Monday, July 2, 2012

വര്‍ഗസമരവും ബലപ്രയോഗവും – കെ. വേണു കാണാതെ പോകുന്നത്


ടി പി ചന്ദ്രശേഖരന്‍ വധം ഒരുനിമിത്തമാക്കി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് കെ. വേണു നല്‍കുന്ന ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരിശോധിച്ചത്. അദ്ദേഹം ഇതുകൊണ്ടും തൃപ്തനല്ല. ഈ വധത്തോടെ കേരളത്തിന്റെ ചരിത്രം തന്നെ അദ്ദേഹം കീഴ്‌മേല്‍ മറിക്കുകയാണ്. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവാദികളല്ല എന്ന ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ അദ്ദേഹം ആ സാഹസത്തിനു മുതിരുന്നു. ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്: 

''ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ബീഭത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിലൂടെ പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പകപോക്കലുകളാണ്.''
സമകാലീന രാഷ്ട്രീയത്തിന്റെ മുഖം എന്നല്ല, ആധുനിക കേരളത്തിന്റെ രാഷ്ട്രീയമുഖം എന്നാണ് വേണുവിന്റെ പ്രയോഗം. അങ്ങനെയാണ് വേണു ചരിത്രത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ കേരളത്തിനുണ്ടായ പരിണാമങ്ങളെയെല്ലാം വേണു വിസ്മരിക്കുന്നു. സവര്‍ണമേധാവിത്വത്തിന്റെ കീഴില്‍ എല്ലാ പൗരാവകാശങ്ങളും നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടുകിടന്ന ഒരു ജനത ഉയര്‍ത്തെഴുന്നേറ്റത് ഈ കാലഘട്ടത്തിലാണ്. ജന്മിത്തത്തിനെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും പടപൊരുതിയതും ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്. തൊഴിലാളികള്‍ എന്ന പുതിയൊരു വര്‍ഗം രൂപം കൊണ്ടതും അവര്‍ സംഘടിതരായതും ഈ കാലഘട്ടത്തിലാണ്.



ഈ അവകാശസമരങ്ങളുടെ ഫലമായാണ് കേരളത്തിലെ സാധാരണക്കാര്‍ക്ക് രക്ഷയും സാമാന്യവിദ്യാഭ്യാസവും ആരോഗ്യവും കിടക്കാനിടവും റേഷനുമെല്ലാം ലഭ്യമായത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. എല്ലാത്തിനുമുപരി കീഴാളരില്‍ അന്യാദൃശമായ ഒരു അവകാശബോധവും അഭിമാനവുമുണ്ടായി. ഈ നേട്ടങ്ങളെല്ലാം പ്രബുദ്ധമായ അവകാശരാഷ്ട്രീയത്തിന്റെ ഫലമാണ്.



കേരളത്തിലെ 'അവകാശരാഷ്ട്രീയവും ' പ്രബുദ്ധ രാഷ്ട്രീയവും മികച്ച മാതൃകയാണെന്ന് വേണുവിന് ഉറപ്പില്ല. പരിഗണിക്കപ്പെട്ടുപോന്നത് 'എന്ന ന്യൂനോക്തിയിലാണ് വേണു കേരളത്തിന്റെ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം' കൊന്നൊടുക്കുന്ന രാഷ്ട്രീയ പകപോക്കലുകളാണത്രേ. നിഷ്ഠുരമായ ഒരു കൊലപാതകം നടന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്. എന്നാല്‍ അതിന്റെപേരില്‍ കേരളത്തില്‍ നടന്നത് അത്തരം കൊലപാതകങ്ങള്‍ മാത്രമാണ് എന്ന് അടച്ചാക്ഷേപിക്കുന്നത് അതിശയോക്തിയല്ലേ?



വര്‍ഗസമരവും ബലപ്രയോഗവും
സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമെടുക്കാം. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളുമുണ്ടായത്. ഇതിന്റെ ഇരകളായിരുന്നു കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും. ഈ വധങ്ങളില്‍ മഹാഭൂരിപക്ഷവും നാട്ടുപ്രമാണിമാരും പോലീസും കോണ്‍ഗ്രസും ചേര്‍ന്നാണ് നടത്തിയത്. 



എഴുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ ആര്‍എസ്എസും ഈ സംഘത്തിനൊപ്പം ചേര്‍ന്നു. ന്യൂനപക്ഷവിരുദ്ധ ലഹളയുടെയും നിഷ്ഠുരമായ കൊലപാതകങ്ങളുടെയും പ്രയോക്തക്കളായ ആര്‍എസ്എസ് കേരളത്തില്‍ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തിയതില്‍ അത്ഭുതപ്പെടാനില്ല. ആര്‍എസ്എസിന്റൈ കടന്നാക്രമണം - പ്രത്യേകിച്ച് കണ്ണൂരില്‍ - രൂക്ഷമായ ഏറ്റുമുട്ടലുകളിലേക്കും കൊലപാതകങ്ങളിലേക്കും വളര്‍ന്നു. ഇവിടെയെല്ലാം ഇരകള്‍ മഹാഭൂരിപക്ഷവും സിപിഐഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഗണ്യമായി കുറഞ്ഞുവന്നു. 

മേല്‍വിവരിച്ച ഏറ്റുമുട്ടലുകളെ കേരളത്തിലെ തൊഴില്‍മേഖലകളില്‍ നടന്ന അവകാശ സമരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിശദീകരിക്കേണ്ട ബാധ്യത ഈ മുന്‍ കമ്മ്യൂണിസ്റ്റിനു വന്നതില്‍ സഹതാപമുണ്ട്. നിയമവാഴ്ചയ്ക്കു നേരെയുളള വെല്ലുവിളികള്‍ മാത്രമായി അദ്ദേഹം ഈ സമരചരിത്രം ചുരുക്കിയെഴുതുന്നു. മറിച്ചുള്ള വാദങ്ങളെ ഈ കൊലപാതകങ്ങളെയും ചന്ദ്രശേഖരന്റെ കൊലപാതകത്തെയും ന്യായീകരിക്കാനുളള പരിശ്രമമായി പുച്ഛിച്ചുതള്ളുന്ന വേണു എഴുതുന്നു: 

''ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്നു നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിത്തീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്.'' 
നാളിതുവരെയുളള ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് എന്നത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ആ പ്രസ്താവനയുടെ ധാര്‍മ്മികതയോ ന്യായാന്യായമോ ഒക്കെ വേണുവിന് വിമര്‍ശനവിധേയമാക്കാം. പക്ഷേ, വര്‍ഗസമരവും അതുമായി ബന്ധപ്പെട്ട ബലപ്രയോഗവും ചരിത്രയാഥാര്‍ത്ഥ്യമാണ്. ഭരണകൂടവും ഭരണാധികാരിവര്‍ഗങ്ങളും കീഴാളര്‍ക്കും തൊഴിലാളികള്‍ക്കും നേരെ നിരന്തരമായ ബലപ്രയോഗം നടത്തും. ഈ ബലപ്രയോഗത്തിനു നേരെ ഒളിഞ്ഞും തെളിഞ്ഞും ചെറുത്തുനില്‍പ്പുമുണ്ടാകും. ഇതില്‍ ബലപ്രയോഗം ഒഴിവാക്കാനാവില്ല. കാരണം, ചൂഷക വര്‍ഗാധിപത്യത്തിന്റെ കാതല്‍ ബലപ്രയോഗം തന്നെയാണ്.



എത്ര നിഷ്ഠൂരമായ ബലപ്രയോഗമാണ് ദളിതര്‍ക്കും, കൂലിവേലക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ നേരിടേണ്ടിവരുന്നത്? മാരുതിയുടെ അത്യന്താധുനിക ഫാക്ടറിയില്‍പോലും ബലപ്രയോഗത്തിലൂടെയാണ് ഭരണവര്‍ഗം സ്വേച്ഛ നടപ്പാക്കിയത്. ഈ ബലപ്രയോഗത്തെ തൊഴിലാളികള്‍ ചെറുക്കുമ്പോള്‍ ചിലപ്പോള്‍ ഏറ്റുമുട്ടലുകളും മരണവും സംഭവിക്കും. ഇവയെ കേവലം നിയമലംഘനപ്രശ്‌നമായി ചിത്രീകരിക്കുന്ന വേണു പൂര്‍ണമായും അധ്വാനവര്‍ഗത്തിന്റെ ശത്രുപക്ഷത്ത് അണിചേര്‍ന്നു നില്‍ക്കുന്നത്.



ഇടുക്കിയെക്കുറിച്ചു തന്നെ, എം എം മണിയെക്കുറിച്ചും 
കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച ആല്‍ബിയെന്ന പ്രീഡിഗ്രിക്കാരന്റെ വീട് ഇടുക്കിയിലായിരുന്നു. അപ്പന്‍ ഒരു ഏലത്തോട്ടമുടമ. തോട്ടങ്ങളില്‍ സിഐടിയു യൂണിയന്‍ രൂപീകരിക്കുന്നത് വ്യക്തിപരമായ വെല്ലുവിളിയായി അദ്ദേഹവും മറ്റു തോട്ടമുടമകളും ഏറ്റെടുത്തു. 



രൂക്ഷമായ സമരം ഏറ്റുമുട്ടലുകളിലേക്കും വധശ്രമങ്ങളിലേക്കുമെത്തി. ഇത്ര രൂക്ഷമായ വൈരാഗ്യവും പകയും എന്തിന് എന്ന് അന്നെനിക്കു മനസിലായില്ല. പയ്യന്‍ സഖാവിന്റെ ധര്‍മ്മവ്യഥ ഞങ്ങളേയും ബാധിച്ചു. ആല്‍ബിയുടെ അപ്പന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ എ പി വര്‍ക്കിയുടെ കത്തുമായി ഞാനും എന്‍. കെ. വാസുദേവനും ഇടുക്കിയിലെത്തി. അന്നാണ് ആദ്യമായി എം എം മണിയെ കാണുന്നത്. ദൗത്യം പരാജയപ്പെട്ടു. അത് അനിവാര്യവുമായിരുന്നു. കാരണം അത്രയേറെ രൂക്ഷവും സ്‌ഫോടനാത്മകവുമായ അന്തരീക്ഷമായിരുന്നു ഏലത്തോട്ടങ്ങളില്‍ നിലനിന്നിരുന്നത്. എറണാകുളം പട്ടണത്തിലെ സംഘര്‍ഷങ്ങള്‍ എത്രയോ ലഘുവാണെന്ന് അന്നെനിക്കു മനസ്സിലായി. 


മലയാളം ന്യൂസ് പോര്‍ട്ടല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച 'ഏലക്കാടുകളില്‍ ചെന്തീ പടര്‍ന്നതെങ്ങനെ?' എന്ന സജി മാര്‍ക്കോസിന്റെ ലേഖനത്തില്‍ ഇടുക്കിയിലെ തൊഴില്‍സംഘര്‍ഷങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദേശാഭിമാനി പത്രത്തില്‍ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതൊരാവര്‍ത്തി വായിക്കണമെന്ന് ഞാന്‍ വേണുവിനോട് അഭ്യര്‍ത്ഥിക്കുകയാണ്.



ലേഖനത്തിന്റെ പകുതിഭാഗം ഏലത്തോട്ടങ്ങളിലെ വര്‍ഗബന്ധങ്ങളുടേയും കൊടിയ പീഡനങ്ങളുടേയും ഹൃദയസ്പര്‍ശിയായ വിവരണമാണ്. കങ്കാണിമാര്‍ക്കു കീഴില്‍ അടിമതുല്യമായ സ്ഥിതിയിലായിരുന്നു ഇടുക്കിയിലെ ഏലക്കാടുകളില്‍ അന്ന് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. ഇതിനെതിരെ പടപൊരുതിയാണ് സിഐടിയു വളര്‍ന്നത്. അങ്ങനെ 1969ല്‍ എ. കെ. ദാമോദരന്‍, എം. എം. മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യത്തെ ചെങ്കൊടി മുക്കിടിയില്‍ ഉയര്‍ന്നു. സിഐടിയുവിനെ അംഗീകരിക്കാത്ത മുതലാളിമാര്‍ ഐഎന്‍ടിയുസി പുനഃസംഘടിപ്പിച്ച് ചെറുത്തുനില്‍പ്പിന് കളമൊരുങ്ങി. എങ്കിലും സിഐടിയുവിന്റെ പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. 1972 ല്‍ വെങ്കലപ്പാറയിലും ചെങ്കൊടി പൊങ്ങി. എസ്‌റ്റേറ്റില്‍ സിഐടിയു രൂപം കൊണ്ടു.

സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനാവകാശത്തിനുവേണ്ടി ഒട്ടാത്തിയില്‍നിന്നും വെങ്കലപ്പാറയിലേക്ക് സിപിഐഎമ്മും സിഐടിയുവും മാര്‍ച്ചു നടത്തി. മാര്‍ച്ചിനുനേരെ പൊട്ടങ്കുളം എസ്‌റ്റേറ്റ് ബംഗ്ലാവില്‍ നിന്നു വെടിയുതിര്‍ത്തു. വെടിവെപ്പില്‍ സ. കാമരാജ് രക്തസാക്ഷിയായി. ശരീരത്തില്‍ കയറിയ നാടന്‍ തോക്കിന്റെ ചില്ലുമായി മുക്കുച്ചാമി ഇന്നും മുക്കുടിയില്‍ ജീവിച്ചിരിക്കുന്നു. ഉടുമ്പഞ്ചോല താലൂക്കിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായിരുന്നു സ. കാമരാജിന്റേത്. സിഐടിയുവിനെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യുവാന്‍ തോട്ടം മുതലാളിമാരും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പദ്ധതിയിട്ടു. ആ സാഹചര്യം സജി മാര്‍ക്കോസിന്റെ വാക്കുകളില്‍ വായിക്കുക.

''...മുള്ളഞ്ചിറ മത്തായിയുടെ നേതൃത്തില്‍… സിഐടിയുക്കാരുടെ വീടു തിരഞ്ഞ് ഇറങ്ങും… സിഐടിയുവിന്റെ യൂണിറ്റ് പ്രസിഡന്റ് പുന്നോലി മേരി ഒളിവില്‍ പോയി. പുന്നോലി മേരിയുടെ ഒളിത്താവളമറിയാന്‍ മോസ്‌ക്കോക്കുന്നിലെ വപ്പിമത്തായിയുടെ മകള്‍ ഡോലിയെ രാത്രി വീട്ടില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയിട്ട് തിരികെ വിട്ടത് രണ്ടാമത്തെ ദിവസമാണ്.."
"..എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഒരു യൂണിയന്‍ പ്രവര്‍ത്തകയെ മുറ്റത്ത് വലിച്ചിറക്കി വയറിന്മേല്‍ കയറിയിരുന്നിട്ട് 'നിന്റെ വയറില്‍ ഇരിക്കുന്നത് ബഡ്ഡില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖമുണ്ടല്ലോടീ' എന്നു മുള്ളന്‍ചിറ മത്തായി പറഞ്ഞത് ഇന്നും മോസ്‌ക്കോയിലെ നാട്ടുകാര്‍ ഓര്‍ത്തിരിക്കുന്നു. ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്നുവെന്ന സ്‌റ്റേറ്റ്‌മെന്റുമായാണ് സംഘം ഇറങ്ങുന്നത്. ഒപ്പിടുന്നവരെ ഉപദ്രവിക്കില്ല. ആണുങ്ങള്‍ പോലീസിനെ പേടിച്ച് ഒളിവില്‍ പോയി. തനിയെ ഉള്ള സ്ത്രീകള്‍ സഹിക്കുകയല്ലാതെ വഴിയില്ലായിരുന്നു".
"ഇതേസമയം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബിയുടെ നേതൃത്വത്തിലും… (സമീപ) പ്രദേശങ്ങളില്‍ സിഐറ്റിയുവിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. …
മാസങ്ങളോളം ഈ ഭീകരാന്തരീഷം നിലനിന്നു. സിഐടിയുവിന് സംഘടനാ പ്രവര്‍ത്തനം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി 1982 ന്റെ അവസാനം സ. കെ ആര്‍ ഗൗരിയമ്മ മുക്കിടി സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിന് ശേഷമാണ്, പ്രതിരോധത്തില്‍ നിന്നും പ്രത്യാക്രമണത്തിലേക്ക് സി പി ഐ എം തിരിയുന്നത്".
''… വീട് വിട്ട് ഓടിയവരെല്ലാം തോട്ടത്തില്‍ തിരികെയെത്തി പണിയ്ക്കു പോയി, എന്നും പാര്‍ട്ടി ഓഫീസില്‍ കൂടി, രാത്രി ഭീഷിണിയുണ്ടായിരുന്ന വീടുകള്‍ക്ക് കാവലിരുന്നു. സ. മേരി ഒളിവില്‍ നിന്നും തിരിച്ചു വന്നു…"
"...1982 നവംബര്‍ 13ന് മേലെ ചെമ്മണാറില്‍ വച്ച് അഞ്ചേരി ബേബി വെടിയേറ്റു മരിച്ചു. ശാന്തന്‍പാറ സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം. പിന്നെ പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. ഗുണ്ടകളും വെറുതെയിരുന്നില്ല. പുന്നോലി മേരിയെ തോട്ടം പണി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് മത്തായിയും സംഘവും ആക്രമിച്ചു. മരിച്ചുവെന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞു. തലൈങ്കാവിലെ പ്രവര്‍ത്തകയായിരുന്ന തിലോത്തമയുടെ വീടുകയറി ആക്രമിച്ച് കൊച്ചുകുഞ്ഞിനെ മുറ്റത്തേയ്ക്ക് എടുത്തെറിഞ്ഞു. (തിലോത്തമ കഴിഞ്ഞ ടേമിലെ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു). മേരിയെ മര്‍ദ്ദിച്ചതിന്റെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (1983 ജനുവരി 16 ന്) മുള്ളഞ്ചിറ മത്തായിയെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു". "ഇതോടെ പീഡനത്തിന് നേതൃത്വം കൊടുക്കാന്‍ ആളില്ലാതെയായി. തോട്ടം ഉടമകള്‍ യൂണിയനെ അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കങ്കാണി സമ്പ്രദായം നിര്‍ത്തലാക്കി. മിനിമം കൂലി 27 രൂപ ആയി നിജപ്പെടുത്തി (ഇന്നത് 215 രൂപയാണ്). എട്ടു മണിക്കൂര്‍ ജോലിസമയം അംഗീകരിച്ചു.''
നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ ഈ നേട്ടങ്ങള്‍ സ്വായത്തമാക്കിക്കൂടേ എന്നായിരിക്കും വേണുവിന്റെ ചോദ്യം. നിയമലംഘനവും ബലപ്രയോഗവും നടത്തുന്നത് ഭരണവര്‍ഗമാണ്. നിയമം പാലിക്കേണ്ട പോലീസും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു. ഇതായിരുന്നില്ലേ ഇടുക്കിയിലെ അവസ്ഥ? 


ഈ അവസ്ഥ ഇല്ലാതായത് മുന്‍കാലങ്ങളിലെ ധീരമായ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ്. ജനകീയ സമരങ്ങളും ചെറുത്തുനില്‍പ്പുമാണ് ജനാധിപത്യത്തെ യാഥാര്‍ത്ഥ്യമാക്കിയത്. അതുകൊണ്ട് മേല്‍പറഞ്ഞ സമരങ്ങളെയോ അതുമായി ബന്ധപ്പെട്ട ബലപ്രയോഗങ്ങളെയോ സിപിഐ(എം) ഒരിക്കലും തളളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല. 


ഭരണവര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും ബലപ്രയോഗത്തിനെതിരെയുളള ജനകീയ ചെറുത്തുനില്‍പ്പിന്റെ അനിവാര്യമായ പ്രത്യാഘാതമാണിത്. പക്ഷേ, ഇവ സിപിഐ എം ആഘോഷിക്കാറില്ല. മരണം ആരുടേതായാലും ദൗര്‍ഭാഗ്യകരമാണ്.

പിന്നെന്തിനാണ് എം. എം. മണിയുടെ പ്രസംഗത്തെ തളളിപ്പറഞ്ഞ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്? ഇടുക്കിയിലെ രൂക്ഷമായ വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യക്തിഗത ഗൂഢാലോചനയിലേക്ക് ആ പോരാട്ടത്തെ ചുരുക്കുകയായിരുന്നു എം എം മണി. ആ സമീപനം അരാഷ്ട്രീയമാണ്. വ്യക്തിപരമായ ഉന്മൂലനത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതുപോലെ പ്രതികാര കൊലപാതകങ്ങളും പാര്‍ട്ടിയുടെ നയമല്ല. അതുകൊണ്ട് എം എം മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുളള വ്യതിചലനമാണ്. തന്റെ തന്നെ ഭൂതകാലാനുഭവങ്ങളോട് എം. എം. മണിയ്ക്ക് നീതിപുലര്‍ത്താനായില്ല. 


ഏതെങ്കിലും കോണിലിരുന്ന് ആരെങ്കിലും പട്ടിക തയ്യാറാക്കി നടത്തിയിട്ടുളളവയായിരുന്നില്ല, എം എം മണിയുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍. എം എം മണിയുടെ ഭാഷ്യവും ആംഗ്യവും പാര്‍ട്ടിയെ അവമതിപ്പെടുത്തുന്നതിനും കടന്നാക്രമിക്കുന്നതിനും വിരുദ്ധര്‍ക്ക് അവസരമൊരുക്കി.



നിരുപാധികമായി അപലപിച്ചിട്ടും നിലയ്ക്കാത്ത ആക്രമണം
പക്ഷേ, ടി. പി. ചന്ദ്രശേഖരന്‍ വധത്തെ മേല്‍പറഞ്ഞ ഗണത്തില്‍ പാര്‍ട്ടി ഒരിക്കലും ഉള്‍പ്പെടുത്തിയിട്ടില്ല. വധത്തെ നിരുപാധികമായി അപലപിച്ചു കൊണ്ടാണ് അതേസംബന്ധിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തുടങ്ങുന്നതു തന്നെ. വേണു ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ വര്‍ഗസമര സിദ്ധാന്തത്തിന്റെയും മറ്റും അടിസ്ഥാനത്തിലോ രാഷ്ട്രീയമായോ ഒരിക്കല്‍പ്പോലും ആരും ഇതിനെ ന്യായീകരിച്ചിട്ടില്ല. 



എന്തിനീ കൊലപാതകം പാര്‍ട്ടി നടത്തണം? വേണു അവതരിപ്പിക്കുന്ന ന്യായം ഇതാണ്: 
'അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ് ഉണ്ടാക്കിയത്'.
 ഈ രാഷ്ട്രീയ നഷ്ടത്തിനുളള പ്രതികാരമാണത്രേ സിപിഐഎം ചെയ്തത്.

ഒഞ്ചിയത്ത് ആര്‍എംപിയ്ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ആകെ 6293 വോട്ടുകളാണ്. അതിന്റെ നല്ലൊരു പങ്കും സംഭാവന ചെയ്തത് യുഡിഎഫാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയ്ക്ക് ഒഞ്ചിയത്തു ലഭിച്ചത് 2959 വോട്ടുകള്‍. ഒറ്റവര്‍ഷം കൊണ്ട് ഒഞ്ചിയത്ത് ആര്‍എംപിയുടെ ശക്തി നേര്‍പകുതിയായി കുറഞ്ഞു. യുഡിഎഫിന്റെ നിക്ഷേപം അവര്‍ പിന്‍വലിച്ചത് ഒരു പ്രധാനകാരണമാണ്. സ്വന്തം നിലയില്‍ സംഭവിച്ച ശക്തിക്ഷയം വേറെ. ടി. പി. ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ് ഇതു സംഭവിച്ചത്. 

രണ്ടാമതൊരു വാദമിങ്ങനെ: 

'ഒഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.ഐഎം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി….പക്ഷേ, ടി.പി അല്പം പോലും വഴങ്ങിയില്ല., സംഭാഷണത്തിന് നിന്നു കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല'.
ശല്യകാരികളെ തുടച്ചു നീക്കലാണത്രേ സിപിഐഎമ്മിന്റെ പതിവു ശൈലി. സിപിഎമ്മിന്റെ ചരിത്രത്തില്‍ നിന്ന് ഒരുദാഹരണം വേണു കാണിച്ചുതരൂ. വേണുവിന്റെ ഭൂതകാലത്തിന്റെ പാപഭാരം ഞങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ട. ടി പി ചന്ദ്രശേഖരന്‍ തിരിച്ചുവന്നില്ലെങ്കിലും അനേകം പേര്‍ തിരികെ പാര്‍ട്ടിയിലേയ്ക്കു വന്നു. ഈ പ്രവണത ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിച്ചത്.



എന്തിന് സിപിഐഎം ഇങ്ങനെയൊരു കൊലപാതകം നടത്തണമെന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും വേണുവിന്റെ പക്കലില്ല. മറിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പുപോലുള്ള സുപ്രധാന വേളയില്‍ ഈ വധം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥയ്ക്കുശേഷമുളള ഏറ്റവും വലിയ ആക്രമണത്തിന് പാര്‍ട്ടി ഈ വധത്തോടെ ഇരയാവുകയും ചെയ്തു. അതുകൊണ്ടാണ് ഏതെങ്കിലും സിപിഐഎം പ്രവര്‍ത്തകന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതു മാപ്പര്‍ഹിക്കാത്ത തെറ്റാവുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പാര്‍ട്ടി പ്രസ്താവിക്കുകയും ചെയ്തു. ഈ നിലപാട് നിരാകരിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് വേണുവും കൂട്ടരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ കടന്നാക്രമണങ്ങളെ പാര്‍ട്ടിയും അനുഭാവികളും പ്രതിരോധിക്കുക തന്നെ ചെയ്യും. 

ഒരു 'ശുദ്ധജനാധിപത്യവാദി'യുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പുരാണം


ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സിപിഎം വിരുദ്ധ പ്രചാരവേലയുടെ മുന്നില്‍ നില്‍ക്കുന്നവരില്‍ പ്രമുഖന്‍ കെ. വേണുവാണ്. 'അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല' (മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 20-26, 2012), 'ജനാധിപത്യവും നിയമവാഴ്ചയും കമ്മ്യൂണിസ്റ്റുകാരും' (മാതൃഭൂമി ദിനപത്രം, 2012 ജൂണ്‍ 4) എന്നീ ലേഖനങ്ങളും തൃശൂരില്‍ നടന്ന എഴുത്തുകാരുടെ പ്രതിഷേധ സമ്മേളനത്തിലെ പ്രമേയവുമാണ് ഈ ഗണത്തില്‍ കെ. വേണുവിന്റെ സംഭാവനകള്‍. 



 യഥാര്‍ത്ഥത്തില്‍, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് വേണു എഴുതിയ 'പൊളിച്ചെഴുതുക, പ്രത്യയശാസ്ത്രത്തെ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് - നവംബര്‍ 13-19, 2011) എന്ന ആഹ്വാനത്തിലെ വാദങ്ങളുടെ ആവര്‍ത്തനമാണ് മേല്‍പറഞ്ഞ ലേഖനങ്ങളിലെ വാദങ്ങള്‍. ആദ്യമായിട്ടല്ല വേണു ഇത്തരം ആഹ്വാനങ്ങള്‍ നടത്തി സിപിഎമ്മിനെ നേരേയാക്കാന്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേണുവിന്റെ ആഹ്വാനങ്ങള്‍ക്ക് സിപിഎം ചെവി കൊടുത്തില്ലപോലും. അതിന്റെ അനിവാര്യഫലമായിരുന്നുവത്രേ ടി പി ചന്ദ്രശേഖരന്‍ വധം. ഇതോടെ കെ. വേണുവിന് അര്‍ത്ഥശങ്കയില്ലാതെ ബോധ്യമായ കാര്യങ്ങള്‍ ഇവയാണ്: നന്നാകാനുളള തലവര കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല; മാര്‍ക്‌സിസം - ലെനിനിസം ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്; കമ്മ്യൂണിസം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്; അതിനെ തകര്‍ത്തേ ജനാധിപത്യത്തെ രക്ഷിക്കാനാവൂ; ഇതിനായി പൗരസമൂഹം ഉണരണം.


നക്‌സലുകളുടെ ഔദാര്യം!
ഏതായാലും ഈ ലേഖനങ്ങളില്‍ സ്വന്തം ഭൂതകാലത്തെക്കുറിച്ച് വേണു നിശബ്ദത പാലിക്കുകയാണ്. ഒരു രസകരമായ പരാമര്‍ശമൊഴികെ. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല എന്ന ലേഖനത്തില്‍ വേണു ഇങ്ങനെ വാദിക്കുന്നു;


 '1980 കളുടെ ആരംഭത്തില്‍ സജീവമായിരുന്ന നക്‌സലൈറ്റുകള്‍ക്കെതിരെ, രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കില്ലെന്ന നക്‌സലൈറ്റു നിലപാടു നിമിത്തമാണ് അന്ന് പരസ്പര സംഘട്ടനങ്ങളും ഒഴിവാക്കപ്പെട്ടത്'.
സിപിഎം 'അഴിച്ചുവിട്ട' ആക്രമണത്തിന്റെ സ്വഭാവം 'രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍' ആയിരുന്നത്രേ. അതുശരി. രാഷ്ട്രീയവിമര്‍ശനത്തിന്റെ രൂപത്തിലുളള ആക്രമണം പോലും പാടില്ലേ വേണൂ.... അത് സംഘട്ടനത്തിലേയ്ക്ക് വഴിമാറാത്തത് നക്‌സലൈറ്റുകളുടെ ഔദാര്യം മൂലമായിരുന്നു പോലും. 


ഇതില്‍ നിന്നു സിപിഎമ്മിന്റെ നിലപാടു വ്യക്തമല്ലേ? പാര്‍ട്ടി വിട്ടുപോകുന്നവരെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം ശ്രമിച്ചിട്ടുളളത്. അങ്ങനെയുളള വിമര്‍ശനത്തെ കായികമായി നേരിടാതിരിക്കാനുളള ഔദാര്യം നക്‌സലൈറ്റുകള്‍ കാണിച്ചുവെന്നാണ് വേണു വാദിക്കുന്നത്. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ഉപന്യസിക്കുമ്പോഴും പഴയ നക്‌സലൈറ്റ് ഭൂതകാലം വേണുവില്‍ തികട്ടിവരുന്നുണ്ട്. 


സിപിഎം നേതാവ് അഴിക്കോടന്‍ രാഘവന്റെ വധം വേണുവിന് ഓര്‍മ്മയില്ല. വേണുവിന്റെ ഗ്രൂപ്പുകാരല്ല അതു ചെയ്തത് എന്നു വാദിക്കാം. എ. വി. ആര്യന്റെ ഗ്രൂപ്പുകാരായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തളളുന്ന നക്‌സല്‍ പാരമ്പര്യംതന്നെയായിരുന്നു അവരുടേതും. 


നക്‌സല്‍ തീവ്രവാദത്തില്‍ നിന്ന് പടിപടിയായി അകന്ന കെ. വേണു, ഇപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ വലതുപക്ഷക്കാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസത്തിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കുമെതിരെ വിമോചനസമരകാലം മുതല്‍ കേരളത്തിലെ പിന്തിരിപ്പന്‍ന്മാര്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്ന വിമര്‍ശനങ്ങളെയെല്ലാം പുതിയ ചായം മുക്കി കേരളത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ ടി പി ചന്ദ്രശേഖരന്‍ വധം വേണു ഒരു നിമിത്തമാക്കി മാറ്റിയിരിക്കുന്നു. 


 വര്‍ഗശത്രുക്കളുടെ തലവെട്ടി വലതുപക്ഷ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാമെന്ന് വ്യാമോഹിച്ച് അതിവിപ്ലവത്തിന്റെ കാല്‍പനികപഥത്തില്‍ ഏറെക്കാലം അലഞ്ഞു നടന്ന കെ. വേണുവാണ് ഒടുവില്‍ അതേ വലതുപക്ഷത്തിനു വേണ്ടി തലച്ചോറു പുകയ്ക്കുന്നത്.


തലവെട്ടു രാഷ്ട്രീയം വഴി വിപ്ലവം നടത്താമെന്നു വ്യാമോഹിച്ച കെ. വേണുവിനും സംഘത്തിനും ജയറാം പടിക്കലിന്റെ രൂപത്തില്‍ കെ.കരുണാകരന്‍ നല്‍കിയ ചികിത്സ ഫലിച്ചുവെന്നു വേണം കരുതാന്‍. നിയമവാഴ്ചയോടൊക്കെ വേണുവിനിപ്പോള്‍ എന്തൊരു മതിപ്പാണ്! എല്ലാത്തരം തൊഴില്‍സമരങ്ങളോടും അറുപുച്ഛവും! സിപിഎമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങളോടും വേണുവിന് ആ പുച്ഛമുണ്ട്. സ്വന്തം രാഷ്ട്രീയഭൂതകാലം വിസ്മരിച്ചുകൊണ്ട് ചാനലുകളിലും മറ്റും അദ്ദേഹം തട്ടിവിടുന്ന സൈദ്ധാന്തിക ന്യായങ്ങള്‍ കേട്ട് ചരിത്രബോധമില്ലാത്ത ചാനല്‍ ആങ്കര്‍മാര്‍ ഒരുപക്ഷേ, തലകുലുക്കിയേക്കാം. അല്ലാത്തവരോ?


കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം മുതല്‍ ജനാധിപത്യവിരുദ്ധരോ?
കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധതയെ ചരിത്രപരമായി അനാവരണം ചെയ്യാനുളള പരിശ്രമമാണ് പൊളിച്ചെഴുതുക പ്രത്യയശാസ്ത്രത്തെ എന്ന ലേഖനത്തില്‍ നല്ലൊരു പങ്കും. ആദ്യഘട്ടം 'തെലുങ്കാനസമരവും പുന്നപ്രവയലാറും കല്‍ക്കത്താ തീസീസുമെല്ലാം' നടപ്പാക്കിയ കാലമാണ്. വേണുവിന്റെ അഭിപ്രായത്തില്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തെയും നിയമവിധേയ പ്രവര്‍ത്തനത്തെയും തളളിക്കളഞ്ഞിരുന്നു. പക്ഷേ, അതിനു മുമ്പോ? 



1920 മുതല്‍ 1942വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രായോഗികമായി നിരോധിക്കപ്പെട്ടിരുന്നുവെന്നും കൊളോണിയല്‍ ഭരണാധികാരികളുടെ രൂക്ഷമായ അടിച്ചമര്‍ത്തലിന് ഇരയായിരുന്നുവെന്നും കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഇക്കാലവും കമ്മ്യൂണിസ്റ്റ് ജനാധിപത്യവിരുദ്ധ നിലപാടിന്റെ ഫലമായിരുന്നുവോ?


വേണുവിന്റെ ദര്‍ശനം അനുസരിച്ച് ജനാധിപത്യമെന്നാല്‍ 'മുതലാളിത്തത്തിന്റെ സൃഷ്ടിയല്ല. ഗോത്രസമൂഹകാലം മുതല്‍ക്കേ പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സംഘടനാരൂപമാണത്. മനുഷ്യചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാ രൂപം വിവിധ രൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്. (ഇന്നത്തെ) പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്'. 


ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കീഴിലും ജനാധിപത്യത്തിന്റെ സവിശേഷ രൂപങ്ങളുണ്ടായിരുന്നു. പ്രാദേശിക തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രൂപം കൊണ്ടിരുന്നു. പ്രവിശ്യാ നിയമസഭകളും നിലവിലുണ്ടായിരുന്നു. ജാതി ഗോത്ര സഭകളെയും കൂട്ടായ്മകളെയും ഈ ജനാധിപത്യ സംവിധാനത്തില്‍ വേണു ഉള്‍പ്പെടുത്തുമോ എന്നെനിക്കറിയില്ല. ഇവയൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തളളിപ്പറഞ്ഞതിനെ ജനാധിപത്യ വിരുദ്ധമെന്ന് വേണു കരുതുന്നുണ്ടോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചിട്ടുണ്ട്. 


വേണുവിന്റെ യുക്തി അനുസരിച്ചാണെങ്കില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യന്‍ ജനത ഇറങ്ങേണ്ടിയിരുന്നില്ല. അന്നത്തെ പരിമിതമായ ജനാധിപത്യം പുഷ്ടിപ്പെടുത്തി വളര്‍ത്താനും അതുവഴി സ്വാതന്ത്ര്യം നേടാനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ജനതയും ചെയ്യേണ്ടിയിരുന്നത്.


മേല്‍പറഞ്ഞത്രയും വേണു പറഞ്ഞിട്ടില്ല എന്നു സമ്മതിക്കണം. ഇതെന്റെ വളച്ചൊടിക്കലാണ് എന്നു വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ, അമ്പത്തൊന്നിനു ശേഷമുളള വേണുവിന്റെ ചരിത്രവ്യാഖ്യാനം കൃത്യമായി ലേഖനത്തിലുണ്ട്. സായുധ സമരം പിന്‍വലിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ വഞ്ചിക്കാനായിരുന്നുവത്രേ തീരുമാനിച്ചത്. പാര്‍ട്ടി സംഘടന ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തുടര്‍ന്നു. അതുപോലെ രഹസ്യപ്രവര്‍ത്തനങ്ങളും.


എത്ര അരാഷ്ട്രീയവും ചരിത്രബോധമില്ലായ്മയുമാണ് അമ്പത്തൊന്നു കാലത്തെ വേണു വിലയിരുത്തുന്നത് എന്നുനോക്കൂ. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യന്‍ ഭരണാധികാരികളുടെ സ്വഭാവത്തില്‍ വന്ന അടിസ്ഥാനപരമായ മാറ്റം, കോണ്‍ഗ്രസുമായി സഹകരിച്ചുളള രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പകരം ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ എതിര്‍പ്പിന്റെ കുന്തമുന തിരിക്കേണ്ടതിന്റെ അനിവാര്യത, ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ ജനാധിപത്യാവകാശങ്ങള്‍ ഈ സമരത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന പ്രശ്‌നം ഇവയെല്ലാം കെ. വേണുവിന് കമ്മ്യൂണിസ്റ്റുകാരുടെ ഒരു രാഷ്ട്രീയ ഗൂഢാലോചനയും വേലകളിയും മാത്രമാണ്. വിപ്ലവമുഖം നിലനിര്‍ത്താന്‍ വേണ്ടി 'പാര്‍ലമെന്റേതര സമരങ്ങളെന്ന പേരില്‍ പലവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടിരുന്നു. ഇപ്പോഴും അതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നു'.


1957-ഉം അതിനുശേഷവും
1957-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതായിരുന്നു ഒരു വഴിത്തിരിവ്. വേണുവിന്റെ വാക്കുകള്‍: 


 '1957 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ, പോലീസിന്റെ ഭാഗത്തുനിന്നും ശത്രുവര്‍ഗ്ഗങ്ങളുടെ ഭാഗത്തുനിന്നും കമ്മ്യൂണിസ്റ്റുകാര്‍ നിരന്തരം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 1957ല്‍ അധികാരത്തില്‍ വന്നതോടെ, സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പാര്‍ട്ടിയുടെ രഹസ്യയൂണിറ്റുകള്‍ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. വിമോചന സമരകാലത്ത് ഈ സെല്‍ഭരണം പ്രധാനവിമര്‍ശന വിഷയങ്ങളില്‍ ഒന്നായിരുന്നു. രണ്ടു ദശകങ്ങള്‍ കൊണ്ടാണ് അധികാര പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനം നടന്നത്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിലൂടെയാണ് ഈ മാറ്റം സാധ്യമായത്'.
ഹൊ. ഇത്രയും സമ്മതിച്ചല്ലോ. അമ്പത്തേഴു വരെ അക്രമത്തിനിരയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ, അമ്പത്തേഴു മുതല്‍ അധികാരപ്പാര്‍ട്ടിയായി. എന്തെല്ലാം അതിക്രമങ്ങളാണ് ആ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ കേരളത്തില്‍ നടത്തിക്കൂട്ടിയത്? സഹികെട്ട് ജനങ്ങള്‍ക്ക് വിമോചന സമരത്തിനിറങ്ങേണ്ടി വന്നുപോലും.. എന്തിനാ വേണൂ, ചരിത്രം മറന്ന് വിമോചന സമരക്കാരുടെ കുഴലൂത്തുകാരനാകുന്നത്? വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന എന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് വിരോധം കൊണ്ട് ഇത്രയേറെ തിമിരം ബാധിക്കാമോ?

ഇങ്ങനെ അധികാരപ്പാര്‍ട്ടിയായി മാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രത്യേകിച്ച് സിപിഐഎം ആയതിനു ശേഷം എങ്ങനെയാണ് കൊലയാളിപ്പാര്‍ട്ടിയായി മാറിയത് എന്നതു സംബന്ധിച്ച് ഒരു വിവരണം ചരിത്രകാരനായ വേണു നല്‍കുന്നുണ്ട്.
'60കളില്‍ സി.പി.എം. ആരംഭിച്ച ഗോപാലസേന പ്രകടനപരമായിരുന്നെങ്കില്‍ 80കള്‍ ആയപ്പോഴേക്കും വളണ്ടിയര്‍സേന പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സജ്ജരാക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡിഫന്‍സ് വളിയര്‍മാര്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. ആര്‍.എസ്.എസുകാരെയും മറ്റ് എതിരാളികളെയും കൊലപ്പെടുത്തുന്നതിനുവേണ്ടി, ഈ ഡിഫന്‍സ് വളണ്ടിയര്‍മാരില്‍ നിന്ന് പ്രത്യേകം കോര്‍ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനും തുടങ്ങി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വേണ്ടി സജ്ജരായവരെ വിപ്ലവത്തിന് വേണ്ടി പാര്‍ട്ടി പറയുന്ന ഏത് കൃത്യവും സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ കഴിയും വിധം മാനസികമായി തയ്യാറാക്കുന്ന പരിശീലനമാണ് നല്‍കിയിരുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെമാത്രം ഭരണം വരുന്ന നാളെയെ സ്വപ്നം കണ്ടുകൊണ്ട്, അത്തരം ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി, എതിരാളികളെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നത് പാവനകര്‍ത്തവ്യമായി കണക്കാക്കാനാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം ഭരണമുള്ള നാളെയെക്കുറിച്ചുള്ള സങ്കല്പം ശക്തമാവുന്നതിനനുസരിച്ച് മറ്റ് പാര്‍ട്ടിക്കാരെയും മറ്റും തുടച്ചുനീക്കുന്നത് ആവശ്യവും ന്യായവുമായിത്തീരുന്നു. ഒരു കുറ്റബോധവും തോന്നേണ്ടതില്ലെന്നു ചുരുക്കം. ആദ്യകാലങ്ങളില്‍ ഇങ്ങനെ മാനസികമായും ആശയപരമായും സജ്ജമാക്കപ്പെട്ടവരാണ് കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്രമേണ ഇത്തരം വിശ്വാസങ്ങള്‍ ദുര്‍ബലമാവുകയും വിപ്ലവത്തിലുള്ള പ്രതീക്ഷതന്നെ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിസഖാക്കളെ കിട്ടാതായി തുടങ്ങി. അങ്ങിനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കേണ്ടി വന്നത്.
ആരാണ് ജനാധിപത്യവിരുദ്ധര്‍?
വേണു ഈ പറയുന്ന കാലഘട്ടം ഏതായിരുന്നുവെന്ന് ഓര്‍ക്കുക. അമ്പതുകള്‍ മുതലുളള മൂന്നു പതിറ്റാണ്ടുകളിലാണ് കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സംസ്ഥാന വ്യാപകമായത്. സവര്‍ണാധിപത്യത്തിനും ജന്മി വാഴ്ചയ്ക്കുമെതിരെ പടവെട്ടിയാണ് മാന്യമായ കൂലിയും മാനമായി ജീവിക്കാനുളള അവകാശവും അവര്‍ നേടിയത്. അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതലാണ് പട്ടിണിക്കൂലി പോലും നിഷേധിക്കപ്പെട്ടിരുന്ന കേരളത്തിലെ അസംഘടിത മേഖലയിലെ കൈത്തൊഴിലുകാരെല്ലാം സംഘടിതരായി തലയുയര്‍ത്തി നിന്നത്. ട്രേഡ് യൂണിയനുകള്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികള്‍ സംഘടിച്ചത്. തീക്ഷ്ണമായ ഈ വര്‍ഗസമരകാലത്തെയും അതിലെ ഏറ്റുമുട്ടലുകളെയും ഇതില്‍പ്പരം ഒരാളിന് അപമാനിക്കാനാവില്ല.


ഈ സമരചരിത്രത്തില്‍ എഴുപതുകളുടെ മധ്യത്തിലാണ് ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗമാകുന്നത്. വേണുവിന്റെ അഭിപ്രായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ അധികാരപ്പാര്‍ട്ടിയായി മാറി കൊലയാളി സംഘങ്ങളെ വാര്‍ത്തെടുത്തു കൊണ്ടിരുന്ന കാലത്ത്. അക്കാലത്തെ എന്റെ അനുഭവം പറയാം.


മഹാരാജാസിലെ എസ്എഫ്‌ഐക്കാരായ ഞങ്ങള്‍ അക്കാലത്ത് നഗരത്തിലെ ഒട്ടെല്ലാ സമരങ്ങളിലും സജീവ പങ്കാളികളായിരുന്നു. സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള പകയായി ഈ സംഘര്‍ഷങ്ങള്‍ വളര്‍ന്നു. ഞാനടക്കം പ്രധാനപ്പെട്ട പ്രവര്‍ത്തകരെല്ലാം രഹസ്യമായി കായികപരിശീലനത്തില്‍ ഏര്‍പ്പെട്ടു. അടുത്ത തവണ കോളജ് ആക്രമിക്കുന്ന ഗുണ്ടകളെ നേരിടാന്‍ കെണിയൊരുക്കി. എന്നാല്‍ അത്തരമൊരു മാരകമായ സംഘട്ടനം അനേകം സഖാക്കളെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞ പോളിയോ ബാധിച്ചു വികലാംഗനായ ആല്‍ബി കുപ്രസിദ്ധ ഗുണ്ടയെ കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ഒറ്റയ്ക്കു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചോടി! പോളിയോ ബാധിതനായ ആല്‍ബിയ്ക്ക് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.


തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്.എഫ്.ഐ.ക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. 


 ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്.

പിന്നെ ഈ ഗുണ്ടയെ ഞാന്‍ പിന്നീടൊരിക്കല്‍ കണ്ടു. അടിയന്തരാവസ്ഥക്കാലത്ത് എറണാകുളം സബ്ജയിലില്‍ നിന്ന് സാക്ഷി പറയുന്നതിനായി എറണാകുളം കോടതിയില്‍ എന്നെ ഹാജരാക്കി. ക്രോസ് വിസ്താരത്തിനിടെയില്‍ പ്രഭാകരന്‍ വക്കീല്‍ എന്നോടു ചോദിച്ചു, 'ഇവനോട് നിങ്ങള്‍ക്ക് പകയുണ്ടായിരുന്നോ?'. ഉണ്ടായിരുന്നു എന്നു ഞാന്‍ സമ്മതിച്ചു. 'ഇപ്പോഴുമുണ്ടോ തിരിച്ചടിക്കാന്‍ ആഗ്രഹം?'. സര്‍ക്കാര്‍ വക്കീല്‍ കണ്ണുകൊണ്ട് ഇറുക്കി കാണിച്ചെങ്കിലും എന്റെ മറുപടി, ഉണ്ട് എന്നായിരുന്നു.


ഇനി വേണു പറയൂ. കായിക പരിശീലനത്തിലേര്‍പ്പെട്ട ഞാന്‍ ജനാധിപത്യവിരുദ്ധനായിരുന്നോ? സ്വമേധയാ സഹപ്രവര്‍ത്തകരായ മറ്റു സഖാക്കളെ കേസില്‍ കുടുക്കേണ്ട എന്നു കരുതി ഗുണ്ടയെ കടന്നാക്രമിക്കാന്‍ കത്തിയുമായി ഇറങ്ങിത്തിരിച്ച ആ വികലാംഗനെ നിങ്ങള്‍ ഗുണ്ടയെന്ന് കരുതുന്നുണ്ടോ?
ഇത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന എന്റെയൊരു കൊച്ചനുഭവം. ഇതുപോലെ എത്രയെത്ര പേര്‍ക്ക് ഇത്തരം തീക്ഷ്ണമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വേണു ഒന്നു മനസിലാക്കുക. നാല്‍പതിലേറെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കാമ്പസുകളില്‍ പിടഞ്ഞു മരിച്ചത്. തിരിച്ച്, എസ്എഫ്‌ഐക്കാര്‍ കൊല ചെയ്ത ഒരു കെഎസ്‌യുക്കാരന്റെ പേരു പറഞ്ഞു തരാമോ? ചന്ദ്രശേഖരന്‍ വധമെടുത്തുവെച്ച് ഞങ്ങളെയൊക്കെ കൊലയാളികളായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധവേട്ടയ്ക്കിറങ്ങുന്ന ജനാധിപത്യവാദികളുടെ ബാക്കി വാദങ്ങള്‍ അടുത്ത ലക്കത്തില്‍ പരിശോധിക്കാം. (അടുത്ത ലക്കം - വര്‍ഗസമരവും ബലപ്രയോഗവും) 

Tuesday, June 26, 2012

മാന്ദ്യത്തിന് കുറിപ്പടി നിയോലിബറല്‍ പരിഷ്‌കാരങ്ങളോ?

(മാതൃഭൂമി ലേഖനം, 2012 ജൂണ്‍ 26)
മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപ്പോഴുണ്ടായ ദുരവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ്ഘടന. കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ യാത്ര ദുരന്തമായി. അതുപോലെയാണ് വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് സമ്പദ്ഘടനയെ ഗ്രസിച്ചാലുണ്ടാകാവുന്ന സ്ഥിതി.

ഇന്ത്യ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. പ്രതിവിധിയുമായി റിസര്‍വ് ബാങ്ക് രംഗത്തിറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ വായ്പനയം ജൂണ്‍ 19-ന് പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ നിരാശരായി. പലിശ നിരക്ക് താഴ്ത്താനോ വായ്പ ഉദാരമാക്കാനോ റിസര്‍വ് ബാങ്ക് തയ്യാറല്ല. റിസര്‍വ് ബാങ്കിന്റെ പണനയത്തോടുള്ള നീരസം മറച്ചു വെച്ചില്ലെങ്കിലും തന്റെ ധനനയത്തില്‍ മാറ്റംവരുത്താന്‍ പ്രണബ് മുഖര്‍ജിയും തയ്യാറായില്ല. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തണം; കമ്മി വര്‍ധിപ്പിക്കണം. പക്ഷേ, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനും കമ്മി താഴ്ത്തുന്നതിനുമുള്ള ബദ്ധപ്പാടിലാണ് ധനമന്ത്രാലയം.

മാന്ദ്യം മാത്രമായിരുന്നു പ്രശ്‌നമെങ്കില്‍ മേല്‍പറഞ്ഞ പണ/ ധനനടപടികള്‍ സ്വീകരിക്കാമായിരുന്നു. മാന്ദ്യത്തില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റുകയും ചെയ്യാം. എന്നാല്‍, ഇന്ന് വിലക്കയറ്റവും ഗുരുതരമാണ്. മെയ് മാസത്തില്‍ ചില്ലറ വിലസൂചിക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് ഉയര്‍ന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ പലിശ ഉയര്‍ത്തണം; പണലഭ്യത കുറയ്ക്കണം. ഇതാണ് റിസര്‍വ് ബാങ്ക് ചെയ്തത്. ഇപ്രകാരം വിലക്കയറ്റം പിടിച്ചുനിര്‍ത്തിയാല്‍ മാന്ദ്യം രൂക്ഷമാകും. മാന്ദ്യത്തിന് പ്രതിവിധി തേടിയാല്‍ വിലക്കയറ്റം ചരടുപൊട്ടിക്കും.

കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ മണ്ണാങ്കട്ടയും കരിയിലയും നേരിട്ട പ്രതിസന്ധി തന്നെ. അപ്പോള്‍ പിന്നെ എന്തു പോംവഴി? വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ഒന്ന്: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക. ചൈന ഇത്തരമൊരു നടപടി സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, ഇന്ത്യയിപ്പോഴും പെട്രോളിയം കമ്പനികളുടെ നഷ്ടത്തെക്കുറിച്ചാണ് പറയുന്നത്. കമ്പനികള്‍ക്ക് നഷ്ടം വരികയാണെങ്കില്‍ സര്‍ക്കാര്‍ നികുതി കുറച്ച് നഷ്ടം നികത്തണം.

രണ്ട്: പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും അവസാനിപ്പിക്കുക. ഭക്ഷ്യവിലക്കയറ്റം ഇങ്ങനെയേ തടയാനാവൂ.

മൂന്ന്: സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതിരിക്കുക. രാസവളത്തിന്റെയും മറ്റും വിലവര്‍ധന ഇതുവഴി ഒഴിവാക്കാനാവും. ബജറ്റ് കമ്മി കൂടിയേക്കാം. പക്ഷേ, മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിന് ന്യായീകരണമുണ്ട്.

നാല്: സിമന്റുപോലുള്ള ഉത്പന്നങ്ങള്‍ക്ക് കുത്തക സിന്‍ഡിക്കേറ്റുകള്‍ വിലകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

വിലക്കയറ്റത്തെ പിടിച്ചുകെട്ടിയാല്‍ പരമ്പരാഗത മാന്ദ്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. പുതിയ ഉത്തേജക പാക്കേജിന് രൂപം നല്‍കണം.

എന്നാല്‍, ഇതൊന്നും കേന്ദ്രസര്‍ക്കാറിന് സ്വീകാര്യമല്ല. പ്രതിസന്ധിനേരിടാന്‍ ഉദാരവത്കരണ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടപ്പാക്കുക എന്ന ഒറ്റമൂലിയേ അവരുടെ പക്കലുള്ളൂ. പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അന്തര്‍ദേശീയ ഏജന്‍സികളുടെ വിലയിരുത്തല്‍. പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് വിലക്കയറ്റം തടയുന്നതിനും മാന്ദ്യം അകറ്റുന്നതിനും സഹായിക്കുക എന്നുള്ളത് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒന്ന്: ഏറ്റവും വിവാദപരമായ പരിഷ്‌കാരം ചില്ലറവില്പന മേഖലയിലേക്ക് വിദേശ കുത്തകകളെ അനുവദിക്കുകയാണ്. ഇതുവഴി നിലവിലുള്ള ചെറുകിട വ്യാപാരികളുടെയും മറ്റും വ്യാപാരം കുത്തകകളുടെ പിടിയിലേക്കു പോകുമെന്നല്ലാതെ മൊത്തം വ്യാപാരം എങ്ങനെയാണ് അഭിവൃദ്ധിപ്പെടുക? കുത്തകകള്‍ വരുമ്പോള്‍ വില കുറയുമെന്ന സിദ്ധാന്തം സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദവിദ്യാര്‍ഥികളെപ്പോലും ചിരിപ്പിക്കുകയേ ഉള്ളൂ. സമ്പൂര്‍ണ മത്സരത്തില്‍ നിന്ന് കുത്തകയിലേക്കുമാറുമ്പോള്‍ വില വര്‍ധിക്കുമെന്നാണ് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്.

രണ്ട്: ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും ഇവ വിദേശ മൂലധനത്തിന് തുറന്നുകൊടുക്കുകയുമാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം. നാട്ടില്‍ വായ്പ കൂടുതല്‍ ഉദാരമായി ലഭ്യമാക്കണമെങ്കില്‍ ധനകാര്യ മേഖലയിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് കരുതല്‍ കാഷ് റിസര്‍വില്‍ മാറ്റം വരുത്തുക തുടങ്ങിയ പരമ്പരാഗത നടപടികള്‍. ധനകാര്യമേഖലയിലെ നിര്‍ദിഷ്ട പരിഷ്‌കാരങ്ങളില്‍ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉത്പാദനമേഖലയിലുണ്ടാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.

മൂന്ന്: എണ്ണ പോലുള്ള ഉത്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണം നീക്കം ചെയ്യുകയാണ് മറ്റൊരു നിര്‍ദേശം. ഇതിന്റെ ഫലമെന്തായിരിക്കുമെന്ന് പെട്രോളിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. വിലക്കയറ്റത്തിന് ആക്കം കൂട്ടാനേ ഈ നീക്കം സഹായിക്കൂ.
നാല്: സര്‍ക്കാര്‍ സബ്‌സിഡികള്‍ ആഭ്യന്തരവരുമാനത്തിന്റെ രണ്ടുശതമാനമായി താഴ്ത്തണം എന്നുള്ളതാണ് മറ്റൊരു നിര്‍ദേശം. സബ്‌സിഡികള്‍ കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ.

അഞ്ച്: നികുതി മേഖലയില്‍ ചരക്കുസേവന നികുതി നടപ്പാക്കുക. ഇതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷേ, ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാലും രണ്ടുവര്‍ഷം കൊണ്ടേ അതു പ്രവര്‍ത്തികമാക്കാനാവൂ.

എന്നിട്ടും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് മുറവിളി കൂട്ടൂന്നതിന്റെ രഹസ്യമെന്താണ്? വിദേശ ധനകാര്യഏജന്‍സികളും ഇന്ത്യയിലെ അവരുടെ വക്താക്കളും വാദിക്കുന്നത് പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കിയാല്‍ മാത്രമേ രാജ്യത്തെ നിക്ഷേപഅന്തരീക്ഷം മെച്ചപ്പെടൂ എന്നാണ്. നിക്ഷേപകരുടെ പ്രത്യേകിച്ച് വിദേശ നിക്ഷേപകരുടെ മുഡ് മോശമായിരിക്കുകയാണ്. അതു ശരിപ്പെട്ടാല്‍ ബാക്കികാര്യങ്ങള്‍ നേരേയായിക്കൊള്ളുമത്രേ!

യൂറോ സോണ്‍ മേഖലയിലെ പ്രതിസന്ധിയോടു ബന്ധപ്പെട്ടും ഇതുപോലൊരു തര്‍ക്കം നടക്കുന്നുണ്ട്. പ്രതിസന്ധിക്ക് പ്രതിവിധിയായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി സമ്പദ്ഘടനയില്‍ ഇടപെടണമെന്നും ഉത്തേജക പാക്കേജുകള്‍ നടപ്പാക്കാന്‍ പ്രതിസന്ധിയിലായ രാഷ്ട്രങ്ങള്‍ക്കു സഹായം ചെയ്യണമെന്നും ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ കെയ്‌നീഷ്യന്‍ വിദ്വാന്‍മാരും ഇടതുപക്ഷക്കാരും ആവശ്യപ്പെടുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ നിയോലിബറലുകള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്. ഇതിലൂടെ മാത്രമേ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കുന്നതിന് കഴിയൂ എന്നതാണ് ഇവരുടെ വാദം. ഈ അറുപിന്തിരിപ്പന്‍ നിലപാടിനൊപ്പമാണ് ഇന്ത്യയിലെ സര്‍ക്കാറും എന്നത് സ്​പഷ്ടം. പ്രതിസന്ധിയിലായ യൂറോപ്പിലെ രാജ്യങ്ങളിലെ ഭരണപ്പാര്‍ട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടി ഇന്ത്യയിലെ കോണ്‍ഗ്രസ്സിനും ലഭിക്കുമെന്നുറപ്പുവരുത്താന്‍ ഇതിലേറേ നല്ല മാര്‍ഗമില്ല.

വാല്‍ക്കഷ്ണം:
പ്രതിസന്ധിക്ക് പരിഹാരമെന്നു പറഞ്ഞ് ധനമന്ത്രാലയം നില്‍ക്കക്കള്ളിയില്ലാതെ ചില നടപടികള്‍ ജൂണ്‍ 25-ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കുക, ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശത്തു വായ്പയെടുക്കുന്നത് കൂടുതല്‍ സുഗമമാക്കുക, പശ്ചാത്തല മേഖലയിലെ നിക്ഷേപത്തിനുളള നടപടിക്രമം എളുപ്പമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ധനമന്ത്രാലയത്തിന്റേത്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്കും രംഗത്തിറങ്ങുമത്രേ. മല എലിയെ പ്രസവിച്ചതു പോലെയായിട്ടുണ്ട്. വ്യത്യസ്താഭിപ്രായമുള്ളവരുണ്ടെങ്കില്‍ 2008-ലെ ഉത്തേജക പാക്കേജും ഇപ്പോഴത്തെ നടപടികളും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുക.

Wednesday, June 20, 2012

പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന്റെ ആശയ വെല്ലുവിളികള്‍


 (ചിന്ത വാരികയിലെഴുതുന്ന പരമ്പര)

കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി മുതല്‍ ജര്‍മ്മന്‍ ചാരന്മാര്‍ വരെ അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട നാള്‍ മുതല്‍ സാര്‍വത്രികമായിട്ടുളള ഒരനുഭവമാണ് ഇത്. നിലവിലുളള വ്യവസ്ഥയെ അട്ടിമറിക്കാനുളള ആഹ്വാനവുമായുളള വിപ്ലവ പ്രസ്ഥാനത്തിന്റെ രൂപീകരണത്തെയും വളര്‍ച്ചയെയും എല്ലാ ഭരണകൂടങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുക. എങ്ങിനെ പ്രസ്ഥാനത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമെന്ന പരിശ്രമം നടത്താത്ത ഒരു കാലത്തേയോ നാടിനേയോ കാണാനാവില്ല. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ ഇരകളെത്തന്നെ അക്രമികളെന്ന് മുദ്രകുത്താനാണ് പിന്തിരിപ്പന്‍മാര്‍ ശ്രമിക്കുക. നമ്മുടെ അനുഭവവും വ്യത്യസ്തമല്ല.


1920 ലാണ് താഷ്കെന്റില്‍ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. എന്നാല്‍ കല്‍ക്കട്ടയില്‍വച്ച് പ്രഥമ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ 13 വര്‍ഷം കഴിഞ്ഞ് 1933 വരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. രാഷ്ട്രീയ പ്രമേയവും താല്‍ക്കാലിക ഭരണഘടനയും അംഗീകരിച്ചു. ഒരു അഖിലേന്ത്യാ കേന്ദ്ര കമ്മറ്റിയെയും സെക്രട്ടറിയായി ഡോ.അധികാരിയേയും തെരഞ്ഞെടുത്തു. ഇതുകഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടാണ് ബോംബെയില്‍വച്ച് പ്രഥമ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരാന്‍ കഴിഞ്ഞത്. 1920 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതെങ്കിലും 1930 കളുടെ മധ്യം മുതലാണ് പാര്‍ട്ടിക്ക് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യയിലെ കേന്ദ്രീകൃത ബ്രിട്ടീഷ് ഭരണകൂടം നവജാത പാര്‍ട്ടിക്കെതിരെ നടത്തിയ ഭീകരമായ കടന്നാക്രമണ കഥ അനാവരണം ചെയ്യേണ്ടി വരുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് വകുപ്പിന്റെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്ന് കമ്മ്യൂണിസ്റ്റ് വേട്ടയായി തീര്‍ന്നു. കമ്മ്യൂണിസ്റ്റ് സാഹിത്യം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ആശയ പ്രചരണം തടയുക മാത്രമല്ല നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സോവിയറ്റ് യൂണിയനില്‍ നിന്ന് രാഷട്രീയ പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന മുജാഹിദുകളെ 1922 ല്‍ പെഷവാറില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇത് ആദ്യത്തെ പെഷവാര്‍ ഗൂഢാലോചനക്കേസാണ്. 13 പേര്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. ഇതുപോലെ 1927-വരെ 5 പെഷവാര്‍ ഗൂഢാലോചനക്കേസുകളാണ് ബ്രിട്ടീഷുകാര്‍ ചാര്‍ജ്ജ് ചെയ്തത്. കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ 13 പേരായിരുന്നു ജയിലില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 31 കമ്മ്യൂണിസ്റ്റുകാര്‍ 1921 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ പ്രതികളായി.

കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെടുന്ന മുഴുവന്‍ പേരും അറസ്റ്റിനും പീഡനത്തിനും ഇടയായി. ഈ ക്രൂര മര്‍ദ്ദനങ്ങള്‍ അതിജീവിച്ചാണ് മുപ്പതുകളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രീകൃത സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഏതു പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്താലും വിവരണാതീതമായ പീഡനങ്ങളെ അതിജീവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നതെന്നു കാണാം. പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് എടുത്ത കണക്കു പ്രകാരം നൂറുകണക്കിനു വരുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ ഉള്‍പ്പെടുത്താതെ തന്നെ 528 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നമ്മുടെ സംസ്ഥാനത്ത് പോലീസ് മര്‍ദ്ദനങ്ങളിലും ഗുണ്ടാ ആക്രമണങ്ങളിലും മറ്റും രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇത്രയേറെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് ഇടയായിട്ടുളള മറ്റേതു പാര്‍ട്ടിയുണ്ട്?

വടക്കേ മലബാറിലും ഇടുക്കി മലയോരങ്ങളിലും കുട്ടനാട് പാടശേഖരങ്ങളിലും പരമ്പരാഗത വ്യവസായ സമര മുഖങ്ങളിലും ഭരണവര്‍ഗ്ഗങ്ങളുടെ കടന്നാക്രമണങ്ങള്‍ക്ക് ഇരയായി എത്ര പേരാണ് മരിച്ചത്! ഈ രക്തസാക്ഷികളുടെ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഈ കടന്നാക്രമണങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് ജനങ്ങളെ അണിനിരത്തിയതുകൊണ്ടാണ്. ചെറുത്തു നില്‍പ്പിന്റെ രൂപമെന്തെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തനിയെ തീരുമാനിക്കാനാവുകയില്ല. കായികമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് ഭരണകൂടത്തിന്റെയും പിന്തിരിപ്പന്മാരുടെയും ബലപ്രയോഗം അത്തരം ചെറുത്ത് നില്‍പ്പ് അനിവാര്യമാക്കുന്നു. പോരാട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരോ ഒളിച്ചോടുന്നവരോ അല്ല കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ ഒരു കാര്യം അസന്ദിദ്ധമായി പാര്‍ട്ടി എന്നും തളളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തി ഉന്മൂലനത്തിലൂടെ രാഷ്ട്രീയ എതിര്‍പ്പുകളെ ഇല്ലാതാക്കുക എന്നത് പാര്‍ട്ടി നയമല്ല. അറുപതുകളില്‍ നക്സല്‍ പ്രവണതകളോട് പാര്‍ട്ടി കണക്കുതീര്‍ത്തപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തളളിക്കളഞ്ഞ ഒരു കാഴ്ചപ്പാടാണിത്. രാഷ്ട്രീയ എതിരാളികളെ ഭയപ്പടുത്തി ജനങ്ങളെ ആവേശം കൊളളിക്കാനുളള ഒരു പ്രധാന സമരരൂപമായിട്ടാണ് നക്സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്കു പകരം ഒരുപിടി ധീരന്മാരുടെ കടന്നാക്രമണമായി രാഷ്ട്രീയത്തെ ചുരുക്കുന്നു. ആ അര്‍ത്ഥത്തില്‍ ഉന്മൂലന സിദ്ധാന്ത പരിപാടി അരാഷ്ട്രീയ വാദമാണ്. ഇത് മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റേതല്ല. മറിച്ച് അരാജകവാദത്തിന്റേതാണ്.

ടി.പി.ചന്ദ്രശേഖരന്റെ വധം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി കൊലയാളി സംഘമാണ് എന്നു വരുത്തിത്തീര്‍ക്കാനുളള കൊണ്ടുപിടിച്ച പ്രചാരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കെപിആര്‍ ഗോപാലന്‍, എംവി രാഘവന്‍, ഗൗരിയമ്മ തുടങ്ങി എത്രയോ തലമുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുളളത്. അവരില്‍ പലരും സിഎംപി, ജെഎസ്എസ് തുടങ്ങിയ പല പേരുകളില്‍ ഈര്‍ക്കില്‍ പാട്ടികളുണ്ടാക്കി ഇന്നും പ്രവര്‍ത്തിക്കുന്നു. അവരോടൊന്നും തോന്നാത്ത വ്യക്തി വിരോധം ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചന്ദ്രശേഖരന്റെ പാര്‍ട്ടിയോട് സിപിഐ എമ്മിന് എന്തിന് തോന്നണം?

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കൊലപാതകങ്ങള്‍ക്കെല്ലാം ഇരകള്‍ സിപിഐ എം നേതാക്കളായിരുന്നെന്നോര്‍ക്കുക. ഇടതുപക്ഷ തീവ്രവാദികള്‍ വധിച്ച സ.അഴീക്കോടന്‍ രാഘവനെ, ഏതൊരു മലയാളിക്കാണ് മറക്കാന്‍ കഴിയുക. കേരളത്തില്‍ ആദ്യമായി വധിക്കപ്പെടുന്ന എംഎല്‍എ സ.കുഞ്ഞാലിയുടെ ഘാതകര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. പാര്‍ട്ടി മാറിയതിന്റെ പേരില്‍ ഏതെങ്കിലും നേതാവിനെ കൊന്നിട്ടുണ്ടെങ്കില്‍ അതിനുളള ക്രെഡിറ്റും കോണ്‍ഗ്രസ്സിനാണ്. കൊടുങ്ങല്ലൂര്‍ എംഎല്‍എയായിരുന്ന അബ്ദുള്‍ ഖാദറിന്റെ വധം. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കെ.പി.വത്സലനെ വധിച്ചത് ലീഗ്-കോണ്‍ഗ്രസ്സ് ഗുണ്ടകളായിരുന്നു. മൊയ്യാരത്ത് ശങ്കരന്‍ മുതലുളള 200 ഓളം കമ്മ്യൂണിസ്റ്റുകാരുടെ രക്തക്കറ പുരണ്ടതാണ് കോണ്‍ഗ്രസ്സിന്റെ കൈകള്‍. അവരാണിപ്പോള്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കൊലയാളി സംഘമെന്ന് മുദ്രകുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രചാരവേലയുടെ മുന്നില്‍ മാധ്യമങ്ങളാണ്. മാതൃഭൂമിയുടേയും മനോമരമയുടേയും കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തോടൊപ്പം മറ്റു പത്രങ്ങളും ചേര്‍ന്നപ്പോള്‍ ഏതാണ്ട് 40 ലക്ഷം കമ്മ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം കേരളത്തിലെ വീടുകളിലെത്തുന്ന സ്ഥിതിയായി. കഴിഞ്ഞ ഒരുമാസം 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകളുടെ ഹെഡ് ലൈനുകള്‍ ചന്ദ്രശേഖരന്‍ വധമാണ്.

പെട്രോള്‍ വിലവര്‍ദ്ധന പോലും രണ്ടാം സ്ഥാനത്തായി. വായനക്കാരുടെ ഉത്കണ്ഠയും ഔത്സുക്യവും വളര്‍ത്തിയെടുക്കാനുതകുംവിധം ഓരോ ദിവസവും ഓരോ കഥകളുമായിട്ടാണിറങ്ങുന്നത്. ആദ്യം പറഞ്ഞിരുന്ന അവസാനത്തെ ഫോണ്‍ വിളി, വീട്ടിലേക്കുളള വഴിയില്‍ നിന്നും മാറിയുളള യാത്ര, റഫീക്കെന്ന സൂത്രധാരന്‍ തുടങ്ങിയ പല കഥകളും ഇന്ന് പാഴ്കഥകളായിട്ടുണ്ട്. പക്ഷേ പൊതുജനത്തിന് ഓര്‍മ്മ കുറവാണല്ലോ. അന്നന്നുളള ചൂടന്‍ വാര്‍ത്തകളില്‍ അവര്‍ രമിച്ചുകൊളളും. പോലീസില്‍ നിന്നുളള സൂചനകളെന്ന വിശേഷണത്തോടെയുളള എന്തെല്ലാം ഭാവനാവിലാസങ്ങളാണ് എഴുന്നെളളിക്കുന്നത്. പോലീസ് ചോദ്യം ചെയ്തതിന്റെ മൊഴികള്‍ തല്‍സമയ സംപ്രേഷണമെന്നപോലെ പുറത്തുകൊണ്ടുവരുന്നു. സിപിഐ എം ഈ നിയമ വിരുദ്ധ നടപടിക്കെതിരെ കേസുകൊടുത്തപ്പോള്‍ പോലീസ് ഇവയാകെ നിഷേധിച്ചിരിക്കുകയാണ്.

തങ്ങള്‍ മൊഴികള്‍ ആര്‍ക്കും ചോര്‍ത്തിക്കൊടുത്തിട്ടില്ലെന്നും പുറത്തുവന്ന കാര്യങ്ങളില്‍ പലതും വസ്തുതാ വിരുദ്ധമാണ് എന്നുമാണ് അവര്‍ കോടതിയില്‍ കൊടുത്ത പ്രസ്താവന. പ്രചരണത്തിന്റെ രീതി കണ്ടാല്‍ തോന്നുക കേരളത്തിലെ ആദ്യത്തെ കൊലപാതകമാണ് ഇതെന്നാണ്. ഒരു മാസത്തിന് മുമ്പ് നടന്ന ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ വധം ഇവരാരും കണ്ട മട്ടില്ല. അതിലെ പ്രതികളാരെന്നുളള അന്വേഷണമില്ല. പോലീസ് കണ്ടെത്തലുകളെക്കുറിച്ചുളള തുടര്‍ക്കഥകളില്ല. അനീഷിന്റെ അച്ഛന്റെയും അമ്മയുടേയും ദുഖവും ക്യാമറകളില്‍ പതിയുന്നില്ല. ഇങ്ങനെ നോക്കുമ്പോഴാണ് കേരളത്തില്‍ ഒരു മാസമായി നടക്കുന്ന മാധ്യമ പ്രചരണത്തിന്റെ ഉന്നം വ്യക്തമാക്കുന്നത്.

പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി വീണുകിട്ടിയ ഒരവസരമായാണ് എല്ലാ പാര്‍ട്ടി വിരുദ്ധരും ചന്ദ്രശേഖരന്‍ വധത്തെ കാണുന്നത്. അതേസമയം പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങേളമിങ്ങോളം നടക്കുന്ന വിശദീകരണ യോഗങ്ങളിലും പോലീസ് മര്‍ദ്ദന വിരുദ്ധ മാര്‍ച്ചുകളിലും കാണാന്‍ കഴിയുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലായെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ നയസമീപനത്തിന് കടകവിരുദ്ധമാണ് ഇത്തരത്തിലുളള കൊലപാതകങ്ങള്‍. പാര്‍ട്ടിയുടെ ഒരു സംഘടനാ തലത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പരിശോധനയില്‍ ഒരു നേതാവോ പ്രവര്‍ത്തകനോ വധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വധകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുളള ഗുണ്ടകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുളള പ്രാദേശിക നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുളളത്. ഇത്തരം തെറ്റായ പോലീസ് നീക്കങ്ങളെ തുറന്നു കാണിക്കുകയും ചെറുക്കുകയും ചെയ്യും. എങ്കില്‍ തന്നെയും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി അടക്കമുളളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കാരണം അത്തരം നടപടി പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്.

പാര്‍ട്ടിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കയ്യില്‍ അവര്‍ കൈക്കോടാലികള്‍ ആവുകയാണ്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്. ജനങ്ങളോടുളള വിശ്വാസ്യത പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. പോലീസ് മര്‍ദ്ദനത്തേയും ഒഞ്ചിയത്തെ ഗുണ്ടാ വിളയാട്ടത്തേയും ഫലപ്രദമായി തുറന്നു കാണിക്കാന്‍ കഴിയുന്നുണ്ട്. ഇതോടൊപ്പം ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ നടക്കുന്ന ശക്തമായ ആശയ കടന്നാക്രമണങ്ങളെ ചെറുക്കേണ്ടതും പ്രധാനമാണ്. ആര്‍എംപി നേതാക്കള്‍, മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സെക്ടേറിയന്‍ ആശയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍ മുതല്‍ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളോ ബന്ധമോ ഇല്ലാത്ത സാംസ്കാരിക പ്രവര്‍ത്തകന്‍ വരെ നീളുന്ന ഒരു നീണ്ട നിര ഇവിടെ കാണാം. ഇവരെ നാലുതരക്കാരായി തിരിക്കാം.

1. ആര്‍എംപി എന്ന ഒഞ്ചിയത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെന്ന് പറയാനാവില്ല. സിപിഐ എമ്മിന്റെ നയപരിപാടികളോട് അഭിപ്രായവ്യത്യാസമില്ല, നേതാക്കളോടാണ് വിയോജിപ്പ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് വി.ബി ചെറിയാനെ പോലെ 1964 ലെ പാര്‍ട്ടി പരിപാടി ശരി; പക്ഷേ പുതുക്കിയ പാര്‍ട്ടി പരിപാടി ശരിയല്ല എന്നു പറഞ്ഞു. ഇപ്പോഴാകട്ടെ സിപിഐ എം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറിക്കറിഞ്ഞു എന്ന നിഗമനത്തിലാണവര്‍.

2. പാര്‍ട്ടി മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് സെക്ടേറിയന്‍ കാഴ്ചപ്പാടുകളുമായി പുറത്തുപോയ ആസാദ്, ഹരിഹരന്‍, സുഗതന്‍, ഉമേഷ് ബാബു തുടങ്ങി, ഇടതുപക്ഷ ഏകോപന സമിതി പോലുളള സംഘടനകളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. സിപിഐ എമ്മിലെ വലതുപക്ഷ വല്‍ക്കരണത്തിനെതിരായിട്ടാണത്രെ അവരുടെ യുദ്ധം. പാര്‍ട്ടി പിന്തുടരുന്നത് നിയോ ലിബറല്‍ നയങ്ങളാണുപോലും. ഇവരാണ് ചാനലുകളിലും മാധ്യമങ്ങളിലും ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിനു ഏറ്റവും മുന്നില്‍.

3. മുന്‍പ് നക്സലൈറ്റ് നേതാവായിരുന്ന കെ. വേണുവും കൂട്ടരും (?) ആണു മറ്റൊരു വിഭാഗം. ഇവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെന്നല്ല മാര്‍ക്സിസത്തില്‍ തന്നെ വിശ്വാസമില്ല. മുതലാളിത്ത ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി ഇവര്‍ മാറിയിട്ടുണ്ട്. സിപിഐ എം വലത്തോട്ടു പോകുന്നില്ല എന്നതാണ് ഇവരുടെ വിമര്‍ശനം. ജനാധിപത്യ ധ്വംസനത്തിനെതിരെയുളള പതാക വാഹകരായിട്ടാണ്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഇവര്‍ രംഗപ്രവേശം ചെയ്തിട്ടുളളത്.

4. പിന്നെ അവസാനമായി പ്രത്യക്ഷ രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത ഒട്ടേറെ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഈ നിഷ്ഠൂര വധത്തെ അപലപിച്ചിട്ടുണ്ട്. ഇതിന് സിപിഐ എമ്മിന് അവരോട് യാതൊരു വിരോധവുമില്ല. ഈ വധത്തെ ആരും അപലപിക്കേണ്ടതാണ്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആകെ തളളിപ്പറയാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ ഇടപെടലുകളെ അനുകൂലിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസം. മേല്‍പ്പറഞ്ഞ ചിന്താഗതികളെ തുറന്നുകാണിക്കുന്നതിനും മറുപടി പറയുന്നതിനുമാണ് ഈ ലേഖന പരമ്പരയില്‍ പരിശ്രമിക്കുക. (തുടരും)

Monday, June 18, 2012

മാന്ദ്യവും വിലക്കയറ്റവും ഒന്നിക്കുമ്പോള്‍

മാതൃഭൂമി ലേഖനം, ജൂണ്‍ 12, 2012

2011-'12 ധനകാര്യവര്‍ഷത്തിലെ അവസാനപാദത്തിലെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കണ്ട് ഞെട്ടാത്തവര്‍ ചുരുക്കമായിരിക്കും. കഴിഞ്ഞയാഴ്ച അതു പുറത്തുവന്നപാടെ, ഓഹരിവിലകള്‍ തകര്‍ന്നു; രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഈ വര്‍ഷം എട്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രഖ്യാപിച്ച മൊണ്ടേക് സിങ് അലുവാലിയ ഈ കണക്കു പുറത്തുവന്നശേഷം മിണ്ടാട്ടം മുട്ടിയതുപോലെയാണ്. എന്തുചെയ്യണമെന്ന വേവലാതി കേന്ദ്രധനമന്ത്രിയുടെ മുഖത്തും പ്രകടം.

ഒമ്പതു വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചനിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 5.3 ശതമാനം മാത്രമാണ് സാമ്പത്തികവളര്‍ച്ച. കഴിഞ്ഞ എട്ടുപാദങ്ങളിലായി വളര്‍ച്ചയുടെ വേഗം തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്. തന്മൂലം 2011-'12-ലെ ശരാശരിവളര്‍ച്ച 6.5 ശതമാനം മാത്രമാണ്. ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ 2008 -'09- ല്‍പ്പോലും ഇന്ത്യന്‍ സമ്പദ്ഘടന 6.8 ശതമാനം വളര്‍ന്നെന്നോര്‍ക്കണം.

പക്ഷേ, 2008-'09-ല്‍ മാന്ദ്യം നേരിടാന്‍ ധനമന്ത്രി അരയും തലയും മുറുക്കിയിറങ്ങി. പലിശ കുറച്ചു. ഉദാരമായി വായ്പ നല്‍കാന്‍ ബാങ്കുകളെ കൈയയച്ചു സഹായിച്ചു. സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തി. കമ്മി കുത്തനെ ഉയര്‍ന്നിട്ടും ആരും പഴി പറഞ്ഞില്ല. മൂന്നാം ലോകരാജ്യങ്ങളില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ ഉത്തേജക പാക്കേജ് ഇന്ത്യയുടേതായിരുന്നു.

എന്നാല്‍, ഇന്നോ? 2008-'09ലേതു പോലെ ഒരു നടപടിയും സ്വീകരിക്കാന്‍ ധനമന്ത്രി തുനിയുന്നില്ല. കാരണം അന്നില്ലാതിരുന്ന ഒരു പുതിയ പ്രശ്‌നം ഇന്നു രാജ്യം അഭിമുഖീകരിക്കുകയാണ് - വിലക്കയറ്റം.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിലകള്‍ മുകളിലേക്കാണ്. ഒരു ഘട്ടത്തില്‍ പത്തുശതമാനം വരെ വിലക്കയറ്റം ഉയര്‍ന്നു. ഇന്ത്യയിലെ ജനങ്ങള്‍ ആവശ്യത്തിലധികം ഭക്ഷണവും മറ്റും വാങ്ങിക്കൂട്ടുന്നതുകൊണ്ടാണ് വിലക്കയറ്റം എന്നൊരാളും പറയില്ലല്ലോ; മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് ഒഴികെ. ഇന്ത്യക്കാരും ചൈനക്കാരും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം എന്ന അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ നിരീക്ഷണം നാം മറന്നിട്ടില്ല. ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവുമാണ് ഇവയുടെ വിലകള്‍ ഉയരാന്‍ കാരണം. രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ടും വില ഉയരും. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയാണ് മറ്റൊരു കാരണം.

എന്നാല്‍, ജനങ്ങളുടെ കൈവശം ആവശ്യത്തിലധികം പണവും വായ്പയും ഉള്ളതുകൊണ്ടാണ് വിലകള്‍ ഉയരുന്നത് എന്ന ചിന്തയാണ് കേന്ദ്രസര്‍ക്കാറിനെ ഭരിക്കുന്നത് എന്നുവേണം കരുതാന്‍. കാരണം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ അവര്‍ സ്വീകരിക്കുന്ന നടപടികള്‍ താഴെ പറയുന്നവയാണ്. ഒന്ന്: പലിശ ഉയര്‍ത്തുക, വായ്പകള്‍ ചുരുക്കുക. രണ്ട്: സര്‍ക്കാര്‍ കമ്മികള്‍ കുറയ്ക്കുക; അതിനായി സബ്‌സിഡികളും ചെലവുകളും ചുരുക്കുക. ഈ നടപടികള്‍ മൂലം വിലക്കയറ്റത്തിന്റെ ആക്കം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് സാമ്പത്തികമാന്ദ്യത്തിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിന് രണ്ടുകാരണങ്ങളുണ്ടാകാം. ഒന്നാമത്തേത്, ഉത്പാദനമേഖലയിലെ പ്രശ്‌നങ്ങളാണ്. വരള്‍ച്ച മൂലം കാര്‍ഷികോത്പാദനം കുറയാം; പവര്‍കട്ടു മൂലം വ്യാവസായികോത്പാദനം കുറയാം; മുതല്‍മുടക്കാന്‍ പണമില്ലാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം- ഇതുപോലുള്ള സപ്ലൈയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍.
രണ്ടാമത്തേത്, ഉത്പന്നമേഖലയിലെ അഥവാ ഡിമാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഉത്പാദിപ്പിച്ച ചരക്കുകള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ഉത്പാദനം കുറയുമെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യയില്‍ ഇന്ന് രണ്ടാമത്തെ വിഭാഗം പ്രശ്‌നങ്ങളാണ് മുന്‍പന്തിയിലേക്കു വന്നിട്ടുള്ളത്.

യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി മൂലം അവിടേക്കുള്ള കയറ്റുമതി കുറഞ്ഞു. സമ്പന്നവിഭാഗം ആഡംബരത്തില്‍ മദിച്ചു നടക്കുകയാണെങ്കിലും ഭൂരിപക്ഷം ജനതയുടെ കൈയിലും പണമില്ല. 2008-'09 മാന്ദ്യകാലത്ത് ഉദാരമായി സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ വായ്പകള്‍ നല്‍കി അവരുടെ വാങ്ങല്‍കഴിവ് ഉയര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ വായ്പകള്‍ വെട്ടിച്ചുരുക്കുകയാണ്. മുതലാളിമാര്‍ക്കാണെങ്കില്‍ യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ സ്ഥിതി കണ്ടിട്ട് മുതല്‍മുടക്കാനും ഭയം. അതുകൊണ്ട് യന്ത്രങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നത് അവരും കുറച്ചിരിക്കുകയാണ്.

മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ 2008-'09-ലെ ഉത്തേജകനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ വിലക്കയറ്റം ചരടുപൊട്ടിക്കും. മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാണ്; വിലക്കയറ്റത്തിനുള്ള മരുന്ന് മാന്ദ്യത്തിനും.

കാശിക്കുപോയ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അനുഭവമാണ് ഈ സ്ഥിതിവിശേഷം ഓര്‍മപ്പെടുത്തുന്നത്. മഴ വന്നപ്പോള്‍ കരിയില മണ്ണാങ്കട്ടയെ രക്ഷിച്ചു. കാറ്റുവന്നപ്പോള്‍ മണ്ണാങ്കട്ട കരിയിലയെയും രക്ഷിച്ചു. പക്ഷേ, കാറ്റും മഴയും ഒരുമിച്ചു വന്നപ്പോള്‍ മണ്ണാങ്കട്ട അലിഞ്ഞുപോയി; കരിയില പറന്നും പോയി. മാന്ദ്യത്തിന്റെയും വിലക്കയറ്റത്തിന്റെയും ഒന്നിച്ചുള്ള വരവ് അത്തരമൊരു ദുരന്തത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്.

Friday, June 1, 2012

രൂപയ്ക്ക് സംഭവിക്കുന്നത്‌


ഒരു മീറ്ററിന്റെ നീളം എത്ര? കുഴപ്പം പിടിച്ച ചോദ്യമാണിത്. നീളത്തെ അളക്കാനുള്ള അളവുകോലാണ് മീറ്റര്‍. അളവുകോലിന്റെ അളവെത്ര എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ഒരു വഴിയുണ്ട്. മറ്റേതെങ്കിലും അളവുകോലിലേക്ക് മൊഴിമാറ്റം നടത്താം. ഒരു മീറ്റര്‍ നൂറു സെന്റിമീറ്ററാണ്. 3.28 അടിയാണ്. 1.09 വാരയാണ്.

രൂപയുടെ മൂല്യമെത്ര? ഈ ചോദ്യം മീറ്ററിന്റെ നീളത്തേക്കാള്‍ കുഴപ്പം പിടിച്ചതാണ്. ചരക്കുകളുടെ മൂല്യം അളക്കാനുള്ള അളവുകോലാണ് രൂപ. അപ്പോഴെങ്ങനെയാണ് രൂപയുടെ മൂല്യം അളക്കാനാവുക? പോംവഴി, മറ്റേതെങ്കിലും നാണയത്തിലേക്കുള്ള കൈമാറ്റത്തോത് കണക്കാക്കലാണ്. 55 രൂപയാണ് ഒരു ഡോളര്‍. 70 രൂപ ഒരു യൂറോ. 14.56 രൂപ ഒരു സൗദി റിയാല്‍ എന്നിങ്ങനെ. വിദേശ നാണയവുമായുള്ള ഈ കൈമാറ്റത്തോതിനെയാണ് വിനിമയനിരക്ക് എന്നു പറയുന്നത്.

എന്നാല്‍, നാണയങ്ങളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഗൗരവമായ ഒരു പ്രശ്‌നമുണ്ട്. വിനിമയനിരക്ക് നിരന്തരം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ ലഭിക്കുമായിരുന്നു. ഇതാണ് ഇപ്പോള്‍ 55 രൂപയായിരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടെ മൂല്യം താഴ്ന്നു.

പണ്ട്, റിസര്‍വ് ബാങ്ക് ആണ് രൂപയുടെ മൂല്യം, അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. ഈ സ്ഥിതിമാറ്റി ഇന്ത്യയിലെ വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങാണ് കൊണ്ടുവന്നത്.

നമ്മള്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശ നാണയം കിട്ടും. അതുപോലെ തന്നെ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയയ്ക്കുമ്പോഴും വിദേശ നാണയം കിട്ടും. ഇന്ത്യക്കാര്‍ വിദേശത്തു മുടക്കിയിരിക്കുന്ന മൂലധനത്തിന് പലിശയും ലാഭവും ലഭിക്കുമ്പോഴും വിദേശ നാണയം കിട്ടും. അതേസമയം ചരക്കുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. അതുപോലെത്തന്നെ ശമ്പളം, ലാഭം, പലിശ, റോയല്‍റ്റി തുടങ്ങിയ ഇനങ്ങളില്‍ വിദേശികള്‍ പണം പുറത്തേക്കു കൊണ്ടുപോകുമ്പോഴും വിദേശനാണയം ചെലവാകും. ഇപ്രകാരം മൊത്തം വിദേശനാണയ വരുമാനവും മൊത്തം വിദേശനാണയ ചെലവും തമ്മിലുള്ള അന്തരത്തെയാണ് കറന്റ് അടവുശിഷ്ടം കമ്മി/മിച്ചം എന്നു വിളിക്കുന്നത്.

ചുരുക്കത്തില്‍, വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്ന വിദേശനാണയത്തെയും അവ തിരിച്ചടയ്ക്കുമ്പോള്‍ ചെലവാകുന്ന വിദേശനാണയത്തെയും ഒഴിവാക്കി ബാക്കി ഏതാണ്ട് എല്ലാ വിദേശ വിനിമയ ഇടപാടുകളും കറന്റ് അടവുശിഷ്ട കണക്കില്‍ ഉള്‍പ്പെടും. ഇത് കമ്മിയാണെങ്കില്‍ അതു നികത്താനാണ് വായ്പയെടുക്കുക. അതുകൊണ്ടും വിദേശനാണയം തികയാതെവന്നാല്‍ ഉപയോഗിക്കാന്‍ വിദേശനാണയ കരുതല്‍ ശേഖരം ഓരോ സര്‍ക്കാറിനുമുണ്ട്. എങ്കിലും പൊതുവേ പറഞ്ഞാല്‍ കറന്റ് അടവുശിഷ്ട കമ്മി കൂടുമ്പോള്‍ വിദേശ നാണയത്തിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം ഇടിയും.

ഇങ്ങനെ ഇന്ത്യന്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത് പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. മുമ്പ് ഒരു ഡോളറുണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യംവരുന്ന ചരക്ക് വിദേശത്തു നിന്നും വാങ്ങാമായിരുന്നു. ഇപ്പോള്‍ ഇതേ ചരക്കിന് 55 രൂപ നല്‍കണം. അങ്ങനെ ഇറക്കുമതി സാധനങ്ങളുടെ വില ഉയരുമ്പോള്‍ അവ വാങ്ങാന്‍ ആളുകള്‍ മടിക്കും. ഇറക്കുമതി കുറയും. അതേസമയം നേരത്തേ ഒരു ഡോളറും കൊണ്ടുവരുന്ന വിദേശിക്ക് 21 രൂപയുടെ ചരക്കേ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ 55 രൂപയുടെ ചരക്കുകള്‍ വാങ്ങാം. അതുകൊണ്ട് വിദേശികള്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുകയും നമ്മുടെ കയറ്റുമതി ഉയരുകയും ചെയ്യും. ഇങ്ങനെ കയറ്റുമതിയും ഇറക്കുമതിയും ക്രമേണ തുല്യമായിത്തീരും.

എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സംഭവിച്ചത്. ഇറക്കുമതി കുത്തനെ കൂടി. എണ്ണ പോലുള്ള ചരക്കുകള്‍ എത്ര വില കൂടിയാലും വാങ്ങുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, കയറ്റുമതി ആ തോതില്‍ ഉയരുന്നില്ല.

ഫലമോ? 17,000 കോടി രൂപയായിരുന്നു 1990-'91-ലെ വ്യാപാരക്കമ്മി. 2010-'11-ല്‍ അത് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഭാഗ്യത്തിന് വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇതുമൂലം കറന്റ് അടവുശിഷ്ട കമ്മി രണ്ടു ലക്ഷം കോടി രൂപയായേ ഉയര്‍ന്നുള്ളൂ. എങ്കിലും 1991-'92-ല്‍ അടവുശിഷ്ട കമ്മി 17,500 കോടി രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.

വിദേശനാണയ കമ്മി നികത്തുന്നതിന് കേന്ദ്ര സര്‍ക്കാറും കോര്‍പ്പറേറ്റുകളും കൂടുതല്‍ കൂടുതല്‍ വായ്പയെടുത്തു കൊണ്ടിരിക്കുക
യാണ്.

ഇങ്ങനെ വായ്പ വഴി ലഭിച്ച വിദേശനാണയത്തിന്റെ വലിയൊരു കരുതല്‍ശേഖരം കേന്ദ്രസര്‍ക്കാറിന്റെ കൈവശമുണ്ട്. 30,000 കോടി ഡോളര്‍ അഥവാ, 16 ലക്ഷം കോടി രൂപ വരുമത്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളുടെ വമ്പന്‍ നേട്ടമായാണ് ഭരണാധികാരികള്‍ ഈ കരുതല്‍ ശേഖരത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു ശേഖരമുണ്ടായിട്ടും രൂപയുടെ മൂല്യമിടിയുന്നു എന്നത് ഒരു വൈരുധ്യമാണ്.

ഭീമന്‍ വിദേശനാണയ ശേഖരത്തില്‍ നിന്ന് പണമെടുത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് തടയിടാന്‍ റിസര്‍വ് ബാങ്കിന് ധൈര്യമില്ല. കാരണം മറ്റൊന്നുമല്ല, ഈ ശേഖരത്തില്‍ ഒരു നല്ല പങ്ക് ഹ്രസ്വകാല വായ്പകളാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ ഊഹക്കച്ചവട മേഖലയില്‍ കളിക്കാന്‍വരുന്ന പണമാണിത്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അപ്പോള്‍ കൊടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈയില്‍ വിദേശനാണയ ശേഖരം ഉണ്ടായേ തീരൂ.

ഹ്രസ്വകാല ഊഹക്കച്ചവട മൂലധനത്തിന്റെ വരവ് ഗണ്യമായി 2011-'12-ല്‍ കുറഞ്ഞു എന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010-'11-ലും ഏതാണ്ട് 3200 കോടി ഡോളറാണ് ഈയിനത്തില്‍ ഇന്ത്യയിലേക്കു വന്നത്. എന്നാല്‍ 2011-'12-ല്‍ ഇത് 1800 കോടിയായി കുറഞ്ഞു. നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ ശുഷ്‌കിച്ചു. അതുകൊണ്ട് കൈവിട്ടു കളിക്കാന്‍ റിസര്‍വ് ബാങ്കിനു ധൈര്യമില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം 44.5 രൂപയായിരുന്ന ഡോളറിന്റെ വില ഇപ്പോള്‍ 55 രൂപയായി ഉയര്‍ന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് അതീവ ഗുരുതരമായ പ്രതിഭാസമാണെന്ന് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടും.

ഈ സ്ഥിതിവിശേഷത്തിന് രണ്ടു കാരണങ്ങളാണ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, യൂറോപ്പിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. യൂറോപ്പ് ഡബിള്‍ ഡിപ്പ് മാന്ദ്യത്തിലാണ്. രണ്ടാമത്തേത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭിച്ചതാണ്. രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ശല്യമൊന്ന് ഒഴിവാക്കി കിട്ടിയിരുന്നെങ്കില്‍ എന്നാണ് കോര്‍പ്പറേറ്റുകളും ധനമന്ത്രിയും ആഗ്രഹിക്കുന്നത്.

തന്നാല്‍ കഴിയുന്നത് പ്രണബ് മുഖര്‍ജി ചെയ്യുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ നികുതി കുറച്ചു. വിദേശ കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയാനുള്ള നടപടികള്‍ തത്കാലം വേണ്ടെന്നു വെച്ചു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചുതന്നെ ചില പുതിയ സാമ്പത്തിക നിയമങ്ങള്‍ പാസ്സാക്കും.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഊക്കു വര്‍ധിപ്പിച്ച് വിദേശ മൂലധനത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം തെളിയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അമ്പോ, എന്തൊരു കരുത്ത്!

Monday, May 21, 2012

ഒരു സ്റ്റാന്‍ഡേര്‍ഡ് 'ദരിദ്രവാസി'യുടെ ഭീഷണി

(മാതൃഭൂമി ലേഖനം - 2012 മെയ് 15 )
അന്തര്‍ദേശീയ കമ്പോളത്തില്‍നിന്ന് വായ്പയെടുക്കാനുള്ള ഇന്ത്യയുടെ റേറ്റിങ് താഴ്‌ത്തേണ്ടി വരുമെന്ന് അമേരിക്കയിലെ 'സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍' എന്ന ക്രെഡിറ്റ് റേറ്റിങ് കമ്പനി ഭീഷണിപ്പെടുത്തിയിരിക്കുന്നു. ക്രെഡിറ്റ് എന്നാല്‍ വായ്പ. റേറ്റിങ് എന്നാല്‍ യോഗ്യത. ഒരു സ്ഥാപനത്തിനോ രാജ്യത്തിനോ വായ്പയെടുക്കാനുള്ള യോഗ്യത ഇതുപോലുള്ള സ്ഥാപനങ്ങള്‍ പഠിച്ച് പ്രഖ്യാപിക്കുന്നു. ഉയര്‍ന്ന റേറ്റിങ് അല്ലെങ്കില്‍ ഗ്രേഡ് ഉള്ളവര്‍ക്ക് താരതമ്യേന ചുരുങ്ങിയ പലിശയ്ക്ക് വായ്പകിട്ടും. അല്ലാത്തവര്‍ക്ക് ഉയര്‍ന്നപലിശ നല്‍കേണ്ടിവരും. വളരെ താഴ്ന്ന റേറ്റിങ്ങാണെങ്കില്‍ വായ്പകിട്ടാന്‍തന്നെ പ്രയാസമാകും.

പേരുപോലെ 'ദരിദ്രവാസി'യൊന്നുമല്ല സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍. ലോകത്തെ ഏറ്റവുംവലിയ മൂന്ന് ധനകാര്യ സേവന കമ്പനികളിലൊന്നാണത്. അമേരിക്കയിലെത്തന്നെ മൂഡി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസും ഫിച്ച് റേറ്റിങ് ലിമിറ്റഡുമാണ് മറ്റുരണ്ടെണ്ണം. അന്തര്‍ദേശീയ കമ്പോളത്തില്‍നിന്ന് വായ്പയെടുക്കാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളോ രാജ്യങ്ങളോ ഈ കമ്പനികളുടെ മുമ്പില്‍ വസ്തുതകള്‍ ഹാജരാക്കി തങ്ങളുടെ റേറ്റിങ് എന്താണെന്ന് നിര്‍ണയിക്കണം. ഇതിന് വമ്പിച്ച ഫീസും നല്‍കണം. ഈ റേറ്റിങ് കമ്പോളത്തിന്റെ 40 ശതമാനം സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ കമ്പനിയുടെ നിയന്ത്രണത്തിലാണ്.
ഏറ്റവും ഉയര്‍ന്ന ഗ്രേഡ് 'എ.എ.എ' ആണ്. അമേരിക്കയുടെ ഗ്രേഡ് ഇതായിരുന്നു. സമീപകാലത്ത് ഈ റേറ്റിങ് കുറച്ചത് ചെറിയ പുകിലൊന്നുമല്ല സൃഷ്ടിച്ചത്. 'ബി.ബി.ബി' ആണ് നിക്ഷേപയോഗ്യതയുള്ള ഏറ്റവും താഴ്ന്ന ഗ്രേഡ്. ഇന്ത്യയുടെ ഗ്രേഡ് ഇതാണ്. ഇത് 'ബി.ബി.ബി. മൈനസ്' ആയി താഴ്ത്തുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ ഭീഷണി. അതോടെ ഇന്ത്യയ്ക്ക് വിദേശ വായ്പ കിട്ടാന്‍ പ്രയാസമേറുകയും ഉയര്‍ന്ന പലിശ കൊടുക്കേണ്ടിവരികയും ചെയ്യും. 'ബി.ബി.ബി. മൈനസോ' അതില്‍ത്താഴെ 'ഡി' വരെയുള്ള ഗ്രേഡുകളുള്ളരാജ്യങ്ങള്‍ പാപ്പര്‍സൂട്ടിലേക്ക് നീങ്ങുന്നു എന്നാണ് വിശേഷിപ്പിക്കുക. അവരിറക്കുന്ന കടപ്പത്രങ്ങളെ 'പൊള്ളക്കടപ്പത്രങ്ങള്‍' എന്നാണ് വിളിക്കുക.

ഇന്ത്യയിലെ ബജറ്റ്കമ്മി ഉയര്‍ന്നതും ധനക്കമ്മി ദേശീയ വരുമാനത്തിന്റെ മൂന്നുശതമാനത്തിനപ്പുറമായതുമാണ് റേറ്റിങ്താഴ്ത്തുന്നതിന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്ന ന്യായം. 2011-'12-ല്‍ ധനക്കമ്മി 5.9 ശതമാനമാണ്. വിദേശവ്യാപാര കമ്മിയും ഭീതിജനകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വിദേശ ഇന്ത്യക്കാരുടെ വരുമാനവുംകൂടി കണക്കിലെടുത്താല്‍പ്പോലും വിദേശ കറണ്ട് അക്കൗണ്ട് കമ്മി അടുത്തവര്‍ഷം 3.6 ശതമാനം വരുമെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ രംഗരാജന്‍ പറയുന്നത്. ഇത് 2-2.5 ശതമാനത്തിനപ്പുറം പാടില്ല. ദേശീയ വരുമാനവളര്‍ച്ചയുടെ വേഗവും കുറഞ്ഞിട്ടുണ്ട്. എല്ലാറ്റിലുമുപരി ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പ്രതികൂലമായിത്തീര്‍ന്നിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തില്‍ എത്രയുംപെട്ടെന്ന് മാറ്റം വരുത്തിയില്ലെങ്കില്‍ തങ്ങള്‍ ഇന്ത്യയുടെ ഗ്രേഡ് കുറയ്ക്കുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്നത്.

ഇന്ത്യയിലെ സാമ്പത്തികസ്ഥിതിഗതികള്‍ മോശമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത് പാപ്പര്‍സൂട്ടിനടുത്താണ് എന്ന വാദം അംഗീകരിക്കാനാവില്ല. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ച്ചനിരക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും വികസിതരാജ്യങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. മാന്ദ്യകാലത്ത് കമ്മി ന്യായീകരിക്കാവുന്നതേയുള്ളൂ. വിദേശവ്യാപാര കമ്മി നിയന്ത്രിക്കാന്‍ ഇന്ന് ഫലപ്രദമായ മാര്‍ഗം ഇറക്കുമതി നിയന്ത്രിക്കലാണ്. യഥാര്‍ഥപ്രശ്‌നം ഇതൊന്നുമല്ല. അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന് ഇന്ത്യയിലെ സാമ്പത്തികപരിഷ്‌കാരങ്ങളില്‍ തൃപ്തി പോര. അടിയന്തരമായി ധനകാര്യമേഖല തുറന്നുകൊടുക്കണം. ചില്ലറവില്പന മേഖലയില്‍ വിദേശ മൂലധനം അനുവദിക്കണം. ഇതിന് ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

മുപ്പതിനായിരത്തിലേറെ കോടിരൂപ എങ്ങനെയാണ് ഇന്ത്യയ്ക്ക് വിദേശനാണയ ശേഖരമായിട്ടുള്ളത്? സാധനങ്ങളും സേവനങ്ങളും കയറ്റുമതി ചെയ്യുമ്പോഴാണ് വിദേശനാണ്യം ലഭിക്കുക. അവ ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. കയറ്റുമതി ഇറക്കുമതിയേക്കാള്‍ കൂടുമ്പോഴേ വിദേശനാണയ മിച്ചമുണ്ടാക്കി കരുതല്‍ ശേഖരത്തോടൊപ്പം ചേര്‍ക്കാനാവൂ. എന്നാല്‍, ഇന്ത്യയ്ക്ക് ഇങ്ങനെ മിച്ചമല്ല, കമ്മിയാണുള്ളത്. അപ്പോള്‍പ്പിന്നെ ഇത്രയേറെ കരുതല്‍ ശേഖരമെങ്ങനെയുണ്ടായി?
ഇന്ത്യ വായ്പയെടുത്തുകൊണ്ടാണ് ഈ കരുതല്‍ ശേഖരം സമാഹരിച്ചത്. ഈ വായ്പയില്‍ ഏതാണ്ട് നാലിലൊന്നോളം കമ്പനികളും മറ്റുമെടുക്കുന്ന ദീര്‍ഘകാലവായ്പകളാണ്. എന്നാല്‍ സിംഹഭാഗവും ഹ്രസ്വകാലവായ്പകളാണ്. ഇന്ത്യയിലെ ഷെയര്‍ കമ്പോളത്തിലും മറ്റും കളിക്കുന്നതിനായി വരുന്ന പോര്‍ട്ട്‌ഫോളിയോ മൂലധനമാണ്. വന്നതുപോലെ എപ്പോള്‍ വേണമെങ്കിലും ഈ മൂലധനത്തിന് ഇന്ത്യ വിട്ടുപോകാം. ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയാല്‍ ആദ്യമുണ്ടാകുന്ന പ്രത്യാഘാതം ഈ ഹ്രസ്വകാലമൂലധനം ഇന്ത്യയില്‍നിന്ന് പിന്തിരിയും എന്നതാണ്.

മേല്‍പറഞ്ഞ സംഭവവികാസം 1991-ലെപോലെ ഒരു വിദേശനാണയ പ്രതിസന്ധി സൃഷ്ടിക്കും. അന്ന് വിദേശ നാണയ കരുതല്‍ശേഖരം ഏതാണ്ട് ഇല്ലാതായി. പുതിയ വായ്പകളൊട്ട് വിദേശികള്‍ തന്നുമില്ല. അതുകൊണ്ട് അത്യാവശ്യം വായ്പയെടുക്കാന്‍ ഇന്ത്യാസര്‍ക്കാറിന്റെ സ്വര്‍ണം ലണ്ടനില്‍ പണയപ്പെടുത്തേണ്ടി വന്നു. ഇന്ന് പ്രത്യക്ഷത്തില്‍ സ്ഥിതിയാകെ മാറിയിട്ടുണ്ട്. ഭീമമായ വിദേശനാണയ കരുതല്‍ശേഖരമുണ്ട്. എന്നാലിത് വിദേശ മൂലധനത്തിന്റെ ദയാദാക്ഷിണ്യത്തിന് വിധേയമാണ്. അവര്‍ക്ക് നമ്മോട് അലോസരം തോന്നിയാല്‍ ഇതില്‍ ഗണ്യമായ പങ്കും അപ്രത്യക്ഷമാകും. നാം പ്രതിസന്ധിയിലുമാകും. ഇരുപതുവര്‍ഷക്കാലത്തെ ആഗോളീകരണ പരിഷ്‌കാരങ്ങള്‍ നമ്മെ ഇവിടെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലെത്തിയതാണ് വിദേശ ഫിനാന്‍സ് മൂലധനത്തെ അലോസരപ്പെടുത്തുന്നത്. ദേശവ്യാപകമായ തൊഴിലാളി പണിമുടക്ക് ഒരു സുപ്രധാന സംഭവമാണ്. ബംഗാളില്‍ തന്റെ സ്വാധീനം നഷ്ടപ്പെടുന്നതിനുമുമ്പ് എങ്ങനെയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള തത്രപ്പാടില്‍ മമതാ ബാനര്‍ജി ഓരോ കാര്യത്തിലും കേന്ദ്രസര്‍ക്കാറിനെ വാള്‍മുനയില്‍ നിര്‍ത്തുന്നു. ബി.ജെ.പി.യാകട്ടെ, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പലപ്പോഴും സഹകരിക്കാന്‍ വിസമ്മതിക്കുന്നു. ബി.ജെ.പി.യുടെ മാനിഫെസ്റ്റോയില്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുള്ള ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുപോലും അവര്‍ നിസ്സഹകരിക്കുന്നു.

'സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറി'ന്റെ ഭീഷണി ലക്ഷ്യം കണ്ട് തുടങ്ങിയിട്ടുണ്ട്. എത്രയുംപെട്ടെന്ന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കി രാജ്യത്തെ രക്ഷിക്കുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് അനിഷ്ടമായ നികുതിനിര്‍ദേശങ്ങള്‍ അദ്ദേഹം പിന്‍വലിച്ചും കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ മറ്റ് ഭരണവര്‍ഗപാര്‍ട്ടികളെ ലൈനില്‍ കൊണ്ടുവരാന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ത്തന്നെ ഇന്‍ഷുറന്‍സ്, ബാങ്ക്, പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ വെപ്രാളംകണ്ടാല്‍ ഇത്തരമൊരു സന്ദേശത്തിനുവേണ്ടി അദ്ദേഹം കാത്തിരിക്കയായിരുന്നു എന്നുപോലും തോന്നിപ്പോകും.

റിമോട്ട് കണ്‍ട്രോളിനെക്കുറിച്ച് നമുക്കറിയാമല്ലോ. ചാരവിമാനംമുതല്‍ കുട്ടികളുടെ കളിപ്പാട്ടംവരെ ഇന്ന് റിമോട്ടാലാണ് നിയന്ത്രിക്കപ്പെടുന്നത്. ഇന്ത്യാരാജ്യവും കൂടുതല്‍ക്കൂടുതല്‍ റിമോട്ട് നിയന്ത്രണത്തിലാവുകയാണ്. സ്വിച്ചിനുപിറകില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പോലുള്ള ഫിനാന്‍സ് മൂലധന ദല്ലാളന്മാരും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...