വികസനവാദികളായ മാര്‍ക്സിസ്റ്റ്കാരെക്കുറിച്ചാണ് സി.ആര്‍. നീലകണ്ഠന്റെ വിമര്‍ശനം. വികസനമെന്നാല്‍ ജനങ്ങളുടെ ജീവിത നിലവാരം പടിപടിയായുര്‍ത്തുന്ന ഒരു സാമൂഹ്യ പ്രക്രിയയാണ്. ആ അര്‍ത്ഥത്തില്‍ വികസനവാദികളാവുന്നതില്‍ സന്തോഷമേയുളളു. യഥാര്‍ത്ഥത്തില്‍ നീലകണ്ഠന്‍ ഞങ്ങളെ ""വളര്‍ച്ചാവാദി""കളെന്നാണ് ആക്ഷേപിക്കേണ്ടിയിരുന്നത്. എന്നുവച്ചാല്‍ കേവലം സാമ്പത്തിക വരുമാന വളര്‍ച്ചയെ പരമപ്രധാനമായി കാണുന്നവര്‍. എന്തുവിലകൊടുത്തും വളര്‍ച്ച നേടുകയാണ് ലക്ഷ്യം. ഇതാണ് ഇപ്പോള്‍ മന്‍മോഹന്‍ സിംഗും കൂട്ടരും ചെയ്യുന്നത്. ഇതുതന്നെയാണ് മാര്‍ക്സിസ്റ്റ്കാരുടെ നിലപാടും എന്നാണ് വിമര്‍ശനം.
വാക് പ്രയോഗത്തില്‍ എന്തുപിശകുണ്ടെങ്കിലും നീലകണ്ഠന്‍ ഉദ്ദേശിച്ചത് ഇതുതന്നെയാണ്. ഇങ്ങനെ വികസന വാദികളെന്ന് പറഞ്ഞ് നീലകണ്ഠനും മറ്റും ആക്ഷേപിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഞങ്ങളെ ആക്ഷേപിക്കുന്നത് വികസന വിരുദ്ധര്‍ എന്നു പറഞ്ഞാണ്. നാട്ടില്‍ ഒരു ഫാക്ടറി വരുന്നതിനുമുമ്പ് അവകാശം പറഞ്ഞ് കൊടി കുത്തുന്നവരാണ് എന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. കേരളത്തിന്റെ വ്യവസായ പിന്നോക്കാവസ്ഥയ്ക്കു കാരണം ഇതാണെന്ന ജോസ് സെബാസ്റ്റ്യന്റെ സമര്‍ത്ഥനം ഓര്‍ക്കുമല്ലൊ. സാമ്പത്തിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ സാങ്കേതിക പുരോഗതിയെ എതിര്‍ക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നാണ് കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ വിമര്‍ശനം. ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം, കമ്പ്യൂട്ടര്‍ ഇങ്ങനെ ഒട്ടേറെ അനുഭവ സാക്ഷ്യം അവര്‍ നിരത്താറുമുണ്ട്. സംരംഭകരെ മാനിക്കാത്തവരാണ് മാര്‍ക്സിസ്റ്റുകാര്‍ - ഇങ്ങനെയൊക്കെ പോകുന്നു വിമര്‍ശനം. ഏതായാലും ഒരുകാര്യം ഉറപ്പാണ്. ഒരേ സമയം വികസന വാദികളും വികസന വിരുദ്ധരും ആകാനാവില്ല. സത്യം രണ്ടിനും ഇടയ്ക്കാണ്.
ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച വേണം എന്ന് സിപിഐ എം കരുതുന്നു. അതേസമയം ഈ സാമ്പത്തിക വളര്‍ച്ചയുടെ നീതിപൂര്‍വ്വകമായ പങ്ക് പാവങ്ങള്‍ക്ക് ലഭ്യമാവണം. ഈ സാമ്പത്തിക നീതിയുടെ മുദ്രാവാക്യം ഉപേക്ഷിച്ചുകൊണ്ടുളള വളര്‍ച്ചയ്ക്ക് സിപിഐ എം ഇല്ല.
ട്രാക്ടര്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെ
മുന്‍കാലത്ത് ട്രാക്ടറിനേയും മെതിയന്ത്രത്തേയും മറ്റും എതിര്‍ത്തതില്‍ ഒരു കുറ്റബോധവും ഇന്നില്ല. അന്ന് എതിര്‍ത്തതും ശരി. ഇന്ന് അനുകൂലിക്കുന്നതും ശരി.
എന്റെ പി.എച്ച്.ഡി പ്രബന്ധം കയര്‍ വ്യവസായത്തിലെ വര്‍ഗ സമരം സാങ്കേതിക വിദ്യയേയും വ്യവസായ ഘടനയേയും എങ്ങിനെ നിര്‍ണ്ണയിച്ചു എന്നതിനെ സംബന്ധിച്ചാണ്. സാങ്കേതിക വിദ്യയുടെ തിരഞ്ഞെടുപ്പ് കേവലം സാങ്കേതികമായ പ്രശ്നമല്ല. വര്‍ഗസമരത്തിന്റെ കൂടി പ്രശ്നമാണ്. കയര്‍ വ്യവസായത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകമായപ്പോഴേക്കും സിലോണിലും മറ്റും തൊണ്ടുതല്ല് യന്ത്രങ്ങള്‍ നിലവിലുണ്ടായിരുന്നു. ആര്‍നോള്‍ഡ് ചെനറി ആലപ്പുഴയിലും തൊണ്ടുമില്ല് സ്ഥാപിച്ചു. പക്ഷേ, കൈത്തല്ലിനോട് മത്സരിക്കാനാവാതെ പൂട്ടേണ്ടി വന്നു. പട്ടിണിക്കൂലിക്കെതിരെ തൊഴിലാളികള്‍ സംഘടിതരായി വിലപേശാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ക്കെതിരെ ആയുധമായി തൊണ്ടുമില്ല് സാര്‍വത്രികമായത്. കണക്കുവച്ചുനോക്കിയാല്‍ അന്നും കൈത്തല്ല് തൊണ്ടുമില്ലിനേക്കാള്‍ ചെലവുകുറഞ്ഞതായിരുന്നു. പക്ഷേ, സംഘടിതരായ തൊഴിലാളികളെ മാനേജ് ചെയ്യുന്നതിനേക്കാള്‍ ലളിതമായിരുന്നു കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുളള മില്ല്. കൈത്തല്ലില്‍ ഉണ്ടായിരുന്ന ഏതാണ്ട് ഒരു ലക്ഷം തൊഴിലാളികളെ തൊണ്ടുമില്ലുകള്‍ പട്ടിണിയിലേക്ക് തളളിവിട്ടു. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനം യന്ത്രവത്ക്കരണത്തെ എതിര്‍ത്തു. എന്നാല്‍ ഇന്ന് വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടെ കൈത്തല്ലിന് ആളെ കിട്ടാ ായി. അതുകൊണ്ട് യന്ത്രവല്‍ക്കരണത്തെ ഇന്ന് അനുകൂലിക്കുന്നു. ഇതുതന്നെയാണ് ട്രാക്ടറിനെ അന്ന് എതിര്‍ത്തതിനും ഇന്ന് അനുകൂലിക്കുന്നതിനുമുളള കാരണം.
കയര്‍ നെയ്ത്ത് വ്യവസായത്തിലാകട്ടെ കേരളത്തില്‍ കൈത്തറി ഫാക്ടറി സ്ഥാപിച്ചിരുന്ന ഒരു കമ്പനിക്കെങ്കിലും യൂറോപ്പില്‍ യന്ത്രമില്ലുണ്ടായിരുന്നു. മറ്റൊന്നിന് അമേരിക്കയിലും. പക്ഷേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമായപ്പോള്‍ യന്ത്രവല്‍ക്കരണം നടത്താനല്ല ഉല്‍പ്പാദനത്തെ വികേന്ദ്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. അതായിരുന്നു കൂടുതല്‍ ആദായകരം. വികേന്ദ്രീകൃത മേഖലയില്‍ തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും സംഘടിതരായപ്പോഴാണ് കൈത്തറി ഉപേക്ഷിച്ച് യന്ത്രത്തറിയിലേക്ക് പോകാന്‍ മുതലാളിമാര്‍ തീരുമാനിച്ചത്. തങ്ങളുടെ തൊഴില്‍ സംരക്ഷിക്കാന്‍ തൊഴിലാളി പ്രസ്ഥാനം യന്തവല്‍ക്കരണത്തെ എതിര്‍ത്തു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് എതിര്‍പ്പ് ഞങ്ങള്‍ മാറ്റി. ഇത്രയും പറഞ്ഞത് ലളിതമായ ഒരു കാര്യത്തിന് അടിവരയിടാനാണ്. ഞങ്ങള്‍ കേവലം സാമ്പത്തിക വളര്‍ച്ചാവാദികളല്ല. അദ്ധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ അടിയറവച്ചുകൊണ്ടുളള ഒരു സാമ്പത്തിക വളര്‍ച്ചയ്ക്കല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊളളുന്നത്.
വികസനവും പരിസ്ഥിതി സംരക്ഷണവും
അതേസമയം വികസനം സംബന്ധിച്ച കമ്മ്യൂണിസ്റ്റുകാരുടെ നിലപാടില്‍ ഒരു ദൗര്‍ബല്യമുണ്ടായിരുന്നു. പാരിസ്ഥിതിക സംരക്ഷണത്തിന് അര്‍ഹമായ ഊന്നല്‍ നല്‍കിയിരുന്നില്ല. സാമ്പത്തിക വളര്‍ച്ച ഇന്നുണ്ടായാല്‍ മാത്രം പോര, നാളെയുമുണ്ടാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നീതി പൂര്‍വകവും സ്ഥായിയുമായ സാമ്പത്തിക വളര്‍ച്ചയാണ് വികസനം. കഴിഞ്ഞ ഒരു മൂന്നു ദശകങ്ങളിലാണ് സ്ഥായിയായ വളര്‍ച്ച എന്ന സങ്കല്‍പ്പത്തിന്റെ പ്രാധാന്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുമാത്രമല്ല പുറത്തും അംഗീകരിക്കപ്പെട്ടത്. ഡയലക്ടിക്സ് മാറ്റത്തെ മാത്രമല്ല പരസ്പര ബന്ധത്തെയും കണക്കിലെടുക്കുന്ന വിശകലനരീതിയാണ്. ഈ പരസ്പരബന്ധത്തിന്റെ പ്രാധാന്യത്തെയാണ് പരിസ്ഥിതി പ്രസ്ഥാനം അടിവരയിടുന്നത്. ഇതിനെ വിസ്മരിച്ചുകൊണ്ടാണ് മാറ്റത്തില്‍ മാത്രം ഊന്നിക്കൊണ്ട് പരിസ്ഥിതിവാദികളെ വിമര്‍ശിക്കാന്‍ ചില സഖാക്കള്‍ തുനിഞ്ഞത്.
മാര്‍ക്സിന്റെ ""മൂലധ""മടക്കമുളള കൃതികളില്‍ മുതലാളിത്തം എങ്ങിനെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് വഴിവെക്കുവെന്നത് സംബന്ധിച്ച് അത്യപൂര്‍വമായ ഉള്‍ക്കാഴ്ചകള്‍ ഉണ്ട്. എംഗത്സിന്റെ ""ആന്റിഡ്യൂറിംഗി""ല്‍ വളരെ വിശദമായ സോദാഹരണ വിശദീകരണവുമുണ്ട്. ഇങ്ങിനെയൊക്കെയാണെങ്കിലും പരമ്പരാഗത മാര്‍ക്സിസ്റ്റ് വിശകലനവും പ്രയോഗവും പാരിസ്ഥിതിക ഘടകത്തെ വേണ്ടത്ര പരിഗണിച്ചില്ല എന്ന് സമ്മതിക്കേണ്ടതുണ്ട്. നാലുപതിറ്റാണ്ട് മുമ്പ് മാത്രമാണ് നിശ്ശബ്ദ വസന്തത്തെക്കുറിച്ച് ലോകം വ്യാകുലപ്പെടാന്‍ തുടങ്ങിയത്. ഇടതുപക്ഷത്തോടു ബന്ധപ്പെട്ടും അല്ലാതെയും ചെറുതും വലുതുമായ പരിസ്ഥിതി പ്രസ്ഥാനങ്ങളും വളരാന്‍ തുടങ്ങി. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ തുടക്കം സൈലന്റ് വാലി പ്രക്ഷോഭമാണ്. ഇതില്‍ ഒട്ടേറെ കമ്മ്യൂണിസ്റ്റുകാരായ പരിഷത്ത് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പാര്‍ടിക്കുള്ളിലും ഇതു സംബന്ധിച്ച് രൂക്ഷമായ വിവാദങ്ങളുണ്ടായി. കുറച്ചുകാലത്തേക്ക് പരസ്യമായ സംവാദവും നടന്നു. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സൈലന്റ് വാലിയില്‍ ഡാം ആകാം എന്നതായിരുന്നു പൊതു നിലപാട്. എന്നാല്‍ ആ നിലപാട് ഇന്ന് ആരെങ്കിലും ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല. ലോകത്തെ അത്യപൂര്‍വ്വ ജൈവ പൈതൃകങ്ങളിലൊന്നാണ് സൈലന്റ് വാലി. അതിന്റെ നാശം അപരിഹാര്യമായ നഷ്ടമായിരിക്കും മനുഷ്യരാശിക്ക് സൃഷ്ടിക്കുക. ഉള്‍പ്പാര്‍ടി സംവാദങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധി സംബന്ധിച്ച് ലോകത്ത് വളര്‍ന്നുവരുന്ന അവബോധവും പാര്‍ടി യുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ട്.
പാരിസ്ഥിതിക സന്തുലനാവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ചുളള നിലപാട് 20-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്ര രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കണമെന്നതാണ് പാര്‍ടിയുടെ നിലപാട്. അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദോഷങ്ങളെ കണക്കിലെടുക്കുന്നതോടൊപ്പം അവയുടെ ഗുണങ്ങളേയും കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരമൊരു ഗുണദോഷ വിചാരത്തിന്റെ അടിസ്ഥാനത്തില്‍ ദോഷത്തേക്കാള്‍ ഏറെ ഗുണം ചെയ്യുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കണം. എന്നാല്‍ ഇന്ന് പല പരിസ്ഥിതി പ്രവര്‍ത്തകരും ദോഷവശങ്ങള്‍ മാത്രം കാണുകയും ഗുണവശങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചില വികസന പദ്ധതികളെക്കുറിച്ച് ഇവരില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കേണ്ടി വരാറുണ്ട്. ഇത്തരം വ്യത്യസ്തതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാരിസ്ഥിതിക ഘടകങ്ങളെ അവഗണിക്കുന്ന വളര്‍ച്ചാവാദികളായി നീലകണ്ഠനെപ്പോലുളളവര്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത്.
പ്ലാച്ചിമടയിലെ കൊക്കോക്കോള ഫാക്ടറി സിപിഐ എമ്മിന്റെ കേവല വികസന വാദത്തിന് ഉദാഹരണമായിട്ടാണ് കൊക്കോക്കോളാ ഫാക്ടറിയെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇനിമേല്‍ ശീതളപാനീയ ഫാക്ടറികള്‍ പാടില്ല എന്നൊരു നിലപാട് സിപിഐ എം എടുക്കുന്നില്ല. പാലക്കാട് കൊക്കോക്കോള ഫാക്ടറിയുടെ തെറ്റ് അതിന് അനുവാദം നല്‍കിയപ്പോള്‍ ആവശ്യമായ പാരിസ്ഥിതിക പഠനം നടത്തിയില്ല എന്നതാണ്. ഫാക്ടറിക്കാവശ്യമായ വെളളം ഭൂഗര്‍ഭത്തില്‍ നിന്ന് ഊറ്റിയാല്‍ അതെങ്ങിനെ ജലവിതാനത്തേയും അവിടത്തെ കൃഷിയേയും ബാധിക്കും എന്നത് പരിശോധിച്ചില്ല. ഗൗരവമായ മലിനീകരണ പ്രശ്നവും കൂടി ഫാക്ടറി സൃഷ്ടിച്ചു. ഫാക്ടറി മാത്രമല്ല എന്തു വികസന പ്രവര്‍ത്തനം നടത്തുമ്പോഴും പരിസ്ഥിതി ആഘാത പഠനം കൂടിയേതീരു.
കൊക്കോക്കോള ഫാക്ടറിക്കെതിരായ ജനകീയ സമരത്തില്‍ പാലക്കാട്ടെ പാര്‍ടിയും ബഹുജനപ്രസ്ഥാനങ്ങളും സ്വതന്ത്രമായും മറ്റുള്ളവരുമായി കൂട്ടുചേര്‍ന്നും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ കൂടി ഫലമായിട്ടാണ് ഫാക്ടറി പൂട്ടുന്നതിനുളള നടപടി സ്വീകരിക്കപ്പെട്ടത്. എന്നുമാത്രമല്ല ഫാക്ടറിയുടെ ഫലമായി ദുരിതമനുഭവിക്കേണ്ടി വരുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള ഒരു നിയമനിര്‍മ്മാണം തന്നെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നു. അതിന് അനുമതി തരാതെ വച്ചുകൊണ്ടിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇന്ത്യയിലാദ്യമായി ഇത്തരമൊരു നടപടി സ്വീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ഈ പരിശ്രമങ്ങളെ ഇകഴ്ത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് വ്യവസായ സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്റെ ഒരു പ്രസംഗത്തെയാണ്. എന്നു മാത്രമല്ല വ്യവസായ മന്ത്രി എളമരം കരീം കുഞ്ഞാലിക്കുട്ടിയേപ്പോലെ ബാലകൃഷ്ണനെ പിന്താങ്ങുന്നു എന്നാക്ഷേപവും നീലകണ്ഠനുണ്ട്. നീലകണ്ഠന്‍ ഒന്നു മനസ്സിലാക്കുക. സര്‍ക്കാരുകള്‍ മാറുന്നതനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയവരെ എടുക്കാനാവില്ല. ഭരണകൂടത്തെയൊന്നും തിരഞ്ഞെടുപ്പിലൂടെ വരുന്ന സര്‍ക്കാര്‍ ഉടച്ചുമാറ്റുന്നില്ല. നിലവിലുളള ഭരണയന്ത്രത്തെ ഉപയോഗപ്പെടുത്താന്‍ മാത്രമേ അവകാശമുളളു. എന്നിരുന്നാല്‍ തന്നെയും കേരളത്തിലെ ഒരിടതുപക്ഷ സര്‍ക്കാരും ഉദ്യോഗസ്ഥരുടെ താളത്തിനു തുളളുന്ന സര്‍ക്കാരുകളായിരുന്നില്ല.
ബാലകൃഷ്ണന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളുമുണ്ടാകാം. പക്ഷേ അതനുസരിച്ചായിരുന്നില്ല ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവൃത്തി. കുഞ്ഞാലിക്കുട്ടിയുടെ കീഴില്‍ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കാന്‍ നിന്ന ആളുകള്‍ തന്നെയാണ് കരീമിന്റെ കീഴില്‍ പൊതുമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയവരെന്നും ഓര്‍ക്കുക. സര്‍ക്കാര്‍ അനുവാദത്തോടെ ഒരു ഫാക്ടറിയില്‍ നിക്ഷേപം നടത്തിയതിനു ശേഷം സര്‍ക്കാര്‍ തന്നെ അതു പൂട്ടിച്ചാല്‍ ഭാവി നിക്ഷേപത്തെ അത് പ്രതികൂലമായി ബാധിക്കും എന്ന് ബാലകൃഷ്ണന് ആശങ്കയുണ്ടായിരുന്നേക്കാം. പക്ഷേ ആ ആശങ്കയുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഫാക്ടറി പൂട്ടണമെന്നു മാത്രമല്ല നഷ്ടപരിഹാരം ജനങ്ങള്‍ക്ക് നല്‍കണമെന്നും അല്ലേ കരിമിന്റെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇതെന്തേ മറന്നുപോകുന്നു.
കിനാലൂരിലെ ചപ്പല്‍ ഫാക്ടറി കിനാലൂരിലെ റോഡുവികസനത്തിനെതിരായി മുസ്ലീം വര്‍ഗീയവാദികള്‍ മുതല്‍ കോണ്‍ഗ്രസുകാര്‍ വരെ ചേര്‍ന്നുണ്ടാക്കിയ സമരത്തെ ഇന്ന് ജനകീയ സമരമായി ഉദ്ഘോഷിക്കുന്നതിന് അപാരമായ തൊലിക്കട്ടിവേണം. കിനാലൂരില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചത് വെറുമൊരു ചപ്പല്‍ ഫാക്ടറിയല്ല. റബര്‍ അധിഷ്ഠിത ഉല്‍പ്പനങ്ങളുടെ, പ്രത്യേകിച്ച് ചെരുപ്പുകളുടെ, ഒരു വ്യവസായ പാര്‍ക്കാണ്. സര്‍ക്കാരൊന്നും വലിയ സഹായം ചെയ്തിട്ടില്ലെങ്കിലും കോഴിക്കോട് കേന്ദ്രീകരിച്ച് ചെറുകിട ചെരുപ്പ് ഫാക്ടറികള്‍ വളര്‍ന്ന് വരികയുണ്ടായി. ചൈനയിലും മറ്റും ഇത്തരത്തില്‍ ഓരോ പ്രദേശത്ത് പ്രത്യേക ഉല്‍പ്പന്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുളള വളര്‍ച്ചാതന്ത്രം വിജയിച്ച ചരിത്രമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിനാലൂരില്‍ വ്യവസായ പാര്‍ക്ക് ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് പുതിയതായി തൊഴില്‍ കിട്ടും. ഒരുപക്ഷേ, കോഴിക്കോട് ഇന്ത്യയിലെ ഒരു പ്രധാന ചെരുപ്പ് വ്യവസായ കേന്ദ്രമായി വളരുകയും ചെയ്യും. ഇത്തരമൊരു വ്യവസായ പാര്‍ക്കിന് അത്യന്താപേക്ഷിതമായിട്ടുളള കാര്യം സുഗമമായ ചരക്കുകടത്തിന് വീതിയുളള റോഡും വൈദ്യുതിയുടേയും വെളളത്തിന്റേയും കണക്ഷനുമാണ്. ഇതിനായി ഒരു നാലുവരി പാത നിര്‍മ്മിക്കുന്നതിന് സ്ഥലമെടുത്തതിന് എതിരായിട്ടായിരുന്നു സമരം ആരംഭിച്ചത്. സമരക്കാരില്‍ ചെറു ന്യൂനപക്ഷം മാത്രമേ റോഡുകൊണ്ട് ഭൂമി നഷ്ടപ്പെടുന്നവരായിട്ടുണ്ടായിന്നുളളു. മറ്റുള്ളവര്‍ നീലകണ്ഠനെ പോലെ പുറത്തുനിന്നും ചെന്നവരാണ്. ഇത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. തങ്ങളുടെ ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള സമ്മതപത്രം ഭൂരിപക്ഷം ഭൂവുടമകളില്‍ നിന്നും ഒരു ചടങ്ങില്‍ വച്ച് ഞാന്‍ തന്നെ ഏറ്റുവാങ്ങുകയുണ്ടായി. ആകര്‍ഷകമായ ഒരു പാക്കേജും ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ സംഘടിതമായ അക്രമ പ്രവര്‍ത്തനത്തിലൂടെ ഭൂമിയേറ്റെടുക്കല്‍ നടപടികളെ തടയുകയാണ് സമരക്കാര്‍ ചെയ്തത്.
കിനാലൂരിലെ എസ്റ്റേറ്റിന്റെ മുന്നൂറേക്കര്‍ ഭൂമി കെഎസ്ഐഡിസി 1996-ല്‍ ഏറ്റെടുത്തു കഴിഞ്ഞതാണ്. ബാക്കിയുളള ഭൂമികൂടി ഏറ്റെടുത്ത് ഒരു ഭീമന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എസ്റ്റേറ്റ് ഉടമകളുടെ താല്‍പ്പര്യമാവട്ടെ എസ്റ്റേറ്റ് ഭൂമി മുറിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ ഭൂമി വാങ്ങിയവരും വാങ്ങാന്‍ ഉദ്ദേശിച്ചവരുമാണ് റോഡ് വികസനത്തിലെ സമരത്തിനു പിന്നില്‍ എന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ഗൂഢാലോചന ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കെ. റ്റി. കുഞ്ഞിക്കണ്ണന്‍ കഴിഞ്ഞലക്കം ചിന്തയില്‍ ഇതുസംബന്ധിച്ച് വിശദമായ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച എസ്റ്റേറ്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മുറിച്ച് വില്‍ക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഒരു വമ്പന്‍ ഭൂമി തട്ടിപ്പ് കിനാലൂരില്‍ നടക്കുകയാണ്. നീലകണ്ഠനേയും ജനകീയ സമരക്കാരേയും എതിര്‍ക്കാന്‍ അവിടെ കാണുന്നില്ല. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന ഭൂസമരത്തിന്റെ ഒരു കേന്ദ്രം നിശ്ചയമായും കിനാലൂരായിരിക്കും. ഉമ്മന്‍ചാണ്ടിയുടേയും റോഡുവികസന വിരുദ്ധ സമരക്കാരുടേയും ഗൂഢാലോചന നടക്കാന്‍ അനുവദിക്കുകയില്ല. (തുടരും)
ബഹുരാഷ്ട്രകുത്തകകളെപ്പോലും അമ്പരപ്പിച്ചതായിരുന്നു കേരളാ സോപ്സ്. വാഷ് വെല്ലും കേരളാസാന്‍ഡലും വേപ്പും ഒക്കെ വില്പനയില്‍ ഏറെക്കാലം ഒന്നാംസ്ഥാനത്തായിരുന്നു. ഇടതു സര്‍ക്കാരിന്റെ ഈ പ്രോജക്ട് യു.ഡി.എഫ്.അട്ടിമറിച്ചത് പരിസ്ഥിതി പറഞ്ഞായിരുന്നില്ല.
ReplyDeleteവായിച്ചു.ആലപ്പുഴയില്‍ , ഒന്നുകൂടി ചുരുക്കി പറഞ്ഞാല്‍ മണ്ഡലത്തില്‍ ഒതുങ്ങിപ്പോകുന്ന പ്രവര്‍ത്തനം മതിയോ..? വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വാപിക്കത്തക്കവിധത്തിലായാലെ സാധാരനക്കാര്ര്‍ക്ക് പ്രയോജനം ഉണ്ടാവൂ .നമ്മുടെ പാര്‍ടിയുടെ സ്വാധീനം പാവപ്പെട്ടവരിലേക്കും ഇടത്തരക്കാരിലേക്കും സമൂഹത്തിലേക്ക് ആകെയും എത്തിച്ചേരണം എങ്കില്‍ അതിനുവേണ്ടിയുള്ള സമഗ്രമായ കര്‍മ്മ പരിപാടികള്‍ ആവിഷ്ക്ക്കരിക്കണം.
ReplyDeleteDear Dr,
ReplyDeleteIt is a pity that people like you pretend ignorance to support the stupidity of a "Party of Lilliputians". They call themselves Marxists without ever understand what Marxism is. Till to date these people fail to understand the objective reality of Indian society and it's main contradiction ( faced by the majority of the populace).And as a result the so called "main stream marxist still remain a Fringe group in Indian politics where the objective conditions is most conducive for a revolutionary alternative. For them Marxism is only a masturbation fantasy. They still consider China as a "socialist state". This was earlier the case with Soviet union also. They are the real "intellectual Cretins" of indian leftwing politics
Long before Silent spring Marx himself foretold the unscrupulous plunder of environment by capitalism. At that time it was not at all a big problem. But Marx's intellect foresaw the possibility. Afterwards the "new world" ratified his views with events like the now famous "dust bowl"s of 30-s.
Todays world reality is that population growth posed a great threat to the whole "Gaia" itself and human race evolved to be the new "locust swarm' Predating on the whole ecosystem.
Now if people like Dr. Issac holds that 'unlimited growth" is possible to feed this locust swarm with the FINITE RESOURCES of mother earth PITY ON HIM. Also he cunningly hide the Marxian dictum Growth is not the real question but DISTRIBUTION IS
ട്രാക്റ്ററിന്റെയും യന്ത്രവൽക്കരണത്തിന്റെയും കാര്യം പറഞ്ഞ കൂട്ടത്തിൽ കമ്പ്യ്യൂട്ടറിനെയും സൂചിപ്പിക്കാമായിരുന്നു. കമ്പ്യ്യൂട്ടറിനെ (കമ്പ്യൂട്ടർവൽക്കരണത്തെ എന്നു പറയാറില്ല.)എതിർത്തവർ എങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.പാർക്ക് നിർമ്മിക്കുന്നതിനു നേതൃത്വം നൽകി? കമ്പ്യൂട്ടർവൽക്കരണവും കമ്പ്യൂട്ടർ അടിസ്ഥാൻ വ്യവസായവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിക്കൊണ്ടു മാത്രമേ കമ്പ്യൂട്ടർവൽക്കരണത്തെ എതിർക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ കഴിയൂ എന്നു തോന്നുന്നു. കേന്ദ്രസർക്കാർ എന്തിനു വേണ്ടി ഏതുവിധത്തിൽ എവിടെ കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കി എന്നു കൂടി വ്യക്തമാക്കേണ്ടിവരും. പ്രതീക്ഷിക്കുന്നു വിശദാംശങ്ങൾ സഹിതമുള്ള ഒരു കുറിപ്പ്.
ReplyDelete