Saturday, July 16, 2016

ധവള പത്രം

ധവള പത്രം, നീല ബുക്ക്, ഹരിത പത്രം തുടങ്ങി പുറംചട്ടയുടെ നിറത്തില്‍ അറിയപ്പെടുന്ന പല രേഖകളുണ്ട്. തുടക്കം ബ്രട്ടീഷുകാരില്‍ നിന്നാണ്. ഏതെങ്കിലും ഒരു വിഷയത്തെ കണക്കുകളെല്ലാം വച്ച് പ്രാമാണികമായി വിശദമായി വിശകലനം ചെയ്യുന്ന സമഗ്രരേഖയാണ് ബ്രിട്ടീഷുകാര്‍ക്ക് ബ്ലൂ ബുക്ക്. ഇത് സാധാരണക്കാര്‍ക്ക് വായിച്ചു തീര്‍ക്കാനാവില്ല. ഈ വിഷയത്തെ സമഗ്രമായി എന്നാല്‍ ഹ്രസ്വമായി വിശകലനം ചെയ്യുന്ന രേഖയാണ് ധവള പത്രം. ധവള പത്രം പൗരന്മാരെ നിജസ്ഥിതി അറിയിക്കുവാനാണ്. എന്നാല്‍ ഹരിത പത്രം അങ്ങനെയല്ല. നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും നിയമനിര്‍മ്മാണമോ നടപടിയിലേയ്ക്കോ നയിക്കുന്ന രേഖയാണിത്. കാനഡക്കാരാണ് ഈ പതിവ് തുടങ്ങിയത്.
കേരളത്തില്‍ സമീപകാലത്ത് രണ്ടുവട്ടം ധനവകുപ്പ് ധവള പത്രം ഇറക്കിയിട്ടുണ്ട്. 2001 ലെ രൂക്ഷമായ ധനപ്രതിസന്ധിയെ വിശദീകരിക്കുന്നതിനായിരുന്നു ആദ്യത്തെ ധവള പത്രം. ഒരു പ്രതിസന്ധിയുമില്ലായിരുന്നെങ്കിലും പടച്ചുണ്ടാക്കിയ 2011 ലെ ധവളപത്രം നാണക്കേടാണ്. അതുകൊണ്ട് ഞാന്‍ ഈ രേഖയെ തുറന്നു കാണിച്ചുകൊണ്ട് څڅകള്ളം, പച്ചക്കള്ളം പിന്നെ കെ.എം മാണിയുടെ കണക്കുകളുംچچ എന്നൊരു ചെറുഗ്രന്ഥം തന്നെ എഴുതി. ആദ്യമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ധവള പത്രം ഇറക്കുന്നത്.
കേരളത്തില്‍ ഗുരുതരമായൊരു ധനപ്രതിസന്ധിയും ഇല്ല എന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളോട് യഥാര്‍ത്ഥസ്ഥിതി വിശദീകരിക്കുന്നതിനായി ധവളപത്രം ഇറക്കുവാന്‍ തീരുമാനിച്ചത്. പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തിയാലേ ഈ തെറ്റുകള്‍ നാളെയും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്തുവാനും പരിഹാര നടപടികള്‍ സ്വീകരിക്കുവാനും കഴിയൂ.
പ്രതിസന്ധിയുടെ അടയാളങ്ങളില്‍ ഏറ്റവും പ്രകടം ദൈനംദിന ഇടപാടുകള്‍ക്ക് ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയാണ്. അഥവാ വെയിസ് ആന്‍റ് മീന്‍സ് ഞെരുക്കമാണ്. അത്തരമൊരു സ്ഥിതിവിശേഷം ഇല്ല, യു.ഡി.എഫ് സര്‍ക്കാരിന്‍റെ അവസാന മാര്‍ച്ച് 31 ന് ട്രഷറിയില്‍ 1643 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്നാണ് മുന്‍മുഖ്യമന്ത്രിയുടെ അവകാശവാദം. ട്രഷറിയില്‍ ബില്ലുകള്‍ കിട്ടിയിട്ടും പണം കൊടുക്കാതെ മാറ്റിവച്ചിരിക്കുന്ന ബില്ലുകള്‍പോലെ അടിയന്തിര അനിവാര്യമായ ചെലവുകള്‍ കിഴിച്ചാല്‍ ആ ദിവസം 173 കോടി രൂപ ട്രഷറിയില്‍ ക്യാഷ് ബാലന്‍സ് കമ്മിയാണ്. പണ്ടും ഇങ്ങനെയൊക്കെ തന്നെയാണ് സ്ഥിതി എന്നുവാദിക്കുന്നവര്‍ക്ക് മറുപടിയായി ധവളപത്രത്തില്‍ 2006 മുതല്‍ 2016 വരെയുള്ള കാലത്തെ ഈ പുതിയ നിര്‍വ്വചന പ്രകാരമുള്ള ട്രഷറി ക്യാഷ് ബാലന്‍സിന്‍റെ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. ധവള പത്രത്തില്‍ നല്‍കിയിട്ടുള്ള 24 ചിത്രത്തില്‍ ഇതൊന്നുമാത്രം ഞാന്‍ ഇവിടെ കൊടുക്കുകയാണ്. ഈ ചിത്രം അത്രയ്ക്ക് എനിക്കിഷ്ടപ്പെട്ടു.


ചിത്രത്തില്‍ കാണാവുന്നതുപോലെ 2006 മാര്‍ച്ച് മാസത്തില്‍ (കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്) 146 കോടി രൂപയായിരുന്നു ട്രഷറി ക്യാഷ് ബാലന്‍സ്. പിന്നീടുള്ള ഓരോ വര്‍ഷവും ഇത് അനുക്രമമായി വര്‍ദ്ധിച്ച് 2011 ല്‍ 3513 കോടി രൂപയായി തീര്‍ന്നു. തുടര്‍ന്ന് യു.ഡി.എഫ് അധികാരത്തില്‍വന്നു. ആദ്യ ധനകാര്യ വര്‍ഷം അവസാനിച്ചപ്പോള്‍ ട്രഷറി ക്യാഷ് ബാലന്‍സ് 2711 കോടി രൂപയായി കുറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ് 2015 ല്‍ 142 കോടി രൂപയായി. നേരത്തെ സൂചിപ്പിച്ചപ്പോലെ 2016 ആയപ്പോള്‍ 173 കോടി രൂപ കമ്മിയായി.
ഇതിനുപുറമേ അടിയന്തിരമായി കൊടുത്തുതീര്‍ക്കേണ്ട മറ്റു ബാധ്യതകള്‍ എടുത്താല്‍ ചുരുങ്ങിയത് 10,000 കോടിയെങ്കിലും വരും. പക്ഷേ ട്രഷറി ബില്ലുകളൊന്നും മടങ്ങില്ല. എല്ലാ ബില്ലുകളും ക്യൂവിലാണ്. പണം ഉണ്ടാകുന്ന മുറയ്ക്ക് മാറിക്കിട്ടും. ഇത്തരമൊരു പുതിയ രീതി സമ്പ്രദായം യു.ഡി.എഫ് ഭരണകാലത്ത് ആവിഷ്കരിച്ചതുകൊണ്ടാണ് ട്രഷറി പൂട്ടാതിരുന്നത്. ഇതേ സമ്പ്രദായം ഇപ്പോഴും തുടരുന്നതിന് ഞങ്ങളും നിര്‍ബന്ധിതരാണ്. സംസ്ഥാന നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊണ്ടേ ക്യൂവിന്‍റെ ദൈര്‍ഘ്യം കുറയ്ക്കുവാന്‍ കഴിയൂ.
പ്രതിസന്ധിയുടെ മറ്റൊരു തെളിവ് വര്‍ദ്ധിച്ചുവരുന്ന റവന്യൂകമ്മിയാണ്. 2001-05 കാലത്തെ യു.ഡി.എഫ് ഭരണം ആരംഭിക്കുമ്പോള്‍ റവന്യൂ കമ്മി 3.34 ശതമാനമായിരുന്നു. ഇത് 2.29 ശതമാനമായി കുറയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു. അടുത്ത എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് (2006-11) ഈ പ്രവണത കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. റവന്യൂ കമ്മി 1.4 ശതമാനമായി കുറഞ്ഞു. ശരാശരി എടുത്താല്‍ 2001-05 കാലത്ത് 3.45 ശതമാനമായിരുന്ന റവന്യൂകമ്മി 2006-11 കാലത്ത് 1.86 ശതമാനമായി താഴ്ന്നു. ഒരേ പ്രവണതയാണ് രണ്ട് കാലഘട്ടങ്ങളിലും പ്രകടമാകുന്നതെങ്കിലും ലക്ഷ്യം കൈവരിക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് ചെലവ് കര്‍ശനമായി ഞെരുക്കിക്കൊണ്ടാണ് കമ്മി കുറച്ചതെങ്കില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വരുമാനം ഗണ്യമായി ഉയര്‍ത്തിക്കൊണ്ടാണ് കമ്മി കുറച്ചത്.
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ചെലവ് ഞെരുക്കിയുമില്ല, വരുമാനം കൂട്ടിയതുമില്ല. ഇതുമൂലം സാമ്പത്തിക ദൃഡീകരണ പ്രവണത അപ്രത്യക്ഷമായി. 2015 ആയപ്പോഴേയ്ക്കും റവന്യൂകമ്മി 2.65 ശതമാനമായി ഉയര്‍ന്നു. 2011 ല്‍ 3673 കോടി രൂപയായിരുന്ന റവന്യൂകമ്മി 2015 ല്‍ 13,795 കോടി രൂപയായി പെരുകി. 2016-17 ല്‍ ഇത് 8,199 കോടി രൂപ (1.4%) യായി കുറഞ്ഞൂവെന്നത് ശരിയാണ്. പക്ഷേ അനിവാര്യമായ ചെലവുകള്‍ പിറ്റേവര്‍ഷത്തേയ്ക്ക് വകമാറ്റിക്കൊണ്ടാണ് ഈ കുറവ് കൃത്രിമമായി നേടിയത്. 2001-2011 കാലയളവില്‍ സംസ്ഥാന ധനകാര്യത്തില്‍ പ്രകടമായ ധനദൃഡീകരണ പ്രവണത ഇക്കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ഇല്ലാതായി.
അവസാനമായി കഴിഞ്ഞ 5 വര്‍ഷത്തെപ്പോലെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ എന്തായിരിക്കും വരും വര്‍ഷങ്ങളിലെ സ്ഥിതിയെന്നത് ദീര്‍ഘദര്‍ശനം ചെയ്യുന്നതിനും ധവളപത്രം ശ്രമിച്ചിട്ടുണ്ട്. ധനഉത്തരവാദിത്വ നിയമപ്രകാരം അടുത്ത വര്‍ഷം റവന്യൂകമ്മി പൂജ്യം ആക്കേണ്ടതാണ്. നേര്‍വിപരീതമാണ് സംഭവിക്കുക. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും റവന്യൂകമ്മി തുടര്‍ച്ചയായി വര്‍ദ്ധിച്ച് 2021 ല്‍ 3.5 ശതമാനത്തില്‍ മുകളിലാകും. എന്നാല്‍ 3 ശതമാനമേ ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പ എടുക്കുവാന്‍ അവകാശമുള്ളൂ. വായ്പാ പണം പൂര്‍ണ്ണമായി വിനിയോഗിച്ചാലും ദൈനംദിന ചെലവിന് പണമുണ്ടാവില്ല എന്നതായിരിക്കും നടപ്പുവര്‍ഷം മുതലുള്ള സ്ഥിതി. അഥവാ പരിപൂര്‍ണ്ണമായ ട്രഷറി സ്തംഭനമാണ് യു.ഡി.എഫ് ഭരണത്തിന്‍റെ നീക്കിബാക്കിയായി പുതിയ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.
അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് പ്രതിസന്ധിയുടെ കാരണങ്ങളായി ധവളപത്രം ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, ചില ചെലവിനങ്ങളില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ദ്ധനയാണ്. ലഭ്യമായ വിഭവത്തെക്കാള്‍ ഉയര്‍ന്ന അടങ്കലാണ് പദ്ധതികളില്‍ പ്രഖ്യാപിച്ചുവന്നത്. അതുപോലെ പണം വകയിരുത്താതെയാണ് ബഡ്ജറ്റ് പ്രസംഗങ്ങളില്‍ ഏതാണ്ട് 1000 കോടി രൂപ വീതം ഓരോ വര്‍ഷവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇതിനൊക്കെ പുറമേയാണ് ബഡ്ജറ്റില്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും സ്കീമുകള്‍ക്കുമൊക്കെ ഓരോ ആഴ്ചയിലും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തത്.
ഈ അരാജകത്വത്തിന് ഒരു സൂചിക ധവളപത്രം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിയിതര റവന്യൂ ചെലവിലുണ്ടാകുന്ന വര്‍ദ്ധനയാണിത്. പക്ഷേ ഇതിലെ ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവുകള്‍ സര്‍ക്കാരിന് കുറയ്ക്കുവാന്‍ കഴിയില്ല. അതുകൊണ്ട് പദ്ധതിയിതര റവന്യൂ ചെലവില്‍ നിന്ന് ശമ്പളത്തിനും പലിശയ്ക്കും പെന്‍ഷനും വേണ്ടിവരുന്ന ചെലവുകള്‍ കുറച്ചാല്‍ കിട്ടുന്ന തുകയാണ് ധന അരാജകത്വത്തിന്‍റെ ഒരു പ്രധാന സൂചിക. ഈ തുക മുഴുവന്‍ ധൂര്‍ത്താണെന്ന വാദം ഞങ്ങള്‍ക്കില്ല. എന്നാല്‍ വേണമെങ്കില്‍ സര്‍ക്കാരിന് ഇവ നിയന്ത്രിക്കാം. എല്‍.ഡി.എഫ് ഭരണകാലത്ത് ഇത്തരം ചെലവുകള്‍ മൊത്തം റവന്യൂ ചെലവിന്‍റെ 27 ശതമാനം വരുമായിരുന്നു. എന്നാല്‍ അത് യു.ഡി.എഫ് ഭരണകാലത്ത് 30 ശതമാനമായി ഉയര്‍ന്നു.
ഇന്നലെ നിയമസഭയില്‍ മുന്‍മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക ചെലവും പുതിയ കോളേജുകള്‍ക്കും സ്കൂളുകള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള ചെലവുകളും ജനോപകാരപ്രദമാണെന്ന് ബഹുമാന്യനായ പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ശരിയായിരിക്കാം. പക്ഷേ ഇതിനുള്ള വരുമാനം ഉണ്ടാക്കാനുള്ള ചുമതല യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍വ്വഹിച്ചില്ല. സര്‍ക്കാരിന്‍റെ തനതു നികുതി വരുമാനത്തില്‍ ഉണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണം.
യു.ഡി.എഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ധനസഹായം കുതിച്ചുയര്‍ന്നൂവെന്ന് പറയാം. 2006-11 കാലത്ത് കേന്ദ്രധനസഹായത്തിന്‍റെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമായിരുന്നത് 2011-16 ല്‍ 25 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം 2006-11 കാലത്ത് 17.2 ശതമാനം വീതം വളര്‍ന്നത് 2011-16 കാലത്ത് 12.4 ശതമാനം വീതമേ ഉയര്‍ന്നുള്ളൂ. 2001-06 യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് നികുതി വര്‍ദ്ധന 12 ശതമാനം വീതമായിരുന്നു. നികുതിയിലുണ്ടായ ഇടിവിന്‍റെ കാരണങ്ങളെക്കുറിച്ചും ധവള പത്രം പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്തിന് മുന്നില്‍ ധവള പത്രം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇവയാണ്. എങ്ങനെ നികുതി വരുമാനം 20-25 ശതമാനം ഉയര്‍ത്താം? പാവങ്ങളുടെ ക്ഷേമത്തിലും പദ്ധതി ചെലവിലും കുറവ് വരുത്താതെ റവന്യൂ ചെലവ് വര്‍ദ്ധനയ്ക്ക് എങ്ങനെ കടിഞ്ഞാണിടാം? ഇങ്ങനെ റവന്യൂകമ്മി നിയന്ത്രണാധീനമാക്കാന്‍ കുറച്ചു വര്‍ഷങ്ങളെടുക്കും. അതുവരെ കാത്തുനില്‍ക്കാതെ മൂലധന ചെലവുകളില്‍ എങ്ങനെ ഒരു കുതിപ്പ് സൃഷ്ടിക്കാം? ഇതിനുള്ള ഉത്തരങ്ങളായിരിക്കും വരാന്‍ പോരുന്ന ബഡ്ജറ്റ് നല്‍കുക.

1 comment:

  1. സര്‍,
    കേരവികസനത്തിനായും കേരകര്‍ഷകരുടെ സഹായത്തിനും അങ്ങ് ബജറ്റില്‍ ശ്രദ്ധിച്ചതില്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ കുറെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു.
    1. കേരവൃക്ഷം ആണ് കേരളം എന്ന പേരിനു കാരണം എന്നത് നിരന്തരം കേരളീയരെ ഓര്‍മ്മപ്പെടുത്തുക.
    2. കേരവികസന കോര്‍പ്പറേഷന്‍റെ പ്രവര്ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ എല്ലാ വാര്ഡുനകളിലേക്കും വ്യാപിപ്പിക്കുക.
    3. ഓരോ വാര്ഡി്ലെയും ഏറ്റവും പ്രായമേറിയ തെങ്ങുകളെ ആദരിക്കുക.
    4. തെങ്ങുകള്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക.
    5. തെങ്ങുകള്‍ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക.
    6. കേരകൃഷിക്കാര്ക്ക് നികുതിയിളവ് ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ നല്കുക.
    7. വിദ്യാര്ത്ഥികള്‍ക്ക് തെങ്ങിന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്യുക.
    8. തെങ്ങ്, പഠനപദ്ദതിയില്‍പ്പെടുത്തുക.
    9. തെങ്ങുകയറ്റം highly skilled and risky ജോലിയായി പ്രഖ്യാപിക്കുക.
    10. വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഭക്ഷണശാലകള്ക്കു നികുതിയിളവ്
    11. കേരവാരം ആചരിക്കുക.
    12. കേരസംരക്ഷണ പദ്ധതികള്‍ക്ക് ആനുകൂല്യങ്ങള്‍.
    13. മറ്റ് എണ്ണകള്‍ക്ക് കൂടുതല്‍ നികുതി.
    14. ഔദ്യോഗിക പരിപാടികള്‍ക്കു വിളക്ക് തെളിക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കുക.
    15. കയറുത്പന്നങ്ങള്‍ സര്ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്ബന്ധം ആക്കുക.
    16. തെങ്ങുകയറ്റക്കാര്ക്ക് പെന്ഷകന്‍ നേരത്തെയാക്കുക. (10 വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍).
    17. സര്ക്കാര്‍ നിരന്തരം കേരപ്രോത്സാഹന പരസ്യങ്ങള്‍, ഗാനങ്ങള്‍ എന്നിവ പ്രക്ഷേപണം ചെയ്യുക.
    18. വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെക്കുറിച്ച് പരസ്യം നല്കുക.
    19. കേരഗവേഷണത്തിനു എന്ഡോവ്മെന്റ്റ് ഏര്പ്പെ്ടുത്തുക.
    20. എല്ലാ ജില്ലകളിലും കേരഗവേഷണ കേന്ദ്രങ്ങള്‍, പരീക്ഷണ ശാലകള്‍ എന്നിവ തുടങ്ങുക.
    21. ചിരട്ട ഉപയോഗിച്ചുള്ള കരകൌശല വസ്തുക്കളുടെ നിര്മ്മാണം.
    22. കയര്‍ ഔദ്യോഗിക ചരടാക്കുക.
    23. എല്ലാ സര്വ്വകലാശാലകളിലും കേരഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങുക.
    24. നീര, തേങ്ങാവെള്ളം എന്നിവ ഒഴിച്ചുള്ള എല്ലാ പാനീയങ്ങളും സര്ക്കാര്‍ ചടങ്ങുകളില്‍ നിരോധിക്കുക.
    25. പൊങ്ങ് വില്ക്കുലന്ന കേന്ദ്രങ്ങള്‍ തുടങ്ങുക.
    26. തേങ്ങ ഉപയോഗിക്കുന്ന മിട്ടായി, ബിസ്കറ്റ്, ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്ക് നികുതിയിളവ്.
    27. കേരകര്ഷകര്ക്ക് അവാര്ഡുകള്‍ ഏര്പ്പെടുത്തുക.
    28. കേരവികസനത്തിനും പ്രചാരണത്തിനും ലഘുലേഘകളും വീഡിയോകളും ഉപയോഗിക്കുക.
    29. തൊഴിലായി വെളിച്ചെണ്ണയാട്ടുന്നവര്‍ക്ക് ക്ഷേമനിധി.
    3൦. കേരഉത്പന്ന ഉദ്പാദന വിതരണ സ്റ്റാര്‍ട്ട്‌-അപ്പ് കള്‍ക്കു സഹായം.

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...