Friday, May 22, 2020

മഹാമാരിയുടെ കണക്കുകൂട്ടലുകളെ കേരളം തെറ്റിക്കുന്നതിങ്ങനെ


ധനവിചാരം, മെയ് 9, 2020

കേരളത്തിൽ
 കോവിഡ് രോഗികളായി ഇതുവരെ ആകെ കണ്ടെത്തിയത് 503 പേരെ മാത്രമാണ്. എന്നാൽ മെയ് 7 ആകുമ്പോൾ 72000 പേർ രോഗികളായിരിക്കുമെന്നും അതിൽ 22000 പേർ ഗുരുതരമായ അവസ്ഥയിൽ ഐസിയുവിൽ ആയിരിക്കുമെന്നുമുള്ള ഒരു പഠനറിപ്പോർട്ട് ഞാൻ വായിച്ചു. വിശദമായ കണക്കുകൾ ഒരു ദേശീയ മാധ്യമം ലഭ്യമാക്കിയതുകൊണ്ട് എങ്ങനെ ഈ നിഗമനത്തിലെത്തി എന്ന് ഒരു പരിധിവരെ മനസിലാക്കാനും കഴിഞ്ഞു. കണക്കിലോ കണക്കുകൂട്ടിയ രീതികളിലോ കുറ്റമൊന്നും പറയാനാവില്ല. രോഗം ഗുരുതരമായ ആറ് രാജ്യങ്ങളുടെ പാറ്റേണിൽ കേരളത്തിലെ രോഗാതുരതയെക്കുറിച്ചുള്ള മാർച്ചു മുതൽ ഏപ്രിൽ ആദ്യം വരെയുള്ള കണക്കുകളെ ആസ്പദമാക്കി ഗണിച്ചെടുത്തതാണ് ഈ നിഗമനം. ഇതിനു പുറമെ, പകർച്ചവ്യാധി വ്യാപനം സംബന്ധിച്ചുള്ള ശുദ്ധഗണിത മോഡലുകളും ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശുഭപ്രവചനമാണ് ഞാൻ പരാമർശിച്ചത്.

പക്ഷേ, യാഥാർത്ഥ്യം എത്രയോ അകലെയാണ്. കേരളത്തിലെ രോഗികളുടെ എണ്ണം കൈവിരലുകളിലെണ്ണാവുന്ന അക്കങ്ങളിലേയ്ക്ക് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പഠനമാവട്ടെ പകർച്ചവ്യാധിയെ സ്വാഭാവിക വളർച്ചയ്ക്കു വിട്ടാൽ എന്തു സംഭവിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതിശക്തമായ സർക്കാർ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ പകർച്ചവ്യാധി നമ്മുടെ സംസ്ഥാനത്തെ എവിടെക്കൊണ്ട് എത്തിക്കുമായിരുന്നു എന്നാണ് ആ റിപ്പോർട്ട് എന്നെ ചിന്തിപ്പിച്ചത്.

കണക്കുകൂട്ടലുകളും യാഥാർത്ഥ്യവും

ബന്ധപ്പെട്ട മറ്റൊരു പഠനം കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതുപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ള 503 കേസുകൾക്കു പുറമെ 318 പേർക്കു കൂടിയെങ്കിലും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രം. നമ്മൾ എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നില്ലല്ലോ. ടെസ്റ്റിനു വിധേയരാകാത്ത രോഗബാധിതർ കേരളത്തിലുണ്ട് എന്നാണ് ഈ പഠനം പറയുന്നത്.

പഠനത്തിൽ പറയുന്നതുപോലെ തിരിച്ചറിയാത്ത ഇത്രയധികം വൈറസ് ബാധിതർ സമൂഹത്തിൽ ഉണ്ടെങ്കിൽ നിശ്ചയമായും സാമൂഹ്യവ്യാപനം ഉണ്ടായേനേ. എന്നാൽ അത് ഉണ്ടായിട്ടില്ല. കേരളത്തിലെ കൊവിഡ് രോഗികളുടെ മൂന്നോ, നാലോ പേരൊഴികെ മുഴുവൻ ആളുകളുടെയും സ്രോതസ്സ് നമുക്ക് കണ്ടുപിടിക്കാനായിട്ടുണ്ട്. അപ്പോൾ ഈ വിരോധാഭാസത്തെ എങ്ങനെ വിശദീകരിക്കാനാകും?

ഇവരുടെ കണക്കുകൂട്ടലിന് രണ്ട് മുഖ്യപടവുകളാണുള്ളത്. ഒന്ന്, എത്ര പേർ മരിക്കും? ഇതുവരെയുള്ള മരണവും രോഗത്തിന്റെ ദൈർഘ്യവും കണക്കിലെടുക്കുമ്പോൾ 500 രോഗികൾക്ക് മൂന്നല്ല, ഒരു മരണവുംകൂടിയെങ്കിലും ഉണ്ടാകും (വേണമെങ്കിൽ മാഹി മരണവും നമ്മുടെ കണക്കിൽപ്പെടുത്താമല്ലോ). രണ്ട്, ലോകത്തെ മറ്റുല പല രാജ്യങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മരണം ഉണ്ടെങ്കിൽ ശരാശരി എത്ര രോഗികളുണ്ടാകുമെന്ന് കണക്കാക്കാനാകും. ആ തോതുവച്ചു നോക്കുമ്പോൾ കേരളത്തിൽ  318 പേർക്കുകൂടി രോഗം ഉണ്ടാവണം.

ശരിയാണ്, അന്തർദേശീയ നിലവാരം വച്ചുനോക്കുമ്പോൾ രോഗികളെ നിർണ്ണയിക്കാനുള്ള  ടെസ്റ്റുകളുടെ എണ്ണം കേരളത്തിൽ കുറവാണ്. സ്വിറ്റ്സെർലെന്റിലാണ് ഏറ്റവും ഉയർന്ന തോത് – 28.6. അമേരിക്കയിൽ ആയിരംപേരിൽ 15.6 വരെ ആളുകളെ ടെസ്റ്റ് ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ഈ തോത് 0.4 മാത്രമാണ്. കേരളത്തിൽ കുറച്ചു മെച്ചമാണെങ്കിലും 0.7 മാത്രമേയുള്ളൂ.

തിരഞ്ഞെടുത്തത് തനതുമാർഗം

എന്തുകൊണ്ടാണ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്? ടെസ്റ്റുകളുടെ കിറ്റിന്റെ ദൗർലഭ്യം തന്നെയാണ് മുഖ്യകാരണം. ഈ സാഹചര്യത്തിൽ കേരളം തനതായൊരു ഫലപ്രദമായ മാർഗ്ഗം തെരഞ്ഞെടുത്തു. സമ്പർക്കപ്പട്ടിക തയ്യാറാക്കി മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുകയും രോഗലക്ഷണമുള്ളവരെ ടെസ്റ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രം.  രോഗികളിൽ 60% പേർ പുറമേനിന്നും വന്നവരാണ്. അവരുടെ മുഴുവൻ ബന്ധങ്ങളെയും ട്രെയിസ് ചെയ്ത് നിരീക്ഷണത്തിലാക്കി. ഇവരിൽ രോഗലക്ഷണം കാണിക്കുന്നവരെ ടെസ്റ്റ് ചെയ്ത്, പോസിറ്റീവെങ്കിൽ ചികിത്സയിലുമാക്കി. അവരുടെ സമ്പർക്കങ്ങളെയും നിരീക്ഷണത്തിലാക്കുന്നു. ഏപ്രിൽ നാലിന് ഇത്തരത്തിൽ 171355 പേർ വീട്ടിലോ ആശുപത്രികളിലോ ആയി നിരീക്ഷണത്തിലുണ്ടായിരുന്നു. 90% രോഗികളും നിരീക്ഷണവലയത്തിനുള്ളിൽ നിന്നാണ് കണ്ടെത്തിയതെന്ന വസ്തുത ഈ സമ്പ്രദായം എത്ര ഫലപ്രദമാണെന്നത് അടിവരയിടുന്നു. ലോകത്തു തന്നെ അപൂർവം സ്ഥലങ്ങളിൽ മാത്രമേ ഇതുപോലൊരു സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂ.

ഇവരെ മുഴുവൻ ടെസ്റ്റ് ചെയ്യുക അപ്രായോഗികമാണ്. അതുകൊണ്ട് ലക്ഷണം കാണിക്കുന്ന മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യുക, ബാക്കിയുള്ളവരെ റാന്റം ടെസ്റ്റ് ചെയ്യുക എന്ന മാർഗ്ഗമാണ് സ്വീകരിച്ചത്. പോസിറ്റീവായ ചിലർ ടെസ്റ്റിൽ നിന്നും വിട്ടുപോകാം. പക്ഷെ, അതിരുകവിഞ്ഞ വേവലാതി വേണ്ട.

കാരണം 14 – 21 ദിവസമാണല്ലോ ക്വാറന്റൈൻ കാലം. അപ്പോഴേയ്ക്കും രോഗം പരത്താനുള്ള ശേഷി ഇവരിൽ ഇല്ലാതാകും. ടെസ്റ്റ് ചെയ്യാത്തതുകൊണ്ട് രോഗം കണ്ടുപിടിക്കാത്തവർ ഈ കാലാവധി കഴിഞ്ഞ് പുറത്തുപോയാലും കുഴപ്പമില്ല. 10 ദിവസമാണ് അമേരിക്ക ഇപ്പോൾ പറയുന്ന പകർച്ച കാലയളവ്. എങ്കിലും നമ്മൾ റിസ്ക് എടുക്കുന്നില്ല. മിനിമം 14 ദിവസം തന്നെ ക്വാറന്റൈൻ കാലം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഫലപ്രദമായ ഈ കണ്ടെയിൻമെന്റ് സമ്പ്രദായം ഉള്ളതുകൊണ്ടാണ് സാധാരണഗതിയിൽ പോസിറ്റീവ് ആകേണ്ടവരുടെ എണ്ണം കേരളത്തിൽ കുറച്ചു നിർത്താൻ കഴിയുന്നത്.

ന്യൂയോർക്കും കേരളവും

ന്യൂയോർക്കും കേരളവും തമ്മിലുള്ള ഒരു താരതമ്യം നോക്കൂ. കേരളത്തിലെ ജനസംഖ്യ 3.3 കോടി. ന്യൂയോർക്കിലേത് 1.9 കോടി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2937 ഡോളർ. ന്യൂയോർക്ക് സ്റ്റേറ്റിൽ ഇത് 88981 ഡോളർ. കേരളത്തിൽ ആയിരം പേർക്ക് 1.8 ആശുപത്രിക്കിടക്ക ഉള്ളപ്പോൾ ന്യൂയോർക്കിൽ 3.1 കിടക്കകളുണ്ട്. കേരളത്തിൽ ആയിരം പേർക്ക് 1.7 ഡോക്ടർമാരുള്ളപ്പോൾ ന്യൂയോർക്കിൽ 3.8 ഡോക്ടർമാർ വീതമുണ്ട്. ന്യൂയോർക്കിലെ കൂടുതൽ ഉയർന്ന ജനസാന്ദ്രതയും വിദേശസമ്പർക്ക ബന്ധങ്ങളും വിസ്മരിക്കുന്നില്ല. എങ്കിൽ തന്നെയും ഒരു താരതമ്യം പ്രസക്തമാണ്. ജനുവരി 30ന് ആദ്യകേസ് റിപ്പോർട്ട് ചെയ്ത കേരളത്തിൽ മൊത്തം 503 കേസുകളേയുള്ളൂ. ആക്ടീവ് കേസുകൾ 30 മാത്രം. മരണസംഖ്യ ആകട്ടെ മൂന്നും. മാർച്ച് ഒന്നിന് ആദ്യകേസ് കണ്ടെത്തിയ ന്യൂയോർക്കിൽ 3.2 ലക്ഷം രോഗികൾ; 25000 മരണം.

വളരെ താഴ്ന്ന പ്രതിശീർഷ വരുമാന അടിത്തറയിൽ വികസിത രാജ്യങ്ങൾക്കൊപ്പമുള്ള ആരോഗ്യ സൂചകങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞത് അഞ്ചുപതിറ്റാണ്ടിലേറെയായിട്ടുണ്ട് ലോകത്ത് ചർച്ചയായിട്ട്. ഇതിനുകാരണം നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിന്റെ മികവാണ്. ഇന്നത്തെ സർക്കാർ നടത്തുന്ന സമാനതകളില്ലാത്ത നിക്ഷേപം മാത്രമല്ല ഒരു നൂറ്റാണ്ടു കാലത്തെ മുതൽമുടക്കിന്റെ ശക്തി നമ്മുടെ പൊതു ആരോഗ്യസംവിധാനത്തിനുണ്ട്. ഇതിന്റെ ഗുണഫലം നമ്മളോരോരുത്തരും അനുഭവിക്കുന്നുണ്ട്.

കേരളത്തിലെ ആശുപത്രിയിൽ ഒപി രോഗിയുടെ 2014ലെ ഒരു വർഷച്ചെലവ് 328 രൂപയാണ്. ഇന്ത്യയിൽ ചെലവ് ഇതിന്റെ ഇരട്ടി വരും. പൊതു ആശുപത്രിയിലുള്ള ഒരു തവണത്തെ കിടത്തി ചികിത്സയ്ക്ക് കേരളത്തിൽ 2743 രൂപ ചെലവു വരുമ്പോൾ ഇന്ത്യയിൽ അത് 7592 രൂപയാണ്. സ്വകാര്യ ആശുപത്രിയിൽപ്പോലും ഈ നിരക്ക് കേരളത്തിൽ 21808 രൂപയും ഇന്ത്യയിൽ 32375 രൂപയുമാണ്. ഉത്തമമായ ചെലവിൽ കാര്യക്ഷമമായ ആരോഗ്യ സംവിധാനത്തിന്റെ സമ്പ്രദായം കൊറോണ കാലത്തും നമ്മൾ മുന്നോട്ട് കൊണ്ടുപോവുകയാണ്.

പ്രവാസികളുടെയും മറ്റും മടങ്ങിവരവോടെ പുതിയൊരു വ്യാപനത്തിന്റെ വെല്ലുവിളി നാം നേരിടും. ഒന്നാംഘട്ട വ്യാപനത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതുപോലെ ഇതിനെയും നേരിടുന്നതിന് കൃത്യമായ ജനകീയതന്ത്രം നാം ആവിഷ്കരിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്നവരെ നിർബന്ധമായും ക്വാറന്റൈൻ ചെയ്യും. രോഗികളാകാൻ ഏറെ സാധ്യതയുള്ള വിഭാഗങ്ങളെ നിർബന്ധമായും വീട്ടിലിരുത്തും. മറ്റ് ആരോഗ്യമുള്ളവർ കൃത്യമായ നിയന്ത്രണ ചട്ടക്കൂടിൽ പണിയെടുക്കാൻ പോകും.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...