Tuesday, October 22, 2013

അമേരിക്ക മഹാദുരന്തത്തിന്റെ വക്കില്‍?


എല്ലാവരും ഒരു തുക കാശായി കൈയില്‍ സൂക്ഷിക്കും. എപ്പോഴാ പണത്തിന് ആവശ്യം വരുന്നതെന്ന് ആര്‍ക്കറിയാം? പക്ഷേ സമ്പാദ്യം കാശായി കൈയില്‍ സൂക്ഷിച്ചാല്‍ അതില്‍നിന്ന് വരുമാനമൊന്നും കിട്ടില്ല. അതുകൊണ്ട് പെട്ടെന്ന് കാശാക്കി മാറ്റാന്‍ കഴിയുന്ന, അതേസമയം വരുമാനം നല്‍കുന്ന എന്തെങ്കിലും സുരക്ഷിതമായ ആസ്തികളിലായിരിക്കും പണം നിക്ഷേപിക്കുക. ഇത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആസ്തിയാണ് ബോണ്ട് അല്ലെങ്കില്‍ കടപ്പത്രം. കമ്പനികള്‍ക്കോ സര്‍ക്കാരിനോ ബോണ്ടുകളിറക്കാം. സര്‍ക്കാര്‍ ബോണ്ടുകളാണ് ഏറ്റവും സുരക്ഷിതം. ഇവയെ ട്രഷറി ബില്ലുകള്‍ അല്ലെങ്കില്‍ സെക്യൂരിറ്റീസ് എന്നും വിളിക്കും.

ഉദാഹരണത്തിന് ഇന്ത്യാ സര്‍ക്കാരിന്റെ ബോണ്ടുകളെടുക്കാം. നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ ട്രഷറിയില്‍ പണം കൂടുതല്‍ മിച്ചം വരികയാണെങ്കില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ബോണ്ടു വാങ്ങും. പണം ആവശ്യം വരുമ്പോള്‍ ബോണ്ടു വില്‍ക്കും. മിച്ചം പണം റിസര്‍വ് ബാങ്കു തന്നെ എടുത്ത് ബോണ്ടിലേയ്ക്കു മാറ്റിയിടുകയാണ് ചെയ്യുക. ഇപ്രകാരം ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ ഇന്ത്യാ സര്‍ക്കാര്‍ ബോണ്ടുകള്‍ കൈയിലുണ്ട്. ബാങ്കുകള്‍ നിയമപ്രകാരം തന്നെ അവരുടെ ഡെപ്പോസിറ്റിന്റെ നിശ്ചിതശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കേണ്ടതാണ്. ഡെപ്പോസിറ്റു വര്‍ദ്ധിക്കുമ്പോള്‍ അവര്‍ കൂടുതല്‍ ബോണ്ടുകള്‍ വാങ്ങും. ഡെപ്പോസിറ്റു കുറയുകയാണെങ്കില്‍ ബോണ്ടുകള്‍ വില്‍ക്കും. കമ്പനികളും ഇപ്പോഴാണ് ബോണ്ടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. പല കമ്പനികളും ശനിയാഴ്ച അവധിയ്ക്കു മുമ്പ് തങ്ങളുടെ കൈയിലുളള പണം ബോണ്ടാക്കി മാറ്റും. അവധി കഴിഞ്ഞാലുടനെ അവ വീണ്ടും കാശാക്കി മാറ്റും. ചുരുക്കത്തില്‍ ബോണ്ടുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പണക്കമ്പോളം എല്ലാ രാജ്യങ്ങളിലുമുണ്ട്. അന്തര്‍ദേശീയമായുമുണ്ട്.

അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍

ലോകത്തെ ഏറ്റവും സുരക്ഷിതമായ ബോണ്ടുകളായി കരുതപ്പെടുന്നത് അമേരിക്കന്‍ ട്രഷറി ബോണ്ടുകളാണ്. അമേരിക്കന്‍ സമ്പദ്ഘടനയാണ് ലോകത്തേറ്റവും സുശക്തമായ സമ്പദ്ഘടന. അമേരിക്കന്‍ ഡോളറാണ് ലോകനാണയം. അമേരിക്ക ഇന്നേവരെ അവരുടെ ബോണ്ട് കാലാവധി കഴിയുമ്പോള്‍ പണവും പലിശയും കൊടുക്കാതിരുന്നിട്ടില്ല. അല്ലെങ്കില്‍ കിട്ടാക്കടക്കാരനായിട്ടില്ല. അതുകൊണ്ട് അമേരിക്കന്‍ ബോണ്ടുകള്‍ ഏതാണ്ട് പണത്തിന് തുല്യമായിട്ടാണ് ലോകമെമ്പാടും കരുതപ്പെടുന്നത്. വളരെ ചുരുങ്ങിയ പലിശയേ ലഭിക്കുകയുളളൂവെങ്കിലും ലോകത്തേറ്റവും പ്രിയമുളള ബോണ്ടുകള്‍ അമേരിക്കന്‍ ബോണ്ടുകളാണ്.

അമേരിക്കന്‍ സര്‍ക്കാരിന് ഇതുമൂലം വലിയ നേട്ടമാണ്. അവര്‍ക്കാവശ്യമുളള പണം ബോണ്ടിറക്കി തുച്ഛമായ പലിശയ്ക്കു കടമെടുക്കാം. ഇത്തരത്തില്‍ ഏതാണ്ട് പതിനാറു ലക്ഷം കോടിയില്‍പരം ഡോളറാണ് അമേരിക്ക കടമെടുത്തിട്ടുളളത്. കാലാവധി തീരുന്ന മുറയ്ക്ക് ഈ ബോണ്ടുകളുടെ മൂല്യം ഡോളറില്‍ നല്‍കുന്നതിന് അമേരിക്കയ്ക്ക് പ്രയാസവുമുണ്ടാവാറില്ല. നികുതിവരുമാനത്തിലൂടെ പണം കൈയിലില്ലെങ്കില്‍ പഴയബോണ്ടിനു പണം നല്‍കാന്‍ പുതിയ ബോണ്ടുകളിറക്കി പണം സമാഹരിക്കാന്‍ പറ്റും.

എന്നാല്‍ ഒക്ടോബര്‍ 17 കഴിഞ്ഞാല്‍ ഇപ്രകാരം കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ക്ക് പണം നല്‍കാന്‍ കഴിയുമോ എന്ന ആശങ്ക പരന്നിരിക്കുകയാണ്. പുതിയ ബോണ്ടുകളിറക്കണമെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് കടമെടുക്കാനുളള പരിധി ഉയര്‍ത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മതിക്കണം. അവിടെ ഒബാമയുടെ എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്മാര്‍ക്കാണ് ഭൂരിപക്ഷം. അവര്‍ കടപരിധി ഉയര്‍ത്തില്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയിലും സര്‍ക്കാരിന് കടംവാങ്ങുന്നതിനുള്ള പരിധി നിയമംമൂലം നിശ്ചയിച്ചിട്ടുണ്ട്. ധനകമ്മി ദേശീയവരുമാനത്തിന്റെ മൂന്നുശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാ എന്നാണ് നിയമം. ഇന്ത്യാസര്‍ക്കാര്‍ 2008ല്‍ ഈ നിയമം ലംഘിച്ചതാണ്. നടപ്പുവര്‍ഷത്തിലും ധനകമ്മി 4.8 ശതമാനം വരും എന്നാണ് കണക്ക്. എന്നാല്‍, ഈ കടംവാങ്ങല്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയതുകൊണ്ട് പ്രശ്നമൊന്നുമില്ല. അതേസമയം, അമേരിക്കയിലെ കടത്തിന്റെ പരിധി കേവല തുകയിലാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ സര്‍ക്കാരിന്റെ കടം 16.69 ട്രില്യണ്‍ ഡോളറില്‍ അധികരിക്കാന്‍ പാടില്ല.

ഒക്ടോബര്‍ 18 ആകുമ്പോഴേക്കും ഈ തുക അപര്യാപ്തമായിത്തീരും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതുകൊണ്ട് അതിനുള്ളില്‍ കടത്തിന്റെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് ചെലവിന് പണം തികയാതെ വരും. മുന്‍കാലങ്ങളില്‍ കമ്പോളത്തില്‍ വിറ്റ ബോണ്ടുകള്‍ കാലപരിധികഴിഞ്ഞ് ട്രഷറിയില്‍ തിരിച്ചുവരുമ്പോള്‍ ബോണ്ട് ഉടമസ്ഥന്മാര്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാതെവരും. ഇത് കുഴപ്പങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താം.

കുഴപ്പങ്ങളുടെ മാലപ്പടക്കം 

ഒന്ന്,
അമേരിക്ക ഇറക്കിയിട്ടുളള ബോണ്ടുകള്‍ സിംഹഭാഗവും ഇന്ത്യയടക്കമുളള മറ്റു ലോകരാജ്യങ്ങളുടെ വിദേശനാണയശേഖരമായി സൂക്ഷിച്ചിരിക്കുകയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ശേഖരം ചൈനയുടേതാണ്. 1.28 ലക്ഷം കോടി ഡോളറിനുളള അമേരിക്കന്‍ ബോണ്ടുകള്‍ ചൈനയുടെ കൈവശമുണ്ട്. അമേരിക്കന്‍ ട്രഷറി ഡിഫോള്‍ട്ട് ചെയ്തുകഴിഞ്ഞാന്‍ ആ ബോണ്ടുകള്‍ക്ക് വിപണിയില്‍ അംഗീകാരം ഉണ്ടാകില്ല. ഈ ഭയം വന്നു കഴിഞ്ഞാല്‍ എല്ലാവരും ഡോളര്‍ ബോണ്ടുകള്‍ കൈയൊഴിയാന്‍ ശ്രമിക്കും.

ബോണ്ടുകളുടെ വില കുത്തനെ ഇടിയും. ചൈന പോലുളള രാജ്യങ്ങളുടെ വിദേശനാണയ ശേഖരം ചോരും. ചൈന ഇതിനകം തന്നെ അവരുടെ ആശങ്കകള്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ചൈനീസ് ഉപ പ്രധാനമന്ത്രി ഷു ഗുവാന്‍ഗാവോ ഇന്നലെ ഇറക്കിയ പ്രസ്താവന തുടങ്ങുന്നത് &ഹറൂൗീ;അമേരിക്കന്‍ കടം സുരക്ഷിതമാക്കേണ്ടത് അമേരിക്കയുടെ മാത്രമല്ല, ലോകസമ്പദ്ഘടനയുടെ തന്നെ ആവശ്യമാണ്&ൃറൂൗീ; എന്നു പറഞ്ഞുകൊണ്ടാണ്.

രണ്ട്,  ലോകത്തെല്ലാ ധനകാര്യസ്ഥാപനങ്ങളുടെയും കൈവശം ഭീമന്‍ ഡോളര്‍ ബോണ്ടുശേഖരമുണ്ട്. ഇതിന്റെ നിരന്തരമായ വില്‍ക്കല്‍ വാങ്ങലിലൂടെയാണ് അത്യാവശ്യപണം അവര്‍ സമാഹരിക്കുന്നതും ആവശ്യമില്ലാത്തത് കൈയൊഴിയുന്നതും. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്ന റിപ്പോ റേറ്റുകള്‍ പോലെ തന്നെ പ്രധാനമാണ് അന്തര്‍ദേശീയമായി അമേരിക്കന്‍ ബോണ്ടുകളുടെ പലിശ. അമേരിക്കന്‍ ഡിഫോള്‍ട്ടുണ്ടായാല്‍ ഈ പണക്കമ്പോളം മരവിക്കും. ബാങ്കുകളില്‍ നിന്നു കടം കിട്ടാതാവും. കാരണം അരക്ഷിതാവസ്ഥ വരുമ്പോള്‍ എല്ലാവരും പരമാവധി പണം കൈയില്‍ സൂക്ഷിക്കാനാണ് ശ്രമിക്കുക. പലിശനിരക്ക് ഉയരും. ഇതോടെ ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുപ്പു തകരും. ലോകം വീണ്ടും 2008നെക്കാള്‍ ഭീകരമായ സാമ്പത്തികമാന്ദ്യത്തിലേയ്ക്കു വഴുതിവീഴും.

മൂന്ന്, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ അമേരിക്കയുടെ ഗ്രേഡ് താഴ്ത്തും. 2011ല്‍ ഇതുപോലൊരു ഭീഷണി ഉയര്‍ന്നപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റ് താഴ്ത്തിയതാണ്. ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തുന്നത് ചുരുങ്ങിയ തോതില്‍ വായ്പയെടുക്കാനുളള സാധ്യത കൊട്ടിയടയ്ക്കും. അമേരിക്കയുടെ പലിശച്ചെലവ് ഉയരും. ഇത് അമേരിക്കയിലെ ധനകാര്യക്കുഴപ്പത്തെ കൂടുതല്‍ രൂക്ഷമാക്കും.

ഇതിനകം തന്നെ സന്ദേഹവും ആശങ്കയും ഉരുണ്ടുകൂടിക്കഴിഞ്ഞു. ലോകസാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനം ഐഎംഎഫ് ബുധനാഴ്ച താഴ്ത്തി പ്രഖ്യാപിച്ചു. അമേരിക്കന്‍ കടക്കുഴപ്പം ലോകസമ്പദ്വ്യവസ്ഥയ്ക്കു ഭീഷണിയാവും എന്ന് അവര്‍ ജാഗ്രതപ്പെടുത്തിയിരിക്കുകയാണ്. അമേരിക്കയില്‍ വായ്പാപരിധി ഏതാണ്ട് ഓട്ടോമാറ്റിക്കായി വര്‍ധിപ്പിച്ചുകൊടുക്കുന്ന സമീപനമാണ് സാധാരണ സെനറ്റും കോണ്‍ഗ്രസും കൈക്കൊള്ളാറ്. ഏതാണ്ട് എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തവണ റിപ്പബ്ലിക്കന്‍ കക്ഷി ഇത് ഒരു വിലപേശലിന് ഉപാധിയാക്കിയിരിക്കുകയാണ്.

ഒബാമ രണ്ടാംവട്ടം തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ തുടങ്ങിയതാണ് ഇത്തരം കുതന്ത്രങ്ങള്‍. നവലിബറല്‍ ക്യാമ്പിലെ ഭിന്നിപ്പ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഒബാമയുടെ എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസവും ഇല്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളാണ് അവ. എങ്കിലും പൊതുവെ പറഞ്ഞാല്‍ റിപ്പബ്ലിക്കന്‍മാര്‍ കൂടുതല്‍ യാഥാസ്ഥിതിക നിലപാടു സ്വീകരിക്കുന്നവരാണ്.

ഒബാമയും നവലിബറലിസത്തിന്റെ വക്താവാണെങ്കിലും റിപ്പബ്ലിക്കന്‍മാര്‍ നവലിബറല്‍ മൗലികവാദികളാണ്. സമീപകാലത്ത് വികസിതരാജ്യങ്ങളിലെമ്പാടും ഭരണവര്‍ഗങ്ങള്‍ക്കിടയില്‍ ഈ ചേരിതിരിവും തര്‍ക്കവും ശക്തിപ്പെട്ടിട്ടുണ്ട്. 2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും എല്ലാവരും കെയ്ന്‍സിന്റെ ശിഷ്യന്മാരായി.

സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല; സര്‍വസ്വതന്ത്രമായി വിട്ടാല്‍മതി; എല്ലാം സ്വയം നേരെയായിക്കൊള്ളും എന്നാണല്ലോ നവലിബറല്‍ നിലപാട്. ഇതിനുപകരം ഉത്തേജക പാക്കേജുകളുണ്ടാക്കി, കമ്മി വര്‍ധിപ്പിച്ച് ബാങ്കുകളെയും മുതലാളിത്ത വ്യവസ്ഥയെത്തന്നെയും രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി. സമൂലതകര്‍ച്ചയില്‍നിന്ന് മുതലാളിത്തം രക്ഷപ്പെട്ടു. ശ്വാസംവീണതോടെ നിയോലിബറലുകള്‍ തങ്ങളുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോയി.

പാലം കടക്കുവോളം നാരായണ എന്നു പറഞ്ഞവര്‍ പാലം കടന്നതോടെ കൂരായണ എന്നായി ജപം. മുതലാളിത്ത കുഴപ്പത്തിന് പരിഹാരം സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലോ കമ്മി സൃഷ്ടിക്കലോ അല്ല. മറിച്ച് ചെലവു ചുരുക്കി നികുതി കുറച്ച് കമ്മി കുറയ്ക്കലാണ്. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കണമെന്നുമാണ് ഇപ്പോള്‍ നവലിബറലുകള്‍ വാദിക്കുന്നത്.

ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കാന്‍ പറ്റുംപോലും. ഈ നയത്തിന്റെ ഏറ്റവും കടുത്ത വക്താവ് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലാണ്. യൂറോപ്പിലെ മാന്ദ്യം വീണ്ടും രൂക്ഷമാക്കിയതിന് ഉത്തരവാദിത്വം ഇവരുടെ നയത്തിനാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ കക്ഷിയും ഈ യാഥാസ്ഥിതിക നയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വികസിതമുതലാളിത്ത രാജ്യങ്ങളിലെല്ലാം ഈ തര്‍ക്കം രൂക്ഷമായി നടക്കുന്നുണ്ട്. അമേരിക്കയില്‍ ഈ തര്‍ക്കം ബജറ്റ് സ്തംഭനത്തില്‍ ഒക്ടോബര്‍ ഒന്നിന് എത്തിച്ചേര്‍ന്നു.

ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കണം. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിക്കും പണം വെട്ടിക്കുറയ്ക്കാനുള്ള നിബന്ധന വച്ചു. സെനറ്റ് ഈ നിബന്ധനകള്‍ തള്ളി. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളൊന്നും ഫലവത്തായില്ല. അങ്ങനെ പൂര്‍ണബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ല.

റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഒബാമയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിഷ്കാരത്തെ അടിമുടി എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ചെലവ് വര്‍ധിക്കും എന്നതാണ് ഒരു വിമര്‍ശനം. ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമെന്നും വിമര്‍ശമുണ്ട്. അതുകൊണ്ട് അവര്‍ ഈ പരിഷ്കാരത്തെ പരിഹസിച്ച് "ഒബാമ കെയര്‍" എന്നാണ് വിളിക്കുന്നത്.

എങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷജനവികാരം അറിയാം. ഇതിന്റെ പേരില്‍ രാജ്യഭരണംതന്നെ സ്തംഭിപ്പിക്കുന്നതിന് മഹാഭൂരിപക്ഷംപേരും എതിരാണ്. രാഷ്ട്രീയമായി ഈ കളി അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് ഇതുപോലെ ഒരു അടവ് അവര്‍ സ്വീകരിച്ചതിന്റെ ഫലമായാണ് ബില്‍ ക്ലിന്റണ്‍ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ചില നിരീക്ഷകര്‍ പറയുന്നു.

 ""എന്റെ പ്രസിഡന്‍സി അവസാനിച്ചാലും വേണ്ടില്ല, ബന്ദിയാക്കി മോചനദ്രവ്യത്തിന് വിലപേശാന്‍ വരേണ്ട"" എന്ന് ദേഷ്യപ്പെട്ടാണ് ചര്‍ച്ചകളില്‍നിന്ന് ഒബാമ ഇറങ്ങിപ്പോയത്. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഭാഗികമായ അടച്ചുപൂട്ടലിലാണ്. ശമ്പളം കൊടുക്കാനില്ലാത്തതു കൊണ്ട് എട്ടുലക്ഷത്തോളം ജീവനക്കാര്‍ ലേ ഓഫിലാണ്. ഇതില്‍ മൂന്നരലക്ഷം പേര്‍ക്കുവരെ ബജറ്റു പാസാകുമ്പോള്‍ ശമ്പളം കൊടുക്കാമെന്നു പറഞ്ഞ് തിരിച്ചുവിളിച്ചിട്ടുണ്ട്. എങ്കിലും പ്രതിരോധം, പാസ്പോര്‍ട്ട് ഓഫീസ്, വിമാനത്താവളം തുടങ്ങിയ അനിവാര്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അടച്ചുപൂട്ടും എന്നു കേട്ടപ്പോഴുണ്ടായ പരിഭ്രാന്തി ഇന്നില്ല.

ആദ്യമായിട്ടല്ല അമേരിക്കയില്‍ ഇങ്ങനെ സര്‍ക്കാര്‍ അടച്ചിടുന്നത്. ബില്‍ ക്ലിന്റണുനേരെ ഇതേ ആയുധം റിപ്പബ്ലിക്കന്മാര്‍ നേരത്തെ ഉപയോഗിച്ചിട്ടുളളതാണ്. പക്ഷേ, അന്നത്തെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും തമ്മില്‍ വ്യത്യാസമുണ്ട്. അന്ന് 1995ല്‍ അമേരിക്ക അഭിവൃദ്ധിയുടെ ഉച്ചകോടിയിലായിരുന്നു. ഇന്നാവട്ടെ, ഒരു ദീര്‍ഘകാലമാന്ദ്യത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയിലേറെ സ്തംഭനം നീണ്ടാല്‍ ദേശീയ വരുമാനത്തില്‍ 0.9 ശതമാനം ഇടിവുണ്ടാവുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചസ് വിലയിരുത്തിയിട്ടുളളത്. ഉപഭോക്തൃ ആത്മവിശ്വാസസൂചിക ഇടിഞ്ഞു തുടങ്ങി. ഇത് ഉപഭോഗത്തെയും ഡിമാന്റിനെയും പ്രതികൂലമായി ബാധിക്കും.

ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ചയുണ്ടായിട്ടില്ലെങ്കിലും താഴ്ന്നുതുടങ്ങിയിട്ടുണ്ട്. ഡോളറിന്റെ മൂല്യമിടിഞ്ഞു. എല്ലാറ്റിലുമുപരി സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ കടപരിധിക്കുഴപ്പത്തിന് മുന്നോടിയാണ് എന്ന് റിപ്പബ്ലിക്കന്മാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒബാമ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കടപരിധി ഉയര്‍ത്തില്ല എന്നവര്‍ വാശിപിടിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഊഹാതീതമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇങ്ങനെ സംഭവിച്ചാല്‍ അതൊരു മഹാദുരന്തമായിരിക്കുമെന്ന് ഒബാമ മാത്രമല്ല, ഐഎംഎഫുംപ്രഖ്യാപിച്ചുകഴിഞ്ഞു.

ബ്ലൂംബെര്‍ഗ് ബിസിനസ് വീക്കിന്റെ ആനത്തലക്കെട്ട് ഇതായിരുന്നു: അമേരിക്കന്‍ ഡിഫോള്‍ട്ട്, ഒരു മഹാവിപത്ത് ലേമെന്‍ ബാങ്കിന്റെ തകര്‍ച്ച ഇതിനെക്കാള്‍ എത്രയോ നിസ്സാരം. എന്താണ് സംഭവിക്കുക എന്നു കാത്തിരുന്നു കാണാം.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...