Sunday, February 23, 2014

വ്യവസായ വിപ്ലവത്തിന് ഡാവോസ് - ലോകബാങ്ക് സൂത്രങ്ങള്‍


  • കേരളം വ്യവസായ പിന്നോക്ക സംസ്ഥാനമാണ്. വ്യവസായവും അനുബന്ധ മേഖലകളും സംസ്ഥാന വരുമാനത്തിന്റെ 20 ശതമാനമേ വരൂ. ദേശീയ ശരാശരി 27 ശതമാനമാണ്. മാനുഫാക്ചറിംഗ് വ്യവസായമെടുത്താല്‍ കേരളത്തിലെ തോത് 8 ശതമാനമേ വരൂ. ദേശീയ ശരാശരി 16 ശതമാനമാണ്. വ്യവസായത്തില്‍ അസംഘടിത മേഖലയ്ക്കാണ് പ്രാമുഖ്യം. 1998-99ല്‍ കേരളത്തിന്റെ ഫാക്ടറി ഉല്‍പാദനം ദേശീയ ഫാക്ടറി ഉല്‍പാദനത്തിന്റെ 2.6 ശതമാനം ആയിരുന്നത് 2009 - 10ല്‍ 1.1 ശതമാനമായി താഴ്ന്നു.

    എന്തുകൊണ്ട് ഈ വ്യവസായ പിന്നോക്കാവസ്ഥ?
    സംരംഭകരുടെ വൈദഗ്ധ്യം, തൊഴില്‍ബന്ധങ്ങള്‍, അസംസ്കൃത വിഭവലഭ്യത, സര്‍ക്കാര്‍ നയം, രാഷ്ട്രീയ സ്ഥിരത തുടങ്ങി ഒട്ടേറെ ഘടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും പരിപ്രേക്ഷ്യം 2030 നല്‍കുന്ന വിശദീകരണം ഇതാണ് : ""ചരിത്രപരവും സാമൂഹ്യവുമായ വീക്ഷണ കോണില്‍ വ്യവസായ പിന്നോക്കാവസ്ഥയുടെ മുഖ്യകാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കുക യൂണിയന്‍വത്കരണമാണ്. പ്രത്യേകിച്ച് 60കളിലും 70കളിലും വളരെ സമരോത്സുകരായ തൊഴിലാളിയൂണിയനുകള്‍ ഉല്‍പാദനക്ഷമതയേക്കാള്‍ ഉയര്‍ന്ന തോതില്‍ കൂലി ഉറപ്പുവരുത്തുക മാത്രമല്ല പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതിനെ തടയുകയും ചെയ്തു. തൊഴിലസ്വസ്ഥതകള്‍ കാലക്രമേണ കുറഞ്ഞെങ്കിലും ഭൂതകാലത്തെ സമരാധിക്യവും യൂണിയനുകളുടെ സജീവസാന്നിദ്ധ്യവും മൂലം നിക്ഷേപസൗഹാര്‍ദപരമല്ല കേരളം എന്ന പ്രതിച്ഛായ മാറുന്നില്ല. കൂടാതെ ട്രേഡ് യൂണിയനുകള്‍ക്ക് സമ്പദ്ഘടനയുടെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനത്തെ തകിടം മറിക്കുന്നതിനുള്ള ശക്തി ഇപ്പോഴുമുണ്ട്. രാഷ്ട്രീയമായി സര്‍ക്കാരുകളുടെ അസ്ഥിരതയും നിക്ഷേപകരുടെ ആത്മവിശ്വാസം ചോര്‍ത്തുന്നു. അതുപോലെതന്നെ ക്ഷേമരാഷ്ട്രീയവും അതിരുകവിഞ്ഞ രാഷ്ട്രീയവത്കരണവും ഉദ്യോഗസ്ഥവത്കരണവും സംരംഭകത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്നും വാദമുണ്ട്"". അസംഘടിതമേഖലകളിലും പരമ്പരാഗത മേഖലകളിലും കേരളത്തിലെ കൂലി താരതമ്യേന ഉയര്‍ന്നതാണെന്നത് ഒരു വസ്തുതയാണ്. ശക്തമായ പ്രക്ഷോഭസമരങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതും. ഈ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയുടെ കാരണങ്ങളെ വിശദമായി മുന്‍ലേഖനങ്ങളില്‍ പ്രതിപാദിച്ചുകഴിഞ്ഞു.

    ഈ മേഖലകളിലെ ട്രേഡ് യൂണിയനുകളും ഉയര്‍ന്നകൂലിയും എങ്ങനെയാണ് ആധുനിക വ്യവസായങ്ങളുടെ തളര്‍ച്ചയുടെ കാരണമാവുന്നത്? സമരങ്ങളുടെ എണ്ണം, സമരം മൂലം നഷ്ടപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ തുടങ്ങിയവയുടെ സൂചികകളില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. എന്നിട്ടും കേരളത്തിന്റെ പ്രതിഛായ മോശമായി തുടരുന്നെങ്കില്‍ അതിനു തൊഴിലാളികളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. യാഥാര്‍ഥ്യം പറഞ്ഞാല്‍ 1957 മുതല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ ക്രമസമാധാന തകര്‍ച്ചയും അരക്ഷിതാവസ്ഥയും ആരോപിച്ച് മുഖ്യധാരാമാധ്യമങ്ങളിലൂടെ നടത്തിയ ദുഷ്പ്രചരണങ്ങളാണ് കേരളത്തിന് ഇത്തരമൊരു പ്രതിച്ഛായ പ്രദാനം ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ അവഗണനയും ദുര്‍ബലസംരംഭകരും 1940കള്‍ വരെ കേരളത്തിലെ വ്യവസായവളര്‍ച്ച നെയ്ത്ത്, കയര്‍, കശുവണ്ടി, ഓട് തുടങ്ങിയ പരമ്പരാഗത മേഖലകളിലായിരുന്നു. 40കളില്‍ പ്രത്യേകിച്ച് തിരുവിതാംകൂറില്‍ രാസവളം, റയോണ്‍സ്, ടൈറ്റാനിയം ഡയോക്സൈഡ്, സിറാമിക്സ്, അലൂമിനിയം, പ്ലൈവുഡ്, ഗ്ലാസ്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ ഒരുപറ്റം ആധുനിക ഫാക്ടറികള്‍ ഉയര്‍ന്നുവന്നു. തദ്ദേശീയരായ വ്യവസായസംരംഭകരായിരുന്നില്ല ഈ ഫാക്ടറികളില്‍ മുതല്‍മുടക്കിയത്. മറിച്ച് തമിഴ്നാട്ടില്‍നിന്നുള്ള ചെട്ടിയാര്‍ മൂലധനമായിരുന്നു. പ്ലാന്റേഷന്‍ - പരമ്പരാഗത ഫാക്ടറി മേഖലകളിലും വിദേശ വാണിജ്യത്തിലും കുത്തക യൂറോപ്യന്‍ കമ്പനികള്‍ക്കായിരുന്നു. വാണിജ്യകൃഷിയിലേയ്ക്കാണ് തദ്ദേശീയ സംരംഭകത്വം തിരിഞ്ഞത്. സ്വാതന്ത്ര്യാനന്തരകാലത്ത് യൂറോപ്യന്‍ മൂലധനം പിന്‍വലിയാന്‍ തുടങ്ങിയപ്പോള്‍ അവരുടെ മേഖലകളിലേക്കും തദ്ദേശീയ മൂലധനം ചേക്കേറി. അതുകൊണ്ട് ഇക്കാലത്തും ആധുനിക വ്യവസായങ്ങളില്‍ മുതല്‍മുടക്കുന്നതിന് തദ്ദേശീയരായ സംരംഭകര്‍ അമാന്തിച്ചു. വാണിജ്യ കൃഷിയും വ്യാപാരവുമായി കെട്ടുപിണഞ്ഞുകൊണ്ടുള്ള ഈ ദീര്‍ഘകാല ചരിത്രം കേരളത്തിലെ സംരംഭകത്വത്തിന്റെ പ്രത്യേകതയാണ്. ഈ ബന്ധവും മനോഭാവവുമാണ് ആധുനിക വ്യവസായമേഖലയിലെ സ്വകാര്യ മുതല്‍മുടക്കിനു തടസം നിന്ന ഒരു പ്രധാനഘടകം. ഇന്ത്യന്‍ യൂണിയനുമായുള്ള ലയനം, തിരുകൊച്ചി രൂപീകരണം, ഐക്യകേരള രൂപീകരണം തുടങ്ങി സ്വാതന്ത്ര്യത്തിന്റെ ആദ്യദശകത്തില്‍ ഉണ്ടായ ഭരണപരമായ അസ്ഥിരതയും ധനപരമായ സമ്മര്‍ദങ്ങളും അടുത്ത ദശാബ്ദത്തിലെ രാഷ്ട്രീയ അസ്ഥിരതയും സുസ്ഥിരമായ ഒരു വ്യവസായ പ്രോത്സാഹനനയം രൂപം കൊള്ളുന്നതിനു തടസമായി. ഒന്നാം പദ്ധതിയില്‍ വ്യവസായം പൂര്‍ണമായി അവഗണിക്കപ്പെട്ടു. രണ്ടാം പദ്ധതിയില്‍ 6.8 കോടി രൂപ അഥവാ പദ്ധതി അടങ്കലിന്റെ 7.9 ശതമാനം മാത്രമായിരുന്നു. കേന്ദ്രനിക്ഷേപത്തിന്റെ 0.1 ശതമാനമായിരുന്നു ഇക്കാലത്ത് കേരളത്തിനു ലഭിച്ചത്. മൂന്നാം പദ്ധതിയിലും വ്യവസായത്തിന്റെ വിഹിതം 10 ശതമാനം മാത്രമായിരുന്നു. കേന്ദ്ര അവഗണന പില്‍ക്കാലത്തും തുടര്‍ന്നു. 1970ല്‍ കേന്ദ്രവിഹിതം 3.1 ശതമാനം വരെയായി ഉയര്‍ന്നു. 1980 ആയപ്പോഴേയ്ക്കും ഇത് 2.3 ശതമാനമായും 1995ല്‍ 1.2 ശതമാനമായും താണു. ഇപ്പോഴും ഇത് 2 ശതമാനത്തില്‍ താഴെയാണ്.

    ദീര്‍ഘകാല വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച നിക്ഷേപ സാമ്പത്തികസ്ഥാപനങ്ങളും കേരളത്തെ അവഗണിക്കുകയാണുണ്ടായത്. 1990കളുടെ അവസാനം ഇത്തരം സ്ഥാപനങ്ങളുടെ മൊത്തം വായ്പയില്‍ കേരളത്തിന്റെ വിഹിതം 1.5 ശതമാനം മാത്രമായിരുന്നു. ഇന്നു സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും 90കളുടെ അവസാനം വരെ കേരളത്തിലെ നിക്ഷേപ വായ്പാ നിരക്ക് 40-50 ശതമാനം മാത്രമായിരുന്നു. തൊഴില്‍ ബന്ധങ്ങളും വേതനനിലവാരവും മൂലധനനിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നു മാത്രമാണ്. വിപണിയുടെ സാധ്യതകള്‍, പൊതുമുതല്‍മുടക്ക്, സര്‍ക്കാര്‍ നയവും കാര്യക്ഷമതയും, പശ്ചാത്തലസൗകര്യങ്ങള്‍, വായ്പാ ലഭ്യത എന്നിവയാണ് പ്രധാനപ്പെട്ട മറ്റു ഘടകങ്ങള്‍. ഇവിടങ്ങളിലെ പ്രതികൂല ഘടകങ്ങളെയും ചരിത്രപരമായ പിന്നോക്കാവസ്ഥയെയും എങ്ങനെ മറികടക്കാം എന്നതാണ് വ്യവസായവത്കരണത്തിന്റെ വെല്ലുവിളി. ലക്ഷ്യങ്ങള്‍ : വളയമില്ലാത്ത ചാട്ടങ്ങള്‍ എന്തൊക്കെയാണ് വ്യവസായ മേഖലയില്‍ പരിപ്രേക്ഷ്യം 2030 ലക്ഷ്യമിടുന്നത്? 2030 ആകുമ്പോള്‍ കേരളത്തിന്റെ സ്ഥിതി എന്തായിരിക്കണം? ഇന്നത്തെ 8 ശതമാനത്തില്‍ നിന്ന് വ്യവസായവിഹിതം 10 ശതമാനമായി ഉയരണം. ഇപ്പോള്‍ത്തന്നെ ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 16 ശതമാനവും മാനുഫാക്ചറിംഗ് വ്യവസായത്തില്‍ നിന്നാണ് എന്നോര്‍ക്കണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാനുഫാക്ചറിംഗ് നയം അനുസരിച്ച് 2022ല്‍ ഈ മേഖലയുടെ വിഹിതം 25 ശതമാനമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുപക്ഷേ വ്യവസായ അനുബന്ധമേഖലകള്‍ കൂടുതല്‍ വേഗതയില്‍ വളരണമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കില്‍ അതെവിടെയും വ്യക്തമാക്കിയിട്ടില്ല. അത്രയ്ക്കുണ്ട് ലക്ഷ്യബോധം. സേവന മേഖലയുടെ അതിരുകവിഞ്ഞ വളര്‍ച്ച കൂടുതല്‍ സന്തുലിതമാക്കുന്നതിന് വ്യവസായ വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്നത് പരിപ്രേക്ഷ്യം 2030ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രതിഫലിക്കുന്നില്ല. വ്യവസായ ഘടനയില്‍ എന്തുമാറ്റമാണ് ലക്ഷ്യമിടുന്നത്?

    ""അടുത്ത 20 വര്‍ഷം കൊണ്ട് വ്യവസായഘടന വിഭവാധിഷ്ഠിതത്തില്‍  നിന്ന് കാര്യക്ഷമാധിഷ്ഠിതം (ലളളശരശലിര്യ റൃശ്ലി) ആകണം"". ഈ ലക്ഷ്യത്തിന്റെ നാനാര്‍ഥങ്ങള്‍ നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഇന്ന് കേരളത്തിലെ വ്യവസായങ്ങളില്‍ പ്രമുഖം വിഭവസംസ്ക്കരണത്തെ അധിഷ്ഠിതമാക്കിയുള്ളവയാണ്. പ്രാഥമിക സംസ്ക്കരണവേളയില്‍ മൂല്യവര്‍ദ്ധന പരിമിതമാണ്. ഉയര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായി വിഭവങ്ങളെ രൂപാന്തരപ്പെടുത്തുമ്പോഴാണ് കൂടുതല്‍ ഉയര്‍ന്ന കൂലിയും ലാഭവും ലഭിക്കുക. റബ്ബര്‍ ഷീറ്റായി വില്‍ക്കുന്നതിനു പകരം റബ്ബര്‍ ഉല്‍പന്നങ്ങളാക്കണം. മോണോസൈറ്റും ഇല്‍മനൈറ്റും മണലില്‍ നിന്നു വേര്‍തിരിച്ചു കയറ്റുമതി ചെയ്താല്‍ പോര. ടൈറ്റാനിയം ഡയോക്സൈഡ് ആക്കി മാറ്റിയാലും പോര. ടൈറ്റാനിയം മെറ്റല്‍ ഉണ്ടാക്കണം. പെയിന്റ് ഉണ്ടാക്കണം. ഇതാണ് മൂല്യവര്‍ധിത ഉല്‍പന്നവ്യവസായങ്ങളിലേക്കു ഘടന മാറണമെന്നു പറയുന്നതിന്റെ അര്‍ഥം. അങ്ങനെ നേരിട്ടു പറയുന്നതിനു പകരം കാര്യക്ഷമതാ അധിഷ്ഠിതം ആക്കണമെന്നു പറയുന്നതിന്റെ കാര്യമെന്ത്? വ്യവസായഘടന വൈവിദ്ധ്യവത്കരിക്കണം. പക്ഷേ വിഭവാധിഷ്ഠിത വ്യവസായങ്ങളെ ഒഴിവാക്കാനാവില്ല. അവയെ കാര്യക്ഷമമാക്കുകയാണ് വേണ്ടത്. ഇതൊരു പ്രയോഗത്തിന്റെ പ്രശ്നമല്ല. ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ പരിപ്രേക്ഷ്യം 2030 ചര്‍ച്ച ചെയ്യുമ്പോള്‍ വിഭവാധിഷ്ഠിത വ്യവസായങ്ങളെയെല്ലാം അവഗണിക്കുന്നു. വൈജ്ഞാനിക വ്യവസായങ്ങളെക്കുറിച്ചു മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. നൂതന സങ്കേതങ്ങളാല്‍ വ്യവസായങ്ങളെ തുടര്‍ച്ചയായി നവീകരിക്കേണ്ടതാണ്. ആധുനിക കാലഘട്ടത്തില്‍ സാങ്കേതിക നൂതനത്വമാണ് വളര്‍ച്ചയുടെ മുഖ്യസ്രോതസ്. അതു നമ്മുടെ വ്യവസായത്തിന്റെ മുഖഛായയാകാന്‍ 2040 വരെ കാത്തിരിക്കാനാവില്ല.

    ഇന്നൊവേഷന്‍ അഥവാ നൂതന സങ്കേതങ്ങള്‍ എത്രയും പെട്ടെന്ന് ആവാഹിക്കാനാകുമോ അത്രയും നന്ന്. മറ്റൊരു ലക്ഷ്യം അസംഘടിത മേഖലയുടെ വ്യവസായവിഹിതം 20 ശതമാനമാക്കി കുറയ്ക്കുക എന്നതാണ്. ചെറുകിട മേഖല രണ്ടുതരമുണ്ട്. പരമ്പരാഗത കുടില്‍ വ്യവസായ - കൈവേല ചെറുകിട വ്യവസായമേഖലയാണ് ഒന്നാമത്തത്. അതുപോലെ പ്രധാനമാണ് ഐടി അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട മേഖല രണ്ടാമത്തേത്. പുത്തന്‍ ശാസ്ത്ര സാങ്കേതികവിപ്ലവത്തിന്റെ ഫലമായി വ്യവസായഘടന കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമാകുന്ന പ്രവണത ഇന്നു ദുര്‍ബലമായിരിക്കുന്നു. വ്യവസായമേഖലയിലെ മറ്റു ലക്ഷ്യങ്ങള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയാണ്. ഊര്‍ജ ഉപഭോഗം 20 ശതമാനം കുറയുക. വ്യവസായ മാലിന്യം കുറയ്ക്കുക. മാലിന്യം റീസൈക്കിള്‍ ചെയ്യുക. ഒരു വിയോജിപ്പും ഇക്കാര്യങ്ങളിലില്ല. പക്ഷേ, ചോദ്യം അവശേഷിക്കും. വ്യവസായവത്കരണത്തിന്റെ ലക്ഷ്യങ്ങളെ ഇങ്ങനെ നിര്‍വചിച്ചാല്‍ മതിയോ? പ്രായോഗിക സമീപനങ്ങള്‍ വേണം വ്യവസായവൈവിദ്ധ്യവത്കരണം ലക്ഷ്യമിടേണ്ടത് വ്യവസായവത്കരണത്തെ വിജ്ഞാനസാന്ദ്രമാക്കുന്നതിനാണ്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ക്കു പുറമേ നിലവിലുള്ള വ്യവസായങ്ങളും ഐടി തുടങ്ങിയ സാങ്കേതികവിദ്യകളാല്‍ നവീകരണിക്കല്‍ ഇതൊക്കെ നല്ല ലക്ഷ്യങ്ങള്‍. പക്ഷേ, ഇതിനുള്ള പ്രവര്‍ത്തനപരിപാടി എന്ത് എന്നു രേഖ മുഴുവന്‍ പരതിയാലും നമുക്കു ലഭിക്കുകയില്ല. 5 പ്രമുഖ മേഖലകളില്‍ കുതിച്ചുചാട്ടം കൈവരിക്കും എന്നാണ് രേഖ പറയുന്നത് : ആണവ ഊര്‍ജയന്ത്രങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, വൈദ്യുതി പ്രസരണയന്ത്രങ്ങള്‍, മറൈന്‍ ഉപകരണങ്ങള്‍. എന്തൊക്കെയാണ് ഈ മേഖലകളില്‍ കേരളത്തിന്റെ പ്രത്യേക മികവ് എന്നു വ്യക്തമല്ല. നമ്മുടെ മൂര്‍ത്തമായ അനുഭവം എടുക്കാം. 1944ല്‍ സ്ഥാപിക്കപ്പെട്ട ഫാക്ട് 1964ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി. 1999 വരെ ക്രമാനുഗതമായ പുരോഗതിയും വൈവിദ്ധ്യവല്‍ക്കരണവും നവീകരണവും അതിനാവശ്യമായ മുതല്‍മുടക്കും ഉണ്ടായി. 1999ല്‍ 1800 കോടി വിറ്റുവരുമാനമുള്ള, 10000 പേര്‍ക്കു തൊഴില്‍നല്‍കുന്ന, വ്യത്യസ്തമായ അനേകം ഉല്‍പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന ഒട്ടേറെ ഡിവിഷനുകള്‍ ഉള്ള വ്യവസായസമുച്ചയമായി ഫാക്ട് മാറി. മാത്രമല്ല, അനേകം ചെറുകിട - ഇടത്തരം ഫാക്ടറികളുടെ വികസനത്തിനും ഫാക്ട് സംഭാവന ചെയ്തു. നിയോലിബറല്‍ പരിഷ്കാരങ്ങള്‍ ഫാക്ടിനെ തകര്‍ത്തു. ഭാവി ഇന്നു അനിശ്ചിതമാണ്. പക്ഷേ, ഫാക്ടിന്റെ വളര്‍ച്ചാനുഭവം നമ്മുടെ ഭാവിയിലേക്ക് സാധനപാഠമാണ്. കൊച്ചി റിഫൈനറിയുടെ അനുഭവം വിപരീതമാണ്. കൊച്ചി റിഫൈനറി കാലാകാലങ്ങളില്‍ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തുവെങ്കിലും സമാനമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചെന്നൈയിലും വിശാഖപട്ടണത്തും പ്രാദേശിക വ്യവസായവത്കരണത്തിലും പെട്രോ കെമിക്കല്‍ വ്യവസായ ശൃംഖലകളുടെ വികസനത്തിനും വഹിച്ച പങ്ക് കേരളത്തില്‍ നിര്‍വഹിക്കുകയുണ്ടായില്ല. ഫാക്ടിന്റെ വികസന മാതൃകയിലേക്ക് കൊച്ചി റിഫൈനറിയെ രൂപാന്തരപ്പെടുത്തേണ്ടതുണ്ട്. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ വൈകിയാണെങ്കിലും യാഥാര്‍ഥ്യമായി. പരിസ്ഥിതി സൗഹൃദവും താരതമ്യേന വിലകുറഞ്ഞതുമായ പ്രകൃതിവാതകം ലഭ്യമാകും. പക്ഷേ, ഗുജറാത്തില്‍ 4 - 5 ഡോളര്‍ വിലയ്ക്കു വില്‍ക്കുന്ന എല്‍എന്‍ജിയ്ക്കു കേരളത്തില്‍ 20-24 ഡോളര്‍ വില വരുന്നു എന്ന ഒരു വിരോധാഭാസം നിലവിലുണ്ട്. ഇതു പരിഹരിക്കാനാവണം. ഏകീകൃത വില സമ്പ്രദായം കൊണ്ടുവരണം. അപ്പോള്‍ സംസ്ഥാനത്തു നിലവിലുള്ള ഒട്ടേറെ വ്യവസായങ്ങള്‍ക്ക് വിലകുറഞ്ഞ താപോര്‍ജം ലഭ്യമാക്കാന്‍ കഴിയും. അമ്പലമേട്ടില്‍ നിന്നും പ്രകൃതിവാതകം ഫീഡ് സ്റ്റോക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകനിലവാരത്തിലുള്ള ഒരു അമോണിയ - യൂറിയ കോംപ്ലക്സ് സംഘടിപ്പിക്കുന്നതിനു കഴിയും. പഴയ അമോണിയ യൂറിയ കോംപ്ലക്സ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് വെറുതെ കിടക്കുന്നു. ഫാക്ടിന്റെ സൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഫാക്ടിനെത്തന്നെ നവീകരിക്കാന്‍ എല്‍എന്‍ജി ഉപയോഗപ്പെടുത്താം. കാസര്‍കോട് മേഖലയില്‍ ഒരു പെട്രോ കെമിക്കല്‍സ് വ്യവസായം സ്ഥാപിക്കുക എന്നത് ദീര്‍ഘകാലമായി പരിഗണിക്കപ്പെട്ടുവരുന്ന കാര്യമാണ്. അതുപോലെതന്നെ പരിഗണിക്കാവുന്ന ഒരു നിര്‍ദേശമാണ് അമ്പലമേട്ടില്‍ ഒരു ഗ്യാസ് ക്രാക്കര്‍ കോംപ്ലക്സ്. ഇപ്രകാരം ലഭ്യമായ വിഭവാടിത്തറയില്‍ എങ്ങനെ മൂല്യവര്‍ധിത ഉല്‍പന്ന ശൃംഖല സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് പ്രായോഗികമായി ചിന്തിക്കുകയാണ് വേണ്ടത്. ടൈറ്റാനിയം അടിസ്ഥാനത്തിലുള്ള പിഗ്മെന്റുകളും പെയിന്റുകളും ലോഹങ്ങളും കൂട്ടുലോഹങ്ങളും പ്രധാനപ്പെട്ട ഒരു വ്യവസായമാണ്. മൂല്യവര്‍ധിത ശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പന്നങ്ങളായ ടൈറ്റാനിയം സ്പോഞ്ചും ലോഹങ്ങളും ഉല്‍പാദിപ്പിക്കുന്നതടക്കം ടൈറ്റാനിയം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. കേരളത്തിന്റെ അപൂര്‍വമായ ധാതുമണല്‍, കയറ്റുമതിക്കു വേണ്ടി സംസ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഇത്തരത്തില്‍ ഇന്നുള്ള വ്യവസായ അടിത്തറയുടെ വിപുലീകരണ നവീകരണ സാധ്യതകളെ പരിപ്രേക്ഷ്യം 2030 പരിശോധിക്കുന്നതേയില്ല. ഇതിനുപകരം 10000 ഏക്കര്‍ ഭൂമി വേണ്ടി വരുന്ന ഇന്റഗ്രേറ്റഡ് പെട്രോകെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയന്‍, ആയിരക്കണക്കിനു ഏക്കര്‍ സ്ഥലം അനിവാര്യമായ കൊച്ചി പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് സോണ്‍ തുടങ്ങിയ ഭീമന്‍ പ്രഖ്യാപനങ്ങള്‍ ഭാവന മാത്രമാണ്. ഒരു പഠനത്തിന്റെയും പിന്തുണയില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. ക്ലസ്റ്റര്‍ വികസന പരിപാടിയെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. ഇടതുപക്ഷത്തിന്റെയും അംഗീകൃത സമീപനമാണിത്. പക്ഷേ, കഞ്ചിക്കോട്ടെ സ്റ്റീല്‍, കാലടിയിലെ റൈസ് മില്‍, കണ്ണൂരിലെ കൈത്തറി, പെരുമ്പാവൂരിലെ പ്ലൈവുഡ് തുടങ്ങിയ ക്ലസ്റ്ററുകളുടെ അനുഭവങ്ങളെ പരിശോധിക്കുന്നതിനു പകരം ചൈനയിലേക്കും ജപ്പാനിലേക്കും മറ്റുമാണ് പരിപ്രേക്ഷ്യക്കാര്‍ പോകുന്നത്. ഗൂഗിള്‍ ഗവേഷണമാണ് പരിപ്രേക്ഷ്യം 2030ന്റെ മുഖമുദ്ര. ഇന്റര്‍നെറ്റില്‍ നിന്നും തപ്പിയെടുക്കുന്ന ചൈനീസ് - ജപ്പാന്‍ - സിംഗപ്പൂര്‍ കേസ് പഠനങ്ങള്‍ സോഴ്സുകളായി കൊടുത്തിരിക്കുന്നു. ഇത്തരം അവിയലുകള്‍ നമ്മെ എവിടെയും കൊണ്ടുചെന്ന് എത്തിക്കുകയില്ല. ലോകബാങ്ക് - ഡാവോസ് സൂത്രങ്ങള്‍ വ്യവസായ ഘടന കഴിഞ്ഞാല്‍ പിന്നെ പരിപ്രേക്ഷ്യം തേടുന്നത് കാര്യക്ഷമത ഉയര്‍ത്താനുള്ള വിദ്യകളാണ്. ഇതിന് ആധാരമാക്കുന്നത് രണ്ടു രേഖകളെയാണ്. ആദ്യത്തേത് ലോകബാങ്കിന്റെ ഉീശിഴ ആൗശെിലൈ ഞലുീൃേ ആണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ബിസിനസ് ചെയ്യുന്നതിനുള്ള അന്തരീക്ഷം താരതമ്യപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണിത്.

    ലോകബാങ്കു തന്നെ കൊച്ചിയടക്കം ഇന്ത്യയിലെ 17 പട്ടണങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിസിനസ് തുടങ്ങാന്‍, നിര്‍മാണ അനുമതി ലഭിക്കാന്‍, വൈദ്യുതി ലഭിക്കാന്‍, സ്വത്തു രജിസ്റ്റര്‍ ചെയ്യാന്‍, കരാര്‍ ഉറപ്പിക്കാന്‍, വായ്പ ലഭിക്കാന്‍, നികുതിയടയ്ക്കാന്‍, കച്ചവടത്തിന് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കൊച്ചി അഥവാ കേരളം വളരെ പിന്നിലാണ്. എങ്ങനെ നമുക്കു കൂടുതല്‍ നിക്ഷേപ സൗഹൃദമാകാം? ഇതിന് ഓരോ കാര്യത്തിലും ലോകത്ത് ഇന്നു ലഭ്യമായ ഏറ്റവും നല്ല മാതൃകകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം കേരളത്തിലേക്കു പകര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. മറ്റൊരു പ്രമാണരേഖ ഡാവോസിലെ അതിസമ്പന്നരുടെയും രാഷ്ട്ര നേതാക്കളുടെയും വേള്‍ഡ് ഇക്കണോമിക് ഫോറം വര്‍ഷം തോറും തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന "സാമ്പത്തിക സ്വാതന്ത്ര്യ സൂചിക" റിപ്പോര്‍ട്ടാണ്. നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിംഗപ്പൂരാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. കേരളത്തിനു മാതൃക സിംഗപ്പൂരാണ്. ഈ രണ്ടുരേഖകളാണ് എന്തു ചെയ്യണമെന്ന ചര്‍ച്ചയുടെ നല്ലപങ്കും അപഹരിക്കുന്നത്. വ്യവസായ മേഖലയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വര്‍ധിച്ച നിക്ഷേപം ആവശ്യമാണ്. ഇത് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള സ്വകാര്യ സംരംഭകരില്‍ നിന്നാണ് പ്രധാനമായും ഉണ്ടാകേണ്ടത്. ഈ സാഹചര്യത്തില്‍ കേരളം നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുന്ന സംസ്ഥാനമാണെന്നുള്ള ധാരണ എങ്ങനെ പ്രചരിച്ചുവെന്നത് പരിശോധിക്കപ്പെടുകയും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ ഉണ്ടാവുകയും വേണം.

    നിക്ഷേപകന്‍ സാധാരണ വിലയിരുത്തുന്ന ചില ഘടകങ്ങളുണ്ട്. അവ താഴെ പറയുന്നു. അനായാസേന വ്യവസായം ആരംഭിക്കാനുള്ള സൗകര്യം, പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത  നിക്ഷേപത്തിന് ലാഭം കിട്ടുമെന്ന ഉറപ്പ്, തൊഴില്‍ ശക്തിയുടെ സ്വഭാവം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, നിലവിലുള്ള നിയന്ത്രണങ്ങളുടെ സ്വഭാവം, ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാഴ്ചപ്പാട്, സര്‍ക്കാരിന്റെ നയങ്ങളുടെ ഊന്നലും ഭരണത്തിന്റെ ഉറപ്പും. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ഉല്‍പാദനക്ഷമതയും ലാഭനിരക്കും കുറയ്ക്കുകയും ചെയ്യുന്നു. കൂടിയ തോതില്‍ നിക്ഷേപം ഒഴുകിയെത്താന്‍ ഈ പ്രശ്നം പരിഹരിക്കണം. ഭൂമിയുടെ വില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് ഒരു പരിമിതിയാണ്. നിക്ഷേപകര്‍ക്ക് ന്യായമായ വിലയ്ക്ക് ഭൂമി പതച്ചു നല്‍കേണ്ടി വരും. ചില വ്യവസായങ്ങളുണ്ടാക്കുന്ന പരിസരമലിനീകരണം കൈകാര്യം ചെയ്യാനുതകുന്ന സംവിധാനങ്ങള്‍ നിലവില്‍ വരണം. സാങ്കേതിക സാമ്പത്തിക രംഗങ്ങളില്‍ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മേഖലയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ പരിമിതമായേ നമുക്കുള്ളൂ.

    ഗവേഷണ വികസനപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതും ആധുനിക നൈപുണികള്‍ പരിശീലിപ്പിക്കുന്നതുമായ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും നമുക്കില്ല. മേല്‍ സൂചിപ്പിച്ച തടസങ്ങള്‍ നീക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നിക്ഷേപസൗഹൃദമാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥവൃന്ദത്തെ മാറ്റിയെടുക്കണം. ചുവപ്പു നാട, ഭരണനടപടികളിലെ സങ്കീര്‍ണത, വ്യവസായാനുമതി ലഭിക്കാനുള്ള കാലതാമസം, കൈക്കൂലി, സംശയദൃഷ്ട്യാ കാര്യങ്ങള്‍ കാണുന്ന ഉദ്യോഗസ്ഥര്‍ എന്നിവയെല്ലാം നിക്ഷേപകനെ ആട്ടിപ്പായിക്കുന്ന ഘടകങ്ങളാണ്. ഒരു സ്ഥാപനം ആരംഭിക്കണമെങ്കില്‍ ഒട്ടേറെ ഉദ്യോഗസ്ഥരില്‍ നിന്ന് അനുമതി പത്രം വേണ്ടിവരുന്ന അവസ്ഥ മാറണം. സര്‍ക്കാരിന്റെ ഓരോ വകുപ്പും നിക്ഷേപകനെ എങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും എന്നാണ് ആലോചിക്കേണ്ടത്. ഇന്നത്തെ രീതിയില്‍ നിരുത്സാഹപ്പെടുത്താനല്ല. അനുമതി നല്‍കുന്ന കാര്യത്തില്‍ വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണ്. നിക്ഷേപസൗഹൃദ അന്തരീക്ഷം വേണമെന്നതിന് തര്‍ക്കമില്ല. പക്ഷേ അതിനു സിംഗപ്പൂര്‍ മാനദണ്ഡങ്ങള്‍ മാത്രം പോര. നമ്മുടെ വികസന ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇടപെടലുകളുടെയും മൂര്‍ത്തമായ അവലോകനം വേണം. അതിനടിസ്ഥാനത്തില്‍ പരിഷ്കാരങ്ങള്‍ വേണം. ഇത്തരമൊരു പരിശോധന പരിപ്രേക്ഷ്യം 2030ല്‍ ഇല്ല.

1 comment:

  1. ലേഖനം വായിച്ചു
    താങ്കള്‍ പറഞ്ഞ വീക്ഷണങ്ങളോട് യോജിക്കുന്നു

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...