Wednesday, September 25, 2013

കേരളത്തിലെ ഉപഭോഗസംസ്‌ക്കാരവും സാമ്പത്തിക വളര്‍ച്ചയും

കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ജനങ്ങളുടെ ഉപഭോഗ നിലവാരത്തിലുണ്ടായ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. 1970-71ല്‍ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്താണ്. ഉല്‍പാദനത്തില്‍ കേരളത്തിനു മുന്നിലുളള സംസ്ഥാനങ്ങള്‍പോലും ഉപഭോഗത്തില്‍ കേരളത്തിനു പിന്നിലാണ്. 2004-05ല്‍ കേരളത്തിന്റെ ശരാശരി ഉപഭോഗം 1111 രൂപയായിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കേരളത്തിനു മുന്നില്‍ നില്‍ക്കുന്ന പഞ്ചാബിലെ ഉപഭോഗം 722 രൂപ മാത്രമാണ്.

ശരാശരി മലയാളിയുടെ ചെലവിലെ വര്‍ദ്ധന പോലെ തന്നെ പ്രധാനമാണ് ഉപഭോഗത്തിന്റെ ചേരുവയിലുമുണ്ടായിരിക്കുന്ന മാറ്റവും. ഭക്ഷണക്രമത്തിലാണ് ഏറ്റവും വലിയ മാറ്റം. കപ്പയും മത്തിയും കഞ്ഞിയുമായിരുന്നു സാധാരണക്കാരുടെ ഭക്ഷണം. നാട്ടിലുണ്ടാവുന്ന പച്ചക്കറികള്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇതല്ല സ്ഥിതി. കപ്പയും ചക്കയുമെല്ലാം അപ്രത്യക്ഷമായി. താരതമ്യേനെ ചെലവുകൂടിയ അരിയും ധാന്യങ്ങളുമാണ് മുഖ്യമായും കഴിക്കുന്നത്. നാടന്‍ പച്ചക്കറികളുടെ സ്ഥാനം കാരറ്റിനും കാബേജിനും ലഭിച്ചു. ഇറച്ചിയുടെയും പാലിന്റെയും പ്രാധാന്യം വര്‍ദ്ധിച്ചു. അടുക്കളയെക്കാള്‍ കൂടുതല്‍ കടകളില്‍ നിന്നാണ് പലരുടെയും ഭക്ഷണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ ഹോട്ടലുകളും ചായക്കടകളുമുളളത് കേരളത്തിലാണ്. ഭക്ഷണച്ചെലവ് ഏറിയെങ്കിലും പോഷകാഹാരനില കേരളത്തിന്റേത് താരതമ്യേനെ മെച്ചപ്പെട്ടു എന്നു പറയാനാവില്ല.

വസ്ത്രം, ആഭരണം, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങിയ കടകളിലാണ് ആരവം ഏറ്റവും കൂടുതല്‍. ഇവയുടെ ഏറ്റവും വലിയ കമ്പോളം കേരളമാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സിനു വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് മലയാളികളാണ്. ജനങ്ങളുടെ മൊത്തം ചെലവില്‍ ഭക്ഷണസാധനങ്ങള്‍ക്കുളള ചെലവിന്റെ വിഹിതം കുറഞ്ഞു വരുന്നു. പകരം ഇപ്പോള്‍ പരാമര്‍ശിച്ച പ്രകാരമുളള ഉല്‍പന്നങ്ങളുടെ പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്നു.

വീടുകളുടെ വലിപ്പവും ആഡംബരവും ഒരു പ്രധാന സ്റ്റാറ്റസ് സിംബലാണ്. പരമ്പരാഗത വാസ്തുശില്‍പ ശൈലി ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. പകരം നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത മുഖം നഷ്ടപ്പെട്ട വാര്‍ക്കക്കെട്ടിടങ്ങള്‍ എങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. താമസിക്കാന്‍ വേണ്ടിയല്ല വീട്. ഡംബു കാണിക്കാനുളളതാണ്. രണ്ടോ മൂന്നോ പേരടങ്ങുന്ന അണു കുടുംബത്തിന് ഇത്രവലിയ കെട്ടിടങ്ങളെന്തിന്? ഒരു കെട്ടിടം പോര പലതുവേണമെന്ന അഭിനിവേശത്തിലാണ് ചെറുതല്ലാത്തൊരു സംഖ്യ ആളുകള്‍. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകളാണത്രേ ആള്‍പ്പാര്‍പ്പില്ലാതെ അടഞ്ഞു കിടക്കുന്നത്.

മേല്‍പറഞ്ഞ പ്രവണതകള്‍ രണ്ടുചോദ്യങ്ങള്‍ അനിവാര്യമാക്കുന്നു. ഒന്ന്, എങ്ങനെയാണ് ഈ ഉപഭോഗാഭിവൃദ്ധിയുണ്ടായത്? രണ്ട്, ഉപഭോഗരംഗത്തെ ഇന്നത്തെ പ്രവണതകളെല്ലാം അഭിലഷണീയമാണോ? ആവശ്യത്തില്‍ നിന്ന് ആര്‍ത്തിയിലേയ്ക്ക് നമ്മുടെ ഉപഭോഗം വഴുതിവീണിട്ടുണ്ടോ?

ഉപഭോഗനിലവാരം ഉയര്‍ന്നതിന്റെ അടിസ്ഥാനകാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള പണവരുമാനമാണ്. 20 ലക്ഷത്തില്‍പ്പരം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളിലുളളവര്‍ ഇതിനു പുറമെയാണ്. ഗള്‍ഫില്‍ നിന്നുളള പണവരുമാനം സംസ്ഥാനത്തെ ഉല്‍പാദനത്തിന്റെ 25 - 30 ശതമാനം വരും. ഇന്നത്തെ കണക്കു പ്രകാരം 2013ല്‍ ഈ തുക ഏതാണ്ട് 60,000 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ വരുമാനക്കണക്കെടുക്കുമ്പോള്‍ ഈ പുറംവരുമാനത്തെ കണക്കിലെടുക്കില്ല. പുറത്തുനിന്നു വരുന്ന പണം നമ്മുടെ നാട്ടില്‍ നിക്ഷേപിച്ച് ഇവിടെ പുതിയ വരുമാനമുണ്ടാക്കുമ്പോഴേ അവയെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍പെടുത്തൂ. മൂന്നര ലക്ഷം കോടി രൂപയാണ് 2012ലെ വരുമാനം. എന്നാല്‍ പുറംവരുമാനം കൂടി കൂട്ടുമ്പോള്‍ കേരളത്തിന്റെ വരുമാനം നാലു ലക്ഷം കോടി രൂപയാകും. ഇപ്രകാരം ലഭിക്കുന്ന അധികവരുമാനമാണ് കേരളത്തിന്റെ ഉപഭോഗനിലവാരത്തില്‍ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കുന്നത്.

വളരെയേറെ പണം ഉപഭോഗത്തിനു ചെലവഴിച്ചിട്ടും മിച്ചം പണമുണ്ടായി. തന്മൂലം സമ്പാദ്യം പെരുകി. പക്ഷേ, ഈ സമ്പാദ്യം കാര്‍ഷിക വ്യവസായമേഖലകളിലേയ്ക്കു തിരിഞ്ഞില്ല. ബാങ്കു ഡെപ്പോസിറ്റുകളുടെ പകുതിയിലേറെ കേരളത്തിനു പുറത്തേയ്ക്കുളള വായ്പകളായി ഒഴുകി. അങ്ങനെ ഗള്‍ഫ് പണവരുമാനം കേരളത്തിലെ ഉല്‍പാദനമേഖലയില്‍ ശ്രദ്ധേയമായ അനുരണനങ്ങളൊന്നും സൃഷ്ടിച്ചില്ല. അതേസമയം സേവനത്തുറകള്‍ക്ക് വലിയ ഉത്തേജകമായി. അതും ഉപഭോഗത്തെ അടിസ്ഥാനമാക്കിയുളള സേവനമേഖലകള്‍ക്ക്. ഇവയുടെ ദ്രുതഗതിയിലുളള വളര്‍ച്ച മൂലം സാമ്പത്തിക വളര്‍ച്ചയ്ക്കും ആക്കം കൂടി. 1980കളുടെ അവസാനം മുതല്‍ ദേശീയ ശരാശരിയെക്കാള്‍ വേഗതയില്‍ കേരള സമ്പദ്ഘടന വളര്‍ന്നു., എന്നാല്‍ കൃഷിയും വ്യവസായവും മുരടിച്ചു തന്നെ തുടര്‍ന്നു.

കേരളത്തിലെ ആഭ്യന്തരകമ്പോളം അഭൂതപൂര്‍വമായ അഭിവൃദ്ധിയിലാണ്. ആവശ്യത്തിലേറെ സമ്പാദ്യവുമുണ്ട്. ഈ സമ്പാദ്യം നമുക്കാവശ്യമായ സേവനങ്ങളും ഉല്‍പന്നങ്ങളും സൃഷ്ടിക്കുന്നതിനു വേണ്ടി കാര്‍ഷിക വ്യവസായമേഖലകളിലെ നിക്ഷേപമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടും. പക്ഷേ, പുറം പണവരുമാനം കേരളത്തിന്റെ ഉല്‍പാദനമേഖലകളില്‍ ചലനമൊന്നും സൃഷ്ടിക്കുന്നില്ല. തന്മൂലം വിദേശപണവരുമാനത്തിന്മേലുളള ആശ്രിതത്വം നാള്‍ക്കുനാള്‍ കൂടിവരികയാണ്. വിദേശത്തെ തൊഴിലവസരങ്ങളാകട്ടെ സുസ്ഥിരമാണെന്നു കരുതാനാവില്ല. ഏതെങ്കിലും അന്തര്‍ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നമ്മുടെ വിദേശ കുടിയേറ്റത്തിനു തിരിച്ചടിയേറ്റാല്‍ അത് നമ്മുടെ സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലേയ്ക്കു നയിക്കും.

ഉപഭോഗസേവനങ്ങളില്‍ ഊന്നിയുളള സാമ്പത്തികവളര്‍ച്ച കാര്‍ഷിക വ്യവസായമേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഇതുമൂലം തൊഴിലില്ലായ്മ വളരെ ഉയര്‍ന്നതാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. അതേസമയം വൈവിദ്ധ്യം ആവശ്യമില്ലാത്ത കായികാദ്ധ്വാനപണികള്‍ക്ക് അഭ്യസ്തവിദ്യര്‍ തയ്യാറാകുന്നുമില്ല. തന്മൂലം രൂക്ഷമായ തൊഴിലില്ലായ്മയില്‍ നില്‍ക്കുമ്പോഴും മറുനാടന്‍ തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ ഏറിവരികയാണ്. ഈ സ്ഥിതിവിശേഷം സ്ത്രീകളുടെ തൊഴിലിനെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുളളത്. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിന്റെ മൂന്നു നാലു മടങ്ങാണ് സ്ത്രീകളുടേത്. എത്ര തൊഴിലന്വേഷിച്ചാലും കിട്ടില്ലെന്നു വരുമ്പോള്‍ തൊഴിലന്വേഷണം അവസാനിപ്പിച്ച് വീട്ടമ്മമാരായി അവര്‍ കഴിഞ്ഞുവരുന്നു. അഭ്യസ്തവിദ്യരെങ്കിലും സ്ത്രീകളില്‍ പതിനഞ്ചു ശതമാനം മാത്രമേ പുറംപണികള്‍ക്കു പോകുന്നുളളൂ. തൊഴിലില്ലായ്മ സാമ്പത്തികപ്രശ്‌നം മാത്രമല്ല, സാമൂഹ്യസാംസ്‌ക്കാരിക പ്രശ്‌നവും കൂടിയായി മാറി.

ചുരുക്കത്തില്‍ കേരളത്തിലെ ആഭ്യന്തര ഉല്‍പാദനത്തില്‍നിന്ന് താരതമ്യേനെ സ്വതന്ത്രമായ ഒരു ഉപഭോഗവളര്‍ച്ചയാണ് കേരളത്തിന്റെ സവിശേഷത. ഈ ഉപഭോഗവളര്‍ച്ചയുടെ സ്രോതസ് വിദേശ പണവരുമാനമാണെങ്കിലും പ്രചോദനം വിദേശ ഉപഭോഗ പ്രവണതകളാണ്. പ്രത്യേകിച്ച് ആഡംബര ഉപഭോഗത്തിന്റെ കാര്യത്തില്‍. വിദേശത്തുളള ഉപഭോഗവസ്തുക്കള്‍ തന്നെ നാട്ടിലും വേണം, ടിവിയിലൂടെയും മറ്റും കാണുന്ന ജീവിതശൈലിയാണ് കൂടുതല്‍ അഭികാമ്യമെന്ന തോന്നല്‍.. ഇവയൊക്കെ ഉപഭോഗത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കും.

കേരളം ഉപഭോഗത്തിന്റെ പരിധികളിലെത്തി എന്ന അഭിപ്രായം എനിക്കില്ലെന്ന് അടിവരയിട്ടു വ്യക്തമാക്കട്ടെ. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും വളരെയേറെ ഉയരാനുണ്ട്. പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാമെത്രയോ പുറകിലാണ്. പക്ഷേ, ഉപഭോഗത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം അഭികാമ്യമാണെന്ന് എങ്ങനെ വാദിക്കാനാവും. ഒട്ടേറെ ജീവിതശൈലീരോഗങ്ങള്‍ക്ക് അടിസ്ഥാനം ഭക്ഷണക്രമത്തില്‍ വന്ന മാറ്റമാണ്. മദ്യാസക്തി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വേറെ. ഇത്രയേറെ ആഡംബര വീടുകള്‍ എന്തിന്? നമ്മുടെ ഉപഭോഗം സൃഷ്ടിക്കുന്ന മാലിന്യക്കൂമ്പാരത്തിന്റെ വലിപ്പവും ശ്രദ്ധിക്കൂ. ഇത്തരമൊരു ഉപഭോഗവളര്‍ച്ച സുസ്ഥിരമാണോ? കേരളത്തിലെ ഉത്പാദനസമ്പ്രദായം മാത്രമല്ല, ഉപഭോഗ പ്രവണതകളും മുതലാളിത്ത വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

മുതലാളിത്ത വ്യവസ്ഥയെക്കുറിച്ച് ഇതുവരെയുളള മുഖ്യവിമര്‍ശനം സാമ്പത്തിക മണ്ഡലത്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുളള മറ്റൊരു സുപ്രധാന വിമര്‍ശനം പാരിസ്ഥിതിക മണ്ഡലത്തില്‍ നിന്നാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധിയെ പരിഹരിക്കുന്നതിന് മുതലാളിത്ത വ്യവസ്ഥയ്ക്കു കഴിയില്ല. കാരണം അത് മത്സരാധിഷ്ഠിതവും ലാഭാധിഷ്ഠിതവുമായ ഒരു സാമ്പത്തികവ്യവസ്ഥയാണ്. ലാഭം പരമാവധിയാക്കിയേ തീരൂ. ലാഭം പരമാവധിയാകണമെങ്കില്‍ ഉപഭോഗം തുടര്‍ച്ചയായി കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കണം.

ചരക്കുകളുടെ ഉപഭോഗമൂല്യത്തിലല്ല, വിനിമയമൂല്യത്തിലാണ് മുതലാളിത്തത്തിന്റെ ശ്രദ്ധ. ആവശ്യമുണ്ടോ ഇല്ലയോ എന്നുളളതല്ല പ്രശ്‌നം, ഉപഭോഗതൃഷ്ണ നിരന്തരം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനുവേണ്ടി ഉല്‍പാദനച്ചെലവിനെക്കാള്‍ കൂടുതല്‍ പണം ഇന്ന് പരസ്യത്തിനും മറ്റും വിനിയോഗിക്കുന്നുണ്ട്. ഫാഷന്‍ മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ ആഗ്രഹങ്ങളും മാറുന്നു. എത്ര വലിയ വിഭവ ദുര്‍വ്യയമാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.. പക്ഷേ, ഗാന്ധിജി പറഞ്ഞതുപോലെ ഈ ലോകത്ത് നമ്മുടെ ആവശ്യത്തിനുളളതുണ്ട്, പക്ഷേ, എല്ലാവരുടെയും ആര്‍ത്തിയ്ക്കുളളതില്ല. മുതലാളിത്തം ആര്‍ത്തിയുടെ സംസ്‌ക്കാരമാണ് വളര്‍ത്തുന്നത്.

മുതലാളിത്ത ഉപഭോക്തൃസംസ്‌ക്കാരത്തിന്റെ ഭാഗമായി ഇന്ന് പ്രതിവര്‍ഷം ലോകത്ത് ഒരുലക്ഷം കോടി പ്ലാസ്റ്റിക് ബാഗുകളാണ് ഉപയോഗിക്കപ്പെടുന്നത്. 25 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഓരോ മണിക്കൂറിലും വലിച്ചെറിയപ്പെടുന്നു. ഒരുവര്‍ഷം 30 ലക്ഷം കാറുകള്‍ ഉപയോഗശൂന്യമാകുന്നു. 700 കോടി പിവിസി ഉല്‍പാദിപ്പിക്കപ്പെടുന്നു. അമേരിക്കയില്‍ മാത്രം 30,000 കോടി ടണ്‍ പാക്കേജിംഗ് വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അമേരിക്കയില്‍ എണ്‍പതു ശതമാനം ഉല്‍പന്നങ്ങളും ഒറ്റത്തവണ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയാനുളളതാണ്. 25 കോടി ടണ്‍ പേപ്പര്‍ ഉപയോഗിക്കുന്നു. ഒരു ടണ്‍ പേപ്പറിന് 17 മരങ്ങള്‍ വേണം. മേല്‍പറഞ്ഞ പ്രവണതയുടെ ഫലമായി മനുഷ്യനും പ്രകൃതിയും തമ്മിലുളള ജൈവഐക്യത്തിന് തകര്‍ച്ച നേരിടുകയാണ്.

അതുകൊണ്ടാണ് മൂലധനം രണ്ടാം വാല്യത്തില്‍ മുതലാളിത്ത ഉപഭോക്തൃ സംസ്‌ക്കാരത്തിനെതിരെ കാള്‍ മാര്‍ക്‌സ് നിശിതവിമര്‍ശനം നടത്തിയത്. ഈ ഭൂമി നമ്മുടെ സ്വകാര്യസ്വത്തല്ല, ഭാവി തലമുറയ്ക്കു നല്‍കാന്‍ വേണ്ടി കടം വാങ്ങിയിട്ടുളളതാണ് എന്നദ്ദേഹം പറഞ്ഞത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ അതീവസുന്ദരമായ വായ്ത്താരിയായി അവതരിപ്പിച്ചു കേട്ടിട്ടുണ്ട്. അതിങ്ങനെയായിരുന്നു;

സംവല്‍സരങ്ങളായ് നമ്മുടെ സങ്കല്പ്പങ്ങളില്‍
എങ്ങും മരിക്കാത്തോരീ ഭൂമി .
വരുമൊരു തലമുറയില്‍ നിന്നും നമ്മള്‍ കടം വാങ്ങിയ,
തിരികെ എല്പ്പിക്കേണ്ടോരീ ഭൂമി
ഇത് പ്രപിതാക്കള്‍ തന്നൊരു സ്വത്തല്ല
ധൂര്‍ത്ത പുത്രന്മാര്‍ക്ക് ആവോളം നുകരുവാന്‍
കരുതിയൊരു അളവില്ലാ കലവറയല്ല

2 comments:

  1. എന്ത് ചെയ്യുമ്പോഴും എന്‍റെ പണം എന്‍റെ ശരീരം എന്‍റെ ഇഷ്ടം എന്ന ധാര്‍ഷ്ട്യം മലയാളി ഉപേക്ഷിച്ചാലേ ,സാമൂഹ്യ നിയന്ത്രണം പാലിക്കേണ്ടത് എന്‍റെ ധാര്‍മ്മിക ബാദ്ധ്യതയാണു എന്ന് തിരിച്ചറിയുമ്പോളെ ഇവിടെ കാര്യങ്ങള്‍ നേരെയാവൂ ....

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...