Monday, October 29, 2018

ആലപ്പുഴ പൈതൃക പദ്ധതിയും തുറമുഖ മ്യൂസിയവും



ആലപ്പുഴയെ ഒരു പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്ര പരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. വേമ്പനാട് കായല്‍ സന്ദര്‍ശിക്കുന്നതിനായി വരുന്ന അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകളില്‍ പകുതിപേരെങ്കിലും നഗര കാഴ്ചകള്‍ കാണുന്നതിന് ഒരു ദിവസവും കൂടിയെങ്കിലും അധികമായി ഇവിടെ തങ്ങുകയാണെങ്കില്‍ അത് നഗരത്തെ വലിയ അഭിവൃദ്ധിയിലേക്ക് നയിക്കും. ഈ പുനരുദ്ധാരണ പരിപാടിയുടെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇവയാണ്.

1. നഗര റോഡുകളുടെയും പാലങ്ങളുടെയും നവീകരണം. കനാല്‍ കരകളിലെ നടപ്പാതയും, സൈക്കിള്‍ ട്രാക്കും ഇതില്‍ ഉള്‍പ്പെടുന്നു. (800 കോടി രൂപ)

2. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റ്,ബോട്ട് ജെട്ടി എന്നിവ  കേന്ദ്രീകരിച്ചുള്ള ആലപ്പുഴ     മൊബിലിറ്റി ഹബ്ബ് (500 കോടി രൂപ)

3. കനാലുകളുടെ നവീകരണവും, നഗര ശുചിത്വവും (150 കോടി രൂപ)

4. പൈതൃക സംരക്ഷണ പദ്ധതി (150 കോടി രൂപ)

ഇതിനുപുറമേ കുടിവെള്ള പദ്ധതി, സ്റ്റേഡിയം എന്നിവയുടെ പൂര്‍ത്തീകരണവും, ജനറല്‍ ആശുപത്രി വിപുലീകരണം തുടങ്ങിയവ കൂടി നടപ്പിലാക്കും.

പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 50 ല്‍ പരം  100 വര്‍ഷത്തിലേറെ പഴക്കമുള്ള മന്ദിരങ്ങള്‍ കണ്‍സേര്‍വ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇവയെല്ലാംതന്നെ വാടക്കനാല്‍ കൊമേഴ്സ്യല്‍  കനാല്‍ എന്നിവയുടെ ഇരുകരകളുടെയും പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ്. ഈ മന്ദിരങ്ങളില്‍ 20 എണ്ണത്തിലെങ്കിലും മ്യൂസിയങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്‍സൈക്ലോപീഡിയ പോലുള്ള ഭീമന്‍ മ്യൂസിയങ്ങള്‍ ആയിരിക്കില്ല ഇവ. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളായിരിക്കും. അത് മാത്രമല്ല ഈ മ്യൂസിയങ്ങളെ ലിവിംഗ് മ്യൂസിയങ്ങളായിട്ടാണ് വിഭാവനം ചെയ്യുന്നത്. എന്ന് വെച്ചാല്‍ മ്യൂസിയത്തെ വേര്‍തിരിച്ചതിന് ശേഷവുള്ള ഇടങ്ങളില്‍ കൊണ്ട് സാധാരണഗതിയിലുള്ള സാമൂഹ്യ സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടാകും. പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍ ഇവയാണ്.

1. പഴയ ഡാറാസ്മെയിലിലെ ചകിരി - കയര്‍ യാണ്‍ മ്യൂസിയം.

2. വോള്‍കാര്‍ട്ട് ബ്രദേഴ്സിലെ കയര്‍ വ്യവസായ ചരിത്ര മ്യൂസിയം ഇവിടെയായിരിക്കും ആലപ്പുഴ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പ്രതിപാദനം.

3. ബോംബെ കമ്പനിയിലെ കയര്‍ സാങ്കേതികവിദ്യയുടെ പരിണാമത്തെ സംബന്ധിച്ചുള്ള മ്യൂസിയം. അടുത്തടുത്ത് കിടക്കുന്ന ഈ മൂന്ന് മ്യൂസിയങ്ങളും ഒരുമിച്ച് ഒരു സമുച്ചയമായിട്ടായിരിക്കും പ്രവര്‍ത്തിക്കുന്നത്.

4. തോമസ് നോര്‍ട്ടണ്‍ മ്യൂസിയം

5. എസ്.ഡി.വി. സ്കൂളിലെ വിദ്യാഭ്യാസ മ്യൂസിയം

6. കൊട്ടാരം ആശുപത്രിയിലെ ആരോഗ്യ മ്യൂസിയം

7. വില്യം ഗുഡേക്കര്‍ - കെ.സി. കരുണാകരന്‍  മ്യൂസിയം

8. സ്പൈസസ് മ്യൂസിയം

9. കുടകളുടെ മ്യൂസിയം

10. ഗാന്ധി മ്യൂസിയം

11. ഗുജറാത്തി ബിസിനസ് ഹിസ്റ്ററി മ്യൂസിയം

12. എ.എന്‍.പുരത്ത് ഗൗഡസാരസ്വതര്‍ മ്യൂസിയം

13. മനോന്‍മണിയം സുന്ദരന്‍ പിള്ള മ്യൂസിയം

14. ആലപ്പുഴ ശുചിത്വ നഗര മ്യൂസിയം

15. കന്നിട്ട മില്‍ മ്യൂസിയം

16. ബോട്ട് മ്യൂസിയം

17. ആലപ്പുഴ മുനിസിപ്പാലിറ്റി ചരിത്ര മ്യൂസിയം

18. കിടങ്ങാംപറമ്പ് പ്രദേശത്ത് ഒരു നവോത്ഥാന മ്യൂസിയം

19. മഖാം മസ്ജിദിലെ എക്സിബിഷന്‍ ഹാള്‍

20. പഴയ ഗുജറാത്തി സ്ട്രീറ്റും പരിസര പ്രദേശങ്ങളും ചേര്‍ത്ത് ഡൗണ്‍ ദ മെമ്മറിയി ലേയ്ന്‍ എന്ന ഒരു തെരുവ് കാഴ്ച.

21. ആലപ്പുഴ തുറമുഖ മ്യൂസിയം

ഇവയില്‍ കയര്‍ മ്യൂസിയത്തിനുള്ള കെട്ടിടങ്ങളുടെ നവീകരണം ആരംഭിച്ച് കഴിഞ്ഞു. 15 മന്ദിരങ്ങളുടെ നവീകരണത്തിനുള്ള 43 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. നവംബര്‍ മാസത്തില്‍ മറ്റൊരു 20 കോടിക്കുള്ള പദ്ധതിക്ക് അംഗീകാരമാകും. ആലപ്പുഴ പൈതൃക പദ്ധതി യാഥാര്‍ത്ഥ്യമായി മാറുകയാണ്.

മന്ദിരങ്ങളുടെ കണ്‍സര്‍വേഷന്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതനുസരിച്ച്  അവയിലെ മ്യൂസിയം പ്രദര്‍ശനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രവര്‍ത്തനമാണ്. ഒരാള്‍ക്കോ ഏതാനും പേര്‍ക്കോ ചെയ്ത് തീര്‍ക്കാവുന്ന കാര്യമല്ല ഇത്. ഓരോ മ്യൂസിയത്തിനും അതിന്‍റെതായ പണ്ഡിതന്മാരെയും വിദഗ്ധന്മാരെയും കണ്ടെത്തണം. അവരുടെ ആശയങ്ങള്‍ കാഴ്ചകളായി ഒരുക്കുന്നതിനുവേണ്ടിയുള്ള പുരാവസ്തുക്കളും സാഗ്രികളും തെരഞ്ഞെടുക്കണം. എത്ര വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യേണ്ടിവരുന്നത് മ്യൂസിയങ്ങളുടെ പേരുകളിലൂടെ കണ്ണൊടിച്ചാല്‍ മനസ്സിലാകും. ഇവയില്‍ ഒറ്റ മ്യൂസിയം എന്ന നിലയില്‍ ഏറ്റവും ബൃഹത്തായിട്ടുള്ളത് ആലപ്പുഴ തുറമുഖ മ്യൂസിയമാണ്.

ഈ മ്യൂസിയത്തിന്‍റെ ഉളളടക്കത്തെക്കുറിച്ചും അതിന്‍റെ പ്രദര്‍ശനത്തെക്കുറിച്ചും രൂപരേഖ തയ്യാറാക്കുന്നതിനാണ് ഈ ഏകദിന ശില്പശാല. ഇന്നുണ്ടാകുന്ന ധാരണയനുസരിച്ച് രണ്ടോ മൂന്നോ മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം മ്യൂസിയത്തിന്‍റെ പ്രദര്‍ശനത്തെ സംബന്ധിച്ച് അവസാന രൂപം നല്‍കാന്‍ നാം വീണ്ടും സമ്മേളിക്കുന്നതാണ്. അപ്പോഴെക്കും പഴയ പോര്‍ട്ട് ഓഫീസിന്‍റെയും അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഇരുപതിനായിരത്തോളം ചതുരശ്ര അടി വരുന്ന ഗോഡൗണുകളുടെയും നവീകരണവും നടന്നിരിക്കും. ഈ മ്യൂസിയത്തിന് വേണ്ടി പഴയ പോര്‍ട്ട് ഹൗസിന്‍റേയും,ഉപയോഗ ശുന്യമായി കിടക്കുന്ന ഗോഡൗണുകളുടേയും കണ്‍സര്‍വേഷന്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പൈതൃക പദ്ധതിയുടെ ആര്‍ക്കിടെക്ക് കണ്‍സള്‍ട്ടന്‍റ് ബെന്നി കുര്യാക്കോസും സംഘവും തയ്യാറാക്കി കഴിഞ്ഞു.അടുത്ത മാസം ഇത് ടെന്‍ഡര്‍ ചെയ്യും. പോര്‍ട്ട് മ്യൂസിയത്തോട് ബന്ധപ്പെടുത്തി കൊണ്ടായിരിക്കും ആലപ്പുഴ കടല്‍ പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണം.

ആലപ്പുഴ തുറമുഖത്തിന്‍റെ പശ്ചാത്തലവും ഉദയവും

പുരാതനകാലം മുതല്‍ ആഗോള വ്യാപാരത്തില്‍ മലബാര്‍ തീരത്തിന് സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ചൈന, അറബ് രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഇവിടെ വന്നാണ് ഇടപാടുകള്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിലെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള തുറമുഖം മുസിരിസ് ആണ്. 14-ാം നൂറ്റാണ്ടിലുണ്ടായ വെള്ളപൊക്കത്തില്‍ മുസിരിസ് അടഞ്ഞു കൊച്ചി തുറന്നു. ഇവയ്ക്ക് പുറമേ ഏതാണ്ട് രണ്ട് ഡസനിലേറെ ചെറുതും വലുതുമായ തുറമുഖങ്ങള്‍ വിവിധ കാലയളവില്‍ മലബാര്‍ തീരത്ത് പ്രവര്‍ത്തിക്കുകയുണ്ടായി. ആലപ്പുഴ പ്രദേശത്ത് പ്രമുഖ തുറമുഖങ്ങള്‍ അര്‍ത്തുങ്കലും, പുറക്കാടുമായിരുന്നു. ആലപ്പുഴ തുറമുഖം  18-ാം നൂറ്റാണ്ടിന്‍റെ അവസാനമാണ് പ്രത്യക്ഷപ്പെടുന്നത്. തുറമുഖ മ്യൂസിയത്തിന്‍റെ തുടക്കം കേരള പ്രദേശത്തിന്‍റെ വിപുലമായ സമുദ്ര വ്യാപാര പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തിലായിരിക്കണം.

അപ്പോള്‍ ഗൗരവമായ ഒരു ചോദ്യം ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് ആലപ്പുഴയില്‍ തിരുവിതാംകൂര്‍ ഭരണകുടത്തിന് പുതുതായി ഒരു തുറമുഖം സ്ഥാപിക്കേണ്ടി വന്നത്?. പോര്‍ച്ചുഗീസ്, ഡച്ച് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്രമായി ഒരു തുറമുഖം തിരുവിതാംകൂറില്‍ അത്യന്താപേഷിതമായിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണ്ണായക പങ്ക് വഹിച്ച വ്യകതി രാജാകേശവദാസായിരുന്നു. തദ്ദേശിയമായ വര്‍ത്തക പ്രമാണിമാരെ പരിശോധിക്കുമ്പോള്‍ ഏറ്റവും പ്രമുഖന്‍ തച്ചന്‍ മാത്തു തരകനായിരുന്നു. രാജകേശവദാസിന്‍റെ ക്ഷണമനുസരിച്ച് ആലപ്പുഴയിലേക്ക് കുടിയേറിയ നവറോജിയെ പോലുള്ള വര്‍ത്തക പ്രമാണിമാരും ആലപ്പുഴയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതുപോലെ മറ്റ് പല വ്യാപാര സമുദായങ്ങളും ആലപ്പുഴയിലേക്ക് വരുകയുണ്ടായി. കൊച്ചിയില്‍ നിന്നും ഇംഗ്ലീഷ്, ജൂത കച്ചവടക്കാര്‍ ആലപ്പുഴയിലേക്ക് വന്നു. ഇവരെക്കുറിച്ചെല്ലാം ആലപ്പുഴ തുറമുഖ പട്ടണത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെടുത്തി വിശദീകരിക്കേണ്ടതുണ്ട്.

ആലപ്പുഴ തുറമുഖ പട്ടണത്തിന്‍റെ വളര്‍ച്ച

ആലപ്പുഴ തുറമുഖം ഒരു പ്രകൃതിദത്ത തുറമുഖമല്ലല്ലോ.  അതൊരു റോഡ്സ്റ്റഡ് തുറമുഖമാണ്. ഇതിന് സഹായകരമായിരുന്നു ആലപ്പുഴ മഡ് ബാങ്ക്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളില്‍ നിന്നും ചെറുവള്ളങ്ങളില്‍ കരയിലേക്ക് ചരക്കുകള്‍ ഇറക്കുകയും കൊണ്ടുപോകുകയായിരുന്നു പതിവ്. 19 നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ മരം കൊണ്ടുള്ള കടല്‍പാലം ഉണ്ടായി. പിന്നീടത് ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചിട്ടുള്ള കടല്‍പാലമായി. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം ചരക്ക് നീക്കത്തിന്‍റെ റയില്‍ പാളങ്ങളും റയിലുകളും വന്നു. ചരക്ക് കടത്തലിന് ഉപയോഗിച്ചിരുന്ന ലൈറ്റേഴ്സിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നു. 1862 ല്‍ ലൈറ്റ് ഹൗസ് സ്ഥാപിതമായി. ആലപ്പുഴ തുറമുഖത്തിന്‍റെ ഇത്തരത്തിലുള്ള സാങ്കേതിക പുരോഗതിയുടെ വിശദമായ ചിത്രം നല്‍കേണ്ടതുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ ഉണ്ടായ ഇന്‍റര്‍ പോര്‍ട്ടല്‍ ട്രേഡ് കണ്‍വന്‍ഷന്‍ ആലപ്പുഴയ്ക്ക് തിരിച്ചടിയായി. കൊച്ചി വളര്‍ന്നു ആലപ്പുഴ മുരടിച്ചു. 20-ാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ ബ്രിസ്റ്റോ സായിപ്പ് ട്രഡ്ജ് ചെയ്ത് ആധുനിക കൊച്ചി തുറമുഖത്തിന് രൂപം നല്‍കി. എങ്കിലും ഇരുപതാം നൂറ്റാണ്ട് ആദ്യ പകുതിവരെ ആലപ്പുഴയും മുന്നോട്ട് പോയി. ഇതിന് കാരണം കയര്‍ വ്യവസായത്തിന്‍റെയും, കന്നിട്ട വ്യവസായത്തിന്‍റെയും വളര്‍ച്ചയാണ്. ആലപ്പുഴ തിരുവിതാംകൂറിന്‍റെ വ്യവസായ നഗരവും കൂടിയായി മാറി.

ഇവിടെ പ്രദര്‍ശനത്തിന്‍റെ ഭാഗമായി തുറമുഖത്തിന്‍റെ കയറ്റുമതി ഇറക്കുമതിയുടെ പുരോഗതിയും അതിന്‍റെ ഘടനയില്‍ വന്ന മാറ്റങ്ങളില്‍ വിസ്തരിക്കേണ്ടതുണ്ട്.

ആലപ്പുഴ പോര്‍ട്ടിന്‍റെ മാനേജ്മെന്‍റിനെക്കുറിച്ചുള്ള വിവരണവും ഈ ഭാഗത്താണ്. ക്രോഫോര്‍ഡ,് റോഡ്സ് തുടങ്ങിയ ആദ്യകാല ദ്വരമാരായ പോര്‍ട്ട് മേധാവികളും അവരുടെ പിന്മാഗികളും പ്രദര്‍ശനത്തില്‍ സ്ഥാനം പിടിക്കും. പോര്‍ട്ടിലെ കൂലി നിരക്കുകള്‍, നടപടി ക്രമങ്ങള്‍ തുടങ്ങിയവയെല്ലാം ഡോക്യുമെന്‍റ് ചെയ്യപ്പെടും.

ആലപ്പുഴയുടെ കനാല്‍ ശൃംഖലയും ജലഗതാഗതവും

 ആലപ്പുഴ പട്ടണത്തിന്‍റെ തുടക്കം കായലിനെയും കടല്‍ത്തീരത്തേയും ബന്ധിപ്പിക്കുന്ന കോമേഴ്സ്യല്‍ കനാല്‍ രാജാകേശവദാസ് നിര്‍മ്മിച്ചതോടെയാണ്. 19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ വാടക്കനാല്‍ രൂപംകൊണ്ടു. ഇതുപോലെ മറ്റ് കനാലുകളും. ഇവയുടെ ചരിത്രം പ്രദര്‍ശനത്തിനുണ്ടാകും. കനാലുകള്‍ക്കൊപ്പം പാലങ്ങളും വന്നു. ഓരോ പാലത്തിന്‍റെ പേരിനുള്ളിലും ഒരു കഥയുണ്ട്. ഈ കനാലുകളുടെ ഇരുവശവുമായി നഗരം വളര്‍ന്നതിന്‍റെ ഒരു വിവരണം നല്‍കാന്‍ പറ്റണം. ഇതിന് സെറ്റില്‍മെന്‍റ് രജിസ്ട്രറുകളും, കനേഷ്മാരി കണക്കുകളും സഹായിക്കും.

ഈ സന്ദര്‍ഭത്തിലാണ് കേരളത്തിലെ ജലഗതാഗത മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിവരിക്കേണ്ടത്. കേവ് വള്ളങ്ങളും, അതിലെ പതിവുകളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എവിടന്നെല്ലാം ചരക്കുകള്‍ ആലപ്പുഴയിലേക്ക് വന്നു. എവിടെക്കെല്ലാം പേയി എന്ന് പരിശോധിക്കേണ്ടതാണ്.

ആലപ്പുഴയിലെ വ്യപാരി വ്യവസായി സമൂഹം

ആലപ്പുഴയിലെ വ്യാപാരി വ്യവസായികളില്‍ പ്രമുഖരെല്ലാം തന്നെ പുറത്ത് നിന്ന് വന്നവരാണ്. ഇംഗ്ലീഷ് കമ്പനികള്‍ കയര്‍ വ്യവസായത്തിലും കയറ്റുമതി ഇറക്കുമതിയിലും, വാണിജ്യത്തിലും മേധാവിത്വം പുലര്‍ത്തി ഗുജറാത്തികള്‍ അരി, പുകയില, സുഗന്ധവജ്ഞനങ്ങള്‍ എന്നിവയില്‍ മുന്‍കൈ പുലര്‍ത്തി. ഇതിനുപുറമെ റഡ്യാര്‍മാര്‍, ചെട്ടിയാര്‍, ഗൗഡസാരസ്വതര്‍, തമിഴ് ബ്രാഹ്മണര്‍, വെള്ളാളര്‍, കച്ചി മേമന്‍, ഹലായി മേമന്‍ എന്നിങ്ങനെ ഒട്ടനവധി സമുദായ പ്രമുഖര്‍ വാണിജ്യമേഖയില്‍ ഉണ്ടായിരുന്നു. നാടന്‍ വ്യാപാരി - വ്യവസായികള്‍ മുന്‍പന്തിയിലേക്ക് വരാന്‍ തുടങ്ങിയത് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ്. വ്യാപാരി വ്യവസായി സമൂഹത്തെക്കുറിച്ച് പൊതുവായി പ്രതിപാദിക്കാന്‍ കഴിയണം.

രണ്ട് വാണിജ്യ സംഘടനകളും സംഘടിതരായിരുന്നു. ട്രാവന്‍കൂര്‍ ചേംമ്പര്‍ യൂറോപ്യന്‍കാരുടെ മേധാവിത്വത്തിലായിരുന്നു. ചേംമ്പറിലെ തദ്ദേശീയ സാന്നിദ്ധ്യം ആലപ്പി കമ്പനിയുടെ കെ.സി. കരുണാകരന്‍ ആയിരുന്നു. ഇന്ത്യന്‍ വ്യവസായികളുടെ സംഘടന ആലപ്പി ചേംമ്പറായിരുന്നു. ഇവ തമ്മിലുള്ള തക്കവിധര്‍ക്കങ്ങളെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയണം.

തുറമുഖ തൊഴിലാളികളും ട്രേഡ് യൂണിയനുകളും

ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ച് പ്രത്യേകമൊരു കയര്‍ മ്യൂസിയം ഉള്ളതുകൊണ്ട് ഒരു പൊതുപശ്ചാത്തലം ഇവിടെ വിശദീകരിച്ചാല്‍ മതിയാവും. എന്നാല്‍ തുറമുഖ തൊഴിലാളികളെക്കുറിച്ചും അഭ്യന്തര ജലഗതാഗത്തിലെ വള്ളക്കാരുടെ യൂണിയനുകളെക്കുറിച്ചും വിശദമായ പ്രതിപാദനം ആവശ്യമാണ്.

ഇതിനോട് ബന്ധപ്പെടുത്തി ഇന്നും ജീവിച്ചിരിക്കുന്ന പഴയകാല തൊഴിലാളികളുടെ അനുഭവങ്ങള്‍ അയവിറക്കുന്ന ഒരു പ്രത്യേക ഭാഗമുണ്ടാവണം. അവരുടെ ഫോട്ടോകളും, വീഡിയോകളും പ്രദര്‍ശിപ്പിക്കണം.

ആലപ്പുഴ തുറമുഖത്തിന്‍റെ അസ്തമനം

തിരു കൊച്ചി സംയോജനത്തെ തുടര്‍ന്ന് വിദേശ വ്യാപാരം കൊച്ചിയിലേക്ക് കേന്ദ്രീകരിച്ചു. ആലപ്പുഴ വഴി റെയില്‍വേ ഇല്ലാതിരുന്നത് ഇതിനൊരു പ്രധാന കാരണമായിരുന്നു. കയര്‍ വ്യവസായത്തിന്‍റെ വികേന്ദ്രീകരണവും ആലപ്പുഴയ്ക്ക് തിരിച്ചടിയായി. 1989 ലാണ് അവസാനമായി ഒരു കപ്പല്‍ തുറമുഖത്തെത്തിയത്. ക്രമേണ കടല്‍പാലവും, റയിലുകളും, ഗോഡൗണുകളും ക്ഷയിച്ച് ഏതാണ്ട് ഇല്ലാതായി.

കപ്പല്‍ മാതൃകകളുടെ പ്രദര്‍ശനം

തുറമുഖ മ്യൂസിയത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഇനം ആലപ്പുഴയില്‍ വന്നുകൊണ്ടിരുന്ന കപ്പലുകളുടെ മാതൃകകളുടെ പ്രദര്‍ശനമായിരിക്കും. അറബി ഉരുകള്‍ പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് പായ് കപ്പലുകള്‍, അര്‍ദ്ധ സ്റ്റീമര്‍ കപ്പലുകള്‍, ആധുനിക സ്റ്റീമര്‍ കപ്പലുകള്‍ ഇവയുടെയെല്ലാം മാതൃകകള്‍ പ്രദര്‍ശിപ്പിക്കും. ഇവ യഥാര്‍ത്ഥത്തില്‍ ആലപ്പുഴയില്‍ വന്നിരുന്ന കപ്പലുകളുടെ മാതൃകയില്‍ തന്നെയാകണം.

ഒരു പഴയ കപ്പല്‍ കടല്‍ പാലത്തിനടുത്തായി സ്ഥിരമായി നങ്കൂരമിട്ട് പ്രദര്‍ശനത്തിന്‍റെ ഭാഗമാക്കാവുന്നതാണ്.

മത്സ്യ ബന്ധന യാനങ്ങള്‍

ആലപ്പുഴയില്‍ ഉപയോഗത്തിലിരുന്ന എല്ലാത്തരം മത്സ്യ ബന്ധന യാനങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

കടല്‍പാല പുനര്‍നിര്‍മ്മാണം

നിലവിലുള്ള പഴയ തൂണുകളെല്ലാം അതേപടി നിലനിര്‍ത്തും. എന്നാല്‍ പുതിയതായി സ്ഥാപിക്കുന്ന തൂണുകളിലായിരിക്കും കടല്‍പാലത്തിന്‍റെ ഭാരം മുഴുവന്‍. ഇതില്‍ ഒരു റെസ്റ്റോറന്‍റും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ചെറിയ പായ്ക്കപ്പലുകള്‍ക്ക് അടുക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും.

സാംസ്കാരിക സമന്വയം

പുതിയതായി സ്ഥാപിക്കപ്പെട്ട ആലപ്പുഴ പട്ടണത്തില്‍ ഒത്തുചേര്‍ന്ന വിവിധ ദേശക്കാരും ഭാഷക്കാരുമെല്ലാം എങ്ങനെ സമന്വയിച്ചു പുതിയൊരു നഗര സംസ്കാരത്തിന് രൂപം നല്‍കിയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഒരു അന്വേഷണ വിഷയാണ്.

ആലപ്പുഴ പോര്‍ട്ടിലെ നൂറോളം തൊഴിലാളികള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരുടെയെല്ലാം ഓര്‍മ്മകള്‍ ചിത്രങ്ങളു വീഡിയോ തുടങ്ങിയ രൂപങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നതിന് ഒരു പ്രത്യേക മുറിയുണ്ടാകും.

ആലപ്പുഴ ബീച്ചും കടല്‍പാലവുമായി ബന്ധപ്പെടുത്തി ഒട്ടനവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അവയുടെ പ്രസക്തഭാഗങ്ങള്‍ തുടര്‍ച്ചയായി ഒരു മുറിയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും.

ആലപ്പുഴയിലെ വ്യവസായ തൊഴിലാളി പ്രമുഖരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. ഏതാനും ബസ്റ്റുകളും ചുവര്‍ ലീഫുകളും പ്രദര്‍ശനത്തില്‍ അനിവാര്യമായും ഉണ്ടാകും.

പ്രദര്‍ശന കപ്പല്‍

കണ്ടം ചെയ്ത കപ്പലുകളിലൊന്ന് ബീച്ച് ചെയ്യുന്നതിന് ഉദ്ദേശിക്കുന്നു. കരയില്‍ ഇത് സ്ഥാപിക്കും. ആളുകള്‍ക്ക് കപ്പലിന്‍റെ സൗകര്യങ്ങളും രീതികളും പരിചയപ്പെടുത്തുന്നതിന് ഇത് സഹായകരമാകും.

കുട്ടികള്‍ക്കുള്ള പഠന അഭ്യാസ ശാലകള്‍

സന്ദര്‍ശകരില്‍ നല്ലൊരു പങ്കും കുട്ടികളായിരിക്കും. അവര്‍ക്ക് പ്രദര്‍ശനം കാണുന്നതിനു പുറമേ സിഗ്നലിംഗ്, മാപ്പ് റീഡിംഗ്, കപ്പല്‍ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവയിലെല്ലാം ചെയ്തു പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കും. തുറമുഖത്തോട് ചേര്‍ന്നുള്ള കനാല്‍ ഭാഗം ചെറുകുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനുമുള്ള തുഴവഞ്ചികളും ചെറുപായ നൗകകളും ഉണ്ടാകും.

തുറമുഖ മ്യൂസിയം സംബന്ധിച്ച ഒരു പുതുരൂപരേഖയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പ്രദര്‍ശനം ആകര്‍ഷകമായിരുന്നാല്‍ മാത്രംപോര വിജ്ഞാനപ്രദവുമായിരിക്കണം. യഥാര്‍ത്ഥത്തില്‍ തുറമുഖ മ്യൂസിയം ആലപ്പുഴ നഗരത്തിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ള ഒരു പുതുചിത്രവും കൂടി നല്‍കണം. ദൗര്‍ഭാഗ്യവശാല്‍ തുറമുഖം സംബന്ധിച്ചുള്ള രേഖകളോ കഴിഞ്ഞകാലത്തെ എന്തെങ്കിലും സ്മാരകങ്ങളോ സ്മാരക സാമഗ്രികളോ ഇന്ന് ആലപ്പുഴയില്‍ അവശേഷിക്കുന്നില്ല. അത്രയ്ക്ക് കുറ്റകരമായ അവഗണനയാണ് പൈതൃക സംരക്ഷണത്തോട് നാം വെച്ചുപുലര്‍ത്തിവന്നത്. തിരുവനന്തപൂരത്തുള്ള ഇംഗ്ലീഷ് റെക്കോഡ് ആര്‍ക്കേഴ്സ്, മതിലകം റെക്കോഡുകള്‍ തുടങ്ങിയവ അരിച്ച് പെറുക്കി പരിശോധന നടത്തിയിട്ടുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ പ്രദര്‍ശന യോഗ്യമായ അധികം രേഖകള്‍ കണ്ടെത്തുവാനായിട്ടില്ല. അതുകൊണ്ട് യൂറോപ്പിലെ മാരിറ്റൈം മ്യൂസിയങ്ങളും, ആര്‍കൈവുകളിലും നിന്ന് ആലപ്പുഴയെക്കുറിച്ചുള്ള പഴയ ചിത്രങ്ങളും രേഖകളും സമാഹരിക്കാന്‍ കഴിയുന്നതിനെ ആശ്രയിച്ചിരിക്കും തുറമുഖ മ്യൂസിയത്തിന്‍റെ വിജയം. അടുത്ത മാര്‍ച്ച് ഏപ്രിലോടെ മ്യൂസിയത്തിന്‍റെ നല്ലൊരു ഭാഗം പൂര്‍ത്തീകരിക്കാനാകുമെന്ന് വിശ്വസിക്കുന്നു. ഈ യജ്ഞത്തില്‍ എല്ലാവരുടെയും സഹകരണവും പ്രതീക്ഷിക്കുന്നു.

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...