Friday, August 24, 2012

ഖനിക്കൊളളയ്ക്ക് കൈകോര്‍ത്ത ബിജെപിയും കോണ്‍ഗ്രസും


(അഴിമതിയെക്കുറിച്ചുളള പുസ്തകം  അധ്യായം 5)

2006 സെപ്തംബര്‍ ആദ്യവാരം. കര്‍ണാടക - ആന്ധ്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബെല്ലാരി റിസര്‍വ് വനമേഖലയിലുളള ഒബുലാപുരം ഗ്രാമത്തിലെ സുഗ്ഗലമ്മാ ദേവീക്ഷേത്രത്തില്‍ ഒരു പൂജ നടന്നു. സന്ന്യാസിമാരും പൂജാരിമടക്കം കേരളത്തിലും തമിഴ്‌നാട്ടിലും നിന്നെത്തിയ 18 പേരാണ് കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. വിചിത്രമായിരുന്നു പൂജയുടെ ലക്ഷ്യം. ഒബുലാപുരത്തെ സാധാരണ മനുഷ്യരുടെ നൂറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥനയും അര്‍ച്ചനയും ഏറ്റുവാങ്ങിയ സുഗ്ഗലമ്മാദേവിയുടെ ശക്തിചൈതന്യങ്ങള്‍ മറ്റൊരു പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കണം. അതിനുവേണ്ടി മൃഗബലിയടക്കമുളള ആഭിചാരകര്‍മ്മങ്ങള്‍. മിണ്ടാപ്രാണികളുടെ രക്താഭിഷേകത്തില്‍ പ്രീതിപ്പെട്ട സുഗ്ഗലമ്മ കൂടുമാറിയെന്ന് സന്ന്യാസിമാരും പൂജാരിമാരും ഭക്തജനങ്ങളെ വിശ്വസിപ്പിച്ചു. വേദമന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി അവര്‍ ദേവീചൈതന്യം മറ്റൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. അനന്തരം അമ്പലം തകര്‍ക്കാന്‍ അവര്‍ അന്ത്യശാസനം നല്‍കി. അങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുളള സുഗ്ഗലമ്മാദേവീക്ഷേത്രം 2006 സെപ്തംബര്‍ മൂന്നിന് ബോംബു വെച്ചു തകര്‍ത്തു.

ക്ഷേത്രം തകര്‍ത്തത് എന്തിനെന്നല്ലേ? ശതകോടികള്‍ വിലമതിക്കുന്ന ഇരുമ്പയിരിന്റെ അക്ഷയഖനിയ്ക്കു മീതെയായിരുന്നു സുഗ്ഗലമ്മാദേവി നൂറ്റാണ്ടുകളായി വാണരുളിയത്. അളവറ്റ ആ സമ്പത്തില്‍ കൈക്കലാക്കണമെങ്കില്‍ അമ്പലം തകര്‍ത്തേ മതിയാകൂ. അമ്പലം തകര്‍ക്കാന്‍ വിശ്വാസികളുടെ അനുമതി വേണം. മൃഗബലിയും പൂജയും മന്ത്രവാദവുമൊക്കെ അതിനുവേണ്ടിയായിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു സന്ന്യാസിമാരെയും പൂജാരിമാരെയും വിലയ്‌ക്കെടുത്തു. ലക്ഷങ്ങള്‍ ചെലവഴിച്ച് മന്ത്രവാദമാമാങ്കം നടത്തി. ഒബുലാപുരത്തെ പാവപ്പെട്ട മൂവായിരത്തോളം ഹൈന്ദവവിശ്വാസികളെ വഞ്ചിക്കാന്‍ വേദമന്ത്രങ്ങളെയും പൂജാവിധികളെയും മതാനുഷ്ഠാനങ്ങളെയുമൊക്കെ വിദഗ്ധമായി മറയാക്കി.

ഇതൊക്കെ ചെയ്തത് ആരാണെന്നല്ലേ? ഹൈന്ദവ മതവിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാരായ ബിജെപിയുടെ കര്‍ണാടകത്തിലെ അതിശക്തരായ നേതാക്കള്‍. റെഡ്ഡി സഹോദരങ്ങളെന്നാണ് അവരറിയപ്പെടുന്നത്. ബിജെപി നേതാവും സുഷമ സ്വരാജിന്റെ ഉറ്റ അനുയായിയും സംസ്ഥാന ടൂറിസം മന്ത്രിയുമായിരുന്ന ജനാര്‍ദനറെഡ്ഡി, സഹോദരനും കര്‍ണാടകയുടെ റവന്യൂമന്ത്രിയുമായിരുന്ന ജി. കരുണാകര റെഡ്ഡി, എംഎല്‍എയും സഹോദരനുമായ സോമശേഖര റെഡ്ഡി, ഇവരുടെ കുടുംബസുഹൃത്തും കര്‍ണാടക ആരോഗ്യമന്ത്രിയുമായിരുന്ന ശ്രീരാമുലു എന്നിവര്‍ നേതൃത്വം നല്‍കുന്ന കര്‍ണാടകത്തിലെ ഖനി മാഫിയയാണ്, വിശ്വാസികളെ വഞ്ചിച്ച്, സുഗ്ഗലമ്മാദേവിയെ കുടിയിറക്കി, മല തുരന്നു മൂവായിരത്തോളം കോടി രൂപ കവര്‍ന്നെടുത്തത്.

രാമജന്മഭൂമി വിവാദവും ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ആളിക്കത്തിയ വര്‍ഗീയകലാപങ്ങളും കൂട്ടക്കുരുതികളും ചോരയില്‍ കുളിച്ച തെരുവുകളും ആര്‍ത്തനാദങ്ങളും പലായനങ്ങളും നാം മറന്നിട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പെന്നോ ഒരമ്പലം തകര്‍ത്തുവെന്ന് ആരോപിച്ചയായിരുന്നു ആ ഭീകരവാഴ്ച. ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനമായിരുന്നു അതിന്റെ ലക്ഷ്യം. അധികാരത്തിനുവേണ്ടി അമ്പലം തകര്‍ത്തുവെന്ന ആരോപണമുയര്‍ത്തി സംഘര്‍ഷം വിതച്ച അതേ ബിജെപിയുടെ നേതാക്കളാണ് അതിഭീമമായ പ്രകൃതി സമ്പത്തുകൊളളയടിക്കാന്‍ അമ്പലം ബോംബുവെച്ചു തകര്‍ത്തതും. വേദമന്ത്രങ്ങളും ഉപനിഷദ്‌സൂക്തങ്ങളും ആചാരവും അനുഷ്ഠാനങ്ങളുമൊക്കെത്തന്നെയാണ് അവിടെയു#ം വിശ്വാസികളെ വഞ്ചിച്ചത്. അധികാരവേട്ടയ്ക്കും അഴിമതിക്കൊളളയ്ക്കും മതവിശ്വാസം ഉപാധിയാക്കുന്ന ബിജെപിയുടെ തനിസ്വരൂപമാണ് ബെല്ലാരിയിലെ ഖനിമാഫിയ തുരന്നിട്ടത്.

ജനാര്‍ദ്ദന റെഡ്ഡി - ബിജെപിയുടെ 'ഖനീശ്വരന്‍'

ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ചെങ്ക റെഡ്ഡി എന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനായി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നീ സഹോദരങ്ങള്‍പിറന്നത്. കുട്ടിക്കാലം മുതലേ മണിമാളികകളിലെ ആഡംബരജീവിതത്തിന്റെ അത്ഭുതം തിളങ്ങുന്ന കഥകളായിരുന്നു ജനാര്‍ദ്ദനനു പ്രിയം. രാജകഥകളിലെ കൊട്ടാരങ്ങളും വേഷഭൂഷാദികളും സുഖസൗകര്യങ്ങളും വര്‍ണിക്കുന്ന ബാലമാസികകള്‍ കുഞ്ഞുറെഡ്ഡിയുടെ സ്‌ക്കൂള്‍ ബാഗില്‍ എപ്പോഴും കാണുമായിരുന്നുപോലും. ഏതായാലും റെഡ്ഡി സഹോദരങ്ങള്‍ കോളജിന്റെ പടി കയറിയില്ല.

1996-ല്‍ ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ എനേബിള്‍ ഇന്ത്യാ സേവിംഗ്‌സ് എന്ന ചിട്ടിക്കമ്പനി തുറന്നു. ഇടപാടുകാരുടെ 200 കോടി കവര്‍ന്നെടുത്ത് 1998-ല്‍ അതു പൂട്ടി. പിന്നെ ഹോട്ടല്‍ വ്യവസായത്തില്‍ കൈവെച്ചു. പക്ഷേ, വിജയിച്ചില്ല. അങ്ങനെയിരിക്കെയാണ് 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവന്നത്. ബെല്ലാരിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി തീരുമാനിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിയുടെ നക്ഷത്രതാരം സുഷമ സ്വരാജ്. സുഷമ സ്വരാജില്‍ ജനാര്‍ദ്ദന റെഡ്ഡി തന്റെ ഭാഗ്യദേവതയെ കണ്ടു. ചിട്ടിക്കാരെ പറ്റിച്ചു കൈക്കലാക്കിയ പണത്തിന്റെ ഒരു ഭാഗം രാഷ്ട്രീയത്തില്‍ മുതലിറക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റെങ്കിലും ജനാര്‍ദ്ദന റെഡ്ഡി സുഷമ സ്വരാജിന്റെ ഉറ്റ സുഹൃത്തായി. 2011-വരെ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സുഷമ സ്വരാജ് ബെല്ലാരി സന്ദര്‍ശിക്കുമായിരുന്നു. അവരുടെ പിന്‍ബലത്തോടെ ജനാര്‍ദ്ദന റെഡ്ഡി രാഷ്ട്രീയത്തില്‍ ചവിട്ടിക്കയറി.

കര്‍ണാടക രാഷ്ട്രീയത്തില്‍ കാലുറപ്പിക്കുമ്പോഴേയ്ക്കും ജനാര്‍ദ്ദന റെഡ്ഡി കര്‍ണാടകത്തിലെ ബെല്ലാരി, ആന്ധ്രയിലെ അനന്തപൂര്‍ ജില്ലകളിലെ ഖനി ഉടമകളില്‍ പ്രധാനിയായി മാറിക്കഴിഞ്ഞിരുന്നു. തുടക്കം 2002-ല്‍ ഒബുലാപുരം മൈനിംഗ് കമ്പനി കൈക്കലാക്കിക്കൊണ്ടായിരുന്നു. 2001 ല്‍ ജി രാംമോഹന്‍ റെഡ്ഡി എന്നയാളാണ് ഒബുലാപുരം മൈനിംഗ് കമ്പനി സ്ഥാപിച്ചത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് പരേതനായ പിതാവില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ ഖനനത്തിനുളള പാട്ടക്കരാറായിരുന്നു. 1964 മുതല്‍ 1984വരെ 20 വര്‍ഷത്തേയ്ക്കായിരുന്നു പാട്ടക്കരാര്‍. ഒബുലാപുരം വില്ലേജിലെ സര്‍വെ നമ്പര്‍ 1ല്‍പ്പെട്ട 547 ഏക്കര്‍ സ്ഥലത്താണ് ഖനനാനുമതി ലഭിച്ചിരുന്നത്. കരാറിന്റെ കാലാവധി 1984-ല്‍ അവസാനിച്ചപ്പോള്‍ പിന്നീട് 20 വര്‍ഷത്തേയ്ക്കു കൂടി ലൈസന്‍സ് കിട്ടാന്‍ ആന്ധ്രാ സര്‍ക്കാരിന് അപേക്ഷ നല്‍കി. നീണ്ട നിയമയുദ്ധങ്ങള്‍ക്കുശേഷം 1997ലാണ് ജി. രാംമോഹന്‍ റെഡ്ഡിയ്ക്ക് 20 വര്‍ഷത്തേയ്ക്ക് അനുമതി നീട്ടിക്കിട്ടിയത്. 2002ല്‍ ജനാര്‍ദ്ദന റെഡ്ഡി ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. അന്ന് പ്രായം വെറും 34 വയസ്.

ഒഎംഎസിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ജനാര്‍ദ്ദന റെഡ്ഡി എത്തിയതോടെ കച്ചവടം കൊഴുത്തു. അനന്തപൂര്‍ മൈനിംഗ് കോര്‍പറേഷന്‍, മഹാബലേശ്വര ആന്‍ഡ് സണ്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് മുഴുവന്‍ ഒഎംസി കൈക്കലാക്കി. വര്‍ഷം കഴിയുന്തോറും കോടികളുടെ ആസ്തിയും ലാഭവുമുണ്ടാക്കി. 2003-04 ആയപ്പോഴേയ്ക്കും നിയമപരവും അല്ലാത്തതുമായ അനേകം ഖനി ലൈസന്‍സുകള്‍ ഒഎംസിയുടെ കൈയിലെത്തി. ലാഭം 35 കോടിയായി ഉയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അത് 3000 കോടിയായി. രസകരമെന്നു പറയട്ടെ, ആന്ധ്രയിലെ ഖനി ഇടപാടുകളില്‍ റെഡ്ഡിയുടെ രക്ഷാധികാരി അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സാക്ഷാല്‍ വൈ. എസ്. രാജശേഖര റെഡ്ഡിയായിരുന്നു. എങ്ങനെ വൈഎസ്ആറിന്റെയും മകന്‍ ജഗന്‍ മോഹന്റെയും വിശ്വാസമാര്‍ജിച്ചുവെന്നത് ഇപ്പോഴും അജ്ഞാതരഹസ്യമാണ്.

ഇപ്രകാരം ഖനി മേഖലയിലെ മുടിചൂടാമന്നനായതിനു ശേഷമാണ് ജനാര്‍ദ്ദനറെഡ്ഡി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2008ലെ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയിലും സമീപജില്ലകളിലും നിന്ന് 35 എംഎല്‍എമാരുടെ പിന്‍ബലവുമായാണ് റെഡ്ഡി വിധാന്‍സൗധത്തിലെത്തിയത്. തിരഞ്ഞെടുപ്പില്‍ 110 സീറ്റു കിട്ടിയ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിന് 6 അംഗങ്ങളുടെ കുറവുണ്ടായിരുന്നു. ആറു സ്വതന്ത്രന്മാരെ വിലയ്ക്കു വാങ്ങി പ്രശ്‌നം പരിഹരിച്ചത് ജനാര്‍ദ്ദന റെഡ്ഡിയാണ്. പിന്നീടിന്നോളം റെഡ്ഡി വരയ്ക്കുന്നതിപ്പുറം ഒരു ചുവടു ചവിട്ടിയിട്ടില്ല, ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍.

ഇടയ്ക്ക് ജനാര്‍ദ്ദനറെഡ്ഡിയുമായി തെറ്റിയപ്പോഴാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ വലിപ്പം യെദ്യൂരപ്പ തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ 35 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന റെഡ്ഡി, 60 എംഎല്‍എമാരുമായാണ് വിലപേശാന്‍ ദില്ലിയ്ക്കു വിമാനം കയറിയത്. തന്റെ ചൂണ്ടുവിരലില്‍ കേന്ദ്രനേതൃത്വത്തെ തളച്ചു സര്‍വശക്തനായാണ് ജനാര്‍ദ്ദന റെഡ്ഡി മടങ്ങിയെത്തിയത്. യെദ്യൂരപ്പ തുടര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തയായ മന്ത്രി ശോഭയുടെയും ചീഫ് സെക്രട്ടറിയുടെയും സ്ഥാനം തെറിച്ചു.

ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ സുഹൃത്ത്

ബദ്ധവൈരികളാണ് ബിജെപിയും കോണ്‍ഗ്രസും. കര്‍ണാടകത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ കക്ഷികള്‍. കര്‍ണാടകത്തിലെ ബിജെപി മന്ത്രിയുടെ കമ്പനിയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുക, കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകന്‍ ആ കമ്പനിയുടെ പങ്കുകച്ചവടക്കാരനാവുക, ആ കമ്പനിയ്ക്ക് ആന്ധ്രാപ്രദേശില്‍ സര്‍വതന്ത്രസ്വാതന്ത്ര്യവും സമ്പൂര്‍ണമായ പിന്തുണയും ലഭിക്കുക, ബിജെപി നേതാവിന്റെ നടത്തുന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും നടത്തുന്ന ശ്രമങ്ങള്‍ പാഴ്‌വേലയാവുക എന്നതൊക്കെ സാമാന്യബുദ്ധിയ്ക്കു ദഹിക്കുന്ന സംഭവങ്ങളല്ല. എന്നാല്‍ ശതകോടികളുടെ അഴിമതിപ്പണം കൊണ്ട് ഉരുക്കിച്ചേര്‍ത്ത ശിങ്കിടിമുതലാളിത്തത്തിന്റെ അഴിമതിവലയം നാം കരുതുന്നതിനേക്കാള്‍ കരുത്തുറ്റതാണ്. കര്‍ണാടകത്തിലെ ബിജെപി മന്ത്രിസഭയിലെ അംഗമാകുന്നതിനു മുമ്പു തന്നെ ആന്ധ്രാ മുഖ്യമന്ത്രിയുമായി ഉറ്റസൗഹൃദത്തിലായിരുന്നു ജനാര്‍ദ്ദന റെഡ്ഡി.

ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന പരേതനായ വൈ. എസ്. രാജശേഖര റെഡ്ഡിയുടെ അച്ഛന്‍ രാജാ റെഡ്ഡി കടപ്പ ജില്ലയിലെ ഒരു ഖനിയുടമസ്ഥനായിരുന്നു. കൈക്കരുത്തുകൊണ്ടാണ് രാജാ റെഡ്ഡി തന്റെ മേഖലയില്‍ കുത്തക സ്ഥാപിച്ചത്. 1978ല്‍ വൈ എസ് ആര്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ തന്റെ പേരിലുണ്ടായിരുന്ന ഖനികള്‍ ഭാര്യ വിജയലക്ഷ്മിയുടെ പേരിലാക്കി. രാജാ റെഡ്ഡിയുടെ ഒരു ചെറുകിട സബ്‌കോണ്‍ട്രാക്ടര്‍ എന്ന നിലയിലാണ് ജനാര്‍ദ്ദന റെഡ്ഡി വൈഎസ്ആര്‍ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. ഇതു നാള്‍ക്കുനാള്‍ ദൃഢമായി.

രാജാ റെഡ്ഡിയില്‍ നിന്ന് അഭ്യസിച്ച മുറകളെല്ലാം ഒബുലാപുരം മൈനിംഗ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തെത്തിയപ്പോള്‍ ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ഉപകരിച്ചു. രണ്ട് റെഡ്ഡി കുടുംബങ്ങളെയും ഒതുക്കാന്‍ ചന്ദ്രബാബു നായിഡു നടത്തിയ പണികളും ഫലിച്ചില്ല. വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായതോടെ ഒബുലാപുരം മൈനിംഗ് കമ്പനിയുടെ സുവര്‍ണകാലം ആരംഭിച്ചു. മകളുടെ പേരിട്ട് ജനാര്‍ദ്ദന റെഡ്ഡി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച 25000 കോടി രൂപയുടെ ബ്രഹ്മാണി സ്റ്റീല്‍ പ്രോജക്ടിനു 10000 ഏക്കര്‍ ഭൂമിയാണ് 2007ല്‍ ആന്ധ്രാ സര്‍ക്കാര്‍ അനുവദിച്ചത്. ഫാക്ടറിക്ക് തറക്കല്ലിടുക മാത്രമല്ല, മറ്റൊരു 5000 ഏക്കര്‍ സ്വകാര്യ എയര്‍പോര്‍ട്ടിനു വേണ്ടി അനുവദിക്കുകയും ചെയ്തു രാജശേഖര റെഡ്ഡി.

ഇതിനിടെ ചന്ദ്രബാബു നായിഡുവും ചില കോണ്‍ഗ്രസ് നേതാക്കളും ഖനിയിടപാടുകളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അവയൊന്നും ആരും ചെവിക്കൊണ്ടില്ല. ഒബുലാപുരം മൈനിംഗ് കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രിംകോടതി നിയമിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയ്ക്കും കഴിഞ്ഞില്ല. ബെല്ലാരി റിസര്‍വ് വനമേഖലയിലെ ജൈവവൈവിദ്ധ്യത്തിന്റെ അടിവേര് ഖനി മാഫിയ മാന്തിയെറിഞ്ഞിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഒന്നും ചെയ്യാനായില്ല. അവരുടെ നിര്‍ദ്ദേശങ്ങള്‍ വനരോദനങ്ങളായി.

സംസ്ഥാനത്തിന്റെ അതിരു നിര്‍ണയിക്കുന്ന ജിടിഎസ് സ്റ്റേഷന്‍ തകര്‍ത്തുകൊണ്ടാണ് മാഫിയയുടെ പടയോട്ടം ആരംഭിച്ചത്. പരാതികള്‍ പ്രവഹിച്ചപ്പോള്‍ അതിരുകള്‍ യഥാസ്ഥാനത്തു സ്ഥാപിക്കാന്‍ കോടതിവിധിയുണ്ടായി. അതിനുവേണ്ടി ആന്ധ്രാ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി വ്യാജസ്‌കെച്ചും പ്ലാനുമായാണ് അളക്കാനെത്തിയത്. ഖനി മാഫിയ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ അതിരു സ്ഥാപിച്ചു അവര്‍ മടങ്ങി.

ബെല്ലാരി റിസര്‍വ് വനമേഖയില്‍ ഒബുലാപുരം മൈനിംഗ് കമ്പനി ഖനനം ആരംഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വനസംരക്ഷണനിയമം അനുസരിച്ചുളള അനുമതി ലഭിക്കുന്നതിനു മുന്നേയാണ്. മുന്‍കാലപ്രാബല്യത്തോടെ അവര്‍ക്ക് പിന്നീട് അനുമതി നല്‍കുകയായിരുന്നു. അനുമതി ലഭിക്കുന്നതിനു മുന്നേ ഖനനം ആരംഭിച്ചതിന് നിയമനടപടികളെടുക്കേണ്ട സ്ഥാനത്ത് മുന്‍കൂര്‍ അനുമതി പത്രം വിതരണം ചെയ്തു സഹായിക്കുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍. ശിങ്കിടി മുതലാളിത്തത്തിന്റെ ഭ്രമണപഥം അറിയുന്നവര്‍ക്ക് ഇതൊന്നും അത്ഭുതമല്ല.

കാടും നാടും റെഡ്ഡി തുരന്നു കയറി. 25.68 ഹെക്ടര്‍ പ്രദേശത്ത് വെറും ആറു ഹെക്ടറിനുളളില്‍ മാത്രമേ ഖനനം നടത്താവൂ എന്നാണ് ഇന്ത്യന്‍ മൈനിംഗ് ബ്യൂറോ നിബന്ധന വെച്ചത്. പ്രതിവര്‍ഷം 7.5 ലക്ഷം ടണ്‍ ഇരുമ്പയിരു മാത്രമേ ഖനനം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ വൈ. എസ്. രാജശേഖര റെഡ്ഡി ആന്ധ്രാ നിയമസഭയില്‍ വെച്ച കണക്കുപ്രകാരം ഒരു വര്‍ഷം 20 ലക്ഷത്തോളം ടണ്‍ അയിരാണ് ഒഎംസി കുഴിച്ചു കടത്തിയത്. ആകെ ഒരു കോടിയോളം ടണ്‍ അയിരാണത്രേ ഖനനം ചെയ്തത്.

മറ്റുളളവര്‍ക്ക് ലൈസന്‍സ് നല്‍കിയ സ്ഥലവും അവര്‍ അതിക്രമിച്ചു കീഴടക്കി. ഒരിക്കലും ഖനനം നടത്താന്‍ പാടില്ലാത്ത വനമേഖലയും തുരന്നു തകര്‍ത്തു. ഒഎംസിയെക്കാള്‍ പഴക്കമുളള പല കമ്പനികളും അവരുടെ കൈയൂക്കിനു കീഴടങ്ങി. പലരും ഭയന്നോടി. ഖനനമേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുളളവരൊന്നും ഒഎംസിയെപ്പോലെ മാഫിയയായി വളര്‍ന്നില്ല. പക്ഷേ, ജനാര്‍ദ്ദന റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒഎംസി ഖനനരംഗത്ത് പുതിയ ചരിത്രമെഴുതി. ആന്ധ്രാ മുഖ്യമന്ത്രിയുടെ ഉറ്റസുഹൃത്തും മുഖ്യമന്ത്രിയുടെ മകന്റെ വ്യവസായ പങ്കാളിയും കര്‍ണാടകത്തിലെ മന്ത്രിയും ബിജെപി നേതാവുമായ ഒരാള്‍ എംഡിയായിരിക്കുന്ന കമ്പനിയ്ക്കു പിന്നെങ്ങനെ വളരാനാണു കഴിയുക?

ഒഎംസിയുടെ മുഷ്‌കിനു കീഴടക്കാന്‍ തയ്യാറാകാത്തവരും ഉണ്ടായിരുന്നു. നീതിയ്ക്കു വേണ്ടി അവര്‍ സംസ്ഥാന ഭരണകൂടത്തിനു മുന്നിലെത്തി. പരാതിക്കാരെ രാജശേഖര റെഡ്ഡിയുടെ സര്‍ക്കാര്‍ തെക്കുവടക്കു നടത്തി. ഒടുവില്‍ അവര്‍ കോടതിയെ അഭയം പ്രാപിച്ചു. കോടതിയെ മറികടക്കാനും മാഫിയയുടെ പക്കല്‍ വഴിയുണ്ടായിരുന്നു. വനം, ഖനി, സര്‍വെ വകുപ്പുകളുടെ ഉന്നതതല കമ്മിറ്റിയുണ്ടാക്കി കൃത്യമായ അതിരുകള്‍ നിശ്ചയിക്കാനായിരുന്നു കോടതി നിര്‍ദ്ദേശപ്രകാരം. അങ്ങനെയൊരു കമ്മറ്റിയുണ്ടായി. പക്ഷേ, ഒഎംസി കല്‍പ്പിച്ചതുപോലെ കമ്മിറ്റി അതിര്‍ത്തികള്‍ തീരുമാനിച്ചു.

അങ്ങനെയാണ് പ്രശ്‌നത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇടപെട്ടത്. ഈ പ്രദേശങ്ങളിലെ ഖനനം അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജമാപ്പുണ്ടാക്കിയും മറ്റും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജശേഖര റെഡ്ഡി വെട്ടിലായി. താനുണ്ടാക്കിയ ഉന്നതതല കമ്മിറ്റിയുടെ സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അദ്ദേഹം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് യാചിച്ചു. ഒഎംസിയുടെ അനധികൃത ഖനനം വെളിവാക്കുന്ന പുതിയ സര്‍വെയ്ക്ക് തയ്യാറാകരുത് എന്നഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രത്തിന് ഒട്ടേറെ കത്തുകള്‍ അയച്ചു. എന്നാല്‍ അതൊന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചെവിക്കൊണ്ടില്ല. പുതിയ സര്‍വെ നടത്താന്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ടീമിനെ നിയോഗിച്ചു. സര്‍വെ നടത്താനെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശവും നല്‍കി. ആ ഘട്ടത്തില്‍ വിജയം രാജശേഖര റെഡ്ഡിയ്‌ക്കൊപ്പമായി. പുതിയ സര്‍വെയ്ക്കുളള ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു. ബങ്കളൂരുവിലെ റീജേണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടു വരുന്നതുവരെ പുതിയ സര്‍വെ നടത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം.

കര്‍ണാടകം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണസംവിധാനം സമ്പൂര്‍ണമായി വരുതിയിലാക്കിയും വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ടുമാണ് ഒബുലാപുരം മൈനിംഗ് കമ്പനി നക്ഷത്രങ്ങളിലേയ്ക്കു വളര്‍ന്നത്. ഓരോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലും മറയുമായി രാഷ്ട്രീയാധികാരവും ഭരണകൂടത്തിന്റെ അധികാരവുമുണ്ടായിരുന്നു. സുപ്രിംകോടതിയുടെ പരമാധികാരംപോലും റെഡ്ഡി മാഫിയ തീര്‍ത്ത അതിരുകള്‍ക്കു പുറത്തു തന്നെ നിന്നു.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാമ്പത്തിക സാമ്രാജ്യം

ഒഎംസി ഊറ്റിയെടുത്ത സമ്പത്തിന്റെ നേര്‍പകുതി വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ജഗ്‌മോഹന്റെ ഉടമസ്ഥതയിലുളള ആര്‍ ആര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്, റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഒബുലാപുരം മൈനിംഗ് കമ്പനിയില്‍ ഓഹരി നല്‍കി. ഒഎംസി ഖനനം ചെയ്യുന്ന അമ്പതു ശതമാനം ഇരുമ്പയിരും അടിസ്ഥാന വിലയ്ക്കു റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസിനു വില്‍ക്കണമെന്നായിരുന്നു കരാര്‍. അതായത് ഒഎംസി കുഴിച്ചെടുക്കുന്ന ഇരുമ്പയിരില്‍ പകുതിയും പ്രവര്‍ത്തനച്ചെലവു മാത്രം നല്‍കി ജഗന്‍ മോഹന്റെ കമ്പനി സ്വന്തമാക്കി. ആ വ്യവസ്ഥയോടെയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ 134 ഹെക്ടര്‍ വെ എസ് രാജശേഖര റെഡ്ഢി ഖനി മാഫിയയ്ക്ക് തീറെഴുതിയത്.

ചുരുങ്ങിയ കാലം കൊണ്ട് ജഗന്‍ മോഹന്റെ സമ്പാദ്യം പെരുകിക്കയറി. വളര്‍ച്ചയുടെ ആക്കമറിയാന്‍ 2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈ എസ് രാജശേഖര റെഡ്ഡി നല്‍കിയ സത്യവാങ്മൂലം വായിക്കണം. അതനുസരിച്ച് വൈഎസ്ആറിന്റെ കുടുംബസ്വത്ത് 50 ലക്ഷം രൂപയാണ്. മകന്‍ ജഗന്‍ മോഹന്റെ സ്വത്തും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; 9.18 ലക്ഷം രൂപ. വര്‍ഷം എട്ടു കഴിഞ്ഞപ്പോള്‍ വിവിധ കമ്പനികളിലായി ആകെ 1234 കോടിയുടെ നിക്ഷേപം ജഗന്‍ മോഹനുണ്ടെന്നാണ് സിബിഐ കണക്കാക്കുന്നത്.

2008-09 സാമ്പത്തിക വര്‍ഷത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആദായ നികുതി അടച്ചത് മൂന്നുലക്ഷത്തോളം രൂപ. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ സ്വത്തു പിന്നെയും ഉയര്‍ന്നു. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് സ്വത്തുവകകള്‍ 78 കോടി. 2011-ല്‍ കടപ്പ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ആ സ്വത്ത് 365 കോടിയായി കുതിച്ചുയര്‍ന്നു. വെറും ഭാര്യ വൈ. ഭാരതിയുടെ പേരില്‍ 42 കോടി രൂപ.

ജഗന്‍ മോഹന്റെ രണ്ടു വീടുകളുടെ മൂല്യം മാത്രം കണക്കാക്കിയാലും സ്വത്ത് ഇതിനപ്പുറം വരുമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. ബങ്കളൂരുവിനു സമീപം യെലഹങ്കയിലും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലും രണ്ടു രാജകൊട്ടാരങ്ങള്‍ ജഗന്‍ മോഹനുണ്ടത്രേ. യെലഹങ്കയില്‍ 31 ഏക്കറില്‍ പണിതുയര്‍ത്തിയ പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മതിപ്പുവില 400 കോടി. ഹെലിപ്പാഡും ജലധാരകളും വിശാലമായ പൂന്തോട്ടവുമൊക്കെയാണ് ആ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. ജൂബിലി ഹില്‍സിലെ കൊട്ടാരവും അതുപോലൊരെണ്ണം. ഒരു വീടിനു മാത്രം 400 കോടി രൂപ വിലമതിക്കുമ്പോള്‍ ആകെ സമ്പാദ്യം 365 കോടി രൂപയാവുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം തന്നെ.

കോര്‍പറേറ്റ് ലോകത്തും ജഗന്‍ മോഹന്‍ സാമ്രാജ്യം പണിതുയര്‍ത്തി. ജഗനും കുടുംബാംഗങ്ങള്‍ക്കു കൂടി ഭാരതി സിമന്റ്‌സില്‍ ഏതാണ്ട് 6650 കോടിയുടെ ഓഹരികളുണ്ട്. തന്റെ ഓഹരികളിലൊരു ഭാഗം 2500 കോടിയ്ക്ക് ഫ്രഞ്ച് സിമന്റ് കമ്പനിയായ എസ്എ ഡേശ് സിമന്റ്‌സിനു വിറ്റു. 2008ല്‍ മാധ്യമ വ്യവസായത്തിലേയ്ക്കു തിരിഞ്ഞു. സാക്ഷി എന്ന തെലുങ്കു പത്രവുമായി ജഗതി പബ്ലിക്കേഷനും സാക്ഷി ചാനലുമായി ഇന്ദിരാ ടെലിവിഷന്‍ കമ്പനിയും. സാക്ഷി ചാനലിലും പത്രത്തിലും നിക്ഷേപം നടത്തിയവര്‍ക്കൊക്കെ അടിസ്ഥാന സൗകര്യവികസനം, ജലസേചനം തുടങ്ങിയ കരാറുകള്‍ തീറെഴുതി. ഖനി മാഫിയ വഴി സമാഹരിച്ച കളളപ്പണം വെളുപ്പിക്കാന്‍ അസംഖ്യം കമ്പനികള്‍ വേറെയും സൃഷ്ടിച്ചു.

ആഡംബരജീവിതത്തിന്റെ റെഡ്ഡി സ്റ്റൈല്‍

ജഗന്‍ മോഹനും ജനാര്‍ദ്ദന റെഡ്ഡിയുമൊന്നും ശതകോടീശ്വരന്മാരുടെ ഔദ്യോഗിക പട്ടികയില്‍ പെടില്ല. കാരണം, സ്വത്തിന്റെ നല്ലപങ്കും കണക്കില്‍പ്പെടാത്ത കളളപ്പണമാണ്. ഒരുപക്ഷേ, അതുകൊണ്ടാവാം പണപ്രതാപം കാണിക്കാന്‍ ആഡംബരജീവിതത്തിന് അവര്‍ തനതു നിര്‍വചനം നല്‍കി. ജീവിതശൈലിയില്‍ ഔദ്യോഗിക ശതകോടീശ്വരന്മാരെ കളളപ്പണത്തിന്റെ ചക്രവര്‍ത്തിമാര്‍ കടത്തിവെട്ടി. 1998-ല്‍ പാപ്പരായെന്ന് സ്വയം പ്രഖ്യാപിച്ച ജനാര്‍ദ്ദനന്‍ റെഡ്ഡിയെന്ന ചിട്ടിക്കമ്പനി ഉടമ, രാഷ്ട്രീയാധികാരത്തിന്റെ ചെങ്കോലും കിരീടവും ചൂടിയപ്പോള്‍ എത്തിപ്പിടിച്ച നക്ഷത്രജീവിതം ഈ ജീവിതശൈലിയുടെ ചിത്രകഥയാണ്.

സ്വന്തമായി മൂന്നു ഹെലിക്കോപ്റ്ററുകള്‍. അതിലൊന്നിനു വില 12 കോടി. ഹെലികോപ്റ്റര്‍ പാര്‍ക്കു ചെയ്യാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിനു പ്രതിമാസം നല്‍കുന്ന വാടക 750000 രൂപ. വിദേശ ആഡംബര കാറുകള്‍ അസംഖ്യം. അഞ്ചു കോടി വിലമതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം, മസരാട്ടി, ഫോക്‌സ്‌വാഗന്‍, ബിഎംഡബ്ല്യൂ, കോണ്‍ടിനെന്റല്‍ ജിടി കൂപ്പെ, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്‌സ് കാര്‍, മെഴ്‌സിഡസ് ബെന്‍സ് ലിമോസെന്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഓഡി, മിറ്റ്‌സുബിഷി പജേറോ... എന്നിങ്ങനെ നീളുന്നു റെഡ്ഡിയുടെ ശേഖരത്തിലെ വിദേശകാറുകള്‍. ഇന്ത്യന്‍ കാറുകള്‍ ഇതിനു പുറമെ. രാഷ്ട്രീയപ്രചരണത്തിന് റോഡു ഷോ നടത്താന്‍ അഞ്ചു കോടി വിലയുളള വോള്‍വോ ബസ്. ബങ്കളൂരുവില്‍ നിന്ന് ഊണുകഴിക്കാന്‍ ബെല്ലാരിയിലെ വീട്ടിലെത്തുന്നതും പോകുന്നതും ഹെലിക്കോപ്റ്ററില്‍.

പുരാതനമായ കോട്ടയുടെ ശൈലിയില്‍ പണിത കെട്ടിടത്തിനുളളളില്‍ കടക്കാന്‍ മൂന്നു ചെക്ക്‌പോസ്റ്റുകള്‍ താണ്ടണം. പരിശോധനയ്ക്ക് മെറ്റല്‍ ഡിറ്റക്ടറുകള്‍, സ്‌കാനറുകള്‍, ബോംബു സ്‌ക്വാഡുകള്‍, സായുധരായ കമാന്‍ഡോകള്‍. അവരെ താണ്ടി സ്വീകരണ മുറിയിലെത്തുന്ന അതിഥികളെ എതിരേല്‍ക്കാന്‍ ദീപാലംകൃതമായ ചന്ദനസ്തൂപത്തില്‍ ഘടിപ്പിച്ച വജ്രകിരീടം. വീട്ടിനുളളില്‍ നീന്തല്‍ കുളം. കുളത്തില്‍ കിടന്നു സിനിമ കാണാന്‍ അത്യാധുനിക 70എംഎം സ്‌ക്രീന്‍. ലക്ഷങ്ങള്‍ ചെലവിട്ടൊരുക്കിയ ദീപക്കാഴ്ചയില്‍ വീടിനടുത്തുളള കുന്നു മുഴുവന്‍ നിന്നു ജ്വലിക്കുമായിരുന്നു. ബങ്കളൂരു നഗരമധ്യത്തില്‍ ടാജ് വെസ്റ്റ് എന്‍ഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിനടുത്ത് 'പരാജിത' എന്നപേരില്‍ അത്യാഡംബര അപ്പാര്‍ട്ടുമെന്റ്...

സുരക്ഷാകാരണങ്ങളാല്‍ റെഡ്ഡിയുടെ മക്കള്‍ പുറത്തിറങ്ങാറില്ല. അവര്‍ക്കു കളിക്കാന്‍ മാത്രം വീടിനു തൊട്ടടുത്ത് കുട്ടികള്‍ക്കു ഒരു മൂന്നുനില മണിമാളിക. തിരഞ്ഞെടുക്കപ്പെട്ട കളിക്കൂട്ടുകാര്‍ ഈ മാളികയിലെത്തുമായിരുന്നു.

2009 മെയില്‍ ഒരു വിവാഹാഘോഷത്തിന് 20 കോടി രൂപയാണ് റെഡ്ഡി കുടുംബം മുടക്കിയത്. പതിനായിരം അതിഥികളെ ബെല്ലാരിയിലെത്തിച്ചത് ഹെലിക്കോപ്റ്റര്‍ വഴി. 500 എയര്‍ കണ്ടീഷണറുകള്‍ കൊണ്ട് ശീതീകരിച്ച പടുകൂറ്റന്‍ കല്യാണപ്പന്തല്‍.

ഖനി കവര്‍ന്നെടുക്കാന്‍ അമ്പലം തകര്‍ത്തുവെങ്കിലും തികഞ്ഞ ഭക്തനാണ് റെഡ്ഡി. തിരുപ്പതി ക്ഷേത്രത്തിനു നല്‍കിയത് 40 കോടി വിലമതിക്കുന്ന വജ്രകിരീടം. അത്തരമൊന്ന് ബെല്ലാരിയിലെ വീട്ടിലും സൂക്ഷിച്ചിരുന്നു.

ഖനി തുരക്കാനുളള സീറോ റിസ്‌ക് സിസ്റ്റം

മന്ത്രിയായതോടെ സ്വന്തം കമ്പനിയുടെ മാത്രമല്ല, കര്‍ണാടകത്തിലെ ഇരുമ്പയിരു കൊളളയടിക്കാന്‍ ആര്‍ത്തിപൂണ്ടെത്തിയ എല്ലാ കൊളള കോര്‍പറേറ്റുകളുടെയും ഏക രക്ഷാധികാരിയായി ജനാര്‍ദ്ദന റെഡ്ഡി. മന്ത്രിക്ക് കപ്പം കൊടുത്താല്‍ പിന്നെ ആപത്ഛങ്ക വേണ്ട. ചുരുക്കത്തില്‍ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും മൊത്തം ഇരുമ്പയിരു ഖനനത്തിന്റെ നല്ലൊരു പങ്കും ജനാര്‍ദ്ദനറെഡ്ഡിയുടെ കൈവശമെത്തി.

തനതായ ശൈലിയും ആസൂത്രണവും കൊണ്ട് ജനാര്‍ദ്ദന റെഡ്ഡിയുടെ കൊളള സമ്പ്രദായത്തിന് ഒരു പേരുവീണു: സീറോ റിസ്‌ക് സിസ്റ്റം (zero risk system). രാഷ്ട്രീയാധികാരമായിരുന്നു ഈ അഴിമതി തന്ത്രത്തിന്റെ മര്‍മ്മം. ജനാര്‍ദ്ദന റെഡ്ഡിയും സഹോദരന്‍ കരുണാകര റെഡ്ഡിയും യെദ്യൂരപ്പ അംഗങ്ങള്‍. കരുണാകര റെഡ്ഡിയ്ക്ക് കിട്ടിയത് റവന്യൂ വകുപ്പ്. ഉറ്റ സുഹൃത്ത് ശ്രീരാമലുവും മന്ത്രിസഭയില്‍. മറ്റൊരു സഹോദരന്‍ സോമശേഖര റെഡ്ഡി എംഎല്‍എ. എന്തും അനുസരിക്കുന്ന എംഎല്‍എ വൃന്ദം.

പക്ഷേ, രാഷ്ട്രീയാധികാരത്തിന്റെ ഗര്‍വില്‍ മറ്റെല്ലാവരുടെയും വിഹിതം തട്ടിയെടുക്കാന്‍ റെഡ്ഡി ശ്രമിച്ചില്ല. സഹകരിച്ചവര്‍ക്കെല്ലാം കൊളളമുതലിന്റെ ചെറുവിഹിതമെങ്കിലും വീതിച്ചു കൊടുത്തു. ലോകായുക്തയുടെ റിപ്പോര്‍ട്ടു പ്രകാരം 617 ഉദ്യോഗസ്ഥര്‍ക്കായി വീതിച്ച കൈക്കൂലിത്തുക 246 കോടി. മിക്കവര്‍ക്കും മാസപ്പടിയായിരുന്നു. ബെല്ലാരി എസ്പിയ്ക്ക് പ്രതിമാസം 50,000, അഡീഷണല്‍ എസ്പിയ്ക്ക് 25000, പോര്‍ട്ട് ഡയറക്ടര്‍ക്ക് കപ്പലൊന്നിന് 50,000 രൂപ. മറ്റ് സ്റ്റാഫിന് കപ്പലൊന്നിന് 5500 രൂപ. ഉയര്‍ന്ന കസ്റ്റംസ് അധികൃതര്‍ക്ക് പ്രതിമാസം 33,000 രൂപയും ടണ്‍ ഒന്നിന് 50 പൈസ വെച്ച് ടോളും. ഇതൊന്നും ഖനി ഉടമകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു ചെയ്യേണ്ട. എല്ലാത്തിനും ഉത്തരവാദിത്തപ്പെട്ട ഇടത്തട്ടുകാരുണ്ട്. ടണ്‍ ഒന്നിന് 75 രൂപ മുതല്‍ 200 രൂപ വരെ ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കു മാത്രമാണ് ഖനിയുടമകള്‍ ചെയ്യേണ്ടിയിരുന്നത്.

ഖനനം സംബന്ധിച്ചുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിക്കപ്പെട്ടു. ഖനനാനുമതി ലഭിച്ച മേഖലയുടെ അതിരുകള്‍ക്കപ്പുറം കടന്ന് തുരങ്കങ്ങള്‍ വലുതായി. വനമേഖലയില്‍ ഖനനം നിരോധിച്ചിട്ടുണ്ടെങ്കിലും വകവെച്ചില്ല. ആറുമീറ്റര്‍ ആഴത്തില്‍ കുഴിക്കാനാണ് ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് നിശ്ചയിച്ച മാനദണ്ഡം. പക്ഷേ, കുഴിച്ചതെത്ര മീറ്റര്‍ എന്നതിന് ഒരു കണക്കുമില്ല. ഉദാഹരണം കൊണ്ടു സൂചിപ്പിച്ചാല്‍, 100 മെട്രിക് ടണ്‍ കുഴിച്ചെടുക്കാനായിരുന്നു അനുമതിയെങ്കില്‍, മാഫിയ 1000 മെട്രിക് ടണ്‍ കവര്‍ന്നെടുത്തു. 158 ലൈസന്‍സുകളാണ് ഖനനത്തിന് നല്‍കിയതെങ്കില്‍ ഖനനം നടന്നത് 252 ഇടങ്ങളിലായിരുന്നു. ഇരുമ്പയിരുമായി തുറമുഖത്തേയ്ക്കു പായുന്ന ലോറികളുടെ എണ്ണം ചെക്ക്‌പോസ്റ്റില്‍ കുറച്ചു കാണിച്ചു. പ്രതിദിനം 4000 ലോറികള്‍ ചീറിപ്പാഞ്ഞ സ്ഥലത്ത് ചെക്ക്‌പോസ്റ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് വെറും 200 ലോറികള്‍. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ വ്യാജ പെര്‍മിറ്റുകള്‍ നിര്‍മ്മിച്ചു. 600 കിലോമീറ്ററോളം വണ്ടിയോടിച്ചാണ് ഇരുമ്പയിര് തുറമുഖങ്ങളിലെത്തിച്ചത്. പരമാവധി കയറ്റാവുന്നതിന്റെ ഇരട്ടിയോളം ഭാരം കയറ്റിയാണ് 24 മണിക്കൂര്‍ കൊണ്ട് ലോറികള്‍ വന്നുപോയത്.

പ്രവര്‍ത്തനരഹിതമായ അനേകം ഖനികള്‍ പ്രവര്‍ത്തനസജ്ജമാണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് അനനധികൃത ഖനനം വഴി സമാഹരിച്ച ഇരുമ്പയിര് ജനാര്‍ദ്ദന റെഡ്ഡി തുറമുഖങ്ങളിലെത്തിച്ചത്.

പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഖനനത്തിന്റെ തീവ്രത കുറയ്ക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11 ഖനികളുടെ കണക്കുശേഖരിച്ചപ്പോള്‍ 14 മാസം കൊണ്ട് 73 ലക്ഷം ടണ്ണാണ് അനധികൃതഖനനം വഴി കവര്‍ന്നത്. ഇതിന്റെ മതിപ്പുവില 1849 കോടി രൂപ. ഈ തോതില്‍ ഖനനം തുടര്‍ന്നാല്‍ പാട്ടക്കാലാവധി തീരുന്നതിനു മുമ്പു നിക്ഷേപം മുഴുവന്‍ മാഫിയ തുരന്നെടുക്കുമെന്ന് 2008ല്‍ ലോകായുക്ത മുന്നറിയിപ്പു നല്‍കിയിരുന്നു. അത്ര മാരകമായിരുന്നു ഖനനത്തിന്റെ വേഗത. പരിസ്ഥിതി ആഘാതമോ ഖനിജനിക്ഷേപത്തിന്റെ അളവോ പരിഗണിക്കാതെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും ഇന്ത്യന്‍ മൈനിംഗ് ബ്യൂറോയും വിവേചനരഹിതമായി പാട്ടത്തിന് അനുമതിയും നല്‍കി. സംസ്ഥാനത്ത് വരാനിരിക്കുന്ന സ്റ്റീല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ടായി.

കര്‍ണാടകത്തിലെ മംഗലാപുരം, കാര്‍വാര്‍, ബെലേക്കാരി, ആന്ധ്രയിലെ കാക്കിനട, കൃഷ്ണപട്ടണം, വിശാഖപട്ടണം എന്നീ തുറമുഖങ്ങള്‍ വഴിയാണ് ഖനിനിക്ഷേപം വിദേശരാജ്യങ്ങളിലേയ്ക്കു കടത്തിയത്. ഇതില്‍ ഒന്നാം അധ്യായത്തില്‍ പരാമര്‍ശിച്ച ഗൗതം അദാനിയുടെ സ്വകാര്യ തുറമുഖമാണ് ബലേക്കാരി. ഇവിടെ എന്തും നടക്കും. അനധികൃതമായി കടത്തിയ 35 ലക്ഷം ടണ്‍ ഇരുമ്പയിര് ഈ തുറമുഖത്തു കണ്ടെത്തി. ഉദ്യോഗസ്ഥന്‍ രണ്ടാമത് പരിശോധനയ്ക്കു വന്നപ്പോള്‍ ഇരുമ്പയിരിന്റെ പൊടിപോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഇത്ര ഭീമമായ ഇരുമ്പയിര് അമുക്കിയത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. പക്ഷേ, ഒന്നും സംഭവിച്ചില്ല.

മാഫിയയുടെ കൊളളലാഭം, നാടിനു പെരുംചേതം

വിദേശത്തു കെട്ടിപ്പൊക്കിയ ബിനാമി സ്ഥാപനങ്ങളിലേയ്ക്കാണ് ജനാര്‍ദ്ദന റെഡ്ഡി ഈ സമ്പത്തു മുഴുവന്‍ കടത്തിയത്. റെഡ്ഡിയുടെ ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇരുമ്പയിരു വാങ്ങിയ സിംഗപ്പൂര്‍ കമ്പനിയായ ജിഎല്‍എ ട്രേഡിംഗ് ഇത്തരത്തിലൊരു ബിനാമി കമ്പനിയാണ്. വിപണി വിലയിലും വളരെ താഴ്ന്ന നിരക്കിലാണ് സിംഗപ്പൂര്‍ കമ്പനിയ്ക്ക് ഇരുമ്പയിരു വിറ്റത്. ഇതിന്റെ മാനേജിംഗ് ഡയറക്ടറും ജനാര്‍ദ്ദന റെഡ്ഡി തന്നെയാണെന്ന് ഇന്‍കംടാക്‌സ് കണ്ടെത്തി. റെഡ്ഡിയുടെ ഭാര്യയുടെ പേര് ലക്ഷ്മി അരുണ എന്നാണ്. ഗലി ജനാര്‍ദ്ദന റെഡ്ഡിയെന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ജിഎല്‍എ എന്നാല്‍ ഗലി ലക്ഷ്മി അരുണ.

ഗള്‍ഫിലുമുണ്ട് ഇതുപോലൊരു കമ്പനി. ജിഎല്‍എ ട്രേഡിംഗ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 2007 മുതല്‍ 2009 വരെ 8.5 ലക്ഷം മെട്രിക് ടണ്‍ ഇരുമ്പയിരാണത്രേ ഈ കമ്പനിയിലേയ്ക്കു കടത്തിയത്. താഴ്ന്ന വിലയ്ക്കു അയിരു വിറ്റതുവഴി ഏതാണ്ട് 300 കോടി രൂപനികുതിവകുപ്പിന് നഷ്ടമായി.

മാന്‍-ഗോ പബ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു ആരംഭത്തില്‍ ഈ കമ്പനിയുടെ പേര്. കമ്പനിയുടെ ഒരു ഷെയര്‍ ജിജെആര്‍ ഹോള്‍ഡിംഗിനു നല്‍കി. ജിജെആര്‍ എന്നാല്‍ ഗലി ജനാര്‍ദ്ദന റെഡ്ഡി. കമ്പനിയുടെ ഉടമസ്ഥന്റെ വിലാസം ഐല്‍ ഓഫ് മാന്‍ (Isle of Man) എന്ന ബ്രിട്ടീഷ് പ്രവിശ്യയിലേതാണ്. നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ് ഐല്‍ ഓഫ് മാന്‍ ദ്വീപ്.

കളളപ്പണം വിദേശത്തേയ്ക്കു കടത്തുന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് റെഡ്ഡിമാരുടെ ഇരുമ്പയിരു കയറ്റുമതി. രാജ്യത്തിന് ലഭിക്കുമായിരുന്ന വിദേശ നാണയം നഷ്ടപ്പെടുന്നതു മാത്രമല്ല, ആദായനികുതിയും കമ്പനി നികുതിയും ഖജനാവില്‍നിന്നും ചോരുന്നു. ഏതാണ്ട് ഒരു കോടി ടണ്‍ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് മതിപ്പുകണക്ക്.

റോയല്‍റ്റി ഇനത്തിലും സര്‍ക്കാരിനു ഭീമമായ നഷ്ടം ഉണ്ടാകുന്നു. അന്തര്‍ദേശീയ വിപണയില്‍ ഇരുമ്പയിരിന് 5000 - 6000 രൂപയുണ്ടായിരുന്നപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ റോയല്‍ട്ടി ഇനത്തില്‍ ഈടാക്കിയിരുന്നത് കേവലം 27 രൂപയായിരുന്നു.

അതേസമയം കയറ്റുമതിക്കാര്‍ക്കും ഖനിയുടമകള്‍ക്കും ഉണ്ടായ ലാഭമെത്രയെന്ന് ഊഹിച്ചുനോക്കൂ. ടണ്‍ ഒന്നിന് 5000 - 6000 രൂപയാണ് വില. ഒരു ടണ്‍ ഖനനം ചെയ്യാന്‍ ചെലവ് വെറും 150 രൂപ. തുറമുഖം വരെ എത്തിച്ച് ചരക്കു കടത്തുന്നതിനു മറ്റൊരു 150 രൂപ. കൈക്കൂലി 200 രൂപ. സര്‍ക്കാരിനുളള റോയല്‍ട്ടിയടക്കം ഏറിയാല്‍ 600 രൂപ മൊത്തം ചെലവ്. ഇതാണ് 6000 രൂപയ്ക്ക് വിദേശത്തു വിറ്റു ലാഭം കൊയ്തത്.

കര്‍ണാടകത്തിലെ മാഫിയ സംഘത്തിന്റെ തലവന്‍ ജനാര്‍ദ്ദന റെഡ്ഡി ആയിരുന്നെങ്കിലും സംഘത്തില്‍ ഇന്ത്യയിലെ പെരുമയേറിയ കുത്തക കമ്പനികളുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഭീമനായ മിത്തല്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്‍പാദകരായി മാറിക്കൊണ്ടിരിക്കുന്ന ജിന്‍ഡാല്‍ തുടങ്ങിയവരും ഈ അഴിമതിയില്‍ പ്രതിക്കൂട്ടിലാണ്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഒരു കമ്പനി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കു കൈക്കൂലി നല്‍കി എന്നും കേസുണ്ട്. കൈക്കൂലി നല്‍കിയ രീതി രസകരമാണ്. ബങ്കളൂരുവില്‍ ഒരു പ്ലോട്ട് മകള്‍ക്ക് യെദ്യൂരപ്പ 40 ലക്ഷം രൂപയ്ക്ക് അനുവദിച്ചു. അത് 20 കോടി രൂപയ്ക്കാണ് ജിന്‍ഡാല്‍ വാങ്ങിയത്.

കര്‍ണാടകയിലെ ഖനന അഴിമതിക്കേസ് പുറത്തുവന്നതോടു കൂടി ആന്ധ്ര, തുടര്‍ന്ന് ഗോവ, മധ്യപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരുന്ന സമാനമായ വെട്ടിപ്പുകളുടെ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. വിസ്തരഭയത്താല്‍ അവയോരോന്നിന്റെയും പരിശോധനയിലേയ്ക്കു കടക്കുന്നില്ല.

ഇതിനാകെ അരങ്ങൊരുക്കിയത് കയറ്റുമതി പ്രോത്സാഹനത്തിന്റെ പേരില്‍ ഇരുമ്പയിരു ഖനനം സ്വകാര്യമേഖലയ്ക്ക് 1991ല്‍ തുറന്നു കൊടുത്തതോടെയാണ്. പുതിയ നൂറ്റാണ്ട് ആരംഭിച്ചതോടെ ആഗോളവിപണിയിലെ ഇരുമ്പിന്റെ വില ഉയരാന്‍ തുടങ്ങി. ഒളിമ്പിക്‌സ് പ്രമാണിച്ച് ചൈനയില്‍ നടന്ന അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇന്ത്യയില്‍ നിന്നുളള കയറ്റുമതിയില്‍ 90 ശതമാനവും ചൈനയിലേയ്ക്കായിരുന്നു. ഏതാനും വര്‍ഷം കൊണ്ട് ഇരുമ്പയിരിന്റെ വില മൂന്നു മടങ്ങ് ഉയര്‍ന്നു. അതില്‍ത്തന്നെ ബെല്ലാരി മേഖലയില്‍ ലഭ്യമായ വളരെ നേര്‍ത്ത ഇരുമ്പയിരുപൊടിയ്ക്കാണ് വില ഏറ്റവുമുയര്‍ന്നത്. അതോടെയാണ് എന്തോ സ്വര്‍ണഖനി കണ്ടുപിടിച്ചതോടെ ഇന്ത്യന്‍ കമ്പനികളും ഇരുമ്പയിരു ഖനനത്തിലേയ്ക്ക് - പ്രത്യേകിച്ച് ബെല്ലാരിയിലേയ്ക്ക് - ഇരച്ചു കയറിയത്. റെഡ്ഡിയെപ്പോലുളള പുത്തന്‍ പണക്കാര്‍ മാത്രമല്ല, തറവാടികളും ഒട്ടും പിന്നിലായിരുന്നില്ല. റെഡ്ഡിയെപ്പോലുളളവരുടെ മേധാവിത്വം അംഗീകരിച്ചുകൊടുക്കാനും അവര്‍ സന്നദ്ധമായി.

അവസാനം കുരുങ്ങി!

നിനച്ചിരിക്കാതെയായിരുന്നു റെഡ്ഡിയുടെയും ജഗന്‍ മോഹന്റെയും വീഴ്ച. യാദൃശ്ചിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് അതിലേയ്ക്കു വഴി തെളിച്ചത്. പക്ഷേ, ഇതോടൊപ്പം അംഗീകരിക്കേണ്ട മറ്റൊരു വസ്തുത കൈക്കൂലിക്കു വഴങ്ങാത്ത ചില ഉദ്യോഗസ്ഥരും വിലയ്‌ക്കെടുക്കാനാവാത്ത ചില ന്യായാധിപന്മാരും ഇന്നുമുണ്ട് എന്നതാണ്.

റെഡ്ഡി സഹോദരന്മാരുടെ ശനികാലം ആരംഭിച്ചത് കര്‍ണാടകത്തിലെ ലോകായുക്ത ജഡ്ജി ഇരുമ്പയിരു ഖനനത്തെക്കുറിച്ചുളള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ്. ഹെഗ്‌ഡെയും കീഴുദ്യോഗസ്ഥരും കൂട്ടായി നടത്തിയ അതിസാഹസികമായ അന്വേഷണ പരമ്പരയാണ് കര്‍ണാടകത്തിലെ അഴിമതിക്കഥകള്‍ അനാവരണം ചെയ്തത്. ഇന്ത്യയില്‍ വരാന്‍പോകുന്ന ലോക്പാലിന്റെ തലവനാകാന്‍ വേണ്ടിയാണ് ഹെഗ്‌ഡെ ഈ കഠിനപ്രയത്‌നം ചെയ്തത് എന്ന് ആരോപണം ഉന്നയിച്ച തല്‍പ്പരകക്ഷികളുണ്ട്. ക്രമക്കേടുകളുടെ പരമ്പര അക്കമിട്ടു നിരത്തിയാണ് ലോകായുക്ത റെഡ്ഡിമാര്‍ക്കെതിരെ റിപ്പോര്‍ട്ടു നല്‍കിയത്. ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, ശ്രീരാമലു എന്നിവരെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ലോകായുക്ത ജഡ്ജി സന്തോഷ് ഹെഗ്‌ഡെ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

കേസ് ലോകായുക്തയുടെ മുന്നില്‍ വന്നതും തികച്ചും യാദൃശ്ചികമായാണ്. ജനതാദളും ബിജെപിയും ചേര്‍ന്ന് കുറച്ചുനാള്‍ കര്‍ണാടക ഭരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയായിരുന്നു മുഖ്യമന്ത്രി. കുമാരസ്വാമിയ്ക്ക് ഖനി മേഖലയില്‍ അനധികൃത ഇടപാടുകളുണ്ടായിരുന്നു. ബിജെപിയും ജനതാദളും തമ്മില്‍ തെറ്റിയപ്പോള്‍ ഖനിമേഖലയിലെ അഴിമതിയും വിവാദപ്രശ്‌നമായി. ബിജെപിയും ദളും അന്യോന്യം ചെളിവാരിയെറിഞ്ഞു. അങ്ങനെയാണ് കേസ് ലോകായുക്തയുടെ മുന്നിലെത്തിയത്. ബിജെപി സര്‍ക്കാര്‍ വന്നപ്പോഴും ലോകായുക്ത അന്വേഷണവുമായി മുന്നോട്ടു പോയി. ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ യെദ്യൂരപ്പ അടയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. എന്നാല്‍ യെദ്യൂരപ്പയെത്തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന അന്തിമ റിപ്പോര്‍ട്ടു വന്നതോടെ ബിജെപിയ്ക്ക് നില്‍ക്കക്കളളിയില്ലാതായി. ദേശീയതലത്തില്‍ ബിജെപിയ്‌ക്കെതിരെയുളള രാഷ്ട്രീയ ആക്രമണത്തിന് കോണ്‍ഗ്രസ് ഖനി അഴിമതി ആയുധമാക്കി.

2011 ആഗസ്റ്റ് മൂന്നിന് ജനാര്‍ദ്ദന റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. 2011 സെപ്തംബര്‍ 5ന് റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ബെല്ലാരി, അനന്തപൂര്‍ (ആന്ധ്രാപ്രദേശ്) മേഖലയിലെ അനധികൃത ഖനനം, അനധികൃത കയറ്റുമതി, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് റെഡ്ഡിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 മെയ് 31 മുതല്‍ 2011 ആഗസ്റ്റ് 3 വരെ കഷ്ടിച്ചു മൂന്നുവര്‍ഷമേ മന്ത്രിക്കസേരയിലിരുന്നുളളൂവെങ്കിലും ഈ ചുരുങ്ങിയ കാലം കൊണ്ട് ഇത്രവിപുലമായ ക്രമക്കേടു നടത്തുകയും ഭീമമായ സ്വത്തു സമ്പാദിക്കുകയും ചെയ്ത മറ്റൊരു മന്ത്രിയുണ്ടാവില്ല. പതിനായിരക്കണക്കിനു കോടികള്‍ വെട്ടിപ്പിടിച്ച് അത്യാഡംബരജീവിതം നയിച്ചിരുന്ന ജനാര്‍ദ്ദന റെഡ്ഡി ഇപ്പോള്‍ ആന്ധ്രയിലെ ചഞ്ചല്‍ഗുഡ ജയിലിലെ 697-ാം നമ്പര്‍ അന്തേവാസിയാണ്. ജയിലില്‍ കിടന്നും സമാനതകളില്ലാത്ത മറ്റൊരു വിവാദത്തിലെ നായകനായി.

ജാമ്യത്തിന് കൈക്കൂലി, അതും കോടികള്‍

ജാമ്യം ലഭിക്കാന്‍ 20 കോടി രൂപ സിബിഐയ്ക്ക് ജഡ്ജിയ്ക്കു ജനാര്‍ദ്ദന റെഡ്ഡി കൈക്കൂലി വാഗ്ദാനം ചെയ്തു. 2012 മെയ് 12ന് സിബിഐ ജഡ്ജി ടി. പട്ടാഭി രാമറാവു ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ജാമ്യം നല്‍കി വിധി പറഞ്ഞു. വിധി പറഞ്ഞ ജഡ്ജിയെ ഒട്ടും വൈകാതെ സിബിഐ അറസ്റ്റും ചെയ്തു. സിബിഐ കോടതിയിലെ തന്നെ മുന്‍ജഡ്ജിയായിരുന്ന ടി. വി. ചലപതി റാവുവും അറസ്റ്റിലായി. ജാമ്യം നല്‍കാന്‍ അഞ്ചു കോടി രൂപ കൈപ്പറ്റിയ കുറ്റത്തിന് ടി പട്ടാഭി രാമറാവുവിനെ ആന്ധ്രാ ഹൈക്കോടതി സസ്‌പെന്‍ഡു ചെയ്തു. ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിയാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്. കൈക്കൂലിയില്‍ പകുതിത്തുക കൈപ്പറ്റിയ പട്ടാഭിറാവു റെഡ്ഡിയ്ക്ക് ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍ സിബിഐ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ റെഡ്ഡിയ്ക്കു പുറത്തിറങ്ങാനായില്ല. ഹൈക്കോടതിയിലെ ശര്‍മ്മ എന്നുപേരുളള ഒരു ജഡ്ജിയെ സ്വാധീനിക്കാനും ശ്രമം നടന്നുവത്രേ. ഹൈക്കോടതിയിലും ജാമ്യം ലഭിച്ചാല്‍ ബാക്കി തുകയും നല്‍കാമെന്നായിരുന്നു കരാര്‍.

ജനാര്‍ദ്ദന റെഡ്ഡിയുടെ വാഴ്ചക്കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ബെല്ലാരിയ്ക്കുമീതെ ഭയം ഘനീഭവിച്ചു നിന്നിരുന്നു. പൊതുസമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും മറ്റു ഖനികളുടെ ഉടമകളുടെയും തൊഴിലാളികളുടെയുമൊക്കെ പൊതുവികാരം ഭയമായിരുന്നു. ഭയന്നു ജീവിച്ച ഒരു ജനതയുടെ നെഞ്ചിടിപ്പ് സിബിഐ നേരിട്ടറിഞ്ഞത് ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ച ദിവസമായിരുന്നു. ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവന്നയുടനെ ബങ്കളൂരുവിലെ സിബിഐ ഓഫീസിലേയ്ക്ക് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. ജനാര്‍ദ്ദന റെഡ്ഡിയ്‌ക്കെതിരെ സിബിഐയ്ക്കു മൊഴി നല്‍കിയ 300ലേറെ സാക്ഷികളുടെ നെഞ്ചു പിളര്‍ക്കുന്ന വാര്‍ത്തയായിരുന്നു അത്.

പലരും മജിസ്‌ട്രേറ്റിനു മുമ്പില്‍ നേരിട്ടു മൊഴി കൊടുത്തവരാണ്. അതു പിന്‍വലിക്കാനാവില്ല. അങ്ങനെ മൊഴി നല്‍കിയവര്‍ ഏതുനിമിഷവും വെട്ടയാടപ്പെടുമെന്നു ഭയന്നു. ജഡ്ജിയ്ക്ക് 20 കോടി കൈക്കൂലി കൊടുത്ത് ജാമ്യം നേടാന്‍ ശ്രമിച്ചയാളിന് തനിക്കെതിരെ സാക്ഷി പറഞ്ഞ സാധാരണക്കാരെ കൈകാര്യം ചെയ്യാനാണോ പ്രയാസം.

റെഡ്ഡി വാഴ്ചയെ യഥാതഥം വരച്ചിടുന്നതാണ് സിബിഐയുടെ പക്കലുളള മൊഴികള്‍. തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഖനനത്തിന് പെര്‍മിറ്റുകളില്‍ ഒപ്പിടുവിച്ചത് എന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗവണ്മെന്റ് ജനാര്‍ദ്ദന റെഡ്ഡിയുടേതാണ്, അനുസരിച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റു ചെയ്യുമെന്ന് റെഡ്ഡിയുടെ വലംകൈയായ അലിഖാന്‍ തന്നെ ഭീഷണിപ്പെടുത്തി ആവശ്യമായ ഉത്തരവുകള്‍ എഴുതി വാങ്ങിയിട്ടുണ്ടെന്ന് മറ്റൊരുദ്യോഗസ്ഥന്റെ മൊഴി. അലിഖാനും കൂട്ടരും പറയുന്നതിന് വഴങ്ങാതിരുന്നതിന് ക്രൂരമര്‍ദ്ദനമേറ്റവരുടെ മൊഴികളുമുണ്ട്. സിബിഐ ഹൈക്കോടതിയില്‍ പോയി വിധി അസ്ഥിരപ്പെടുത്തിയതു കൊണ്ട് ജനാര്‍ദ്ദന റെഡ്ഡി ഇപ്പോഴും ജയിലില്‍ത്തന്നെ. ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷനും ജയില്‍വാസവും.

ജനാര്‍ദ്ദന റെഡ്ഡിയുടെ സകല സമ്പത്തും കണ്ടുകെട്ടുകയും ബിനാമി അക്കൗണ്ടുകളടക്കം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഏതോ തുരങ്കങ്ങളില്‍ ഇനിയും കോടാനുകോടികള്‍ അവശേഷിക്കുന്നുണ്ട് എന്നാണ് 20 കോടിയുടെ ഈ കൈക്കൂലി വാഗ്ദാനം തെളിയിക്കുന്നത്. ജുഡീഷ്യറിയെയും സ്വാധീനിക്കാന്‍ എന്തുവില കൊടുക്കാനും ഖനി മാഫിയ തയ്യാറാണ്.

ജഗന്‍ മോഹനും ജയിലില്‍

ആന്ധ്രയിലും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റങ്ങള്‍ നടന്നു. വൈ എസ് രാജശേഖര റെഡ്ഡി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവടംവലിയ്ക്കിടയില്‍ ധനമന്ത്രി റോസയ്യ മുഖ്യമന്ത്രിയായി. ജഗന്‍ മോഹനെ കോണ്‍ഗ്രസ് തഴഞ്ഞു. റോസയ്യയ്ക്ക് ജഗന്‍ മോഹനെ ജയിലിലടയ്ക്കാന്‍ അധികം മെനക്കെടേണ്ടി വന്നില്ല. കാരണം, അപ്പോഴേയ്ക്കും ആന്ധ്രയിലെ ഖനിത്തട്ടിപ്പു കേസ് സുപ്രിംകോടതിയിലെത്തിയിരുന്നു.

ബങ്കളൂരുവിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വരുന്നതുവരെ അന്വേഷണം നിര്‍ത്തിവെയ്ക്കാനാണല്ലോ തീരുമാനിച്ചിരുന്നത്. പുതുതായി വന്ന കണ്‍സര്‍വേറ്റര്‍ സത്യസന്ധനായിരുന്നു. സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ പിടിക്കപ്പെട്ടു. യഥാര്‍ത്ഥ സ്‌കെച്ചും മാപ്പും അനുസരിച്ചല്ല അതിരുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നു കണ്ടെത്തി. തുടര്ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ കേന്ദ്രസര്ക്കാരിനു സ്വീകാര്യമല്ലെന്നും എത്രയും വേഗം പുതിയ സര്‍വെ നടത്തണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കര്‍ശന നിലപാടു സ്വീകരിച്ചു.

വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലെത്തി. ആറു മാസത്തിനകം പുതിയ സര്‍വെ നടത്തണമെന്ന് സുപ്രിംകോടതിയും ആവശ്യപ്പെട്ടു. സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വെ സംഘത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹോം സെക്രട്ടറി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതി. എന്നിട്ടും ഫലമുണ്ടായില്ല. ഒബുലാപുരം മൈനിംഗ് കോര്‍പറേഷന് സംസ്ഥാന ഭരണത്തിലുളള സ്വാധീനം എത്ര വലുതാണ് എന്നു തെളിയിക്കുന്നതാണ് ഈ അനുഭവം.

വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി (സിഇസി)യുടെ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന് എതിരായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും ഖജനാവിന്റെ നഷ്ടവും വിശദമായി ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലും നടപടിയെടുത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഒബുലാപുരത്തെ ഖനനത്തിലിടപെടാന്‍ സിഇസിയ്ക്ക് യാതൊരു അവകാശവുമില്ലെന്നു വാദിച്ച് ഒഎംസിയുടെ ഡയറക്ടര്‍മാര്‍ നിരന്തരം പത്രസമ്മേളനങ്ങള്‍ നടത്തി.

ഈ സന്ദര്‍ഭത്തിലാണ് ആന്ധ്രയിലെ രാഷ്ട്രീയ മാറ്റങ്ങള്‍. ഒബുലാപുരം ഖനനത്തെയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്തു സമ്പാദനത്തെയും കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസിനും റോസയ്യയ്ക്കും ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ല. സിബിഐ ജഗന്‍ മോഹനെ അറസ്റ്റു ചെയ്തു. എന്നാല്‍ വൈഎസ് രാജശേഖര റെഡ്ഡി കോണ്‍ഗ്രസിന്റെ അഭിമാനതാരമായി വിലസിയ കാലത്താണ് ജഗന്‍ മോഹന്‍ ഈ സ്വത്തു വാരിക്കൂട്ടിയത് എന്ന കാര്യം അവര്‍ മറന്നു പോയി.

ഒരു ദശാബ്ദം കൊണ്ട് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇരുമ്പയിരു സമ്പത്താണ് മാഫിയ ബെല്ലാരിയില്‍ നിന്നും കടത്തിയത്. ഒട്ടേറെപ്പേര്‍ കോടീശ്വരന്മാരായി. ചിലര്‍ ശതകോടീശ്വരന്മാരായി. പക്ഷേ, ബെല്ലാരിയിലെ ജനങ്ങള്‍ക്കെന്തു കിട്ടി? ഇന്നും ആ മേഖലയിലെ ദാരിദ്യരേഖയ്ക്കു കീഴിലുളളവരുടെ എണ്ണം നാല്‍പതു ശതമാനത്തിലേറെയാണ്. സാക്ഷരത ഏതാണ്ട് 50 ശതമാനവും. മാനവവിഭവസൂചികയെടുത്താല്‍ കര്‍ണാടകയില്‍ ബെല്ലാരിയ്ക്കു താഴെ നാലു ജില്ലകളേയുളളൂ. സമൃദ്ധിയ്ക്കിടയില്‍ ഇതുപോലെ ദാരിദ്ര്യം അപൂര്‍വമായിരിക്കും.

ബെല്ലാരി റിസര്‍വ് വനത്തിന് ഉണ്ടായ ആഘാതം അപരിഹാര്യമാണ്. ബെല്ലാരി വനമേഖലയില്‍ മാത്രം കാണാറുണ്ടായിരുന്ന സ്ലോത്ത് ബീയര്‍ എന്നറിയപ്പെടുന്ന അപൂര്‍വയിനം കരടിയുടെ വംശം അപ്രത്യക്ഷമായി. അപൂര്‍വയിനം ഔഷധസസ്യങ്ങള്‍ പ്രകൃതിയിലേയ്ക്ക് എന്നെന്നേയ്ക്കുമായി മടങ്ങി. ബെല്ലാരി മേഖലയില്‍ മഴ അപൂര്‍വ പ്രതിഭാസമായി. കാടു കരിഞ്ഞുണങ്ങി. ലോഡു കയറ്റി കുതിച്ചുപാഞ്ഞ ലോറികള്‍ റോഡുകള്‍ തകര്‍ത്തു. ഭ്രാന്തമായ ലാഭതൃഷ്ണയോടെ ഭൂമി തുരന്ന ഖനി മാഫിയയോട് ആകാശവും അന്തരീക്ഷവും ചെയ്ത പ്രതികാരത്തിന് ഇരയായത് പാവം ഗ്രാമവാസികള്‍.

1 comment:

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...