Tuesday, December 3, 2013

വിദ്യാഭ്യാസ കച്ചവടം ഡ്രൈവറുടെ സീറ്റില്‍


ധനവിചാരം, Posted on: 26 Nov 2013

കേരളത്തിന്റെ വികസനവണ്ടി സാമാന്യം നല്ല വേഗത്തില്‍ ഓടുന്നുണ്ട്. പക്ഷേ, പുതിയൊരു ഡ്രൈവറെ വേണമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 'പദ്ധതി പരിപ്രേക്ഷ്യം-2030' പറയുന്നത്. ഇന്ന് ഏറ്റവും വേഗം വളരുന്ന മേഖലകള്‍ കെട്ടിടനിര്‍മാണവും വാണിജ്യം, ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നിവയുമാണ്. കുറച്ചുകാലമായി ഇവരാണ് ഡ്രൈവര്‍മാര്‍. പക്ഷേ, ഗള്‍ഫില്‍ നിന്നുള്ള പണവരുമാനം എന്ന ടോണിക്കിന്റെ ബലത്തിലാണ് ഇവര്‍ വണ്ടിയോടിച്ചിരുന്നത്. ഇപ്പോള്‍ത്തന്നെ ഇവര്‍ ക്ഷീണിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് പണത്തിന്റെ വരവ് കുറഞ്ഞാലുള്ള സ്ഥിതി പറയുകയും വേണ്ട. അതുകൊണ്ട് ഈ ഡ്രൈവര്‍മാരുടെ സ്ഥാനത്ത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ അവരോധിക്കുകയാണ് കേരള സര്‍ക്കാറിന്റെ 'പദ്ധതി പരിപ്രേക്ഷ്യം-2030'.

വിദ്യാഭ്യാസ, ആരോഗ്യമേഖലകളുടെ മുഖ്യദൗര്‍ബല്യമായി രേഖ കാണുന്നത് ഇവ 'ട്രേഡബിള്‍ മേഖലകള്‍' അല്ലെന്നാണ്. എന്നുവെച്ചാല്‍ വേണ്ടത്ര വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ല. സ്വാശ്രയ കോളേജുകളും സ്‌കൂളുകളും സ്വകാര്യ ആസ്​പത്രികളും വളരുന്നുണ്ടെങ്കിലും മുഖ്യധാരാ വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളുടെ ലക്ഷ്യം പൊതുജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവുമാണ്. ലോക കമ്പോളം ലക്ഷ്യമിട്ട് ഈ മേഖലകള്‍ അഴിച്ചുപണിയുമത്രേ. ലക്ഷ്യം, മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ ചികിത്സയ്ക്കും പഠനത്തിനും കേരളത്തെ ആശ്രയിക്കണം. അതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളെ അന്തര്‍ദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുമെന്നാണ് യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

അങ്ങനെ കേരളത്തില്‍ അഞ്ച് വിദ്യാഭ്യാസ, ആരോഗ്യ ആഗോള ഹബ്ബുകള്‍ സ്ഥാപിക്കപ്പെടും. വ്യവസായ വികസനത്തിന് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അഥവാ സ്വതന്ത്ര വ്യാപാരമേഖലകള്‍ ആവിഷ്‌കരിക്കപ്പെട്ടതുപോലെ ഒരഭ്യാസമാണ് ഇതും. തുടക്കത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം ആഗോളനഗരങ്ങള്‍ സ്ഥാപിക്കുക.

ഈ ആഗോള വൈജ്ഞാനിക കേന്ദ്രങ്ങളിലേക്കാണ് വിദേശ സര്‍വകലാശാലകളെയും ബഹുരാഷ്ട്ര ആരോഗ്യ കുത്തകകളെയും നാടന്‍ നിക്ഷേപകരെയും ആകര്‍ഷിക്കുന്നത്. അവര്‍ക്ക് വെച്ചുനീട്ടുന്നതോ, നാട്ടിലെ സാമൂഹികനിയന്ത്രണങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവും പരിരക്ഷയും. 'ഈ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഈ മേഖലകളില്‍ ഇന്ന് നിലവിലുള്ള വിവിധ നിയന്ത്രണ നിയമങ്ങളില്‍ നിന്ന് ഒഴിവ് നല്കും' എന്ന് പച്ചയ്ക്കുതന്നെ പറഞ്ഞിട്ടുണ്ട് വിഷന്‍ 2030-ല്‍. വിദ്യാഭ്യാസത്തിന് മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്: ദുബായ്, അബുദാബി, ബഹ്‌റൈന്‍, മലേഷ്യ, ദക്ഷിണ കൊറിയ.

ഈ ഹബ്ബുകളില്‍ ഒതുങ്ങുന്നതല്ല പുതിയ വിദ്യാഭ്യാസ ആരോഗ്യ പരിഷ്‌കാരങ്ങള്‍. എല്ലാ ജില്ലകളിലും ഉപഗ്രഹകേന്ദ്രങ്ങളുമുണ്ടാകും. അങ്ങനെ 2030 ആകുമ്പോഴേക്കും വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ അതിവേഗം വളരുന്ന മേഖലകളായി മാറും. അങ്ങനെയവ കേരളത്തിലെ പുതിയ കുതിപ്പിന്റെ ഡ്രൈവര്‍മാരാകുമത്രേ.

ഇന്ന് 7 - 8 ശതമാനമാണ് കേരളത്തിന്റെ പ്രതിവര്‍ഷ വളര്‍ച്ച. ഈ വളര്‍ച്ച ഭാവിയിലും നിലനിര്‍ത്താനുള്ള വികസനതന്ത്രമാണ് വിഷന്‍ 2030-ല്‍ മുന്നോട്ടുവെക്കുന്നത്. ഇതിനായി ഓരോ മേഖലയ്ക്കും കൃത്യമായ വളര്‍ച്ചനിരക്ക് നിര്‍ണയിച്ചിട്ടുണ്ട്. അതുപ്രകാരം കൃഷി രണ്ട് ശതമാനം വേഗത്തില്‍ വളര്‍ന്നാല്‍ മതി. വളര്‍ച്ചയില്‍ ദേശീയ ശരാശരി പോലും കേരളം ലക്ഷ്യമിടേണ്ടതില്ല! ഓരോ വികസന മേഖലയുടെയും വികസനതന്ത്രം വിസ്തരഭയത്താല്‍ ഇവിടെ പരിശോധിക്കുന്നില്ല. എങ്കിലും കൃഷിയെക്കുറിച്ച് ചിലത് പറയാതെ വയ്യ. ഹൈടെക് രീതികളിലാണ് ശ്രദ്ധ മുഴുവന്‍. രേഖ പ്രകാരം വ്യവസായം പോലെ കൃഷിയുംസംരംഭകത്വാധിഷ്ഠിതമാകണം. പക്ഷേ, സ്ഥലജല പരിപാലനത്തിനെയോ ഗ്രൂപ്പ് ഫാമിങ് പോലുള്ള കാര്‍ഷിക പരിഷ്‌കരണങ്ങളെയോ കുറിച്ച് ഒരു പരാമര്‍ശവുമില്ല. കേരളത്തിന്റെ കാര്‍ഷികഘടനയെയോ പ്ലാന്റേഷന്‍ മേഖലകളുടെയും പുരയിട കൃഷിയുടെയും പ്രത്യേകതകളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ കണക്കിലെടുത്തിട്ടില്ല. അങ്ങനെയൊരു വികസന തന്ത്രത്തില്‍ വളര്‍ച്ച രണ്ട് ശതമാനമായി ചുരുങ്ങിയതില്‍ അദ്ഭുതപ്പെടാനില്ല.

ഏറ്റവും വേഗം വളര്‍ച്ച പ്രതീക്ഷിക്കുന്ന മേഖല വിദ്യാഭ്യാസവും ആരോഗ്യവുമാണ്. പ്രതിവര്‍ഷം 10 ശതമാനം. വ്യവസായവളര്‍ച്ചപോലും ഒമ്പത് ശതമാനമേ വരൂ. വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ വിസ്മയകരമായ ഈ വളര്‍ച്ച നേടണമെങ്കില്‍ ഒറ്റ വഴിയേ ഉള്ളൂ - കച്ചവടം. ദേശീയ വരുമാനമെന്നാല്‍ നാട്ടിലെ ജനങ്ങള്‍ക്ക് കൂലി, പലിശ, ലാഭം, പാട്ടം എന്നീ നാലിനങ്ങളിലായി ലഭിക്കുന്ന വരുമാനത്തിന്റെ ആകെത്തുകയാണല്ലോ. ഇന്ന് ദേശീയവരുമാനത്തില്‍ വിദ്യാഭ്യാസമേഖലയുടെ പങ്ക് ശമ്പളം മാത്രമാണ്. ലാഭം തുച്ഛമാണ്. ശമ്പളവര്‍ധനയുടെ നല്ലപങ്കും വിലക്കയറ്റത്തില്‍ ഇല്ലാതാകും. അപ്പോള്‍ പത്തുശതമാനം വെച്ച് വളരണമെങ്കില്‍ എന്തുവേണം? സ്ഥാപനങ്ങളുടെ എണ്ണം കൂടണം, ലാഭം ഗണ്യമായി ഉയരണം. ചുരുക്കിപ്പറഞ്ഞാല്‍, കച്ചവടം പൊടിപൊടിച്ചാലേ ഈ ലക്ഷ്യം കൈവരിക്കാനാകൂ.

രേഖയില്‍ നിന്ന് ഉദ്ധരിക്കട്ടെ: 'കേരള സമ്പദ്ഘടനയുടെ പുതിയ ഡ്രൈവര്‍മാര്‍ കേരളത്തിന് വളരെയേറെ മത്സരശേഷിയുള്ള വിദ്യാഭ്യാസ, ആരോഗ്യ മേഖലകളായിരിക്കും. ഇവിടെ മുന്നോട്ടുവെക്കുന്ന കേരളത്തിനായുള്ള വികസനതന്ത്രം ഈ മേഖലകളിലുള്ള നമ്മുടെ മത്സരക്കഴിവുകളെ അടിസ്ഥാനമാക്കി പടുത്തുയര്‍ത്തിയിട്ടുള്ളതാണ്. ഇതിനായി ഈ മേഖലകളിലെ നമ്മുടെ കഴിവുകളെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി പായ്ക്കുചെയ്ത് ദേശീയ അന്തര്‍ദേശീയതലത്തില്‍ നിലയുറപ്പിക്കണം. അങ്ങനെ ഇന്ന് ഉപഭോഗം ലക്ഷ്യമിടുന്ന ഈ മേഖലകളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളാക്കി മാറ്റണം. ഈ മേഖലയില്‍ സൃഷ്ടിക്കുന്ന ഉത്പാദനശേഷി ആഗോളീകരണവും ഐ.ടി. വിപ്ലവവും സൃഷ്ടിക്കുന്ന വാണിജ്യസാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമ്മെ സഹായിക്കും'. ഇതിനുപുറമേ, കേരളം ഇതുവഴി വിജ്ഞാനസമൂഹമായി മാറുന്നത് മറ്റ് ഉത്പാദനത്തുറകളെയും ഉത്തേജിപ്പിക്കും. ഇങ്ങനെ പോകുന്നു, ഭാവന.

ഈ രേഖ പ്ലാനിങ് ബോര്‍ഡിനുവേണ്ടി തയ്യാറാക്കിയത് ഡല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍.സി.എ.ഇ.ആര്‍.) എന്ന സ്ഥാപനമാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പണ്ഡിത സമൂഹത്തിന് ഈ രേഖ തയ്യാറാക്കുന്നതില്‍ നേരിട്ടൊരു പങ്കുമില്ല. അതുകൊണ്ടാണ് കേരളത്തിന്റെ വികസനരാഷ്ട്രീയവുമായും രാഷ്ട്രീയപാരമ്പര്യവുമായും പുലബന്ധമില്ലാത്ത തന്ത്രങ്ങള്‍ രൂപപ്പെട്ടത്. കേരളത്തെക്കുറിച്ച് പഠിക്കാനും അഭിപ്രായം പറയാനും പുറത്തുള്ളവര്‍ക്ക് അവകാശമില്ല എന്നല്ല വാദിക്കുന്നത്. പണ്ട് ഈ സ്ഥാപനം കേരളത്തിനുവേണ്ടി ഒരു സര്‍വേ തയ്യാറാക്കിയിട്ടുണ്ട്. 1960-ലെ 'കേരളം - ടെക്‌നോ ഇക്കണോമിക് സര്‍വേ' എന്ന പ്രാമാണികപഠനം. പക്ഷേ, അന്നത്തെ കാലമല്ല ഇന്ന്. അതിവിപുലമായ കേരള വികസനസാഹിത്യത്തിലെ അപൂര്‍വം റഫറന്‍സേ വിഷന്‍ 2030 തയ്യാറാക്കുന്നതില്‍ പരിഗണിച്ചിട്ടുള്ളൂ.

കേരളത്തിലെ വിദഗ്ധരുടെ പങ്കാളിത്തത്തോടെ ജനകീയ വികസന പരിപ്രേക്ഷ്യത്തിന് രൂപം നല്കിയ മുന്നനുഭവം കേരളത്തിലുണ്ട്. 1994 -ല്‍ ഇ.എം.എസ്. മുന്‍കൈയെടുത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ്. കേരളത്തിന്റെ സാമൂഹികക്ഷേമനേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് സാമ്പത്തികവളര്‍ച്ചയുടെ വേഗം എങ്ങനെ ഉയര്‍ത്താം എന്നാണ് ആ പഠനകോണ്‍ഗ്രസ് അന്വേഷിച്ചത്. കേരളത്തിന് ഒരു പൊതു വികസന അജന്‍ഡ രൂപം നല്കാന്‍ നടന്ന ബൃഹദ് പരിശ്രമത്തിന്റെ ഫലമായിരുന്നു 1996-2001 കാലത്തെ ജനകീയാസൂത്രണ പ്രസ്ഥാനവും മറ്റ് വികസന മുന്‍കൈകളും.

1980-കളുടെ അവസാനത്തോടെ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നെന്ന നിരീക്ഷണവും അക്കാലത്താണ് അവതരിപ്പിക്കപ്പെട്ടത്. ഏതാണ്ട് നിശ്ചലാവസ്ഥയില്‍ നിന്ന് വളര്‍ച്ച ദേശീയ ശരാശരിക്ക് മുകളിലായി. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ ഡി. നാരായണയാണ് ഇതാദ്യം ചൂണ്ടിക്കാണിച്ചത്. എഴുപതുകളിലെ കാര്‍ഷിക മുരടിപ്പിനുകാരണം ചിരകാല വിളകളിലേക്ക് അക്കാലത്ത് വന്‍തോതിലുണ്ടായ വിളമാറ്റമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചിരകാല വിളകള്‍ ഫലം തരാന്‍ ഏതാനും വര്‍ഷങ്ങളെടുക്കുമല്ലോ. അധികം താമസിയാതെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെതന്നെ കെ.പി. കണ്ണന്റെയും അചിന്‍ ചക്രവര്‍ത്തിയുടെയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേരളം വളര്‍ച്ചയുടെ പുതിയ വിതാനത്തിലേക്ക് എന്ന് അവര്‍ വാദിച്ചു.

ഉപഭോക്തൃസേവനങ്ങളെയും കെട്ടിടനിര്‍മാണത്തെയും ആസ്​പദമാക്കിയായിരുന്നു ആ വളര്‍ച്ചയെന്ന മുഖ്യദൗര്‍ബല്യം അക്കാലത്തുതന്നെ തിരിച്ചറിഞ്ഞതാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴില്‍പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്ന ദൗര്‍ബല്യം മറികടക്കാനുള്ള അന്വേഷണമായിരുന്നു 2005-ലെ രണ്ടാം കേരള പഠനകോണ്‍ഗ്രസ്സില്‍ നടന്നത്. വിഷന്‍ 2030-ല്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇവിടെ രൂപം കൊണ്ടത്.

വിജ്ഞാനാധിഷ്ഠിതവും സേവനപ്രധാനവും വൈദഗ്ധ്യത്തിലൂന്നിയതുമായ വ്യവസായങ്ങളിലേക്ക് നാം തിരിയണമെന്ന കാഴ്ചപ്പാട് 2005 -ലെ പഠനകോണ്‍ഗ്രസ് തന്നെ മുന്നോട്ടുവെച്ചിരുന്നു. ഈ ചുവടുമാറ്റത്തിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ അതിവേഗം സൃഷ്ടിക്കണം. ഇത്രയും കാര്യങ്ങളില്‍ വലിയ യോജിപ്പുണ്ടായി. മുന്‍പ്രസിഡന്റ് അബ്ദുല്‍ കലാമും സമാനമായ കാഴ്ചപ്പാടാണ് കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. ഇതിനുപുറമേ ഇടതുപക്ഷം ഊന്നല്‍ നല്കിയ കാര്യങ്ങളുണ്ട്: വികസനപ്രക്രിയ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകണം, സ്ത്രീനീതി ഉറപ്പുവരുത്തണം; പാവങ്ങള്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തണം; പൊതുവിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കണം; ഇതാണ് കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ കാഴ്ചപ്പാട്. ഇവയൊക്കെ അട്ടിമറിക്കുകയാണ് വിഷന്‍ 2030. കേരള വികസനത്തിനുള്ള സമഗ്രമായൊരു നിയോലിബറല്‍ അജന്‍ഡയാണ് യു.ഡി.എഫ്. തയ്യാറാക്കിയിരിക്കുന്നത്.

1 comment:

  1. വിഷന്‍ 2030 യാഥാര്‍ത്ഥ്യബോധത്തോടെ ഉരുവാക്കിയതാണെന്ന് തോന്നുന്നില്ല

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...