Wednesday, August 17, 2011

ചങ്ങാത്ത മുതലാളിത്തവും നിയോലിബറലിസവും

സമകാലീന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രവണത ശതകോടീശ്വരന്‍മാരുടെ വളര്‍ച്ചയാണ്. 2004-ല്‍ 13 ശതകോടീശ്വരന്‍മാരാണ് ഉണ്ടായിരുന്നത്. 2009-ല്‍ ഇവരുടെ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ശതകോടീശ്വരന്‍മാരുടെ സ്വത്ത് ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു. 2005-ല്‍ അത് 4 ശതമാനമായും 2008-ല്‍ 27 ശതമാനമായും വര്‍ദ്ധിച്ചു. 

ഏറ്റവും പണക്കാരായ 100 അമേരിക്കക്കാരുടെ സ്വത്ത് 83600 കോടി ഡോളറാണ്. ഏറ്റവും പണക്കാരായ 100 ഇന്ത്യക്കാരുടെ സ്വത്ത് 30000 കോടി ഡോളര്‍ വരും.
അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ ഏതാണ്ട് മൂന്നിലൊന്ന്! ലോകത്തെ ഏറ്റവും വലിയ 100 പണക്കാരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. 


അതിവേഗതയിലുളള മൂലധന സംഭരണം മുതലാളിത്തത്തിന്റെ പ്രത്യേകതയാണെന്ന് മാര്‍ക്‌സ് പണ്ടെ പഠിപ്പിച്ചിട്ടുണ്ട്. കമ്പോള മത്സരമാണ് മൂലധനത്തിന്റെ ചാലകശക്തി. തന്മൂലം ഉണ്ടാകുന്ന ലാഭം സമ്പാദിക്കുന്നതിനും വീണ്ടും മുതല്‍ മുടക്കുന്നതിനും മുതലാളിമാര്‍ നിര്‍ബന്ധിതരാണ്. ഈ മൂലധന സംഭരണ പ്രവണതയാണ് മുതലാളിത്തത്തിന് ദ്രുതഗതിയിലുളള ചലനാത്മകത നല്‍കുന്നത്. അങ്ങനെ പണമുളളവര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരായി തീരുന്നു.


പ്രാകൃത മൂലധന സംഭരണം
മൂലധന സംഭരണ സിദ്ധാന്തം മുതലാളിമാര്‍ കൂടുതല്‍ വലിയ മുതലാളിമാരായി തീരുന്നതിനെ വിശദീകരിക്കുന്നുണ്ട്. പക്ഷെ മുതലാളിമാരുടെ തുടക്കം എവിടെനിന്നാണ്. ആദ്യമായി മുതല്‍ മുടക്കുവാനുളള പണം എവിടെ നിന്ന് ലഭിച്ചു? ഇത് വിശദീകരിക്കുന്നതിനാണ് മാര്‍ക്‌സ് പ്രാകൃത മൂലധന സംഭരണം എന്ന സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്. കൊളളയും കളവുമാണ് മൂലധനത്തിന്റെ ആവിര്‍ഭാവം.



 കൃഷിക്കാരുടെ ഭൂസ്വത്ത് മുഴുവന്‍ ഇംഗ്ലണ്ടിലെ പ്രഭുക്കളും മുതലാളിമാരും വളച്ചുകെട്ടിയെടുത്ത് കര്‍ഷകരെ കാര്‍ഷിക മേഖലയില്‍ നിന്ന് പിഴുതെറിഞ്ഞത് പ്രാകൃത മൂലധന സമാഹരണത്തിന്റെ ഉദാഹരണമാണ്. കൊളോണിയല്‍ കാലഘട്ടത്തിന്റെ ആരംഭകാലത്ത് ആഫ്രിക്കയിലും, ഏഷ്യയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ മുതലാളിമാര്‍ നടത്തിയ നരനായാട്ടും കൊളളയുമാണ് യൂറോപ്യന്‍ മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാകൃത മൂലധന സംഭരണ സ്രോതസ്സ്. ഈ കവര്‍ച്ച മുതല്‍ മുതല്‍മുടക്കിയാണ് വ്യവസായ വിപ്ലവത്തിന് അരങ്ങൊരുക്കിയത്.
ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ വളര്‍ച്ച സാധാരണ ഗതിയിലുളള മൂലധന സംഭരണ പ്രവണത കൊണ്ട് വിശദീകരിക്കാനാവില്ല. അത്രക്ക് വിസ്മയകരമായ വേഗത്തിലാണ് അവര്‍ രൂപം കൊളളുന്നതും വളരുന്നതും. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയേറെ പണം കിട്ടിയത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.
ഒരു കാര്യം ഇപ്പോള്‍ത്തന്നെ വ്യക്തമാക്കിക്കൊളളട്ടെ. 



വമ്പന്‍ മുതലാളിമാരുടെ അല്ലെങ്കില്‍ കുത്തകക്കാരുടെ ആവിര്‍ഭാവം ഒരു സമീപകാല നൂതന സംഭവവികാസമല്ല. ഇന്ത്യന്‍ മുതലാളിത്തത്തിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ കുത്തക കുടുംബങ്ങള്‍ രൂപംകൊണ്ടു കഴിഞ്ഞിരുന്നു. യൂറോപ്പില്‍ വ്യവസായ വിപ്ലവം കഴിഞ്ഞ്് 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് കുത്തക കുടുംബങ്ങള്‍ രൂപം കൊളളുന്നത്. എന്നാല്‍ ഇന്ത്യന്‍ മുതലാളിത്തമാകട്ടെ ബാല്യം മുതല്‍തന്നെ ദുര്‍മേദസ് പിടിച്ച കുട്ടികളെപോലെയായിരുന്നു. ഇന്ത്യന്‍ കുത്തകകുടുംബങ്ങള്‍ സ്വാതന്ത്യത്തിനു മുമ്പു തന്നെ രൂപം കൊണ്ടിരുന്നു. സ്വാതന്ത്യാനന്തര കാലത്ത് അവ പിന്നേയും വളര്‍ന്നു. നിയോലിബറല്‍ ചിന്താഗതിക്കാരുടെ നിശിതവിമര്‍ശനത്തിന് പാത്രമാവുന്ന ലൈസന്‍സ് പെര്‍മിറ്റ് രാജ് കുത്തക കുടുംബങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയേ ചെയ്തിട്ടുളളു. ഇന്നിപ്പോള്‍ നിയോ ലിബറല്‍ കാലഘട്ടത്തിലും പരമ്പരാഗത കുത്തക കടുംബങ്ങളൊന്നുംതന്നെ ഇല്ലാതാവുന്നില്ല. അവരുടെ വളര്‍ച്ചയുടെ വേഗം കൂടുന്നുണ്ട്്. അവര്‍ ശതകോടീശ്വരന്‍മാരായി വളരുന്നു. അതോടൊപ്പം പുതിയ ശതകോടീശ്വരന്മാര്‍ പിറക്കുകയും ചെയ്യുന്നു. ഈ ശതകോടീശ്വരന്മാര്‍, അവര്‍ പുത്തന്‍കൂറ്റുകാരായാലും പഴയകൂറ്റുകാരായാലും, അസാധാരണമായുളള വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഇതിന്റെ സ്രോതസ്സ് എവിടെ നിന്ന് എന്നതാണ് അന്വേഷണ വിഷയം.

ചങ്ങാത്ത മുതലാളിത്തവും നിയോലിബറലിസവും


ഇത് മനസിലാക്കുന്നതിന് ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്തമുതലാളിത്തം എന്ന പരികല്‍പ്പന സഹായിക്കും. മാര്‍ക്‌സിന്റെ മൂലധന സംഭരണ സിദ്ധാന്തം സ്വതന്ത്ര മുതലാളിത്ത വ്യവസ്ഥയുടെ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വതന്ത്രമായ കമ്പോള മത്സരത്തിലൂടെ ഏറ്റവും കാര്യക്ഷമമായി ഉര്‍പ്പാദനം നടത്തുന്ന മുതലാളിമാര്‍ മിച്ചമൂല്യം കരസ്ഥമാക്കുന്നു. അത് അവര്‍ വീണ്ടും മുതല്‍ മുടക്കി വളരുന്നു. കാര്യക്ഷമതയാണ് വളര്‍ച്ചയുടെ മാനദണ്ഡം. എന്നാല്‍ കമ്പോള മത്സരം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കിലോ? ഏറ്റവും കാര്യക്ഷമമായിട്ടുളളവര്‍ വിജയിക്കണമെന്നില്ല. ഏതെങ്കിലും ഉല്‍പ്പാദന മേഖലയില്‍ കുത്തക മുതലാളിമാരുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും വിജയസാധ്യത. കുത്തകകളുടെ രൂപീകരണം സ്വതന്ത്രമായ കമ്പോള പ്രവര്‍ത്തനത്തിന് തടസ്സമാണ്. മത്സരത്തിന്റെ വിപരീതമാണ് കുത്തക. ഇത് കണക്കിലെടുക്കുന്നില്ല എന്നതാണ് കമ്പോള മത്സരത്തിന്റെ അപ്പോസ്തലന്മാരായ നിയോലിബറലുകളുടെ മുഖ്യ ദൗര്‍ബല്യം.
കുത്തകകള്‍ എങ്ങനെയാണ് മൂലധനസംഭരണത്തെ സ്വാധീനിക്കുന്നത് എന്ന്് ലെനിന്‍ വിശകലനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചങ്ങാത്ത മുതലാളിത്തം കുത്തകകളുടെ രൂപീകരണ ഫലമായി മാത്രം ഉണ്ടാകുന്നതല്ല. കുത്തകകളും ഭരണകൂടവും തമ്മിലുളള ചങ്ങാത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ചില കുത്തകകള്‍ക്ക് കമ്പോളം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ അതായത് അനര്‍ഹമായ തോതില്‍ ലാഭം കരസ്ഥമാക്കാന്‍ കഴിയുന്നു. സര്‍വ്വ സ്വതന്ത്ര മുതലാളിത്തത്തിലും കുത്തകമുതലാളിത്തത്തിലും ഭരണകൂടം സാമ്പത്തിക മേഖലയില്‍ ഇടപെടും. എന്നാല്‍ അതൊന്നുകില്‍ കമ്പോള മത്സരത്തിന്റെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനോ അല്ലെങ്കില്‍ കുത്തക മുതലാളിമാരെ മൊത്തത്തില്‍ സഹായിക്കാനോ ആയിരിക്കും. മേല്‍പ്പറഞ്ഞത് ഒരു പൊതു പ്രസ്താവനയാണ്. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണല്ലോ. അവര്‍ പണക്കാരുമായി സവിശേഷ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്. കേവല സൗഹൃദ ബന്ധങ്ങള്‍ അഴിമതി ബന്ധങ്ങളായി മാറുന്നു. ഈയൊരു സ്വഭാവം മുതലാളിത്തത്തിന്റെ തുടക്കം മുതല്‍ തന്നെ നിരീക്ഷിക്കാനാവും. അതുകൊണ്ടാണ് ചോംസ്‌കിയെപ്പോലുളള ചിലര്‍ മുതലാളിത്തം എക്കാലത്തും ചങ്ങാത്ത മുതലാളിത്തമായിരുന്നെന്ന് നിരീക്ഷിക്കുന്നത്. എന്നാല്‍ നിയോ ലിബറല്‍ കാലഘട്ടത്തില്‍ ഭരണകൂടവും കുത്തക/കോര്‍പ്പറേറ്റുകളും തമ്മിലുളള സവിശേഷ ബന്ധങ്ങള്‍ക്ക് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു.


അഴിമതിയുടെ മൂക്കൂട്ടുമുന്നണി

നിയോ ലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ എന്നാല്‍ രാജ്യത്തിന്റെ പൊതു സ്വത്തും പൊതുമേഖലയും സ്വകാര്യവല്‍ക്കരിക്കുകയും അത് കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുകയുമാണ്. നിയോ ലിബറലിസത്തിന്റെ രണ്ടാമത്തെ മുഖമുദ്ര നിയന്ത്രണങ്ങള്‍ ഇല്ലായ്മചെയ്യലാണ്. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത് കമ്പോളത്തെ സ്വതന്ത്രമാക്കലാണ്. പക്ഷെ ഫലത്തില്‍ ഇത് കമ്പോളത്തെ കുത്തകകള്‍ക്ക് കീഴ്‌പെടുത്താന്‍ കൂട്ടുനില്‍ക്കലാണ്. ഇവയൊക്കെ ഇഷ്ടക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുന്നതിനുളള സാധ്യതകളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നിയോലിബറലല്‍ കാലഘട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം എന്ന പ്രതിഭാസം കൂടുതല്‍ സാര്‍വത്രികമായി മാറുന്നത്.


പൊതുമുതല്‍ കൊളളയടിച്ചുകൊണ്ടും (മാര്‍ക്‌സ് പറഞ്ഞ പ്രാകൃത മൂലധന സംഭരണം) സ്വന്തം താല്‍പ്പര്യത്തിനനുസൃതമായി നിയമങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തുക്കൊണ്ടും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്നു. രാഷ്ട്രീയ നേതൃത്വത്തോടുളള അടുപ്പമാണ് ഇത്തരത്തില്‍ എത്രനേട്ടം കൈവരിക്കാമെന്നുളളതിന്റെ മാനദണ്ഡം. ഇത് നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഒരു വിഭാഗത്തെയും കൂട്ടുപിടിക്കുന്നു.
അങ്ങനെ ചങ്ങാത്ത മുതലാളിത്തമെന്നാല്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും കോര്‍പ്പറേറ്റുകളും തമ്മിലുളള ഒരു അവിശുദ്ധ കൂട്ടുകെട്ടാണ്. അഴിമതിയാണ് ഇവര്‍ തമ്മിലുളള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തെ കോര്‍പ്പറേറ്റുകള്‍ക്ക് നാനാവിധത്തില്‍ സ്വാധീനിക്കാം. പലരുടേയും മന്ത്രിസ്ഥാനം തന്നെ കോര്‍പ്പറേറ്റുകളുടെ സ്വാധീനത്താല്‍ കിട്ടുന്നതാണ് എന്ന് നീരാറാഡിയ ടേപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ തങ്ങളുടെ എ.ടി.എം മെഷീന്‍ എന്നാണ് കോര്‍പ്പറേറ്റ് മുതലാളിമാര്‍ സ്വകാര്യ സംഭാഷണത്തില്‍ വിളിക്കുന്നത്. മന്ത്രിമാരെ തങ്ങളുടെ പിളേളരെന്നും. ഇപ്പോള്‍ കാണുന്ന മറ്റൊരു പ്രവണത കോര്‍പ്പറേറ്റ് നേതാക്കള്‍ തന്നെ രാഷ്ട്രീയക്കാരായി മാറുക എന്നതാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം മാത്രമല്ല റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നേതൃസ്ഥാനവും ഉയര്‍ന്ന ഉദ്യോഗവും ഒക്കെയാണ് വാഗ്ദാനം ചെയ്യപ്പെടുക. 


ഇങ്ങനെയുളള രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് കൂട്ടുകെട്ട് എങ്ങിനെയാണ് നമ്മുടെ രാജ്യത്തെ കൊളളയടിക്കുന്നത് എന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെളിപ്പെട്ട അഴിമതി പരമ്പരകള്‍ തെളിയിക്കുന്നത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ വിസ്മയകരമായ വളര്‍ച്ച വെളിവാകണമെങ്കില്‍ ഈ അഴിമതി കേസുകളിലൂടെ ഒന്നുകണ്ണോടിച്ചാല്‍ മതിയാകും. ഇവയോരോന്നും ചിന്തയുടെ ഈ പതിപ്പില്‍ നല്‍കിയിട്ടുളളതിനാല്‍ പൊതുവായ പരാമര്‍ശങ്ങള്‍ മാത്രമേ ഇവിടെ നടത്തുന്നുളളു.


സമകാലീന അഴിമതി പരമ്പര

1. ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ടെലികോം മേഖലയിലെ സ്‌പെക്ട്രത്തിന്റെയും എസ്-ബാന്റിന്റെയും വില്‍പ്പനയിലാണ്. 2ജി സ്‌പെക്ട്രം 1.7 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെടുത്തിയത്. എസ്-ബാന്റ് കൃതൃമം കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ 2 ലക്ഷം കോടി രൂപ നഷ്ടപ്പെടുമായിരുന്നു. ഇവിടെ വില്‍പ്പനച്ചരക്കാവുന്നത് ഏതെങ്കിലും വസ്തുക്കളല്ല മറിച്ച് ശബ്ദ പ്രകാശ തരംഗങ്ങളും മറ്റും അയക്കുന്നതിനുളള ഫ്രീക്വന്‍സികളാണ്. 


പണ്ടുകാലത്ത് റേഡിയോ സ്റ്റേഷനുകള്‍ക്കും പിന്നീട് ടെലിവിഷനും മാത്രമേ ഇത്തരത്തിലുളള തരംഗ ബാന്റുകള്‍ സ്വന്തമാക്കേണ്ട ആവശ്യം വന്നിരുന്നുളളു. എന്നാല്‍ മൊബൈല്‍ ഫോണിന്റെയും മറ്റും ആവിര്‍ഭാവത്തോടെ ഈ സ്ഥിതി വിശേഷം അടിമുടി മാറിയിരിക്കുകയാണ്. പരിമിതമായ ഈ തരംഗ സ്‌പെയിസ് നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്കേ ടെലികോം മേഖലയില്‍ മേധാവിത്വം നേടാന്‍ കഴിയൂ. ഇതിനുവേണ്ടിയുളള കിടമത്സരമാണ് ആഗോള തലത്തില്‍ നടക്കുന്നത്. ഇന്ത്യയില്‍ ഇത് ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്നു. രാജമാരും മാരന്മാരും കനിമൊഴിമാരും ഇനിയും അറിയപ്പെടാത്ത രാഷ്ട്രീയക്കാരും ഭീമമായ തുക കൈപ്പറ്റിക്കൊണ്ടാണ് ഇത് ചെയ്യുന്നത്. സ്‌പെക്ട്രം കൈക്കലാക്കിയ കടലാസു കമ്പനികള്‍ പലതും തങ്ങളുടെ ഓഹരികളും കമ്പനികളും തന്നെ വിദേശ കുത്തകകള്‍ക്ക് വിറ്റ് വലിയ ലാഭം കൈക്കലാക്കുന്നു. നിമിഷ നേരംകൊണ്ടാണ് വമ്പന്‍ പണക്കാരായി ഇവര്‍ വളരുന്നത്. പുത്തന്‍കൂറ്റുമുതലാളിമാര്‍ മാത്രമല്ല ടാറ്റാമാരും അംബാനിമാരുമെല്ലാം ഈ വെട്ടിപ്പില്‍ പങ്കാളികളാണ്. 


2. മറ്റൊരു സുപ്രധാന കൊളളയടി മേഖല രാജ്യത്തിന്റെ ഭൂസ്വത്താണ്. വനം കൊളള പണ്ടെ ഉളളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിതന്നെ ഇടപെട്ടാണ് പോസ്‌കോ എന്ന കൊറിയന്‍ കമ്പനിക്ക് 3000 ഹെക്ടര്‍ വനഭൂമി ഖനനത്തിനായി കൊടുത്തിരിക്കുന്നത്.
വനഭൂമിയേക്കാള്‍ നഗരഭൂമിയിലാണ് കയ്യേറ്റം കൂടുതല്‍. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണമാണല്ലോ രാജ്യത്തെ പിടിച്ചുകുലുക്കിയ മറ്റൊരു അഴിമതിക്കേസ്. കൊളാബായിലെ തന്ത്രപ്രധാനവും ഏറ്റവും വിലകൂടിയതുമായ സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് കാര്‍ഗില്‍ രക്തസാക്ഷികളുടെ മറവില്‍ ചില റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ നടത്തിയ വെട്ടിപ്പ് നാടിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രമല്ല പട്ടാള മേധാവികള്‍ വരെ ഇതില്‍ പങ്കാളികളാണ്. 



നഗര ഭൂപരിധി നിയമം പല സംസ്ഥാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഇത് റിയല്‍ എസ്റ്റേറ്റ് കുത്തകകളുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്.
വയലുകളും കായലുകളുമെല്ലാം നികത്തിയുളള ഊഹക്കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിലെല്ലാമുപരിയായാണ് ഭരണകൂടത്തിന്റെ സഹായത്തോടുകൂടി സെസ്സുകള്‍ക്കും വന്‍കിട പ്രോജക്ടുകള്‍ക്കും എല്ലാമായി വന്‍തോതില്‍ കൃഷിക്കാരെ കുടിയിറക്കി കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി കൊടുക്കാനുളള പ്രവണത. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ വിവാദങ്ങളിലകപ്പെട്ടിട്ടുളളത്. റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഇവയെല്ലാം സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് വന്‍തോതില്‍ ഭൂമിയെടുത്തുകൊടുക്കുന്നത് ഇന്ന് സാധാരണമാണ്. ഇതിലൂടെയാണ് പ്രോജക്ടിനാവശ്യമായ പണം അവര്‍ സ്വരൂപിക്കുന്നത്. അങ്ങനെ റിയല്‍ എസ്റ്റേറ്റ് മേഖല അഴിമതിയുടേയും കൊളളയുടേയും മറ്റൊരു പ്രമുഖ മേഖലയായി മാറിയിരുക്കുന്നു.


3. ഭൂമിക്ക് മുകളിലുളള സ്വത്തുകൊളളയെക്കുറിച്ചാണ് കഴിഞ്ഞ ഖണ്ഡികയില്‍ പ്രതിപാദിച്ചത്. ഭൂമിക്കടിയിലുളള സ്വത്തും കുത്തക കൊളളക്കായി തുറന്നുകൊടുക്കുകയാണ്. ഇതിലേറ്റവും കുപ്രസിദ്ധി നേടിയത് ഗോദാവരി മേഖലയിലെ എണ്ണ ഖനനത്തിന് റിലയന്‍സുമായുണ്ടാക്കിയ കരാറാണ്. കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു ന്യായീകരണവുമില്ലാതെ കണക്കുകള്‍ തിരുത്താന്‍ റിലയന്‍സിന് അവസരം കൊടുത്ത 30000 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം അവര്‍ക്ക് വിട്ടുകൊടുത്തത്. ഇന്ദിരാഗാന്ധി കല്‍ക്കരി ഖനികളെ ദേശസാല്‍ക്കരിച്ചുവെങ്കില്‍ അവയെ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ചുളു വിലയ്ക്ക് കല്‍ക്കരി ഖനികള്‍ കുത്തകകള്‍ക്ക് വിട്ടുകൊടുത്തത്തിന്റെ ഫലമായി 40000 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ബല്ലാരി മേഖലയിലെ റെഢി സഹോദരന്‍മാര്‍ നടത്തിയ ഗ്രാനൈറ്റ് കൊളളയിലും പതിനായിരക്കണക്കിന് കോടി രൂപയാണ് നഷ്ടം കണക്കാക്കിയിട്ടുളളത്. 


4. ഇന്ത്യന്‍ പൊതുമേഖലാ വില്‍പ്പനയാണ് മറ്റൊരു കൊളളമേഖല. ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ കമ്പോള മൂല്യം വരുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ പൊതുമേഖലയ്ക്കുളളത്. ഇതുമുഴുവന്‍ ചുളുവിലയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. കേരളത്തിലെ മോഡേണ്‍ ബ്രഡ് ഫാക്ടറിയും കോവളം ഐ.റ്റി.ഡി.സി ഹോട്ടലും വിറ്റത് ഇങ്ങനെയാണ്. കോവളം ഹോട്ടല്‍ മാത്രം ഇപ്പോള്‍ 500 കോടി രൂപയ്ക്കാണ് മറിച്ചുവില്‍ക്കാന്‍ പോകുന്നതായി കേള്‍ക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയും ഇന്‍ഷ്വറന്‍സ് മേഖലയും തീറെഴുതികൊടുക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദം മൂലം വില്‍ക്കുന്നതിന് നിയോ ലിബറലുകള്‍ക്ക് പ്രയാസമനുഭവപ്പെടുന്നുണ്ട്.


5. വിനോദ മേഖല കളളപ്പണം വെളുപ്പിക്കുന്നതിനുളള എളുപ്പമാര്‍ഗ്ഗമായി മാറ്റിയിരിക്കുകയാണ്. ഐ.പി.എല്‍ കുംഭകോണം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഒരു കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ ഇടനില നിന്ന് 76 കോടി രൂപ തട്ടിയെടുത്തത് അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. പക്ഷെ ഇത് മഞ്ഞുകട്ടയുടെ ഒരറ്റം മാത്രമാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടായി ക്രിക്കറ്റ് കളി മാറിയിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ തട്ടിപ്പുകേസില്‍ കല്‍മാഡി ജയിലിലാണ്. ഷീലാ ദീക്ഷിതിനെതിരെയും അഴിമതിയാരോപണം ഉയര്‍ന്നുവന്നിരിക്കുന്നു.


പുത്തന്‍കൂറ്റു ശതകോടീശ്വരന്മാര്‍ എവിടെനിന്ന്?

ഇന്ത്യയില്‍ ശതകോടീശ്വരന്മാരും മേല്‍പ്പറഞ്ഞ മേഖലകളുമായുളള ബന്ധം പരിശോധിച്ചാല്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവം വ്യക്തമാവും. 2010 ലെ 69 ശതകോടീശ്വരന്മാരില്‍ 20 പേരാണ് ഐ.ടി തുടങ്ങിയ പുത്തന്‍ വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. അതേ സമയം 18 പേര്‍ റിയല്‍ എസ്റ്റേറ്റ് ബിസിന സുകാരാണ്. 7 പേര്‍ എണ്ണ-ഖനിജ മേഖലകളില്‍ നിന്നും 2 പേര്‍ ടെലികോം മേഖലയില്‍ നിന്നും ആണ് പണമുണ്ടാക്കിയത്. ഇന്ത്യയിലെ 15 റിയല്‍ എസ്റ്റേറ്റ് ശതകോടീശ്വരന്മാരും 2005 ന് ശേഷമാണ് ഈ സ്ഥാനത്തേക്കുയര്‍ന്നത്. മുതല്‍ മുടക്കില്‍ നിന്ന് കിട്ടിയ ന്യായമായ ലാഭത്തിലുപരി രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാരമായ സഹായമാണ് ഇവരെ ശതകോടീശ്വരന്മാരായി വളര്‍ത്തിയത്. ഇതിനെയാണ് ചങ്ങാത്ത മുതലാളിത്തം എന്നു പറയുന്നത്.


ചങ്ങാത്ത മുതലാളിത്തം മുതലാളിത്ത വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടമല്ല. മുതലാളിത്ത വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും പ്രത്യക്ഷപ്പെടാവുന്ന ഒരു പ്രതിഭാസമാണിത്. മുമ്പ് സൂചിപ്പിച്ചതുപോലെ മുതലാളിത്ത ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുളള സവിശേഷ ബന്ധം എക്കാലത്തുമുണ്ട്. അല്ലെങ്കില്‍ അവ മുതലാളിത്ത ഭരണകൂടമാവില്ലല്ലോ. എന്നാല്‍ മുതലാളിത്ത കമ്പോള ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പൊതുമേഖലയേയും പൊതുസ്വത്തിനേയും കൊളളയടിക്കുന്നതിന് ഭരണകൂടം കൂട്ടുനില്‍ക്കുമ്പോഴാണ് അതിന് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്വഭാവം വരുന്നത്. ഇഷ്ടക്കാര്‍ക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കുന്നു. 



തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മുതലാളിത്തത്തെയാണ് തുടക്കം മുതലേ ക്രോണി ക്യാപിറ്റലിസം എന്നു വിളിച്ചുവന്നിരുന്നത്. ഇന്ത്യാ രാജ്യത്തും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം സ്വാതന്ത്ര്യാനന്തരകാലത്തുടനീളം പ്രകടമായിരുന്നുവെങ്കിലും ചങ്ങാത്ത മുതലാളിത്തമെന്ന് വിശേഷിപ്പിച്ചിരുന്നില്ല. കുത്തക-ജന്മി ഭരണകൂടം താരതമ്യേന സ്വതന്ത്രമായ ഒരു നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുളള ബന്ധത്തില്‍ ഗുണപരമായ ഒരു മാറ്റം വന്നിരിക്കുന്നു. അവിശുദ്ധ ബന്ധങ്ങളായിരിക്കുന്നു അതിന്റെ മുഖമുദ്ര.

എന്തുകൊണ്ടാണ് ഈ മാറ്റം? നിയോലിബറലിസത്തിന്റെ യുക്തി ഇതില്‍ അന്തര്‍ലീനമാണെന്ന് നേരത്തേ സൂചിപ്പിച്ചു. അതോടൊപ്പം പരിഗണിക്കേണ്ട മറ്റൊരു കാര്യവും കൂടെയുണ്ട്. വിദേശ കുത്തകകള്‍ക്ക് ഇന്ത്യന്‍ കമ്പോളം തുറന്നുകൊടുക്കുന്നതിലുളള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു കരുവായി ഇന്ത്യന്‍ പൊതുമേഖലയും പൊതു സ്വത്തും മാറിയിരിക്കുകയാണ്. വിദേശ കമ്പനികളുടെ കടന്നുവരവ്മൂലം ആഭ്യന്തര കമ്പോളത്തിന്റെ ഒരു ഭാഗവും ധനമേഖലയുടെ ഗണ്യമായ ഭാഗവും ഇന്ത്യന്‍ കുത്തകകളുടെ കയ്യില്‍ നിന്ന് വിദേശ കുത്തകകളുടെ കൈകളിലേക്ക് നീങ്ങും. ഇതിന് നഷ്ടപരിഹാരമായി ഇന്ത്യന്‍ കുത്തകകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലയേയും പൊതു സ്വത്തിനേയും തുറന്നുകൊടുത്തിരിക്കുകയാണ്. ഇതിലൂടെ അതിവേഗത്തില്‍ വളരുന്ന പുത്തുന്‍കൂറ്റു മുതലാളിമാരും അവരുടെ ആകര്‍ഷണ വലയത്തില്‍പ്പെടുന്ന ഇടത്തരക്കാരും നിയോലിബറല്‍ പരിഷ്‌ക്കാരങ്ങളുടെ ശക്തരായ വക്താക്കളായി മാറുന്നു.


കളളപ്പണം വിദേശത്തേക്ക്

ഇന്ത്യയില്‍ നടക്കുന്ന അതിഭീമമായ അഴിമതിയിലൂടെ സംഭരിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് വിദേശത്തുവച്ചാണ് കൈമാറുന്നത്. ദയാനിധിമാരന്റെ അഴിമതി തന്നെ ഏറ്റവും നല്ല ഉദാഹരണം. എയര്‍ടെല്ലിന് പ്രത്യേക സഹായം നല്‍കുന്നതിന് അവരുടെ ഓഹരികളുടെ നല്ലൊരു ഭാഗം സിങ്കപ്പൂരിലെ തന്റെ ബിനാമി കമ്പനിക്ക് കൈമാറണമെന്നാണ് അദ്ദേഹം പറഞ്ഞത്.


ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനത്തിന്റെ പഠനത്തിന്റെ വെളിപ്പെടുത്തുലുകള്‍ ഇതുവരെ ആരും തളളിപ്പറഞ്ഞിട്ടില്ല. ഏതാണ്ട് 10 ലക്ഷം കോടി രൂപയാണ് 1948 നും 2008 നുമിടക്ക് ഇത്തരത്തില്‍ പുറത്തുപോയ കളളപ്പണം. ഇതില്‍ ഏതാണ്ട് 6 ലക്ഷം കോടി രൂപ 2000-നും 2008-നും ഇടയ്ക്കാണ് പുറത്തുപോയത്. മുന്‍ദശാബ്ദങ്ങളില്‍ വിദേശത്തേക്ക് കൊണ്ടുപോയതിന്റെ 7 മടങ്ങാണ് ചങ്ങാത്ത മുതലാളിത്ത ദശകത്തില്‍ പുറത്തുപോയത്. 2004-നും 2008-നുമിടക്ക് ഈ തുക 4.3 ലക്ഷം കോടി രൂപ വരും. പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയാണ് ഇന്ത്യയെ കൊളളയടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത്.


ഓരോ ദിവസവും 240 കോടി രൂപ ഇന്ത്യയെ കൊളളയടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നു. ഈ മതിപ്പ് കണക്ക് വളരെ യാഥാസ്ഥിതികമായ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയതാണെന്നാണ് ജി.എഫ്.ഐ യുടെ ഡയറക്ടര്‍ പറയുന്നത്. ഇതില്‍ കളളക്കടത്തോ, വ്യാപര കണക്കുകളിലെ കൃത്രിമമോ ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ്പല മതിപ്പ് കണക്കുകളും 14 മുതല്‍ 20 ലക്ഷം കോടി രൂപവരെയാണ് വിദേശത്തുളള ഇന്ത്യന്‍ കളളപ്പണമായി കണക്കാക്കിയിരിക്കുന്നത്.


മൗറീഷ്യസ് റൂട്ട്

ഇങ്ങനെ വിദേശത്ത് കൊണ്ടുപോകുന്ന കളളപ്പണം വെളുപ്പിച്ച് ഇന്ത്യയിലേക്കുതന്നെ കൊണ്ടുവരുന്നതിനുളള സൗകര്യങ്ങളും ഇന്ത്യാ സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുത്തിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. മൗറീഷ്യസ് എന്ന ഒരു കൊച്ചുരാജ്യമുണ്ട്. കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യപോലുമില്ലാത്ത ഒരു ദ്വീപസമൂഹം. ഭൂരിപക്ഷം പേരും ഇന്ത്യന്‍ വംശജര്‍. ടൂറിസമല്ലാതെ മറ്റൊരു വ്യവസായവുമില്ല. പക്ഷെ ഈ കൊച്ചു രാജ്യവുമായി ഇന്ത്യ ഒരു പ്രത്യേക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടി എന്നാണിതിന്റെ പേര്. അത് പ്രകാരം ഇന്ത്യയില്‍ നികുതിയടച്ച പണം മൗറീഷ്യസില്‍ കൊണ്ടുപോയാല്‍ അവിടെ നികുതി കൊടുക്കേണ്ട. അതുപോലെ തന്നെ മൗറീഷ്യസില്‍ നികുതിയടച്ചാല്‍ ഇന്ത്യയിലും നികുതി കൊടുക്കേണ്ട. മൗറീഷ്യസില്‍ തുച്ഛമായ നികുതിയേയുളളു. 


ഇന്ത്യയിലേക്ക് വരുന്ന വിദേശ മൂലധനത്തിന്റെ പകുതിയിലേറെ ഈ ദരിദ്ര ദ്വീപുവഴിയാണ് വരുന്നത്. ഇപ്പോള്‍ പ്രമുഖ കമ്പനികള്‍ക്കെല്ലാം ഒരു ലെറ്റര്‍ ബോക്‌സ് ആഫീസ് അവിടെയുണ്ട്. അതുവഴിയാണ് ഇന്ത്യയിലെ പല പ്രമുഖ കമ്പനികളുടെയും വിദേശ വിനിമയ ബന്ധങ്ങള്‍. കളളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയല്ലാതെ മറ്റെന്തിനു വേണ്ടിയാണ് മൗറീഷ്യസുമായി ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിട്ടുളളത്. കോര്‍പ്പറേറ്റ് കമ്പനികള്‍ മാത്രമല്ല ഭീകര പ്രവര്‍ത്തകരും ഈ വഴിയാണ് ഇന്ത്യയിലേക്ക് പണമെത്തിക്കുന്നത്. വിദേശത്തുളള കളളപ്പണക്കാരുടെ കളളപ്പണം കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം മൗറീഷ്യസുമായുളള പ്രത്യേക ബന്ധം മറ്റുചില രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നാണ് പ്രണാബ് കുമാര്‍ മുഖര്‍ജി പറയുന്നത്.


സ്വിസ് ബാങ്കിലും മറ്റും പണം നിക്ഷേപിച്ചിട്ടുളളവരുടെ പേരു വിവരം നേടിയെടുക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജര്‍മ്മനിയിലെ ഒരു പ്രധാന ബാങ്കില്‍ നിക്ഷേപമുളളവരുടെ ലിസ്റ്റ് കേന്ദ്ര ഗവണമെന്റിന് ലഭ്യമായിട്ടുണ്ടെങ്കിലും അത് വെളിപ്പെടുത്തുന്നതിന് അവര്‍ തയ്യാറല്ല.


സുപ്രീം കോടതിയുടെ പുതിയ നിലപാട്

ഇന്ന് സുപ്രീം കോടതിയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതി കേസ് വിദേശ പണവുമായി ബന്ധപ്പെട്ടതാണ്. 2007-ല്‍ അലി ഹസ്സന്‍ എന്നുപറയുന്ന ഒരു ഇടനിലക്കാരന്‍ അതിഭീമമായ തുക കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയി വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതായി വിവരം ലഭിച്ചു. ഇന്‍കം ടാക്‌സ് അധികൃതര്‍ ഇത് പിടികൂടി. 30000-ല്‍ പരം കോടി രൂപയുടെ നികുതി ചുമത്തി. പക്ഷെ ഇത്രയും കാലമായിട്ടും കളളപാസ്‌പോര്‍ട്ട് അടക്കമുളള തെളിവുകള്‍ പുറത്തുവന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാംജത് മലാനി പഞ്ചാബിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ ഗില്‍ തുടങ്ങിയ ബുദ്ധിജീവികളേയും കലാകാരന്മാരേയും ഇത് പ്രകോപിപ്പിച്ചു. അവര്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. ഈ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ചത്. 



ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തം നിയോലിബറലിസത്തിന്റെ ഫലമാണെന്ന് ഈ വിധിന്യായത്തില്‍ സുപ്രീം കോടതി വിശദീകരിച്ചു. ഇന്ത്യാ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നുതന്നെ കോടതി വ്യക്തമാക്കി. അതുകൊണ്ട് ഈ കേസിന്റെ മേല്‍നോട്ടത്തിന് സുപ്രീം കോടതി തന്നെ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹം നേരിട്ട് പണം വാങ്ങി എന്ന ആരോപണം ഇതുവരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ കളളന്‍ കല്‍മാഡിയെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയോഗിച്ചത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ കീഴിലുളള ഐ.എസ്.ആര്‍.ഒ യിലാണ് എസ്-ബാന്റ് അഴിമതിയുടെ കളമൊരുങ്ങിയത്. 2ജി സ്‌പെക്ട്രം വെട്ടിപ്പിനെക്കുറിച്ച് പൂര്‍ണ്ണ അറിവുണ്ടായിട്ടും ഒരു നടപടിയും അദ്ദേഹം എടുത്തില്ല. അങ്ങനെ സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ അപ്പോസ്തലനായി കടന്നുവന്ന മന്‍മോഹന്‍ സിംഗ് ഇപ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ മാപ്പുസാക്ഷിയായി മാറിയിരിക്കുകയാണ്.


മന്‍മോഹന്‍ സിംഗിന്റെ കുറ്റസമ്മതം

കഴിഞ്ഞ മെയ് 1-ന് ഡല്‍ഹിയിലെ വ്യവസായ വികസന പഠന ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അക്കാദമീയ ഭാഷയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംക്ഷേപിക്കാം.


ഇന്ത്യയിലെ വ്യവസായ വളര്‍ച്ച കുത്തക സ്വഭാവത്തോടു കൂടിയതാണ്. എന്നു മാത്രമല്ല സര്‍ക്കാരിന് അവര്‍ക്ക് പ്രത്യേക സഹായങ്ങള്‍ വേണമെങ്കില്‍ ചെയ്തുകൊടുക്കാനും കഴിയും. ഈ സാധ്യതയെ ഇവര്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നിട്ട് പ്രധാനമന്ത്രി ചോദിക്കുന്നു. നമ്മള്‍ ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണോ? ആധുനിക മുതലാളിത്ത വളര്‍ച്ചയുടെ ഒരു അനിവാര്യ ഘട്ടമാണോ ഇത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കെടുതിയില്‍ നിന്ന് ഉപഭോക്താക്കളെയും ചെറുകിടക്കാരേയും രക്ഷിക്കുന്നതിന് നമ്മള്‍ വേണ്ടത്ര ചെയ്യുന്നുണ്ടൊ? ആധുനിക മുതലാളിത്തതിന്റെ വളര്‍ച്ചയില്‍ തൊഴിലാളികളുടെ അന്യവല്‍ക്കരണവും പരിസ്ഥിതി നാശവും ജനത്തെ കുടിയൊഴിപ്പിക്കുന്നതുമെല്ലാം അനിവാര്യമായ വെല്ലുവിളികളായിട്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 



പക്ഷെ കുളിവെളളത്തോടൊപ്പം കുട്ടിയെക്കളയാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ ഏറ്റവും വലിയ വ്യവസായ രാജ്യമാക്കി മാറ്റുന്നതിനോടാണ് തന്റെ പ്രതിബദ്ധത. ചങ്ങാത്ത മുതലാളിത്തത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഇതിനേക്കാള്‍ വലിയ കുറ്റസമ്മതം എവിടെ നിന്നാണ് ലഭിക്കുക. 

ഈ പശ്ചാത്തലത്തിലാണ് അഴിമതി വിരുദ്ധ സമരം ഒരു സുപ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി മാറുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ഒരു പോലെ കരിവാരി തേച്ചുകൊണ്ട് അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നിലേക്ക് അന്നാ ഹസാരെ മുതല്‍ രാംദേവ് വരെയുളളവരും പൗരസമൂഹ സംഘടനകളും കടന്നുവന്നു. സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അഴിമതി തടയാനാവില്ല. ശരിയായ രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കലാണ് ഇന്നത്തെ കടമ. ഇന്ത്യയിലിന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു മാത്രമേ അതിനു കഴിയൂ. അതിനുവേണ്ടി അഴിമതിക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക് ഇടതുപക്ഷം നീങ്ങുകയാണ്.


പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുളള ലോക്പാല്‍ ബില്ലിനെതിരായി ചില നിര്‍ദ്ദേശങ്ങള്‍ ഇടതുപക്ഷം മുന്നോട്ടുവച്ചിട്ടുണ്ട്. ജൂഡീഷ്യറിയിലെ അഴിമതി തടയുന്നതിന് ഒരു പ്രത്യേക സംവിധാനം വേണമെന്നാണ് സി.പി.ഐ എം ന്റെ അഭിപ്രായം അതുപോലെ തന്നെ തെരഞ്ഞെടുപ്പില്‍ പണത്തിന്റെ ദുസ്വാധീനം ഒഴിവാക്കുന്നതിനുവേണ്ടിയുളള തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും വേണം. നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ സമരവുമായി അഴിമതി വിരുദ്ധ സമരത്തെ സംയോജിപ്പിക്കണമെന്നുളള നിലപാടാണ് ഇടതുപക്ഷത്തിനുളളത്. ഈയൊരു കാഴ്ചപ്പാട് അന്നാ ഹസാരെക്കില്ല. 


രാംദേവിനെപ്പോലുളളവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോട് ഇടതുപക്ഷത്തിന് യോജിക്കാനാവില്ല. എന്നാല്‍ രാംദേവിന്റെ ആര്‍.എസ്.എസ് ബന്ധത്തെയും കളളപ്പണത്തേയും വെളളപൂശാനുമാവില്ല. അതേപോലെ അന്നാ ഹസാരെയെപ്പോലെ ഇടതുപക്ഷ രാഷ്ട്രീയമില്ലെങ്കിലും അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ മുന്നോട്ടുവരുന്നവരുമായി വിശാലമായ സഹകരണം ഉണ്ടാക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അഴിമതിക്കെതിരായുളള ഈ വിശാല ഐക്യം നിയോ ലിബറല്‍ നയങ്ങള്‍ക്കും അതു സൃഷ്ടിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിനും എതിരായിട്ടുളള പോരാട്ടത്തിന്റെ കൂടെ ഭാഗമാണ്.

  

Friday, August 5, 2011

ധവളപത്രസംവാദം

കളളം, പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും എന്ന പുസ്തകത്തിന്റെ പ്രകാശനവും തുടര്‍ന്നു നടന്ന സംവാദം വിജ്ഞാനപ്രദമായിരുന്നു. ഏഴര കഴിഞ്ഞിട്ടും ഹാള്‍ വിട്ടു പോകാതെ മുഴുവന്‍ സദസ്യരും ഇരുന്നു എന്നുളളത് സംവാദം ഉണര്‍ത്തിയ താല്‍പര്യത്തിന്റെ സൂചനയാണ്.

റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയുമായിരുന്ന പി. സി. സിറിയക്, ടെക്നോപാര്‍ക്ക് മുന്‍ സിഇഒ ജി. വിജയരാഘവന്‍, സാമ്പത്തിക ശാസ്ത്രവിദഗ്ധ ഡോ. മേരി ജോര്‍ജ് എന്നിവര്‍ അടങ്ങിയ പാനലില്‍ ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ എം. ജി. രാധാകൃഷ്ണനായിരുന്നു മോഡറേറ്റര്. നയങ്ങളിലോ നിലപാടുകളിലോ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരല്ല പാനല്‍ അംഗങ്ങള്‍ . മോഡററേറ്റര്‍ പക്ഷേ, പലവിഷയങ്ങളിലും ഇടതുപക്ഷ അനുഭാവം മറച്ചുവെയ്ക്കുന്ന ആളുമല്ല. 

ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ലെന്ന് തീര്‍ത്തും ഉറപ്പുളളതു കൊണ്ടു തന്നെയാണ് കെ. എം. മാണിയുടെ ധവളപത്രത്തെ കുറിച്ചുളള പുസ്തകം ഇങ്ങനെയൊരു പാനലിന്റെ വിചാരണയോടെ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചത്. സ്വന്തക്കാരെ വെച്ചുകൊണ്ടുളള ഒത്തുകളിയായിരുന്നില്ല സംവാദം.  നിലപാടിന്റെ സത്യസന്ധതയിലും രാഷ്ട്രീയദാര്‍ഢ്യത്തിലും വിശ്വാസമുളളതുകൊണ്ട് എതിര്‍ചേരിയില്‍ നിന്നുളള വിമര്‍ശനങ്ങളെ ഭയക്കേണ്ട കാര്യമില്ല.  

സംവാദത്തില്‍ വലിയ പ്രശ്നമായി അവതരിപ്പിക്കപ്പെട്ട ഒരു കാര്യം പുസ്തകത്തിന്റെ പേരാണ്. പാരമ്പര്യമുളള ഒരു  രാഷ്ട്രീയ നേതാവിനെതിരെ ഇങ്ങനെയൊരു തലക്കെട്ടില്‍ പുസ്തകം രചിക്കാമോ എന്ന അത്ഭുതം വിമര്‍ശനമായി ജി. വിജയരാഘവനടക്കമുളളവര്‍ ഉന്നയിച്ചു.  കളളം പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും എന്ന പേര് സ്റ്റാറ്റിസ്റ്റിക് ശാസ്ത്രത്തില്‍ സുപരിചിതമായുളള "Lies, damn lies and statistics" എന്ന ചൊല്ലിന്റെ വകഭേദമാണ്. സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധമില്ലാത്തവര്‍ക്ക് ഈ സ്വാരസ്യം അത്രയെളുപ്പം മനസിലാവുകയില്ലെങ്കിലും ഇങ്ങനെയൊരു പേര് ബോധപൂര്‍വം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. 2001ലെ യുഡിഎഫിന്റെ ധവളപത്രത്തെ കളളം എന്നു വിശേഷിപ്പിച്ചിട്ടില്ല. കെ. എം. മാണിയുടെ തന്നെ ബജറ്റിനെ കളളം എന്ന് ആക്ഷേപിച്ചിട്ടില്ല. എന്നാല്‍ ധവളപത്രം ഈ വിശേഷണം അര്‍ഹിക്കുന്നുണ്ട്. 

വൈറ്റ് പേപ്പറിന് ഒരു ആധികാരികത ഉണ്ട്. സമഗ്രവും സത്യസന്ധവുമായ രീതിയില്‍ വ്യാഖ്യാനത്തിനു വേണ്ടി വസ്തുതകളും കണക്കുകളും അവതരിപ്പിക്കുന്നു എന്നതാണ് ധവളപത്രത്തിന്റെ പ്രത്യേകത. വ്യാഖ്യാനങ്ങളില്‍ സ്വാഭാവികമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.  കെ. എം. മാണിയുടെ രേഖ അത്തരത്തിലൊരു ധവളപത്രമേയല്ല. രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി ഇഷ്ടമില്ലാത്ത കണക്കുകള്‍ തമസ്കരിച്ചും കേവലത്തുകകള്‍ കാട്ടി പേടിപ്പിച്ചും തെറ്റായ നിഗമനങ്ങള്‍ പ്രചരിപ്പിച്ചും രണ്ടു ഘട്ടങ്ങളിലെങ്കിലും കൃത്യമായ കളളക്കണക്കുകള്‍ മുന്നോട്ടു വെച്ചും നടത്തുന്ന അഭ്യാസമാണ്. 

ഇത്രയും ചെയ്ത ശേഷം ഒരു ചോദ്യത്തിനു പോലും വഴങ്ങാത്ത ഗര്‍വാണ് ധനമന്ത്രി സഭയില്‍ കാണിച്ചത്. ഇതിനുനേരെ കണ്ണടച്ചു കൊണ്ട് പുസ്തകത്തിന്റെ പേരില്‍ വിമര്‍ശനാത്മകമായ അത്ഭുതം കൂറുന്നവരോട് യോജിക്കാനാവില്ല. നിയമസഭയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന ഭരണകര്‍ത്താവിനെതിരെ എന്തെങ്കിലും വിമര്‍ശനം എന്റെ സ്നേഹിതര്‍ക്കില്ല.

ഓരോ ഖണ്ഡികയ്ക്കും എണ്ണിയെണ്ണി മറുപടി പറയുന്നതാണ് ബദല്‍ ധവളപത്രത്തിലെ ഏതെങ്കിലും ഖണ്ഡനം തെറ്റെന്നു തെളിയിക്കാനും അവര്‍ തയ്യാറല്ല. പകരം പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ചില ലളിതയുക്തികള്‍ വഴി ഒരേസമയം അക്കാദമികും രാഷ്ട്രീയവുമായ വിമര്‍ശനത്തെ പ്രതിരോധിക്കാനാണ് അവരുടെ ശ്രമം.  ധവളപത്രത്തില്‍ കെ. എം. മാണി ഉയര്‍ത്തുന്ന വാദങ്ങളുടെ ശരിതെറ്റു പരിശോധനയില്‍ നിന്ന് എന്റെ സ്നേഹിതര്‍ പിന്മാറുന്നതു കാണുമ്പോള്‍ ധവളപത്രം ആഴത്തിലവര്‍ വായിച്ചിട്ടുണ്ടോ എന്ന സംശയവും എനിക്കുണ്ട്. 

ആദ്യ നാലുവര്‍ഷങ്ങളിലും ചെയ്യാതിരുന്ന പദ്ധതികളെല്ലാം അഞ്ചാം വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് എന്തിന് എന്ന ചോദ്യവും ഉയര്‍ന്നുവന്നു. ഇന്ന് ചെയ്യേണ്ടത് ഇന്നലെ ചെയ്യാനാവില്ല എന്ന് എല്ലാവര്‍ക്കുമറിയാം. ആദ്യ നാലുവര്‍ഷങ്ങളിലും കേരളത്തില്‍ ഒന്നും നടക്കാതെയുമിരുന്നിട്ടില്ല. 2008-09ലെ സാന്പത്തിക കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഉത്തേജക പാക്കേജ് എങ്ങനെയാണ് 2007ല്‍ നടപ്പാക്കുക. 

എങ്കിലും ഒന്നു പറയട്ടെ, എന്റെ ആദ്യത്തെ ബജറ്റില്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്തുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് ഒറ്റയടിക്കു ചെയ്തതല്ല. അഞ്ചു വര്‍ഷക്കാലത്തെ മൂലധനച്ചെലവിന്റെ കണക്കു കൊടുക്കുന്നു. 2001-02ല്‍ 0.79 ശതമാനമായിരുന്ന മൂലധനച്ചെലവ് 2005-06ല്‍ 0.6 ശതമാനമായി താഴുകയാണ് ഉണ്ടായത്. എല്‍ഡിഎഫ് ഭരണത്തില്‍ 2010-11ല്‍ ഇത് 1.2 ശതമാനമാണ് എന്ന് ധവളപത്രത്തിലെ പട്ടിക 4 വെളിപ്പെടുത്തുന്നുണ്ട്. ഇരട്ടിയോളം വളര്‍ച്ചയാണ് അനുക്രമമായി എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായത്. ഇതു മറച്ചുവെച്ചാണ് ആദ്യത്തെ നാലു ബജറ്റിലും ഒന്നും ചെയ്തില്ല എന്ന ധ്വനി വരുത്തുന്ന പരാമര്‍ശങ്ങള്‍.

അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യം തന്നെ എടുക്കുക. 2007-08ല്‍ ഓരോ മണ്ഡലത്തിലും ഓരോ കോടി രൂപവീതം പ്രവൃത്തികളാണ് അനുവദിച്ചത്. 2008-09ല്‍ രണ്ടു കോടി രൂപ വീതമായി ഉയര്‍ത്തി. 2009-10ല്‍ മിനിമം 15 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അനുവദിച്ചത്. അതിന്റെയൊക്കെ പണികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വളരെ ചിട്ടയായും അനുക്രമമായും മൂലധനച്ചെലവ് ഉയര്‍ത്തുന്ന പരിപാടിയുടെ അവസാനമായിരുന്നു 2011-12ലെ ബജറ്റ്. 

2006-07, 2007-08 വര്‍ഷങ്ങളില്‍ ഒരു ധനസുസ്ഥിരത വരുത്തുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. ശമ്പള പരിഷ്കരണത്തിന്റെ വര്‍ഷം അങ്ങനെയാകാതെ തരമില്ല. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ നടപ്പാക്കിയ പരിഷ്കരണ പരിപാടികളുടെ ഫലമാണ്, ശമ്പളപരിഷ്കരണവര്‍ഷത്തിലും നിവര്‍ന്നു നില്‍ക്കാന്‍ കേരളത്തിന്റെ സമ്പദ് ഘടന നേടിയ കരുത്ത്. ഇതു മനസിലാക്കാതെ ധവളപത്രമിറക്കി മാലോകരെ ഭയപ്പെടുത്തുകയാണ് കെ എം മാണി. ബോധപൂര്‍വമോ അല്ലാതെയോ ഈ ഭയപ്പെടുത്തലിന് പിന്തുണ നല്‍കുകയായിരുന്നു സംവാദത്തില്‍ പങ്കെടുത്ത എന്റെ സുഹൃത്തുക്കളായ ജി. വിജയരാഘവനും പി സി സിറിയകും ഡോ. മേരി ജോര്‍ജും. 

എങ്കിലും ധനതത്ത്വശാസ്ത്രം സംബന്ധിച്ച ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും പ്രസക്തി ബോധ്യപ്പെടുത്തിയ ഒരു സായാഹ്നത്തെ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കിയതിന് അവരോടു നന്ദി പറയുന്നു. വിമര്‍ശനബുദ്ധ്യാ നടക്കുന്ന ഇത്തരം സംവാദങ്ങള്‍ നമ്മുടെ നാടിന്റെ രാഷ്ട്രീയസാക്ഷരതയ്ക്ക് ഗുണപരമായ മെച്ചമുണ്ടാക്കും എന്നതില്‍ അവരും ഞാനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല. 

Wednesday, August 3, 2011

കളളം, പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും


കെ. എം. മാണി അവതരിപ്പിച്ച ധവളപത്രത്തിലെ ഓരോ ഖണ്ഡികയ്ക്കും മറുപടി പറയുന്ന കളളം, പച്ചക്കളളം, പിന്നെ കെ. എം. മാണിയുടെ കണക്കുകളും എന്ന പുസ്തകം നാളെ (ആഗസ്റ്റ് 4ന്) വൈകുന്നേരം 4 മണിക്ക് കോട്ടയം സാഹിത്യസഹകരണ സംഘം ഹാളില്‍ പ്രകാശനം ചെയ്യുകയാണ്. സ. ടി. കെ. രാമകൃഷ്ണന്‍ പഠനഗവേഷണ കേന്ദ്രമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പുസ്തക പ്രകാശനത്തോടൊപ്പം കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയും ഉണ്ടായിരിക്കും.

ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ മോഡറേറ്ററാകുന്ന പാനലില്‍ പി. സി. സിറിയക്, ഡോ. മേരി ജോര്‍ജ്, ജി. വിജയരാഘവന്‍, ഡോ. കെ. എന്‍. ഹരിലാല്‍ എന്നിവരാണുളളത്. മോഡറേറ്റര്‍ വഴി സദസില്‍ നിന്നും ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്.

പ്രകാശന ചടങ്ങിലും ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു...



പുസ്തകത്തിന്റെ മുഖവുരയില്‍ നിന്ന്....  

കണക്കില്‍ പതിരില്ല എന്ന് പ്രസിദ്ധമായൊരു ചൊല്ലുണ്ട്. അതുപോലെ പ്രസിദ്ധമാണ് കണക്കു കൊണ്ട് എന്തും കളിക്കാമെന്നതും. കണക്കുകൊണ്ടുളള കളി പലവിധമാണ്.
ഒന്ന്) ഇഷ്ടമില്ലാത്ത കണക്കുകള്‍ തമസ്‌കരിക്കാം.
രണ്ട്) കേവല തുക, ശതമാനം, തോത്, നിരക്ക് എന്നിങ്ങനെ കണക്കുകള്‍ പലവിധമുണ്ട്. നിരക്കുകള്‍ പലവിധത്തില്‍ കണക്കുകൂട്ടാം. സാഹചര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഇവ ദുരുപയോഗപ്പെടുത്തലാണ് കണക്കുകൊണ്ടുളള കളിയുടെ മറ്റൊരു രീതി.
മൂന്ന്) കണക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുക.
നാല്) തെറ്റായ കണക്കുകള്‍ നല്‍കുക.
അതുകൊണ്ടാണ് എന്താണ് സ്ഥിതിവിവരക്കണക്ക് എന്നു പ്രബന്ധമെഴുതുന്ന ഏതൊരു വിദ്യാര്‍ത്ഥിയും ''കളളം, പച്ചക്കളളം, പിന്നെ സ്ഥിതിവിവരക്കണക്കുകളും'' ('Lies, damn lies and statistics') എന്ന ചൊല്ല് ഉദ്ധരിക്കാറുളളത്. ഈ നാലുതരം കളളക്കളിയുടെയും ഉത്തമമാതൃകകള്‍ സുലഭമായി കെ. എം. മാണിയുടെ ധവളപത്രത്തില്‍ ലഭ്യമായതു കൊണ്ടാണ് ഈ ഗ്രന്ഥത്തെ ''കളളം, പച്ചക്കളളം, കെ. എം. മാണിയുടെ കണക്കുകളും'' എന്ന പേരിട്ടത്.
സാധാരണഗതിയില്‍ പലസംവാദങ്ങളും സമാന്തര പ്രസംഗങ്ങളായി ഒടുങ്ങുന്ന പതിവാണുളളത്. അതുകൊണ്ടാണ് കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ചുളള ഈ ലഘുഗ്രന്ഥം ധവളപത്രത്തിലെ ഓരോ ഖണ്ഡികയ്ക്കും ബദല്‍ ധവളപത്രം നല്‍കിയ മറുപടിയുടെ വിശദീകരണമായി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഈ വിവാദത്തില്‍ അന്തര്‍ലീനമായ വാദങ്ങളേവ, അവയുടെ നിജസ്ഥിതിയെന്ത് എന്നു കൂടുതല്‍ എളുപ്പത്തില്‍ മനസിലാക്കുന്നതിന് വായനക്കാരനെ സഹായിക്കും.
സ്വതവേ തന്നെ ധനകാര്യം ഗ്രഹിക്കാന്‍ ക്ലിഷ്ടതയുളള വിഷയമാണ്. പെട്ടെന്നു പിടികിട്ടാത്ത പദപ്രയോഗങ്ങളും സംജ്ഞകളുമാണ് ഇതിനു കാരണം. അധ്യായങ്ങളില്‍ തന്നെ പ്രസക്തമായ ഭാഗങ്ങളില്‍ ഇവ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീടും സംശയമുയരാം. അതുകൊണ്ട് വായന എളുപ്പമാക്കാന്‍ വേണ്ടി ഒരു ധനകാര്യപദാവലി ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

Monday, July 25, 2011

വികസനോന്മുഖ ധനനയം നിരുത്തരവാദപരമോ?


ധനമാനേജ്‌മെന്റല്ല, ധന മിസ്മാനേജ്‌മെന്റാണ് കേരളത്തില്‍ നടമാടിയത് എന്നാണ് കെ. എം. മാണി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഏത് അളവുകോല്‍ വെച്ച് അളന്നാലും കേരളത്തിന്റെ ധനനില എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെച്ചപ്പെടുകയായിരുന്നുവെന്ന് കെ. എം. മാണിയുടെ ധവളപത്രത്തിലെ കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്.  നിരുത്തരവാദപരമായ ധനമാനേജ്‌മെന്റിന്റെ ഉദാഹരണങ്ങളായി ധവളപത്രം ചൂണ്ടിക്കാണിക്കുന്ന ആരോപണങ്ങള്‍ക്കും മറുപടി  പറയാം.

ധവളപത്രം ഖണ്ഡിക 4 - ''ട്രഷറിയിലെ കാഷ് ബാലന്‍സ് മികവിന്റെ സൂചകമല്ല. ഇത് കാശിന്റെ ഏറ്റവും ഉചിതമായ ഉപയോഗമല്ല. ട്രഷറിയില്‍ മിച്ചമായി വെയ്ക്കുന്ന പണത്തിന് പലിശ കൊടുക്കണം. ഇത് സംസ്ഥാനത്തിന്റെ ബാധ്യത വര്‍ദ്ധിപ്പിക്കുന്നു.... അതുകൊണ്ട് വലിയ ട്രഷറി മിച്ചം കാണിച്ചുകൊണ്ട് ആശ്വാസനെടുവീര്‍പ്പ് വിടാന്‍ കഴിയില്ല''.

ബദല്‍ ധവളപത്രം - മേല്‍പറഞ്ഞ പ്രസ്താവനയെക്കുറിച്ച് ഒരു തര്‍ക്കവും ഞങ്ങള്‍ക്കില്ല. തിരിഞ്ഞു നോക്കുകയാണെങ്കില്‍ ട്രഷറി മിച്ചം പ്രതിഭാസത്തെ ഇന്ത്യയിലെ ധനകാര്യ ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവന്നത് 2006-07ലെ ബജറ്റ് പ്രസംഗത്തിലൂടെയാണ്. അല്‍പം ദൈര്‍ഘ്യമുണ്ടെങ്കിലും പ്രസക്തമായ ചില ഖണ്ഡികകള്‍ ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല.

''സമീപകാലത്തായി ട്രഷറിയില്‍ മിച്ചം എന്ന പ്രതിഭാസം ഇന്ത്യയിലെ ഒട്ടു മിക്കവാറും സംസ്ഥാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം തൃപ്തിപ്പെട്ടതു കൊണ്ട് പണം ചെലവഴിക്കാനാകാതെ ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ വിഷമിക്കുകയാണെന്ന് ആരും പറയുകയില്ലല്ലോ. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇന്ന് 9 - 10 ശതമാനത്തിന് വായ്പ എടുത്തു കൊണ്ടിരിക്കുകയാണ് എന്നതും പ്രസ്താവ്യമാണ്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ധനകാര്യവര്‍ഷമവസാനം (മാര്‍ച്ച് 31, 2006) 31,744 കോടി രൂപയാണ് ഇത്തരത്തില്‍ മിച്ചം. 


ഈ പണം കേന്ദ്ര സര്‍ക്കാരിന്റെ ട്രഷറി ബില്ലുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിക്കുക. 5.0 ശതമാനമാണ് അതിന് പലിശ. അങ്ങനെ കേന്ദ്രത്തിന് ചുരുങ്ങിയ പലിശയ്ക്ക് ഇത്രയും ഭീമമായ തുക കൈവശത്താക്കാന്‍ കഴിയുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുടെ മേലും കഴിഞ്ഞ വര്‍ഷം 9.5% പലിശയ്ക്കാണ് ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നും 274054 കോടി രൂപ കേന്ദ്രം അടിച്ചേല്‍പ്പിച്ചത്. അടിച്ചേല്‍പ്പിച്ചത് എന്ന പ്രയോഗം മന:പൂര്‍വ്വം ഉപയോഗിച്ചതാണ്. പല സംസ്ഥാനങ്ങളും (കേരളമല്ല) ഇത്ര ഉയര്‍ന്ന പലിശ നിരക്കുള്ള ദേശീയ സമ്പാദ്യ പദ്ധതി വായ്പ തല്‍ക്കാലം വേണ്ടെന്നും പലിശ കുറഞ്ഞ പൊതു കടമെടുപ്പിന് അനുവദിക്കുകയാണ് വേണ്ടതെന്നും ഉള്ള നിലപാടിലാണ്. 


എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കുള്ള ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നുള്ള വായ്പകള്‍ തന്നെ സംസ്ഥാനങ്ങള്‍ എടുത്തോണം എന്നാണ് കേന്ദ്രത്തിന്റെ പക്ഷം. അങ്ങനെ 9.5 ശതമാനം പലിശയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പ ട്രഷറി ബില്ലിലെ നിക്ഷേപങ്ങളായി 5 ശതമാനം പലിശയ്ക്ക് കേന്ദ്രത്തില്‍ തിരിച്ചെത്തുകയാണ്. ഈ പുതിയ ഏര്‍പ്പാടിന്റെ ഫലമായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നില സംസ്ഥാനങ്ങളുടെ ചെലവില്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി എന്നതാണ് യാഥാര്‍ത്ഥ്യം. 


സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ വിശദമായ സമീപകാല പഠനത്തില്‍ ഇത് എടുത്തു പറഞ്ഞിട്ടുണ്ട്: “14 ദിവസത്തെ ട്രഷറി ബില്ലുകളില്‍ സംസ്ഥാനങ്ങള്‍ അവരുടെ ക്യാഷ് ബാലന്‍സ് മിച്ചം നിക്ഷേപിച്ചിരുന്നില്ലായെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിത്യനിദാന ചെലവിന്റെ കാര്യത്തില്‍ കമ്മിയിലായേനെ” (പേജ് 52 - സംസ്ഥാന ധനകാര്യം 2005-06 ബജറ്റുകളെക്കുറിച്ചൊരു പഠനം, ആര്‍.ബി.ഐ. 2005). കൂടുതല്‍ ധനസഹായം കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സംസ്ഥാനങ്ങളുടെ “വീര്‍ത്ത മടിശ്ശീല” ചൂണ്ടിക്കാണിക്കുന്നതും ഒരു പതിവാക്കിയിട്ടുണ്ട്. 


ദൗര്‍ഭാഗ്യമെന്നു പറയട്ടെ കേരളത്തിലെ യു.ഡി.എഫുകാരും അതെ പല്ലവി ആവര്‍ത്തിക്കുകയാണ്. ഈ ജനവിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തി സംസ്ഥാന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരുമിച്ചു നില്‍ക്കണമെന്ന് ഞാന്‍ യു.ഡി.എഫിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്.


ട്രഷറി മിച്ചം എന്ന പ്രതിഭാസം എങ്ങനെ രൂപം കൊള്ളുന്നു എന്നതിന് ഒരു പൂര്‍ണ്ണ വിശദീകരണം ഇവിടെ നല്‍കുവാന്‍ ഒരുമ്പെടുന്നില്ല. നേരത്തെ സൂചിപ്പിച്ചതു പോലെ ജനങ്ങളുടെ പ്രാഥമിക സൗകര്യങ്ങള്‍ നിഷേധിച്ചു കൊണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചു കൊണ്ടുമാണ് ട്രഷറി മിച്ചം സൃഷ്ടിക്കുന്നത് എന്ന് വ്യക്തം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ എങ്ങനെ ഇത്രമാത്രം പ്രകടമായ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നത് ആലോചിക്കുമ്പോഴാണ് ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന “ധനഭരണ ഉത്തരവാദിത്വ നിയമത്തിന്റെ” പങ്ക് വെളിവാകുന്നത്. 


തെരഞ്ഞെടുത്ത ജനങ്ങളോടല്ല ഏതോ വിദഗ്ദ്ധ കേന്ദ്രങ്ങള്‍ തീരുമാനിച്ച് സംസ്ഥാന നിയമസഭകള്‍ മനസ്സിലാക്കിയോ മനസ്സിലാക്കാതെയോ പാസാക്കുന്ന ധന ഉത്തരവാദിത്വ നിയമങ്ങളുടെ ലക്ഷ്യങ്ങളോടാണ് പ്രതിബദ്ധത എന്നത് ജനാധിപത്യ വിരുദ്ധമായ ഒരു സ്ഥിതിയാണ്. ഭാവിയില്‍ വരുന്ന സര്‍ക്കാരുകള്‍ക്കു പോലും ബാധകമാകുന്ന വരവ്-ചെലവും, റവന്യൂ-ധനകമ്മിയും സംബന്ധിച്ച ലക്ഷ്യങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഒരുപകരണമാക്കി ധനകാര്യ കമ്മീഷനുകളെ ഭരണഘടനാ വിരുദ്ധമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ മുന്നില്‍ വലിയ വാഗ്ദാനങ്ങള്‍ വച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ പിന്നീട് ഈ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്.


റിസര്‍വ്വ് ബാങ്കിന്റെ മുമ്പ് സൂചിപ്പിച്ച റിപ്പോര്‍ട്ട് ഇക്കാര്യം ഭംഗ്യന്തരേണ അംഗീകരിക്കുന്നുണ്ട്. ട്രഷറി മിച്ച പ്രതിഭാസത്തിന് ഒരുമുഖ്യ കാരണം “സംസ്ഥാന സര്‍ക്കാരുകള്‍ ചെലവുകള്‍, പ്രത്യേകിച്ച് പലിശയേതര റവന്യൂ ചെലവുകളും മൂലധന ചെലവുകളും, കര്‍ശനമായി പരിമിതപ്പെടുത്തുന്നതാണ്” (അതേ റിപ്പോര്‍ട്ട് പേജ് 50, 51). തുടര്‍ന്ന് 52-ാം പേജില്‍ 12-ാം ധനകാര്യ കമ്മീഷന്റെ തീര്‍പ്പില്‍ നിന്ന് പൂര്‍ണ്ണ ധനസഹായം ഉറപ്പുവരുത്തുന്നതിന് ഇപ്രകാരം ഒരു സമീപനം സ്വീകരിക്കുവാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാണ് എന്നും കൂടെ പറയുന്നുണ്ട്. ഈ ജനവിരുദ്ധനയത്തിന്റെ ദുര്‍ഭഗ സന്തതിയാണ് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളില്‍ പോലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ട്രഷറി മിച്ചമെന്ന പ്രതിഭാസം''.


ഈ ബജറ്റിനെ തുടര്‍ന്നുണ്ടായ അക്കാദമിക് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഞാനും ഡോ. രാംകുമാറും ചേര്‍ന്ന് സാമാന്യം ദീര്‍ഘമായ ഒരു പ്രബന്ധം എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ''എന്തുകൊണ്ട് സംസ്ഥാനങ്ങള്‍ പണം ചെലവഴിക്കുന്നില്ല. ട്രഷറി മിച്ചം എന്ന പ്രതിഭാസത്തെ സംബന്ധിച്ച് ധനഉത്തരവാദിത്ത നിയമങ്ങളെ മുന്‍നിര്‍ത്തിയൊരന്വേഷണം (Why do the States not spend? An Exploration of the Phenomenon of Cash Surpluses and the FRBM Legislation) എന്ന ഈ പ്രബന്ധത്തില്‍ ട്രഷറി മിച്ചമെന്ന പ്രതിഭാസം ധനഉത്തരവാദിത്ത നിയമത്തിന്റെ ദുര്‍ഭഗസന്തതിയാണെന്നാണ് ഞങ്ങള്‍ വാദിച്ചത്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ ട്രഷറി മിച്ചം 60,000 കോടി രൂപയായിരുന്ന വേളയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അടുത്ത ധനകാര്യവര്‍ഷമായപ്പോഴേയ്ക്കും ഇത് ഒരു ലക്ഷം കോടി കവിഞ്ഞു. ഉണ്ടായിരുന്നിട്ടും റവന്യൂ കമ്മി പൂജ്യമാക്കാനുളള ശാഠ്യം കൊണ്ട് പണം ട്രഷറിയില്‍ സൂക്ഷിക്കുകയായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളും. മൂലധനച്ചെലവിലേയ്ക്കു തിരിയാന്‍ പുതിയ സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. പ്രാഥമിക വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒറീസ പോലുളള സംസ്ഥാനങ്ങള്‍ മുന്‍കടം വീട്ടുന്നതിന് ഈ തുക ഉപയോഗിച്ചു. ഏതായാലും അക്കാലത്ത് കേരളത്തിന് മിച്ചം വെയ്ക്കാന്‍ അധികമൊന്നും ഉണ്ടായില്ല.

എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടതോടെ ട്രഷറിയില്‍ മിച്ചമെന്ന പ്രതിഭാസം കേരളത്തിലും പ്രത്യക്ഷപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെപ്പോലെ റവന്യൂ കമ്മി ഇല്ലാതാക്കാനുളള അതിരുവിട്ട നടപടികള്‍ക്കൊന്നും കേരളം തുനിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴും റവന്യൂ കമ്മി തുടരുകയാണ്. റവന്യൂകമ്മി പൂജ്യമാക്കിയിരുന്നെങ്കില്‍ മിച്ചം ഇതിനെക്കാള്‍ എത്രയോ ഉയരുമായിരുന്നു. ഈ സാഹചര്യത്തില്‍ എന്താണ് പോംവഴി?

മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്തുകയാണ് മാര്‍ഗം. അതത്ര എളുപ്പമുളള കാര്യമല്ല. ഭീമമായ തോതില്‍ മൂലധനച്ചെലവ് ഏറ്റെടുത്തിട്ടുളള ഒരുപരിചയം നമ്മുടെ ഭരണയന്ത്രത്തിനില്ല. അതുകൊണ്ട് ഭരണാനുമതി നല്‍കിയ 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ധവളപത്രം പറയുന്നതുപോലെ പത്തുശതമാനത്തില്‍ താഴെ തുക മാത്രമേ ബില്ലായി ഇപ്പോഴും വന്നിട്ടുളളൂ. ഇന്നല്ലെങ്കില്‍ നാളെ ഈ ബില്ലുകള്‍ വരുമെന്നു തീര്‍ച്ചയാണല്ലോ. അപ്പോള്‍ പണം കൊടുത്തേ പറ്റൂ. അതിനുവേണ്ടിയാണ് ഈ മിച്ചം സൂക്ഷിക്കുന്നത്.

ധവളപത്രത്തില്‍ പറയുന്നതു പോലെ ഇതുകൊണ്ട് അധികച്ചെലവുണ്ടാകും. പക്ഷേ, വേറെ വഴിയൊന്നുമില്ല. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച വായ്പ അന്നുപയോഗിച്ചില്ലെങ്കില്‍ പിന്നീട് ആവശ്യമുളളപ്പോള്‍ വായ്പയെടുക്കുന്നതിന് കേന്ദ്രം അനുവദിച്ചിരുന്നുവെങ്കില്‍ പ്രശ്‌നമില്ല. സംസ്ഥാനത്തിന്റെ വികസനത്തിനു വായ്പയായി എടുക്കാവുന്ന പണം വേണ്ടെന്നുവെയ്ക്കാന്‍ തയ്യാറല്ല. നിര്‍മ്മാണ പ്രവൃത്തികള്‍ക്കു വലിയ തോതില്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അവയുടെ ബില്ലുകള്‍ വരുമ്പോള്‍ ട്രഷറി മിച്ചവും അപ്രത്യക്ഷമാകും. ധവളപത്രമെഴുത്തുക്കാര്‍ക്ക് ഇവയെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല. ധനഉത്തരവാദിത്ത നിയമത്തിനു കുഴലൂതിയവര്‍ എന്തോ പുതിയ കണ്ടുപിടിത്തം പോലെ ട്രഷറി മിച്ചത്തിന്റെ അധികബാധ്യതയെക്കുറിച്ച് വിമര്‍ശനവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

ധവളപത്രം ഖണ്ഡിക 54-58 - ചട്ടങ്ങള്‍ ലംഘിച്ച് നിരുത്തരവാദപരമായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ 5000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജിന് 2009-10ല്‍ ബജറ്റ് വിഹിതമൊന്നും നീക്കിവെച്ചില്ല. ഇതിനു പുറമെ പൊതുമരാമത്തു വകുപ്പിന് 161 കോടി രൂപ മാത്രം വകയിരുത്തിക്കൊണ്ട് 1922 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയത്. ഇങ്ങനെ കഴിഞ്ഞ അഞ്ചുവര്‍ഷം ബജറ്റില്‍ നീക്കിവെച്ച തുകയുടെ 1192 ശതമാനം അധികം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയ നടപടി ധനകാര്യവിവേകത്തിനുമെതിരാണ്. നിലവിലുളള മാനദണ്ഡപ്രകാരം ബജറ്റ് വിഹിതത്തിന്റെ 150 ശതമാനത്തിലധികം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാന്‍ പാടില്ലാത്തതാണ്''.

ബദല്‍ ധവളപത്രം - റവന്യൂ കമ്മി പടിപടിയായി കുറഞ്ഞു വരികയാണ്. അനദിവിദൂരമല്ലാത്ത ഭാവിയില്‍ അനിവാര്യമായി അതു പൂജ്യമാക്കി മാറ്റേണ്ട സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ടാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് ഇനി നമുക്ക് ഒഴിഞ്ഞു മാറാനാവില്ല. 12-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കടാശ്വാസം മാത്രമേ നഷ്ടപ്പെടുമായിരുന്നുളളൂവെങ്കില്‍ 13-ാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പു പ്രകാരം പ്രത്യേക ഗ്രാന്റുകളും നഷ്ടമാകും. ഇത് ഭീമമായ ഒരു തുകയായിരിക്കും. ഈയൊരു സാഹചര്യം മുന്‍കൂട്ടി കണ്ട് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് അനുവാദം നല്‍കിയില്ലെങ്കില്‍ ട്രഷറിയില്‍ മിച്ചമെന്ന പ്രതിഭാസം സ്ഥിരമായി മാറും. അതുകൊണ്ടാണ് മാമൂല്‍ പ്രമാണങ്ങള്‍ വിട്ടുകൊണ്ട് മരാമത്തു പണികള്‍ക്ക് അനുവാദം നല്‍കാന്‍ തീരുമാനിച്ചത്. ഇത് വളരെ കൃത്യമായ ഒരു ധനമാനേജ്‌മെന്റ് തന്ത്രത്തിന്റെ ഭാഗമാണ്.

നിലവിലുളള മാര്‍ഗനിര്‍ദ്ദേശ പ്രകാരം വകയിരുത്തലിന്റെ 150 ശതമാനമേ പുതിയ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് അനുവാദം നല്‍കാന്‍ പാടുളളൂ.

പക്ഷേ, എന്തിന്റെ 150 ശതമാനം? ബജറ്റ് മതിപ്പു കണക്കിന്റെയോ അതോ യഥാര്‍ത്ഥത്തില്‍ പൊതുമരാമത്ത് ചെലവാക്കിയ പണത്തിന്റെയോ? ബജറ്റ് മതിപ്പുകണക്കില്‍ വകയിരുത്തിയതിനെക്കാള്‍ പലമടങ്ങാണ് പൊതുമരാമത്തു പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത്. മൂലധനച്ചെലവിലുണ്ടായ വര്‍ദ്ധനയുടെ കണക്കുകള്‍ മൂന്നാം അധ്യായത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുളളതാണ്. 2005-06ല്‍ 878 കോടി രൂപ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി മുടക്കിയ സ്ഥാനത്ത് 2010-11ല്‍ 3991 കോടി രൂപയാണ് ചെലവഴിച്ചത്. ഈ യഥാര്‍ത്ഥ അടങ്കലിന്റെ അനുപാതത്തില്‍ കണക്കാക്കിയാല്‍ ധവളപത്രക്കാരുടെ ''ആയിരം ശതമാനവും നിരുത്തരവാദപരവുമെല്ലാം'' ആവിയായിപ്പോവും.

ഇതുചെയ്തത് ചട്ടവിരുദ്ധമായിട്ടാണോ? അല്ല. ഈ വ്യവസ്ഥ മറികടന്നുകൊണ്ട് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയ്ക്ക് മരാമത്ത് പണികള്‍ നിര്‍ദ്ദേശിക്കാം. ബജറ്റ് പ്രസംഗത്തില്‍ ഇല്ലെങ്കില്‍പോലും കാബിനറ്റിന് തീരുമാനിക്കാം. ഇങ്ങനെയുളള സാഹചര്യങ്ങളില്‍ പ്രത്യേക ധനകാര്യ അനുവാദം നല്‍കുന്നതിന് ചട്ടം അനുവദിക്കുന്നുണ്ട്. അതുപയോഗപ്പെടുത്തിയാണ് ദീര്‍ഘവീക്ഷണത്തോടു കൂടി കേരളത്തിലെ മൂലധനച്ചെലവില്‍ അഭൂതപൂര്‍വമായ ഒരു വര്‍ദ്ധനയുണ്ടാക്കാനുളള സമീപനം കൈക്കൊണ്ടത്.

മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് ധവളപത്രം പുച്ഛഭാവത്തിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്. പണമൊന്നും വകയിരുത്താതെയാണത്രേ പതിനായിരം കോടി രൂപയുടെ പ്രഖ്യാപനം നടത്തിയത്. അയ്യായിരം കോടി രൂപ ധവളപത്രം തന്നെ സമ്മതിക്കുന്നതു പോലെ പഞ്ചായത്ത്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ നടത്തേണ്ട നിക്ഷേപം ഇതിനായി സംസ്ഥാന ബജറ്റില്‍ പണം വകയിരുത്തേണ്ടതില്ലല്ലോ. 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത്, ജലസേചനം, കുടിവെളളം, ടൂറിസം, തുടങ്ങിയ വകുപ്പുകള്‍ക്ക് അനുവദിച്ചത്. ഇതിനു പണം വകയിരുത്തിയിട്ടുവേണം പ്രഖ്യാപനം നടത്താന്‍ എന്നാണ് ധവളപത്രം പറയുന്നത്.

ഉത്തേജക പാക്കേജ് എന്താണെന്ന് കെ. എം. മാണിക്ക് അറിയാമോ? പാക്കേജിനു വേണ്ടി ചെലവഴിക്കുന്ന പണം ബജറ്റില്‍ തന്നെ വകയിരുത്തിയാല്‍ പിന്നെയെന്താണ് അധിക ഉത്തേജനം. ഉത്തേജക പാക്കേജിന് പ്രത്യേകം പണം വകയിരുത്തുക എന്നു പറഞ്ഞാല്‍ മറ്റു ചില മേഖലകളില്‍ വകയിരുത്തിയിരിക്കുന്ന പണം ഇങ്ങോട്ടു മാറ്റുക എന്നാണ് അര്‍ത്ഥം. ഡെഫിസിറ്റ് ഫിനാന്‍സിംഗാണ് ഉത്തേജക പാക്കേജിന് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഡെഫിസിറ്റ് ഫിനാന്‍സിംഗിന് അധികാരമില്ല. അതുകൊണ്ട് ചെയ്യാന്‍ പറ്റുന്ന ഏക മാര്‍ഗം പണം വകയിരുത്താതെ തന്നെ ഇതു പ്രഖ്യാപിക്കലാണ്. അനിവാര്യമായും ട്രഷറിയില്‍ ഉണ്ടാവുന്ന മിച്ചം ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുവരുമ്പോള്‍ പ്രതിസന്ധിയുണ്ടാവില്ല എന്നുറപ്പു നല്‍കുന്നു.

കേരളത്തിന്റെ ഉത്തേജക പാക്കേജിനെക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ 2010ലെ State Finances - A Study of Budgets എന്ന റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അതിങ്ങനെയായിരുന്നു.

 ''സംസ്ഥാന തലത്തില്‍ മാന്ദ്യവിരുദ്ധ ധനകാര്യനടപടി പ്രത്യക്ഷമായ നടപടി സ്വീകരിച്ചതു സംബന്ധിച്ച് പ്രത്യേക തെളിവുകളൊന്നുമില്ല. കാരണം ചുരുക്കം ചില സര്‍ക്കാരുകളേ ഒരു ധനകാര്യ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചുളളൂ. ഈ സംസ്ഥാനങ്ങള്‍ കേരളം, പശ്ചിമബംഗാള്‍, ഹരിയാന എന്നിവയാണ്. കേരള സര്‍ക്കാര്‍ പതിനായിരം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഇത് രണ്ടുവര്‍ഷം കൊണ്ട് സര്‍ക്കാരും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും കൂടി ചെലവാക്കേണ്ട തുകയാണ്''

ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വായ്പ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കി. ഇതിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരുകളുടെ ചെലവ് സാധാരണഗതിയില്‍ 12-14 ശതമാനം വെച്ചു വളര്‍ന്നിരുന്നത് 2008-09ല്‍ 25 ശതമാനം ഉയര്‍ന്നു. ഏതാണ്ട് ഇതുപോലെ തന്നെ 2009-10ല്‍ സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ദ്ധന മുഖ്യമായും റവന്യൂ ചെലവിലാണ് ഉണ്ടായത്. ഇതുതന്നെ ആറാം കേന്ദ്ര ശമ്പളക്കമ്മിഷന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയത്. ഇതും ഒരു മാന്ദ്യവിരുദ്ധ നടപടിയായിരുന്നു എന്നതിന് സംശയം വേണ്ട. .

കേരളത്തിന്റെ ഉത്തേജക പാക്കേജിന്റെ പ്രത്യേകത മൂലധനച്ചെലവിനു നല്‍കിയ ഊന്നലാണ്.
ഇപ്പോഴും നടപ്പാക്കിത്തീരാത്ത ഉത്തേജകപാക്കേജ് എന്തു മാന്ദ്യവിരുദ്ധ നടപടിയാണെന്ന് ന്യായമായി സംശയിക്കുന്നവരുണ്ട്. ഇന്നത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ സാഹചര്യമനുസരിച്ച് കാലതാമസം വരുമെന്ന് അറിഞ്ഞു തന്നെയാണ് ഇത്തരമൊരു അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവൃത്തി പ്രഖ്യാപിച്ചത്. രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്) നടപ്പിലാവുന്നതിന് താമസം വന്നാലും ഇത്ര വലിയ തുകയുടെ ഉത്തേജക പാക്കേജ് സൃഷ്ടിക്കുന്ന മാനസിക ഉത്തേജനമുണ്ട്. മാന്ദ്യകാലത്തെ സംബന്ധിച്ച് ഇതുവളരെ പ്രധാനമാണ്. ഇന്ത്യയിലെന്തെങ്കിലും സംഭവിച്ചതു കൊണ്ടല്ലല്ലോ വിദേശത്തു ബാങ്കുകള്‍ പൊളിഞ്ഞപ്പോള്‍ നമ്മുടെ നാട്ടിലും ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് നിര്‍ത്തിവെച്ചത്. രണ്ടാമതായി ധനഉത്തരവാദിത്ത നിയമത്തിന്റെ പശ്ചാത്തലത്തില്‍ മാമൂല്‍ വിട്ടുളള മൂലധനച്ചെലവു തന്ത്രത്തിന് തുടക്കം കുറിക്കാന്‍ പറ്റിയ സാഹചര്യമാണ് മാന്ദ്യകാലം. ആഗോളമാന്ദ്യത്തിന്റെ സവിശേഷമായ അന്തരീക്ഷം ഇത്തരമൊരു നടപടിയ്ക്ക് സാധാരണഗതിയിലുണ്ടാകുന്ന എതിര്‍പ്പുകളെ പാടേ ഇല്ലാതാക്കും. ഉത്തേജക പാക്കേജിനെ ഏവരും അന്ന് അംഗീകരിച്ചു.

ഉത്തേജക പാക്കേജ് പൊടുന്നനെയുളള നടപടിയായിരുന്നില്ല. 2007-08ല്‍ എല്ലാ മണ്ഡലങ്ങളിലും ഓരോ കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. 2008-09ല്‍ ഇത് 2 കോടി രൂപയായി ഉയര്‍ത്തി. 2009-10ല്‍ ഉത്തേജക പാക്കേജിന്റെ ഭാഗമായി ഇത് 15 കോടി രൂപയായി വീണ്ടുമുയര്‍ത്തി. ഒരെടുത്തു ചാട്ടവും ഉണ്ടായിട്ടില്ല. തികഞ്ഞ അവധാനതയോടെ നടപ്പാക്കിയ വികസന തന്ത്രമായിരുന്നു ഇത്.

(കെ. എം. മാണിയുടെ ധവളപത്രത്തെക്കുറിച്ച് ഉടന്‍ പ്രസിദ്ധീകരിക്കുന്ന, കളളം, പെരുങ്കളളം, പിന്നെ കുഞ്ഞുമാണിയുടെ കണക്കുകളും എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം... )

Friday, July 22, 2011

മാണിക്കെതിരെ ഡോ. കെ. എന്‍. രാജ്....



കമ്മിച്ച ബജറ്റ് സര്‍ക്കസിനെതിരെ ഡോ. കെ. എന്‍. രാജ് നടത്തിയ പ്രസ്താവന



25 കൊല്ലം മുമ്പ് ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞത്....

മാണിയുടെ കമ്മിച്ച ബജറ്റിനെക്കുറിച്ച് ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചുളള മനോരമ വാര്‍ത്ത...




Thursday, July 21, 2011

മാണി ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല

കളളക്കണക്കിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക വിദഗ്ധന്‍ ചമയുന്ന ശീലം കെ. എം. മാണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുപത്തി അഞ്ചുവര്‍ഷം മുമ്പ് ധനകാര്യമന്ത്രിയായിരിക്കെ ഇതേ തന്ത്രം മാണി പയറ്റിയിട്ടുണ്ട്. കേരളത്തില്‍ ആദ്യത്തെ മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ഖ്യാതി കൊതിച്ചാണ്  അന്ന് അദ്ദേഹം കളളക്കണക്കിനെ ആശ്രയിച്ചത്.

15 കോടി രൂപയുടെ മിച്ച ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് 1986-87ലെ ബജറ്റു പ്രസംഗത്തില്‍ അദ്ദേഹം അവകാശപ്പെട്ടത്. അന്നത്തെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജനാര്‍ദ്ദനന്‍ പൂജാരി, അന്ന് കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തുടങ്ങിയവരെല്ലാം മാണിയുടെ മിച്ചവാദത്തെ രൂക്ഷമായി ആക്രമിച്ചു. വിവാദം കൊഴുത്തപ്പോള്‍ ബജറ്റ് ഒരേസമയം കമ്മിയും മിച്ചവുമാണെന്ന വാദവുമായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും രംഗത്തിറങ്ങി.

കാല്‍നൂറ്റാണ്ടു മുമ്പ് മാണി പയറ്റിയ കണക്കെഴുത്തു തന്ത്രത്തിന്റെ പരിഹാസ്യത ബോധ്യപ്പെടാന്‍. താഴെ കൊടുത്തിരിക്കുന്ന മനോരമ തലക്കെട്ടുകള്‍ മാത്രം മതി.


1986 മാര്‍ച്ച് 15ന്റെ ബജറ്റ് വാര്‍ത്തയുടെ തലക്കെട്ട്


അടിവരയിട്ടതായിരുന്നു അന്നത്തെ അവകാശവാദം.  


അതിന്റെ ഗതിയെന്തായിരുന്നുവെന്ന് നോക്കുക.


ലോകസഭാ അംഗമായിരുന്ന ശരദ് ദിഘെയ്ക്ക് 
 കേന്ദ്ര ധനകാര്യസഹമന്ത്രി  ജനാര്‍ദ്ദനന്‍ പൂജാരി
രേഖാമൂലം നല്‍കിയ മറുപടിയെക്കുറിച്ചുളള വാര്‍ത്തയുടെ തലക്കെട്ട്.

ഒന്നോ രണ്ടോ ദിവസത്തെ റിസര്‍വ് ബാങ്കിലെ മിച്ചക്കണക്കു വെച്ച് നിയമസഭയില്‍ മാണി നടത്തിയ കസര്‍ത്ത് അരിശം കൊളളിച്ചത് പ്രതിപക്ഷത്തെ മാത്രമല്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതിയുടെ ചെയര്‍മാനും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണനാണ് മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. വസ്തുതകള്‍ സംസാരിക്കട്ടെ എന്ന തലക്കെട്ടില്‍ വലിയൊരു പ്രസ്താവന തന്നെ അദ്ദേഹം പുറപ്പെടുവിച്ചു. വാര്‍ത്തയുടെ തലക്കെട്ടാണ് ചുവടെ.


വാര്‍ത്തയില്‍ നിന്ന് "...കൊടുക്കാനുളളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ്  79 കോടി രൂപയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 140 കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ത്ഥവും യുക്തിഹീനവുമാണ്. വരവു കൂടുതലുളള ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുളളവര്‍ക്കു പോലും അറിയാം".

സാമ്പത്തിക കാര്യങ്ങളുമായി അല്‍പം പരിചയമെങ്കിലും ഉളളവരെ നാണിപ്പിക്കുന്ന കളളക്കളി തന്നെയാണ് കാല്‍നൂറ്റാണ്ടിനു ശേഷം ധവളപത്രത്തിലും കെ. എം. മാണി കാണിച്ചത്. 25 കൊല്ലം പഴകിയ തരികിടയേ മാണിസാറിന്റെ കൈവശമുളളൂ എന്നര്‍ത്ഥം.

ഡോ. പി. കെ. ഗോപാലകൃഷ്ണനു പിന്തുണ നല്‍കി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍. രാജ് തന്നെ രംഗത്തിറങ്ങി. സ്വതവേ മിതഭാഷിയായ ഡോ. രാജ് കെ. എം. മാണിയ്ക്കെതിരെ ആഞ്ഞടിച്ചു. 


വാര്‍ത്തയില്‍ നിന്ന്... "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്.... ഇതേപ്പറ്റി ചീഫ് ജസ്റ്റിസിന് എഴുതിയാലെന്തെന്നു വരെ തനിക്ക് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു."

25 കൊല്ലങ്ങള്‍ക്കു ശേഷവും കെ. എം. മാണിയ്ക്ക് ഒരുമാറ്റവുമില്ല. കളളക്കണക്ക് അവതരിപ്പിക്കാന്‍ നിയമസഭ കഴിഞ്ഞേ അദ്ദേഹത്തിന് മറ്റൊരു വേദിയുളളൂ.....

ഇന്ന് കെ. എം. മാണിയുടെ മുന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നതായി അഭിനയിക്കുകയാണല്ലോ ഉമ്മന്‍ചാണ്ടി. അന്നത്തെ മുഖ്യമന്ത്രിയും അത്തരമൊരഭ്യാസം കാണിച്ചു. പിന്തുണയ്ക്കുന്നതായി നടിച്ചു കൊണ്ട് മാണിയുടെ നെഞ്ചില്‍ കെ. കരുണാകരന്‍ പാര കുത്തിത്താഴ്ത്തി.  കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല എന്നാണ് കരുണാകരന്‍ പറഞ്ഞത്. ആ തലക്കെട്ട് ചുവടെ...


അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു, ഇന്ന് ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ ആര്യനാട് ബ്ലോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ മിച്ച കമ്മി ആശയക്കുഴപ്പത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ തുറന്നടിച്ചു...

മനോരമ വാര്‍ത്തയില്‍ നിന്ന്....  കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന്  ... കാര്‍ത്തികേയന്‍ ...പ്രസ്താവിച്ചു.. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു....  




 1986 ഏപ്രില്‍ 28ന്റെ മനോരമയില്‍ നിന്ന്...

എന്തിനേറെ പറയുന്നു... മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി കരുണാകരന്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങി. അതോടെ "കമ്മിച്ച" ബജറ്റ് അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രിയായി വിലസിയ കെ. എം. മാണിക്ക് ധനമന്ത്രി പദം നഷ്ടപ്പെട്ടു. വെറുമൊരു നിയമമന്ത്രിയായ്ക്കി കരുണാകരന്‍ മാണിയെ മൂലയ്ക്കിരുത്തി. ധനവകുപ്പ് കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരനു നല്‍കി. നിയമസഭയില്‍ വെച്ചു തന്നെ പിന്‍ഗാമി എയ്ത ആഗ്നേയാസ്ത്രം മാണിയുടെ നെഞ്ചില്‍ തറച്ച കാഴ്ചയ്ക്ക് എത്ര കൗതുകകരമായ തലക്കെട്ടാണ് അന്ന് മനോരമ നല്‍കിയതെന്ന് നോക്കൂ... 



(ഇതേക്കുറിച്ച് പി. എം. മനോജ് എഴുതിയ ലേഖനം ചുവടെ...)

മിച്ചം തന്നെ, അതായത് കമ്മി

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...