About Me

My photo
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, ആലപ്പുഴ എംഎല്‍എ. കേരള ധനം , കയര്‍ വകുപ്പ് മന്ത്രി

Tuesday, August 23, 2016

ജി.എസ്.റ്റി വിലക്കയറ്റം ഉണ്ടാക്കുമോ?

ജി.എസ്.ടി നികുതി 18 ശതമാനത്തില്‍ അധികമായാല്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യവും മുന്‍കേന്ദ്ര ധനമന്ത്രി ചിദംബരവും ഒരുപോലെ വാദിക്കുന്നത്. ചിദംബരം ഒരുപടികൂടി കടന്ന് ഒരു കാരണവശാലും ജി.എസ്.ടി നികുതി നിരക്ക് 18 ശതമാനത്തില്‍ അധികരിക്കില്ല എന്ന് ഭരണഘടനാ വ്യവസ്ഥയിലൂടെതന്നെ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ജി.എസ്.ടി.യെ പാര്‍ലമെന്‍റില്‍ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ് പറഞ്ഞ ഒരു ന്യായം ഇതായിരുന്നു. ഭാഗ്യത്തിന് ഇത്തരമൊരു നിബന്ധന ഇല്ലാതെയാണ് ജി.എസ്.ടി ഭരണഘടനാ ഭേദഗതി ബില്‍ പാസ്സായിട്ടുള്ളത്.
കോണ്‍ഗ്രസ് ധനമന്ത്രിമാരില്‍ തന്നെ ഒന്നോ രണ്ടോ പേരൊഴികെ ബാക്കി സംസ്ഥാന ധനമന്ത്രിമാരെല്ലാം പരമാവധി നികുതി 18 ശതമാനമാക്കി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യുന്നതിന് എതിര്‍ത്തതുമൂലമാണ് ഈ ആവശ്യം കോണ്‍ഗ്രസ് പിന്‍വലിച്ചതെന്ന് ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് സംസ്ഥാനങ്ങളുടെ എതിര്‍പ്പിന് കാരണം? സംസ്ഥാനങ്ങളുടെ മുഖ്യ നികുതി അധികാരം വില്‍പ്പന നികുതി / വാറ്റ് ആണ്. ജി.എസ്.ടി ഭരണഘടനാ ഭേദഗതിയിലൂടെ അത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്. എന്നിട്ടും ഞാന്‍ ജി.എസ്.ടി.യെ നഖശിഖാന്തം എതിര്‍ക്കാതിരുന്നതിന് കാരണമുണ്ട്. വില്‍പ്പന നികുതിക്ക് പകരം വാറ്റ് ഏര്‍പ്പെടുത്തിയതോടെ പ്രായോഗികമായി സംസ്ഥാനങ്ങളുടെ സ്വതന്ത്ര നികുതി അധികാരം നഷ്ടപ്പെട്ടു. ഉദാഹരണത്തിന് നമ്മള്‍ വാറ്റ് നികുതി 20 ശതമാനമായി ഉയര്‍ത്തിയെന്നിരിക്കട്ടെ. ഉപഭോക്താക്കള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ തുടങ്ങും. പ്രവേശന നികുതി ഇല്ലാതായതിനാല്‍ നമുക്ക് അതിനെ തടയാനാവില്ല. വ്യാപാരവും പോകും നികുതിയും പോകും എന്നതായിരിക്കും ഫലം. അതിനാല്‍ ജി.എസ്.ടി വന്നതുകൊണ്ട് പ്രായോഗികമായി സംസ്ഥാനങ്ങള്‍ക്ക് വലിയ അധികാരമൊന്നും നഷ്ടപ്പെടുന്നില്ല. അതേസമയം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കൈയിലിരിക്കുന്ന സേവനങ്ങളുടെ മേല്‍ നികുതി ചുമത്താനുള്ള അധികാരം പുതിയതായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
ഇന്ന് ഭരണഘടനയില്‍ ഒരു നികുതിക്കു മാത്രമേ പരിധി കല്‍പ്പിച്ചിട്ടുള്ളൂ. അത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സിനാണ്. 2500 രൂപ അധികരിക്കാന്‍ പാടില്ല. ഈയൊരു നിലയിലേയ്ക്ക് സംസ്ഥാനങ്ങളെ താഴ്ത്തുന്നതിന് തുല്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച വാദം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരുംകൂടി തീരുമാനിച്ചാല്‍ പോലും 18 ശതമാനത്തിനുമേല്‍ ഉയര്‍ത്തുന്നതിന് മറ്റൊരു ഭരണഘടന ഭേദഗതി വേണമെന്ന വ്യവസ്ഥ ജനാധിപത്യവിരുദ്ധമാണ്. പ്രകൃതിക്ഷോഭം പോലുള്ള അസാധാരണ സന്ദര്‍ഭങ്ങള്‍ പോലെ നികുതി നിരക്ക് ഉയര്‍ത്തി വിഭവ സമാഹരണം നടത്തേണ്ടുന്ന അത്യന്താപേക്ഷിത സന്ദര്‍ഭങ്ങള്‍ ഉണ്ടാകാമെന്നും അതുകൊണ്ട് ഇത്തരമൊരു ഭരണഘടനാ നിബന്ധന പാടില്ലായെന്ന് ബി.ജി.പി.ക്കു പോലും സമ്മതിക്കേണ്ടിവന്നു.
ചരക്കു സേവനനികുതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്ന വിവിധതരം എക്സൈസ് നികുതികളും സേവന നികുതിയും സംസ്ഥാനങ്ങള്‍ ചുമത്തിയിരുന്ന വാറ്റ് നികുതി, ആഡംബര നികുതി, പ്രവേശന നികുതി തുടങ്ങിയവയെല്ലാം ലയിപ്പിച്ച് ഒറ്റ നികുതിയാകും. ഏതെങ്കിലുമൊരു ചരക്ക് ഉല്‍പ്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഓരോ ഘട്ടത്തിലെയും മൂല്യവര്‍ദ്ധനവിന്‍റെ മേല്‍ കേന്ദ്രവും സംസ്ഥാനങ്ങളും നികുതി ചുമത്തുകയാണ് ചെയ്യുക. ഇതുപോലെതന്നെ സേവനങ്ങളുടെമേലും. ഓരോ ഘട്ടത്തിലും ഉല്‍പ്പാദകനോ വ്യാപാരിയോ പിരിക്കുന്ന നികുതികളില്‍ നിന്നും (ഔട്ട്പുട്ട് ടാക്സ്) അസംസ്കൃത വസ്തുക്കളും സേവനങ്ങളും വാങ്ങിയപ്പോള്‍ നല്‍കിയ നികുതി (ഇന്‍പുട്ട് ടാക്സ്) കിഴിച്ച് ശിഷ്ടനികുതി സര്‍ക്കാരുകള്‍ക്ക് ഒടുക്കിയാല്‍ മതിയാകും. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള വാറ്റ് സമ്പ്രദായമാണ് ജി.എസ്.ടി എന്നുപറയാം. വ്യത്യാസം സേവനങ്ങള്‍കൂടി ഈ നികുതിയില്‍ ലയിപ്പിച്ചിരിക്കുന്നൂവെന്നതാണ്. ഇത്തരമൊരു നികുതി നടപ്പിലാവുമ്പോള്‍ നിരക്ക് 18 ശതമാനത്തില്‍ അധികരിച്ചാല്‍ വിലക്കയറ്റം ഉണ്ടാകുമെന്നവാദം അടിസ്ഥാനരഹിതമാണ്.
ഉപഭോക്തൃ വ്യവസായ ഉല്‍പന്നങ്ങളുടെമേല്‍ ഇപ്പോഴുള്ള നികുതിഭാരം എത്രയെന്ന് പരിശോധിക്കാം. ഉല്‍പാദന ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യവസായ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ മേല്‍ ശരാശരി 16.5 ശതമാനം എക്സൈസ് നികുതി ചുമത്തുന്നുണ്ട്. വില്‍പ്പന ഘട്ടത്തില്‍ നികുതി ചുമത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കാണ്. ഇപ്പോള്‍ നിലവിലുള്ള വാറ്റ് നികുതി സമ്പ്രദായ പ്രകാരം 14.5 ശതമാനം നികുതി സംസ്ഥാനങ്ങള്‍ ചുമത്തുന്നു. എക്സൈസ് നികുതി കൂടി അടങ്ങുന്ന വിലയുടെ മേലാണ് 14.5 ശതമാനം വാറ്റ് നികുതി എന്നോര്‍ക്കണം. എക്സൈസ് നികുതിയും വാറ്റ് നികുതിയും മാത്രം കണക്കിലെടുത്താല്‍ പോലും 31 ശതമാനം വരും.
ഇതിനുപുറമേ സര്‍വ്വീസ് ടാക്സിന്‍റെ ഒരു വിഹിതവും വരും. ഉദാഹരണത്തിന് ഉല്‍പ്പാദനത്തിന്‍റെ പരസ്യത്തിനുമേലുള്ള സേവന നികുതി കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉല്‍പന്നത്തിന്‍റെ വിലയില്‍ ഉള്‍പ്പെടുമല്ലോ. ഇതുപോലെ മറ്റു നികുതികളും. ചുരുക്കത്തില്‍ ഒരു ഉപഭോക്തൃ ഉല്‍പന്നത്തിന്‍റെ വിലയുടെ 30-35 ശതമാനം നികുതിയാണ്. ഇതു നമ്മള്‍ അറിയുന്നില്ലെന്നു മാത്രം. ബില്ലില്‍ 14.5 ശതമാനം വാറ്റ് നികുതി മാത്രമേ കാണൂ. പക്ഷേ ഉല്‍പാദകന്‍ നല്‍കിയ എക്സൈസ് നികുതിയും സേവന നികുതിയും അടങ്ങിയ മൊത്തവിലയുടെ മേലാണ് വാറ്റ് നികുതി ഭാരം.
എന്നാല്‍ ജി.എസ്.ടി വരുമ്പോഴോ? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് ജി.എസ്.ടി നികുതി പിരിക്കുന്നത്. അരവിന്ദ് സുബ്രഹ്മണ്യം 18 ശതമാന നികുതി നിരക്കില്‍ 9 ശതമാനം കേന്ദ്രത്തിനും 9 ശതമാനം സംസ്ഥാനത്തിനുമായിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ഇപ്പോള്‍തന്നെ 14.5 ശതമാനമാണ് വാറ്റ് നികുതി ചുമത്തുന്നതെന്ന് പറഞ്ഞല്ലോ. അതിനേക്കാള്‍ വളരെ താഴ്ന്ന നിരക്കാണ് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. ഇതുപോലെതന്നെ കേന്ദ്രസര്‍ക്കാരിന്‍റെ ജി.എസ്.ടി.യും എക്സൈസ് നികുതിയേക്കാള്‍ താഴ്ന്നതാണ്. 18 ശതമാനം അംഗീകരിച്ചാല്‍ വ്യവസായ ചരക്കുകളുടെ മേലുള്ള നികുതിഭാരത്തില്‍ 12-17 ശതമാനപോയിന്‍റിന്‍റെ കുറവുണ്ടാകും. ഇനി സംസ്ഥാനസര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതുപോലെ സംസ്ഥാന ജി.എസ്.ടി 20-22 ശതമാനമായി ഉയര്‍ത്തിയാലും നികുതിഭാരം ഇപ്പോഴുള്ളതിനേക്കാള്‍ കുറവായിരിക്കും.
സാധാരണക്കാരനുമേല്‍ നികുതിഭാരം വര്‍ദ്ധിക്കാതിരിക്കാന്‍ നോക്കുന്നതുപോലെ തന്നെ പ്രധാനമാണ് സര്‍ക്കാരിന് ആവശ്യമായ റവന്യൂ വരുമാനം ഉറപ്പുവരുത്തണമെന്നതും. ഇതുരണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നതിന് എംപവേര്‍ഡ് കമ്മിറ്റിയില്‍ ഞാന്‍ വെച്ച നിര്‍ദ്ദേശം ഇതാണ്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍, അവയുടെ പൊടികള്‍, പഞ്ചസാര തുടങ്ങിയ അവശ്യവസ്തുക്കളില്‍ 5-6 ശതമാനം നികുതി മതിയാകും. മറ്റു ഉല്‍പന്നങ്ങളുടെ മേല്‍ 20-22 ശതമാനം നികുതി ചുമത്താം. അസംസ്കൃത വസ്തുക്കളുടെ മേല്‍ ഇത്ര നികുതി ചുമത്തുന്നതിന് ശരിയാണോയെന്ന് ചിലര്‍ ചിന്തിച്ചേക്കാം. അഖിലേന്ത്യാടിസ്ഥാനത്തില്‍ തന്നെ എല്ലാ ചരക്കുകള്‍ക്കും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും എന്നതുകൊണ്ട് അസംസ്കൃത വസ്തുക്കളുടെ മേല്‍ ഉയര്‍ന്ന നികുതി ചുമത്തിയാലും പ്രശ്നമൊന്നും ഉണ്ടാകില്ല. അതേസമയം, 18 ശതമാനം ഉര്‍ന്ന നികുതി നിരക്ക് നിര്‍ദ്ദേശിക്കുന്ന അരവിന്ദ് സുബ്രഹ്മണ്യമാകട്ടെ 10-12 ശതമാനം നികുതി നിരക്കാണ് അവശ്യവസ്തുക്കളുടെ മേല്‍ നിര്‍ദ്ദേശിക്കുന്നത് എന്നുകൂടി പറയേണ്ടതുണ്ട്.
നികുതി നിരക്ക് കുറയുമ്പോള്‍ എങ്ങനെയാണ് വിലക്കയറ്റം ഉണ്ടാവുക? വിലകള്‍ കുറയുന്നില്ലെങ്കില്‍ അതിന് ഒറ്റ കാരണമേയുണ്ടാകൂ. നികുതി നിരക്കിലുണ്ടാകുന്ന കുറവ് ഉപഭോക്താവിന് കൈമാറുന്നതിന് കോര്‍പ്പറേറ്റുകള്‍ക്ക് സമ്മതമല്ല. ജി.എസ്.ടി വരുമ്പോള്‍ നികുതി നിരക്കില്‍ വരുന്ന ഇളവിന് അനുസൃതമായി എല്ലാ ഉപഭോക്തൃ വസ്തുക്കളുടെയും പരമാവധി വില്‍പ്പന വില (എം.ആര്‍.പി) കുറയ്ക്കുമെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. എങ്കിലേ ജി.എസ്.ടി.യുടെ നേട്ടം സാധാരണക്കാര്‍ക്കു ലഭിക്കൂ. പക്ഷേ വാറ്റിന്‍റെ അനുഭവം നോക്കിയാല്‍ ഇതിനുള്ള സാധ്യത വിരളമാണ്. അങ്ങനെ ജി.എസ്.ടി കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ ലാഭമാകാനാണു സാധ്യത.
വിലക്കയറ്റത്തിനു കാരണം ജി.എസ്.ടി ചുമലില്‍ കെട്ടിവയ്ക്കേണ്ട. വിലക്കയറ്റത്തിന്‍റെ മുഖ്യകാരണം പെട്രോളിന്‍റെ മേലുള്ള എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ നിരന്തരം കൂട്ടുന്നതാണ്. ഈ നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചാല്‍ വിലയും താഴും. അതിനുപകരം വരാന്‍ പോകുന്ന ജി.എസ്.ടി നിരക്ക് കുറയ്ക്കാനാണ് ഇവരുടെ ശ്രമം.
നികുതി അധികാരം നഷ്ടപ്പെടുമ്പോള്‍ അവരുടെ നികുതി വരുമാനം പുതിയ സംവിധാനത്തില്‍ മെച്ചപ്പെടുമെന്ന് ഉറപ്പുവരുത്താനാണ് സംസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജി.എസ്.ടി നിരക്ക് താഴ്ത്തി നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് ശാഠ്യമുണ്ടെങ്കില്‍ ചെയ്യാവുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കും കേന്ദ്രസര്‍ക്കാരിന് താഴ്ന്ന നിരക്കും അംഗീകരിക്കലാണ്. സംസ്ഥാനങ്ങള്‍ക്ക് 12 ഉം കേന്ദ്രത്തിന് 10 ഉം ശതമാനം വീതമാക്കാം നികുതി നിരക്ക് എന്ന നിലപാടാണ് കേരള സര്‍ക്കാര്‍ എടുത്തത്. അതുപോലെ തന്നെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി ഉറപ്പുവരുത്തുന്നതിനായി നിര്‍ദ്ദിഷ്ട നിരക്ക് ഒരു ബാന്‍റ് ആയി നിശ്ചയിക്കാവുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് 12 ശതമാനം നികുതിയെന്ന് പറയുന്നതിനു പകരം 10-13 ശതമാനം നിരക്കുകള്‍ക്കിടയില്‍ ഇഷ്ടമുള്ള നിരക്ക് സ്വീകരിക്കാന്‍ അനുവാദം കൊടുക്കാവുന്നതാണ്.
ജി.എസ്.ടി 2017 ഏപ്രില്‍ മാസത്തില്‍ നടപ്പിലാകും എന്നു തീര്‍ച്ച പറയാനാകില്ല. ഏതാനൂം മാസംകൂടി എടുത്താലും നടപ്പിലാക്കണം എന്നാണ് കേരള സര്‍ക്കാരിന്‍റെ അഭിപ്രായം. കാരണം, ജി.എസ്.ടി നമ്മുടെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കും. സ്വന്തം ആവശ്യത്തിനെന്നു പറഞ്ഞ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് വാങ്ങിക്കൊണ്ടുവരാനുള്ള പ്രവണത കുറയും. എല്ലായിടത്തും നികുതി ഒരുപോലെയാണല്ലോ. അതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ ഒടുക്കിയ നികുതിയും അവസാന വില്‍പ്പന കേന്ദ്രത്തിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടും, തന്മൂലം ഉപഭോഗ സംസ്ഥാനമായ കേരളത്തിന് വലിയ നേട്ടമുണ്ടാകും. ഓണ്‍ലൈന്‍ വ്യാപാരത്തിലും സേവനങ്ങളുടെ കാര്യത്തിലും ഇതേ തത്വം അംഗീകരിപ്പിക്കുന്നതിന് ജി.എസ്.ടി കൗണ്‍സിലില്‍ നമ്മള്‍ വിജയിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇന്നത്തെ ധനകാര്യ പ്രതിസന്ധിയെ മറികടക്കുന്നതിന് ജി.എസ്.ടി നമ്മളെ സഹായിക്കും. 

No comments:

Post a Comment