Thursday, September 6, 2012

കുമരകം താറാവുകറിയും ചില ടൂറിസം ചിന്തകളും

(ധനവിചാരം, Mathrubhumi, 4 Sept. 2012)
കുട്ടനാടന്‍ താറാവുകറി പ്രശസ്തമാണ്. പക്ഷേ, കുമരകം താറാവുകറിയെ പരിചയപ്പെടാന്‍ ഇംഗ്ലണ്ടില്‍ പോകേണ്ടിവന്നു. ആലപ്പുഴയ്ക്ക് പ്രത്യേക കൊഞ്ചുകറിയുണ്ടെന്നറിഞ്ഞതും അവിടെവെച്ചു തന്നെ. ഇംഗ്ലണ്ടിലെ ഡാര്‍ട്മത്ത് എന്ന ചെറുപട്ടണത്തിലെ സ്‌പൈസ് ബസാര്‍ എന്ന ചെറിയൊരു ഹോട്ടലിന്റെ മെനു ബോര്‍ഡിലാണ് കുട്ടനാടന്‍ താറാവുകറിയും ആലപ്പുഴ കൊഞ്ചുകറിയുമൊക്കെ സ്ഥാനംപിടിച്ചിരിക്കുന്നത്. കുമരകം ഡക്കിന് വില 12 പൗണ്ട്. ആലപ്പി പ്രോണിന് 10 പൗണ്ടും. ഇന്ത്യയ്ക്ക് പുറത്തുപോകുമ്പോള്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന പതിവില്ലെങ്കിലും കുമരകം ഡക്ക് കറി പരീക്ഷിക്കാന്‍ സ്‌പൈസ് ബസാറില്‍നിന്ന് അത്താഴമാകാമെന്ന് കരുതി.

അങ്ങനെ കുമരകം ഡക്ക് വന്നു. ഒരു പ്ലേറ്റില്‍ പുഴുങ്ങിയ പച്ചക്കറിയും ഉരുളക്കിഴങ്ങും. കുറച്ചു മസാല ചേര്‍ത്തിട്ടുണ്ട്. മുകളില്‍ എല്ലുകളഞ്ഞ നാലഞ്ചു താറാവിന്‍ കഷണങ്ങള്‍. പ്രത്യേകം ഒരു കപ്പില്‍ തേങ്ങാപ്പാല്‍ ഗ്രേവി. ആവശ്യാനുസരണം ചേര്‍ത്ത് കഴിക്കാം. പാചകം ആരുടേത് എന്നുമറിയണമല്ലോ. ഹോട്ടലുടമ സൗത്ത് ഇന്ത്യന്‍ ഷെഫിനെ വിളിച്ചു. വന്നത് കോട്ടയത്തുകാരന്‍ മാത്യൂസ്. ''ഇതെന്തു കുമരകം ഡക്കുകറി'' എന്ന ശുദ്ധമലയാളത്തിലെ എന്റെ ചോദ്യത്തിനു മറുപടിയായി മാത്യൂസ് ചെറുചിരിയോടെ മെനു കാര്‍ഡിലേക്കു ചൂണ്ടി. അതില്‍ വലുതായി ഇങ്ങനെ അച്ചടിച്ചിരിക്കുന്നു. 'ദി ഫ്യൂഷന്‍ ടെക്‌നോളജി'. അതുകണ്ട് ഞാനും ചിരിച്ചുപോയി.

കുറച്ചുസമയം മാത്യൂസുമായി ചങ്ങാത്തം കൂടി. ഡാര്‍ട്മത്ത് ഒരു പഴയ തുറമുഖ പട്ടണമാണ്. കൊള്ളക്കാരന്‍ ഡ്രേക്ക് സ്​പാനിഷ് ആര്‍മഡയെ നേരിടാന്‍ ഇവിടെനിന്നാണത്രേ പുറപ്പെട്ടത്.
പഴയ തുറമുഖത്തിന്റെ അധികമൊന്നും അവശേഷിച്ചിട്ടില്ല. ബാക്കിയൊന്നും ഇന്നില്ല. ക്രോംവെല്‍ യുദ്ധകാലത്തിന്റെ കഥപറയുന്ന ചില കോട്ടകളുണ്ട്. ഡെവന്‍ ജില്ലയിലെ കേവലം അയ്യായിരം കുടുംബങ്ങള്‍ മാത്രം പാര്‍ക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഡാര്‍ട്മത്ത്. ഈ നാട്ടിന്‍പുറത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാണ് ടൂറിസ്റ്റുകള്‍ വരുന്നത്.

പക്ഷേ, ഒറ്റ സ്റ്റാര്‍ ഹോട്ടലുമില്ല. താമസത്തിനുള്ള ഹോട്ടലുകള്‍ തന്നെ നന്നേ കുറവ്. ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു സ്റ്റേഹോമില്‍. അതിന്റെ നടത്തിപ്പുകാര്‍ എഴുപതുകഴിഞ്ഞ ഒരപ്പൂപ്പനും അമ്മൂമ്മയും. രണ്ടാംനിലയിലെ രണ്ടു ബെഡ്ഡുള്ള ഒരു മുറിക്ക് 70 പൗണ്ട്. ഇതില്‍ പ്രാതലും പെടും. ടൂറിസം എന്നാല്‍ സ്റ്റാര്‍ ഹോട്ടല്‍ എന്ന സമവാക്യം ശീലിച്ചിട്ടുള്ളവര്‍ക്ക് ഇതൊരു പുതിയ അനുഭവമാകും.

ഡാര്‍ട്മത്തില്‍ കാസിനോ പോലുള്ള വിനോദകേന്ദ്രങ്ങളുമില്ല. അവിടെയുള്ളത് സുദീര്‍ഘമായ നടപ്പാതകളാണ്. നദീതീരത്തുനിന്ന് കടല്‍ക്കരയിലൂടെ കാട്ടിലേക്കും ഗോതമ്പുവയലുകളിലേക്കും നീളുന്ന നടപ്പാതകള്‍. പലസ്ഥലത്തും ഇവ ചെറു റോഡുകള്‍ തന്നെയാണ്. പക്ഷേ, ടൂറിസ്റ്റ് വാഹനങ്ങള്‍ അനുവദിച്ചിട്ടില്ല. പ്രദേശവാസികള്‍ക്ക് വീടുപൂകാന്‍ കാറുപയോഗിക്കാം. അത്രമാത്രം. പ്രധാനപ്പെട്ടതൊഴികെ മറ്റെല്ലാ റോഡുകളും നടത്തക്കാര്‍ക്കുവേണ്ടി റിസര്‍വ് ചെയ്തിരിക്കുന്നു. സൈക്കിള്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, കുന്നുംപുറങ്ങളില്‍ സൈക്കിള്‍ ചുമന്ന് നടക്കേണ്ടിവരും. അതുകൊണ്ട് ഏതാണ്ടെല്ലാവരും നടത്തക്കാരായിരുന്നു. അരദിവസത്തെ നടത്തത്തിനുള്ള റൂട്ട്. ഒരു ദിവസത്തിന്റേത്, ഒരാഴ്ചത്തേക്ക് ഒക്കെ പറ്റിയ റൂട്ടുകളുണ്ട്.

കൊടുങ്ങല്ലൂര്‍ പറവൂര്‍ മുസിരിസ് പ്രോജക്ട് വിഭാവനം ചെയ്തപ്പോള്‍ ചരിത്രസ്മാരകങ്ങളിലേക്കുള്ള ഇടറോഡുകളില്‍ ടൂറിസ്റ്റ്ബസ്സോ കാറുകളോ അനുവദിക്കാന്‍ പാടില്ല എന്ന് തീരുമാനിച്ചിരുന്നു. സന്ദര്‍ശകരുടെ യാത്രയ്ക്ക്പബ്ലിക് ഇലക്ട്രിക്കല്‍ കാറുകളും ബോട്ടുകളുമാണ് വിഭാവനം ചെയ്തത്. പലതുകൊണ്ടും മുസിരിസ് പ്രോജക്ട് വേറിട്ടൊരു ടൂറിസം പദ്ധതിയായിരുന്നു. കവലകളിലും റോഡുകളിലും ആകര്‍ഷകവും കൃത്യവുമായ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മുസിരിസ് പ്രോജക്ടില്‍ പ്രത്യേക നിഷ്‌കര്‍ഷയുണ്ടായിരുന്നു. ആര്‍ക്കിടെക്ട് ബെന്നി ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഡാര്‍ട്മത്തിലെ നടവഴികളിലൊക്കെ കൃത്യമായ സൈന്‍ബോര്‍ഡുകളുണ്ട്. പതിനേഴു മൈല്‍ നടത്തത്തിനിടയില്‍ ഒരിക്കല്‍പ്പോലും എനിക്ക് വഴി ചോദിക്കേണ്ടിവന്നില്ല. പലപ്പോഴും നടപ്പാത സ്വകാര്യ കൃഷിയിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. റോഡിനു കുറുകെ ഗേറ്റുണ്ടാകും. അതു തുറന്നുവേണം യാത്ര തുടരാന്‍.

നമ്മുടെ നാട്ടിന്‍പുറവും എത്ര സുന്ദരമാണ്. കുട്ടനാട്ടിലെ തോടുവക്കിലൂടെയെല്ലാമുള്ള ഒരു നടത്തസവാരി എത്ര ആസ്വാദ്യകരമായിരിക്കും? മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്താന്‍ 130 കിലോമീറ്റര്‍ മതി. നാലോ അഞ്ചോ ദിവസത്തെ നടത്തം. എത്ര വൈവിധ്യമാര്‍ന്ന ആവാസ വൈചിത്ര്യങ്ങളിലൂടെയാണ് ആ കാല്‍നടയാത്രികന്‍ കടന്നുപോവുക? നമുക്കും അങ്ങനെ ചിന്തിച്ചുകൂടേ? കാട്ടിലൂടെയും മറ്റുമുള്ള ചില ട്രക്കിങ് റൂട്ടുകള്‍ ഞാന്‍ മറക്കുന്നില്ല. പക്ഷേ, അവ അപവാദങ്ങളാണ്.

എന്നാല്‍, ഇത്തരമൊരു ടൂറിസത്തിന് അവശ്യം വേണ്ടുന്ന ഒന്നുണ്ട്-ശുചിത്വം. ബീച്ച്, കായല്‍ക്കര പോലുള്ള സുഖവാസ കേന്ദ്രങ്ങള്‍ മാത്രമല്ല, നാട്ടില്‍ മുഴുവന്‍ വൃത്തിയും ശുചിത്വവും വേണം. പുല്‍ത്തകിടിയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ കാറ്റില്‍ പറന്നുപോയ പ്ലാസ്റ്റിക് കവറുകളും മറ്റും വളരെ ശ്രദ്ധാപൂര്‍വം എന്റെ മകള്‍ പെറുക്കിയെടുത്തു. ഇവയും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കൈയില്‍ കൊണ്ടുനടന്ന് അതിനായുള്ള ബക്കറ്റ് കണ്ടപ്പോള്‍ അത് നിക്ഷേപിക്കുകയാണ് ചെയ്തത്. എല്ലാവര്‍ക്കും ഏതാണ്ട് ഇതുപോലെ പൗരബോധമുണ്ട് എന്നുവേണം കരുതാന്‍. വഴിയിലെങ്ങും പ്ലാസ്റ്റിക് ചവറുകള്‍ കാണാനായില്ല. വിജനപ്രദേശത്തൊന്നും ഒരു അരക്ഷിതാവസ്ഥയുമില്ല. കുര്‍ത്തയിട്ടു നടക്കുന്ന എന്നെക്കണ്ട് ആരും തുറിച്ചുനോക്കിയതുമില്ല. വ്യക്തിശുചിത്വത്തില്‍ വളരെയേറെ പ്രാധാന്യം കല്പിക്കുന്നവരാണെങ്കിലും പരിസരശുചിത്വം സംബന്ധിച്ച ബോധം മലയാളിക്കില്ല.

പരമ്പരാഗതമായ വാസ്തുശില്പ ശൈലിയിലാണ് ഡാര്‍ട്മത്ത് പട്ടണത്തിലെ വീടുകള്‍. നിയോലിബറലിസത്തിന്റെ തറവാടാണെങ്കിലും ഇംഗ്ലണ്ടില്‍ ഇഷ്ടംപോലെ ഭൂവിനിയോഗത്തെ മാറ്റിമറിക്കുന്നതിനോ കെട്ടിടവൈകൃതങ്ങള്‍ കെട്ടിപ്പൊക്കാനോ കഴിയില്ല. ലണ്ടന്റെ പ്രാന്തപ്രദേശത്തുള്ള എളമരം കരീമിന്റെ മകളുടെ വീട്ടില്‍ പോയിരുന്നു. അവരുടെ ഭര്‍ത്താവ് ആര്‍ക്കിടെക്ടാണ്. കെട്ടിടങ്ങളൊന്നുമില്ലാത്ത ഒരു വലിയ പ്രദേശം കടന്നുവേണം ഇവരുടെ നഗറിലെത്താന്‍. വിജനപ്രദേശം മുഴുവന്‍ പ്രകൃതിവശ്യതയാര്‍ന്ന ദേശമായി ആസൂത്രകര്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ ഒരു നിര്‍മാണപ്രവൃത്തിയും പാടില്ല. കുന്നിനു മുകളിലുണ്ടായിരുന്ന ചികിത്സാകേന്ദ്രമാണ് ഇപ്പോള്‍ പാര്‍പ്പിടത്തിന് അനുവദിച്ചിട്ടുള്ളത്. വീടുകളുടെ ശൈലിക്കു മാത്രമല്ല, പുറംചുവരുകള്‍ക്കുള്ള പെയിന്റിന്റെ നിറത്തിനുപോലും നിബന്ധനയുണ്ട്. ചുറ്റുപാടുമായി ചേരാത്ത പെയിന്റാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ചുരണ്ടിക്കളഞ്ഞ് പുതിയത് അടിക്കാന്‍ നിര്‍ദേശം കിട്ടിയേക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

നമ്മുടെ നാട്ടിലെ സ്ഥിതിയോ? തന്റെ ഭൂമിയില്‍ തനിക്ക് എന്തും ചെയ്യാമെന്നാണ് ഉടമയുടെ ഭാവം. ഫോര്‍ട്ട് കൊച്ചിയുടെ പൗരാണികശൈലി കുറച്ചൊക്കെ നമുക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയുടെ കാര്യമോ? പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍പ്പോലും എന്തെല്ലാം കെട്ടിടവൈകൃതങ്ങളാണ്. പൊന്നാനി പോലുള്ള പഴയ തുറമുഖ പ്രദേശങ്ങളില്‍ ഇപ്പോഴെങ്കിലും ഇടപെട്ടാല്‍ പരമ്പരാഗത വാസ്തുശില്പ മാതൃകകള്‍ നിലനിര്‍ത്തിപ്പോകാനാകും. തലശ്ശേരി പൈതൃക പ്രോജക്ടില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അടുത്തകാലം വരെ ആലപ്പുഴയുടെ വളര്‍ച്ച താഴേക്കായിരുന്നു. അതുകൊണ്ട് ബീച്ച് പ്രദേശത്തെ പഴയ കെട്ടിടങ്ങളെല്ലാം അതുപോലെത്തന്നെ കിടന്നു. എന്നാല്‍, ഇപ്പോള്‍ ലക്കും ലഗാനുമില്ലാത്ത നിര്‍മാണം ഇവിടെയും തുടങ്ങിയിട്ടുണ്ട്.

ടൂറിസം വികസനത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെയും മറ്റും അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് വേറിട്ടുനടക്കാന്‍ കേരളം ശ്രമിച്ചിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചുള്ള സങ്കല്പം അങ്ങനെയാണുണ്ടായത്. ഇവയൊക്കെ ഇപ്പോള്‍ കടലാസില്‍ മാത്രം. പ്രായോഗികമാകുന്നത് വേറൊന്നാണ്. ആലപ്പുഴ ടൂറിസ്റ്റ് കേന്ദ്രമായി വളരാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. ഇതുവരെ മാസ്റ്റര്‍പ്ലാനില്ല. എത്രവരെ ടൂറിസം ആകാം എന്നതിനെക്കുറിച്ച് ശേഷീപഠനവും നടന്നിട്ടില്ല. ടൂറിസം എന്നാല്‍ ഹൗസ് ബോട്ട് മാത്രമാണ്. അതിലെ ചണ്ടികളെല്ലാം കായലില്‍ത്തന്നെ. തണ്ണീര്‍മുക്കംബണ്ട് നശിപ്പിച്ച കുട്ടനാടന്‍ ജലനിരപ്പിന് ഈ മാലിന്യംകൂടി താങ്ങാനാവില്ല.

 കായല്‍വരമ്പത്തുതന്നെ കെട്ടിടം പണിയണമെന്ന വാശി പ്രകടം. പുന്നമട കായല്‍ത്തീരമാണ് ഹൗസ്‌ബോട്ടുകളുടെ ആവാസകേന്ദ്രം. അതുവഴി നടന്നാല്‍ ഞാനീ പറഞ്ഞത് അക്ഷരം പ്രതി ബോധ്യപ്പെടും. പൊതുവഴി കൈയേറിയാണ് പുതിയ ഹോട്ടലുകള്‍ വരുന്നത്. ഇത്തവണ വി.ഐ.പി. ഗാലറിയിലിരുന്ന് നെഹ്രു ട്രോഫി കണ്ടുകൊണ്ടിരുന്നപ്പോള്‍ എതിര്‍വശത്തെ ഗാലറിയില്‍ ഒരു വലിയ വിടവു കണ്ടു. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മതില്‍ വഴിയിലേക്ക് കയറ്റിക്കെട്ടിയതുമൂലം അവിടെ ഗാലറി പണിയാന്‍ പറ്റില്ലപോലും. ടൂറിസത്തിന്റെ പേരില്‍ എന്തുമാകാമെന്നുള്ള ഭാവം ടൂറിസത്തെ നശിപ്പിക്കും.

നെല്ലിയാമ്പതിയും വാഗമണും പോലുള്ള പ്രദേശങ്ങള്‍ ടൂറിസം വികസിപ്പിക്കുന്നതിനുവേണ്ടി സ്വകാര്യസംരംഭകരെ ക്ഷണിച്ചുകൊണ്ടുള്ള എമര്‍ജിങ് കേരള പ്രകൃതിസ്‌നേഹികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.

കേരളത്തില്‍ ഇന്ന് ഭൂമികൈമാറ്റവും ഭൂവിനിയോഗവും ഏറ്റവും രൂക്ഷമായ വിവാദപ്രശ്‌നമായി മാറിയിട്ടുപോലും ഈ പ്രോജക്ടുകള്‍ പ്രദര്‍ശനപ്പട്ടികയില്‍ ചേര്‍ക്കാന്‍ അധികൃതര്‍ക്ക് ഒരു വൈമനസ്യവും ഉണ്ടായില്ല. അവര്‍ വേറെയേതോ ലോകത്തുകൂടിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

പാരിസ്ഥിതികദുര്‍ബലപ്രദേശത്തെ ഭൂവിനിയോഗത്തിലുണ്ടാകാവുന്ന മാറ്റത്തെക്കുറിച്ച് ഒരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് ഇവ വിദേശനിക്ഷേപകര്‍ക്ക് വില്പനയ്ക്കായി വെച്ചത്. ആദ്യമായാണ് വ്യവസായപ്പാര്‍ക്കുപോലെ ഒരു മേഖല മുഴുവന്‍ ടൂറിസം വികസിപ്പിക്കാന്‍ സ്വകാര്യ ഏജന്‍സിയെ അധികാരപ്പെടുത്തുന്നത്. അതുകൊണ്ടാണ് വി.എം. സുധീരനെപ്പോലു ള്ളവര്‍ക്കുപോലും ഒരു എമര്‍ജിങ് മാഫിയയുടെ ലക്ഷണം മണത്തത്.

2 comments:

  1. ടൂറിസത്തെക്കുറിച്ച് പുതിയൊരു വീക്ഷണം പകര്‍ന്നു തന്ന പ്രൗഢമായ ഈ ലേഖനത്തിനു നന്ദി പറയുന്നു...

    ReplyDelete
  2. A very good thought of Mr. Thomas Isac. We need to have practical plans with intellegent thoughts.

    Charly Padanilam,
    Houston, TX.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...