(മാതൃഭൂമി ലേഖനം, 2012 ജൂണ്‍ 26)
മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപ്പോഴുണ്ടായ ദുരവസ്ഥയിലാണ് ഇന്ത്യന്‍ സമ്പദ്ഘടന. കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ യാത്ര ദുരന്തമായി. അതുപോലെയാണ് വിലക്കയറ്റവും മാന്ദ്യവും ഒരുമിച്ച് സമ്പദ്ഘടനയെ ഗ്രസിച്ചാലുണ്ടാകാവുന്ന സ്ഥിതി.
ഇന്ത്യ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. പ്രതിവിധിയുമായി റിസര്‍വ് ബാങ്ക് രംഗത്തിറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ വായ്പനയം ജൂണ്‍ 19-ന് പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റുകള്‍ നിരാശരായി. പലിശ നിരക്ക് താഴ്ത്താനോ വായ്പ ഉദാരമാക്കാനോ റിസര്‍വ് ബാങ്ക് തയ്യാറല്ല. റിസര്‍വ് ബാങ്കിന്റെ പണനയത്തോടുള്ള നീരസം മറച്ചു വെച്ചില്ലെങ്കിലും തന്റെ ധനനയത്തില്‍ മാറ്റംവരുത്താന്‍ പ്രണബ് മുഖര്‍ജിയും തയ്യാറായില്ല. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തണം; കമ്മി വര്‍ധിപ്പിക്കണം. പക്ഷേ, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതിനും കമ്മി താഴ്ത്തുന്നതിനുമുള്ള ബദ്ധപ്പാടിലാണ് ധനമന്ത്രാലയം.
മാന്ദ്യം മാത്രമായിരുന്നു പ്രശ്‌നമെങ്കില്‍ മേല്‍പറഞ്ഞ പണ/ ധനനടപടികള്‍ സ്വീകരിക്കാമായിരുന്നു. മാന്ദ്യത്തില്‍ നിന്ന് സമ്പദ്ഘടനയെ കരകയറ്റുകയും ചെയ്യാം. എന്നാല്‍, ഇന്ന് വിലക്കയറ്റവും ഗുരുതരമാണ്. മെയ് മാസത്തില്‍ ചില്ലറ വിലസൂചിക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.8 ശതമാനമാണ് ഉയര്‍ന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെങ്കില്‍ പലിശ ഉയര്‍ത്തണം; പണലഭ്യത കുറയ്ക്കണം. ഇതാണ് റിസര്‍വ് ബാങ്ക് ചെയ്തത്. ഇപ്രകാരം വിലക്കയറ്റം പിടിച്ചുനിര്‍ത്തിയാല്‍ മാന്ദ്യം രൂക്ഷമാകും. മാന്ദ്യത്തിന് പ്രതിവിധി തേടിയാല്‍ വിലക്കയറ്റം ചരടുപൊട്ടിക്കും.
കാറ്റും മഴയും ഒരുമിച്ചുവന്നപ്പോള്‍ മണ്ണാങ്കട്ടയും കരിയിലയും നേരിട്ട പ്രതിസന്ധി തന്നെ. അപ്പോള്‍ പിന്നെ എന്തു പോംവഴി? വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
ഒന്ന്: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക. ചൈന ഇത്തരമൊരു നടപടി സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ, ഇന്ത്യയിപ്പോഴും പെട്രോളിയം കമ്പനികളുടെ നഷ്ടത്തെക്കുറിച്ചാണ് പറയുന്നത്. കമ്പനികള്‍ക്ക് നഷ്ടം വരികയാണെങ്കില്‍ സര്‍ക്കാര്‍ നികുതി കുറച്ച് നഷ്ടം നികത്തണം.
രണ്ട്: പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും പൂഴ്ത്തിവെപ്പും അവസാനിപ്പിക്കുക. ഭക്ഷ്യവിലക്കയറ്റം ഇങ്ങനെയേ തടയാനാവൂ.
മൂന്ന്: സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാതിരിക്കുക. രാസവളത്തിന്റെയും മറ്റും വിലവര്‍ധന ഇതുവഴി ഒഴിവാക്കാനാവും. ബജറ്റ് കമ്മി കൂടിയേക്കാം. പക്ഷേ, മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അതിന് ന്യായീകരണമുണ്ട്.
നാല്: സിമന്റുപോലുള്ള ഉത്പന്നങ്ങള്‍ക്ക് കുത്തക സിന്‍ഡിക്കേറ്റുകള്‍ വിലകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
വിലക്കയറ്റത്തെ പിടിച്ചുകെട്ടിയാല്‍ പരമ്പരാഗത മാന്ദ്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. പുതിയ ഉത്തേജക പാക്കേജിന് രൂപം നല്‍കണം.
എന്നാല്‍, ഇതൊന്നും കേന്ദ്രസര്‍ക്കാറിന് സ്വീകാര്യമല്ല. പ്രതിസന്ധിനേരിടാന്‍ ഉദാരവത്കരണ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി നടപ്പാക്കുക എന്ന ഒറ്റമൂലിയേ അവരുടെ പക്കലുള്ളൂ. പരിഷ്‌കാരങ്ങള്‍ സ്തംഭനത്തിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അന്തര്‍ദേശീയ ഏജന്‍സികളുടെ വിലയിരുത്തല്‍. പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് വിലക്കയറ്റം തടയുന്നതിനും മാന്ദ്യം അകറ്റുന്നതിനും സഹായിക്കുക എന്നുള്ളത് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒന്ന്: ഏറ്റവും വിവാദപരമായ പരിഷ്‌കാരം ചില്ലറവില്പന മേഖലയിലേക്ക് വിദേശ കുത്തകകളെ അനുവദിക്കുകയാണ്. ഇതുവഴി നിലവിലുള്ള ചെറുകിട വ്യാപാരികളുടെയും മറ്റും വ്യാപാരം കുത്തകകളുടെ പിടിയിലേക്കു പോകുമെന്നല്ലാതെ മൊത്തം വ്യാപാരം എങ്ങനെയാണ് അഭിവൃദ്ധിപ്പെടുക? കുത്തകകള്‍ വരുമ്പോള്‍ വില കുറയുമെന്ന സിദ്ധാന്തം സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദവിദ്യാര്‍ഥികളെപ്പോലും ചിരിപ്പിക്കുകയേ ഉള്ളൂ. സമ്പൂര്‍ണ മത്സരത്തില്‍ നിന്ന് കുത്തകയിലേക്കുമാറുമ്പോള്‍ വില വര്‍ധിക്കുമെന്നാണ് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത്.
രണ്ട്: ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലകളിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും ഇവ വിദേശ മൂലധനത്തിന് തുറന്നുകൊടുക്കുകയുമാണ് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം. നാട്ടില്‍ വായ്പ കൂടുതല്‍ ഉദാരമായി ലഭ്യമാക്കണമെങ്കില്‍ ധനകാര്യ മേഖലയിലേക്ക് വിദേശ മൂലധനം കൊണ്ടുവരുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് കരുതല്‍ കാഷ് റിസര്‍വില്‍ മാറ്റം വരുത്തുക തുടങ്ങിയ പരമ്പരാഗത നടപടികള്‍. ധനകാര്യമേഖലയിലെ നിര്‍ദിഷ്ട പരിഷ്‌കാരങ്ങളില്‍ എന്തെങ്കിലും പ്രത്യാഘാതങ്ങള്‍ ഉത്പാദനമേഖലയിലുണ്ടാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.
മൂന്ന്: എണ്ണ പോലുള്ള ഉത്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണം നീക്കം ചെയ്യുകയാണ് മറ്റൊരു നിര്‍ദേശം. ഇതിന്റെ ഫലമെന്തായിരിക്കുമെന്ന് പെട്രോളിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. വിലക്കയറ്റത്തിന് ആക്കം കൂട്ടാനേ ഈ നീക്കം സഹായിക്കൂ.
നാല്: സര്‍ക്കാര്‍ സബ്‌സിഡികള്‍ ആഭ്യന്തരവരുമാനത്തിന്റെ രണ്ടുശതമാനമായി താഴ്ത്തണം എന്നുള്ളതാണ് മറ്റൊരു നിര്‍ദേശം. സബ്‌സിഡികള്‍ കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ.
അഞ്ച്: നികുതി മേഖലയില്‍ ചരക്കുസേവന നികുതി നടപ്പാക്കുക. ഇതിനോട് എനിക്ക് വിയോജിപ്പില്ല. പക്ഷേ, ഇപ്പോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചാലും രണ്ടുവര്‍ഷം കൊണ്ടേ അതു പ്രവര്‍ത്തികമാക്കാനാവൂ.
എന്നിട്ടും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് മുറവിളി കൂട്ടൂന്നതിന്റെ രഹസ്യമെന്താണ്? വിദേശ ധനകാര്യഏജന്‍സികളും ഇന്ത്യയിലെ അവരുടെ വക്താക്കളും വാദിക്കുന്നത് പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കിയാല്‍ മാത്രമേ രാജ്യത്തെ നിക്ഷേപഅന്തരീക്ഷം മെച്ചപ്പെടൂ എന്നാണ്. നിക്ഷേപകരുടെ പ്രത്യേകിച്ച് വിദേശ നിക്ഷേപകരുടെ മുഡ് മോശമായിരിക്കുകയാണ്. അതു ശരിപ്പെട്ടാല്‍ ബാക്കികാര്യങ്ങള്‍ നേരേയായിക്കൊള്ളുമത്രേ!
യൂറോ സോണ്‍ മേഖലയിലെ പ്രതിസന്ധിയോടു ബന്ധപ്പെട്ടും ഇതുപോലൊരു തര്‍ക്കം നടക്കുന്നുണ്ട്. പ്രതിസന്ധിക്ക് പ്രതിവിധിയായി സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി സമ്പദ്ഘടനയില്‍ ഇടപെടണമെന്നും ഉത്തേജക പാക്കേജുകള്‍ നടപ്പാക്കാന്‍ പ്രതിസന്ധിയിലായ രാഷ്ട്രങ്ങള്‍ക്കു സഹായം ചെയ്യണമെന്നും ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, പോള്‍ ക്രൂഗ്മാന്‍ തുടങ്ങിയ കെയ്‌നീഷ്യന്‍ വിദ്വാന്‍മാരും ഇടതുപക്ഷക്കാരും ആവശ്യപ്പെടുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ നിയോലിബറലുകള്‍ ഒറ്റക്കെട്ടായി വാദിക്കുന്നത്. ഇതിലൂടെ മാത്രമേ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കുന്നതിന് കഴിയൂ എന്നതാണ് ഇവരുടെ വാദം. ഈ അറുപിന്തിരിപ്പന്‍ നിലപാടിനൊപ്പമാണ് ഇന്ത്യയിലെ സര്‍ക്കാറും എന്നത് സ്പഷ്ടം. പ്രതിസന്ധിയിലായ യൂറോപ്പിലെ രാജ്യങ്ങളിലെ ഭരണപ്പാര്‍ട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടി ഇന്ത്യയിലെ കോണ്‍ഗ്രസ്സിനും ലഭിക്കുമെന്നുറപ്പുവരുത്താന്‍ ഇതിലേറേ നല്ല മാര്‍ഗമില്ല.
വാല്‍ക്കഷ്ണം: പ്രതിസന്ധിക്ക് പരിഹാരമെന്നു പറഞ്ഞ് ധനമന്ത്രാലയം നില്‍ക്കക്കള്ളിയില്ലാതെ ചില നടപടികള്‍ ജൂണ്‍ 25-ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കുക, ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിദേശത്തു വായ്പയെടുക്കുന്നത് കൂടുതല്‍ സുഗമമാക്കുക, പശ്ചാത്തല മേഖലയിലെ നിക്ഷേപത്തിനുളള നടപടിക്രമം എളുപ്പമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ധനമന്ത്രാലയത്തിന്റേത്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ റിസര്‍വ് ബാങ്കും രംഗത്തിറങ്ങുമത്രേ. മല എലിയെ പ്രസവിച്ചതു പോലെയായിട്ടുണ്ട്. വ്യത്യസ്താഭിപ്രായമുള്ളവരുണ്ടെങ്കില്‍ 2008-ലെ ഉത്തേജക പാക്കേജും ഇപ്പോഴത്തെ നടപടികളും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുക.

No comments:
Post a Comment