എല്‍.ഡി.എഫ്. സര്‍ക്കാറിന്റെകാലത്തെ ധനസ്ഥിതിയെ കള്ളക്കണക്കുകള്‍കൊണ്ടു താറടിക്കാന്‍ ധവളപത്രമിറക്കിയപ്പോഴാണ് 'കള്ളം, പച്ചക്കള്ളം, പിന്നെ കെ.എം. മാണിയുടെ കണക്കുകളും' എന്ന പുസ്തകമെഴുതിയത്. ഇത്രയ്ക്കുവേണ്ടിയിരുന്നോ എന്ന് സദുദ്ദേശ്യത്തോടെ പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. എന്നാല്‍, ധനമന്ത്രിയെന്നനിലയില്‍ കെ.എം. മാണിയുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എന്റെ വിമര്‍ശം കുറഞ്ഞുപോയെന്നാണു തോന്നുന്നത്.
കഴിഞ്ഞ ബജറ്റ്പ്രസംഗം ഒരിക്കല്‍ക്കൂടി വായിക്കൂ. കേരളത്തില്‍ സാമ്പത്തികപ്രതിസന്ധിയുണ്ടെന്നതിന്റെ ലാഞ്ഛനപോലും അതിലില്ല. 2012'13ല്‍ റവന്യൂകമ്മി 3406 കോടിയായി കുറഞ്ഞുവെന്നും (0.9 ശതമാനം) 2013'14ല്‍ അത് 2269 കോടിയായി (0.5 ശതമാനം) വീണ്ടും താഴുമെന്നുമാണ് അതില്‍ പ്രസ്താവിച്ചത്. എന്നാല്‍, എ.ജി.യുടെ കണക്കുവന്നപ്പോള്‍ 2012'13ല്‍ കമ്മി 9351 കോടി; സംസ്ഥാനവരുമാനത്തിന്റെ 2.46 ശതമാനം. 2013'14ലെ കമ്മി 11,308 കോടി; സംസ്ഥാനവരുമാനത്തിന്റെ 2.63 ശതമാനം. ഈ പ്രസംഗം നടത്തുമ്പോള്‍ 2013'14ല്‍ ജനവരി വരെയുള്ള വരവുചെലവുകണക്കുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മതിപ്പുകണക്കിനെക്കാള്‍ വരുമാനം കുറയുമെന്നും ചെലവ് അധികമാവുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി പറയാന്‍കഴിയും. എന്നാല്‍, അതിനു തുനിയാതെ കമ്മികുറച്ചുകാണിക്കാനുള്ള പൊള്ളക്കണക്കുകളാണു മന്ത്രി അവതരിപ്പിച്ചത്. ഇതേ അടവ് ഇത്തവണയും ആവര്‍ത്തിക്കുമോയെന്നതാണ് ബജറ്റ്രേഖകള്‍ പുറത്തുവരുമ്പോള്‍ നാം അന്വേഷിക്കേണ്ടത്.
2013'14 ജനവരിവരെ നികുതിയായി 25,713 കോടിയേ പിരിഞ്ഞിരുന്നുള്ളൂ. പിരിക്കുമെന്നു പറഞ്ഞത് 38,771 കോടി; ലക്ഷ്യത്തിന്റെ 66 ശതമാനം മാത്രം. അടുത്ത രണ്ടുമാസംകൊണ്ട് ഏറിയാല്‍ ഒരു ആറായിരം കോടികൂടി പിരിക്കാന്‍കഴിയും. എന്നാല്‍, ധനമന്ത്രി ഏതാണ്ട് 10,000 കോടി കൂടുതല്‍ പിരിക്കുമെന്നാണു കണക്കാക്കിയത്. അവസാനം കണക്കുവന്നപ്പോള്‍ പിരിഞ്ഞത് 31,995 കോടിമാത്രം. തൊട്ടടുത്തവര്‍ഷത്തെ (2014'15) ബജറ്റ് നേരത്തേ സൂചിപ്പിച്ച പൊള്ളക്കണക്കിനെ അടിസ്ഥാനമാക്കിയാണുണ്ടാക്കിയത്. 42,467 കോടി നികുതിയായി പിരിക്കുമത്രേ. മുന്‍വര്‍ഷം പിരിച്ച നികുതിയെക്കാള്‍ ഏതാണ്ട് 33 ശതമാനം കൂടുതല്‍. പക്ഷേ, ഈ പൊള്ളക്കണക്കിന്റെ അടിസ്ഥാനത്തിലാണ് നടപ്പുവര്‍ഷത്തെ വരുമാനം കണക്കാക്കിയത്. ഇപ്പോള്‍ നമുക്ക് യഥാര്‍ഥസ്ഥിതിയറിയാം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലം 11 ശതമാനം, അതായത് ലക്ഷ്യമിട്ടതിന്റെ മൂന്നിലൊന്നുവേഗത്തില്‍ മാത്രമാണ് നികുതിവരുമാനം കൂടിക്കൊണ്ടിരിക്കുന്നത്.
എന്തായിരുന്നു ഇതിന്റെ ഫലം? ബജറ്റവതരിപ്പിച്ച് ആറുമാസം കഴിയുമ്പോള്‍ത്തന്നെ സംസ്ഥാനം അതിരൂക്ഷമായ ധനകാര്യപ്രതിസന്ധിയിലാണെന്ന് ധനവകുപ്പിന് അംഗീകരിക്കേണ്ടിവന്നു. ദൈനംദിനചെലവിനുള്ള റവന്യൂ വരുമാനമില്ലാതെവന്നപ്പോള്‍ വായ്പയെടുത്ത പണംമുഴുവന്‍ ഇതിനായുപയോഗിക്കേണ്ടിവന്നു. തന്മൂലം കരാറുകാര്‍ക്കു നല്‍കാന്‍ പണമില്ലാതായി. കാര്യങ്ങളിങ്ങനെ നിയന്ത്രണമില്ലാതെപോയാല്‍ അടുത്ത ഏപ്രിലില്‍ ട്രഷറി പൂട്ടിയിടേണ്ടിവരുമെന്ന് ധനവകുപ്പ് മന്ത്രിസഭയ്ക്കു കുറിപ്പുനല്‍കി. അംഗീകരിച്ച ബജറ്റിനുപുറത്ത് 2500ഓളം കോടിയുടെ നികുതി നിയമസഭപോലും ചേരാതെ അടിച്ചേല്‍പ്പിക്കേണ്ടിവന്നു. ചെലവുകള്‍ക്ക് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തി.
ഈ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ ബജറ്റിലും ധനമന്ത്രി തന്റെ പതിവു കലാപരിപാടിതന്നെ തുടരുമോയെന്നതാണ് ഗൗരവമായ ചോദ്യം. കേരള ബജറ്റ് രേഖകള്‍ ലഭിക്കുമ്പോള്‍ ഞാനാദ്യം നോക്കുന്നത് 2014'15ല്‍ പുതുക്കിയ നികുതിവരുമാനം എത്രയാണെന്നായിരിക്കും. ബജറ്റ് അവതരണവേളയില്‍ 42,467 കോടി നികുതി പിരിക്കുമെന്നാണ് കെ.എം. മാണി അവകാശപ്പെട്ടത്. ജനവരിവരെയുള്ള നികുതിപിരിവ് കേവലം 28,496 കോടിയാണ്. അടുത്ത രണ്ടുമാസംകൊണ്ട് ഏറിയാല്‍ 6,500 കോടി പിരിക്കാന്‍ പറ്റും. അപ്പോള്‍ 2014'15ലെ നികുതിവരുമാനം 34,500 കോടിവരും. ലക്ഷ്യമിട്ടതിനെക്കാള്‍ 7500 കോടി നികുതി കുറവ്. ഇതാണവസ്ഥയെങ്കില്‍ റവന്യൂ കമ്മി ധനവകുപ്പുതന്നെ മന്ത്രിസഭയ്ക്കു നല്‍കിയ കുറിപ്പില്‍ പറഞ്ഞതുപോലെ15,000 കോടിയെങ്കിലും വരും. സംസ്ഥാനവരുമാനത്തിന്റെ 3.3 ശതമാനത്തോളംവരും ഈ തുക. റവന്യൂകമ്മിയുടെ കാര്യത്തില്‍ സര്‍വകാല റെക്കോഡിടുകയാണ് കെ.എം. മാണി. ഞാന്‍ കാത്തിരിക്കുന്ന മറ്റൊരുകാര്യമുണ്ട്. 201415ലെ വാര്‍ഷികപദ്ധതിയുടെ എത്രകോടി രൂപ ചെലവഴിക്കുമെന്നാണ് ധനമന്ത്രി കരുതുന്നത്? ട്രഷറി കണക്കുപ്രകാരം ജനവരി അവസാനംവരെ ചെലവഴിച്ചത് സംസ്ഥാനപദ്ധതിയുടെ അടങ്കലിന്റെ 32 ശതമാനം മാത്രമാണ്. എന്തു സര്‍ക്കസ്സുകാണിച്ചാലും 60 ശതമാനത്തിനപ്പുറം ചെലവഴിക്കാനാവില്ല. ഇതംഗീകരിക്കുമോ അതോ കള്ളക്കണക്കില്‍ മറച്ചുവെയ്ക്കുമോ? മാധ്യമശ്രദ്ധയില്‍വരാത്ത ഒരു സുപ്രധാന ഓര്‍ഡര്‍ സമീപകാലത്ത് ധനവകുപ്പില്‍നിന്നിറങ്ങി. അതുപ്രകാരം പദ്ധതിയടങ്കല്‍ ചെലവഴിക്കാനുള്ള കാലാവധി അടുത്ത സപ്തംബര്‍വരെ നീട്ടിയിരിക്കയാണ്. ഇതു തികച്ചും ഭരണഘടനാവിരുദ്ധമായ നടപടിയാണ്. ബജറ്റെന്നാല്‍ സംസ്ഥാനസര്‍ക്കാറിന്റെ വാര്‍ഷികവരവുചെലവുകണക്കാണ്. ഇതിപ്പോള്‍ സര്‍ക്കാര്‍ ഒന്നരവര്‍ഷത്തെ ചെലവുകണക്കാക്കിമാറ്റിയിരിക്കയാണ്. പുതിയ ഉത്തരവുപ്രകാരം അടുത്ത സപ്തംബര്‍ 30നുള്ളില്‍ ചെലവഴിച്ചുതീര്‍ക്കാന്‍ പറ്റുന്ന തുക കാര്യകാരണസഹിതം ഫിനാന്‍സ് വകുപ്പിലറിയിച്ചാല്‍ അവരത് പ്രത്യേക ഇലക്‌ട്രോണിക് ലെഡ്ജര്‍ അക്കൗണ്ടില്‍ വകകൊള്ളിക്കുമത്രേ. പണം ലാപ്‌സാവില്ല. അടുത്ത സപ്തംബറിനുള്ളില്‍ സാധാരണ നടപടിക്രമങ്ങള്‍പാലിച്ചുകൊണ്ട് അതു ചെലവഴിച്ചാല്‍ മതി. ഡിപ്പാര്‍ട്ട്‌മെന്റുകളുടെ കഴിവുകേടുകൊണ്ടാണ് പണം സമയത്തു ചെലവഴിച്ചുതീരാത്തതെന്നാണ് ധനവകുപ്പിന്റെ ഭാവം. യഥാര്‍ഥത്തില്‍ ട്രഷറിയില്‍ പണമില്ലാത്തതുകൊണ്ട് വകുപ്പുകളുടെ ചെലവിനുമേല്‍ കടിഞ്ഞാണിട്ടിരിക്കയാണ്. വായ്പയെല്ലാമെടുത്തുതീര്‍ത്തതുകൊണ്ട് ഇനിയൊട്ടു പണമുണ്ടാകാനുംപോകുന്നില്ല. അതുകൊണ്ടാണ് സപ്തംബര്‍വരെ പദ്ധതി നീട്ടിയത്. ?
2015'16 ശമ്പളപരിഷ്‌കരണവര്‍ഷമാണ്. ഇതിനുള്ള പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടോയെന്നതാണ് മറ്റൊരു സുപ്രധാന ചോദ്യം. കണക്കൊപ്പിക്കാന്‍ ശമ്പളപരിഷ്‌കരണം അടുത്തവര്‍ഷം അട്ടത്തുവെയ്ക്കാനാണ് കൂടുതല്‍ സാധ്യത. മുഖംരക്ഷിക്കാന്‍വേണ്ടി കഴിഞ്ഞവര്‍ഷത്തെപ്പോലെ പൊള്ളക്കണക്കുകളായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക. ബജറ്റ് നിര്‍ദേശങ്ങളെ അഴിമതിക്കുള്ള ഉപായമാക്കിമാറ്റിയെന്ന പ്രതിപക്ഷവിമര്‍ശം അഭൂതപൂര്‍വമായൊരു പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. ഈ അഴിമതിമൂലം ബജറ്റവതരിപ്പിക്കാനുള്ള ധാര്‍മികാവകാശം ധനമന്ത്രിക്കില്ല. അതോടൊപ്പം ബജറ്റ്രേഖയെ ധനമന്ത്രി പ്രഹസനമാക്കിമാറ്റിയെന്നാണെന്റെ ആക്ഷേപം. കഴിഞ്ഞവര്‍ഷം അതൊരു പ്രഹസനമായിരുന്നെങ്കില്‍ ഈ വര്‍ഷം അതൊരു ദുരന്തമായിമാറുമെന്നതിന് ഒരുസംശയവുംവേണ്ട. ഇതെല്ലാം 2014'15ലെ കണക്കുകള്‍ സംബന്ധിച്ചല്ലേ, 2015'16ലെ ബജറ്റ് കണക്കുകളില്‍ ഇതെങ്ങനെ ബാധകമാകുമെന്നത് ന്യായമായചോദ്യമാണ്. 2014'15ല്‍ നികുതിവരുമാനം യഥാര്‍ഥത്തില്‍ 34,500 കോടിക്കപ്പുറംവരില്ല എന്നുപറഞ്ഞല്ലോ. കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ചെയ്തപോലെതന്നെ 33 ശതമാനത്തിലേറെ നികുതിവരുമാനവര്‍ധനയുണ്ടാകുമെന്നുള്ള അനുമാനത്തില്‍ 2015'16ലെ നികുതിവരുമാനം പെരുപ്പിച്ചുകാട്ടുകയാണെങ്കില്‍ ഈവര്‍ഷം നടന്നതിന്റെ തനിയാവര്‍ത്തനമായിരിക്കും 2015'16ലും നടക്കുക.
ഈ സാഹചര്യത്തില്‍ ഏതുതരത്തിലുള്ള വികസനപ്രവര്‍ത്തനമാണ് സര്‍ക്കാറിന് ഏറ്റെടുക്കാനാവുക? സാധാരണഗതിയിലുള്ള പദ്ധതികളുണ്ടാകും. അതിനപ്പുറം കേരളത്തിന്റെ വികസനം ത്വരപ്പെടുത്താനുതകുന്ന ഭാവനാപൂര്‍ണമായ ഒരുപദ്ധതിക്കും പണമുണ്ടാകില്ല. തിരഞ്ഞെടുപ്പുവര്‍ഷമായതുകൊണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകും. പ്രചാരണത്തിനപ്പുറം ഇവയൊന്നും ഫലിക്കില്ല. ? ? കഴിഞ്ഞവര്‍ഷം ബജറ്റ് പ്രസംഗത്തില്‍ പുതുതായി പ്രഖ്യാപിച്ച ഏതെങ്കിലുമൊരു പദ്ധതി നടപ്പാക്കിയതായി ആര്‍ക്കെങ്കിലും പറയാമോ? ബജറ്റ് പ്രസംഗത്തിന്റെ വിശ്വാസ്യത പൂര്‍ണമായി യു.ഡി.എഫ്. തകര്‍ത്തിരിക്കയാണ്. കേവലം പ്രചാരണപ്രസംഗങ്ങളായി അവ അധഃപതിച്ചു. ഇതു വലിയ ദുര്യോഗമാണ്. കേരളവികസനത്തിനു വലിയ ആഘാതമാണ് യു.ഡി.എഫ്. സര്‍ക്കാറും സംഘവും ഏല്‍പ്പിച്ചിട്ടുള്ളത്.
No comments:
Post a Comment