Wednesday, April 3, 2013

സൗദി അറേബ്യന്‍ ആശങ്കകള്‍


 ധനവിചാരം, Mathrubhumi, April 3, 2013

ഗള്‍ഫിലെ പ്രവാസികള്‍ ഇന്നല്ലെങ്കില്‍ നാളെ നാട്ടിലേക്ക് തിരിച്ചുവന്നേ തീരൂ. പടിഞ്ഞാറന്‍ നാടുകളിലേക്ക് പോയവരാകട്ടെ, അവിടെ സ്ഥിരതാമസമാക്കാനാണ് ശ്രമിക്കുക. ഇപ്പോള്‍ കേരളത്തിലുള്ള മടങ്ങിവന്ന പ്രവാസികളില്‍ 95 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കേരളത്തിലെ തൊഴില്‍പ്രായത്തിലുള്ള ഒന്‍പത് പുരുഷന്മാരില്‍ ഒരാള്‍ വീതമെങ്കിലും പ്രവാസിജീവിതം അവസാനിപ്പിച്ച് തിരിച്ചുവന്നവരായി ഉണ്ട്. അതുകൊണ്ട് സൗദി അറേബ്യയില്‍ നടപ്പാക്കിവരുന്ന തൊഴില്‍ സ്വദേശിവത്കരണത്തിന്റെ ഫലമായി പ്രവാസികള്‍ തിരിച്ചുവരുന്നത് സംബന്ധിച്ച് പരിഭ്രാന്തിയോ അതിരുകവിഞ്ഞ ആശങ്കയോ വേണ്ട എന്ന് വാദിക്കുന്നവരുണ്ട്.

എന്റെ സുഹൃത്ത് ഡോ. ഇരുദയ രാജന്‍ ഈ അഭിപ്രായക്കാരനാണ്. 2008-ലെ ആഗോളമാന്ദ്യത്തിന്റെ പ്രത്യാഘാതമായി വലിയതോതില്‍ ഗള്‍ഫില്‍നിന്ന് തിരിച്ചുവരവ് ഉണ്ടാവില്ല എന്ന് അക്കാലത്തുതന്നെ ശരിയായി വിലയിരുത്തിയ പണ്ഡിതനാണ് അദ്ദേഹം. ദുബായില്‍നിന്നുമാത്രമേ വലിയതോതിലുള്ള പ്രവാസി മടക്കപ്രവാഹം ഉണ്ടായുള്ളൂ. അവരാകട്ടെ, മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കോ മാന്ദ്യം അവസാനിച്ചതോടെ ദുബായിലേക്കുതന്നെയോ തിരിച്ചുപോയി.

എന്റെ അഭിപ്രായത്തില്‍, 2009-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്നല്ല, 1990-ലെ കുവൈത്ത് യുദ്ധപ്രതിസന്ധിയില്‍ നിന്നാണ് നാം പാഠംപഠിക്കേണ്ടത്. അന്ന് കുവൈത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അക്കാലത്ത് ഐ.എല്‍.ഒ.യ്ക്കുവേണ്ടി ഞാന്‍ നടത്തിയ പഠനത്തില്‍ മടങ്ങിവന്ന ചെറിയ ഭൂരിപക്ഷത്തിനു മാത്രമേ മറ്റ് ഗള്‍ഫ് നാടുകളില്‍ ജോലിലഭിച്ചുള്ളൂ എന്നുകണ്ടു. മഹാഭൂരിപക്ഷത്തിനും തൊഴില്‍ തരപ്പെടാന്‍ സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനാകുന്നതുവരെ ഏതാണ്ടൊരു ദശാബ്ദക്കാലം കാത്തിരിക്കേണ്ടിവന്നു.

തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഒരുകാര്യം പറയട്ടെ. കുവൈത്തില്‍നിന്ന് ഉണ്ടായതുപോലെ ഒരു കൂട്ടപ്പലായനം സൗദിയില്‍നിന്ന് ഉണ്ടാകാന്‍ പോകുന്നില്ല. പക്ഷേ, ഇന്നത്തെ നയം തുടര്‍ന്നാല്‍ അടുത്തൊരു വര്‍ഷത്തിനുള്ളില്‍ ഇന്ന് സൗദി അറേബ്യയില്‍ പണിയെടുക്കുന്ന 5.7 ലക്ഷം മലയാളികളില്‍ ഏതാണ്ട് അഞ്ചിലൊന്നുപേര്‍ക്ക് മടങ്ങിവരേണ്ടിവരും. മന്ത്രി മഞ്ഞളാംകുഴി അലിയും ഈയൊരു അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ഇതേസന്ദര്‍ഭത്തില്‍ മുന്‍കാലങ്ങളിലെന്നപോലെ പുതുതായി പലര്‍ക്കും സൗദി അറേബ്യയില്‍ ഇനിയും ജോലിലഭിക്കുകയും ചെയ്യും. പക്ഷേ, മടങ്ങിവരുന്നവരുടെ എണ്ണം ഇവരുടെ പലമടങ്ങുവരും.

പത്ത് തൊഴിലാളികളേക്കാള്‍ കൂടുതല്‍ ആളുകളെ പണിയെടുപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഒരു നിശ്ചിതശതമാനം തൊഴില്‍ തദ്ദേശീയര്‍ക്ക് നീക്കിവെക്കണം എന്ന നിബന്ധന പണ്ടേ ഉണ്ടായിരുന്നു. പക്ഷേ, അത് നടപ്പാക്കാനാവില്ല എന്ന് സൗദി അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. അറബികള്‍ക്കും സ്വന്തംനാട്ടില്‍ പല പണികളും ചെയ്യുന്നതിന് വൈമനസ്യമാണ്. പല ഉന്നത സാങ്കേതികമേഖലകളിലും ആവശ്യത്തിന് സ്വദേശി തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയുമുണ്ടായി. എല്ലാവര്‍ക്കും ഒരേ നിബന്ധന പറ്റില്ല. അങ്ങനെയാണ് സൗദി അധികൃതര്‍ സ്ഥാപനങ്ങളെ തരംതിരിക്കാന്‍ തുടങ്ങിയത്. നിതാഖാത് എന്നാല്‍, തരംതിരിക്കുക എന്നാണ് അര്‍ഥം. 2009-ലാണ് ഈ പുതിയ നയത്തിന് രൂപംനല്‍കിയത്.

തുടര്‍ന്ന് തൊഴിലുകളെ 41 മേഖലകളായി തിരിച്ചു. ഓരോന്നിലും സവിശേഷതകള്‍ കണക്കിലെടുത്ത് എത്ര ശതമാനം സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് ചുരുങ്ങിയത് ജോലിനല്‍കണം എന്ന നിബന്ധനയുണ്ടാക്കി. സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചായി തിരിച്ചു. വലിപ്പം കൂടുന്തോറും സ്വദേശി തൊഴിലാളി പങ്കാളിത്തത്തിന്റെ ശതമാനം കൂടും. പത്തുപേരില്‍ത്താഴെ ആളുകള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധനകളില്‍നിന്ന് ഒഴിവും നല്‍കി.

നിയമം പൂര്‍ണമായി പാലിച്ച സ്ഥാപനങ്ങള്‍ക്ക് ഗ്രീന്‍ അല്ലെങ്കില്‍ ബ്ലൂ കാര്‍ഡും പ്രോത്സാഹനാര്‍ഥം റിക്രൂട്ട്‌മെന്റിലും മറ്റും പലവിധ ഇളവുകളും അനുവദിച്ചു. അതേസമയം, നിയമം നടപ്പാക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്ത സ്ഥാപനങ്ങളെ ചുവപ്പുകാര്‍ഡു നല്‍കി കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കി. ഇതില്‍ രണ്ടിലും പെടാത്ത സ്ഥാപനങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി അടിയന്തരമായി പോരായ്മകള്‍ തിരുത്താന്‍ അവസരം നല്‍കി.

ഇതോടൊപ്പം വിസയില്ലാതെ ജോലിയെടുക്കുന്നവരെ കണ്ടെത്തി പുറത്താക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തി. വിസയുണ്ടെങ്കിലും സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലിചെയ്യുന്നവര്‍ സൗദി അറേബ്യയില്‍ പതിനായിരക്കണക്കിനുണ്ട്. പലപ്പോഴും അറബികള്‍ തങ്ങളുടെ സ്ഥാപനത്തിന് ആവശ്യമില്ലെങ്കിലും വിസ നല്‍കി തൊഴിലാളികളെ പുറത്തുനിന്ന് റിക്രൂട്ടുചെയ്യും. പലപ്പോഴും സ്ഥാപനംപോലുമുണ്ടാകില്ല. ഇങ്ങനെ വരുന്ന തൊഴിലാളികള്‍ സ്‌പോണ്‍സറായ അറബിക്ക് ഒരു നിശ്ചിത ഫീസ് നല്‍കി മറ്റേതെങ്കിലും സ്ഥാപനത്തില്‍ പണിയെടുക്കുകയാണ് പതിവ്. ഇവരെയാണ് ഫ്രീ വിസക്കാര്‍ എന്നുവിളിക്കുന്നത്. ഇത്തരത്തില്‍ അനധികൃതമായി പണിയെടുക്കുന്നതിനെയും കര്‍ശനമായി നിരോധിച്ചു.

മേല്പറഞ്ഞ നടപടികള്‍ ഊര്‍ജിതപ്പെട്ടതോടെ സൗദി അറേബ്യയില്‍നിന്ന് മടങ്ങിവന്നവരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്നു. കേരളത്തിലെ പ്രവാസികളുടെ 23 ശതമാനമേ സൗദി അറേബ്യയിലുള്ളൂ. പക്ഷേ, ഇപ്പോള്‍ത്തന്നെ ഏതാണ്ട് 34 ശതമാനം മടങ്ങിവന്ന പ്രവാസികള്‍ സൗദി അറേബ്യയില്‍ നിന്നുള്ളവരാണ് എന്നാണ് ഡോ. ഇരുദയരാജന്റെയടക്കം കണക്ക്.
ഒക്ടോബറില്‍ ഒരു സുപ്രധാന പ്രഖ്യാപനം വന്നു. പത്തു തൊഴിലാളികളേക്കാള്‍ കുറവുള്ള സ്ഥാപനങ്ങളില്‍ ഒരാളെങ്കിലും സൗദി അറേബ്യക്കാരനായിരിക്കണം. രണ്ടരലക്ഷം ചെറുകിട സ്ഥാപനങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി. മൂവായിരം റിയാല്‍, സ്വദേശിത്തൊഴിലാളികള്‍ക്ക് നല്‍കി ഈ ചെറുകിടസ്ഥാപനങ്ങള്‍ ലാഭകരമായി നടത്താനാവില്ല.

മാര്‍ച്ച് അവസാനത്തോടെ പലവട്ടം നീട്ടിവെച്ച നിയമത്തിന്റെ അവസാന തീയതിയും കഴിഞ്ഞിരുന്നു.
ഫിലിപ്പൈന്‍സ് എംബസിക്കാര്‍ അവരുടെ പ്രവാസികളെ സംരക്ഷിക്കാനും മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കാനും എടുക്കുന്ന നടപടികള്‍ നമ്മുടെ എംബസിക്കാര്‍ക്കും സര്‍ക്കാറിനും ഒരു സാധനാപാഠമാകേണ്ടതാണ്. എംബസി വെബ്‌സൈറ്റിലൂടെ സൗദി അറേബ്യയിലെ ലേബര്‍ നിയമത്തില്‍ വരുന്ന മാറ്റങ്ങളെ കാലാകാലങ്ങളില്‍ പരിചയപ്പെടുത്തി. മാത്രമല്ല, ഭാവിയില്‍ ഉയര്‍ന്നുവരാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുന്നതിന് ഓവര്‍സീസ് ഫിലിപ്പൈന്‍സ് കോണ്‍ഗ്രസ് പോലുള്ള സംഘടനകളെ ഫിലിപ്പൈന്‍സ് എംബസി ഫലപ്രദമായി ഉപയോഗപ്പെടുത്തി. ഇന്ത്യന്‍ എംബസിയാകട്ടെ, പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമാണ് ഉറക്കമുണരുന്നത്. എന്നിട്ട് നിയമം ലംഘിക്കാത്തവര്‍ക്ക് ഒന്നും ഭയപ്പെടാനില്ലെന്ന് സാരോപദേശവും.

കേരളസര്‍ക്കാര്‍ അടിയന്തരമായി ചെയ്യാനുദ്ദേശിക്കുന്നത് കുടുംബശ്രീ വഴി സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കലാണ്. ഇത്തരം ധൃതിയിലുള്ള വിവരശേഖരണം ഫലപ്രദമാകാന്‍ പോകുന്നില്ല. നിലവിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗപ്പെടുത്തുന്നതാവും ഉചിതം. ഫിലിപ്പൈന്‍സ് എംബസി ചെയ്തതെന്തെന്നോ? പ്രവാസികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തുന്നതിനുമുള്ള സൗകര്യം അവര്‍ ഉണ്ടാക്കി. ഇതിനുപുറമേ ചുവപ്പുകാര്‍ഡ്സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് നീല അല്ലെങ്കില്‍ പച്ചക്കാര്‍ഡ്സ്ഥാപനങ്ങളിലേക്ക് മാറുന്നതിനുള്ള സഹായങ്ങള്‍ അവര്‍ ചെയ്തുകൊടുത്തു. എന്നിട്ടും നാട്ടിലേക്ക് മടങ്ങേണ്ടിവന്നവര്‍ക്ക് പുനരധിവാസ പാക്കേജും ഏര്‍പ്പെടുത്തി. നമ്മുടെ കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറും ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. ആകെ ഫലത്തില്‍ നടന്നിട്ടുള്ളത് എയര്‍ ഇന്ത്യയടക്കം വിമാനയാത്രാക്കൂലി കുത്തനെ കൂട്ടിയതാണ്.

നയതന്ത്രചര്‍ച്ചകളില്‍ ഒരു പൊതുമാപ്പുകൂടി നേടിയെടുക്കാനുള്ള ശ്രമം നല്ലതാണ്. മറ്റൊന്നുമില്ലെങ്കിലും പാസ്‌പോര്‍ട്ടില്‍ നാടുകടത്തല്‍ രേഖപ്പെടുത്തി തിരിച്ചയയ്ക്കുന്നത് ഒഴിവാക്കാന്‍ കഴിയും. ഇത്തരം എക്‌സിറ്റ് വിസ രേഖപ്പെടുത്തിയാല്‍ പിന്നെ ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ നോക്കേണ്ട. സര്‍ക്കാര്‍ ചെലവില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത്, മടങ്ങിവരേണ്ടിവരുന്നവര്‍ക്ക് സൗകര്യം നല്‍കണം. തീരെ പാവപ്പെട്ടവര്‍ക്കും രണ്ടുവര്‍ഷത്തില്‍ താഴെ കാലയളവിനുള്ളില്‍ മടങ്ങേണ്ടിവന്നവര്‍ക്കും സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിക്കണം.

ഗള്‍ഫിലുള്ള മലയാളി ബിസിനസ്സുകാര്‍ ഇപ്പോള്‍ത്തന്നെ നമ്മുടെ പൊതുമണ്ഡലത്തില്‍ അര്‍ഹമായ സ്ഥാനം നേടിയിട്ടുണ്ട്. എന്നാല്‍, വിദേശ തൊഴില്‍പരിചയവും വൈദഗ്ധ്യവും ചെറിയൊരു സമ്പാദ്യവുമായി തിരിച്ചുവരുന്നവര്‍ക്ക് സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. അവര്‍ക്ക് ആവശ്യമായ സഹായധനവും ലഭ്യമാക്കണം. മടങ്ങിവരുന്നരില്‍ ഭൂരിപക്ഷത്തിനും എങ്ങനെയെങ്കിലും ഗള്‍ഫിലേക്കുതന്നെ തിരിച്ചുപോകണമെന്നായിരിക്കും ആഗ്രഹം. ഇതിന് അവരെ സഹായിക്കുന്നതും പുനരധിവാസത്തിന്റെ ഭാഗമായി കാണണം. ഇന്ന് ഗള്‍ഫ് കുടിയേറ്റത്തില്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ല. ഉള്ള കുടിയേറ്റനിയമംതന്നെ ബ്രിട്ടീഷുകാരുടെ നിയമത്തിന്റെ പ്രേതമാണ്.

മേല്പറഞ്ഞ പുനരധിവാസ പാക്കേജിനുള്ള പ്രാഥമിക ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാറിനു തന്നെയാണ്. ഇന്ത്യയുടെ വിദേശ വ്യാപാരക്കമ്മി സര്‍വകാല റെക്കോഡിലേക്ക് ഉയരുകയാണ്. രാജ്യം ഇന്നും പിടിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം, വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന അതിഭീമമായ വിദേശനാണയമാണ്. വിദേശനാണയം നേടാന്‍വേണ്ടി കയറ്റുമതിക്കാര്‍ക്ക് എന്തെല്ലാം പ്രോത്സാഹനമാണ് ഓരോ ബജറ്റിലും പ്രഖ്യാപിക്കുന്നത്. ഇങ്ങനെ മുതലാളിമാര്‍ക്ക് വാരിക്കോരി കൊടുക്കുന്നവര്‍ കയറ്റുമതിക്കാരുടെ അത്രയുംതന്നെ വിദേശനാണയം നേടിത്തരുന്ന വിദേശ ഇന്ത്യക്കാരുടെ കാര്യം വരുമ്പോള്‍ എന്തെല്ലാം വേവലാതികളും പിശുക്കുകളുമാണ് കാണിക്കുന്നത്. നന്ദികേടെന്നല്ലാതെ എന്തുപറയാന്‍!

5 comments:

  1. മുന്‍ ധനഗാര്യ മന്ത്രി ആയ താങ്കള്‍ ,,പ്രവാസികള്‍ക്ക്‌ വേണ്ടി എന്ത് ചെയ്തു എന്ന് കൂടി വെക്ത മാകിയാല്‍ നന്നയിരിന്നു ..ന്ച്ചങ്ങല്ക് വേണ്ടത്‌ പുറത്തു നിന്ന് കമന്ററി പറയുന്നവരെ അല്ല ..കളത്തില്‍ ഇറങ്ങി കളിയ്ക്കാന്‍ കഴിയുന്ന കളിക്കാരെ ആണ് ....മുന്‍ധനഗാര്യ മന്ത്രി എന്ന നിലയില്‍ താങ്കള്‍ ക്ക് അറിയാമായിരിക്കും ഈ അമ്പതിനായിരം കോടി യൊന്നും അല്ല പ്രവാസികള്‍ അയക്കുന്നത് ..പലര്‍ക്കും നിയമ പരമമായ ലിമിട്ടില്‍ കൂടുതല്‍ അയക്കേണ്ട ഗട്ടത്തില്‍ മറ്റു മാര്‍ഗം ങ്ങള്‍ ഉപയോകപെടുതും അതും കൂടി ചേര്‍ത്താല്‍ വരുന്ന പണം കേരള സമ്പവത് വെവേസ്തയില്‍ ചെലുത്തുന്ന സോതീനം പല വിതെശികളും മനസ്സിലാക്കിയ രീതിയില്‍ പോലും കേരളത്തിലെ രാഷ്ട്രീയ നേത്രത്വം മനസ്സിലാകിയിട്ടില്ല എന്നത് ഗേതകരം തന്നെ

    ReplyDelete
  2. Very informative and useful article..Thank you sir.

    ReplyDelete
  3. സാർ ,,,,
    ഗവര്മെന്റ്റ് ചെയ്യേണ്ടത് ഒരേ ഒരു കാരിയം ആണ് ....ഓORU പോര്തുമാപ്പു അത് മാത്രം മതി ഇപ്പഴത്തെ ഞങളുടെ കഷ്ട്ടപ്പാട് മാറാൻ ..... ഒപ്പം ഒരു മുന്നറിയിപ്പും ഇത് പ്രയോജനപെടുതാതവർക്ക് ഒരു സഹായവും ഭാവിയിൽ കിട്ടില്ല എന്ന് .......
    ഞാൻ ഒരു ഫ്രീ വിസക്കാരാൻ ആണ് . ഇവരുടെ പുതിയ നിയമത്തെ മാനിച്ചു നാട്ടില വരാൻ സ്പോന്സരുടെ അടുത്ത് ഏക്സീട് അടിക്കാൻ പറഞ്ഞു ..ആാVAN തരാം എന്നും പറഞ്ഞു ഈ മാസം അവസാനം നാട്ടിൽ വരും

    ANIL KUMAR N
    +966 502465815

    ReplyDelete
  4. സര്‍,

    ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇത് വലിയ തോതില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ല, കാരണം സാധാരണ തൊഴിലാളികളെ ഇവിടെ ധാരാളം ആവശ്യം ഉണ്ട്, അവരെ ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് സ്പോന്സോര്ഷിപ്പ് അവര്‍ക്ക് തത്പ്പര്യം ഉണ്ടേല്‍ മാറാന്‍ ഉള്ള സവ്കര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുക,

    ഇങ്ങിനെ മാറാവുന്ന ഒഴിവുകള്‍ പ്രസിദ്ധ പെടുത്താന്‍ സവ്കര്യം ഉണ്ടാക്കുക എന്നതിലൂടെ വലിയ ഒരു വിഭാഗം തൊഴിലാളികളുടെയും പ്രശനം തീരും ,

    ചുരുങ്ങിയ പക്ഷം നാട്ടില്‍ പോവുന്നവര്‍ക്ക് തിരിച്ചു ഒരു ഗള്‍ഫ് രാജ്യത്തേക്കും വരന്‍ കഴിയാത്ത വിധം കുറ്റവാളിയായി രേഘാ പെടുത്തുന്ന സംവിധാനം വന്നാല്‍ തന്നെ അവരെ സംബന്ധിച്ച് വലിയ പ്രശനം ഇല്ലാതെ കാര്യങ്ങള്‍ തീരും.

    എന്നാല്‍ സൗദി അറബിയില്‍ അനതികൃതമായി (ബിനാമി ) ചെറുകിട സ്ഥാപങ്ങള്‍ നടത്തുന്ന ഒരുപാട് പേരുണ്ട് , മറ്റൊരു ജോലിയും അറിയാത്ത ഇവരുടെ കാര്യം വളരെ കഷ്ടം ആണ്, അത്തരം സ്ഥാപനഗളില്‍ ജോലി ചെയ്യുന്നവരുടെയും

    ഇത്തരക്കാര്‍ക്ക് തങ്ങളുടെ സ്ഥാപങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍ ആക്കി മാറ്റാനുള്ള സഹാജര്യം ഉണ്ടോ എന്നനെഷിക്കുക , ഉണ്ടെങ്കില്‍ അത് പ്രസിദ്ധ പെടുത്തുക

    ബിനാമി പേരില്‍ വന്‍കിട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അത്തരം സ്ഥാപങ്ങള്‍ വിദേശ നിക്ഷേപ രീതിയിലൂടെ ചെയ്യാനുള്ള നിയമോപദേശം നല്‍കുക


    ReplyDelete
  5. ഇന്ത്യന്‍ എംബസിയാകട്ടെ, പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമാണ് ഉറക്കമുണരുന്നത്. എന്നിട്ട് നിയമം ലംഘിക്കാത്തവര്‍ക്ക് ഒന്നും ഭയപ്പെടാനില്ലെന്ന് സാരോപദേശവും.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...