോഗിച്ചത് എന്നു ഞാന്‍ കരുതുന്നു. അദ്ദേഹമിപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ക്രോണി എന്നാല്‍ ചങ്ങാതി എന്നാണ് അര്‍ത്ഥം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ച തുടരട്ടെ.


അഴിമതിവിരുദ്ധ സമരം പാര്‍ലമെന്റില്‍
2.പാര്‍ലമെന്റിനകത്ത് അഴിമതിക്കെതിരെ നടന്ന പോരാട്ടങ്ങളെയും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് ഒരധ്യായം വേണമെന്ന് ഡോ. ഇക്ബാല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഹസാരെ സമരകാലത്ത് പാര്‍ലമെന്റിന്റെ അധികാരവും പൗരസമൂഹ ഗ്രൂപ്പുകളുടെ അവകാശവും തമ്മിലുളള തര്‍ക്കം മുന്‍പന്തിയില്‍ വന്നിരുന്നുവല്ലോ. ജനാധിപത്യവ്യവസ്ഥയില്‍ പാര്‍ലമെന്റിനുളള സ്ഥാനം ഏവരും അംഗീകരിച്ചേ തീരൂ. ഈ പശ്ചാത്തലത്തില്‍ ഡോ. ഇക്ബാലിന്റെ നിര്‍ദ്ദേശം സ്വീകാര്യമാണ്. ഡോ. ഇക്ബാല്‍ തന്നെ ഈ അധ്യായം തയ്യാറാക്കുമെന്നു കരുതട്ടെ. പുസ്തകത്തിന്റെ കോ. ഓതറാകുന്നതിനും അദ്ദേഹത്തിനു സമ്മതമാകുമെന്നും കരുതട്ടെ. ഇത്തരത്തില്‍ പുസ്തകത്തില്‍ ഒന്നോ അതിലധികമോ അധ്യായങ്ങള്‍ തയ്യാറാകുന്ന ഏവര്‍ക്കും കൂട്ടുഗ്രന്ഥകര്‍ത്തൃത്വം നല്‍കുന്നതാണ്.


ജോണ്‍ ആന്റണിയും ഇന്ത്യയിലെ അഴിമതിയുടെ ചരിത്രത്തിലേയ്ക്കു കടന്നുചെല്ലുന്നുണ്ട്. ഡോ. ഇക്ബാല്‍ ഇതുകൂടി പരിശോധിക്കുമെന്നു കരുതുന്നു.
സാന്ദര്‍ഭികമായി പറയട്ടെ, പിഎന്‍ആര്‍ പിഷാരടി, അഴിമതിവിരുദ്ധ സമരത്തില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യം സംബന്ധിച്ച് ഇക്ബാലിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. 


ഊതിപ്പെരുപ്പിച്ച ആസ്തി
3. ഐടി തുടങ്ങിയ മേഖലകളില്‍ ബാലന്‍സ് ഷീറ്റു മെച്ചപ്പെടുത്തിക്കാണിക്കുന്നതിനു വേണ്ടി ആസ്തികള്‍ ഊതിപ്പെരുപ്പിച്ചതാണ് എന്ന് എം എന്‍ ശശിധരനും അനിലനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവര വിചാരം സാമാന്യം വിശദമായിത്തന്നെ ഇതു പ്രതിപാദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ മേഖലകളില്‍ അവര്‍ അവകാശപ്പെടുന്ന വേഗതയില്‍ സമ്പത്തുല്‍പ്പാദിപ്പിക്കുന്നില്ല എന്നാണ് ഇവരുടെ വാദത്തിന്റെ ചുരുക്കം. പക്ഷേ, ഇത് ഒരു യഥാര്‍ത്ഥപ്രശ്‌നത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നുണ്ട്.



 ശതകോടീശ്വരന്മാരുടെ ആസ്തിയ്ക്ക് എങ്ങനെയാണ് വിലയിടുക? ഐടി വ്യവസായത്തിലെയും മറ്റും ആസ്തികളെക്കാള്‍ ഗൗരവമാണ് ഓഹരികളുടെ വില. ശതകോടീശ്വരന്മാരുടെ സ്വത്തില്‍ ഉണ്ടായിട്ടുളള വളര്‍ച്ചയില്‍ ഗണ്യമായൊരു പങ്ക് ഓഹരികളുടെ വിലക്കയറ്റം മൂലമാണ്. ഇത് ആമുഖ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാണിച്ച്, ശതകോടീശ്വരന്മാരുടെ വളര്‍ച്ച തന്നെ ഊതിപ്പെരുപ്പിച്ചതാണ് എന്ന വാദം അംഗീകരിക്കാനാവില്ല. മറ്റെല്ലാം മാറ്റിവെച്ചാലും ലോകശതകോടീശ്വരന്മാരുടെ മൊത്തം സ്വത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വിഹിതം ശ്രദ്ധേയമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് ഇന്ത്യയിലെ സമ്പന്നരുടെ വളര്‍ച്ചയുടെ സൂചനയാണിത്.
പുന്നപ്രയില്‍ നിന്ന് കുസുമം പോലുളളവര്‍ ഐടി മേഖലയെക്കുറിച്ച് കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്നുണ്ട്. നൂറു പേജാണ് ഈ ഗ്രന്ഥത്തിന്റെ വലിപ്പമായി നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ നിലവെച്ചു നോക്കിയാല്‍ 150 പേജു വരും. ഇനിയും വലിപ്പം വര്‍ദ്ധിപ്പിക്കാനാവില്ല. മാത്രമല്ല, പുസ്തകത്തിന്റെ മുഖ്യദിശയില്‍ നിന്ന് വഴിമാറലാകുമിത്. 


വിയര്‍പ്പ് ഓഹരി
5. ജോണ്‍ ആന്റണി, തരൂരിന്റെ വിയര്‍പ്പ് ഓഹരി വിവാദത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ഐപിഎല്‍ തന്നെ ഒരു പ്രത്യേക അധ്യായത്തിനുളള വകുപ്പുണ്ട്. കളളപ്പണം വെളുപ്പിക്കാനും മറ്റും വേണ്ടി സ്‌പോര്‍ട്ട്‌സിനെ എങ്ങനെ വാണിജ്യവത്കരിക്കും എന്നതിന് ഉദാഹരണമാണത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച അധ്യായത്തില്‍ ഇതുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തിയത്, തരൂരിന്റെ പ്രതികരണമാണ്. അദ്ദേഹം, ഇന്നുവരെ സ്വയം എന്തെങ്കിലും തെറ്റു ചെയ്തു എന്നുളള ഭാവം പോലും പ്രകടിപ്പിച്ചിട്ടില്ല. മറ്റുളളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നുവെന്ന ഭാവമാണ് അദ്ദേഹത്തിന്.


മുതലാളിത്തത്തിന്റെ ചലനാത്മകതയോ?
6. അജയ് ജോയ് ആണ് ഗൗരവമായ ഒരു വിമര്‍ശനം ഉയര്‍ത്തിയിട്ടുളളത്. അദാനിയെപ്പോലുളളവരുടെ വളര്‍ച്ച മുതലാളിത്തത്തിന്റെ ചലനാത്മകതയല്ലേ തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ പുത്തന്‍ സങ്കേതങ്ങളുടെ ഫലമായിട്ടല്ലേ ഈ വളര്‍ച്ച നേടാന്‍ കഴിഞ്ഞത്. വ്യവസ്ഥയിലെ സാധ്യതകള്‍ മനസിലാക്കി സമ്പത്തിന്റെ വര്‍ദ്ധനയുണ്ടാക്കുന്ന അദാനിയെ അഴിമതിയുടെ ലേബലില്‍ മാത്രം തളയ്ക്കാന്‍ പാടില്ല എന്നാണ് അജയ് പറയുന്നത്. 


എനിക്ക് ഓര്‍മ്മ വരുന്നത് ഒരു കാല്‍നൂറ്റാണ്ടു മുമ്പ് സിഡിഎസില്‍ എംഫില്‍ ക്ലാസില്‍ അമിത് ബാധുരിയോ മറ്റോ ഇന്നവേഷന്‍ സംബന്ധിച്ചു നല്‍കിയ ക്ലാസാണ്. അദ്ദേഹത്തിന്റെ ക്ലാസ് ആരംഭിച്ചത്, മാഫിയാ തലവന്‍ ആല്‍ കപോണിന്റെ ഇന്നവേഷന്‍സ് സംബന്ധിച്ചാണ്. ആല്‍ കപോണ്‍ ആണ് ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗിന്റെ ഉപജ്ഞാതാവ്. അദ്ദേഹമായിരുന്നു, കുഴല്‍ മുറിച്ചു കളഞ്ഞുളള ഷോട്ട് ഗണ്‍ കണ്ടുപിടിച്ചത്. ഇവയെല്ലാം പിന്നീട് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ആല്‍ കപോണ്‍ മാഫിയ തലവന്‍ അല്ലാതാക്കിയിട്ടില്ല. 


അദാനി, നിശ്ചയമായും അജയ് പറയുന്നതു പോലെ ഒട്ടേറെ നിര്‍ണായകമായ മാറ്റങ്ങള്‍ വ്യവസായത്തില്‍ കൊണ്ടുവന്നു. അതിന്റെ അധികലാഭവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. പക്ഷേ, ഗുജറാത്ത് ഭരണാധികാരികളെ സ്വാധീനിച്ച് കൈക്കലാക്കിയ മുഡ്രാ കടപ്പുറത്തിന്റെ അധികലാഭം അതുകൊണ്ട് അദ്ദേഹത്തിന് അവകാശപ്പെട്ടതാകുന്നില്ല. 


ആഗോളവത്കരണത്തിന്റെ അഭിവൃദ്ധി
ജയശീല്‍.കെയുടെ അഭിപ്രായത്തില്‍ അദാനിയാണ് മാതൃകാ ഇന്ത്യക്കാരന്‍. അദ്ദേഹം സൃഷ്ടിച്ചതുപോലെ സമ്പത്ത് മറ്റുളളവരും സൃഷ്ടിക്കുകയാണെങ്കില്‍ ഇന്ത്യയുടെ അഭിവൃദ്ധി എന്തായിരിക്കും. ആഗോളവത്കരണ കാലത്ത് കാര്‍, ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിങ്ങനെ എന്തെല്ലാം ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. ആഗോളവത്കരണത്തെ അന്ധമായി തളളിപ്പറയരുത്. കാശുളളവനെ നോക്കി അസൂയപ്പെട്ടിട്ടുകാര്യമില്ല എന്നിങ്ങനെ പോകുന്നു, അദ്ദേഹത്തിന്റെ വാദം. 


ഇടതുപക്ഷം മുതലാളിത്തവളര്‍ച്ചയുടെ നേട്ടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു, അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ. ഇതൊഴിവാക്കാനുളള നല്ലതും ലളിതവുമായ മാര്‍ഗം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യഭാഗങ്ങള്‍ വായിക്കുക എന്നതാണ്. അല്‍പം ഞാനുദ്ധരിക്കാം.

......മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നേടാനാകുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷ്വാസിയാണ്..... ഉല്‍പ്പാദനോപകരണങ്ങളിലും തദ്വാര ഉല്‍പ്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യ ബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവര്‍ത്തനം വരുത്താതെ, ബൂര്‍ഷ്വാസിക്ക് നിലനില്‍ക്കാനാവില്ല. നേരെമറിച്ച് ഇതിനുമുമ്പുണ്ടായിരുന്ന എല്ലാ വ്യാവസായിക വര്‍ഗങ്ങളുടെയും നിലനില്‍പ്പിന്റെ ആദ്യത്തെ ഉപാധി പഴയ ഉല്‍പ്പാദന രീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിര്‍ത്തുകയെന്നതായിരുന്നു ഉല്‍പ്പാദനത്തില്‍ നിരന്തരമായ പരിവര്‍ത്തനം. എല്ലാ സാമൂഹ്യബന്ധങ്ങളെയും ഇടതടവില്ലാതെ ഇളക്കിമറിക്കല്‍, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും-ഇതെല്ലാം ബൂര്‍ഷ്വാകാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളില്‍നിന്നും വേര്‍തിരിക്കുന്നു.... കഷ്ടിച്ച് ഒരു നൂറ്റാണ്ടുകാലത്തെ വാഴ്ചയ്ക്കിടയില്‍ ബൂര്‍ഷ്വാസി സൃഷ്ടിച്ചിട്ടുള്ള ഉല്‍പ്പാദനശക്തികള്‍, കഴിഞ്ഞുപോയ എല്ലാ തലമുറകളും ചേര്‍ന്ന് സൃഷ്ടിച്ചതിനെക്കാള്‍ എത്രയോ വമ്പിച്ചതാണ്! ഭീമമാണ്! പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പ്പെടുത്തല്‍, യന്ത്രസാമഗ്രികള്‍, വ്യവസായത്തിലും കൃഷിയിലും രസതന്ത്രത്തിന്റെ ഉപയോഗം, ആവിക്കപ്പലും തീവണ്ടിയും തപാലും ഭൂഖണ്ഡങ്ങളെയാകെ കൃഷിക്കുവേണ്ടി വെട്ടിത്തെളിക്കല്‍, നദികളെ ചാലുകീറി ഉപയോഗയോഗ്യമാക്കല്‍, ഇന്ദ്രജാല പ്രയോഗത്താലെന്നപോലെ വലിയ ജനസമൂഹങ്ങളെ മണ്ണിനടിയില്‍നിന്ന് ഉണര്‍ത്തിക്കൊണ്ടുവരല്‍ - സാമൂഹ്യാധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉല്‍പ്പാദനശക്തികള്‍ മയങ്ങിക്കിടക്കുന്നുണ്ടെന്ന് മുമ്പേതൊരു നൂറ്റാണ്ടിനാണ് ഒരു സംശയമെങ്കിലും ഉണ്ടായിട്ടുള്ളത്? (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ)
ഇങ്ങനെ വളരുന്ന മുതലാളിത്തം അമിതോല്‍പാദനത്തിന്റെ അസംബന്ധത്തില്‍ എത്തിച്ചേരുന്നു. 2008ല്‍ തുടങ്ങിയ സാമ്പത്തികക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. മനുഷ്യന്റെ വിസ്മയകരമായ ഉത്പാദനകഴിവുകളെ പൂര്‍ണമായി മുന്നോട്ടു കൊണ്ടുപോകാന്‍ മുതലാളിത്തത്തിനു കഴിയുന്നില്ല. സമൃദ്ധി ദുരിതത്തിനു വഴിതെളിക്കുന്നു. സമ്പന്നരുടെ ധാരാളിത്തത്തിന്റെ മറുവശമാണ് പാവങ്ങളുടെ പട്ടിണി. ഇതാണ് ഇടതുപക്ഷ വിമര്‍ശനം. അല്ലാതെ പണക്കാരനോടുളള അസൂയയല്ല. 

അഴിമതിയുടെ വിശകലനം

എ. വാഹീദ് അഴിമതിയുടെ എറ്റിമോളജിയില്‍ നിന്ന് എന്തുകൊണ്ട് അഴിമതി, ജ്യോമെട്രിക്കല്‍ പ്രോഗ്രഷനില്‍ വളരുന്നു എന്നാണു പരിശോധിക്കുന്നത്. ജനപ്രതിനിധികളുടെ അഴിമതിയെക്കുറിച്ചും കൂടുതല്‍ പരിശോധന വേണമെന്നാണ് മുരളീധരന്റെ അഭിപ്രായം. നിശ്ചയമായും. അഴിമതിയുടെ അടിസ്ഥാനം സമ്പന്നരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുളള അധാര്‍മ്മിക കൂട്ടുകെട്ടാണ് എന്നാണ് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാന നിലപാട്.


വിവരവിചാരം, ഫിനാന്‍സ് മൂലധനത്തിന്റെ ഇത്തിള്‍ക്കണ്ണി സ്വഭാവത്തിലാണ് ഊന്നുന്നത്. 


മറ്റുചില നിര്‍ദ്ദേശങ്ങള്‍
ഹരികൃഷ്ണന്‍ പറഞ്ഞതുപോലെ സിഎജി റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. പക്ഷേ, എം ഗണേഷ് അഭിപ്രായപ്പെട്ടതു പോലെ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും മറ്റും ഉള്‍പ്പെടുത്തുക പ്രയാസം. കൈലാസിന്റെ സന്ദേശത്തിലുളള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍ റിലയന്‍സിന്റെ കേജി ബേസിന്‍ തട്ടിപ്പില്‍ ഉള്‍പ്പെടുത്തുന്നതാണ്. ബാബ്‌സ് നല്‍കിയ ആഡംബര കമ്പോള ഉല്‍പന്നങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. 


എസ് വി രാമനുണ്ണി പറഞ്ഞതുപോലെ ഇന്റര്‍നെറ്റ് പുസ്തകത്തില്‍ ലിങ്കുകളും ചിത്രങ്ങളും നല്‍കാന്‍ ശ്രമിക്കുന്നതാണ്.  



അസീസ് ദാസ് സാജിന്‍, ബേബി, ഇന്ദു, ട്രൂത്ത് ആന്റ് റിയാലിറ്റി, അന്തിക്കാടന്‍, സതീഷ് കെ, രാജീവ്, ബിപിന്‍, ബാലചന്ദ്രന്‍, ശ്രീ, ജോണ്‍ സാമുവേല്‍, സുനില്‍,  ടി പി ശ്രീധരന്‍, അഭിലാഷ്, ദിലീപ് കുമാര്‍, ബാബു ഫ്രാന്‍സിസ്, കരിമീന്‍, സജീവ് കടവനാട്, ലിപ്സണ്‍, ബിജു നായര്‍, സുധീഷ്, വിജയകുമാര‍്, ശരത്, അനീഷ്, ജിഷ്ണു, ശ്രീജിത്ത്, നിഖില്‍, ഫൈസല്‍, റ്റോംസ്, ദര്‍ശനം, രചന, ഷാജി, സഗീര്‍ എന്നിവര്‍ക്കും നന്ദി.  

6 comments:

  1. എന്റെ ഐസക്‌ മാഷെ ബഹുജനഭിപ്രായം അറിഞ്ഞു പുസ്തകം എഴുതാന്‍ നിന്നാല്‍ ആളെ കോഴിയാക്കുന്ന മലയാളികള്‍ താങ്കളുടെ കഥ കഴിച്ചതുതന്നെ

    ReplyDelete
  2. Crony എന്ന വാക്കു് ചങ്ങാതിമാര്‍ എന്ന അര്‍ത്ഥത്തിലും, ഒരേ കുറ്റവാളി സംഘത്തിലെ അന്യോന്യം വിശ്വസ്തരായ പങ്കാളികളെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ടു്.

    പദാനുപദ തര്‍ജ്ജിമ പലപ്പോഴും അര്‍ത്ഥവ്യത്യാസങ്ങളുണ്ടാക്കാറുണ്ടു്. സന്ദര്‍ഭം ‌ അനുസരിച്ചുള്ള പദപ്രയോഗമാണു് കൂടുതല്‍ അര്‍ത്ഥവത്താവുക. അതിനാല്‍ സില്‍ബന്തി മുതലാളിത്തം അല്ലെങ്കില്‍ ശിങ്കിടി മുതലാളിത്തം ഇവയിലൊന്നായിരിക്കും Crony capitalism-നെ സൂചിപ്പിക്കുവാന്‍ അനുയോജ്യം.

    ReplyDelete
  3. പദാനുപദ തര്‍ജുമ എന്നുള്ളതല്ല പ്രശ്നം ,ചങ്ങാത്ത മുതലാളിത്തം എന്ന് തന്നെയാണ് ഉപയോഗിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  4. അനിലന്റെ "Crony എന്ന വാക്കു് ചങ്ങാതിമാര്‍ എന്ന അര്‍ത്ഥത്തിലും, ഒരേ കുറ്റവാളി സംഘത്തിലെ അന്യോന്യം വിശ്വസ്തരായ പങ്കാളികളെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ടു്" എന്ന നിരീക്ഷണത്തോട് ഞാനും യോജിക്കുന്നു.

    നമുക്ക് മറ്റൊരുതരത്തില്‍ വിലയിരുത്താം, മുതലാളിത്തം അതിന് ചങ്ങാതി എന്നും നമുക്ക് കുറ്റവാളി സംഘത്തിലെ പങ്കാളി എന്നും വിശേഷിപ്പിക്കാമല്ലോ.

    ReplyDelete
  5. "ആല്‍ കപോണ്‍ ആണ് ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗിന്റെ ഉപജ്ഞാതാവ്. അദ്ദേഹമായിരുന്നു, കുഴല്‍ മുറിച്ചു കളഞ്ഞുളള ഷോട്ട് ഗണ്‍ കണ്ടുപിടിച്ചത്." എന്ന ഡോക്ടറുടെ നിരീക്ഷണം എത്രത്തോളം ശരിയാണ് എന്നെനിക്ക് സംശയമുണ്ട്.



    കാരണം, It was first codified in the 15th century by Luca Pacioli.എന്നാണ് വിക്കിപീഡിയ യില്‍ കാണുന്നത്. url : http://en.wikipedia.org/wiki/Double-entry_bookkeeping_system



    അതുപോലെ തന്നെ ഷോട്ട് ഗണ്‍ കണ്ടുപിടിച്ചതും. url : http://en.wikipedia.org/wiki/Shotgun

    മുകളില്‍ കൊടുത്ത URL തപ്പിയാല്‍ ഒരിടത്തും Al Capone എന്ന നാമം ഇല്ല. please check ...

    ReplyDelete
  6. അനിലന്റെ "Crony എന്ന വാക്കു് ചങ്ങാതിമാര്‍ എന്ന അര്‍ത്ഥത്തിലും, ഒരേ കുറ്റവാളി സംഘത്തിലെ അന്യോന്യം വിശ്വസ്തരായ പങ്കാളികളെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ടു്" എന്ന നിരീക്ഷണത്തോട് ഞാനും യോജിക്കുന്നു. നമുക്ക് മറ്റൊരുതരത്തില്‍ വിലയിരുത്താം, മുതലാളിത്തം അതിന് ചങ്ങാതി എന്ന് വിശേഷിപ്പികുമ്പോള്‍ നമുക്ക് കുറ്റവാളി സംഘത്തിലെ പങ്കാളി എന്നും വിശേഷിപ്പിക്കാമല്ലോ.

    "ആല്‍ കപോണ്‍ ആണ് ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗിന്റെ ഉപജ്ഞാതാവ്. അദ്ദേഹമായിരുന്നു, കുഴല്‍ മുറിച്ചു കളഞ്ഞുളള ഷോട്ട് ഗണ്‍ കണ്ടുപിടിച്ചത്." എന്ന ഡോക്ടറുടെ നിരീക്ഷണം എത്രത്തോളം ശരിയാണ് എന്നെനിക്ക് സംശയമുണ്ട്. കാരണം, It was first codified in the 15th century by Luca Pacioli.എന്നാണ് വിക്കിപീഡിയ യില്‍ കാണുന്നത്. url : http://en.wikipedia.org/wiki/Double-entry_bookkeeping_system. അതുപോലെ തന്നെ ഷോട്ട് ഗണ്‍ കണ്ടുപിടിച്ചതും. url : http://en.wikipedia.org/wiki/Shotgun
    മുകളില്‍ കൊടുത്ത URL തപ്പിയാല്‍ ഒരിടത്തും Al Capone എന്ന നാമം ഇല്ല. please check ...

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...