Thursday, May 21, 2015

പുതിയ നികുതിക്ക് പാരവെച്ചതാര്‍?

ധനമന്ത്രിമാരുടെ സമ്മേളനം കോവളത്ത് നടക്കുന്നതിനിടെ ത്രിപുര ധനമന്ത്രിയെ കണ്ടു. ''എങ്ങനെയുണ്ട്? 2016ല്‍ ജി.എസ്.ടി. നിലവില്‍വരുമോ?'' ''ഒന്നും ഉറപ്പിച്ചുപറയാനാവില്ല. ചിലപ്പോള്‍ ഒരുവര്‍ഷംകൂടി എടുത്തേക്കാം.'' ഇതു ശരിയായ വിലയിരുത്തലാണെന്നെനിക്കു തോന്നുന്നു. ജി.എസ്.ടി.യുടെ ഗുണദോഷങ്ങളെക്കുറിച്ച് വലിയ വിവാദങ്ങളില്ല. ദോഷത്തെക്കാള്‍ എത്രയോ കൂടുതലാണു ഗുണം. ഈ പുതിയ നികുതിസമ്പ്രദായം നിലവില്‍വരുന്നതോടെ എല്ലാ സംസ്ഥാനങ്ങളിലും ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുംകൂടി ഒരൊറ്റ നികുതിയും ഒറ്റനിരക്കുമായിത്തീരും. ഇതിന്റെ നേട്ടങ്ങള്‍ പലതാണ്.
ഒന്ന്, എല്ലായിടത്തെയും നികുതിസമ്പ്രദായം ഏകീകൃതമാകുമ്പോള്‍ വ്യാപാരവും നിക്ഷേപവും കൂടുതല്‍ സുഗമമായിത്തീരും. ഇന്ത്യ തടസ്സങ്ങളില്ലാത്ത ഒരൊറ്റക്കമ്പോളമായിത്തീരും.

രണ്ട്, നിലവിലുള്ള നികുതിസമ്പ്രദായത്തിന്റെ ഏറ്റവുംവലിയ ദൂഷ്യം നികുതിയുടെമേല്‍ നികുതിചുമത്തപ്പെടുന്നുവെന്നുള്ളതാണ്. ഉദാഹരണത്തിന്, ഒരു വ്യവസായി കേന്ദ്രസര്‍ക്കാറിന് എക്‌സൈസ് നികുതി കൊടുക്കുന്നു. പക്ഷേ, വ്യാപാരി ഇതു വില്‍ക്കുമ്പോള്‍ എക്‌സൈസ് നികുതികൂടിയടങ്ങുന്ന വിലയുടെമേലാണ് വാറ്റുനികുതി ചുമത്തുന്നത്. ഇതിനെയാണ് നികുതിയുടെമേല്‍ നികുതി എന്നുപറയുന്നത്. വാറ്റ് നികുതിതത്ത്വപ്രകാരം ഓരോ ഘട്ടത്തിലും നികുതിചുമത്തുമ്പോഴും മുന്‍ഘട്ടങ്ങളില്‍ കൊടുത്ത നികുതികഴിച്ച് ബാക്കി സര്‍ക്കാറിലൊടുക്കിയാല്‍ മതിയാകും. എന്നാല്‍, ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന വാറ്റ് സമ്പ്രദായത്തിന് ചില പരിമിതികളുണ്ട്.
സംസ്ഥാനാതിര്‍ത്തി കടക്കുമ്പോള്‍ വാറ്റ് ശൃഖല മുറിക്കപ്പെടും. തമിഴ്‌നാട്ടില്‍നിന്ന് വാങ്ങിച്ചുകൊണ്ടുവരുന്ന ചരക്കിനു നല്‍കിയ നികുതികള്‍ക്ക് കേരളത്തില്‍ കിഴിവു കിട്ടുകയില്ല. കേരളത്തിന്റെ അതിര്‍ത്തികടക്കുമ്പോള്‍ കേരളസര്‍ക്കാറിന് മൊത്തവ്യാപാരി വാറ്റ് നികുതി പൂര്‍ണമായും നല്‍കിയിരിക്കണം. നിലവിലുള്ള വാറ്റ് സമ്പ്രദായത്തിന്റെ മറ്റൊരു പോരായ്മ കേന്ദ്രസംസ്ഥാനനികുതികള്‍ തമ്മില്‍ ബന്ധമില്ല എന്നതാണ്. കേന്ദ്രസര്‍ക്കാറില്‍ കൊടുത്ത എക്‌സൈസ് നികുതിക്കോ സര്‍വീസ് ടാക്‌സിനോ സംസ്ഥാനസര്‍ക്കാറിനു കൊടുക്കുന്ന വാറ്റില്‍ കിഴിവുലഭിക്കില്ല. ജി.എസ്.ടി. ഈ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കും.

മൂന്ന്, ജി.എസ്.ടി. നികുതിചോര്‍ച്ച തടയാന്‍ സഹായിക്കും. ഒരു വ്യാപാരിക്ക് താന്‍ മുമ്പുകൊടുത്ത നികുതിയുടെ കിഴിവ് ലഭിക്കണമെന്നെങ്കില്‍ താന്‍ ചരക്കോ സേവനമോ വാങ്ങിയപ്പോള്‍ നികുതി കൊടുത്തതിന്റെ രേഖ ഹാജരാക്കണം. അതുകൊണ്ട് എല്ലാവര്‍ക്കും ബില്ലാവശ്യമാണ്. എല്ലാവരും ബില്ല് കൊടുത്ത് സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ നികുതിവെട്ടിപ്പ് സാധ്യമല്ല. കൂടുതലാളുകള്‍ നികുതിയുടെ വലയത്തിലെത്തിപ്പെടും.
നാല്, സര്‍ക്കാറിനു ലഭിക്കുന്ന നികുതിവരുമാനം മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട്് വര്‍ധിക്കുമെങ്കിലും ജനങ്ങളുടെമേലുള്ള നികുതിഭാരം കുറയും. ഇപ്പോള്‍ സംസ്ഥാനസര്‍ക്കാറിന്റെ വാറ്റ്, വില്‍പ്പനനികുതി, പ്രവേശനനികുതി തുടങ്ങിയവയും കേന്ദ്രസര്‍ക്കാറിന്റെ എക്‌സൈസ് നികുതി, സേവനനികുതി എന്നിവയും എല്ലാംകൂടിയെടുത്താല്‍ ശരാശരി ഒരു ചരക്കിന്മേല്‍ 2628 ശതമാനം നികുതിവരും. ഇത് 2224 ശതമാനം ജി.എസ്.ടി. ആക്കി കുറയ്ക്കാനാണ് ഇപ്പോള്‍ പ്ലാനിടുന്നത്. നിരക്ക് കുറഞ്ഞാലും കൂടുതലാളുകള്‍ നികുതിവലയില്‍ വരുമ്പോള്‍ വരുമാനം കൂടും.

അഞ്ച്, കേരളംപോലുള്ള ഉപഭോക്തൃസംസ്ഥാനങ്ങളുടെ വരുമാനം കൂടും. ഇപ്പോള്‍ ചുരിങ്ങിയത് 10002000 കോടി രൂപയെങ്കിലും നികുതിവരുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ സ്വന്തം ആവശ്യത്തിനെന്നപേരില്‍ കേരളത്തിലേക്കു കൊണ്ടുവരുന്നുണ്ട്. ഇതില്‍നിന്ന് കേരളസര്‍ക്കാറിന് ഒരു നികുതിയുമീടാക്കാനാകുന്നില്ല. എന്നാല്‍, ഇനിമേല്‍ പുറംസംസ്ഥാനത്ത് ഈ ചരക്കുകള്‍ക്കീടാക്കിയ നികുതി കേരളത്തിനു കൈമാറാന്‍ മറ്റുസംസ്ഥാനങ്ങള്‍ ബാധ്യസ്ഥമാണ്.
ജി.എസ്.ടി. ഇത്ര കേമമാണെങ്കില്‍, 2006ലെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ഇതുവരെ ഈ സമ്പ്രദായം പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെപോയി? ഒന്നാമത്തെ കാരണം പുതിയ നികുതിസമ്പ്രദായം പ്രാവര്‍ത്തികമാക്കുന്നതിന് ഒട്ടേറെ തയ്യാറെടുപ്പുകള്‍ വേണമെന്നതാണ്. ഭരണഘടനാഭേദഗതിവേണം, സംസ്ഥാനങ്ങള്‍ നിയമം പാസാക്കണം, അന്തസ്സംസ്ഥാനവ്യാപാരത്തെ സംബന്ധിച്ച് കൃത്യമായി കണക്കെടുക്കുന്നതിനും ഉത്പാദകസംസ്ഥാനത്തു ലഭിച്ച നികുതി ഉപഭോക്തൃസംസ്ഥാനത്ത് എത്തിച്ചുകൊടുക്കുന്നതിനും കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുണ്ടാകണം... ഇങ്ങനെ പലതും.

പക്ഷേ, നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നെങ്കില്‍ 34 വര്‍ഷംകൊണ്ട് ഈ ലക്ഷ്യങ്ങള്‍ നേടാമായിരുന്നു. അതില്‍ക്കവിഞ്ഞ് നീണ്ടുപോയതിന്റെ കാരണം കേന്ദ്രസര്‍ക്കാറിന്റെ ഹ്രസ്വദൃഷ്ടിയും രാഷ്ട്രീയക്കളികളും മൂലമാണ്. അഷിം ദാസ് ഗുപ്തയുടെ നേതൃത്വത്തിലുള്ള എംപവേഡ് കമ്മിറ്റി 2009 ആയപ്പോഴേക്കും ജി.എസ്.ടി. സംബന്ധിച്ച് പൊതു അഭിപ്രായസമന്വയത്തിലെത്തിച്ചേര്‍ന്നിരുന്നു. ഇതു തകര്‍ത്തത് കേന്ദ്രസര്‍ക്കാറാണ്. അതുപോലെതന്നെ പെട്രോളും മദ്യവും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കിനിര്‍ത്തണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ധാരണ. ഓരോ സംസ്ഥാനത്തിന്റെയും ശക്തമായ വാദങ്ങളെ മാനിച്ചുകൊണ്ട് മറ്റുചില ചരക്കുകളും ഉഴിവാക്കപ്പെട്ടു. ഇവയൊക്കെ സമ്പൂര്‍ണ ജി.എസ്.ടി. സങ്കല്പത്തിനു വിരുദ്ധമാണെന്നു വ്യക്തമാണ്. എന്നാല്‍, പ്രായോഗികസമീപനം കൈക്കൊള്ളാനാണു തീരുമാനിച്ചത്. ആദ്യം പരിമിതമായതോതിലുള്ള ജി.എസ്.ടി. ആവാം. പിന്നീട് പടിപടിയായി സമ്പൂര്‍ണമാക്കാം.
ഡോ. കെല്‍ക്കര്‍ അധ്യക്ഷനായ ധനകാര്യകമ്മീഷനാണ് ഈ ധാരണകളെ പൊളിച്ചത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായി ആറുശതമാനം വീതമായിരിക്കണം ജി.എസ്.ടി. എന്ന് അദ്ദേഹം വാദിച്ചു. എല്ലാ ഒഴിവുകള്‍ക്കും അദ്ദേഹം എതിരായിരുന്നു. അതോടെ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായസമന്വയം പെളിഞ്ഞു. 2010 ആകാറായപ്പോള്‍ ഒരു പ്രശ്‌നംകൂടി പൊങ്ങിവന്നു. വാറ്റ് കോമ്പന്‍സേഷനുവേണ്ടി തമിഴ്‌നാടും ഗുജറാത്തും മറ്റുചില സംസ്ഥാനങ്ങളും കേന്ദ്രത്തിനു ഹാജരാക്കിയ കണക്കുകള്‍ തെറ്റാണെന്ന കാരണം പറഞ്ഞ് ഏതാണ്ട് ഒരുവര്‍ഷക്കാലം നഷ്ടപരിഹാരം കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു. ഇത് വലിയ പ്രതിഷേധത്തിനിടവെച്ചു. തമിഴ്‌നാടും ഗുജറാത്തും ജി.എസ്.ടി.ക്കെതിരായ നിലപാട് സ്വീകരിച്ചു.

അപ്പോഴേക്കും ബി.ജെ.പി.യുടെ രാഷ്ട്രീയനിലപാടിലും മാറ്റംവന്നു. ധനമന്ത്രിമാരുടെ സമ്മേളനങ്ങളില്‍ ജി.എസ്.ടി.യെ ബി.ജെ.പി. എതിര്‍ത്തു. ഇതില്‍ മുന്‍പന്തിയില്‍നിന്നത് മധ്യപ്രദേശിലെ രാഘവ്ജി ആയിരുന്നു. ഇതിനായി അദ്ദേഹം ഒട്ടനവധി രേഖകള്‍ വിതരണംചെയ്തു. വാറ്റ് നിലവില്‍വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഗണ്യമായി പരിമിതപ്പെട്ടുകഴിഞ്ഞുവെന്നും അതുകൊണ്ട് ജി.എസ്.ടി. വഴി പുതിയതായി ഒന്നും നഷ്ടപ്പെടില്ലെന്നുമുള്ള എന്റെ വാദം വിലപ്പോയില്ല. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സേവനനികുതിയുടെമേലുള്ള അവകാശം പുതുതായി ലഭിക്കുകയാണു ചെയ്യുന്നത്. ഏതായാലും ഇതോടെ ധനമന്ത്രിമാരുടെ യോഗങ്ങളിലെ ചര്‍ച്ച സ്തംഭനത്തിലെത്തിച്ചേര്‍ന്നു.
ഇപ്പോള്‍ ബി.ജെ.പി. അധികാരത്തില്‍വന്നു. പാര്‍ലമെന്റില്‍പ്പോലും പൂര്‍ണമായി ചര്‍ച്ചചെയ്യാതെ നിയമം പാസാക്കണമെന്നുള്ള വാശിയിലാണ് അവര്‍ തുടങ്ങിയത്. 2011ല്‍ കരട് നിയമം അവതരിപ്പിച്ച കോണ്‍ഗ്രസ്സാകട്ടെ കൂടുതല്‍ പരിശോധന വേണമെന്ന നിലപാടിലേക്കും മാറി. അതിന് ഭരണഘടനാ ഭേദഗതി, രാജ്യസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്. മണ്‍സൂണ്‍ സമ്മേളനത്തില്‍ പാസാക്കപ്പെടുമെന്നുകരുതുന്നു.
നിയമഭേദഗതികളുടെ കടമ്പകള്‍ കടന്നാലും ജി.എസ്.ടി. നിരക്കടക്കമുള്ള പലകാര്യങ്ങളെക്കുറിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ചര്‍ച്ചമുഴുവന്‍ െറവന്യൂ ന്യൂട്രല്‍ റേറ്റിനെക്കുറിച്ചു മാത്രമാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന നിരക്കുവേണം എന്നത് വാദത്തിനുപോലും ആരും ഉയര്‍ത്തുന്നില്ല. എങ്കിലും ജി.എസ്.ടി. എത്രയുംനേരത്തേ വരട്ടെയെന്നാണ് എന്റെ ആഗ്രഹം. ഇന്നത്തെ കേരളത്തിന്റെ കുത്തഴിഞ്ഞ ധനകാര്യാവസ്ഥയില്‍ ഒരു പുതിയ തുടക്കംകുറിക്കാന്‍ ജി.എസ്.ടി. സഹായകരമാകും. 

Thursday, May 7, 2015

Swachh Bharat Abhiyan can take a lesson from Alappuzha: Left leader to Modi

Alappuzha is a sleepy old town situated between the great Vembanad lake and the sea, nearly 60 kilometres south of Kochi. The port town, established by the king of Travancore in the late 18th century, had grown along the two trunk canals connecting the port to the great lake. The web of canals in the city and its surroundings earned Alappuzha the name, “Venice of the East”. It became the major port and industrial town in southern Kerala. But by the 1970s, it began to resemble a ghost town, as its port was eclipsed by Kochi’s and the coir industry moved out. This decline continued till the late 1990s, when backwater tourism gave it a new lease of life. But by then, the canals had got silted and become garbage pits. The town also began to rapidly lose its architectural heritage, a process that has been marvellously documented by Laurie Baker through his inimitable sketches and comments in Alleppey — Venice of the East (1991).
The insanitary conditions made the town an abode of ill health. In the state with the longest life expectancy and lowest infant mortality, we had a paradox of high morbidity, dominated by environment-related traditional diseases. Alappuzha became notorious as one of the most unclean towns in Kerala, seriously jeopardising its future as a tourism centre. Things came to a head in 2001, when the transport of solid waste from the town to its central processing plant in the neighbouring panchayat was disrupted. Though called a processing plant, it was really a dumping yard and an environmental hazard. The local population rightfully protested and blocked the movement of waste. The streets of the town were littered with garbage. Finally, an agreement was brokered with the protestors, reducing waste movement from 50 tonnes a day to five tonnes. The municipality pursued an aggressive policy of landfilling within the town, an evidently unsustainable policy.
With centralised processing ruled out, at least for the time being, what was to be done? Scavenger’s Son (1947), the first novel of the Jnanpith award winner, Thakazhi Sivasankara Pillai, an illustrious son of Alappuzha, held a clue. The novel, narrating the story of three generations of scavengers of the town, created such a social stir that it put an end to the century-old institution of manual scavenging in Alappuzha. The human excreta dumping yard in Sarvodayapuram was used for other solid waste from the town. The human excreta depot shifted to latrines within the town itself. Almost all the houses in the town now have latrines that are either inbuilt or in the compound. This raised a simple question. If human excreta could be processed in our own houses, why not the little bit of kitchen waste? The town folk usually lumped together all sorts of waste into a plastic kit and demanded that the municipal corporation collect and process the garbage. It was the duty of the present generation of sanitation workers in the municipality to segregate the waste. A new edition of Scavenger’s Son was in order. \
That was how a people’s campaign for processing waste at the source was born. A change in mindset was required. Normally, all government programmes consider sanitation to be merely an issue of technological choice. This was our major point of departure. Our pilot project for 12 wards was funded by the sanitation mission of the government of Kerala. But then it was converted into a popular campaign for better sanitation.
The approach was simple. Every household was to instal a biogas plant or pipe compost to process its organic waste. Three wards have already achieved this. If, for some reason, a household was not able to process its waste, it should not be littering the street. Anybody caught doing so would be fined. The organic waste was to be brought to the collection points set up by the municipal corporation, which would compost it in aerobic compost bins installed in various parts of the city. The aerobic composting system in Alappuzha is an innovation by the Kerala Agricultural University where layers of organic waste and dry leaves are laid in a bin with sufficient ventilation. Inoculum cultured from cow dung is sprayed on dry leaves before a layer of organic waste is deposited over it. Each bin can process two tonnes of waste and in three months, high quality compost is ready. Instead of being garbage collectors and segregators, municipal workers now manage community compost bins.
Initially, wherever we attempted to put the compost bin, there was stiff local opposition and the plans had to be shelved. So we chose the worst garbage dumping areas in the town to set up our compost bins. Nobody objected. Nothing could be worse than the existing situation. These sites were cleared and the sheds housing the bins decorated with plants and murals. The artists of Kochi Biennale lent their support to the setting up of the largest community compost centre, WATSAN Park. All meetings of the sanitation campaign are normally held at this park. Visitors and curious onlookers are amazed that there is no smell. The place truly has been converted into a park, with a vertical garden, poly house and flower pots. Thus, we broke the backbone of the opposition to community compost bins.
There are two innovations worthy of mention in our biogas plant and pipe compost campaign. Heavily subsidised programmes have generally failed in Kerala and other parts of the country. There are two reasons for this. One, sufficient attention is not paid to user education. The service provider instals the plant, pockets the service charge and moves on. Even if user meetings are held, they are normally attended by men folk who do not handle the waste processing. Because of faulty handling, most plants break down after some time. Second, there is no local maintenance team that could respond quickly to plant breakdowns. Sooner or later, the biogas plants and pipe composts are discarded and can become another hazard. Our campaign involves intense, targeted awareness programmes and also a maintenance team of two or three trained women in every ward.
Commercial establishments are to segregate their waste and either process the organic refuse themselves or enter into a contract with a service provider to remove it. Most of the waste is further segregated as feed for fish, chicken or pigs. The rest is composted. Just through systematic segregation, most of the organic waste can be transformed into inputs for agriculture. The plastic waste is periodically collected and given to contractors for recycling. We intend to collect the e-waste and store it till the government establishes a centralised processing plant.
The resident associations and the neighbourhood women’s groups of Kudumbashree are the main organisational support for the campaign. There is also a band of committed local resource persons, many of whom are experts with technical competency. Schoolchildren organised in WATSAN clubs are the main sanitation messengers to households. Every second Saturday, student leaders meet to chalk out certain simple activities that can be undertaken. Songs, street plays, exhibitions, marches and so on are effectively utilised for environment creation.
Currently, efforts are being made to scale up the Alappuzha experience to the rest of Kerala. This is possible because Kerala has social advantages like total literacy, better healthcare, effective land reform and decent housing for almost everyone. Besides, because of better infrastructural conditions in the countryside, urbanisation does not lead to slum creation. This may not be the situation in most parts of our country. Nevertheless, there are significant lessons to be learned from Alappuzha.
We cannot claim that we have achieved total sanitation in Alappuzha. But the difference between the situation two years back and the present is too marked for anybody to miss. Today, the transport of waste to the centralised processing plant has completely stopped. But the city is clean.
The writer is CPM MLA of Alappuzha and former finance minister of Kerala
express@expressindia.com

Article published in Indian Express on October 17, 2014
http://indianexpress.com/article/opinion/columns/do-it-like-alappuzha/99/

ബജറ്റിന്റെ വിശ്വാസ്യത നശിപ്പിച്ച കെ എം മാണി


എല്‍.ഡി.എഫ്. സര്‍ക്കാറിന്റെകാലത്തെ ധനസ്ഥിതിയെ കള്ളക്കണക്കുകള്‍കൊണ്ടു താറടിക്കാന്‍ ധവളപത്രമിറക്കിയപ്പോഴാണ് 'കള്ളം, പച്ചക്കള്ളം, പിന്നെ കെ.എം. മാണിയുടെ കണക്കുകളും' എന്ന പുസ്തകമെഴുതിയത്. ഇത്രയ്ക്കുവേണ്ടിയിരുന്നോ എന്ന് സദുദ്ദേശ്യത്തോടെ പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. എന്നാല്‍, ധനമന്ത്രിയെന്നനിലയില്‍ കെ.എം. മാണിയുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എന്റെ വിമര്‍ശം കുറഞ്ഞുപോയെന്നാണു തോന്നുന്നത്. 

കഴിഞ്ഞ ബജറ്റ്പ്രസംഗം ഒരിക്കല്‍ക്കൂടി വായിക്കൂ. കേരളത്തില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടെന്നതിന്റെ ലാഞ്ഛനപോലും അതിലില്ല. 2012'13ല്‍ റവന്യൂകമ്മി 3406 കോടിയായി കുറഞ്ഞുവെന്നും (0.9 ശതമാനം) 2013'14ല്‍ അത് 2269 കോടിയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് അതില്‍ പ്രസ്താവിച്ചത്. എന്നാല്‍, എ.ജി.യുടെ കണക്കുവന്നപ്പോള്‍ 2012'13ല്‍ കമ്മി 9351 കോടി; സംസ്ഥാനവരുമാനത്തിന്റെ 2.46 ശതമാനം. 2013'14ലെ കമ്മി 11,308 കോടി; സംസ്ഥാനവരുമാനത്തിന്റെ 2.63 ശതമാനം. ഈ പ്രസംഗം നടത്തുമ്പോള്‍ 2013'14ല്‍ ജനവരി വരെയുള്ള വരവുചെലവുകണക്കുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മതിപ്പുകണക്കിനെക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികമാവുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി പറയാന്‍കഴിയും. എന്നാല്‍, അതിനു തുനിയാതെ കമ്മികുറച്ചുകാണിക്കാനുള്ള പൊള്ളക്കണക്കുകളാണു മന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിക്കുമോയെന്നതാണ് ബജറ്റ്രേഖകള്‍ പുറത്തുവരുമ്പോള്‍ നാം അന്വേഷിക്കേണ്ടത്. 

2013'14 ജനവരിവരെ നികുതിയായി 25,713 കോടിയേ പിരിഞ്ഞിരുന്നുള്ളൂ. പിരിക്കുമെന്നു പറഞ്ഞത് 38,771 കോടി; ലക്ഷ്യത്തിന്റെ 66 ശതമാനം മാത്രം. അടുത്ത രണ്ടുമാസംകൊണ്ട് ഏറിയാല്‍ ഒരു ആറായിരം കോടികൂടി പിരിക്കാന്‍കഴിയും. എന്നാല്‍, ധനമന്ത്രി ഏതാണ്ട് 10,000 കോടി കൂടുതല്‍ പിരിക്കുമെന്നാണു കണക്കാക്കിയത്. അവസാനം കണക്കുവന്നപ്പോള്‍ പിരിഞ്ഞത് 31,995 കോടിമാത്രം. തൊട്ടടുത്തവര്‍ഷത്തെ (2014'15) ബജറ്റ് നേരത്തേ സൂചിപ്പിച്ച പൊള്ളക്കണക്കിനെ അടിസ്ഥാനമാക്കിയാണുണ്ടാക്കിയത്. 42,467 കോടി നികുതിയായി പിരിക്കുമത്രേ. മുന്‍വര്‍ഷം പിരിച്ച നികുതിയെക്കാള്‍ ഏതാണ്ട് 33 ശതമാനം കൂടുതല്‍. പക്ഷേ, ഈ പൊള്ളക്കണക്കിന്റെ അടിസ്ഥാനത്തിലാണ് നടപ്പുവര്‍ഷത്തെ വരുമാനം കണക്കാക്കിയത്. ഇപ്പോള്‍ നമുക്ക് യഥാര്‍ഥസ്ഥിതിയറിയാം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലം 11 ശതമാനം, അതായത് ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്നുവേഗത്തില്‍ മാത്രമാണ് നികുതിവരുമാനം കൂടിക്കൊണ്ടിരിക്കുന്നത്. 

എന്തായിരുന്നു ഇതിന്റെ ഫലം? ബജറ്റവതരിപ്പിച്ച് ആറുമാസം കഴിയുമ്പോള്‍ത്തന്നെ സംസ്ഥാനം അതിരൂക്ഷമായ ധനകാര്യപ്രതിസന്ധിയിലാണെന്ന് ധനവകുപ്പിന് അംഗീകരിക്കേണ്ടിവന്നു. ദൈനംദിനചെലവിനുള്ള റവന്യൂ വരുമാനമില്ലാതെവന്നപ്പോള്‍ വായ്പയെടുത്ത പണംമുഴുവന്‍ ഇതിനായുപയോഗിക്കേണ്ടിവന്നു. തന്മൂലം കരാറുകാര്‍ക്കു നല്‍കാന്‍ പണമില്ലാതായി. കാര്യങ്ങളിങ്ങനെ നിയന്ത്രണമില്ലാതെപോയാല്‍ അടുത്ത ഏപ്രിലില്‍ ട്രഷറി പൂട്ടിയിടേണ്ടിവരുമെന്ന് ധനവകുപ്പ് മന്ത്രിസഭയ്ക്കു കുറിപ്പുനല്‍കി. അംഗീകരിച്ച ബജറ്റിനുപുറത്ത് 2500ഓളം കോടിയുടെ നികുതി നിയമസഭപോലും ചേരാതെ അടിച്ചേല്‍പ്പിക്കേണ്ടിവന്നു. ചെലവുകള്‍ക്ക് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തി. 

ഈ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ ബജറ്റിലും ധനമന്ത്രി തന്റെ പതിവു കലാപരിപാടിതന്നെ തുടരുമോയെന്നതാണ് ഗൗരവമായ ചോദ്യം. കേരള ബജറ്റ് രേഖകള്‍ ലഭിക്കുമ്പോള്‍ ഞാനാദ്യം നോക്കുന്നത് 2014'15ല്‍ പുതുക്കിയ നികുതിവരുമാനം എത്രയാണെന്നായിരിക്കും. ബജറ്റ് അവതരണവേളയില്‍ 42,467 കോടി നികുതി പിരിക്കുമെന്നാണ് കെ.എം. മാണി അവകാശപ്പെട്ടത്. ജനവരിവരെയുള്ള നികുതിപിരിവ് കേവലം 28,496 കോടിയാണ്. അടുത്ത രണ്ടുമാസംകൊണ്ട് ഏറിയാല്‍ 6,500 കോടി പിരിക്കാന്‍ പറ്റും. അപ്പോള്‍ 2014'15ലെ നികുതിവരുമാനം 34,500 കോടിവരും. ലക്ഷ്യമിട്ടതിനെക്കാള്‍ 7500 കോടി നികുതി കുറവ്. ഇതാണവസ്ഥയെങ്കില്‍ റവന്യൂ കമ്മി ധനവകുപ്പുതന്നെ മന്ത്രിസഭയ്ക്കു നല്‍കിയ കുറിപ്പില്‍ പറഞ്ഞതുപോലെ15,000 കോടിയെങ്കിലും വരും. സംസ്ഥാനവരുമാനത്തിന്റെ 3.3 ശതമാനത്തോളംവരും ഈ തുക. റവന്യൂകമ്മിയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡിടുകയാണ് കെ.എം. മാണി. ഞാന്‍ കാത്തിരിക്കുന്ന മറ്റൊരുകാര്യമുണ്ട്. 201415ലെ വാര്‍ഷികപദ്ധതിയുടെ എത്രകോടി രൂപ ചെലവഴിക്കുമെന്നാണ് ധനമന്ത്രി കരുതുന്നത്? ട്രഷറി കണക്കുപ്രകാരം ജനവരി അവസാനംവരെ ചെലവഴിച്ചത് സംസ്ഥാനപദ്ധതിയുടെ അടങ്കലിന്റെ 32 ശതമാനം മാത്രമാണ്. എന്തു സര്‍ക്കസ്സുകാണിച്ചാലും 60 ശതമാനത്തിനപ്പുറം ചെലവഴിക്കാനാവില്ല. ഇതംഗീകരിക്കുമോ അതോ കള്ളക്കണക്കില്‍ മറച്ചുവെയ്ക്കുമോ? മാധ്യമശ്രദ്ധയില്‍വരാത്ത ഒരു സുപ്രധാന ഓര്‍ഡര്‍ സമീപകാലത്ത് ധനവകുപ്പില്‍നിന്നിറങ്ങി. അതുപ്രകാരം പദ്ധതിയടങ്കല്‍ ചെലവഴിക്കാനുള്ള കാലാവധി അടുത്ത സപ്തംബര്‍വരെ നീട്ടിയിരിക്കയാണ്. ഇതു തികച്ചും ഭരണഘടനാവിരുദ്ധമായ നടപടിയാണ്. ബജറ്റെന്നാല്‍ സംസ്ഥാനസര്‍ക്കാറിന്റെ വാര്‍ഷികവരവുചെലവുകണക്കാണ്. ഇതിപ്പോള്‍ സര്‍ക്കാര്‍ ഒന്നരവര്‍ഷത്തെ ചെലവുകണക്കാക്കിമാറ്റിയിരിക്കയാണ്. പുതിയ ഉത്തരവുപ്രകാരം അടുത്ത സപ്തംബര്‍ 30നുള്ളില്‍ ചെലവഴിച്ചുതീര്‍ക്കാന്‍ പറ്റുന്ന തുക കാര്യകാരണസഹിതം ഫിനാന്‍സ് വകുപ്പിലറിയിച്ചാല്‍ അവരത് പ്രത്യേക ഇലക്‌ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടില്‍ വകകൊള്ളിക്കുമത്രേ. പണം ലാപ്‌സാവില്ല. അടുത്ത സപ്തംബറിനുള്ളില്‍ സാധാരണ നടപടിക്രമങ്ങള്‍പാലിച്ചുകൊണ്ട് അതു ചെലവഴിച്ചാല്‍ മതി. ഡിപ്പാര്‍ട്ട്‌മെന്റുകളുടെ കഴിവുകേടുകൊണ്ടാണ് പണം സമയത്തു ചെലവഴിച്ചുതീരാത്തതെന്നാണ് ധനവകുപ്പിന്റെ ഭാവം. യഥാര്‍ഥത്തില്‍ ട്രഷറിയില്‍ പണമില്ലാത്തതുകൊണ്ട് വകുപ്പുകളുടെ ചെലവിനുമേല്‍ കടിഞ്ഞാണിട്ടിരിക്കയാണ്. വായ്പയെല്ലാമെടുത്തുതീര്‍ത്തതുകൊണ്ട് ഇനിയൊട്ടു പണമുണ്ടാകാനുംപോകുന്നില്ല. അതുകൊണ്ടാണ് സപ്തംബര്‍വരെ പദ്ധതി നീട്ടിയത്. ?

2015'16 ശമ്പളപരിഷ്‌കരണവര്‍ഷമാണ്. ഇതിനുള്ള പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടോയെന്നതാണ് മറ്റൊരു സുപ്രധാന ചോദ്യം. കണക്കൊപ്പിക്കാന്‍ ശമ്പളപരിഷ്‌കരണം അടുത്തവര്‍ഷം അട്ടത്തുവെയ്ക്കാനാണ് കൂടുതല്‍ സാധ്യത. മുഖംരക്ഷിക്കാന്‍വേണ്ടി കഴിഞ്ഞവര്‍ഷത്തെപ്പോലെ പൊള്ളക്കണക്കുകളായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക. ബജറ്റ് നിര്‍ദേശങ്ങളെ അഴിമതിക്കുള്ള ഉപായമാക്കിമാറ്റിയെന്ന പ്രതിപക്ഷവിമര്‍ശം അഭൂതപൂര്‍വമായൊരു പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. ഈ അഴിമതിമൂലം ബജറ്റവതരിപ്പിക്കാനുള്ള ധാര്‍മികാവകാശം ധനമന്ത്രിക്കില്ല. അതോടൊപ്പം ബജറ്റ്രേഖയെ ധനമന്ത്രി പ്രഹസനമാക്കിമാറ്റിയെന്നാണെന്റെ ആക്ഷേപം. കഴിഞ്ഞവര്‍ഷം അതൊരു പ്രഹസനമായിരുന്നെങ്കില്‍ ഈ വര്‍ഷം അതൊരു ദുരന്തമായിമാറുമെന്നതിന് ഒരുസംശയവുംവേണ്ട. ഇതെല്ലാം 2014'15ലെ കണക്കുകള്‍ സംബന്ധിച്ചല്ലേ, 2015'16ലെ ബജറ്റ് കണക്കുകളില്‍ ഇതെങ്ങനെ ബാധകമാകുമെന്നത് ന്യായമായചോദ്യമാണ്. 2014'15ല്‍ നികുതിവരുമാനം യഥാര്‍ഥത്തില്‍ 34,500 കോടിക്കപ്പുറംവരില്ല എന്നുപറഞ്ഞല്ലോ. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ചെയ്തപോലെതന്നെ 33 ശതമാനത്തിലേറെ നികുതിവരുമാനവര്‍ധനയുണ്ടാകുമെന്നുള്ള അനുമാനത്തില്‍ 2015'16ലെ നികുതിവരുമാനം പെരുപ്പിച്ചുകാട്ടുകയാണെങ്കില്‍ ഈവര്‍ഷം നടന്നതിന്റെ തനിയാവര്‍ത്തനമായിരിക്കും 2015'16ലും നടക്കുക. 

ഈ സാഹചര്യത്തില്‍ ഏതുതരത്തിലുള്ള വികസനപ്രവര്‍ത്തനമാണ് സര്‍ക്കാറിന് ഏറ്റെടുക്കാനാവുക? സാധാരണഗതിയിലുള്ള പദ്ധതികളുണ്ടാകും. അതിനപ്പുറം കേരളത്തിന്റെ വികസനം ത്വരപ്പെടുത്താനുതകുന്ന ഭാവനാപൂര്‍ണമായ ഒരുപദ്ധതിക്കും പണമുണ്ടാകില്ല. തിരഞ്ഞെടുപ്പുവര്‍ഷമായതുകൊണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകും. പ്രചാരണത്തിനപ്പുറം ഇവയൊന്നും ഫലിക്കില്ല. ? ? കഴിഞ്ഞവര്‍ഷം ബജറ്റ് പ്രസംഗത്തില്‍ പുതുതായി പ്രഖ്യാപിച്ച ഏതെങ്കിലുമൊരു പദ്ധതി നടപ്പാക്കിയതായി ആര്‍ക്കെങ്കിലും പറയാമോ? ബജറ്റ് പ്രസംഗത്തിന്റെ വിശ്വാസ്യത പൂര്‍ണമായി യു.ഡി.എഫ്. തകര്‍ത്തിരിക്കയാണ്. കേവലം പ്രചാരണപ്രസംഗങ്ങളായി അവ അധഃപതിച്ചു. ഇതു വലിയ ദുര്യോഗമാണ്. കേരളവികസനത്തിനു വലിയ ആഘാതമാണ് യു.ഡി.എഫ്. സര്‍ക്കാറും സംഘവും ഏല്‍പ്പിച്ചിട്ടുള്ളത്. 

Saturday, May 2, 2015

ട്രഷറി രക്ഷപ്പെട്ടത് എങ്ങനെ?

ധനവിചാരം, മാതൃഭൂമി ഏപ്രില്‍ 29, 2015

ഏപ്രില്‍മാസത്തില്‍ ട്രഷറി പൂട്ടേണ്ടിവരുമെന്നാണു പ്രവചിച്ചിരുന്നത്. എന്റെമാത്രമല്ല, ധനകാര്യവകുപ്പിന്റെ വിലയിരുത്തലും ഇതുതന്നെയായിരുന്നു. ധനകാര്യപ്രതിസന്ധിയെക്കുറിച്ചുള്ള കാബിനറ്റ് കുറിപ്പ് എത്തിച്ചേര്‍ന്ന നിഗമനം ഇങ്ങനെയായിരുന്നു: ''വര്‍ഷാവസാനം റവന്യൂകമ്മി 16,533 കോടി രൂപയ്ക്കും 23,724 കോടി രൂപയ്ക്കും ഇടയ്ക്കായിരിക്കും. 2014'15ലെ വര്‍ഷാന്ത്യ ട്രഷറി നീക്കിബാക്കി െമെനസ് 1000 കോടി രൂപയായിരിക്കും. സാധാരണഗതിയില്‍ ഏപ്രില്‍മാസത്തിലെ വരുമാന ഒഴുക്ക് വളരെ മന്ദഗതിയിലായിരിക്കും. ഈ പശ്ചാത്തലത്തില്‍ 2015 ഏപ്രില്‍മാസം ആദ്യം ട്രഷറി അടയ്‌ക്കേണ്ടിവരും.''
 

നാം ഏപ്രില്‍മാസം പിന്നിടുകയാണ്. ഒന്നും സംഭവിച്ചില്ല. ഇനിയിപ്പോള്‍ മെയ്മാസംമുതല്‍ കേന്ദ്രസഹായം ലഭിച്ചുതുടങ്ങും. ഏപ്രില്‍മാസത്തിലെ നികുതിവരുമാനത്തില്‍ ഗണ്യമായൊരുപങ്ക് അഡ്വാന്‍സ് നികുതിയായി മാര്‍ച്ചില്‍ പിരിച്ചിട്ടുണ്ട്. ഇതുമൂലമാണ് ഏപ്രിലില്‍ വരുമാനത്തിന്റെ ഒഴുക്കു കുറയുന്നത്. മെയ്മാസംമുതല്‍ നികുതിവരുമാനവും വര്‍ധിക്കും. സംസ്ഥാനട്രഷറി വലിയൊരു കടമ്പകടന്നിരിക്കുന്നു. ഇതെങ്ങനെ ഒപ്പിച്ചു?

സംസ്ഥാനത്തിന്റെ വരുമാനത്തിലൊരു എടുത്തുചാട്ടമുണ്ടായതുകൊണ്ടാണോ പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞത്? പ്രതിസന്ധിയുടെ പേരുപറഞ്ഞ് 2166 കോടി രൂപയുടെ അധികനികുതിഭാരം ചുമത്തണമെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചിരുന്നത്. ഇത് ഏതാണ്ട് കാബിനറ്റ് അംഗീകരിക്കുകയുംചെയ്തു. ഇതിനുപുറമെ വാട്ടര്‍ ചാര്‍ജ് വര്‍ധനപോലുള്ള നികുതിയിതരമാര്‍ഗങ്ങളിലൂടെയും പണം സമാഹരിക്കുന്നതിന് വലിയ ശ്രമം നടന്നു. ഇതൊക്കെയുണ്ടായിട്ടും ബജറ്റില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ തോതിലാണ് സംസ്ഥാനവരുമാനം വര്‍ധിച്ചത്.

സംസ്ഥാനസര്‍ക്കാറിന്റെ പ്രധാനപ്പെട്ട നികുതിവരുമാനങ്ങളുടെ മാര്‍ച്ച് അവസാനംവരെയുള്ള കണക്ക് ലഭ്യമായിട്ടുണ്ട്. വില്പനനികുതി, മോട്ടോര്‍വാഹനനികുതി, എക്‌സൈസ് നികുതി, സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷനും എന്നിവയാണ് സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട നികുതിവരുമാനം. ഈ നികുതിയിനങ്ങളില്‍ 46,531 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് 2014'15ലെ ബജറ്റില്‍ കണക്കാക്കിയത്. എന്നാല്‍, ലഭ്യമായ കണക്കുപ്രകാരം അത് 34,226 കോടി രൂപയാണ്; 26.5 ശതമാനം കുറവ്.
2013'14നെയപേക്ഷിച്ച് 32.7 ശതമാനം നികുതിവരുമാനം വര്‍ധിക്കുമെന്ന അനുമാനത്തിലാണ് ബജറ്റ് തയ്യാറാക്കിയത്. എന്നാല്‍, യഥാര്‍ഥത്തില്‍ വര്‍ധിച്ചത് കേവലം 8.5 ശതമാനം മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട നികുതിവരുമാനമായ വില്പനനികുതിയില്‍ 11.5 ശതമാനമേ വര്‍ധനയുണ്ടായുള്ളൂ. എക്‌സൈസും സ്റ്റാമ്പ് ഡ്യൂട്ടിയുമാകട്ടെ, ഏതാണ്ട് എട്ടുശതമാനംവീതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞു. ബജറ്റിലും ബജറ്റിനുപുറത്തും അടിച്ചേല്‍പ്പിച്ച നികുതിനിരക്കുവര്‍ധനയില്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി! നികുതിപിരിവ്, ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം ആകെ കുത്തഴിഞ്ഞു.

വരുമാനം വര്‍ധിക്കാതിരുന്നിട്ടും റവന്യൂവരുമാനം മുരടിച്ചുനിന്നിട്ടും എങ്ങനെയാണ് ധനവകുപ്പുതന്നെ പ്രവചിച്ച പ്രതിസന്ധി ഒഴിവാക്കാന്‍കഴിഞ്ഞത്? ഇതിനുപയോഗിച്ച ട്രിക്കുപോലെ മറ്റൊന്ന് ഇന്ത്യയുടെ ധനകാര്യചരിത്രത്തിലില്ല. ഇതിന് ഫിനാന്‍സ് സെക്രട്ടറിയെ അഭിനന്ദിക്കേണ്ടതുണ്ട്. ബജറ്റ് നിഘണ്ടുവില്‍ മൂന്നുതരം അക്കൗണ്ടുകളാണുള്ളത്. കണ്‍സോളിഡേറ്റഡ് ഫണ്ട്, കണ്ടിജെന്‍സി ഫണ്ട്, പബ്ലിക് അക്കൗണ്ട്. കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് സര്‍ക്കാറിന്റെ എല്ലാ വരുമാനവും വരിക. നിയമസഭയുടെ അനുവാദത്തോടെയാണ് ഇതില്‍നിന്ന് എല്ലാ ചെലവും നടത്തുന്നത്. ഇനി അവിചാരിതമായൊരു ചെലവിന് അത്യാവശ്യം പണം വേണ്ടിവന്നുവെന്നിരിക്കട്ടെ, ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ടിജെന്‍സി ഫണ്ടില്‍നിന്നെടുത്ത് ചെലവാക്കാം. ഇതിനുപുറമേ സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിക്കാന്‍ ജനങ്ങളും സ്ഥാപനങ്ങളും നല്‍കുന്ന പണമുണ്ട്. പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍, കരാറുകാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ട്രഷറി സേവിങ്‌സ് ഡെപ്പോസിറ്റ് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും. ഇവയില്‍നിന്ന് ഓരോ വര്‍ഷവുമുണ്ടാകുന്ന അധികനിക്ഷേപം പബ്ലിക് അക്കൗണ്ടില്‍നിന്നുള്ള വായ്പയായിട്ടാണ് ബജറ്റില്‍ വരവുവെയ്ക്കുക.

ഇവയല്ലാതെ പുതിയൊരേര്‍പ്പാട് ഈവര്‍ഷം തുടങ്ങിയിരിക്കയാണ്. ഇതിനു നല്‍കിയിരിക്കുന്ന പേരാണ് ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട്. ധനകാര്യവര്‍ഷംമുഴുവന്‍ പദ്ധതിച്ചെലവുകളുടെമേല്‍ കര്‍ശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് വകുപ്പുകള്‍ക്കും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും പണം ചെലവഴിക്കാന്‍ കഴിഞ്ഞില്ല. സാധാരണ എല്ലാവര്‍ഷവും നടക്കുന്നതുപോലെ മാര്‍ച്ചുമാസത്തില്‍ ഇവരെല്ലാം പണത്തിനുവന്ന് തിക്കും തിരക്കുംകൂട്ടിയാല്‍ കൊടുക്കാന്‍ പണമുണ്ടാകില്ല. വകുപ്പുകള്‍ക്കവകാശപ്പെട്ട പണം കൊടുക്കില്ലെന്നുപറഞ്ഞാല്‍ മന്ത്രിമാരടക്കം പ്രതിഷേധിക്കും. ഇതിനു പരിഹാരമായിട്ടാണ് ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട് കണ്ടുപിടിച്ചത്. 2014'15ലെ പദ്ധതിയില്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമനുവദിച്ച പണം മാര്‍ച്ചിനകം ചെലവാക്കിയില്ലെങ്കില്‍ അത് ലാപ്‌സാവുകയില്ല. വകുപ്പുകളും സ്ഥാപനങ്ങളും ഈ പണം അടുത്തവര്‍ഷം ചെലവഴിക്കാന്‍ ആവശ്യമുണ്ടെന്നുപറഞ്ഞ് ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയാല്‍മതി. 2015'16ലെ ബജറ്റില്‍ ഇവയ്ക്കായി പ്രത്യേക വകയിരുത്തലുകളില്ലെങ്കിലും സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് അവര്‍ക്ക് ലെഡ്ജര്‍ അക്കൗണ്ടിലുള്‍പ്പെടുത്തിയ സ്‌കീമുകള്‍ക്കുള്ള പണം പിന്‍വലിച്ച് ചെലവഴിക്കാം. നിയമസഭ ഒരുവര്‍ഷത്തേക്കാണ് ബജറ്റ് പാസാക്കുന്നത്. കെ.എം. മാണി അത് രണ്ടുവര്‍ഷത്തേക്കുള്ള ബജറ്റാക്കി മാറ്റി.
ഇപ്പോള്‍ ലഭ്യമായ കണക്കുപ്രകാരം 2015'16ലെ പദ്ധതിച്ചെലവിലെ ഇടിവ് ഞെട്ടിക്കുന്നതാണ്. സംസ്ഥാന പദ്ധതിയടങ്കല്‍ 15,300 കോടി രൂപയാണ്. വകുപ്പുകള്‍ ട്രഷറിയില്‍നിന്നു പിന്‍വലിച്ചിട്ടുള്ളത് 4,541 കോടി രൂപ മാത്രമാണ്. എന്നുവെച്ചാല്‍ പദ്ധതിയടങ്കലിന്റെ 29.7 ശതമാനംമാത്രം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 43ശതമാനം തുക മാത്രമാണ് ട്രഷറിയില്‍നിന്നു പിന്‍വലിച്ച് ചെലവാക്കിയത്. രണ്ടിന്റെയുംകൂടി ശരാശരിയെടുത്താല്‍ പദ്ധതിച്ചെലവ് അടങ്കലിന്റെ 32.38 ശതമാനംമാത്രം. ട്രഷറി പൂട്ടാതിരുന്നതിനു കാരണമിതാണ്. ഈവര്‍ഷത്തെ പദ്ധതിനടത്തിപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റിയിരിക്കയാണ്. പദ്ധതി വെട്ടിക്കുറച്ചു എന്ന അപഖ്യാതി പ്ലാനിങ് ബോര്‍ഡിനുമില്ല.

ധനവകുപ്പ് മറ്റൊരുകാര്യംകൂടി ചെയ്തു. കേന്ദ്രസര്‍ക്കാര്‍ 14,000 കോടി രൂപ വായ്പയെടുക്കാനാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഈ വായ്പമുഴുവന്‍ എടുത്തു. ഇതിനുപുറമേ വലിയതോതില്‍ പബ്ലിക് അക്കൗണ്ട് വഴി വായ്പയെടുത്തു. ബജറ്റവതരിപ്പിച്ചപ്പോള്‍ 821 കോടി രൂപയാണ് ട്രഷറി സേവിങ്‌സ് ബാങ്കുവഴി ഇങ്ങനെ വായ്പയെടുക്കുമെന്നു പറഞ്ഞിരുന്നത്. എന്നാല്‍, പുതുക്കിയ കണക്കുപ്രകാരം 2300 കോടി രൂപയാണ് പബ്ലിക് അക്കൗണ്ടു വഴിയുള്ള വായ്പ. അവസാനകണക്ക് വരുമ്പോള്‍ ഇതിലും കൂടുതലാകാനാണു സാധ്യത. സാമൂഹികക്ഷേമഫണ്ടുകള്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ട്രഷറിയില്‍ പണം നിക്ഷേപിച്ചു. തദ്ദേശഭരണസ്ഥാപനങ്ങളുടെ പരിശീലനത്തിനായി സ്ഥാപിച്ചിട്ടുള്ള 'കില'യെക്കൊണ്ട് സ്വത്തുക്കള്‍ പണയംവെച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള ശ്രമംനടത്തി. ഇങ്ങനെ എവിടന്നെല്ലാം കൈയിട്ടുവാരിയെന്ന് നമുക്കിപ്പോഴുമറിയില്ല.
ഏതായാലും ട്രഷറിവഴി വായ്പയെടുക്കാനുള്ള വെപ്രാളത്തിന് ഒരു കാവ്യനീതിയുെണ്ടന്നു പറയാതെ നിര്‍വാഹമില്ല. ട്രഷറി സേവിങ്‌സ് ബാങ്കിനെ പൊളിക്കുന്ന സമീപനമാണ് യു.ഡി.എഫ്. ഇതുവരെ സ്വീകരിച്ചുവന്നത്. സര്‍ക്കാര്‍പണം മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് എല്‍.ഡി.എഫ്. കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കനുകൂലമായ നിലപാടായിരുന്നു യു.ഡി.എഫ്. സര്‍ക്കാറിന്റെത്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറി അക്കൗണ്ടുവഴി നല്‍കുന്നതിനുവേണ്ടിയുള്ള വിശദമായൊരു പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കി. ഇതുവഴി പ്രതിവര്‍ഷം ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാഷ് ബാലന്‍സായി ഒരു 2000കോടി രൂപയെങ്കിലും സര്‍ക്കാറിന് പലിശരഹിതനിക്ഷേപമായി ലഭിക്കുമായിരുന്നു. ട്രഷറി സേവിങ്‌സ് ബാങ്കിനുപകരം ബാങ്കുകളുടെ അക്കൗണ്ടുവഴി ശമ്പളം നല്‍കാനാണ് കെ.എം. മാണി ഉത്തരവിട്ടത്. ഇങ്ങനെ ട്രഷറി സേവിങ്‌സ് ബാങ്കിന്റെ സാധ്യതകളെ കൊട്ടിയടച്ചവര്‍ ആപദ്ഘട്ടത്തില്‍ സേവിങ്‌സ് ബാങ്ക് ശരണം ഗച്ഛാമി ചൊല്ലിനടക്കുകയാണ്.

ഇങ്ങനെ വാങ്ങിക്കൂട്ടിയ കടം മൂലധനനിക്ഷേപത്തിനായിട്ടല്ല ഉപയോഗിച്ചത്. ബജറ്റ്പ്രകാരം 6,636 കോടി രൂപയായിരുന്നു മൂലധനച്ചെലവുകള്‍. എന്നാല്‍, ഫിബ്രവരി അവസാനംവരെ ഇതിന്റെ പകുതി തുകപോലും ചെലവാക്കിയില്ല. വായ്പയെടുത്തതില്‍ സിംഹപങ്കും സര്‍ക്കാറിന്റെ നിത്യദാനച്ചെലവുകള്‍ക്കുവേണ്ടിയായിരുന്നു, റവന്യൂകമ്മി നികത്താനായിരുന്നു. എ.ജി.യുടെ കണക്കുപ്രകാരം, ഫിബ്രവരിമാസം അവസാനിച്ചപ്പോള്‍ റവന്യൂകമ്മി 9,875 കോടി രൂപയാണ്. മാര്‍ച്ചുമാസത്തെ ചെലവുകൂടി കണക്കിലെടുക്കുമ്പോള്‍ എന്റെ മതിപ്പുകണക്ക് റവന്യൂകമ്മി 12,00015,000 കോടി വരുമെന്നാണ്. ഇതൊരു സര്‍വകാല റെക്കോഡാണ്. എന്നിട്ടും ഒരുളുപ്പുമില്ലാതെ പുതിയ ഹൈസ്‌കൂളുകളും പ്ലസ്ടുവിന് പുതിയ ബാച്ചുകളും അനുവദിച്ചുകൊണ്ടിരിക്കയാണ്. ഈ നിരുത്തരവാദപരമായ പെരുമാറ്റംമൂലം ധനകാര്യകമ്മീഷന്റെ ഗ്രാന്റിലൊരുഭാഗം കേരളത്തിനു നഷ്ടപ്പെടാനാണു സാധ്യത. ധനപ്രതിസന്ധി ഈവര്‍ഷം കൂടുതല്‍ രൂക്ഷമാകും. 2015'16ലെ വാര്‍ഷികപദ്ധതി നടപ്പാക്കിയാല്‍മാത്രം പോരല്ലോ, കഴിഞ്ഞവര്‍ഷത്തെ പദ്ധതി ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടില്‍ കിടക്കുകയല്ലേ. അതിനും പണം കണ്ടെത്തണം. എവിടെനിന്ന്? ഇതുപോലെ ധനപരമായ അരാജകത്വം നടമാടിയ മറ്റൊരുകാലം കേരളത്തിലുണ്ടായിട്ടില്ല. 

Monday, March 23, 2015

നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിയ്ക്കു പുറത്തായതെങ്ങനെ?

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയ നാള്‍മുതല്‍ ബി.എസ്.എന്‍.എല്ലിന്റെ വരിക്കാരനാണ് ഞാന്‍. മറ്റ് മൊബൈല്‍ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിലും മോഹനവാഗ്ദാനങ്ങളിലും വീഴാതെ ഇപ്പോഴും ഈ പൊതുമേഖലാസ്ഥാപനത്തെ ആശ്രയിക്കുന്ന ലക്ഷോപലക്ഷം മലയാളികള്‍ വേറെയുമുണ്ട്. ഞങ്ങളെല്ലാവരും കഴിഞ്ഞ രണ്ടുവര്‍ഷമായി അസംതൃപ്തരാണ്. പലരെയും വിളിച്ചാല്‍ കിട്ടുന്നില്ല. നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌െ്രെകബര്‍ പരിധിക്ക് പുറത്താണെന്ന മറുപടികേട്ട് മടുത്തു. ആളെ കിട്ടിയാല്‍ത്തന്നെ പലപ്പോഴും സംഭാഷണം മുറിഞ്ഞ് നിന്നുപോകുന്നു. ഡല്‍ഹിയിലെ കേരളാഹൗസിലും ആലപ്പുഴ റെസ്റ്റ്ഹൗസിലും ഒരേ അനുഭവം. മറ്റ് സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വരിക്കാര്‍ ബി.എസ്.എന്‍.എല്ലിനെ ഉപേക്ഷിച്ചപ്പോഴും കേരളം വേറിട്ടുനിന്നു. കഴിഞ്ഞവര്‍ഷവും കേരളത്തിലെ ബി.എസ്.എന്‍.എല്‍. 432 കോടി രൂപ ലാഭമുണ്ടാക്കി. പക്ഷേ, സ്ഥിതി അത്ര ഭദ്രമല്ല. ഡിസംബറില്‍ 1408 വരിക്കാര്‍ കുറഞ്ഞു എന്നൊരു വാര്‍ത്തകണ്ടു. 

ബി.എസ്.എന്‍.എല്ലിന്റെ സ്വകാര്യവത്കരണത്തെക്കുറിച്ചും സ്വത്തുക്കള്‍ മറ്റൊരു കമ്പനിക്ക് കൈമാറുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ടവറുകളും എക്‌സ്‌ചേഞ്ചുകളും ഔട്ട്‌സോഴ്‌സ് ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കിത്തുടങ്ങിയെന്ന് യൂണിയനുകള്‍ ആക്ഷേപിക്കുന്നു. കമ്പനി രക്ഷപ്പെടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടണമെന്ന അഭിപ്രായവുമായി ഒരു വിദേശ കണ്‍സള്‍ട്ടന്റും രംഗപ്രവേശം ചെയ്തുകഴിഞ്ഞു. 

ജീവനക്കാരുടെ എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന് വാദിക്കുന്നവര്‍ ഒരുകാര്യം മറക്കുന്നു. മറ്റ് ടെലിഫോണ്‍ കമ്പനികളെ അപേക്ഷിച്ച് അതിവിപുലമായ ലാന്‍ഡ്‌ലൈന്‍ നെറ്റ്വര്‍ക്ക് പരിപാലിക്കേണ്ട ചുമതല ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കുണ്ട്. കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഇത്രയും ജീവനക്കാരുണ്ടായിരുന്നു. മാത്രമല്ല, സമീപകാലത്തൊന്നും ശമ്പളച്ചെലവില്‍ വലിയ വര്‍ധനയൊന്നും ഉണ്ടായിട്ടുമില്ല. 2009'10ല്‍ 13,500 കോടി രൂപയായിരുന്ന ശമ്പളച്ചെലവ് 2012'13ല്‍ 13,700 കോടി രൂപയായി. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 2007'08ല്‍ 32,800 കോടി രൂപയായിരുന്ന വരുമാനം 2012'13ല്‍ 25,600 കോടി രൂപയായി താണു. കമ്പനി നേരിടുന്ന യഥാര്‍ഥ പ്രശ്‌നം വരുമാനത്തിലുണ്ടായ ഇടിവാണ്. 

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ധിക്കുന്ന സമയത്ത് ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണം എന്തുകൊണ്ട് കുറയണം? 2008ല്‍ വരിക്കാരുടെ എണ്ണത്തില്‍ ബി.എസ്.എന്‍.എല്ലിന് രണ്ടാംസ്ഥാനമായിരുന്നു. ഇന്നത് അഞ്ചാംസ്ഥാനമായി. താരതമ്യേന മെച്ചപ്പെട്ട റെക്കോഡുള്ള കേരളത്തില്‍പ്പോലും ബി.എസ്.എന്‍.എല്‍. വിഹിതം 2005ല്‍ 47 ശതമാനമായിരുന്നത് 11 ശതമാനമായി താഴ്ന്നിരിക്കുന്നു. 

ഉപഭോക്താക്കളുടെ അസംതൃപ്തിക്ക് കാരണം ജീവനക്കാരുടെ കാര്യശേഷിയുടെ കുറവും അര്‍പ്പണബോധമില്ലായ്മയുമാണെന്ന് ഞാന്‍ പറയില്ല. പഴഞ്ചന്‍ സാമഗ്രികളും സാങ്കേതികവിദ്യയുടെ നവീകരണത്തിന്റെ അഭാവവുമാണ് വില്ലന്‍വേഷത്തിലുള്ളത്. ഇന്നത്തെ വമ്പന്‍ സ്വകാര്യകമ്പനികളുടെയെല്ലാം നല്ലൊരു പങ്കും ബി.എസ്.എന്‍.എല്ലില്‍നിന്ന് റാഞ്ചിയതാണ്. സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി അഴിമതിക്കാരായ മേധാവികളും രാഷ്ട്രീയലോബിയുംകൂടി പൊതുമേഖലയുടെ നവീകരണത്തെ തുരങ്കംവെച്ച കഥയാണ് ബി.എസ്.എന്‍.എല്ലിന്റെ ചരിത്രം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റല്‍ സര്‍വീസിനെ 1990കളിലാണ് മൂന്നായി വിഭജിച്ചത്. ബോംബെ, ഡല്‍ഹി നഗരങ്ങള്‍ക്കുവേണ്ടിയുള്ള എം.ടി.എന്‍.എല്‍., മറ്റുനഗരങ്ങള്‍ക്കും ഗ്രാമപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള ബി.എസ്.എന്‍.എല്‍., വിദേശ സംവേദനത്തിനുള്ള വി.എസ്.എന്‍.എല്‍. എന്നിവയായിരുന്നു ആ മൂന്ന് കമ്പനികള്‍. വി.എസ്.എന്‍.എല്ലിനെ ചുളുവിലയ്ക്ക് ടാറ്റ തട്ടിയെടുത്തു. ഇന്ത്യയിലെ ടെലികോം കുംഭകോണങ്ങളുടെ ചരിത്രവും പൊതുമേഖലയ്‌ക്കെതിരെയുള്ള ഗൂഢാലോചനയും ഇവിടെ തുടങ്ങുന്നു. മറ്റുരണ്ട് കമ്പനികളും പൊതുമേഖലയില്‍ത്തന്നെ തുടര്‍ന്നു. 1994ല്‍ മൊബൈല്‍ സര്‍വീസിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനം നല്‍കി. പക്ഷേ, എട്ടുവര്‍ഷത്തിനുശേഷം 2002ല്‍ മാത്രമേ ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ ഫോണ്‍ ഇടപാടിനുള്ള അനുവാദം നല്‍കിയുള്ളൂ. 

2002ല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലേക്ക് കാലുവെച്ച ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികളെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ഏതാനും വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന കണക്കിലെടുത്ത് നാലുകോടി പുതിയ ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കമ്പനി തീരുമാനിച്ചെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചു. 2010ല്‍ ജീവനക്കാരുടെ പൊതുപണിമുടക്കിനുശേഷമാണ് രണ്ടുകോടി ലൈനുകള്‍ക്കുള്ള അനുമതി നല്‍കിയത്. അപ്പോഴേക്കും എതിരാളികള്‍ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു. 

അക്കാലത്ത് ബി.എസ്.എന്‍.എല്ലിന് പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. 2008'09ലെ ബാലന്‍സ് ഷീറ്റ് പ്രകാരം 70,000 കോടി രൂപ കാഷായിത്തന്നെ കമ്പനിയുടെ കൈവശമുണ്ടായിരുന്നു. ഈ തന്റേടത്തില്‍ ഒമ്പതുകോടി ലൈനുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്കാണ് ടെന്‍ഡര്‍ കിട്ടിയത്. സുരക്ഷാകാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അതേസമയം, ഇതേ കമ്പനിയുമായി സഹകരിച്ചുകൊണ്ട് രാജ്യംമുഴുവന്‍ സേവനദാതാവാകുന്നതിന് റിലയന്‍സിന് അനുവാദവും കൊടുത്തു. റിലയന്‍സ് അതിര്‍ത്തിപ്രദേശങ്ങളില്‍ ലൈനുകള്‍ വലിക്കുന്നില്ല എന്നതാണ് പറഞ്ഞ ന്യായം. 

വീണ്ടും ടെന്‍ഡര്‍ വിളിച്ച ബി.എസ്.എന്‍.എല്ലിനെ കേസുകളില്‍ കുരുക്കി കോടതിയില്‍ തളച്ചു. കേസ് തള്ളിയപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനുമുന്നിലായി തര്‍ക്കം. ഇവിടെനിന്ന് ക്ലിയറന്‍സ് കിട്ടിയപ്പോഴേക്കും ആദ്യത്ത ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയോട് നെഗോസിയേഷന്‍ നടത്തി കരാര്‍ ഉറപ്പിക്കാന്‍ പാടില്ല, പിന്നെയും ടെന്‍ഡര്‍ വിളിക്കണമെന്നായി കേന്ദ്രനിര്‍ദേശം. ചുരുക്കത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ നവീകരണത്തെ എല്ലാ നിക്ഷിപ്ത താത്പര്യക്കാരും ഒത്തുചേര്‍ന്ന് തുരങ്കംവെച്ച് കമ്പനിയെ ഇന്നത്തെ ഗതിയിലാക്കി. പൊതുമേഖലയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ പഠിക്കേണ്ട ചരിത്രമാണിത്. 

ലാന്‍ഡ് ലൈനുകളുടെ 85 ശതമാനവും ബി.എസ്.എന്‍.എല്ലിന് തന്നെയാണ്. ഇതില്‍നിന്നുള്ള നഷ്ടം നികത്തിയിരുന്നത് എസ്.ടി.ഡി.യില്‍നിന്നുള്ള ലാഭംകൊണ്ടാണ്. എസ്.ടി.ഡി. സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. പക്ഷേ, ഗ്രാമീണമേഖലയിലെ സേവനത്തിന്റെ ബാധ്യതയില്‍നിന്ന് അവരെ ഒഴിവാക്കി. ആ ചുമതല പൂര്‍ണമായും ബി.എസ്.എന്‍.എല്ലിന് മാത്രമായി. ഈ നഷ്ടം നികത്താന്‍ സ്വകാര്യകമ്പനികളില്‍നിന്ന് ലെവി പിരിച്ച് സബ്‌സിഡിയായി ബി.എസ്.എന്‍.എല്ലിന് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സ്വകാര്യകമ്പനികളുടെ ഈ ബാധ്യതയും ഒഴിവാക്കിക്കൊടുത്തു. ഇതുകൊണ്ടുമാത്രം 8,000 കോടി രൂപയുടെ നഷ്ടം ബി.എസ്.എന്‍.എല്ലിന് ഉണ്ടായി. ഇതുപോലെ മറ്റ് പല വാഗ്ദാനങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. ലാന്‍ഡ് ലൈനുകള്‍ 2013'14ല്‍ ഏതാണ്ട് 15,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്. 

ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനുവേണ്ടി ലാന്‍ഡ് ലൈനുകള്‍ ഉപയോഗപ്പെടുന്നത് വലിയ നേട്ടമായിരിക്കും. എന്നാല്‍, ഇതിനുള്ള മൂലധനം മുടക്കുന്നതിന് ഇന്ന് ബി.എസ്.എന്‍.എല്ലിന് കഴിയുന്നില്ല. അതേസമയം, റെയില്‍വേപോലും തങ്ങളുടെ സിഗ്‌നല്‍ ലൈനുകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായി ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കുകയാണ്. ഇക്കാലയളവില്‍ ഏതാണ്ട് 40,000 കോടി രൂപ ബി.എസ്.എന്‍.എല്ലില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. ടെന്‍ഡറില്‍ പങ്കെടുക്കാതിരുന്നിട്ടും ത്രീ സ്‌പെക്ട്രത്തിനും വൈമാക്‌സ് സ്‌പെക്ട്രത്തിനും ഇന്ത്യ മുഴുവന്‍ ലൈസന്‍സ് എന്ന് കണക്കാക്കി 18,500 കോടി രൂപ ഈടാക്കിയതാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ചില സര്‍ക്കിളുകള്‍ക്കുമാത്രം ടെന്‍ഡര്‍ വിളിച്ച സ്വകാര്യകമ്പനികളെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. വൈമാക്‌സ് സ്‌പെക്ട്രം തിരിച്ചുകൊടുത്തെങ്കിലും അടച്ച പണം കേന്ദ്രസര്‍ക്കാര്‍ തിരികെനല്‍കിയില്ല. 

ബി.എസ്.എന്‍.എല്ലിന്റെ ടവറുകളും എക്‌സ്‌ചേഞ്ചുകളും എതിരാളിയായ റിലയന്‍സിന് തുറന്നുകൊടുക്കുന്നതുപോലുള്ള വിചിത്രമായ നടപടികളാണ് കമ്പനിയെ രക്ഷിക്കാനെന്നപേരില്‍ കൈക്കൊള്ളുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് റിലയന്‍സ് ഓരോ വര്‍ഷവും സര്‍വീസ് ഫീസ് നല്‍കണം. പക്ഷേ, സേവനങ്ങളില്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ കനത്ത ഫൈന്‍ ബി.എസ്.എന്‍.എല്‍. നല്‍കണം. സര്‍വീസ് ഫീസില്‍നിന്ന് ഫൈന്‍ കിഴിച്ചാല്‍ പിന്നെ ബി.എസ്.എന്‍.എല്ലിന് മിച്ചമൊന്നുമുണ്ടാവില്ല. 

അതിഭയങ്കരമായ ഒരു സിദ്ധാന്തം മുന്നോട്ടുവെച്ചുകൊണ്ടാണ് ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടുന്നത്. ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ കൈമാറുന്നതുവഴി റിലയന്‍സിനെ പൊതുമേഖലാ ആശ്രിതത്വത്തില്‍ നിര്‍ത്താമെന്നാണ് ആ സിദ്ധാന്തം. 2002'08 കാലത്ത് ഇന്ത്യന്‍ മൊബൈല്‍ മേഖല അഭൂതപൂര്‍വമായി വികസിച്ചപ്പോള്‍ പല സ്വകാര്യകമ്പനികളും ബി.എസ്.എന്‍.എല്ലിന്റെ സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണത്രേ തനതായ സൗകര്യങ്ങള്‍ സൃഷ്ടിച്ച് സ്വകാര്യകമ്പനികള്‍ പൊതുമേഖലയ്ക്ക് വെല്ലുവിളിയായത്. ബി.എസ്.എന്‍.എല്ലിനെ റിലയന്‍സിന് പാട്ടത്തിനുകൊടുക്കുകവഴി പഴയ തന്ത്രപരമായ വീഴ്ച പരിഹരിക്കുകയാണുപോലും. കോഴികള്‍ നേരിടുന്ന പ്രതിസന്ധി എന്നെന്നേക്കുമായി പരിഹരിക്കാനുള്ള എളുപ്പവഴി, കോഴിക്കൂടിന്റെ പൂട്ടും താക്കോലും കുറുക്കന് കൈമാറുകയാണല്ലോ! 

എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും 3,000 ഓഫീസുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ നെറ്റ്വര്‍ക്കാണ് ബി.എസ്.എന്‍.എല്‍. നാലുലക്ഷം കോടി രൂപ മതിപ്പുവിലയുള്ള പതിനായിരക്കണക്കിന് ഏക്കറോളം ഭൂമി ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. മുംബൈയിലെ ഭൂമി മറിച്ചുവിറ്റുകൊണ്ടാണ് വി.എസ്.എന്‍.എല്ലിനെ വിഴുങ്ങിയ ടാറ്റ നേട്ടമുണ്ടാക്കിയത്. ഭൂമിയുടെ വിലകൊണ്ടുമാത്രം കേന്ദ്രസര്‍ക്കാറിനോടുള്ള ബാധ്യതതീര്‍ക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. 

ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ്. കമ്പനിക്ക് പൂര്‍ണസമയ ചെയര്‍മാനെ നിയമിക്കണമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍ നികത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ടെലികോം സര്‍വീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്ന, ഉയര്‍ന്ന തസ്തികകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയില്‍ സ്ഥായിയായ താത്പര്യമില്ലെന്നും സ്വകാര്യവത്കരണത്തിന്റെ വക്താക്കളായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂണിയനുകള്‍ ആക്ഷേപിക്കുന്നു. ബി.എസ്.എന്‍.എല്‍. ഒറ്റപ്പെട്ട അനുഭവമല്ല. എല്‍.ഐ.സി.യെ തകര്‍ക്കാനും ഇതേ അടവുകളാണ് പയറ്റുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ കടന്നുവന്ന സ്വകാര്യകുത്തകകള്‍ക്ക് എല്‍.ഐ.സി.യോട് മത്സരിച്ച് മുന്നേറാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് എല്‍.ഐ.സി.യുടെ ഏറ്റവും ജനപ്രിയമായ തനത് പ്ലാനുകളെല്ലാം നിര്‍ത്തലാക്കി. മത്സരയോട്ടത്തില്‍ പിന്നിലായിപ്പോയവരെ സഹായിക്കാന്‍ മുന്നേറിയവരുടെ കൈയും കാലും അടിച്ചൊടിക്കുക എന്ന ഒറ്റമൂലിയേ കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളൂ. പൊതുമേഖലയുടെ കൈയും കാലും വരിഞ്ഞുകെട്ടി സ്വകാര്യകുത്തകകള്‍ക്ക് മത്സരത്തിനുള്ള തുല്യ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. ഇങ്ങനെ കളിനിയമങ്ങള്‍ തുടര്‍ച്ചയായി അട്ടിമറിച്ചുകൊണ്ടാണ് സ്വതന്ത്രകമ്പോളം സാധ്യമാക്കുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ വിളിക്കുന്ന കസ്റ്റമര്‍ പരിധിക്ക് പുറത്തുതന്നെ നില്‍ക്കുന്നത്. 


ബിഎസ്എന്‍എല്‍ - ജോസഫ് തോമസിന് യൂണിയന്‍റെ മറുപടി

ബി.എസ്.എന്‍.എല്‍. തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികളെ തുറന്ന് കാണിച്ചുകൊണ്ട് മുന്‍ കേരള ധനകാര്യ മന്ത്രിയും, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ സ:ടി.എം. തോമസ് ഐസക് എഴുതിയ മാതൃഭൂമിയിലെ ലേഖനത്തിന്റെ പ്രതികരണമായി ജോസഫ് തോമസിന്റെ കുറിപ്പ് വായിക്കാനിടയായി. ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ നടത്തുന്ന പണിമുടക്ക് സമരത്തിന്റെ പ്രചരണത്തിന് സ: തോമസ് ഐസകിന്റെ ലേഖനം ആവേശം പകരുമെങ്കില്‍ ജോസഫ് തോമസിന്റെ വാദഗതികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ചില വസ്തുതകള്‍ രേഖപ്പെടുത്തട്ടെ.
ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ സത്തയും ഉള്ളടക്കവും കേന്ദ്രസര്‍ക്കാറിന്റെ നവ ഉദാരവല്‍ക്കരണ നയത്തിനെതിരാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
ജോസഫ് തോമസിന്റെ വാദഗതികള്‍ എന്തൊക്കയാണെന്ന് പരിശോധിക്കാം. ശേഷി വര്‍ദ്ധന ആവശ്യമാണ്, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണം, സ്ഥാപനത്തോട് കൂറുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണം, ഗ്രാമീണ സേവന നഷ്ടം നികത്തണം, സ്‌പെക്ട്രം ലൈസന്‍സ് ഫീസ് ഇളവ് ആവശ്യമാണ്, സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയം തിരുത്തണം, ഇതെല്ലാമായാലും കമ്പനി ലാഭത്തിലാകില്ലെന്ന് ജോസഫ് തോമസ് തറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തിന് വസ്തുതകളുടെ യാതൊരു പിന്‍ബലവും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടത്തിനുകാരണം സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് തൊഴിലാളി സംഘടനകളുടെ മുദ്രാവാക്യത്തിലെ പിശകാണെന്ന കണ്ടെത്തല്‍ വസ്തുതാപരമല്ല. നവഉദാരവല്‍ക്കരണ നയവും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും മാത്രമല്ല, വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബി.എസ്.എന്‍.എല്‍.ന്റെ എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ നേരിട്ടിടപെട്ട് അട്ടിമറിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം.
ബി.എസ്.എന്‍.എല്‍.ന്റെ വികസനത്തിന് ആവശ്യമായ മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയും, ആധുനിക സേവനങ്ങള്‍ (ഹൈസ്പീഡ് ഡാറ്റാ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ) ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്താല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നതിന് യാതൊരു സംശയവുമില്ല. അതായത് പണിമുടക്കിലുന്നയിച്ച ഡിമാന്റുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതുകൊണ്ട് സ്ഥാപനത്തെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും സംരക്ഷിക്കുവാനുമാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക്.
മറ്റൊരു വാദം പരിശോധിക്കാം - ഉന്നത ഉദ്ദ്യോഗസ്ഥനെ നിയമിക്കുക, എന്ന ഡിമാന്റ് സ്ഥാപനത്തെ നശിപ്പിക്കാന്‍ മറ്റൊരാളെ കൂടി നിയോഗിക്കുകയാണെന്ന വിചിത്രമായ കണ്ടെത്തലാണ് ജോസഫ് തോമസ് നടത്തുന്നത്. ഏതൊരു സ്ഥാപനമായാലും, അതിന്റെ തലപ്പത്ത് ആരും വേണ്ടെന്ന വാദമുന്നയിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ബി.എസ്.എന്‍.എല്‍.നെ സംബന്ധിച്ചിടത്തേളം ബി.എസ്.എന്‍.എല്‍ ല്‍ സി.എം.ഡി.യും, ഡയറക്ടര്‍ ഫിനാന്‍സും, ഡയറക്ടര്‍ ഹ്യൂമന്‍ റിസോഴ്‌സസും ഇല്ലാതെ കമ്പനി എങ്ങനെ മുന്നോട്ടുനീങ്ങും എന്ന വസ്തുത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ.
സി.എം.ഡി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം നമ്മുടെ വികസന പ്രക്രിയയെ സംബന്ധിച്ചും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വലിയ വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു ഡിമാന്‍ഡ് ഉന്നയിച്ചത്.
മറ്റൊരു വാദഗതി ആസ്തിയുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കമ്പനിക്ക് കൈമാറണം എന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജോസഫ് തോമസിന്റെ അഭിപ്രായം. ഇതിന് പിന്‍ബലമായി തെറ്റിദ്ധാരണാജനകമായ ഒട്ടേറെ കാര്യങ്ങളും കൂട്ടത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍.ന് ഈട് വെച്ച് കടം വാങ്ങാനാണ് ആസ്തികൈമാറുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് ഈ ഡിമാന്റിന്റെ പിന്നിലെ വസ്തുത.
സര്‍ക്കാറിന്റെ കൈയ്യില്‍ ബി.എസ്.എന്‍.എല്‍ ന്റെ ആസ്തികള്‍ സുരക്ഷിതമാകുമോ? ഇല്ലാ എന്നതിന് നിരവധി ഉദാഹരണങ്ങളും അനുഭവങ്ങളും ഉണ്ട്. 2006 ല്‍ ബി.എസ്.എന്‍.എല്‍. സംഘടനകള്‍ ഒരു പണിമുക്കിന് നോട്ടീസ് നല്കിയത് ഓര്‍ക്കുമല്ലോ? ബി.എസ്.എന്‍.എല്‍ ഓഹരി വില്പനയ്ക്കും കേബിള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനെതിരെയും, വി.ആര്‍. എസ് പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു പണിമുടക്ക്. കേബിളുകള്‍ സര്‍ക്കാറിന്റെ സ്വന്തമാണെന്ന വാദമുയര്‍ത്തിയാണ് ഡി.ഒ.ടി സ്വകാര്യകമ്പനികള്‍ക്ക് കോപ്പര്‍ കേബിള്‍ ശൃംഖല തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ശക്തമായ പണിമുടക്ക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കാരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്. അത് ഇന്നേവരെ ലംഘിക്കപ്പെട്ടിട്ടില്ല. ലംഘിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ഓരോ തവണയും സര്‍ക്കാറിന് പിന്മാറേണ്ടിവന്നു. എന്നാല്‍ മറ്റൊരു ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍. ഈ കാലഘട്ടത്തില്‍ മൂന്നുതവണ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയും, 45 ശതമാനം ഓഹരിവില്പനയും നടത്തി എന്നത് ശ്രദ്ധേയമാണ്. ബി.എസ്.എന്‍.എല്‍. ഇന്നും നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്.
നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ കയ്യില്‍ ബി.എസ്.എന്‍.എല്‍. ആയാലും, സര്‍ക്കാര്‍ വകുപ്പായാലും മറ്റ് പൊതുമേഖലകളായാലും ആസ്തികള്‍ സുരക്ഷിതമല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
റെയില്‍വേ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. റെയില്‍വേയുടെ ഭൂമികള്‍ വന്‍കിട കമ്പനികള്‍ക്ക് വിലപ്ന നടത്താനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. മാത്രമല്ല അംബാനിമാര്‍ക്കും അദാനിമാര്‍ക്കും സര്‍ക്കാര്‍ ഭൂമി നാമമാത്രവിലക്ക് കൈമാറ്റം ചെയ്യാനും നടപടി സ്വീകരിച്ചുവരുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന.
കമ്പനിക്ക് ആസ്തികള്‍ കൈമാറിയാല്‍ സ്വകാര്യ കൈമാറ്റവും ഓഹരി വില്‍പ്പനയും എളുപ്പമാകും. എന്നാല്‍ ബി.എസ്.എന്‍.എല്‍. ന്റെ ആസ്തികള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലായാല്‍ എല്ലാം ഭദ്രമായി; ഇനിമേലില്‍ ഓഹരിവില്പനയുണ്ടാകില്ല; പെന്‍ഷന്‍ വിതരണം തടസ്സപ്പെടില്ല - എന്ന വാദഗതി അംഗീകരിക്കാന്‍ കഴിയില്ല. ഓഹരി വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ആസ്തി ആരുടെ പക്കല്‍ എന്നത് ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാറില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
ആസ്തികളുടെ വില്പനയുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവം പരിശോധിക്കാം. ഈയിടെ മാത്രമാണ് ദല്‍ഹിയിലെ ബി.എസ്.എന്‍.എല്‍, എം.ടി.എല്‍.എല്‍. പോസ്റ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ നിലനില്‍ക്കുന്ന ടെലിഗ്രാഫ് പ്ലെയിസിലെ ഭൂമിയും ക്വാര്‍ട്ടറുകളും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍. ലെ സംഘടനകളും ബി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍. മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതുകൊണ്ട് മാത്രണ് ഇത് കൈമാറാന്‍ കഴിയാതിരുന്നത്. നാളെ ഈ ഭൂമി അംബാനിക്കോ അദാനിക്കോ പോകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? ബി.എസ്.എന്‍.എല്‍ ന്റെ എല്ലാ ആസ്തികളുടെയും നികുതിയടക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. നികുതിയടക്കാന്‍ ബി.എസ്.എന്‍.എല്‍., വില്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതനുവദിക്കണമെന്നാണോ?
മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ടെലികോം വകുപ്പിന്റെ അധീനയിലുള്ള ഏഴ് ടെലികോം ഫാക്ടറികള്‍ അടച്ചുപൂട്ടുകയോ വില്പന നടത്തുകയോ ചെയ്യാന്‍ ഒരു ഘട്ടത്തില്‍ തീരുമാനമെടുത്തു. ജീവനക്കാരുടെ ശക്തമായ പണിമുടക്കിന്റെ ഫലമായി ആ തീരുമാനം മാറ്റിവെക്കേണ്ടി വരികയും, യൂണിയനുകള്‍ ആവശ്യപ്പെട്ട രീതിയില്‍ ടെലികോം ടവറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. അതുവരെ ടവറുകള്‍ പുറമെ നിന്നായിരുന്നു വാങ്ങിയിരുന്നത്. വി.എസ്.എന്‍.എല്‍. ന്റെ 26 ശതമാനം ഓഹരി ടാറ്റയ്ക്ക് കൈമാറിയപ്പോള്‍, സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്ന വി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ ടാറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അനുവാദം നല്കിയതിലൂടെ 700 കോടി സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും അന്നത്തെ ടെലികോം മന്ത്രി അരുണ്‍ ഷുറിക്ക് പങ്കുണ്ടായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. എം.ടി.എന്‍.എല്‍. ന്റെ ആസ്തി സര്‍ക്കാറില്‍ നിലനില്ക്കുമ്പോള്‍ തന്നെയാണ് 46.5 ശതമാനം ഓഹരി വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യില്‍ ഉള്ള ഘട്ടത്തില്‍ തന്നെയാണ് അന്നത്തെ കേന്ദ്രസര്‍ക്കാറും മന്ത്രി രാജയും ബി.എസ്.എന്‍.എല്‍. ഓഹരി വില്ക്കുമെന്ന പ്രഖ്യാപനം തുടര്‍ച്ചായയി നടത്തിയത്. ആസ്തികള്‍ സര്‍ക്കാറിന്റെ കൈവശം നില്ക്കുമ്പോഴും ഷെയര്‍ വില്പനക്കും സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാറിന് തടസ്സമല്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള ആസ്തികള്‍ ബി.എസ്.എന്‍.എല്‍. ന് കൈമാറിയാല്‍ ബി.എസ്.എന്‍.എല്‍. ന്റെ നിയന്ത്രണത്തില്‍ കൈകാര്യം ചെയ്യാം. വില്പനയ്ക്കുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കാം . ബി.എസ്.എന്‍.എന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഉപയുക്തമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സംഘടനകള്‍ക്ക് ആവശ്യമുന്നയിക്കാം.
മറ്റൊരു വാദഗതി പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. കമ്പനി രൂപീകരണ ഘട്ടത്തില്‍, ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്കുന്നതിനുള്ള റൂള്‍ 37 വകുപ്പ് എഴുതിച്ചേര്‍ത്തതെന്നും, ആസ്തികള്‍ കൈമാറ്റം ചെയ്തില്ലെങ്കില്‍ മാത്രം റൂള്‍ 37 എ നിലനില്‍ക്കുകയും ചെയ്യുകയുള്ളു എന്ന വാദം അപ്രസക്തമാണ്. സര്‍ക്കാറിന്റെ ആസ്തികള്‍ക്ക്, പെന്‍ഷനുമായി ബന്ധമുണ്ടെന്ന വാദത്തിന് യാതൊരുടിസ്ഥാനവുമില്ല. കമ്പനിരൂപീകരണ ഘട്ടത്തില്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റൂള്‍ 37 എ പെന്‍ഷന്‍ നിയമത്തില്‍ എഴുതി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്. കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള വ്യവസ്ഥയാണ് റൂള്‍ 37.എ. എന്നാല്‍ മുഴുവന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരുടേയും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് പ്രതിമാസം കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിക്ഷേപിച്ചുവരികയാണ്. മാത്രമല്ല, പ്രതിവര്‍ഷം ഉണ്ടാകുന്ന മറ്റ് പെന്‍ഷന്‍ ബാദ്ധ്യതകളുടെ 40 ശതമാനവും ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് സര്‍ക്കാരിന് നല്‍കിവരികയുമാണ്. ഇങ്ങനെയാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സഞ്ചിത നിധിയില്‍ നിന്ന് നല്‍കുന്നത്. ആസ്തിയുടെ ഉടമസ്ഥാവകാശവുമായി ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന് യാതൊരു ബന്ധവുമില്ല. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പി.എഫ്.ആര്‍.ഡി.എ. നിയമം ഇതിനെയെല്ലാം വിഴുങ്ങാന്‍ പാകത്തിലാണ് രൂപപ്പെടുത്തിയതെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടാണ് പി.എഫ്.ആര്‍.ഡി.എ. നിയമം തന്നെ പിന്‍വലിക്കണമെന്നയാവശ്യം സംഘടനകള്‍ ഉയര്‍ത്തുന്നത്.
ആസ്തികള്‍ ഈട് നല്കിവായ്പയെടുക്കാനാണ്, ബി.എസ്.എന്‍.എല്‍. ആസ്തികള്‍ കൈമാറണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നതെന്നും ഇതിന് സര്‍ക്കാര്‍ ഗ്യാരണ്ടി വേണമെന്നുമാണ് ജോസഫ് തോമസ് ഉന്നയിക്കുന്ന വാദം. ഒറ്റനോട്ടത്തില്‍ വലിയ ശരിയാണവതരിപ്പിച്ചതെന്ന് തോന്നാം. ബി.എസ്.എന്‍.എല്‍.ന്റെ 100 ശതമാനം ഓഹരികളും സര്‍ക്കാരിനായതിനാല്‍ ബാങ്ക് വായ്പക്ക് ആസ്തികള്‍ കൈമാറിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കണം. ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതും വായ്പയെടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തം. സര്‍ക്കാരിന്റെ പൊതു നയത്തെ ആശ്രയിച്ചാണ് വായ്പ ലഭ്യമാകുമോ ഇല്ലയോ എന്ന പ്രശ്‌നം പരിശോധിക്കേണ്ടത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കിയാല്‍ വായ്പയുടെ പ്രശ്‌നമോ, ഈട് വെക്കലോ ഉദിക്കുന്നതേയില്ല.
ഐ.ടി.ഐ.ക്ക് എതിരെ പണിമുടക്കില്‍ ഡിമാന്റ് ഉന്നയിച്ചു എന്ന് ചിലര്‍ ആക്ഷേപിക്കുന്നത് വസ്തുതകള്‍ മനസ്സിലാക്കാതേയാണ്. ഐ.ടി.ഐ സംരക്ഷിക്കുന്നതിന് വേണ്ടി നിരന്തരം ഇടപെട്ടത് ബി.എസ്.എന്‍.എല്‍. സംഘടനകളാണ്. ഐ.ടി.ഐ.ക്ക് സാമ്പത്തിക സഹായം നല്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓര്‍ഡറുകള്‍ നല്കുന്നതിനും സ്വകാര്യകമ്പനികളിലേതിനേക്കാള്‍ കൂടുതല്‍ വിലകൊടുത്താലും ഐ.റ്റി.ഐ.യില്‍ നിന്ന് ടെലിഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങണമെന്ന് ശക്തമായ നിലപാടാണ് യൂണിയന്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്. പൊതുമേഖലകള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന്‍ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്.
ജീവനക്കാര്‍ക്ക് വാച്ച് നല്കാന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് തീരൂമാനിച്ചപ്പോള്‍, സ്വകാര്യകമ്പനികളുമായി ഇടപാട് നടത്തണമെന്നായിരുന്നു ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റിന്റെ നിലപാട്, എന്നാല്‍ യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. യില്‍ നിന്ന് വാച്ച് വാങ്ങാന്‍ തയ്യാറായത്. ജീവനക്കാര്‍ക്കുള്‍പ്പെടെ വായ്പയെടുക്കുന്നതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍, അത് പൊതുമേഖലാ ബാങ്കുകളായിരിക്കണം എന്ന് ശഠിച്ചതും, മാനേജ്‌മെന്റിനെക്കൊണ്ട് അത്തരം തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലാണ്. ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ തയ്യാറായപ്പോഴും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി (എല്‍.ഐ.സി)യുമായി കരാറുണ്ടാക്കണമെന്ന് വാദിച്ചതും തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. അത്തരം ഒരു യൂണിയനെയാണ് ഇപ്പോള്‍ ഐ.ടി.ഐ. വിരുദ്ധര്‍ എന്നാക്ഷേപിക്കുന്നത്.
എന്നാല്‍ ഇന്ന് ഇത്തരം ഒരാവശ്യം ഇപ്പോള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനമെന്താണ്? ബി.എസ്.എന്‍.എല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ 30 ശതമാനം ഐ.ടി.ഐ.ക്ക് സംവരണമുണ്ട്. മഹാരാഷ്ട്രാ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള പശ്ചിമമേഖലയുടെ വികസനത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയത് ഐടിഐക്കാണ്. എന്നാല്‍ ഇവ നല്‍കുന്നതിന് ഐടിഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപകരണങ്ങള്‍ മിക്കതും ഐടിഐ സ്വന്തമായി നിര്‍മ്മിക്കുന്നില്ല. സ്വകാര്യകമ്പനികളില്‍ നിന്ന് വാങ്ങി നല്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കാത്തത് ഈ മേഖലയുടെ വികസനത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുകയും ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ വികസനത്തിന് വേണ്ടി, ഐ.ടി.ഐ.യില്‍ നിന്ന് വാങ്ങണമെന്ന നിര്‍ബ്ബന്ധം ഒഴിവാക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടത്.
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും കരാര്‍വല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് നവ ഉദാരവല്‍ക്കരണ നയത്തിന്റെ കൂടപ്പിറപ്പാണ്. അതുതന്നെയാണ് ബി.എസ്.എന്‍.എല്‍. മേഖലയിലും സംഭവിക്കുന്നത്. അതിനായി ഡെലോയിറ്റി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയണമെന്നയാവശ്യം പണിമുടക്കില്‍ ഉന്നയിച്ചിട്ടുണ്ട് മാത്രമല്ല ജീവനക്കാരെ നിയമിക്കണമെന്നതും പ്രധാന ആവശ്യമായിട്ടുണ്ട്.
ഏത് സ്ഥാപനത്തിലും തലപ്പത്തുള്ളവരുടെ അഴിമതിയും ധൂര്‍ത്തും സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ബി.എസ്.എന്‍.എല്‍ ലെ ഇത്തരം അഴിമതിയും ധൂര്‍ത്തു സംഘടനകള്‍ നിരന്തരമായി ചോദ്യം ചെയ്തിട്ടുണ്ട്. വിവിധമേഖലകളില്‍ വരവ് വര്‍ദ്ധിപ്പിക്കാനും, ചെലവ് ചുരുക്കാനും, മാനേജ്‌മെന്റിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാനും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍, സംഘടനകള്‍ നല്കുകയും അവയില്‍പലതും നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബ്ബന്ധിതമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സംഘടനകള്‍ എന്നും മുന്‍പന്തിയിലാണെന്ന് ഏവരും സമ്മതിക്കുന്ന ഒരു വസ്തുതയാണ്.
തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം ശക്തിപ്പെടുത്തണമെന്നും റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തി തദ്ദേശീയമായ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നും സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. സിഡോട്ടുള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിപുലപ്പെടുത്തണമെന്ന യൂണിയന്റെ ആവശ്യം അംഗീകരിക്കാതെ ഇവ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ഇന്ത്യന്‍ ടെലികോം കമ്പനികള്‍ വിദേശ ഉപകരണ നിര്‍മ്മാണ കമ്പനികളില്‍ നിന്നാണ് ഇന്നും ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇറക്കുമതി ചെലവ് കൂടുന്നു എന്ന് മാത്രമല്ല വിദേശ കമ്പനികളുടെ നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യുന്നു. ഇവ ആഭ്യന്തര സുരക്ഷിതത്വത്തിന് പോലും വലിയ ഭീഷണിയുയര്‍ത്തുകയാണ്. അതുകൊണ്ടാണ് തദ്ദേശീയമായ ഗവേഷണ വികസനരംഗം ശക്തിപ്പെടുത്തി, തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നത്.
ജീവനക്കാരുടെ ബോണസ്, മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചപ്പോള്‍ സംഘടനകള്‍ ഈ അവകാശ നിഷേധം ചേദ്യം ചെയ്തില്ലെന്ന വാദം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടന്നകാര്യം ബോധപൂര്‍വം മറച്ചുവെച്ചാണ് ആരെയോ തൃപ്തിപ്പെടുത്താന്‍ സഖാവ് ഈ വാദം ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ സന്ദര്‍ഭങ്ങളിലും അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന്റെ നിരവധി അനുഭവങ്ങളുണ്ട്. അതൊന്നും വിശദീകരിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ഥാപനം നഷ്ടത്തിലായ സന്ദര്‍ഭത്തില്‍ തന്നെയാണ് പണിമുടക്കിലൂടെ 30 ശതമാനം ശമ്പളവര്‍ദ്ധനവും പ്രൊമോഷന്‍ പദ്ധതിയും നേടിയെടുത്തത്. സാമ്പത്തിക നഷ്ടത്തിന്റെപേരില്‍ അവകാശങ്ങള്‍ അടിയറവെക്കില്ലെന്നതിന്റെ കൃത്യമായ സൂചനയാണ് 78.2 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടുള്ള ശമ്പള പരിഷ്‌കരണത്തിനുവേണ്ടിയുള്ള പോരാട്ടവും അത് നേടിയെടുത്തതും.
ബോണസുള്‍പ്പെടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുനല്കണ മെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങളുംസമരങ്ങളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. 2013 ഒക്‌ടോബര്‍ 25 ന്റെ പണിമുടക്ക് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ ബോണസ് ഫോര്‍മുല കണ്ടെത്താനുള്ള, സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ അംഗങ്ങളായ കമ്മിറ്റിക്ക് രൂപം നല്കിയത്. മാത്രമല്ല മറ്റ് നിരവധി കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതും. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് 2014 നവംബര്‍ 27 ന് ഒരു ദിവസത്തെ പണിമുടക്ക് സമരം സംഘടിപ്പിച്ചത്. എന്നിട്ടും ബോണസ് നിഷേധിച്ചതിനെതിരെ പ്രതികരിച്ചില്ലെന്ന് എന്തടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നത്. പണിമുടക്കില്‍ അണിനിരക്കുന്ന തൊഴിലാളികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനല്ലെ ഇത് കാരണമാവൂ. അവകാശങ്ങള്‍ നേടിയതിന്റെ പിന്നിലെല്ലാം ഒട്ടേറെ ത്യാഗങ്ങളുണ്ടെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അവകാശ നിഷേധത്തിന്റെ ഈ ആധുനിക കാലഘട്ടം കൂടി ശരിയായി വിലയിരുത്തപ്പെടണം. പഴയകാല പ്രതാപത്തില്‍ ഊറ്റം കൊളളുന്നതോടൊപ്പം പുതിയ കാലത്തെ ശാസ്ത്രീയമായി പരിശോധിക്കുകയും അതില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ബി.എസ്.എന്‍.എല്‍. മേഖലയില്‍ ഐക്യത്തിന്റെയും യോജിച്ച പോരാട്ടത്തിന്റെയും സാഹചര്യം സൃഷ്ടിച്ചതില്‍ നമുക്കുള്ള പങ്ക് വലുതാണ്. അത് തുടര്‍ന്നുകൊണ്ടുപോവുകയാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്കിലൂടെ നാം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയത്തിനും, മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനുമെതിരെയാണ് ഈ പണിമുടക്ക്. ജീവനക്കാര്‍ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയബോധം ശക്തിപ്പെടുത്തു കയും ചെയ്യുകയാണ് ഇന്നത്തെ കടമ.
സ്ഥാപനത്തെ സംരക്ഷിക്കാനും ഓഹരി വില്പനയ്ക്കുമെതിരെ നിരന്തരമായി നടത്തിയ പ്രതിരോധങ്ങളാണ് നഷ്ടത്തിലെങ്കിലും ബി.എസ്.എന്‍.എല്‍. പൊതുമേഖലയില്‍ തുടരുന്നതിന് ഇടയാക്കിയത്. സ്ഥാപനം ലാഭകരമാക്കാനുള്ള നിര്‍ദ്ദേശത്തോടൊപ്പം സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവില്പനയ്ക്കുമെതിരെ പ്രതികരിക്കുകയാണ് നമ്മുടെ ലക്ഷ്യം. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് വിമുഖതയില്ലെന്ന് ഇന്‍ഷുറന്‍സ് മേഖലയുള്‍പ്പെടെയുള്ള വിവിധ മേഖലകളെ പരാമര്‍ശിച്ച് തോമസ് ഐസക് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക് സമരം വന്‍ വിജയമാക്കാനും ഉന്നയിച്ച ആവശ്യങ്ങളുടെ പ്രാധാന്യം ജീവനക്കാരുടെയും ജനങ്ങളുടെയും മുന്നിലെത്തിക്കാനുമുള്ള ഉത്തരവാദിത്വത്തിന് മുമ്പില്‍ ബാലിശമായ എല്ലാ വാദങ്ങളെയും നമുക്ക് തള്ളിക്കളയാം.
സ: ടി.എം.തോമസ് ഐസക്കിന്റെ മാതൃഭൂമിയിലെ (13-1-2015) ലേഖനം ആവേശകരമാണെങ്കില്‍ ജോസഫ് തോമസിന്റെ പ്രതികരണം വിപരീതദിശയിലുള്ള സന്ദേശമാണ് നല്‍കുന്നത്. 

Sunday, February 8, 2015

കയറിന്റെ മരണം

ഒരുകാലത്ത് നാലഞ്ചുലക്ഷം പേരാണ് കയര്‍വ്യവസായത്തില്‍ പണിയെടുത്തിരുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഏറിയാലൊരു പതിനായിരം പേരുണ്ടാകാം. ബാക്കിയുള്ളവര്‍ കശുവണ്ടിവ്യവസായത്തിലേക്കോ കെട്ടിടനിര്‍മാണ മേഖലയിലേക്കോ തൊഴിലുറപ്പിലേക്കോ ചേക്കേറി. ആലപ്പുഴയിലെ കയര്‍നെയ്ത്ത് വ്യവസായത്തില്‍ ഇരുപത് ഇരുപത്തയ്യായിരം പേരുണ്ടാകും. കേന്ദ്രീകരിച്ച ഫിനിഷിങ് മേഖലയിലാണ് തൊഴിലുള്ളത്. എറണാകുളം, തൃശ്ശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ ചുരുക്കം ചില പോക്കറ്റുകളിലൊഴികെ ഇന്ന് കയര്‍ പിരിക്കുന്നില്ല. വൈക്കം, കാര്‍ത്തികപ്പള്ളി, ചേര്‍ത്തല താലൂക്കുകളിലാണ് കയര്‍പിരി ഇന്ന് അവശേഷിക്കുന്നത്. തടുക്കുനിര്‍മാണത്തിന് ആവശ്യമുള്ള പരുക്കന്‍ കയര്‍ ആണ് ഇവിടെ പിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ള യന്ത്രക്കയറിന്റെ വരവോടെ ഇവരുടെ പണിയും തീര്‍ന്നമട്ടാണ്. കയര്‍മേഖല അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി സര്‍വകാലറെക്കോഡുകള്‍ ഭേദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈയൊരു സ്ഥിതിവിശേഷം. കയര്‍വ്യവസായത്തിന്റെ സുവര്‍ണകാലത്തുപോലും ഒരു ലക്ഷം ടണ്ണില്‍ താഴെമാത്രമേ കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളൂ. ഇപ്പോള്‍ കയറും കയറുത്പന്നങ്ങളുമായി നാലേകാല്‍ ലക്ഷം ടണ്ണാണ് കയറ്റുമതി. പക്ഷേ, ഇതില്‍ 3.4 ലക്ഷം ടണ്ണും തമിഴ്‌നാട്ടില്‍നിന്നുള്ള ചകിരിയും ചകിരിച്ചോറുമാണ്. പരമ്പരാഗത കയറുത്പന്നങ്ങളുടെ മേല്‍ കേരളത്തിനിപ്പോഴും കുത്തകയുണ്ട്. പക്ഷേ, കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കൈത്തറിത്തടുക്കിന്റെയും പായയുടെയും മറ്റും കയറ്റുമതി കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണ്. കൈത്തറിത്തടുക്കിനേക്കാള്‍ കൂടുതല്‍ ടഫ്റ്റഡ് യന്ത്രത്തടുക്കുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതിചെയ്യുന്നു.

കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ട്രേഡ് യൂണിയന്‍ പ്രസ്ഥാനം യന്ത്രവത്കരണത്തെ എതിര്‍ക്കുന്നില്ല. എന്നിട്ടും പത്തുശതമാനം തൊണ്ടുപോലും സംസ്‌കരിക്കാനുള്ള മില്ലുകള്‍ കേരളത്തിലില്ല. ഇന്നും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന മോട്ടോറൈസ്ഡ് റാട്ടുകള്‍ക്ക് പരമ്പരാഗത റാട്ടുകളോട് മത്സരിക്കാന്‍പറ്റുന്നില്ല. മഹാഭൂരിപക്ഷം കൈത്തറിത്തറികള്‍ നവീകരിക്കുന്നതിനുപോലും കഴിഞ്ഞിട്ടില്ല. സാങ്കേതികഗവേഷണത്തിന്റെയും എക്‌സ്റ്റന്‍ഷന്‍ ഏജന്‍സികളുടെയും സമ്പൂര്‍ണ പരാജയത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇനി ഈ ദിശയിലുള്ള അമാന്തം വിനാശകരമായിരിക്കും.
കേരളത്തിലെ കയര്‍വ്യവസായത്തിന്റെ ചരിത്രത്തില്‍ ഇതപര്യന്തമില്ലാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്. കയര്‍വ്യവസായത്തിന്റെ ചരിത്രത്തിലുടനീളം നമുക്ക് മറ്റുരാജ്യങ്ങളില്‍നിന്ന് മത്സരം നേരിടേണ്ടിവന്നിട്ടുണ്ട്. നമ്മുടെ നാട്ടിലെ ചീക്കത്തൊണ്ടില്‍നിന്നുള്ള വെള്ളക്കയര്‍ മറ്റൊരു സംസ്ഥാനത്തും രാജ്യത്തും ഉത്പാദിപ്പിക്കുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. എന്നാല്‍, ഇന്ന് സ്ഥിതിമാറി. നമ്മള്‍പോലും ചീക്കത്തൊണ്ടില്‍നിന്നുള്ള വെള്ളച്ചകിരിയല്ല ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചത്തൊണ്ട് ചകിരിയാണ്.

പണ്ട് തമിഴ്‌നാട്ടുകാര്‍ ഉണങ്ങിയ തൊണ്ടില്‍നിന്ന് ബ്രഷുകള്‍ക്കും റബ്ബറൈസ്ഡ് മെത്തകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ബ്രിസില്‍ അല്ലെങ്കില്‍ മാട്രസ് ഫൈബറാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാലിന്നവര്‍ പച്ചത്തൊണ്ടില്‍നിന്നുതന്നെ യന്ത്രസഹായത്തോടെ നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നു. ചകിരിനാരില്‍നിന്ന് കറ കഴുകിക്കളഞ്ഞാല്‍ അതിന് വെള്ളച്ചകിരിയോടായിരിക്കും സാമ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊള്ളാച്ചിയിലും പിന്നീട് തമിഴ്‌നാട്ടിലെ മറ്റുകേന്ദ്രങ്ങളിലും പച്ചത്തൊണ്ട് ചകിരിമില്ലുകള്‍ ഉയര്‍ന്നുവന്നു. നാളികേരം തോട്ടങ്ങളായി കൃഷിചെയ്തിരുന്നതുകൊണ്ട് പച്ചത്തൊണ്ട് ശേഖരിച്ച് മില്ലുകളില്‍ കൊണ്ടുവരാനും എളുപ്പമായിരുന്നു. ഈ പുതിയ ചകിരിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷകത്വം താഴ്ന്ന ഉത്പാദനച്ചെലവും വിലയുമായിരുന്നു. അതുകൊണ്ട് കേരളത്തിലെ വ്യവസായം തമിഴ്‌നാട്ടിലുള്ള പച്ചത്തൊണ്ട് ചകിരിയെ ആശ്രയിക്കാന്‍ തുടങ്ങി. വെള്ളച്ചകിരികൊണ്ടുള്ള തനത് കയര്‍ പ്രത്യേക ബ്രാന്‍ഡായി നിലനിര്‍ത്തണമെന്ന മോഹമൊന്നും നടന്നില്ല. ക്രമേണ, വെള്ളക്കയര്‍ ചകിരിയും പച്ചത്തൊണ്ടുചകിരിയും തമ്മിലുള്ള അന്തരം ഇല്ലാതായി. പച്ചത്തൊണ്ട് ചകിരിവ്യവസായം കേരളത്തില്‍ വികസിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടതോടെ ദുരന്തം പൂര്‍ണമായി.
ചകിരിയുത്പാദനത്തിന്റെ ഒരു മാലിന്യ ഉത്പന്നമായിരുന്നു ചകിരിച്ചോറ്. എന്നാല്‍, ചകിരിച്ചോറിന്റെ കാര്‍ഷിക ഉപയോഗം തിരിച്ചറിഞ്ഞതോടെ ഇതൊരു പ്രധാനപ്പെട്ട കയറ്റുമതി സാമഗ്രിയായി മാറി. പാശ്ചാത്യരാജ്യങ്ങളിലേക്കും ചൈനയിലേക്കും ചകിരിച്ചോറ് കയറ്റുമതിചെയ്യപ്പെട്ടു. കേരളത്തിലെ ചീക്കത്തൊണ്ടിന്റെ ചകിരിച്ചോറില്‍ ഉപ്പുരസം അധികമുള്ളതുകൊണ്ട് ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാവില്ല. ബ്രിക്കറ്റുചെയ്ത ചകിരിച്ചോറ് കയറ്റുമതി ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരം ടണ്ണായിരുന്നത് ഇപ്പോള്‍ ഒന്നരലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. രസകരമായ ഒരു വസ്തുത ഈ പാഴ്‌വസ്തുവിന് ഇന്ന് ചകിരിയുടെ അത്രയുംതന്നെ വില ലഭിക്കുന്നുവെന്നാണ്. ചകിരിച്ചോറിന്റെ കയറ്റുമതിസാധ്യത തമിഴ്‌നാട്ടിലെ മില്ലുകളുടെ മത്സരശേഷി പലമടങ്ങുയര്‍ത്തി.

ഇതിനിടെ പച്ചത്തൊണ്ട് ചകിരിയില്‍നിന്ന് കയര്‍പിരിക്കുന്ന ഓട്ടോമാറ്റിക് സ്​പിന്നിങ് മെഷീനുകള്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി. ഇന്ത്യയിലെ ആഭ്യന്തരകമ്പോളത്തിന്റെ നല്ലപങ്ക് ഈ യന്ത്രപ്പിരി കയര്‍ പിടിച്ചടക്കി. കേരളത്തില്‍നിന്നുള്ള കയറിനേക്കാള്‍ വില കുറവാണ് തമിഴ്‌നാട്ടിലെ യന്ത്രക്കയറിന്. ടഫ്റ്റഡ് തടുക്കുകള്‍ നിര്‍മിക്കുന്നതിന് പരമ്പരാഗത തൊഴില്‍വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല. വിലകുറഞ്ഞ കയര്‍ സുലഭമായി ലഭ്യമാകുന്നില്ലെങ്കില്‍ കയര്‍ഉത്പന്ന വ്യവസായംകൂടി തമിഴ്‌നാട്ടിലേക്ക് പറിച്ചുനടപ്പെടുമെന്ന് വ്യവസായികള്‍ ഭീഷണിപ്പെടുത്തുന്നു.

ഈ സ്ഥിതിവിശേഷത്തെ എങ്ങനെ നേരിടും? ആദ്യം സംസ്ഥാനസര്‍ക്കാര്‍ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊള്ളണം. കയര്‍വ്യവസായത്തില്‍ ഒരു പ്രശ്‌നവുമില്ല എന്ന മട്ടില്‍ കയറുത്സവങ്ങളും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. സ്വന്തക്കാര്‍ക്കുവേണ്ടി സങ്കുചിതരാഷ്ട്രീയാടിസ്ഥാനത്തില്‍ 100 പുതിയസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. നിലവിലുള്ള കയര്‍മേഖലയില്‍ വ്യവസായം പൊളിഞ്ഞടുങ്ങുമ്പോള്‍ കോന്നിപോലുള്ള സ്ഥലങ്ങളില്‍ പുതിയ വ്യവസായശാലകള്‍ തുറക്കുന്നതിനാണ് സര്‍ക്കാറിന്റെ പരിശ്രമം.

മുന്‍കാലത്ത് യന്ത്രവത്കരണത്തെ എതിര്‍ത്തത് തൊഴില്‍ നഷ്ടപ്പെടുന്നതുകൊണ്ടാണ്. തീരദേശത്തെ ലക്ഷക്കണക്കിന് പാവങ്ങളുടെ അത്താണിയായിരുന്നു കയര്‍മേഖല. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ കയര്‍പോലുള്ള പരമ്പരാഗത തൊഴിലുകളിലേക്ക് പുതിയതലമുറ വരാനാഗ്രഹിക്കുന്നില്ല. അങ്ങനെ തൊഴില്‍കമ്പോളത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടായി. പക്ഷേ, ഒന്നുണ്ട്. ഇന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് എന്തും സംഭവിച്ചോട്ടെ എന്ന സമീപനം ട്രേഡ് യൂണിയനുകള്‍ക്ക് സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ തൊഴിലുംകൂടി സംരക്ഷിക്കുന്ന യന്ത്രവത്കരണത്തിനാണ് ട്രേഡ് യൂണിയനുകള്‍ വാദിക്കുന്നത്. ഇത് ഏതെങ്കിലും കാരണവശാല്‍ സാധ്യമല്ലെങ്കില്‍ പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്തണം. 
കയര്‍ പുനഃസംഘടനയ്ക്ക് പുതിയൊരു പദ്ധതി അനിവാര്യമായിരിക്കുന്നു. ഇതിന് ആദ്യംവേണ്ടത് കേരളത്തിലെ ആഭ്യന്തര ചകിരിയുത്പാദനം വര്‍ധിപ്പിക്കുകയാണ്. തൊണ്ട് സംഭരിക്കുന്നതിനുള്ള ബ്യൂറോക്രാറ്റിക് സമ്പ്രദായം അപ്രായോഗികമാണ്. കുടുംബശ്രീവഴി സംഭരിക്കുന്നതിനുള്ള പരീക്ഷണം പരാജയപ്പെട്ടു. ശേഖരിച്ച തൊണ്ട് സമയത്തുവാങ്ങാതെ ഉണങ്ങിയതോടെ ഇപ്പണിക്ക് ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം കഷ്ടത്തിലായി. നാളികേര ക്ലസ്റ്ററുകളുമായി ബന്ധപ്പെടുത്തി തൊണ്ട് സംഭരിക്കാനുള്ള ശ്രമവും ഫലിച്ചില്ല. എന്തുകൊണ്ട് നാളികേരകൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ ചകിരിയുത്പാദനം നടത്തിക്കൂടാ? മാരാരിക്കുളത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ചകിരിമില്ല് അവിടത്തെ പ്രൊഡ്യൂസര്‍ കമ്പനിയെ ഏല്പിക്കുകയാണ്. സര്‍ക്കാര്‍ രണ്ടുകാര്യങ്ങള്‍ ചെയ്യണം. ഒന്ന്, മില്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള സഹായധനം നല്‍കണം. രണ്ട്, ഉത്പാദിപ്പിക്കപ്പെടുന്ന ചകിരി അപ്പപ്പോള്‍ത്തന്നെ വാങ്ങി വിതരണം ചെയ്യുന്നതിന് കയര്‍ഫെഡിനെ ചുമതലപ്പെടുത്തണം.

കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും സമൂലമായ മാറ്റംവരണം. ഇതിന് സഹകാരികള്‍തന്നെ വിശദമായിട്ടുള്ള പദ്ധതികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയസംഘങ്ങള്‍ രൂപവത്കരിക്കുന്നതിനുപകരം നിലവിലുള്ളവ പുനരുദ്ധരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അവരുടെ വായ്പകള്‍ ഷെയറാക്കണം. പലിശ എഴുതിത്തള്ളണം. വിനിയോഗിക്കപ്പെടാത്ത ആസ്തികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണം. ഓട്ടോമാറ്റിക് സ്​പിന്നിങ് മെഷീനടക്കമുള്ള യന്ത്രങ്ങള്‍ സംഘങ്ങള്‍ക്ക് ലഭ്യമാക്കണം. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കയര്‍ മിനിമംകൂലി ഉറപ്പുവരുത്തി കയര്‍ഫെഡ് വാങ്ങണം. ഈ കയര്‍ കയറ്റുമതിക്കാര്‍ക്കും ആഭ്യന്തരവ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കണം. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ വരുമാനം ഉറപ്പുപദ്ധതി ഇതുപോലൊരു സ്‌കീമാണ് വിഭാവനം ചെയ്തിരുന്നത്.

കയര്‍ ഉത്പന്നമേഖലയില്‍ സ്വതന്ത്രമായി ഓര്‍ഡര്‍ നല്‍കുകയും ആവശ്യക്കാരായ കയറ്റുമതിക്കാര്‍ക്ക് സ്റ്റോക്കില്‍നിന്ന് ചരക്ക് വില്‍ക്കുകയും ചെയ്യുന്ന സമ്പ്രദായം കയര്‍കോര്‍പ്പറേഷന്‍ സ്വീകരിക്കണം. കൈത്തറി ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം സബ്‌സിഡി നല്‍കണം. ഇവയ്ക്ക് പ്രത്യേക ബ്രാന്‍ഡ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തണം. അതേസമയം, പുതിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനും യന്ത്രങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സംരംഭകര്‍ക്ക് നല്‍കിയേ തീരൂ. ഫിനിഷിങ് മേഖലയിലും നവീകരണം ആവശ്യമാണ്. ഇതിന് വ്യവസായികള്‍ക്ക് ഇന്‍സെന്റീവ് നല്‍കണം.
ഇന്ന് ഈ വ്യവസായത്തില്‍ പണിയെടുക്കുന്ന 11.5 ലക്ഷം തൊഴിലാളികള്‍ക്ക് ഇതില്‍ത്തന്നെ പൂര്‍ണസമയം പണിനല്‍കണം. എന്നാല്‍, നവീകരണം പൂര്‍ത്തിയാകുന്നതുവരെയുള്ള അന്തരാളഘട്ടത്തില്‍ ഇവര്‍ക്ക് വരുമാനം ഉറപ്പുപദ്ധതിയിലൂടെ തൊഴില്‍ ഉറപ്പാക്കാനാവും. ഇതിനുകഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം നല്‍കണം. ദിനേശ്ബീഡി സഹകരണസംഘത്തില്‍ നടപ്പാക്കിയ റിട്ടയര്‍മെന്റ് സ്‌കീമിന്റെ വിപുലീകൃതരൂപത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാവുന്നതാണ്.

ഇത്ര വലിയൊരു സാമ്പത്തികബാധ്യത താങ്ങാനുള്ള കഴിവ് സര്‍ക്കാറിനുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഈ ശേഷി കേരളത്തിനുണ്ട്. ദേശീയശരാശരിയേക്കാള്‍ ഉയര്‍ന്നവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ് നമ്മുടേത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ 30 ശതമാനത്തോളംവരുന്ന പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഈ വളര്‍ച്ചയുടെ പങ്കുലഭിക്കുന്നില്ല. മേലേക്കിടയിലുള്ള 30 ശതമാനം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഉചിതമായ പുനര്‍വിതരണ നയങ്ങളുണ്ടെങ്കില്‍ ഇന്നത്തെ സാമ്പത്തികവളര്‍ച്ചയുടെ ഒരു ചെറിയശതമാനം പരമ്പരാഗതമേഖലകളുടെ സാമൂഹികസുരക്ഷിതത്വത്തിനുവേണ്ടി നീക്കിവെക്കുന്നതിന് നമുക്കുകഴിയും.

Wednesday, February 4, 2015

ശുചിത്വകേരള പ്രസ്ഥാനം

ശുചിത്വകേരളം ഒരു ഇടതുപക്ഷവീക്ഷണം എന്ന പുസ്തകത്തിലെ ആദ്യത്തെ അധ്യായം

ശുചിത്വകേരള പ്രസ്ഥാനം

കേരളത്തിലെ സജീവമായ രാഷ്ട്രീയപ്രശ്‌നമാണ് മാലിന്യസംസ്‌ക്കരണം. മാലിന്യക്കൂനകള്‍ സൃഷ്ടിക്കുന്ന പകര്‍ച്ചവ്യാധികളും പാരിസ്ഥിതികപ്രശ്‌നങ്ങളും ഇന്ത്യയിലെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടിസ്വപ്നമാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. ജനങ്ങളോട് ഉത്തരവാദിത്തമുളള ഒരു രാഷ്ട്രീയപ്രസ്ഥാനമെന്ന നിലയില്‍ സിപിഐഎം ശുചിത്വകേരളത്തിന് ഒരു ജനകീയപ്രസ്ഥാനം രൂപം നല്‍കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലുമെടുത്തു തെരുവിലിറങ്ങിയതു കണ്ടിട്ടാണ് സിപിഐഎം ഇതു ചെയ്യുന്നതെന്ന് ചിലര്‍ ആക്ഷേപിക്കുന്നു. എന്നാല്‍, 2010ല്‍ത്തന്നെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാലിന്യമുക്ത കേരളം പദ്ധതി ആരംഭിച്ച വിവരം ഇവര്‍ മറന്നുപോകുന്നു. ഈ പദ്ധതി വേണ്ടത്ര മുന്നോട്ടു പോയില്ല എന്നതു ശരിതന്നെ. പക്ഷേ, രണ്ടുവര്‍ഷമായി ആലപ്പുഴയില്‍ ഫലപ്രദമായി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഈ പദ്ധതി നടപ്പാക്കി വരികയാണ്. അതുകണ്ടിട്ടാണ് നരേന്ദ്ര മോദി ചൂലുമായി ഇറങ്ങിയത് എന്ന് ഞങ്ങളേതായാലും പറയുന്നില്ല. ഒരു വ്യാഴവട്ടക്കാലം ഭരിച്ചിട്ടും എന്തുകൊണ്ട് ഗുജറാത്തില്‍ ചൂലെടുത്തില്ല എന്ന ചോദ്യത്തിനും മറുപടി വേണം. മോദിയുടെ വെല്ലുവിളി സ്വീകരിച്ച് ചൂലുമായി ഇറങ്ങിയത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എംപി ശശി തരൂരാണ്. ശുചീകരണം ഗാന്ധിയന്‍ പാരമ്പര്യമാണെന്ന തരൂരിന്റെ വാദം ശരിയാണ്. പക്ഷേ, മോദി പറയുന്നതിനു മുമ്പു തന്നെ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കടമയാണ് ശുചീകരണമെന്ന് വ്യക്തമാക്കിയ കമലഹാസന്റെ രാഷ്ട്രീയബോധം കോണ്‍ഗ്രസ് എംപിയ്ക്കില്ലാതെ പോയത് കഷ്ടം തന്നെ.
നരേന്ദ്രമോദിയായാലും ശശി തരൂരായാലും കാണിച്ചത് നല്ല ശുചീകരണ മാതൃകയാണെന്നു പറയാനാവില്ല. തരൂര്‍ നടത്തിയ ശുചീകരണയജ്ഞത്തിന്റെ പരിമിതി ടെലിവിഷന്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്ലാസ്റ്റിക്, കടലാസ്, പുല്ല്, റബ്ബര്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, ചത്ത എലി എന്നു തുടങ്ങി സര്‍വ മാലിന്യങ്ങളും കറുത്ത വലിയ പ്ലാസ്റ്റിക് സഞ്ചികളില്‍ നിറയ്ക്കുകയായിരുന്നു തരൂരും സംഘവും. ഇങ്ങനെ വേര്‍തിരിക്കാതെ സര്‍വവും കൂട്ടിക്കലര്‍ത്തിയാല്‍ എങ്ങനെയാണ് സംസ്‌ക്കരിക്കുക? ഇതിനു പറ്റിയ ഗ്യാസിഫിക്കേഷന്‍ പ്ലാന്റൊന്നും തിരുവനന്തപുരത്ത് ഇല്ല. ഒന്നുകില്‍ ഒരു വലിച്ചെറിയല്‍ കേന്ദ്രത്തില്‍ നിക്ഷേപിക്കുക. അല്ലെങ്കില്‍ കുഴിച്ചു മൂടുക. രണ്ടും പ്രോത്സാഹിപ്പിക്കപ്പെടാവുന്ന രീതികളല്ല. ഡെല്‍ഹിയില്‍ നരേന്ദ്ര മോദി തൂത്തുകൂട്ടിയ മാലിന്യവും എത്തിച്ചേര്‍ന്നത് ഗാസിപ്പൂര്‍ പോലുളള ഡംബിംഗ് യാര്‍ഡിലാണ്. അവിടെയൊക്കെ ചെറിയ ഭാഗമേ സംസ്‌ക്കരിക്കപ്പെടുന്നുളളൂ. ഇതാണ് ഇന്ത്യയിലെ മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രതിസന്ധിയുടെ ഒരു പ്രധാനവശം. മാലിന്യം പെരുകുക മാത്രമല്ല, സംസ്‌ക്കരിക്കപ്പെടാത്ത മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നു.
മാലിന്യം വേര്‍തിരിക്കപ്പെടണം. ജൈവമാലിന്യം സംസ്‌ക്കരിച്ച് വളമോ ഗ്യാസോ ആക്കണം. പ്ലാസ്റ്റിക് തുടങ്ങിയവ പുനരുപയോഗത്തിനായി സംസ്‌ക്കരിക്കണം. പുല്ലു ചെത്താം. പക്ഷേ, കുന്നില്‍മുകളിലെയും ചെരിവുകളിലെയും പുല്ലും പടര്‍പ്പും വിഴിഞ്ഞത്തെ വീഡിയോയില്‍ കണ്ടതുപോലെ വെട്ടിക്കിളച്ച് വേരോടെ പിഴുതെടുക്കരുത്. അതു മണ്ണൊലിപ്പിന് ഇടയാക്കും.
എന്തുകൊണ്ട് സിപിഐഎം?
ശുചീകരണ പ്രവര്‍ത്തനം നഗരസഭകളുടെയും സര്‍ക്കാരിന്റെയും ചുമതലയാണ്. അതേറ്റെടുക്കാന്‍ സിപിഐഎം എന്തിന് നേരിട്ടിറങ്ങുന്നു എന്നും ചോദ്യം ഉയരുന്നുണ്ട്. അടുത്ത അധ്യായത്തില്‍ വിവരിക്കുന്നതുപോലെ കേരള സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമായ ഒരു സാമൂഹ്യ ആരോഗ്യപ്രശ്‌നമാണ് മാലിന്യപ്രതിസന്ധി. ഇതു പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ പരാജയവുമാണ്. പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധിയുടെ മുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ് കേരളം. ഉത്തരവാദിത്തമുളള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നും ഇതു കണ്ടില്ലെന്നു നടിക്കാനാവില്ല. അതുകൊണ്ടാണ് ജനങ്ങളെ അണിനിരത്തി ഈ പ്രതിസന്ധി പരിഹരിക്കാന്‍ സിപിഐഎം മുന്‍കൈയെടുക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളും അനുവര്‍ത്തിക്കേണ്ട രീതിയാണ് ഇത്. എല്ലാവര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും കഴിയും.
ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് സിപിഐഎം ഇത്തരത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനുളള രീതി തീരുമാനിച്ചത്. തൊഴിലാളികളുടെ കൂലിയെയും സേവനാവകാശങ്ങളെയും കൃഷിക്കാരുടെ ഭൂമിയെയും ഉല്‍പന്നവിലകളെയും അടിസ്ഥാനമാക്കി അവരെ സംഘടിപ്പിക്കുന്നതിനാണ് അടിസ്ഥാനപരമായി ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പരിശ്രമിക്കുന്നത്. അതോടൊപ്പം പൊതു അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമസൗകര്യങ്ങള്‍, കിടപ്പാടം, കുടിവെളളം തുടങ്ങിയ നേടുന്നതിനും പരിപാലിക്കുന്നതിനും ഇടതുപക്ഷം തീവ്രശ്രമം നടത്തിയിട്ടുണ്ട്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനകാലം മുതലുളള ഈ ജനകീയ ഇടപെടല്‍ പാരമ്പര്യത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോയത് ഇടതുപക്ഷമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട ജീവിതനിലവാരം കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പു വരുത്താനായത് ഇതു മൂലമാണ്.
എന്നാല്‍ സമീപകാലത്തായി ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളിലുളള ഇടപെടല്‍ ശുഷ്‌കിച്ചു വരുന്നു. തിരുത്തപ്പെടേണ്ട ദൗര്‍ബല്യങ്ങളിലൊന്നായിട്ടാണ് പാര്‍ടിയുടെ പാലക്കാട് പ്ലീനം ഇതിനെ വിലയിരുത്തിയത്. വമ്പിച്ച രാഷ്ട്രീയ പ്രക്ഷോഭപ്രചാരണങ്ങള്‍ പാര്‍ടി ഏറ്റെടുക്കുന്നുണ്ട്. പക്ഷേ, ഇതു പോര. മറ്റു ജനകീയ പ്രശ്‌നങ്ങളിലും പാര്‍ടി സജീവമായി ഇടപെടണം. അങ്ങനെയേ ജനങ്ങളുമായുളള ജൈവബന്ധം സുദൃഢമാക്കാനാവൂ. വായനശാലകള്‍, ക്ലബുകള്‍ തുടങ്ങിയവയില്‍ സജീവമാകണം. പണ്ട് പകര്‍ച്ചവ്യാധികളും മറ്റും പ്രതിരോധിക്കാന്‍ പാര്‍ടി മുന്നിട്ടിറങ്ങിയ മാതൃക നമ്മുടെ മുന്നിലുണ്ട്. ആ മാതൃക ഇന്ന് സാന്ത്വനചികിത്സാരംഗത്ത് പാര്‍ടി പിന്തുടരുന്നുമുണ്ട്. ഇതുപോലെ ഇടപെട്ടു പ്രവര്‍ത്തിക്കേണ്ടുന്ന ഒരു മേഖലയായിട്ടാണ് ശുചിത്വപരിപാലനത്തെയും പാര്‍ടി വിലയിരുത്തിയത്. മോദി അധികാരത്തില്‍ വരുന്നതിന് എത്രയോ മുമ്പു തുടങ്ങിയ ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമാണ് ശുചിത്വകേരള പ്രസ്ഥാനം. പ്രതിപക്ഷത്താണെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ ചുമതല സിപിഐഎം ഏറ്റെടുക്കുകയാണ്.
ശുചിത്വകേരളവും സ്വച്ഛഭാരതവും
സാക്ഷരതാപ്രസ്ഥാനത്തിലും ജനകീയാസൂത്രണത്തിലും ഫലപ്രദമെന്നു തെളിഞ്ഞ ജനകീയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമ്പൂര്‍ണശുചിത്വമെന്ന ലക്ഷ്യം നേടാനാകും. ഇതിന് അനുഗുണമായ സാഹചര്യം ഇന്ന് കേരളത്തിലേയുളളൂ. ഉദാഹരണത്തിന് ചേരികളുടെ കാര്യമെടുക്കുക. ഇവിടെയാണല്ലോ ഏറ്റവും വൃത്തിഹീനമായ ജീവിതാവസ്ഥ നിലവിലുളളത്. ഇന്ത്യയിലെ നഗരജനസംഖ്യയുടെ പതിനഞ്ചു ശതമാനം ചേരികളിലാണ്. ഇത് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തീവ്രയജ്ഞ പരിപാടിയിലൂടെ ഏതെങ്കിലും ചേരി സര്‍ക്കാര്‍ നിര്‍മ്മാര്‍ജനം ചെയ്തുവെന്നിരിക്കട്ടെ. ഉടനെ പുതിയൊരെണ്ണം ഉയര്‍ന്നുവരും. കാരണം ഗ്രാമങ്ങളിലെ ജീവിതസൗകര്യങ്ങളുടെ ശോചനീയാവസ്ഥ മൂലം നഗരങ്ങളിലേയ്ക്ക് നിരന്തരം ജനങ്ങള്‍ ചേക്കേറുകയാണ്. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതല്ല. നഗരത്തിലെ ഏതാണ്ട് എല്ലാ ജീവിതസൗകര്യങ്ങളും നാട്ടിന്‍പുറങ്ങളിലുമുണ്ട്. അതുകൊണ്ട് ഇന്നുളള ചേരികള്‍ ഇല്ലാതാക്കുന്നതോടെ പ്രശ്‌നം ഏതാണ്ട് തീരൂം. കേരളത്തിലെ നഗരജനസംഖ്യയുടെ ഏതാണ്ട് 0.8 ശതമാനം മാത്രമാണ് ചേരികളില്‍ അധിവസിക്കുന്നത്. ഗുജറാത്തില്‍ ഈ തോത് 10 ശതമാനമാണ്.
കിടപ്പാടമോ പാര്‍പ്പിടമോ ഇല്ലാത്തവരുടെ എണ്ണമെടുത്താലും കേരളം ഇന്ത്യയിലെ പൊതുസ്ഥിതിയില്‍ നിന്ന് എത്രയോ ഉയര്‍ന്നതാണ്. ഇന്ത്യയില്‍ സ്വന്തമായി കിടപ്പാട#ം പോലുമില്ലാത്തവര്‍ ജനസംഖ്യയുടെ 15-20 ശതമാനം വരും. കേരളത്തിലാകട്ടെ ഇതു രണ്ടു ശതമാനത്തോളമേ വരൂ. കിടപ്പാടമില്ലാത്തവര്‍ക്കെങ്ങനെ സ്വന്തമായി വീടുണ്ടാവും? ഇന്ത്യയിലെ വീടില്ലാത്തവരുടെ 0.04 ശതമാനമേ കേരളത്തില്‍ വരൂ. ഗുജറാത്തിന്റെ വിഹിതം 8.14 ശതമാനമാണ്. കിടപ്പാടവും വീടുമുണ്ടെങ്കിലല്ലേ സ്വന്തമായി ഒരു കക്കൂസിനെക്കുറിച്ച് ആലോചിക്കാനാവൂ. സാമൂഹ്യക്ഷേമ സൂചികകള്‍ ഏതെടുത്താലും കേരളം എത്രയോ ഉയര്‍ന്നതാണ്. എല്ലാവര്‍ക്കും അക്ഷരാഭ്യാസമുണ്ടെങ്കില്‍ ശുചിത്വബോധവത്കരണം എത്രയോ എളുപ്പമായിത്തീരും.
യുപിഎയുടെ കാലത്ത് ആവിഷ്‌കരിക്കപ്പെട്ട നിര്‍മ്മല്‍ ഭാരത് അഭിയാന്‍ എന്ന സമ്പൂര്‍ണ ശുചിത്വ പരിപാടി മോദിയുടെ കാലത്ത് ഗുജറാത്തില്‍ എങ്ങനെ നടപ്പാക്കിയെന്ന് 2014ലെ സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിലുളള സാമ്പത്തിക ക്രമക്കേടുകളിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. പക്ഷേ, സ്വച്ഛഭാരതം സൃഷ്ടിക്കാനിറങ്ങിയിരിക്കുന്ന നരേന്ദ്രമോഡിയുടെ നാട്ടിലെ ശുചിത്വനിലവാരത്തെക്കുറിച്ച് അവിതര്‍ക്കിതമായ ഒരു ധാരണ നല്‍കാന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കും. മോദിയുടെ ഭരണകാലത്തു നടത്തിയ സര്‍വെയിലെ കണക്കുപ്രകാരം 2014 ഒക്‌ടോബര്‍ മാസത്തില്‍ 46 ശതമാനം വീടുകളിലേ കക്കൂസുളളൂ. പട്ടികവര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ചില ജില്ലകളില്‍ ഈ തോത് 13-24 ശതമാനം മാത്രമേയുളളൂ. എട്ടു വര്‍ഷം സമ്പൂര്‍ണ ശുചിത്വം പരിപാടി നടപ്പാക്കിയതിനു ശേഷമുളള ഗുജറാത്തിലെ ശുചിത്വനിലയാണ് ഇതെന്ന് ഓര്‍ക്കുക.
അയ്യായിരം അംഗനവാടികളില്‍ ടോയ്‌ലെറ്റില്ല. കക്കൂസിന്റെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ കണക്കുകള്‍ ജില്ലകള്‍ക്ക് വിതരണം ചെയ്ത പണത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല കണക്കാക്കിയത്. നല്ലൊരു പങ്ക് പാതിവഴിയില്‍ നില്‍ക്കുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്യുകയാണ്. ഈ കക്കൂസുകള്‍ പലതും മരത്തൂണുകളില്‍ ചാക്കുസഞ്ചി മറ ഉപയോഗിച്ചുണ്ടാക്കിയവയാണ്. സോക്ക് പിറ്റുകള്‍ പോലും ഇല്ലാത്തവയാണ്. സിഎജി പരിശോധിക്കുമ്പോള്‍ നല്ലൊരു ഉപയോഗശൂന്യമായി കഴിഞ്ഞിരുന്നു.
ഏറ്റവും അപമാനകരമായത് തോട്ടിപ്പണി സംബന്ധിച്ചുളള സിഎജിയുടെ പരാമര്‍ശങ്ങളാണ്. 1999ലെ നിയമമനുസരിച്ച് തോട്ടിപ്പണി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 2013ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 1408 സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മലം ചുമന്നു നീക്കം ചെയ്യുന്നുണ്ടായിരുന്നു. 2593 കേസുകളില്‍ മൃഗങ്ങളെ ഉപയോഗിച്ചാണ് മലം നീക്കിയിരുന്നത്. 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് തങ്ങളുടെ ആശങ്ക അറിയിച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാരിന് എഴുതുകയുണ്ടായി. എന്നാല്‍ സിഎജി റിപ്പോര്‍ട്ടു പറയുന്നത് ഒരു വര്‍ഷത്തിനു ശേഷവും ഒരു നടപടിയും ഇക്കാര്യത്തില്‍ എടുത്തിരുന്നില്ല എന്നാണ്. ഈ ഗുജറാത്ത് സ്വച്ഛഭാരതത്തിന്റെ മാതൃകയാവുന്നതെങ്ങനെയാണ്.
കേരളത്തിന്റെ സ്ഥിതി എത്രയോ വ്യത്യസ്തം. വിദ്യാഭ്യാസത്തിന്റെ വ്യാപനവും സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയും ശുചിത്വത്തെ കേരള മനസില്‍ ഒരു കേന്ദ്രപ്രതിഷ്ഠ നേടിക്കൊടുത്തു. 'വെളുപ്പിനെ എഴുന്നേല്‍ക്കണം, എണ്ണ കുളിക്കണം, വെളുത്ത മുണ്ടുടുക്കണം' എന്ന ശീലം വളര്‍ന്നു. പുതിയ ശുചിത്വബോധം സവര്‍ണരുടെ കുത്തകയായിരുന്നില്ല. വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ശീലമായി ശ്രീനാരായണ പ്രസ്ഥാനം പ്രചരിപ്പിച്ചത് ശുചിത്വമായിരുന്നു. ഇതുപോലെതന്നെ ശുചിത്വബോധവത്കരണത്തില്‍ അയ്യങ്കാളിയും ശ്രദ്ധ പതിപ്പിച്ചു. വ്യക്തിശുചിത്വത്തിന് നവോത്ഥാനനായകര്‍ നല്‍കിയ പ്രാധാന്യം കേരളീയരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. എന്നാല്‍ സാമൂഹ്യശുചിത്വകാര്യത്തില്‍ മലയാളിയുടെ നിസംഗത ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ തുടര്‍ന്നു. ഇതിലൊരു മാറ്റം വരുത്താനായാല്‍ കേരളത്തിന് സമ്പൂര്‍ണശുചിത്വ പദവി നേടാനാവും. ഇത്തരമൊരു മുന്നേറ്റം ഇന്ത്യയിലെ ജനങ്ങള്‍ക്കു നല്‍കുന്ന ഒരു രാഷ്ട്രീയ സന്ദേശമുണ്ട്. സാമൂഹ്യക്ഷേമ സൂചികകളുടെ കാര്യത്തിലെന്നപോലെ ശുചിത്വസൂചികയും ഭൂപരിഷ്‌കരണമടക്കമുളള സാമൂഹ്യപരിവര്‍ത്തനത്തോട് ബന്ധപ്പെട്ടു കിടക്കുന്നു.
ശുചിത്വകേരളം പരിപാടിയുടെ ഈ പ്രസക്തി നാടകീയമായി എനിക്കു ബോധ്യപ്പെട്ട ഒരു സന്ദര്‍ഭമുണ്ടായി. ആലപ്പുഴയിലെ നിര്‍മ്മല ഭവനം, നിര്‍മ്മല നഗരം പദ്ധതിയെക്കുറിച്ച് വടക്കേ ഇന്ത്യയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എന്നോട് ഒരു ലേഖനം ആവശ്യപ്പെട്ടു. 1300 വാക്കുകള്‍ ദൈര്‍ഘ്യമുളള ലേഖനത്തിന് 'ആലപ്പുഴയിലെ വിജയകരമായ ശുചിത്വപരിപാടി' എന്നാണ് ഞാന്‍ നല്‍കിയ തലക്കെട്ട്. ലേഖത്തില്‍ പ്രത്യക്ഷമായ ഒരു രാഷ്ട്രീയ പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, 'ഡു ഇറ്റ് ലൈക്ക് ആലപ്പുഴ' (Do it Like Alappuzha) അഥവാ 'ആലപ്പുഴയിലേതുപോലെ ചെയ്യൂ' എന്നായിരുന്നു ലേഖനത്തിനു എഡിറ്റോറിയല്‍ ഡെസ്‌ക് നല്‍കിയ തലക്കെട്ട്. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം (ബെക്കാമിനെപ്പോലെ പന്തു വളയ്ക്കൂ) എന്ന പ്രസിദ്ധമായ ഇംഗ്ലീഷ് പ്രയോഗത്തെ ഓര്‍മ്മിപ്പിക്കുന്ന തലക്കെട്ട്. പ്രതിരോധക്കാരെ മറികടന്ന് ഗോള്‍പോസ്റ്റിലേയ്ക്ക് വളഞ്ഞു കയറുന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ കളിക്കാരനായ ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്കുകള്‍ പ്രസിദ്ധമാണ്. ഇതുപോലൊരു ഈണമുളള ഒരു തലവാചകം. 'സ്വച്ഛ് ഭാരത് അഭിയാന്‍, ആലപ്പുഴയില്‍ നിന്ന് ഒരു പാഠമെടുക്കാം, ഇടതു നേതാവ് മോഡിയോട്' എന്നൊക്കെയുളള എഡിറ്റോറിയല്‍ നിരീക്ഷണങ്ങളുമുണ്ടായി. ഈ ഇടതുപക്ഷ രാഷ്ട്രീയ സന്ദേശമാണ് ശുചിത്വകേരള പ്രസ്ഥാനം ഇന്ത്യയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.
യുഡിഎഫ് നയത്തില്‍നിന്നുളള വ്യത്യസ്തത
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ശുചിത്വത്തെക്കുറിച്ച് വാചാലമാണെങ്കിലും പ്രായോഗികമായി ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണത്തിന്റെ ആദ്യവര്‍ഷം വകയിരുത്തിയ നൂറുകോടി രൂപയുടെ ചെറിയ ഭാഗമേ ഇപ്പോഴും ചെലവഴിച്ചു തീര്‍ന്നിട്ടുളളൂ. ഇതിന് ധനമന്ത്രി പഴിചാരുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ്. പക്ഷേ, സര്‍ക്കാരിന്റെയും ശുചിത്വമിഷന്റെയും ബ്യൂറോക്രാറ്റിക് സമീപനമാണ് യഥാര്‍ത്ഥ കാരണം. ജനങ്ങളെയാകെ ആവേശം കൊളളിച്ചുകൊണ്ടുളള ജനകീയ പ്രസ്ഥാനം വിഭാവനം ചെയ്യാന്‍ അവര്‍ക്കാവുന്നില്ല. വകുപ്പു മന്ത്രിയ്ക്കാണെങ്കില്‍ വന്‍കിട അത്യാധുനിക പ്ലാന്റുകളിലേ വിശ്വാസമുളളൂ. ഈ സമീപനത്തില്‍ നിന്നും ശുചിത്വകേരള പ്രസ്ഥാനം വ്യത്യസ്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന് ഇത്തരമൊരു ചുവടുമാറ്റം അനിവാര്യമാണ്.
1. ഉറവിട മാലിന്യ സംസ്‌കരണത്തിലെ ഊന്നലാണ് ഒന്നാമത്തെ വ്യത്യസ്തത. ഇതുവരെ ചെയ്തുവന്നത് എന്താണ്? നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ഗ്രാമത്തിലെവിടെയെങ്കിലുമുളള ഒരു കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കുമായിരുന്നു. പക്ഷേ, അതു പരാജയപ്പെട്ടു. കാരണം എന്തു തന്നെയാകട്ടെ, കേന്ദ്രീകൃതമായ ഈ രീതി ഇനി കേരളത്തിലൊരിടത്തും ജനങ്ങള്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ട് പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ച് സംസ്‌ക്കരിക്കുകയേ നിര്‍വാഹമുളളൂ.
2. മാലിന്യം സംസ്‌കരിക്കുന്നതിന് ജൈവരീതികളാണ് സ്വീകരിക്കുക. മാലിന്യം കത്തിച്ചു നശിപ്പിക്കുന്ന രീതി ഉപേക്ഷിക്കണം. ഏറ്റവും ലളിതമായ ഈ രീതി പക്ഷേ, അത്യധികം അപകടകരമാണ്. മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണെന്നു മാത്രമല്ല ആഗോള താപനത്തിന് ആക്കം കൂട്ടുകയും ചെയ്യും. കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം അറയിലാക്കി വളരെ ഉയര്‍ന്ന ചൂടില്‍ ദഹിപ്പിച്ചാല്‍ മാലിന്യം ഗ്യാസായി മാറും. പിന്നെയും ചൂട് ഉയര്‍ത്തിയാല്‍ മാലിന്യം പ്ലാസ്മയാകും. ഈ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉണ്ടാക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ ചെലവ് ഏറെയാണ്. കേന്ദ്രീകൃത പ്ലാന്റുകളും വേണം. ഡീസല്‍ ചെലവ് താങ്ങാനാകാതെ തിരുവനന്തപുരത്തെ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഉപേക്ഷിച്ച അനുഭവം മറക്കാറായിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് മാലിനസംസ്‌ക്കരണത്തിന് ജൈവപ്രക്രിയിലൂന്നിയുളള ജനകീയ കാമ്പയിനു രൂപം നല്‍കുന്നത്. പൈപ്പ് കമ്പോസ്റ്റ്, എറോബിക് ബിന്‍, തുടങ്ങിയ കമ്പോസ്റ്റിംഗ് സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്റകള്‍ ഉപയോഗിച്ച് മിഥേന്‍ ഉണ്ടാക്കാം. ഇത് അടുക്കളയില്‍ ഇന്ധനമായി ഉപയോഗിക്കാം.
3. ഏതു മാലിന്യസംസ്‌ക്കരണ രീതിയായാലും ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നതില്‍ പുതിയ ശുചിത്വ പ്രസ്ഥാനം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. എത്ര പഠിപ്പിച്ചാലും ഇടയ്ക്കിടയ്ക്ക് പ്ലാന്റുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ആളുകളെ നിയോഗിക്കണം. അഥവാ ഒരു മെയിന്റനന്‍സ് ടീം ഉണ്ടാകണം. പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ 100 എണ്ണത്തിന് ഒരാള്‍ എന്നതോതില്‍ മെയിന്‍ന്റനന്‍സ് ടീമിനെ സജ്ജീകരിക്കും. നിലവിലുളള സര്‍ക്കാര്‍ മാതൃകകളില്‍ ബോധവത്കരണത്തിനും മെയിന്റനന്‍സ് ടീമിന്റെ രൂപീകരണത്തിനും സ്ഥാനമില്ല. അതാണ് അവയുടെ ദൗര്‍ബല്യം. പ്ലാന്റു സ്ഥാപിക്കാന്‍ കരാറെടക്കുന്ന ഏജന്‍സികള്‍ പ്ലാന്റും സ്ഥാപിച്ച് കമ്മീഷനും വാങ്ങി സ്ഥലം വിടുകയാണ് പതിവ്. ഉപഭോക്താവിനെ പഠിപ്പിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ക്കോ സഹായമില്ല. 75000 ത്തോളം പൈപ്പ് കമ്പോസ്റ്റ് വച്ചിട്ടും തിരുവനന്തപുരത്ത് ഒരു ഫലവും കാണാത്തിനു കാരണമിതാണ്.
സാക്ഷരത പ്രസ്ഥാനവും ജനകീയ ആസൂത്രണവും പോലെ വലിയ തോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് തിരുവനന്തപുരത്ത് രൂപം നല്‍കുന്നത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ. മാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുകയും വലിച്ചെറിയാതിരിക്കുകയും വേണം. പണ്ട് വെളിമ്പ്രദേശങ്ങളില്‍ നടത്തിയിരുന്ന മലമൂത്ര വിസര്‍ജനം ഇന്ന് വീട്ടിനുള്ളിലാണ്. കക്കൂസ് മാലിന്യം വീട്ടിനുള്ളില്‍ സംസ്‌കരിക്കാമെങ്കില്‍ എന്തിന് അല്‍പമാത്രമായ അടുക്കള മാലിന്യം വലിച്ചെറിയണം? ഇത്തരമൊരു മനോഭാവമാറ്റം കേവലം സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് ഉണ്ടാവില്ല. ഒരു ജനകീയ പ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയ്ക്കു മാത്രമേ ഈ രൂപമാറ്റം വരുത്താനാവൂ.
വിശാലമായ വേദി
മേല്‍പറഞ്ഞ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍ ജനകീയ പ്രസ്ഥാനം രണ്ടുവര്‍ഷമായി ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ആലപ്പുഴ നഗരത്തെ സാമാന്യം വൃത്തിയാക്കുന്നതിലും ഈ പദ്ധതി വിജയിക്കുകയുണ്ടായി. ഈ ഗ്രന്ഥത്തിന്റെ അവസാന അധ്യായമായി ആലപ്പുഴയിലെ അനുഭവം വിശദീകരിക്കുന്നുണ്ട്. ഈ അനുഭവങ്ങളെ വിലയിരുത്തുന്നതിനും മറ്റു നഗരസഭകളുടെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനും വേണ്ടി ഏകെജി പഠനഗവേഷണ കേന്ദ്രം ആലപ്പുഴ വെച്ച് 2014 സെപ്തംബര്‍ 27ന് വിപുലമായ ശുചിത്വ സെമിനാര്‍ നടത്തി. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമായി എണ്ണൂറില്‍പ്പരം പ്രതിനിധികള്‍ ഈ സെമിനാറില്‍ പങ്കെടുത്തു. പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി, പി. കെ. ഗുരുദാസന്‍, പി. കെ. ശ്രീമതി എന്നിവരടക്കം സിപിഐഎമ്മിന്റെ കേരളത്തിലെ പ്രമുഖരായ എല്ലാ നേതാക്കളും ഈ സെമിനാറില്‍ പങ്കെടുത്തു. സെമിനാറിന്റെ പര്യവസാനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശുചിത്വകേരള പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം നടത്തിയത്. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഒരുകാര്യം വ്യക്തമാക്കി. സിപിഎമ്മിന്റേതായ ഒരു ശുചിത്വ പ്രസ്ഥാനമല്ല ലക്ഷ്യം. ശുചിത്വത്തിനു വേണ്ടിയുളള വിശാലമായ ഒരു വേദി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളോടു മാത്രമല്ല, യുഡിഎഫിലെ കക്ഷികളോടും പരമാവധി യോജിപ്പിന്റെ മേഖല തേടിക്കൊണ്ടായിരിക്കും സിപിഐഎം ഇടപെടുക.
ഇതിന് സാഹചര്യമൊരുക്കുന്നതിനുളള സുപ്രധാനപങ്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. നഗരസഭകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ശുചിത്വ കാമ്പയിന്‍ നടക്കുന്നത്. എല്‍ഡിഎഫിനു മുന്‍തൂക്കമുളള സ്ഥലങ്ങളില്‍ ഇതിനായി പാര്‍ടി മുന്‍കൈയെടുക്കും. അല്ലാത്ത സ്ഥലങ്ങളിലും യുഡിഎഫ് പഞ്ചായത്തുകളോടും നഗരസഭകളോടും സഹകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കുന്ന പരിപാടികള്‍ നടപ്പാക്കുന്നതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ ശുചിത്വ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി തനതായ പരിപാടികളും സംഘടിപ്പിക്കും.
2014 നവംബര്‍ ഒന്നിനാണ് ശുചിത്വകേരളം പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. അന്ന് എല്ലാ ജില്ലകളിലും ശുചീകരണ പരിപാടികള്‍ നടത്തി. പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സമ്പൂര്‍ണ ശുചിത്വകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതല്‍ അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷവും സര്‍ക്കാരും അനിവാര്യമാണ്. പക്ഷേ, ഒരുകാര്യം തീര്‍ച്ചയാണ്. കേരളത്തിലെ പലനഗരങ്ങളും നഗരപഞ്ചായത്തുകളും വൃത്തിയാകും. ഖരമാലിന്യങ്ങളെങ്കിലും തെരുവിലെറിയാതെ സംസ്‌ക്കരിക്കപ്പെടുന്ന നിലയുണ്ടാകും.
ഇതിനു നല്ല ഉദാഹരണമാണ് ആറുമാസത്തിനുളളില്‍ തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രതിസന്ധി പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന എന്റെ നഗരം സുന്ദരനഗരം പദ്ധതി. ഒരുകാലത്ത് കേരളത്തിന്റെ ശുചിത്വപട്ടണമെന്ന് പേരുകേട്ടിരുന്ന തിരുവനന്തപുരം ഇന്ന് മലീമസമാണ്. വിളപ്പില്‍ശാലയിലെ കേന്ദ്രീകൃത പ്ലാന്റ് അടച്ചുപൂട്ടിയതാണ് കാരണം. പ്ലാന്റിനെതിരായ ജനങ്ങളുടെ അമര്‍ഷവും സമരവും ന്യായമാണ്. എന്നാല്‍ ഇതിനുളള കാരണങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുളള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് പ്ലാന്റ് അടച്ചുപൂട്ടേണ്ടി വന്നത്. സംസ്ഥാന സര്‍ക്കാര്‍ കൂടി ഒത്താശ ചെയ്താണ് ഈയൊരു സ്ഥിതിവിശേഷം വരുത്തിയതെന്നാണ് നഗരസഭയുടെ ആക്ഷേപം. മാത്രമല്ല, സര്‍ക്കാര്‍ പ്രഖ്യാപിച്ച ബദല്‍ പരിപാടികളൊന്നും നടപ്പായതുമില്ല. ഇതോടെ നഗരമലിനീകരണം വലിയൊരു രാഷ്ട്രീയ വിവാദമായി മാറി. ഈ പശ്ചാത്തലമെല്ലാമുണ്ടെങ്കിലും എല്ലാ രാഷ്ട്രീയകക്ഷികളും സഹകരിച്ചുകൊണ്ടുളള എന്റെ നഗരം, സുന്ദരനഗരം പദ്ധതിയ്ക്കു രൂപം നല്‍കാന്‍ നഗരസഭയ്ക്കു കഴിഞ്ഞു.
നഗരസഭയുടെ ഈ പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് സിപിഐഎം ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. അതോടൊപ്പം സിപിഐഎം തനതായ പ്രവര്‍ത്തനങ്ങളും നടത്തുന്നു. നവംബര്‍ ഒന്നിന് എരുമക്കുഴിയിലെ സന്നദ്ധപ്രവര്‍ത്തനത്തില്‍ മന്ത്രി ശിവകുമാറും ഒ. രാജഗോപാലുമടക്കമുളളവര്‍ പങ്കെടുത്തു. ഇവിടെയായിരുന്നു എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം. അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജഗതിയില്‍ വലിയതോതിലുളള സന്നദ്ധപ്രവര്‍ത്തനം നടന്നു. സ. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് വളപ്പ് ശുചിയാക്കി. ഇങ്ങനെ അനേകം സ്ഥലങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. എല്ലാവരും യോജിച്ചുളള പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ശുചീകരണത്തില്‍ ഏറ്റവും സജീവമായ ഘടകമായി സിപിഐഎം മാറുകയാണ്. ആറു മാസത്തിനുളളില്‍ തിരുവനന്തപുരം വൃത്തിയാകുമ്പോള്‍ അത് കേരളത്തിലെ ശുചിത്വപ്രസ്ഥാനത്തിന് വലിയൊരു ആത്മവിശ്വാസം പകരും എന്നത് തീര്‍ച്ചയാണ്.  

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...