(സാമൂഹ്യശാസ്ത്രത്തിന് ഒരു പുത്തന്‍ സംഭാവന: പാര്‍ട്ടി ഗ്രാമവ്യവസ്ഥ എന്ന ലേഖനത്തിന്റെ തുടര്‍ച്ച)
പാര്‍ടി ഗ്രാമവ്യവസ്ഥ എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത് കൃത്യമായ ചില ഉന്നങ്ങളോടെയാണ്. പാര്‍ടി ഗ്രാമവ്യവസ്ഥ നിലനില്‍ക്കുന്നത് മലബാറിലാണ്. അതുകൊണ്ടാണ് മലബാറിന്റെ പിന്നോക്കാവസ്ഥ തുടരുന്നതു പോലും. മലബാറില്‍ സംരംഭകത്വം വളരണമെങ്കില്‍ ഇടതുപക്ഷ രാഷ്ട്രീയം തകരണം. പാര്‍ടി ഗ്രാമവ്യവസ്ഥയെ തകര്‍ക്കണം - ഡോ. ജോസ് സെബാസ്റ്റ്യന്റെ നിഗമനം ഇതാണ്; ;"
മലബാര്‍ജില്ലകളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഏതെങ്കിലും സര്‍ക്കാരിന്റെ അവഗണനയാണെന്ന് ദോഷൈകദൃക്കുകള്‍പോലും ആരോപിക്കുകയില്ല. സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പ്രോത്സാഹനമല്ല തിരു-കൊച്ചി മേഖലയുടെ ഇന്നത്തെ ഉണര്‍വിന് കാരണം. അപ്പോള്‍ മലബാര്‍ജില്ലകളുടെ പിന്നാക്കാവസ്ഥയ്ക്കുള്ള പരിഹാരമെന്താണ്? ഉത്തരം സംരംഭകത്വത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതുമാത്രമാണ്. പോലീസിന്റെയും കോടതികളുടെയും ആജ്ഞാശക്തി പുനഃസ്ഥാപിച്ച് നിയമവാഴ്ച ഉറപ്പുവരുത്തുകയാണ് ഇവിടെ സര്‍ക്കാരിന്റെ പ്രാഥമികമായ കടമ. സ്വയംതൊഴിലുകാരിലും ചെറുകിട, ഇടത്തരം സംരംഭകരിലും ആത്മവിശ്വാസം ജനിപ്പിക്കാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗമില്ല. പാര്‍ടിഗ്രാമങ്ങള്‍പോലുള്ള പ്രാകൃതസമ്പ്രദായങ്ങള്‍ നിസ്സഹായതയില്‍നിന്ന് ഉടലെടുക്കുന്നതാണ്. സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുള്ള അവസരമുണ്ട് എന്നുവന്നാല്‍ ഇവ നല്കുന്ന വ്യാജമായ സുരക്ഷിതത്വബോധം വലിച്ചെറിയാന്‍ ജനങ്ങള്‍ തയ്യാറാകും. ഇത് മലബാറിലെ സാമ്പത്തികരാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.മലബാറിന്റെ പിന്നോക്കാവസ്ഥ
ജൂലൈ മൂന്നിന്റെ മാതൃഭൂമി ലേഖനത്തില്‍ മലബാറിലെ പിന്നോക്കാവസ്ഥ വര്‍ദ്ധിക്കുന്നു എന്നുളളതിന് ഡോ. ജോസ് സെബാസ്റ്റ്യന്‍ 2009-10, അല്ലെങ്കില്‍ 2010-11 വര്‍ഷത്തെ അടിസ്ഥാനമാക്കിയുളള താഴെ പറയുന്ന കണക്കുകള്‍ അവതരിപ്പിക്കുന്നു. പ്രതിശീര്‍ഷ വരുമാനം, ചെറുകിട സംരംഭങ്ങളില്‍ നിന്നുളള പ്രതിശീര്‍ഷ വരുമാനം, പ്രതിശീര്‍ഷ ബാങ്കു വായ്പ, വാഹനങ്ങളുടെ ജനസംഖ്യാനുപാതം, സ്വാശ്രയ മേഖലയില്‍ ലഭിച്ചിട്ടുളള സീറ്റുകളുടെ ജനസംഖ്യാനുപാതം എന്നിവ സംബന്ധിച്ച കണക്കുകള്‍ ജില്ല തിരിച്ചു നല്‍കുന്നു. എന്നിട്ട് ഇവയുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ റാങ്കുകളും സൂചിപ്പിച്ചിട്ടുണ്ട്.
ഇതിലേതു സൂചകമെടുത്താലും പൊതുവില്‍ മലബാര്‍ ജില്ലകളുടെ റാങ്ക് തിരു-കൊച്ചി ജില്ലകളെ അപേക്ഷിച്ച് താഴെയാണ്. ഇതില്‍നിന്ന് എത്തിച്ചേരാവുന്ന ഏകനിഗമനം തിരു-കൊച്ചിയെ അപേക്ഷിച്ച് മലബാര്‍ പിന്നോക്കമാണ് എന്നതു മാത്രമാണ്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഈ അന്തരം വര്‍ദ്ധിച്ചുവെന്ന നിഗമനത്തിലെത്താനാവില്ല. ഇതു തിരിച്ചറിയുന്നതു കൊണ്ടാവാം ജൂലൈ 27ന് മൂന്നാമതൊരു ലേഖനവും കൂടി മാതൃഭൂമി പത്രത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചത്. അതില്‍ 1980-81ലെയും 2010-11ലെയും മലബാറും തിരു-കൊച്ചിയും തമ്മില്‍ പ്രതിശീര്‍ഷ വരുമാനത്തിലും പ്രതിശീര്‍ഷ വ്യവസായ വരുമാനത്തിലും പ്രതിശീര്‍ഷ ബാങ്കു നിക്ഷേപത്തിലും പ്രതിശീര്‍ഷ ബാങ്കു വായ്പയിലുമുളള അന്തരങ്ങളെ താരതമ്യപ്പെടുത്തിയിരിക്കുന്നു. 1980നെ അപേക്ഷിച്ച് 2011ല്‍ ഈ അന്തരം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തിരു-കൊച്ചി കുതിക്കുമ്പോള്‍ മലബാര്‍ കിതയ്ക്കുകയാണ് എന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല.
1990കള്‍ മുതല്‍ ഏതാണ്ട് ദേശീയ വളര്‍ച്ചാനിരക്കിനോടൊപ്പം മലബാര്‍ മേഖലയും വളരുന്നുണ്ട്. അതിനേക്കാള്‍ വേഗതയില്‍ തിരു-കൊച്ചി മേഖല വളരുന്നു. വര്‍ദ്ധിച്ചുവരുന്ന അസമത്വം കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലും ഗ്രാമ-നഗരങ്ങള്‍ തമ്മിലും കൃഷിയും കാര്‍ഷികേതരവൃത്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും വരുമാനം, ഉപഭോഗം, സ്വത്തുടമസ്ഥത ഇവയിലെല്ലാം അസമത്വം ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
കേരളം എങ്ങനെ ഇതിന് അപവാദമാകും? അസമത്വത്തിന്റെ വിവിധ സൂചികകളെടുത്താല്‍ പൊതുവില്‍ അസമത്വം വര്‍ദ്ധിക്കാതിരിക്കുക, അല്ലെങ്കില്‍ കുറഞ്ഞുവരിക എന്നതായിരുന്നു കേരളത്തിന്റെ വികസനാനുഭവം. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഈ പ്രവണതയ്ക്ക് വിരാമമിട്ട് അസമത്വം വര്‍ദ്ധിപ്പിക്കുന്നു എന്നു തെളിയിക്കുന്ന പല പഠനങ്ങളും പുറത്തുവന്നുകഴിഞ്ഞു. പക്ഷേ, പ്രാദേശിക അസമത്വം വര്‍ദ്ധിക്കുന്നതിന് ഡോ. ജോസ് സെബാസ്റ്റ്യന്‍ കാണുന്ന കാരണം പാര്‍ടി ഗ്രാമവ്യവസ്ഥയാണ്. തിരു-കൊച്ചിയുടെ സാമ്പത്തിക വളര്‍ച്ച സമീപകാലത്ത് കൂടുതല്‍ വേഗതയിലായതിനു കാരണം കൊച്ചി നഗരവുമായി ബന്ധപ്പെട്ടു നടക്കുന്ന ദ്രുതഗതിയിലുളള വികസനമാണ്. തിരു-കൊച്ചിയിലെ മറ്റു ജില്ലകളുടെ പ്രതിശീര്‍ഷ വ്യവസായ വരുമാനത്തേക്കാള്‍ 107 ശതമാനം ഉയര്‍ന്നതായിരുന്നു 1980-81ല്‍ എറണാകുളം ജില്ലയിലെ പ്രതിശീര്‍ഷ വരുമാനം. ഇത് 2010-11 ആയപ്പോഴേയ്ക്കും 200 ശതമാനമായി ഉയര്‍ന്നുവെന്ന് ജോസ് സെബാസ്റ്റ്യന്‍ നല്‍കുന്ന കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.
പ്രതിശീര്‍ഷവരുമാനമെടുത്താല്‍ എറണാകുളം ജില്ലയിലെ പ്രതിശീര്‍ഷവരുമാനം 2010-11ല്‍ 36 ശതമാനം ഉയര്‍ന്നതാണ്. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത്. പുതിയ സാമ്പത്തികനയങ്ങള്‍ ഈ പ്രതിഭാസത്തിന് ഉത്തേജകമായിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിലുളള വരുമാനക്കണക്കുകളുടെ അതീവഗൗരവമായ പരിമിതികള്‍ ഏവര്‍ക്കും അറിവുളളതാണ്. ഇനി അവ അംഗീകരിച്ചാല്‍ത്തന്നെ മലബാറില്‍ പ്രതിശീര്‍ഷ വരുമാനം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ജില്ല ജോസ് സെബാസ്റ്റ്യന്റെ അഭിപ്രായത്തില്‍ പാര്‍ടി ഗ്രാമവ്യവസ്ഥ കട്ടപിടിച്ചു കിടക്കുന്ന കണ്ണൂരാണ് (76995 രൂപ). അതേസമയം പാര്‍ട്ടി ഗ്രാമവ്യവസ്ഥ ഏറ്റവും ദുര്‍ബലമെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന മലപ്പുറമാണ് പ്രതിശീര്‍ഷ വരുമാനം ഏറ്റവും താഴ്ന്നു നില്‍ക്കുന്നത് (51221 രൂപ). ഇതില്‍നിന്ന് പാര്‍ടി സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നോക്കാവസ്ഥ വിശദീകരിക്കാനുളള ശ്രമങ്ങള്‍ എത്ര ബാലിശമാണെന്നു വെളിപ്പെടുന്നുണ്ട്. പക്ഷേ, ജോസ് സെബാസ്റ്റ്യന്റെ വിശകലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മ സാമൂഹ്യസൂചകങ്ങളെ പാടെ അവഗണിക്കുന്നു എന്നുളളതാണ്. ഈ സൂചകങ്ങളെടുത്താല്‍ വ്യത്യസ്തമായ ഒരു ചിത്രമാണ് തെളിയുക.
വിദ്യാഭ്യാസ - ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് എന്തു സംഭവിച്ചു? വിദ്യാഭ്യാസനിലയില്‍ മലബാറും തിരു-കൊച്ചിയും തമ്മിലുളള അന്തരം സംബന്ധിച്ച ഡോ. മൈക്കിള്‍ തരകന്റെ പഠനം ഈ സന്ദര്‍ഭത്തില്‍ വളരെ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ഓരോ പത്തുവര്‍ഷത്തെയും കാനേഷുമാരി കണക്കു പുറത്തുവന്നപ്പോള്‍ സാക്ഷരതാനിലവാരത്തില്‍ മലബാറും തിരു-കൊച്ചിയും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവന്നു. സ്വാതന്ത്ര്യത്തിനു ശേഷമാണിതു കുറഞ്ഞത്. ഇതിലേറ്റവും ശ്രദ്ധേയമായ ഇടിവുണ്ടായത് ഭൂപരിഷ്കരണം നടപ്പാക്കിയ എഴുപതുകള്‍ക്കു ശേഷമാണ്. വിദ്യാഭ്യാസ കാര്യത്തില്‍ മലബാര്‍ ഇന്നും തിരു-കൊച്ചിയെ അപേക്ഷിച്ച് പുറകിലാണെങ്കിലും അന്തരം കുറഞ്ഞുവരുന്നു. ആരോഗ്യനിലയുടെ കാര്യത്തിലും പഠനങ്ങള്‍ ഇതേ പ്രതിഭാസം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ജില്ലകള്‍ തമ്മിലുളള അന്തരം അറുപതുകള്‍ക്കുശേഷം കുറഞ്ഞുവന്നുവെന്ന് ജോര്‍ജ് മാത്യുവിന്റെ എം ഫില്‍ പ്രബന്ധം തെളിയിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഒട്ടെല്ലാ സാമ്പത്തിക സൂചകങ്ങളും കാണിക്കുന്നത്. ഈ ലളിതമായ കാര്യം പോലും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഡോ. ജോസ് സെബാസ്റ്റ്യന്‍ എങ്ങനെ വളച്ചൊടിച്ചുവെന്ന് നോക്കുക.
മലബാര്‍മേഖലയില്‍ സ്ഥിതി നേരേ മറിച്ചായിരുന്നു. രാഷ്ട്രീയ ഏറ്റുമുട്ടലുകളുമൊക്കെയായി അവിടെ അന്തരീക്ഷം എപ്പോഴും കലുഷിതമായിരുന്നു. മലപ്പുറവും വയനാടും ഒഴിച്ചുള്ള ജില്ലകളിലെല്ലാംതന്നെ പാര്‍ടിഗ്രാമവ്യവസ്ഥ കൂടുതല്‍ ശക്തവും വ്യാപകവുമായിക്കൊണ്ടിരുന്നു. പൊലീസിനും കോടതിവിധികള്‍ക്കുമൊന്നും വഴങ്ങാത്ത ഈ പ്രദേശങ്ങളിലൊക്കെ സ്വകാര്യസംരംഭങ്ങള്‍ വിരളമായേ ഉയര്‍ന്നുവന്നുള്ളൂ.എന്തുകൊണ്ട് മലബാര്‍ തിരു-കൊച്ചിയെ അപേക്ഷിച്ച് പിന്നിലായി എന്നതിന് കാരണം തേടേണ്ടത് കൊളോണിയല്‍ കാലഘട്ടത്തില്‍ ഈ രണ്ടുപ്രദേശങ്ങളില്‍ നിലനിന്നിരുന്ന കാര്‍ഷിക ബന്ധങ്ങളുടെ വ്യത്യസ്തകളാണെന്ന് ഇഎംഎസും ഡോ. കെ. എന്‍. രാജും ഇവരെ പിന്തുടര്‍ന്ന് സിഡിഎസില്‍ ഉയര്‍ന്നുവന്ന ഏതാണ്ട് എല്ലാ പണ്ഡിതന്മാരും ഓരോരോ മേഖലകളില്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുളളതാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തിലുളള കേന്ദ്രീകൃത രാജവാഴ്ചയുടെ ഉദയം പഴയ മാടമ്പിമാരെ ഇല്ലായ്മ ചെയ്ത് സ്വന്തം ഭൂമിയുളള കൃഷിക്കാരുടെ വര്‍ഗത്തെ സൃഷ്ടിച്ചു. സമ്പന്നകൃഷിക്കാരുടെയും ഇടത്തരക്കാരുടെയും പുതിയ സാമൂഹ്യവര്‍ഗങ്ങള്‍ ഉയര്‍ന്നു വന്നു. ഇവരാണ് തിരു-കൊച്ചി പ്രദേശത്തെ സാമുദായിക സാമൂഹ്യ സംഘടനകളുടെയും പരിഷ്കാരങ്ങളുടെയും പ്രേരകബലങ്ങളായത്.
അതേസമയം മലബാറിലെ ബ്രിട്ടീഷ് ഭരണം അവിടെ ജന്മിത്വത്തെ പുനഃസ്ഥാപിച്ചു. കര്‍ഷകജനസാമാന്യം പാപ്പരായി. പുതിയ സമ്പന്ന വിഭാഗങ്ങളുടെ വളര്‍ച്ച മന്ദീഭവിച്ചു. അതുകൊണ്ടാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഇവിടെ ദുര്‍ബലമായത്. മുപ്പതുകളുടെ അവസാനത്തോടെ ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും മലബാറില്‍ ശക്തിപ്പെട്ടതോടെയാണ് ഇതിലൊരു മാറ്റം വരാന്‍ തുടങ്ങിയത്.
എന്നാല്‍ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് ജോസ് സെബാസ്റ്റ്യന്‍ നല്‍കുന്ന വിശദീകരണം വായിക്കൂ.
മതസാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ തിരു-കൊച്ചിയിലുണ്ടായ മുന്നേറ്റം മലബാറില്‍ സംഭവിച്ചില്ല. ഇതിനുള്ള ഒരു കാരണം ഇതിനകം മലബാറില്‍ ശക്തിപ്രാപിച്ച ഇടതുപക്ഷരാഷ്ട്രീയം സാമുദായികമായി സംഘടിക്കുന്നതിനെ ഫലപ്രദമായി പ്രതിരോധിച്ചതായിരിക്കണം. മറ്റൊന്ന് പാര്‍ടിഗ്രാമവ്യവസ്ഥയും അത് വളര്‍ത്തിയെടുത്ത മൂല്യങ്ങളും മനോഭാവങ്ങളുമാണ്.എങ്ങനെയാണ് ബ്രിട്ടീഷുകാര്‍ ജന്മിത്വം പുനഃസ്ഥാപിച്ച്, മലബാറിലെ മദ്രസകളെയും കുടിപ്പളളിക്കൂടങ്ങളെയും തകര്‍ത്ത്, മലബാറിലെ വിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന പ്രൊഫസര്‍ കാതലീന്‍ ഗൗ മുതല്‍ ഡോ. മൈക്കിള്‍ തരകന്‍ വരെയുള്ളവരുടെ പ്രബന്ധങ്ങളുണ്ട്.
മലബാറില്‍ പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെ തകര്‍ന്നപ്പോള്‍ തിരു-കൊച്ചിയിലെ പുതിയ സമ്പന്നവര്‍ഗങ്ങള്‍ കുടിപ്പളളിക്കൂടങ്ങള്‍ക്കും മറ്റും പുതിയൊരുത്തേജനം നല്‍കി. തങ്ങളുടെ സാമ്പത്തികനിലയ്ക്ക് അനുസൃതമായ സാമൂഹ്യപദവി നേടുന്നതിനു വേണ്ടിയുളള ഒരു കോണിയായി അവര്‍ണര്‍ വിദ്യാഭ്യാസത്തെ കണ്ടു. ഇത് വിദ്യാഭ്യാസ വികസനത്തിനായുളള ഒരു കിടമത്സരം സൃഷ്ടിച്ചു. ഈ സമ്മര്‍ദ്ദമാണ്, തിരുവിതാംകൂറിലെ വിദ്യാഭ്യാസ നയപ്രഖ്യാപനങ്ങള്‍ മലബാറിനെ അപേക്ഷിച്ച് പ്രാവര്‍ത്തികമായതിന് കാരണം. മിഷണറി സ്ക്കൂളുകള്‍ മാതൃകകളുമായി. ഈ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യുന്നതിനു പകരം പിന്നോക്കാവസ്ഥയ്ക്കു കാരണം മലബാറിലെ പാര്‍ടിഗ്രാമവ്യവസ്ഥയാണെന്നു സിദ്ധാന്തിക്കുന്നവരോട് എന്തുതരം സംവാദമാണ് സാധ്യമാവുക?
മലബാറിലെ വായനശാലാ പ്രസ്ഥാനവും അധ്യാപക പ്രസ്ഥാനവുമെല്ലാം മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുളള മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡും 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമാണ്. ഭൂപരിഷ്കരണത്തെ തുടര്‍ന്നുളള ദശകങ്ങളിലാണ് മലബാറിലെ വിദ്യാഭ്യാസ ആരോഗ്യനില തിരു-കൊച്ചിയോട് ഒപ്പമെത്താന്‍ തുടങ്ങിയത്. ഈ ചരിത്രം അറിയാത്തവരാരുണ്ട്? എന്നാല്‍ ഭപാര്‍ടി ഗ്രാമവ്യവസ്ഥ എന്ന പ്രയോഗം കുത്തിച്ചെലുത്തിയാല്‍ എന്തു വഷളത്തവും പ്രസിദ്ധീകരിക്കാമെന്നൊരു സൗകര്യമുണ്ട്.
എന്തുകൊണ്ട് വ്യവസായ സംരംഭകര്‍ ഉണ്ടായില്ല?
മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്കു മാത്രമല്ല, കേരളത്തിന്റെ പൊതു പിന്നോക്കാവസ്ഥയ്ക്കും കാരണമായി ഡോ. ജോസ് സെബാസ്റ്റ്യന്‍ കാണുന്നത് ഊര്‍ജസ്വലമായ സംരംഭകത്വത്തിന്റെ അഭാവമാണ്.
വേണ്ടത്ര സംരംഭകര്‍ കേരളത്തില്‍ മുന്നോട്ടു വരാത്തതിനു അദ്ദേഹം കണ്ടെത്തുന്ന കാരണങ്ങള്‍ ഇതാ: &ഹറൂൗീ;
ഇതൊക്കെയാണെങ്കിലും മലയാളിയുടെ സംരംഭകത്വത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്തത് തൊള്ളായിരത്തിനാല്പതുകള്‍ മുതല്‍ എണ്‍പതുകളുടെ മധ്യംവരെ അരങ്ങേറിയ തൊഴില്‍സമരങ്ങളും ഘെരാവോ പോലുള്ള സമരതന്ത്രങ്ങളുമാണ്. അനേകം വ്യവസായങ്ങള്‍ പൂട്ടിപ്പോവുകയോ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ മാത്രമല്ല ഉണ്ടായത്, ജനമധ്യത്തില്‍ സംരംഭകന്റെ പ്രതിച്ഛായ വികൃതമാക്കപ്പെടുകയായിരുന്നു. തൊഴിലാളികളുടെ മിച്ചമൂല്യം കവര്‍ന്നെടുക്കുന്ന മൂരാച്ചിയെന്ന നിലയില്‍ സംരംഭകന്‍ എതിര്‍ക്കപ്പെടേണ്ടവനും തകര്‍ക്കപ്പെടേണ്ടവനുമായി, സംരംഭകത്വം നിരുത്സാഹപ്പെടുത്തേണ്ട ഒരു മൂല്യവും. ഫലം മലയാളികളുടെ മൂന്നുതലമുറയെങ്കിലും തൊഴിലിനുവേണ്ടി ലോകമെങ്ങും അലയുന്ന തൊഴില്‍തെണ്ടികളായി മാറി.തൊളളായിരത്തി നാല്‍പതുകള്‍ എന്നു പറഞ്ഞാല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ രൂപം കൊളളാന്‍ തുടങ്ങിയ കാലമാണ്. അന്നത്തെ കേരളത്തിലെ ദളിതരുടെയും കൈവേലക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും എന്തിന് കൃഷിക്കാരുടെ പോലും അവസ്ഥയെന്തായിരുന്നുവെന്ന് ഡോക്ടര്‍ക്ക് അറിയാമോ? അടിമകള്‍ ഒന്നു തലയുയര്‍ത്തിയത് സംരംഭകത്വത്തെ തകര്‍ത്തുവത്രേ. നാല്‍പതുകള്‍ പോകട്ടെ, അമ്പതുകളിലെയും അറുപതുകളിലെയും സ്ഥിതി എന്തായിരുന്നു? ഞാന്‍ വളരെ വിശദമായി പഠിച്ച മേഖലയാണ് കയര്‍ വ്യവസായം. അവിടുത്തെ തൊഴിലാളികളുടെ അമ്പതുകളിലെ സ്ഥിതിയെക്കുറിച്ച് മിനിമം വേജസ് റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യം മാത്രം ഉദ്ധരിക്കട്ടെ.
"സാധാരണഗതിയില്‍ തൊഴിലാളികള്‍ കാലത്ത് കുറച്ച് കട്ടന്‍ചായയും കുടിച്ച് ജോലിസ്ഥലത്ത് പോകുന്നു. ഉച്ചയ്ക്ക് അവര്‍ കപ്പയും എള്ളിന്‍പിണ്ണാക്കുംകൊണ്ട് പശിയടക്കുന്നു. രാത്രി വീട്ടില്‍ വന്നാല്‍ കഞ്ഞിവെള്ളവും കുറച്ച് വറ്റും കഴിച്ച് തൃപ്തിയടയുന്നു. കീറിപ്പറിഞ്ഞ പഴന്തുണികളാണ് അവര്‍ ധരിച്ചിരുന്നത്.... 16-20 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ പോഷകാഹാരങ്ങള്‍ ഇല്ലാതെ വളര്‍ച്ച മുരടിച്ച് പേക്കോലങ്ങളായി മാറിയിരുന്നു. കഠിനാധ്വാനവും പട്ടിണിയുംമൂലം 25നും 30നും ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് 40നും 50നും ഇടയ്ക്ക് പ്രായം തോന്നിച്ചിരുന്നു..... പൊതുവെ മൂന്നോ നാലോ മണിക്ക് വെളുപ്പിന് പണിതുടങ്ങുന്നു. ഉച്ചയ്ക്കല്‍പ്പം വിശ്രമം കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചരയ്ക്കോ ആറുമണിക്കോ ആണ് പണി അവസാനിപ്പിക്കുക.... ഈ അധ്വാനത്തിന് അവര്‍ക്ക് ലഭിച്ചിരുന്ന വരുമാനം ഒരു രൂപ അല്ലെങ്കില്‍ ഒന്നേകാല്‍ രൂപ മാത്രമായിരുന്നു.....""ഈ പട്ടിണിപ്പാവങ്ങള്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ശ്രമിച്ചതാണോ കേരളത്തിലെ സംരംഭകത്വത്തെ തകര്‍ത്തത്? കേരളത്തിലെ സംരംഭകത്വത്തെക്കുറിച്ച് അധികം പഠനങ്ങളില്ല. ലഭ്യമായൊരെണ്ണം ഡോ. മൈക്കിള്‍ തരകനും ഞാനും ചേര്‍ന്ന് എണ്‍പതുകളില്‍ പ്രസിദ്ധീകരിച്ചതാണ്. കേരളത്തിന്റെ വ്യവസായ പിന്നോക്കാവസ്ഥയുടെ ചരിത്രപരമായ വേരുകള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍. ഒരു പ്രധാനപ്പെട്ട കാരണം ഇന്ത്യയിലെ മറ്റുപല പ്രദേശങ്ങളിലെയുംപോലെ ഉല്‍ക്കര്‍ഷേച്ഛുക്കളായ ഒരു വ്യവസായ സംരംഭകവര്‍ഗം കേരളത്തിലുണ്ടായിരുന്നില്ല എന്നതാണ്. ചെട്ടിയാര്‍മാര്‍, ബനിയന്മാര്‍, പാഴ്സികള്‍ എന്നിവരെപ്പോലെ കച്ചവടത്തിനുളള പരമ്പരാഗത ജാതി കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഈ ധര്‍മ്മം നിര്‍വഹിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനിമാര്‍ക്കും മാപ്പിളമാര്‍ക്കും വലിയൊരു തിരിച്ചടിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ കൊണ്ടുവന്ന വ്യാപാരക്കുത്തകയും അതുപോലെ തന്നെ മലബാറിലെ പോര്‍ത്തുഗീസ്, ഡച്ച് കുത്തകയും. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വതന്ത്രവ്യാപാരത്തിന്റെ ഘട്ടത്തിലേക്കു കടന്നതോടെ പീയേഴ്സ് ലെസ്ലി, വില്യം ഗുഡേക്കര്‍, ഡാരാ സ്മെയില്‍, ആസ്പിന്‍വാള്‍ തുടങ്ങി ഒരു ഡസനോളം വരുന്ന പാശ്ചാത്യ തീരദേശ കമ്പനികളുടെ നിയന്ത്രണത്തിലായി കേരളത്തിലെ വിദേശ വ്യാപാരം മുഴുവന്‍. കേരളത്തിലെ സംരംഭകത്വം വാണിജ്യകൃഷിയിലും ദല്ലാള്‍ പണികളിലും പരിമിതപ്പെടേണ്ടി വന്നു.
സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ കേരളത്തിലെ സംരംഭകര്‍ വിദേശ മുതലാളിമാര്‍ അരങ്ങൊഴിഞ്ഞ പ്ലാന്റേഷന്‍ മേഖലകളിലേയ്ക്കും വിദേശ വാണിജ്യത്തിലേയ്ക്കും ചേക്കേറുകയാണ് ചെയ്തത്. ഗുജറാത്തിലെയും മറ്റും പോലെ ദീര്‍ഘകാല നിക്ഷേപം അനിവാര്യമായ വ്യവസായ മേഖലയിയോട് അവര്‍ പുറം തിരിഞ്ഞു നിന്നുവെന്ന് ഡോ. കെ. എന്‍. രാജിനെപ്പോലുളളവര്‍ പോലും നിരീക്ഷിച്ചിട്ടുണ്ട്. ഈ ചരിത്രപരമായ പശ്ചാത്തലമാണ്, അല്ലാതെ നാല്‍പതുകളിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമല്ല, കേരളത്തിലെ സംരംഭകത്വത്തിന് തടസം നിന്നത്. ട്രേഡ് യൂണിയനുകളും വ്യവസായ വികസനവും വ്യാവസായികമായി മുന്നോക്കം നില്‍ക്കുന്ന ഏതു രാജ്യത്താണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വളര്‍ന്നു വരാതിരുന്നിട്ടുളളത്? ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ഏറ്റവും ശക്തമായിരുന്നത് ബ്രിട്ടണിലായിരുന്നു. പക്ഷേ അതൊന്നും ബ്രിട്ടന്‍ ലോകത്തിന്റെ പണിശാലയായി മാറുന്നതിന് തടസം നിന്നില്ല. മുതലാളിയും തൊഴിലാളിയുമുണ്ടെങ്കില്‍ തര്‍ക്കം അനിവാര്യമാണ്. ട്രേഡ് യൂണിയനുകളുമുണ്ടാകും. സംരംഭകര്‍ എന്നു പറയുന്നവര്‍ ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പുകളെയും മറ്റും സാങ്കേതികവിദ്യയും ഉചിതമായ മാനേജീരിയല്‍ നടപടികളും സ്വീകരിച്ച് മറികടക്കുകയാണ് പതിവ്. ഇതുചെയ്യാന്‍ കേരളത്തിലെ സംരംഭകര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പാപഭാരം മുഴുവന്‍ തൊഴിലാളികളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ടതില്ല.
സംരംഭകവര്‍ഗത്തിന്റെ സ്വഭാവവും പശ്ചാത്തലവും തന്നെയാണ് പ്രഥമമായി പരിഗണിക്കേണ്ടത്. എന്നാല്‍ നമ്മുടെ ഡോക്ടറെ സംബന്ധിച്ചിടത്തോളം സംരംഭകത്വത്തിന്റെ അടിസ്ഥാന പ്രശ്നം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയമാണ്. സുറിയാനി ക്രിസ്ത്യാനികളുടെയും മാപ്പിളമാരുടെയും ഇടയില്‍ നിന്നാണ് വര്‍ത്തക പ്രമാണികള്‍ പണ്ടുമുതലേ ഉണ്ടായിരുന്നത് എന്നതില്‍ നിന്നു തുടങ്ങുന്ന ചരിത്രത്തെയാകെ വിസ്മരിച്ചുകൊണ്ട് ഇദ്ദേഹം എത്തിച്ചേരുന്ന നിഗമനം. വായിക്കൂ. തലമുറകളായി നിലനിന്ന ജാതിവ്യവസ്ഥ, മരുമക്കത്തായ ദായക്രമം, കൂട്ടുകുടുംബവ്യവസ്ഥ തുടങ്ങിയവ പൊതുവേ സംരംഭകത്വവിരുദ്ധമായ മൂല്യങ്ങളും മനോഭാവങ്ങളുമാണ് ഊട്ടിയുറപ്പിച്ചത്. വ്യക്തിപരമായ മുന്‍കൈയ്ക്കും തനിക്കുതാന്‍പോരിമയ്ക്കും പകരം ഇവ പ്രോത്സാഹിപ്പിച്ചത് സംഘബോധവും ആശ്രിത മനോഭാവവുമാണ്. ഈ സമ്പ്രദായങ്ങളില്‍നിന്ന് ഏറെക്കുറേ വിമുക്തമായ ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങളുടെ ഇടയില്‍ ഇടതുപക്ഷാശയങ്ങള്‍ കാര്യമായി വേരോടിയില്ല എന്നതും പില്‍ക്കാലത്ത് സംരംഭകത്വത്തിന്റെ കാര്യത്തില്‍ ഇക്കൂട്ടര്‍ താരതമ്യേന മുന്നിലായി എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്;.
പരമ്പരാഗത സാമൂഹ്യവ്യവസ്ഥയുടെ സ്ഥാപനങ്ങളും ചിട്ടകളും സംരംഭകത്വത്തിന് തടസ്സമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. ഇവയില്‍ നിന്ന് താരതമ്യേന സ്വതന്ത്രമായതു കൊണ്ടാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്കും മാപ്പിളമാര്‍ക്കും ഇടയില്‍ നിന്ന് സംരംഭകര്‍ കൂടുതല്‍ ഉണ്ടായത് എന്നതിനും സംശയമില്ല. എന്നാല്‍ ഇതുകൊണ്ട് വാദമവസാനിപ്പിക്കാന്‍ ജോസ് സെബാസ്റ്റ്യന്‍ തയ്യാറല്ല. ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണത്രേ, ഈ സമുദായങ്ങളില്‍ ഇടതുപക്ഷത്തിന് സ്വാധീനമില്ലാതിരുന്നത്. അപ്പോള്‍പ്പിന്നെ വികസനത്തിന് അത്യന്താപേക്ഷിതമായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്തുവേണം എന്നുളളതു വ്യക്തമാണല്ലോ.
അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍, കേരളത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണം കമ്യൂണിസ്റ്റ് പാര്‍ടിയാണ്; മലബാര്‍ കൂടുതല്‍ പിന്നോക്കം നില്‍ക്കാന്‍ കാരണം അവിടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കൂടുതല്‍ സ്വാധീനമുളളതു കൊണ്ടാണ്; ക്രിസ്ത്യന്‍ - മുസ്ലിം സമുദായങ്ങളില്‍ സംരംഭകര്‍ കൂടുതല്‍ ഉണ്ടാകാന്‍ കാരണം അവരില്‍ കമ്യൂണിസ്റ്റ് സ്വാധീനം കുറവായതിനാലാണ്.. ഇങ്ങനെ ഏത് പണ്ഡിത സദസും ചിരിച്ചു തളളുന്ന വാദങ്ങള്‍ ഒരു പ്രമുഖപത്രത്തില്‍ മൂന്നുലക്കങ്ങളിലായി പ്രസിദ്ധീകരിക്കാനുളള അന്തരീക്ഷം ചന്ദ്രശേഖരന്‍ വധം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനം സംബന്ധിച്ചുളള വിപുലമായ സാഹിത്യത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുളള ഒരാള്‍ക്ക് മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ നടത്താനാവുമോ? (തുടരും)
No comments:
Post a Comment